കാടിനൊപ്പം നടന്ന അറുപത് വര്‍ഷങ്ങള്‍
സുരേഷ് ഇളമണ്‍
വന്യതയെ ധ്യാനാത്മകമായി ഉൾച്ചേർക്കുകയും, സര്‍ഗ്ഗാത്മകമായും ശാസ്ത്രീയമായും മറ്റുള്ളവരിലേക്ക് പകരുകയും, അതിന്റെ സ്വസ്തിയില്‍, ആരവങ്ങളില്ലാതെ ഏകാകിയായി വ്യവഹരിക്കുകയും ചെയ്ത സുരേഷ് ഇളമണ്‍. കേരളത്തിലെ പരിസ്ഥിതി ഫോട്ടോഗ്രാഫിയുടെ മുഴുനീള സമര്‍പ്പണങ്ങളുടെ ആദ്യചരിത്രം ഈ മനുഷ്യനില്‍ നിന്ന് തുടങ്ങുന്നു. വനസഞ്ചാരങ്ങളും ജീവനിരീക്ഷണങ്ങളും അതിന്റെ ഛായാഗ്രഹണവും ഏറ്റവും വെല്ലുവിളി നിറഞ്ഞ എഴുപതുകളിലാണ് അദ്ദേഹം കാടിന്റെ ഉള്ളകങ്ങളിലേക്ക് ക്യാമറയുമായുള്ള തന്റെ സുദീര്‍ഘസഞ്ചാരം ആരംഭിക്കുന്നത്. കേരളത്തിലെ സമര്‍പ്പിത പരിസ്ഥിതി ഫോട്ടോഗ്രാഫര്‍മാരുടെ കൂട്ടത്തില്‍ പ്രഥമഗണനീയന്‍. വന്യജീവി പഠനം അക്ഷരങ്ങളാല്‍ മാത്രമായിരുന്ന കാലത്ത് കേരളത്തിലെ വനാന്തരങ്ങളിലും തണ്ണീര്‍ത്തടങ്ങളിലും നിരന്തരസഞ്ചാരം നടത്തിക്കൊണ്ട് അദ്ദേഹം കാണാക്കാഴ്ച്ചകളെ അപൂര്‍വ്വ സ്ലൈഡുകളിലാക്കി പരിസരപഠിതാക്കള്‍ക്ക് എത്തിച്ചുകൊണ്ടിരുന്നു.
പെരിയാറിന്റെയും തേക്കടിയുടെയും ചരിത്രവഴികളെ അടയാളപ്പെടുത്തുകയാണ് അദ്ദേഹം മലബാര്‍ ജേര്‍ണലില്‍.
അച്ഛനും അമ്മയ്ക്കുമൊപ്പം അറുപത് വർഷങ്ങള്‍ക്ക് മുന്‍പ് നടത്തിയ ആദ്യ തേക്കടി യാത്രയെ പറ്റി എനിക്ക് മങ്ങിയ ചില ഓർമ്മകൾ മാത്രമാണുള്ളത്. 1960ൽ പ്രൈമറി സ്കൂളിൽ പഠിക്കുന്ന കാലത്താവണമത്. കുമളി ടൗണിൽ നിന്ന് ബോട്ട് ലാന്‍ഡിങ്ങിലേക്കുള്ള റോഡ് മാത്രമാണ് ആ യാത്രയിലെ ഇന്നും ബാക്കിയുള്ള ഓർമ്മ. 1973 ലോ മറ്റോ ആണ് രണ്ട് സുഹൃത്തുക്കളുമായി വീണ്ടും അവിടേക്ക് ഒരു യാത്ര നടത്തിയത്. അന്ന് നടത്തിയ ബോട്ട് യാത്രയുമൊക്കെ പകുതി പണി പൂർത്തിയായ പെരിയാർ ഹൗസിൽ താമസിച്ചതും ഇന്നും ഓർക്കുന്നു. മൂന്നാമത്തെ തേക്കടി യാത്ര എന്നായിരുന്നുവെന്ന് കൃത്യമായി ഓർക്കുന്നില്ല. ഒരു പതിറ്റാണ്ടിന് ശേഷം 1987 ൽ പ്രൊഫസർ കെ.കെ നീലകണ്ഠന്റെ നേതൃത്വത്തിൽ നടത്തിയ കേരളത്തിലെ പക്ഷിനിരീക്ഷകരുടെ സംഗമത്തിൽ പങ്കെടുക്കാൻ നടത്തിയ യാത്ര ആയിരുന്നിരിക്കാമത്. പെരിയാർ അക്ഷരാർത്ഥത്തിൽ എന്റെ മറ്റൊരു വീടായി മാറുകയായിരുന്നു.
തേക്കടിയുടെ ലഘുചരിത്രം
ബെഞ്ചമിൻ വാർഡും പീറ്റർ കൊണോറും ചേർന്നെഴുതിയ 'Memoirs of the Survey of Tranvancore & Cochin States' (സർവ്വേ നടത്തിയ കാലഘട്ടം 1816 മുതൽ 1820 വരെയായിരുന്നു) എന്ന പുസ്തകത്തിൽ തേക്കടിയിലെ കാടുകളെ പറ്റി ഇങ്ങനെ പരാമർശിക്കുന്നു. ' The Perryaur or great river has its source in a wooded impenetrable valley, formed by the great range of mountains to the east and a range of woody hills'. ഈ സർവ്വേക്ക് ശേഷം പെരിയാർ കാടുകളിൽ നിന്നുള്ള മരംവെട്ടലും ഏലമടക്കമുള്ള വന ഉത്പന്നങ്ങളുടെ ശേഖരിക്കലും നിരീക്ഷിക്കാൻ ഫോറസ്റ്റ് കൺസെർവേറ്റർ നിയമിക്കപ്പെട്ടു. ഇടുക്കിയിൽ നിയമിതനായ ജെ ഡി മൺറോയാണ് കുമളി വഴി കോട്ടയത്ത് നിന്നും കമ്പത്തേക്കുള്ള റോഡടക്കമുള്ള പല വഴികളും നിർമ്മിച്ചത്. മുല്ലപ്പെരിയാർ ഡാമിന്‍റെ നിർമ്മാണം ഒരു വഴിത്തിരിവായി മാറി. ബ്രിട്ടീഷ് ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽ നടന്നത്ര ഇല്ലെങ്കിലും നാട്ടുരാജാക്കന്മാരുടെ മൃഗവേട്ട പത്തൊമ്പതാം നൂറ്റാണ്ടിൽ പെരിയാർ കാടുകളിൽ സജീവമായിരുന്നു. 1902ൽ ഒരു സംഘം മ്ലാപ്പാറ വരെ സഞ്ചരിച്ച് ഒരു കൊമ്പനേയും മാനിനെയും കാട്ടാടിനെയും വേട്ടയാടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1934ൽ വേട്ടയ്ക്കായി പെരിയാറിലെത്തിയ വൈസ്രോയിക്കും സംഘത്തിനും വേണ്ടി മുള കൊണ്ട് നിർമ്മിച്ച കൂടാരങ്ങളുടെ ഒരപൂർവ ഫോട്ടോ കണ്ടത് ഓർക്കുന്നു.
1933 ൽ തിരുവിതാംകൂർ രാജാവ് ലാൻഡ് കമ്മീഷണറായി വിരമിച്ച എസ്.സി.എച്ച് റോബിൻസണെ പെരിയാർ വന്യജീവി സങ്കേതത്തിന്‍റെ ആദ്യ വാർഡനായി നിയമിച്ചു. 1934ൽ റോബിൻസണിന്റെ നിർദ്ദേശപ്രകാരം നെല്ലിക്കാംപെട്ടി വന്യജീവി സങ്കേതം രൂപംകൊണ്ടു. തൊട്ടടുത്ത വർഷം മുതൽ വേട്ടയാടൽ അടക്കമുള്ള കുറ്റകൃത്യങ്ങൾ തടയാനായി ഡിപ്പാർട്മെന്റ് രൂപംകൊണ്ടു. അതേ വർഷം തന്നെ വിഖ്യാതനായ ജിം കോർബറ്റ് അടക്കമുള്ള പരിസ്ഥിതി സംരക്ഷകർ പങ്കെടുത്ത അഖിലേന്ത്യാ സമ്മേളനത്തിൽ റോബിൻസൻ പങ്കെടുത്തു. ഏതാനും വർഷങ്ങൾക്ക് ശേഷം പിൽക്കാലത്ത് 'വുഡ് സാഹേബ്' എന്ന പേരിൽ പ്രശസ്തനായ A.W.WOOD പെരിയാർ വന്യജീവി സാങ്കേതത്തിന്‍റെ ആദ്യ റേഞ്ചറായി നിയമിതനായി. കാടുകളെ പറ്റി അപാരജ്ഞാനമുണ്ടായിരുന്ന വുഡ് വേട്ടക്കാരെയെല്ലാം അടിച്ചമർത്തി. ഇക്കാലയളവിൽ കാടുകളുടെ സംരക്ഷണത്തെപറ്റി ജനങ്ങൾക്കിടയിൽ വലിയ രീതിയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടന്നു.
തേക്കടിയിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിനോദ സഞ്ചാരികൾ എത്താൻ ആരംഭിച്ചു. ഇവിടുത്തെ സ്ഥിരം സന്ദർശകരായി മാറിയ തിരുവിതാംകൂർ രാജകുടുംബമാണ് എടപ്പാളയത്തെ കൊട്ടാരവും താന്നിക്കുടിയിലെ റസ്റ്റ് ഹൗസും പണിതത്. ഡോ.രാജേന്ദ്ര പ്രസാദും ജവഹർലാൽ നെഹ്‌റുവും ഇന്ദിര ഗാന്ധിയും അടക്കമുള്ളവർ തേക്കടി സന്ദർശിച്ചിട്ടുണ്ട്. ബോട്ട് ലാൻഡിംഗിലെ ആരണ്യ നിവാസ് പണിതത് നെഹ്‌റുവിന്റെ നിർദ്ദേശ പ്രകാരമാണെന്നാണ് പറയപ്പെടുന്നത്.
125 വയസ്സായ മുല്ലപ്പെരിയാർ ഡാം
കുറച്ച് വർഷങ്ങൾക്ക് മുൻപ് പെരിയാർ കടുവ സംരക്ഷണ കേന്ദ്രത്തിലെ ഒരു ഒരു കുന്നിൽ ചരിവിൽ നിൽക്കുമ്പോഴാണ് മനുഷ്യ പരിശ്രമത്തിന്റേയും നിശ്ചയ ദാർഢ്യത്തിന്റേയും ഉദാഹരണമായ എഞ്ചിനീയറിംഗ് അത്ഭുതം മുല്ലപ്പെരിയാർ ഡാം കണ്ടത്. ജോൺ പെനിക്വിക്ക് എന്ന ബ്രിട്ടീഷുകാരനോട് നമ്മൾ കടപ്പെട്ടിരിക്കുന്നു. അത്ഭുതവും അവിശ്വാസവും കൂടിച്ചേർന്ന ഒരു വികാരത്തോടെയല്ലാതെ പ്രകൃതിയും മനുഷ്യരുമുയർത്തിയ ഒട്ടേറെ വെല്ലുവിളികളെ മറികടന്ന ആ മനുഷ്യന്റെ ഇച്ഛാശക്തിയെ സ്മരിക്കാനാവില്ല. ബ്രിട്ടനിൽ നിന്നും പെന്നിക്വിക്ക് ഡാം നിർമ്മാണത്തിനാവശ്യമായ ഉപകരണങ്ങളെല്ലാം കപ്പൽ മാർഗം തൂത്തുകുടിയിൽ എത്തിക്കുകയായിരുന്നു. അവിടെ നിന്നും ട്രെയിനിൽ വട്ടളകുണ്ടിലേക്കും പിന്നീട് കാളവണ്ടികളിൽ 100 മൈൽ അകലെയുള്ള ഡാം നിർമ്മാണസ്ഥലത്തേക്കും. എന്നാൽ മലയടിവാരത്ത് നിന്ന് ഡാം സൈറ്റിലേക്ക് ഏതാനും കിലോമീറ്റർ നീളമുള്ള മൺറോഡ് നിർമ്മിക്കാനുള്ള ശ്രമം പരാജയപ്പെടുകയാണുണ്ടായത്. തന്‍റെ എഞ്ചിനീയറിംഗ് വൈദഗ്ധ്യം കൊണ്ട് കമ്പം താഴ്‌വാരയിൽ നിന്ന് 16000 അടി നീളമുള്ള ഒരു റോപ് വേ നിർമ്മിച്ചാണ് പെന്നിക്വിക്ക് ഈ പ്രശ്നത്തെ മറികടന്നത്. (ഈ റോപ് വെ പിന്നീട് തേയിലചാക്കുകൾ കൊണ്ടുപോകാനായി മൂന്നാർ ടോപ്സ്റ്റേഷനിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു).
രണ്ട് വർഷത്തെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് ശേഷം ഡാം നിർമ്മാണം ആരംഭിച്ചു. തമിഴ്നാട്ടിലേക്ക് വെള്ളം തിരിച്ചു വിടാനുള്ള ടണലിന്റെ നിർമ്മാണവും ഇതിനൊപ്പം തന്നെ ആരംഭിച്ചിരുന്നു. എന്നാൽ തടസ്സങ്ങൾ ഒന്നിന് പിറകെ ഒന്നായി രൂപപ്പെട്ടു കൊണ്ടേയിരുന്നു. മലേറിയ ബാധിച്ച് തൊഴിലാളികളുടെ നല്ലൊരു ശതമാനവും മരണപ്പെട്ടു. തുടർന്ന് വന്ന വടക്കു കിഴക്കൻ മൺസൂൺ നിർമ്മാണത്തിലിരിക്കുന്ന ഡാമിനേയും റോപ് വേ നിയന്ത്രിച്ചിരുന്ന യന്ത്രങ്ങളെയും ഒഴുക്കികൊണ്ടുപോയി. വൻ സാമ്പത്തിക നഷ്ടം സംഭവിച്ചതിനെ തുടർന്ന് ബ്രിട്ടീഷ് സർക്കാർ ഡാം നിർമ്മാണം നിർത്തിവെക്കാൻ പെന്നിക്വിക്കിനോട് ആവശ്യപ്പെട്ടു. നിരാശനായ പെന്നിക്വിക്ക് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. എന്നാൽ അയാൾ തന്‍റെ സ്വപ്ന പദ്ധതി ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. തന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളെല്ലാം വിറ്റ് അയാൾ പണം കണ്ടെത്തി.
ഇന്ത്യയിലേക്ക് തിരിച്ചു വരികയും ഡാം നിർമ്മാണം പുനരാരംഭിക്കുകയും ചെയ്തു. ബംഗാളിൽ നിന്നും കന്യാകുമാരിയിൽ നിന്നും തൊഴിലാളികളെയുമെത്തിച്ചു. 1895 സെപ്റ്റംബർ 11 ന് തമിഴ്നാട്ടിലെ കൃഷിയിടങ്ങളിലേക്ക് മുല്ലപ്പെരിയാർ ഡാമിൽ നിന്നും വെള്ളമൊഴുകിത്തുടങ്ങി. ഒക്ടോബർ 10 ന് ഗവർണർ മദ്രാസിൽ വെച്ച് ഔദ്യോഗികമായി അണക്കെട്ട് ഉത്ഘാടനം ചെയ്തു. തന്റെ വിലമതിക്കാനാവാത്ത പ്രയത്നങ്ങൾക്ക് പെന്നിക്വിക്ക് ആദരിക്കപ്പെട്ടു. 1903ൽ ബ്രിട്ടനിലേക്ക് തിരിച്ചുപോയ പെന്നിക്വിക്ക് പിന്നീട് ഒരു എഞ്ചിനീയറിങ് കോളേജിന്‍റെ പ്രസിഡന്‍റ്ഷിപ്പ് പദവി ഏറ്റെടുത്തു. കമ്പം താഴ്വരയിലെ എത്രയോ തലമുറകളെ വരൾച്ചയിൽ നിന്നും രക്ഷിച്ച പെന്നിക്വിക്ക് തന്റെ എഴുപതാം വയസ്സിൽ 1911 മാർച്ച് 9 ന് അന്തരിച്ചു.
പെരിയാറിന്റെ ചരിത്രം
1902 ഒക്ടോബർ 2ന് തിരുവിതാംകൂർ സന്ദർശിച്ച മദ്രാസ് ഗവർണർ ആംപ്റ്റ്ഹിൽ പ്രഭുവിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും നൽകിയ വിരുന്നിനിടെ അന്നത്തെ തിരുവിതാംകൂർ രാജാവ് ശ്രീമൂലം തിരുനാൾ രാമവർമ്മയുമൊന്നിച്ച് ഫോട്ടോകൾ എടുത്തിരുന്നു. അന്ന് ഗവർണർ 11 ദിവസമാണ് പീരുമേട്ടിലും പെരിയാറിലും വേട്ടയ്ക്കായി ചിലവഴിച്ചത്. 1902 ഒക്ടോബർ ആദ്യ വാരം കുമളിയിൽ എത്തിയ ഗവർണറും സംഘവും മുല്ലപ്പെരിയാർ ഡാം സന്ദർശിക്കുകയും അവിടെ നടന്നു വന്നിരുന്ന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഡാമിന് സമീപമുള്ള കുന്നുകളിൽ വേട്ടയ്ക്ക് പോയ സംഘം ഒരു കാട്ടുപോത്തിനെ വെടിവെച്ചിട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന് ശേഷം മ്ലാപ്പാറയിലേക്ക് പോയ ഗവർണർ ഇവിടെ വെച്ചാണ് ഒരു കൊമ്പനേയും സാംബർ ഇനത്തിൽ പെട്ട മാനിനെയും വരയാടിനെയും വേട്ടയാടിയത്.
പെരിയാറിലെ ആദ്യ റേഞ്ചർ ആയിരുന്ന A W Wood ഒരു ആംഗ്ലോ ഇന്ത്യൻ ആയിരുന്നു. ഇന്നത്തെ കുമളിയിലെ അമ്പാടി ജംഗ്ഷന് സമീപമാണ് അയാളന്ന് താമസിച്ചിരുന്നത്. ജനങ്ങൾക്ക് വളരെ പ്രിയങ്കരനായിരുന്ന വുഡ്‌സിനെ അവർ സ്നേഹപൂർവ്വം വുഡ് സായ്‌പ്പ് എന്നാണ് വിളിച്ചിരുന്നത്. ഈസ്റ്ററിന് നാട്ടുകാരായ കുട്ടികൾക്ക് അയാൾ വിരുന്നു നൽകാറുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി ചെയ്തിരുന്ന അന്നാട്ടുകാരനായ എന്‍റെയൊരു സുഹൃത്ത് താൻ ആദ്യമായി ഒരു കേക്കിന്റെ രുചിയറിഞ്ഞത് വുഡ് സായിപ്പിന്റെ വീട്ടിൽ വെച്ചാണെന്ന കാര്യം സ്നേഹത്തോടെ പങ്കു വെച്ചത് ഞാൻ ഓർക്കുന്നു. മികച്ചൊരു വേട്ടക്കാരൻ എന്നതിനേക്കാൾ വുഡ് അറിയപ്പെട്ടത് അദ്ദേഹത്തിന്റെ കൺസർവേഷൻ ശ്രമങ്ങളുടെ പേരിലായിരുന്നു. കൂടാതെ അദ്ദേഹം മികച്ചൊരു ഗൈഡ് കൂടിയായിരുന്നു. അക്കാലത്ത് പെരിയാർ സന്ദർശിച്ച പ്രശസ്ത പരിസ്ഥിതി സംരക്ഷകനായിരുന്ന ഇ.പി ഗീ വുഡ്‌സിന്‍റെ കാടറിവുകളെപ്പറ്റി തന്റെ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
1948ൽ വുഡ്‌സിന്റെ കീഴിൽ പരിശീലനം നേടിയ ടി.പി ജോർജ്ജ് പെരിയാർ വന്യജീവി സാങ്കേതത്തിന്‍റെ ചുമതല ഏറ്റെടുത്തു. 1950 ൽ കൂടുതൽ വന മേഖലകൾ ചേർത്തതോടെ പെരിയാർ റിസർവിന്‍റെ വിസ്തീർണ്ണം 777 ചതുരശ്ര കിലോമീറ്ററായി മാറി. പെരിയാറിന്‍റെ പ്രശസ്തി ഇതോടെ വ്യാപിക്കാൻ തുടങ്ങി. 1952 ൽ നെഹ്‌റുവും മകൾ ഇന്ദിരയും രണ്ട് ദിവസത്തെ സന്ദർശനത്തിനായി പെരിയാറിലെത്തിയിരുന്നു. 1950 കളിലൂടെ ആദ്യത്തോടെ തന്നെ പെരിയാർ റിസർവ്വിൽ തോക്കുകൾ ക്യാമറകൾക്കും ലെൻസുകൾക്കും വഴി മാറിയിരുന്നു. ഇ.പി.ജി പെരിയാർ റിസർവ്വ് അടക്കമുള്ള രാജ്യത്തെ കാടുകളുടെ നടത്തിയ യാത്രകളിൽ പകർത്തിയ ചിത്രങ്ങൾ 1964 ൽ ' The Wildlife of India ' എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ജവാഹർലാൽ നെഹ്‌റുവിന്റെ ആമുഖത്തോടെ പുറത്തിറങ്ങിയ ഈ പുസ്തകം ഇന്ത്യയിലെ കാടുകളെക്കുറിച്ചുള്ള ഒരു ആധികാരിക രേഖയാണ്.
1950ലാണ് EP Gee ആദ്യമായി പെരിയാർ സന്ദർശിച്ചത്. അദ്ദേഹം ക്യാമറയിൽ പകർത്തിയ ചിത്രങ്ങളിൽ രണ്ട് പുള്ളിമാനുകൾ പതിഞ്ഞിരുന്നു. എന്നാൽ ആ ചിത്രങ്ങൾ എടുത്ത തീയ്യതി കൃത്യമായി രേഖപ്പെടുത്തിയിരുന്നില്ല. അക്കാലത്തെ ഒരു ഔദ്യോഗിക രേഖ പ്രകാരം 1936ൽ 18 പുള്ളിമാനുകളെ തിരുവനന്തപുരം മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന് പെരിയാറിലെ ഒരു തുരുത്തിൽ തുറന്നു വിട്ടിരുന്നു. മാനുകളുടെ എണ്ണം പിന്നീട് വർദ്ധിച്ചെങ്കിലും കുറച്ച് കാലത്തിന് ശേഷം അവ അപ്രത്യക്ഷമാവുകയായിരുന്നു. 1945-48 കാലത്ത് ഇടപ്പാളയത്ത് പുള്ളിമാൻ, മയിൽ, മസ്കോവി ഡക്ക് എന്നിവയ്ക്കായി ഒരു നഴ്സറി ആരംഭിക്കുകയുണ്ടായി. എന്നാൽ ഈ ശ്രമവും വിജയിച്ചില്ല. 1950-61 കാലത്ത് EP Gee നിരവധി തവണ പെരിയാർ സന്ദർശിച്ചതായി പറയുന്നുണ്ട്. ഇക്കാലയളവിൽ ആയിരിക്കണം അദ്ദേഹത്തിന്‍റെ ക്യാമറയിൽ പുള്ളിമാനുകൾ പതിഞ്ഞത്.
(തുടരും..)