ആല്‍ബർട്ട് വുഡ്‌ഫോക്സ്: ഏകാന്ത തടവില്‍ ഏറ്റവുമധികം കാലം കഴിഞ്ഞ വ്യക്തി
ആല്‍ബർട്ട് വുഡ്ഫോക്സ് ജീവിതത്തില്‍ നിന്നും വിടവാങ്ങി. ആരാണ് വുഡ്‌ഫോക്സ് എന്ന ചോദ്യം സ്വാഭാവികം. ഭൂമിയില്‍ ഒരുപക്ഷെ ഏറ്റവുമധികം കാലം ഏകാന്ത തടവ് അനുഭവിച്ച വ്യക്തിയെന്ന് പറയുന്നതാവും എളുപ്പം. 43 വര്‍ഷം. ദിവസത്തില്‍ 24 മണിക്കൂറും എകാന്ത തടവില്‍, 43 വര്‍ഷം പിന്നിട്ട തടവുകാരന്‍ ഒരു പക്ഷെ വേറെയുണ്ടാവില്ല. 1965ല്‍ അമേരിക്കയിലെ ലൂയിസാന പ്രവിശ്യയില്‍ ആദ്യമായി ജയിലിലെത്തുമ്പോള്‍ വുഡ്‌ഫോക്‌സിന് പ്രായം 18 വയസ്സായിരുന്നു. ആയുധമേന്തിയ മോഷണശ്രമമായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. ഇക്കഴിഞ്ഞ ആഗസ്റ്റ് 5ന് കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മരണമടയുമ്പോള്‍ അദ്ദേഹത്തിന് 75 വയസ്സായിരുന്നു. ജയില്‍ ജീവിതത്തെ, കൂടുതല്‍ കടുത്ത കുറ്റവാളിയാകുന്നതിന് പകരം രാഷ്ട്രീയ ബോധ്യങ്ങള്‍ക്കും, പഠനങ്ങള്‍ക്കും, പുതിയ കണ്ടെത്തലുകള്‍ക്കുമുള്ള അവസരമാക്കി മാറ്റിയതോടെ വുഡ്‌ഫോക്‌സ് അധികൃതരുടെ കണ്ണിലെ കരടായി. അമേരിക്കന്‍ നീതിന്യായ സംവിധാനത്തിന്റെ കൂടപ്പിറപ്പാണ് വംശീയത. അത് കറുത്തവര്‍ഗ്ഗക്കാരെ നിരന്തരം വേട്ടയാടുന്നതിന്റെ ലക്ഷണമൊത്ത ഇരയായിരുന്നു വുഡ്‌ഫോക്സ്.
ഒരു ജയില്‍ ഉദ്യോഗസ്ഥന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സുഹൃത്തായ ഹെര്‍മാന്‍ വാലസിനൊപ്പം 1972ല്‍ വുഡ്‌ഫോക്‌സിനെ പ്രതിയാക്കി. അംഗോള എന്നു പേരുള്ള പഴയൊരു പ്ലാന്റേഷനിലായിരുന്നു അവരെ പാര്‍പ്പിച്ച ജയില്‍ നിലനിന്നിരുന്നത്. അതിനാല്‍ വുഡ്‌ഫോക്‌സും, വാലസും മറ്റൊരു ജയില്‍ പുള്ളിയായ റോബര്‍ട്ട് കിംഗും അംഗോള-ത്രീ എന്ന പേരില്‍ അറിയപ്പെട്ടു. അമേരിക്കയില്‍ നടമാടുന്ന കുപ്രസിദ്ധമായ വംശീയതയുടെ ഇരകളായിരുന്നു അംഗോള-ത്രീ അംഗങ്ങള്‍.
പതിമൂന്ന് ദിവസത്തിലധികം നീളുന്ന ഏകാന്ത തടവ്, പീഢനവും (ടോര്‍ച്ചര്‍) അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനവുമാണെന്ന മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക പ്രതിനിധിയുടെ ഉത്തരവെല്ലാം പ്രാബല്യത്തിലുള്ളപ്പോഴാണ് 43 വര്‍ഷം വുഡ്‌ഫോക്‌സ് ഏകാന്ത തടവില്‍ കഴിഞ്ഞത്. 13 ദിവസവും 43 വര്‍ഷവും തമ്മിലുള്ള അന്തരത്തെ വിലയിരുത്തേണ്ട ഭാഷ ഒരുപക്ഷെ ഇനിയും രൂപപ്പെടേണ്ടിയിരിക്കുന്നു.
വുഡ്‌ഫോക്സ് എങ്ങനെയാണ് തന്റെ അവസ്ഥയെ അതിജീവിച്ചത്? കറുത്ത വര്‍ഗ്ഗക്കാരുടെ വിപ്ലവകരമായ മോചനത്തിനായി ഉയര്‍ന്നു വന്ന ബ്ലാക് പാന്തര്‍ പാര്‍ട്ടിയുടെ പാഠങ്ങള്‍, ഫ്രാന്റ്‌സ് ഫാനണ്‍, മാല്‍ക്കം എക്‌സ്, മാര്‍ക്കസ് ഗാര്‍വേ തുടങ്ങിയവരുടെ രചനകളുടെ വായന എന്നിവയായിരുന്നു അതിജീവനത്തിനുള്ള ചില പോംവഴികള്‍. അറിവ് നേടാനും, നല്‍കാനമുള്ള ഉപാധിയാക്കി തടങ്കല്‍ പാളയെത്ത മാറ്റുന്നതിനുള്ള ഇച്ഛാശക്തിയായിരുന്നു അതിനേക്കാള്‍ പ്രധാനം. കറുത്തവരുടെ ചരിത്രത്തില്‍ മാത്രമല്ല, ഗണിത ശാസ്ത്രം, സ്‌പെല്ലിംഗ് ബീസ് എന്നിവയില്‍ ഒരോ ദിവസവും ദശകങ്ങളോളം തുടർന്ന ക്വിസ് വുഡ്‌ഫോക്‌സിനെ അതിജീവിക്കുവാന്‍ സഹായിച്ചു. 'മരണത്തിന്റെ അറകളായിരുന്നു ഞങ്ങളുടെ സെല്ലുകള്‍. ഞങ്ങള്‍ അതിനെ സ്‌കൂളാക്കി മാറ്റി. സംവാദ സ്ഥലമാക്കി', 2016ല്‍ ജയില്‍ മോചിതനായ ശേഷം നല്‍കിയ ഒരഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. മനസ്സിനെ സജീവമാക്കി നിലനിര്‍ത്തിയതിലൂടെ മനോവിഭ്രാന്തിയെന്ന മാരണത്തില്‍ നിന്നും രക്ഷ നേടാനായി.
ദീര്‍ഘകാലം നീണ്ടുനിന്ന കഠിനമായ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍ 2016ല്‍ വുഡ്‌ഫോക്സ് ജയില്‍ മോചിതനായി. ജീവിതത്തിന്റെ അവസാനത്തെ ആറു വര്‍ഷത്തെ സ്വതന്ത്ര ജീവിതത്തില്‍ അദ്ദേഹം സോളിറ്ററി എന്ന പേരില്‍ ആത്മകഥ രചിക്കുകയും ലോകമാകെയുള്ള വിവിധ കോളേജുകളില്‍ തന്റെ ജയില്‍ ജീവിതത്തെ പറ്റി പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ഇക്കാലയളവില്‍ അമ്മയെപ്പറ്റി അദ്ദേഹം ധാരാളം ചിന്തിച്ചിരുന്നു. അമ്മയായിരുന്നു തന്റെ കരുത്തിന്റെ ഉറവിടം എന്നായിരുന്നു അദ്ദേഹത്തിന്റെ ബോധ്യം. 'ഏറ്റവും കഠിനമായ വിഷമഘട്ടത്തിലും പരാജയത്തിന്റെ ലാഞ്ചന അമ്മയുടെ മുഖദാവില്‍ ഞാന്‍ ഒരിക്കലും കണ്ടിരുന്നില്ല. അമ്മയുടെ വിവേകത്തില്‍ വളര്‍ന്ന ഞാന്‍ അത് ഉള്ളില്‍ പേറുന്നു', ഒരിക്കല്‍ അദ്ദേഹമെഴുതി.
ഏകാന്ത തടവിന് പുറമെ മര്‍ദ്ദനവും, ഗാസ്സിംഗ് അടക്കമുള്ള പീഢനങ്ങളും അദ്ദേഹത്തിനും സഹതടവുകാര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നു. ബ്ലാക്ക് പാന്തര്‍ പാര്‍ട്ടിയുടെ രാഷ്ട്രീയത്തിനും ആശയങ്ങള്‍ക്കും അനുസൃതമായി തടവറക്കുള്ളില്‍ ജീവിച്ചതാണ് അധികൃതര്‍ക്ക് സഹിക്കാന്‍ കഴിയാതിരുന്നത്. അംഗോള-ത്രീ നേരിട്ട ദുരനുഭങ്ങള്‍ക്ക് കാരണം അവരുടെ രാഷ്ട്രീയമായിരുന്നുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. 2019ല്‍ പ്രസിദ്ധീകരിച്ച വുഡ്‌ഫോക്സിന്റെ ആത്മകഥയായ 'സോളിറ്ററി' അക്കൊല്ലത്തെ പുലിറ്റ്‌സര്‍ പ്രൈസിന്റെയും, നാഷണല്‍ ബുക്ക് അവാര്‍ഡിന്റെയും ഫൈനലുകളില്‍ സ്ഥാനം പിടിച്ചിരുന്നു.
കുറിപ്പ്:
38 വര്‍ഷമായി അമേരിക്കയില്‍ തടവറയില്‍ കഴിയുന്ന മുമിയ അബു ജമാല്‍ വുഡ്‌ഫോക്‌സിനെ അനുസ്മരിച്ച് നടത്തിയ റേഡിയോ പ്രഭാഷണത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലേഖനം. 38 വര്‍ഷത്തെ തടങ്കലില്‍ 28 വര്‍ഷം മുമിയയും ഏകാന്ത തടവിലായിരുന്നു. അതും മരണശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ സെല്ലില്‍. മുമിയയുടെ വിചാരണയും ശിക്ഷയും നിയമവിരുദ്ധമാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍ അടക്കമുള്ള സംഘടനകളും നെല്‍സണ്‍ മണ്ഡേല, ടോണി മോറിസണ്‍, ടെസ്‌മെണ്ട് ടുടു തുടങ്ങിയ വ്യക്തികളും ദശകങ്ങള്‍ക്ക് മുമ്പ് അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും ഇപ്പോഴും അദ്ദേഹം ജയിലിലാണ്. അമേരിക്കയിലെ 'പുരോഗമന-ലിബറല്‍' മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതിനാല്‍ മലയാളത്തിലടക്കം ഈ പേരുകള്‍ അപരിചിതമായി തുടരുന്നു.