TMJ
searchnav-menu
post-thumbnail

keraleeyam 2023 Food Festival

ഗോത്രവിഭാഗത്തിന്റെ തനത് രുചിയുമായി എത്‌നിക് ഫുഡ് ഫെസ്റ്റ്

04 Nov 2023   |   1 min Read

കേരളത്തിലെ ഗോത്രവിഭാഗങ്ങളുടെ തനത് ഭക്ഷണ സംസ്‌കാരവുമായി യൂണിവേഴ്സിറ്റി കോളേജില്‍ ഒരുക്കിയ എത്നിക് ഫുഡ് ഫെസ്റ്റിവല്‍ ശ്രദ്ധേയമാകുന്നു. ഉള്‍വനത്തില്‍നിന്നു ശേഖരിച്ച പഴങ്ങള്‍, കിഴങ്ങുകള്‍, ധാന്യങ്ങള്‍, ഇല, പൂവ്, കൂണുകള്‍ തുടങ്ങിയ സസ്യവര്‍ഗങ്ങള്‍ ഉപയോഗിച്ചാണ് വിഭവങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നെടുവന്‍ കിഴങ്ങ്, മുളക് കഞ്ഞി, കവലാന്‍ കിഴങ്ങ് പായസം, പുഴുക്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. 

അട്ടപ്പാടിയില്‍ നിന്നുള്ള 108 സസ്യങ്ങള്‍ ഉപയോഗിച്ച് തയ്യാറാക്കിയ മരുന്ന് കാപ്പി, ചാമയരി പായസം, റാഗി പഴംപൊരി, റാഗി പക്കാവട, ഇലയട എന്നിവയും മിതമായ നിരക്കില്‍ ലഭ്യമാണ്. അട്ടപ്പാടിയില്‍ നിന്നുള്ള തേന്‍, മുളയരി, കുന്തിരിക്കം എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. ഊരാളി ആദിവാസി വിഭാഗങ്ങളുടെ തനതുവിഭവമായ മത്തങ്ങ ചോറും എലുപ്പാഞ്ചേരി തോരനും പുതുമയുടെ വ്യത്യസ്തതയാണ് ഒരുക്കുന്നത്. 

തേന്‍ നെല്ലിക്ക, തേന്‍ കാന്താരി, തേന്‍ വെളുത്തുള്ളി, തേന്‍ മാങ്ങായിഞ്ചി, തേന്‍ ഡ്രൈ ഫ്രൂട്ട്സ്, തേന്‍ നെല്ലിക്ക സിറപ്പ്, തേന്‍ മുന്തിരി, വയനാട്ടില്‍ നിന്നുള്ള കൊല്ലിപ്പുട്ട്, കാരകുണ്ഡപ്പം, കാച്ചില്‍, ചേമ്പ്, നിലമ്പൂരിലെ പാലക്കയത്തു നിന്നുള്ള നൂറാന്‍, കവല എന്നീ കിഴങ്ങുകള്‍ ഉപയോഗിച്ചുള്ള അട, ഇലക്കറികള്‍, പച്ചമരുന്ന് കാപ്പി എന്നിങ്ങനെ വ്യത്യസ്തമായ വിഭവങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ഗോത്രവര്‍ഗ സമൂഹത്തിന്റെ പല രുചിക്കൂട്ടുകളും പാചക വിധികളും അന്യംനിന്നു പോകുന്ന സാഹചര്യത്തില്‍ കാടിന്റെ തനതുരുചി നഷ്ടപ്പെടാതെ തിരിച്ചുപിടിക്കുകയാണ് കേരളീയം എത്‌നിക് ഫുഡ് ഫെസ്റ്റിന്റെ ലക്ഷ്യം.

#Keraleeyam 2023
Leave a comment