രണ്ടാം ഭാഗം
‘സാക്കിനാക്ക’ ചതുപ്പ് പ്രദേശമായിരുന്നു. മണ്ണിട്ട് നികത്തിയെടുത്ത ‘ചാൽ’ മുറികളുടെ ലോകം. മുണ്ടുടുത്ത് നടക്കുന്ന മലയാളി ഗ്രാമംപോലെ. ഞങ്ങളുടെ നാട്ടുകാരൻ കൂടിയായ ലോഹിയേട്ടന്റെ കമ്പനിയിലാണ് ജോലിക്ക് കയറിയത്. കുർളയിൽ നിന്ന് അന്ധേരി ബസ്സിലാണ് യാത്ര. വളരെയേറെ തിരക്കുള്ള റൂട്ടാണ്. ആ ബസ്സ് യാത്രയിൽ രസകരമായകാര്യം വിമാനത്താവളത്തിന്റെ അരികുവശത്തുകൂടെയാണ് റോഡ്. ബസ്സിലിരുന്ന് വിമാനത്തിൽ തൊടാൻ കഴിയുന്നതുപോല തോന്നും. കുറച്ചുനാൾ കഴിഞ്ഞപ്പോൾ കമ്പനി വക മുറിയിൽ ആളൊഴിഞ്ഞു. ഞങ്ങൾ താമസവും സാക്കിനാക്കയിലേയ്ക്ക് മാറ്റി. ആ മറാത്തി കുടുംബത്തിൽ നിന്നും അവരുടെ സ്നേഹം മാത്രം പകുത്തെടുത്ത് ഞങ്ങളുടെ കിച്ചൻ സാമാഗ്രികളും പലവ്യഞ്ജനങ്ങളും അവർക്ക് നൽകി ഞങ്ങൾ വേദനയോടെ പടിയിറങ്ങി. സാക്കിനാക്ക ചതുപ്പ് നിലങ്ങൾ മണ്ണിട്ട് നികത്തി, തോട്ടം തൊഴിലാളികളുടെ പാടിമുറികൾ പോലെ അതുമല്ലെങ്കിൽ വിയ്യൂർ സെൻട്രൽ ജയിലിലെ ബി ബ്ലോക്ക് പോലെ വരിവരിയായി കെട്ടിയുയർത്തിയ ചാൽ മുറികളായിരുന്നു. ഞങ്ങളുടെ വാസം മക്കായ് ചാലിൽ 13 നമ്പർ മുറിയിലായിരുന്നു. തൊട്ടടുത്ത് ജോസ് നഗർ. കമ്പനി ഹൗസിംഗ് സൊസൈറ്റിയും. മണ്ണിട്ട് നികത്തി കെട്ടിയുയർത്തിയ ചാൽമുറികൾ ഭൂരിഭാഗവും ചോട്ടാ ദാദാക്കളുടെ കൈവശമാണ്. കമ്പനി വകമുറിയിൽ ഏകദേശം പത്തു പേരുണ്ടായിരുന്നു. ഞങ്ങൾക്ക് ഭക്ഷണം പാചകം ചെയ്തുതരാൻ ഒരാളുമുണ്ട്. ഞങ്ങളെല്ലാവരും അദ്ദേഹത്തെ അളിയൻ എന്നാണ് വിളിക്കാറ്. സാക്കിനാക്കയിലെ ഏറ്റവും വലിയ വൈരക്കൽ കമ്പനി ലോഹിയേട്ടന്റെ ആയിരുന്നു. അറുപതിലധികം തൊഴിലാളികൾ പണിയെടുത്തിരുന്ന സ്ഥാപനം. എല്ലാവരും മലയാളികൾ. കമ്പനിയുടെ മെസ്സ് മുറിയായിരുന്നു ഞങ്ങളുടേത്. കമ്പനിയിലെ മറ്റു തൊഴിലാളികൾക്കും ഭക്ഷണം ഞങ്ങളുടെ മുറിയിലായിരുന്നു. താമസത്തിന് വാടകയില്ല. വെപ്പുകാരന്റെ ശമ്പളമടക്കം ഭക്ഷണത്തിന് മാസം 120 രൂപയാണ് ഫീസ്. സാക്കിനാക്ക മലയാളികളുടെ ഒരു ഗ്രാമം പോലെയാണ്. മുണ്ടുടുത്ത് നടക്കുന്നവരുടെ ലോകം. മുറിയിൽ കമ്മ്യൂണിസം പറയുന്ന തങ്കപ്പേട്ടൻ (ഞങ്ങളുടെ നാട്ടുകാരനായ അകാലത്തിൽ പൊലിഞ്ഞുപോയി) എന്നും പത്രം വാങ്ങിക്കും. പൈപ്പ് ലൈനിൽ കൈരളി എന്ന മലയാളി കടയിൽ പത്രവും കേരളശബ്ദവും മലയാളി വിഭവങ്ങളും ലഭിക്കും. ബോംബെ മലയാളികളുടെ അന്നത്തെ ഗൗരവപ്പെട്ട സമകാലിക വാരിക കേരളശബ്ദമായിരുന്നു. ഞങ്ങളുടെ വായന അപ്പോഴും മനോരാജ്യം വിട്ടിരുന്നില്ല.
തങ്കപ്പേട്ടന്റെ വർത്തമാനങ്ങൾ കേൾക്കാൻ ഇഷ്ടമായിരുന്നു. അതിനൊരു കാരണമുണ്ട്. ബോംബെയിലേയ്ക്ക് വണ്ടികയറുന്നതിനുമുമ്പ് 1974 ലാണ് ഞങ്ങളുടെ നാട്ടിലെ ആദ്യ തൊഴിൽ സമരം. അതും വൈരക്കൽ തൊഴിലാളികളുടെ. ഞങ്ങളുടെ വിദ്യാലയത്തിനു തൊട്ടടുത്ത് തന്നെയായിരുന്നു തൊഴിൽശാലയും ഉടമയുടെ വീടും. ഉടമയുടെ വീട്ടുപടിക്കൽ സമരപന്തൽ ഉയർന്നു. വിദ്യാലയത്തിലേയ്ക്ക് നേരത്തെ ഇറങ്ങും. അപ്പോഴേയ്ക്കും തൊഴിലാളികളായ ചേച്ചിമാരും, ചേട്ടന്മാരും സമരപന്തലിൽ എത്തിയിട്ടുണ്ടാകും. ആദ്യ മണി അടിക്കുന്നതുവരെ അവരോടൊപ്പം സമരപന്തലിലെ ഒരംഗമായി ഞാനും. കപ്പ പുഴുങ്ങിയതും കട്ടൻ കാപ്പിയും സമരപന്തലാണെങ്കിലും എന്റെ ഉന്നം അതിലാണ്. അത്രമേൽ ഭീകരമായിരുന്നു അക്കാലത്തെ പട്ടിണി. ഉഷേച്ചി, മോഹനേട്ടൻ, ശാന്തേച്ചി…അങ്ങനെ ഒരുപാട് പോരാളികൾ. അവരുടെ പാട്ടുകൾ താളാത്മകമായ മുദ്രാവാക്യങ്ങൾ…പ്രണയം…പോലീസിന്റെ വരവ് അറസ്റ്റുകൾ…മുതലാളിയുടെ വീടിന്റെ മതിലിലും കമ്പനി മതിലിലുമുള്ള കരുണാകരന്റെയും പോലീസിന്റെയും കോൺഗ്രസുകാരുടെയും കാരിക്കേച്ചർ ചിത്രങ്ങൾ. പണിമുടക്ക് സമരം 42 ദിവസം നീണ്ടുനിന്നു. വിജയമാണോ പരാജയമാണോയെന്നറിയാതെ സമരം അവസാനിപ്പിച്ചു. അക്കാലത്ത് തന്നെയാണ് അടിയന്തിരാവസ്ഥയും വിദ്യാർത്ഥി രാജന്റെ കൊലപാതകവും. അന്ന് പറപ്പൂർ നാഗത്തൻകാവ് ക്ഷേത്രത്തിൽ പാമ്പ് പൂജ വലിയ ഉത്സവമാണ്. അമ്മയുടെ വകയിലുള്ള ഒരു മുത്തശ്ശന്റെ കൂടെ ഞാനും ഉത്സവത്തിന് പോയി. ഉത്സവപറമ്പിലെ പുസ്തകശാലയിൽ രാജനെ കുറിച്ചുള്ള പാട്ടുകളുമായി ഒരു പുസ്തകം. വടക്കൻ പാട്ട് ശീലിൽ പാടാവുന്ന വരികൾ.
“പാടാം പാടാം രാജന്റെ കഥകൾ…
മർദ്ദനകഥകൾ പാടാം”…..
ഈ ഓർമ്മകൾ തങ്കപ്പേട്ടന്റെ വർത്തമാനങ്ങളിലേയ്ക്ക് ശ്രദ്ധചെലുത്താൻ കാരണമായിട്ടുണ്ട്. അങ്ങനെയിരിക്കുമ്പോഴാണ് ഞങ്ങളുടെ താമസം തൊട്ടടുത്ത മുറിയിലേയ്ക്ക് വീണ്ടും മാറുന്നത്. അക്കാലത്ത് ടെലിവിഷൻ അപൂർവ്വമാണ്. തൊട്ടടുത്ത് ഗോവ ചേച്ചിയുടെ വീട്ടിലാണ് ‘ഛായഗീത്’ അതുപോലെ ആഴ്ചയിലെ മലയാളചിത്രങ്ങൾ കാണാറുള്ളത്. മലയാളികൾ വിദേശയാത്രയ്ക്കായ് പലപ്പോഴും അക്കാലത്ത് ബോംബെ വഴിയാണ് ആശ്രയിക്കാറ്. അങ്ങനെ ഒരു നാൾ ഞങ്ങളുടെ മുറിയിലേയ്ക്ക് കൂടെ താമസക്കാരനായ ഒരാളുടെ അളിയൻ വിദേശയാത്രയ്ക്കായ് വന്നു. ആദ്യമായിട്ടാണ് അദ്ദേഹം ബോംബെ നഗരത്തിൽ വരുന്നത്. കൂടെ താമസിച്ചിരുന്ന ആളും ബോംബെയിലെത്തിയിട്ട് അധിക കാലമായിരുന്നില്ല. ഇനി എത്രകാലമായാലും നേരെ സാക്കിനാക്കയിലായതുകൊണ്ട് മലയാളി ഗ്രാമം പോലയാണ്. എല്ലാം അവിടെതന്നെ. അതുകൊണ്ട് അളിയന്റെ യാത്രയ്ക്കാവശ്യമായ കാര്യങ്ങൾ അന്വേഷിക്കാൻ എന്റെ പരിമിതമായ മുൻപരിചയം അവർക്കാവശ്യമായിവന്നു. ഞങ്ങൾ മൂന്നു പേരും കൂടെ ‘ബൈക്കുള’യിലേയ്ക്ക് യാത്രയായി. അളിയന്റെ സുഹൃത്തിനെകാണാൻ. അവിടെ ഗൾഫ് സ്വപ്നങ്ങളുമായി നൂറുകണക്കിന് മലയാളികൾ ഡോർമിറ്ററിയിൽ കഴിയുന്ന കാഴ്ചകൾ. അവിടെ സുഹൃത്തിനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഞങ്ങളവിടുന്നിറങ്ങി. ഞങ്ങളുടെ മുറിയിലേക്ക് ഇരിഞ്ഞാലകുടയിലുള്ള അംബുജാക്ഷൻ ചേട്ടന്റെ വരവ് വലിയ തരത്തിലുള്ള സംവാദങ്ങൾക്ക് തുടക്കം കുറിച്ചു. അക്കാലത്താണ് നമ്പാടൻ മാഷ് ട്രാൻസ്പോർട്ട് വണ്ടിയുടെ ചക്രം ഊരിയെടുത്ത് മന്ത്രിസഭ മറിഞ്ഞുവീണത്. അംബുവേട്ടന്റെ വരവോടെ അദ്ദേഹത്തോടൊപ്പം ഞങ്ങളുടെ മുറിയിലേക്ക് മാതൃഭൂമി,കലാകൗമുദി തുടങ്ങിയ വാരികകളും കുടിയേറി. മാതൃഭൂമിയും കലാകൗമുദിയും വന്നതോടെ അംബുവേട്ടന്റെ വർത്തമാനങ്ങൾ കൂടിയായപ്പോൾ മനോരാജ്യം, മാമാങ്കം തുടങ്ങിയവയോട് ഞങ്ങൾ വിടചൊല്ലി. കമ്മ്യൂണിസ്റ്റ് വിമർശനം ശക്തമായി. അംബുവേട്ടന്റെ ഇഷ്ടം ഗാന്ധിയോടായിരുന്നു.
പതുക്കെ പതുക്കെ ആ അഞ്ചുപേരെ വച്ച് കമ്പനി തുറന്നുവെങ്കിലും ഞങ്ങളാരും സംഘടിതരല്ലാത്തതുകൊണ്ട് മറ്റൊരു ആലോചനയുമില്ലാതെ വെവ്വേറെ ഇടങ്ങളിലേയ്ക്ക് കൂടുമാറി. അതാണ് സാക്കിനാക്കയിലെ ആദ്യ വൈരക്കൽ തൊഴിൽ സമരം. സാക്കിനാക്ക ദാദാക്കളുടെ സംഘർഷങ്ങളുടെ ഭൂമിയായി.
സാക്കിനാക്ക ഭരിച്ചിരുന്നത് ലോറൻസ് സേഠ് എന്ന ദാദയായിരുന്നു. അയാളുടെ മക്കളും സൈമൺ അപ്പന്റെ ചുവടുപിടിച്ച് ദാദാക്കളായിരുന്നു. മലയാളിയായ ജോസ് നഗർ മുതലാളിയും ദാദയായിരുന്നു. അയാൾക്കൊപ്പം ഞങ്ങളുടെ നാട്ടുകാരായ വൈരക്കൽ തൊഴിലാളികളും ചോട്ടാ ദാദാക്കളായി. രണ്ട് കൂട്ടരും ശത്രുതാപരമല്ലാതെ അവരുടെ കാര്യങ്ങൾ നടത്തും. സൈമണും കൂട്ടരും വൈരക്കൽ തൊഴിലാളികളുടെ മുറിയിൽ വന്ന അപ്ത (പണപ്പിരിവ്) തുടങ്ങി. അത് വലിയ പ്രതിഷേധത്തിനിടയാക്കി. പ്രതിഷേധിച്ചവരെയെല്ലാം ദാദാക്കൾ കൈകാര്യം ചെയ്തു. പിന്നണിയിൽ ചോട്ടാ ദാദാക്കളുടെ സഹായമുണ്ടായിരുന്നു. അവരുടെ ആക്രമണം പെണ്ണുങ്ങൾക്ക് നേരെയുമുണ്ടായി. അംബുവേട്ടന്റെയും തങ്കപ്പേട്ടന്റേയും വർത്തമാനങ്ങൾക്കിടയിലേയ്ക്ക് ‘ഗോരെഗാവ്’ൽ നിന്നും വന്നിരുന്ന ബാലേട്ടന്റെ വരവ് കുറെക്കൂടി തീഷ്ണമായ വർത്തമാനത്തിന് തുടക്കം കുറിച്ചു. ആ സമയത്താണ് നാട്ടിൽ യുക്തിവാദികൾ അയ്യപ്പമകരജ്യോതി കത്തിക്കുന്നത്. നിരവധി മകരജ്യോതി ജ്വാലകൾ പൊന്നമ്പലമേട്ടിൽ കാണാനിടയായി. ഇടതു സർക്കാരിന്റെ കാലത്തായിരുന്നുവെന്നാണോർമ്മ. ഇ. കെ നായനാരായിരുന്നു മുഖ്യമന്ത്രി. കമ്മ്യൂണിസ്റ്റുകാർക്ക് അക്കാര്യത്തിൽ ചെറിയൊരു ഇടിവുപറ്റി. ഞങ്ങളുടെ മുറിയിൽ ഭക്ഷണ സമയത്തു നടക്കുന്ന വർത്തമാനങ്ങൾക്കിടയിൽ സാക്കിനാക്കയിലെ ഗുണ്ടായിസം കടന്നു വരാറുണ്ട്. അത് ചില കൂടിയാലോചനയിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു. അതോടൊപ്പം തൊഴിൽ പ്രശ്നങ്ങളും. ആ വർഷം മൺസൂൺ ശക്തമായിരുന്നു. സാക്കിനാക്ക ആഴ്ചകളോളം വെള്ളത്തിനടിയിലായി. ഞങ്ങളുടെ കമ്പനിയിലെ മോട്ടോറുകൾ വെള്ളം കയറി പ്രവർത്തനരഹിതമായി. വെള്ളം ഇറങ്ങി കമ്പനി പ്രവർത്തനം തുടങ്ങിയപ്പോൾ ഞങ്ങൾ എട്ടു പേർ പണിയെടുക്കുന്ന മോട്ടോർ കത്തി. അത് റിപ്പയർ ചെയ്യാൻ ഉടമ തയ്യാറായില്ല. ആ വിഷയത്തിൽ ഞങ്ങളാദ്യം ബഹുമാനപൂർവ്വം ഉടമയെ സമീപിച്ചപ്പോൾ അദ്ദേഹത്തിന്റെ നിഷേധാത്മക നിലപാട് സമരത്തിലേയ്ക്ക് കാര്യങ്ങൾ കൊണ്ടെത്തിച്ചു.
എട്ടു പേരിൽ അമ്മയുടെ മരണവുമായി തങ്കപ്പേട്ടൻ നാട്ടിലേയ്ക്ക് വണ്ടി കയറി. ഒരാൾ മുതലാളിയുടെ കൂടെ നിന്നു. (ജോണി) ആന്റണി ചേട്ടൻ (അകാലത്തിൽ പൊലിഞ്ഞു പോയി), പുഷ്പേട്ടൻ, ശശിയേട്ടൻ, രവിയേട്ടൻ, മറ്റൊരു രവിയേട്ടനും, ഞാനുമടക്കം ആറുപേർ സമരമാരംഭിച്ചു. ദിവസങ്ങൾക്കുള്ളിൽ കമ്പനിയിലെ 63 പേരിൽ 58 പേർ സമരത്തിൽ അണിനിരന്നു. ഉടമ ദാദാക്കളുടെ സഹായത്തോടെ സമരം പൊളിക്കാനും പദ്ധതിയിട്ടു. ഞങ്ങൾ താമസിക്കുന്ന മുറി ആക്രമിക്കുമെന്ന കിംവദന്തികൾ പരന്നു. സുരക്ഷയ്ക്കായി ഞങ്ങളും സജ്ജരായി. പതുക്കെ പതുക്കെ ആ അഞ്ചുപേരെ വച്ച് കമ്പനി തുറന്നുവെങ്കിലും ഞങ്ങളാരും സംഘടിതരല്ലാത്തതുകൊണ്ട് മറ്റൊരു ആലോചനയുമില്ലാതെ വേറെവേറെ ഇടങ്ങളിലേയ്ക്ക് കൂടുമാറി. അതാണ് സാക്കിനാക്കയിലെ ആദ്യ വൈരക്കൽ തൊഴിൽ സമരം. സാക്കിനാക്ക ദാദാക്കളുടെ സംഘർഷങ്ങളുടെ ഭൂമിയായി. സൈമൺ ദാദയും മലയാളി ദാദാക്കളും, വൈരക്കൽ തൊഴിലാളികൾ രണ്ടുകൂട്ടരുടേയും ആക്രമണത്തെ പ്രതിരോധിച്ചു. സൈമണൊപ്പം നിന്ന പല മലയാളി വൈരക്കൽ ദാദാക്കളും കൂറുമാറി. അവർക്കൊപ്പം നിന്ന പലരും ”ഇനി ഞങ്ങളെ മലയാളികളെ തൊട്ടാൽ ലോറൻസ് സേഠുവാണോ, സൈമണാണോയെന്നൊന്നും നോക്കില്ല, ഞങ്ങൾ വീട് കയറി തന്തേനേം മക്കളേം കത്തിച്ചു ചാമ്പലാക്കും” എന്റെ നാട്ടുകാരനായ ഒരു ചേട്ടനാണ് (ജോസ്) അങ്ങനെ പ്രഖ്യാപിച്ചത്. ആ താക്കീത് അദ്ദേഹത്തിന്റെ കൂട്ടുകാർക്കു കൂടിയുള്ളതായിരുന്നു. ഗോരെഗാവിൽ നിന്ന് തുടങ്ങിയ ആലോചനകൾ ഡയമണ്ട് വർക്കേഴ്സ് അസോസിയേഷന്റെ രൂപീകരണവും ബോംബേ നഗരത്തിലെ വൈരക്കൽ വ്യവസായത്തെ പിടിച്ചുലച്ച പതിനായിരങ്ങളെ അണിനിരത്തിയ സംഘടിതമായ സമരങ്ങളുടെ ചരിത്രത്തിലും സത്യത്തിൽ തൊഴിലാളികളുടെ ശക്തമായ ഇടപെടലിലും “അർബൻനക്സലു”കളുണ്ടായിരുന്നു.
തൊഴിലാളികൾക്കിടയിൽ മാർക്സിസത്തിന്റെ ബാലപാഠങ്ങൾ സാഹിത്യങ്ങൾ കെ.വേണു, കെ.മുരളി, കെ.എൻ രാമചന്ദ്രൻ, ജയകുമാർ…. പലപേരുകളിൽ അരിച്ചെത്തി. ഗുണ്ടായിസത്തിനും തങ്ങളുടെ നാട്ടുകാരായ വൈരക്കൽ മുതലാളിമാർക്കുമെതിരെ ഒരു വലിയ ശക്തിയായി വൈരക്കൽ തൊഴിലാളികൾ മാറി. 80 കളുടെ അവസാനവും 90 കളുടെ തുടക്കവും വലിയതോതിലുള്ള സമരവേലിയേറ്റമായിരുന്നു.രാഷ്ട്രീയ സംവാദത്തിൽ ബോംബെ നഗരത്തിലെ ഭൂരിപക്ഷം വൈരക്കൽ തൊഴിലാളികളും കെ.വേണുവിനൊപ്പമായിരുന്നു.
1990 നവ സവർണ്ണ ഹിന്ദുത്വ ഫാഷിസം രഥയാത്രകൾ 1992 ൽ ബാബ്റി മസ്ജിദ് തകർത്തതിലൂടെ അക്ഷാരാർത്ഥത്തിൽ ബോംബെ നഗരം ഏകപക്ഷീയമായ വംശീയഹത്യകളുടെ പ്രധാന കേന്ദ്രമായി മാറി.അതുവരെയുണ്ടായിരുന്ന മണ്ണിന്റെ മക്കൾ വാദികളായ ശിവസേന പോലുള്ള സംഘടനകൾ തീവ്രഹിന്ദുത്വ വാദികളുടെ ചട്ടുകങ്ങളായിമിറി.
ബോംബെ നഗരത്തിലെ നൂറുകണക്കിന് വൈരക്കൽ തൊഴിൽ ശാലകൾ പതുക്കെ പതുക്കെ ഗുജാത്തിലേയ്ക്ക് പറിച്ചു നടപ്പെട്ടു. ഗുജറാത്തിലെ സൂറത്ത്, രാജ്കോട്ട്,അഹമ്മദാബാദ് തുടങ്ങിയ വ്യവസായ നഗരത്തിൽ ചിന്നിച്ചിതറി കിടന്നിരുന്ന ചെറിയ ചെറിയ വൈരക്കൽ തൊഴിൽ ശാലകൾ വലിയതോതിൽ കേന്ദ്രീകൃതമായിമാറി. മാത്രമല്ല ആധുനിക രീതിയിലുള്ള സെമി ഓട്ടോ മെഷീൻ, ആധുനിക യന്ത്രവൽക്കരണം പരമ്പരാഗതമായ മനുഷ്യ വൈദഗ്ധ്യത്തെ തള്ളിക്കളഞ്ഞുകൊണ്ട് പുതിയ ഉൽപാദന സംവിധാനത്തിലേയ്ക്ക് മാറുകയുണ്ടായി.മലയാളികളുടെ സൂക്ഷമമായ വൈദഗ്ധ്യത്തിന്റെ സ്ഥാനം ആധുനിക യന്ത്രങ്ങൾ ഏറ്റെടുത്തു.ഗുജറാത്തിൽ ഒരു മേൽക്കൂരയ്ക്കു കീഴിൽ പതിനായിരത്തിനുമുകളിൽ തൊഴിൽ ചെയ്യുന്ന എല്ലാവിധ ആധുനിക സംവിധാനങ്ങളോടുകൂടിയ വൻകിട വ്യവസായ ശാലകൾ ഉയർന്നു വന്നു. ടെക്സ്റ്റയിൽ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ തൊഴിലാളികൾ വൈരക്കൽ വ്യവസായ മേഖലയിൽ ആയിരുന്നു. ഏകദേശം ആറുലക്ഷം തൊഴിലാളികൾ.
70 കളുടെ മധ്യത്തിൽ ബോംബെ നഗരത്തിൽ എത്തിയ മലയാളികളായ വൈരക്കൽ തൊഴിലാളികളിൽ ഒത്തിരി ആളുകൾ വളരെ ചെറിയ നാളുകൾക്കുള്ളിൽതന്നെ ഗുജറാത്തി സേഠുമാരുടെ സഹായത്തോടെ കമ്പനി നടത്തുന്ന ഉടമകളായി മാറിയിരുന്നു. 80 കളുടെ ആദ്യ പകുതിയിൽ വൈരക്കൽ തൊഴിലാളികളുടെ സംഘടനാ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. 80 കളുടെ അവസാനത്തോടെ കമ്പനി നടത്തിയിരുന്ന മലയാളികളിൽ ഭൂരിപക്ഷവും നാട്ടിലേക്ക് തിരികെ വന്നു. തൊണ്ണൂറുകളോടെ തൃശ്ശൂർ ജില്ലയിലെ പ്രധാന തൊഴിൽ മേഖലയായി വൈരക്കൽ തൊഴിൽ മേഖലമാറി. ചെറുതും വലുതുമായ ഏകദേശം മുന്നൂറു കമ്പനികളും പന്ത്രണ്ടായിരത്തോളം തൊഴിലാളികളും.
ഇങ്ങനെയൊക്കെയാണെങ്കിലും സ്വതന്ത്രമായി നിലനിൽക്കാനുള്ള ഒരു തരത്തിലുള്ള സാമ്പത്തിക ശേഷിയും ഈ വ്യവസായത്തിനുണ്ടായിരുന്നില്ല എന്നതാണ് ഈ വ്യവസായത്തിന്റെ തകർച്ചയുടെ പ്രധാനകാരണം.
80 കളുടെ അവസാനത്തിലും 90 കളുടെ തുടക്കത്തിലുമായി തൃശ്ശൂർ ജില്ലയിലെ തോളൂർ,അടാട്ട്, അവണൂർ കയ്പറമ്പ്, ചൂണ്ടൽ,കണ്ടാണശ്ശേരി,വേലൂർ, മുണ്ടത്തിക്കോട് പഞ്ചായത്തുകളിലും തൃശ്ശൂർ നഗരത്തിലുമായി ചെറുതും വലുതുമായ 320 ഓളം കമ്പനികൾ ഉണ്ടായിരുന്നു. ഏകദേശം 12,000 തൊഴിലാളികൾ. അതിൽ ഭൂരിപക്ഷം സ്ത്രീ തൊഴിലാളികളായിരുന്നു.ഞങ്ങളുടെ പോന്നോർ ഗ്രാമത്തിൽ വീടിനോട് തൊട്ടടുത്ത ഇറക്കുകളിൽ (ചായ്പുകൾ) പോലും കമ്പനി ഉണ്ടായിരുന്നു. നാമമാത്ര മുതൽമുടക്കിൽ ആർക്കും കമ്പനി ആരംഭിക്കാമായിരുന്നു.വാസ്തവത്തിൽ അതുതന്നെയായിരുന്നു ഈ വ്യവസായത്തിന്റെ ശാപവും. കാരണം വ്യവസായത്തിനാവശ്യമായ പ്രധാന അസംസ്കൃത വസ്തു വൈരക്കല്ലുകൾ (ഡയമണ്ട്) ആണ്. അതിന്റെ വില താങ്ങാനാവാത്തതായിരുന്നു.അതിന്റെ കുത്തക ഗുജറാത്ത് മുതലാളിമാരുടെ കൈകളിലുമാണ്. എന്നാൽ പരമ്പരാഗതമായ യന്ത്രങ്ങൾ ഉപയോഗിച്ചുള്ള വൈരക്കൽ മിനുക്കുപണിയിൽ മലയാളികളുടെ വൈദഗ്ധ്യവും കരവിരുതും വിശ്വാസ്യതയും തൃശ്ശൂരിലെ വൈരക്കൽ തൊഴിൽ ശാലകളിലേയ്ക്ക് വൈരക്കല്ലുകൾ വിതരണം ചെയ്യാൻ ഗുജറാത്ത് മുതലാളിമാർ മത്സരത്തിലായിരുന്നു. തൃശ്ശൂരിലുള്ള തൊഴിൽ ശാലകളിലേയ്ക്ക് ഏറ്റവും ചെറിയ വൈരക്കല്ലുകളാണ് വിതരണം ചെയ്തിരുന്നത്. ഉദാഹരണത്തിന് ഒരു കടുകുമണിയെ നാലായി പകുത്താൽ കിട്ടുന്ന വലുപ്പം. സാങ്കേതികമായി പറഞ്ഞാൽ ഒരു ‘സെന്റ്’ മുതൽ അഞ്ചു സെന്റ് വരെ തൂക്കം വരുന്ന വൈരക്കല്ലുകൾ. ഒരു ‘കാരറ്റ്’എന്നു വച്ചാൽ നൂറു സെന്റാണ്.
ഇത്ര സൂക്ഷമവും ചെറുതുമായ ഒരു വൈരക്കല്ലിനെ 58 ചിത്രങ്ങൾ ഉരച്ചു മിനുക്കുന്ന ചിത്രപണിയാണ് അഞ്ചു തരത്തിലുള്ള തൊഴിലാളികൾ ചെയ്തു കൊണ്ടിരുന്നത്. മാനസികവും ശാരീരികവുമായ അദ്ധ്വാനം.
2010 ഓടുകൂടി വ്യവസായം കേന്ദ്രീകൃതമായ ഉൽപാദനത്തിലേയ്ക്ക് മാറി. ആധുനികവൽക്കരണം അമിതമായ ഉൽപാദനത്തിലേയ്ക്ക് ചുവടുമാറി. കേരളീയ സമൂഹത്തിൽ നിർമ്മാണമേഖലയുടെ കുതിച്ചു ചാട്ടം പുതിയ തരത്തിലുള്ള തൊഴിൽ സാധ്യതകളും തുറന്നിട്ടു. വൈരക്കൽ തൊഴിൽ മേഖലയിൽ വലിയ തോതിലുള്ള കൊഴിഞ്ഞു പോക്കാണുണ്ടായത്.
തൊഴിലില്ലായ്മയും ദാരിദ്ര്യവും കഠിനമായിരുന്ന അക്കാലത്ത് വൈരക്കൽ മേഖലയിൽ അന്ന് ലഭിച്ചു കൊണ്ടിരുന്ന വേതനം ചെറിയ ഒരു ആശ്വാസം തന്നെയായിരുന്നു. 90 കളുടെ ആദ്യ പകുതിയോടെ ആധുനിക യന്ത്രവൽക്കരണം വൻ മുതൽ മുടക്ക് ആവശ്യമായി വന്നു. അതിനു കഴിയാത്തവർ പലരും കമ്പനി തന്നെ അടച്ചു പൂട്ടി തൊഴിലാളികളായി മാറി. ആഗോളവൽക്കരണം കച്ചവടത്തിന്റേയും ഇന്റർനെറ്റ് മാർക്കറ്റിങ്ങിന്റേയും പുതിയ സാധ്യതകൾ തുറന്നിട്ടു കൊടുത്തു. കേരളത്തിലേയ്ക്ക് പോസ്റ്റ് ഓഫീസ് വഴി ഇൻഷുറായി വന്നിരുന്ന വൈരക്കൽ പൊതികളുടെ വരവ് പതുക്കെ പതുക്കെ ചുരുങ്ങിവന്നു. വൈരക്കൽ വിതരണം ചെയ്തിരുന്ന ഒട്ടുമിക്ക ഗുജറാത്തി മുതലാളിമാരും കേരളത്തിലേയ്ക്കുള്ള വിതരണം വെട്ടിച്ചുരുക്കി. പ്രധാനമായും കേരളത്തിലേയ്ക്കുള്ള വിതരണം’ഡൈമക്സ്’എന്ന ഒരു ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാവുകയും ചെയ്തു. കോയമ്പത്തൂരിലായിരുന്നു അവരുടെ ശാഖ പ്രവർത്തനം നടത്തിയിരുന്നത്.തൃശ്ശൂരിൽ നിന്ന് ദിവസവും കാറിൽ പോയി വൈരക്കല്ലുകൾ വാങ്ങി തയ്യാറാക്കിയവ തിരിച്ചു നൽകുന്ന രീതിയിലായിരുന്നു കാര്യങ്ങൾ.
ആധുനികവൽക്കരണം തൊഴിലിന്റെ സ്വഭാവത്തിലും മാറ്റങ്ങൾ വരുത്തുകയുണ്ടായി. ചൂഷണം അതികഠിനമാവുകയും ചെയ്തു. പീസ് റൈറ്റ് കൂലി സമ്പ്രദായം മാത്രമായിരുന്നു നിലനിന്നിരുന്നത്. അതുകൊണ്ട് തന്നെ തൊഴിലാളികൾക്ക് അതിശക്തമായ സമരങ്ങൾക്ക് തെരുവിലിറങ്ങേണ്ടിവന്നു.
2010 ഓടുകൂടി വ്യവസായം കേന്ദ്രീകൃതമായ ഉൽപാദനത്തിലേയ്ക്ക് മാറി. ആധുനികവൽക്കരണം അമിതമായ ഉൽപാദനത്തിലേയ്ക്ക് ചുവടുമാറി. കേരളീയ സമൂഹത്തിൽ നിർമ്മാണമേഖലയുടെ കുതിച്ചു ചാട്ടം പുതിയ തരത്തിലുള്ള തൊഴിൽ സാധ്യതകളും തുറന്നിട്ടു. വൈരക്കൽ തൊഴിൽ മേഖലയിൽ വലിയ തോതിലുള്ള കൊഴിഞ്ഞു പോക്കാണുണ്ടായത്.
ഇന്നിപ്പോൾ അഞ്ചു കമ്പനികളിലായി അഞ്ഞൂറിൽ താഴെ തൊഴിലാളികളാണ് തൊഴിലെടുക്കുന്നത്. ഇവിടെ നമ്മൾ പരിശോധിക്കേണ്ട പ്രധാനപ്പെട്ട ഒരു കാര്യം വൈരക്കൽ മേഖലയിൽ ഇത്രയേറെ തൊഴിലാളികൾ തൊഴിലെടുത്തിരുന്ന കാലഘട്ടത്തിൽ വൈരക്കൽ ആഭരണങ്ങൾ ഉപയോഗിച്ചിരുന്ന മലയാളികളുടെ എണ്ണം വളരെ കുറവായിരുന്നു. 2010നു ശേഷം കേരളത്തിലെ നഗരങ്ങളിലും ചെറുനഗരങ്ങളിലും പ്രവർത്തിക്കുന്ന സ്വർണ്ണകടകളിൽ വൈരക്കൽ പതിച്ച ആഭരണങ്ങളുടെ വിൽപ്പന ആയിരകണക്കിന് കോടി രൂപയുടേതായി മാറിയിരിക്കുന്നു. അതിനു വേണ്ടി 2014ൽ സ്വർണ്ണാഭരണ ഡിസൈനിങ്ങിനും ഡയമണ്ട് മാർക്കിങ്ങിനും വേണ്ടി യുജിസിയുടെ കീഴിൽ ജെമ്മോളജി ഉള്പ്പടെ ബിവോക് എന്ന ഡിഗ്രി കോഴ്സ് തന്നെ പഠനരംഗത്ത് കൊണ്ടു വന്നിട്ടുണ്ട്.
ലോകത്തെ ഡയമണ്ട് ഉത്പ്പാദനത്തിൽ 83 ശതമാനവും പോളിഷ് ചെയ്തെടുക്കുന്നത് ഇന്ത്യയിലെ തൊഴിൽ ശാലകളിലൂടെയാണ്. അതിന്റെ കുത്തക ഗുജറാത്തി മാർവാഡികളും.കേരളത്തിൽ ഡയമണ്ട് ആഭരണ യൂണിറ്റുകൾ തൃശ്ശൂരിൽ തന്നെ വേണ്ടുവോളമുണ്ട്. അതിലേക്ക് ആവശ്യമായ ഡയമണ്ട് വിതരണം ചെയ്യുന്നതും ഗുജറാത്തികൾ തന്നെ. മലയാളികൾ വാങ്ങി കൂട്ടുന്ന ഡയമണ്ട് ആഭരണങ്ങളുടെ ലാഭം മുഴുവനും കൊള്ളയടിച്ചു കൊണ്ടു പോകുന്നതും ഗുജറാത്ത് മാർവാഡികളാണ്. ചുരുക്കത്തിൽ കേരളം എല്ലാവർക്കും വേണ്ടി തുറന്നിട്ട ഒരു ഉപഭോഗ കമ്പോളം മാത്രമായി മാറിയിരിക്കുന്നു.


