TMJ
searchnav-menu
post-thumbnail

Penpoint

ബാരക്ക് കോട്ടേജിലെ ഏകാന്തജീവികൾ

16 Jun 2023   |   3 min Read
അജീഷ് ജി ദത്തൻ

''മുട്ടോളമെത്തുന്ന കൈത്തണ്ടകളും മെലിഞ്ഞുനീണ്ട കൈവിരലുകളും കഴുത്തോളമുള്ള നേരിയ ചുരുണ്ട മുടിയിഴകളും കൂർത്ത മൂക്കുകളുമുള്ള മുപ്പത്തിയഞ്ചുകാരി. ലോകമറിയുന്ന ചിത്രകാരി. പാരീസിൽ ചിത്രകലാപഠനം അഭ്യസിച്ച പ്രശസ്ത ചിത്രകാരി ബാരക്ക്. അവളുടെ കഥയാണ് അനാർക്കലിയുടെ ആദ്യ നോവലായ ബാരക്ക് കോട്ടേജ്. മൂന്നാറിലെ ഒരു ഹിൽ ടോപ്പിൽ ലോകത്തിന് പിടികൊടുക്കാതെ/വെളിച്ചപ്പെടാതെ ജീവിക്കുകയാണ് ബാരക്ക്. ഇ.എം ഫോസ്റ്ററുടെ പഴയ ഒരു ക്ലാസിക് വർഗീകരണം എടുത്തുപറഞ്ഞാൽ ഒരു റൗണ്ട് ക്യാരക്ടറാണ് ഇതിലെ ബാരക്ക്. അവളുടെ സ്വഭാവത്തിന്റെ പല വശങ്ങളും ഇരുണ്ടതാണ്. പ്രവചിക്കാൻ കഴിയാത്ത നിഗൂഢത പേറിനിൽക്കുന്ന കഥാപാത്രം. അവൾ പരമാവധി ആളുകളിൽ നിന്നും പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങളിൽ നിന്നും അകന്നു കഴിയുന്നു. തന്റെ ഏകാന്തതയിൽ അവൾ സ്വയം ഒതുങ്ങുന്നു. ഭൂതകാലത്തിന്റെ പൈതൃകം പേറുന്ന ബാരക്ക് കോട്ടേജിൽ പട്ടാളത്തിൽ മേജറായിരുന്ന അവളുടെ പിതാവും ജോലിക്കാരൻ ഗിരിയും മാർത്തയും അന്തേവാസികളായുണ്ട്. ക്യാപ്റ്റൻ മേനോൻ എന്ന അവളുടെ പിതാവ് ഒരു അപകടത്തിൽപ്പെട്ട് കാഴ്ച നഷ്ടപെട്ട അവസ്ഥയിലാണ്. എങ്കിലും അയാൾ കർക്കശക്കാരനും കൃത്യതയും അധികാരവും പുലർത്തുന്ന പഴയ പട്ടാളക്കാരൻ തന്നെ. അവളെ പ്രസവിച്ച് ദിവസങ്ങൾക്കകം മരിച്ചുപോയ അമ്മ നീതുവും ചെറുപ്രായത്തിൽ തന്നെ മരണപ്പെട്ട സഹോദരി പായലും ബാരക്കിന്റെ നീറുന്ന ഓർമ്മകളാണ്. അവൾ ജീവിതത്തിൽ ആകെ സ്‌നേഹിക്കുന്നത് സഹോദരിയായ പായലിനെ മാത്രമാണ്. വീട്ടുവളപ്പിൽ തന്നെയുള്ള പായലിന്റെ ശവകുടീരത്തിൽ വന്നു സംസാരിക്കുന്നത് ബാരക്കിന്റെ ഏകാന്തതയെ അല്പം ആശ്വാസപ്പെടുത്താറുമുണ്ട്. എങ്കിലും പിതാവിനെയും അയാളുടെ ആജ്ഞാനുവർത്തിയായ ഗിരി എന്ന ജോലിക്കാരനെയും അവൾ വെറുത്തു. സ്വന്തം പിതാവിനോട് അവൾ സംസാരിക്കാറില്ല. ഒരു വീട്ടിലെങ്കിലും രണ്ട് അതിർത്തി രാജ്യങ്ങൾ പോലെയാണ് അവർ കഴിഞ്ഞത്.

ബാരക്കിനെപ്പറ്റിയുള്ള വാർത്ത പത്രത്തിൽ കണ്ട് അവളെ അന്വേഷിച്ചു വരുന്ന മേടയിൽ വിശ്വനാഥൻ എന്ന വൃദ്ധനാണ് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രം. അയാൾ ബാരക്കിന്റെ
വിശ്വാസ്യത പതിയെ ആർജ്ജിച്ചെടുക്കുന്നു. അങ്ങനെ അവളുടെ ചിത്രങ്ങളുടെ വില്പ്പനക്കാരനാകുന്നു. വൃദ്ധന്റെ മകൻ ജീവൻ തന്നിഷ്ടത്തിനു വളരുകയും വൃദ്ധന്റെ കഷ്ടപ്പാടുകളെ അംഗീകരിക്കാതെ ലഹരിയുടെയും മറ്റു സുഖഭോഗങ്ങളുടെയും കൂട്ടുകെട്ടുകളുടെയും പിറകെ പോയി ഭാവി കളഞ്ഞുകുളിക്കുന്നു. വൃദ്ധന്റെയും കുടുംബത്തിന്റെയും അവതരണത്തിലൂടെ എഴുത്തുകാരി അവിടുത്തെ ഗ്രാമവാസികളിലേക്ക് കഥയെ കൊണ്ടുപോകുന്നു. അവിടെ ഗ്രാമീണരായ കഥാപാത്രങ്ങൾ ധാരാളമായി കടന്നുവരുന്നുണ്ട്. വിശ്വനാഥന്റെ തകർന്ന കുടുംബജീവിതത്തിന്റെ ചിത്രം ഇവിടെ എഴുത്തുകാരി ആവിഷ്‌കരിക്കുന്നു. അയാളുടെ യുവത്വം വിട്ടുമാറാത്ത ഭാര്യ മറ്റൊരുവന്റെ കൂടെ ഇറങ്ങിപോകുന്നു. മകൻ എവിടെയെന്നറിയാതെ വേദനയിൽ അയാൾ നരകിച്ചു മരിക്കുകയാണ്. അയാളുടെ മരണശേഷമാണ് ജീവൻ നാട്ടിൽ കാലുകുത്തുന്നത്. എങ്കിലും വൃദ്ധന്റെ മരണശേഷം ജീവിതത്തിൻറെ യാഥാർത്ഥ്യങ്ങൾ തിരിച്ചറിഞ്ഞ ജീവനിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കുന്നത് കാണാം. അവന്റെയും അവസാന അഭയസ്ഥാനം ബാരക്ക് കോട്ടേജ് തന്നെ. ബാരക്ക് കോട്ടേജിനെയും ഗ്രാമത്തിലെ ആളുകളെയും ചേർത്തുവെക്കുന്ന കണ്ണിയാണ് മേടയിൽ വിശ്വനാഥനും അയാളുടെ മകനും. തല തെറിച്ചു പോയവനെങ്കിലും എല്ലാം നഷ്ടപെട്ടു കുറ്റബോധത്തിൽ തിരിച്ചുവരുന്ന അവനെ കോട്ടേജിലെക്ക് അവിടുത്തെ അന്തേവാസികൾ ക്ഷണിക്കുന്നതും അവനോടുള്ള സ്‌നേഹവും ദീർഘകാലത്തെ അടുപ്പവും കൊണ്ടാണ്.




നോവലിന്റെ തുടക്കത്തിൽ നിന്നും അവസാനത്തിലേക്ക് എത്തുമ്പോൾ കഥാപാത്രങ്ങൾ പ്രകടമായ മാറ്റങ്ങളിലേക്ക് നീങ്ങുന്നത് കാണാൻ പ്രയാസമില്ല. പ്രത്യേകിച്ച് ബാരക്കും ഗിരിയും ക്യാപ്റ്റനും. തുടക്കത്തിൽ സൂചിപ്പിച്ച ബാരക്കിന്റെ ആർക്കും പിടികൊടുക്കാത്ത നിഗൂഢതകൾ പതിയെ അഴിയുന്നു. തന്റെ അച്ഛന്റെ ആത്മകഥ കേട്ടെഴുതുന്ന ഗിരിയിൽ നിന്നും രാത്രികളിൽ അത് വായിച്ചുകേൾക്കുന്ന ബാരക്കിനു താൻ സങ്കല്പിച്ച കാർക്കശ്യക്കാരനും സ്‌നേഹരഹിതനുമായ പിതാവിന്റെ മുഖം അഴിഞ്ഞുവീഴുന്നത് കാണാൻ സാധിക്കുന്നു. അവൾ ഓർമ്മകളിൽ തന്റെ സഹോദരിയോട് ആത്മഗതം നടത്തുന്നത് നോവലിസ്റ്റ് അവതരിപ്പിച്ചിട്ടുണ്ട്. ''അതെ പായൽ, അവനിപ്പോൾ എന്റെ ലോകത്താണ്. ഞാൻ അവന്റെയും. ഞങ്ങൾക്കൊരുപാട് പറയാനും കേൾക്കാനുമുണ്ട്. നമ്മുടെ പിതാവിന്റെ രഹസ്യങ്ങളുടെ കലവറ എന്നും രാത്രി അവൻ എനിക്കുമുന്നിൽ തുറക്കും. അവനിലൂടെയാണ് നമ്മുടെ മാതാപിതാക്കളെ ഞാനിപ്പോൾ അറിയുന്നത്. ഒരു തിരുത്തുണ്ട്, അറിഞ്ഞുതുടങ്ങുന്നത്. ഇരുവരും എത്ര കാല്പനികരായിരുന്നെന്നോ! അങ്ങെത്തിയിട്ട് എനിക്ക് നിന്നോട് ഒരുപാടുണ്ട് പറയാൻ.'' ഈ വിവരണത്തിൽ നിന്നും അവളുടെ മാറ്റവും പുതിയ തിരിച്ചറിവുകളും വ്യക്തമാണ്. അതുപോലെ തന്റെ കോട്ടേജിൽ സംഭവിക്കുന്ന പുതിയ സ്‌നേഹബന്ധവും അതിന്റെ പരിമളവും ക്യാപ്റ്റനും ലഭിക്കുന്നുണ്ട്. 'അതെ, രണ്ടുഹൃദയങ്ങൾ അടുക്കുകയാണ്. ആരെയും വേദനിപ്പിക്കാതെ, മറ്റാരുമറിഞ്ഞിട്ടില്ലെന്ന വിചാരത്തോടെ. ചേരേണ്ടത് ചേരും. ശരിയായതു സംഭവിക്കും' എന്ന ക്യാപ്റ്റന്റെ വിചാരവും ഇവിടെ കാണാം. തുടക്കത്തിൽ ബാരക്കിലൂടെ നാം മനസിലാക്കുന്ന ക്യാപ്റ്റനല്ല ഇവിടെ തെളിയുന്നത്. അയാൾ ബാരക്കും ഗിരിയും തമ്മിൽ ഉടലെടുത്ത സ്‌നേഹബന്ധത്തിൽ അതീവ സന്തുഷ്ടനാണ്. അങ്ങനെ പരസ്പരം കരാറുകൾ ഒന്നുമില്ലാതെ തന്നെ സ്വാഭാവികമായി അവർ രണ്ടുപേരുംകൂടുതൽ അടുക്കുന്നു. ഇവിടെയെല്ലാം അതിഭാവുകത്വത്തിന്റെ കടുംചായങ്ങളിലേക്ക് നോവലിസ്റ്റ് പോകുന്നില്ല. വളരെ മിതത്വത്തോടു കൂടിയാണ് എഴുത്തുകാരിയുടെ വിവരണകല മുന്നേറുന്നത്. വളരെ പക്വതയോടെ ചിന്തിക്കുന്നവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങൾ. ജീവനെപ്പോലെ ഒന്നോ രണ്ടോ പേർ മാത്രമാണ് അതിനൊരപവാദം. ഗിരിയും ബാരക്കും ക്യാപ്റ്റനും മാർത്തയും വിശ്വനാഥനുമൊക്കെ ജീവിതത്തിന്റെ കാഠിന്യമേറിയ കനൽവഴികളിലൂടെ സഞ്ചരിച്ചവരാണ് എന്ന പ്രതീതിയുണ്ടാക്കാൻ അനാർക്കലിയുടെ വിവരണകലയ്ക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ ജീവന്റെയും അവന്റെ അമ്മയുടെയും കുത്തഴിഞ്ഞ ജീവിതവും മറുവശത്ത് ഭംഗിയായി അവതരിപ്പിക്കുന്നു.

ആത്യന്തികമായി ബാരക്ക് കോട്ടേജും അതിലെ മനുഷ്യരും പതിയെ പതിയെ അവരുടെ യഥാർത്ഥസ്വത്വങ്ങൾ നമ്മുടെ മുന്നിൽ വെളിപ്പെടുത്തുന്നു. അതിൽ സ്‌നേഹത്തിന്റെയും നന്മയുടെയും തിരിച്ചറിവുകളുടെയും അംശങ്ങൾ മാത്രമേയുള്ളൂ. അവിടെ വെട്ടിപ്പിടിക്കലുകളോ കീഴടക്കലുകളോ അധികാരപ്രയോഗങ്ങളോ ഇല്ല എന്നത് എടുത്തു പറയണം. വെട്ടിപ്പിടിക്കാനും കാപട്യങ്ങളിലൂടെ മുന്നേറാനും ശ്രമിക്കുന്ന ജീവൻ കൂടുതൽ കൂടുതൽ കുഴപ്പങ്ങളിലേക്കാണ് ചെന്നുചാടുന്നത് എന്നും നാം കാണുന്നു. അവന് നഷ്ടങ്ങളുടെ കണക്ക് മാത്രമേ അവസാനം കയ്യിലെടുക്കാൻ ഉള്ളൂ. കാര്യങ്ങൾ തിരിച്ചറിഞ്ഞ അവനും അവസാനം ബാരക്ക് കോട്ടേജിന്റെ സ്‌നേഹത്തണലിലേക്ക് വന്നുചേരുകയാണ്. അതുവഴി അവന്റെ അച്ഛൻ വിശ്വനാഥൻ അവനെപ്പറ്റി കണ്ട സ്വപ്നങ്ങൾക്ക് നിറംകൊടുത്തു തുടങ്ങുന്നു. ബാരക്ക് കോട്ടേജും അതിന്റെ ചുറ്റുമുള്ള നാട്ടുജീവിതങ്ങളും സ്‌നേഹത്തിന്റെ ഗാഥകൾ പാടി തങ്ങളുടെ ചെറിയ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നു. ജീവിതത്തെപ്പറ്റിയുള്ള ശുഭപ്രതീക്ഷകൾ മുന്നോട്ട് തന്നെ തുടരുന്നു എന്ന് ബാരക്ക് കോട്ടേജ് വായനക്കാരോട് പറഞ്ഞുകൊണ്ടിരിക്കുന്നു.

Leave a comment