TMJ
searchnav-menu
post-thumbnail

Caste Kerala

‘അരാഷ്ട്രീയമല്ലാത്ത പൗരമുന്നേറ്റങ്ങളിലാണ് പ്രതീക്ഷ’

01 Dec 2021   |   1 min Read
K P Sethunath

Photo :Wiki Commons

കേരളത്തിന്റെ സാംസ്‌ക്കാരിക ജീവിതത്തില്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലധികമായി നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമാണ് സച്ചിദാനന്ദന്‍. മലയാളത്തിലെ ഏറ്റവും ശ്രേഷ്ഠരായ കവികളില്‍ ഒരാളെന്ന നിലയിലാണ് പ്രാഥമിക വ്യക്തിത്വമെങ്കിലും സാംസ്‌ക്കാരിക ജീവിതത്തിന്റെ സര്‍വ്വതലങ്ങളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മറ്റൊരാള്‍ ഒരു പക്ഷെ കേരളത്തിലുണ്ടാവില്ല. സാംസ്‌ക്കാരിക പഠനം, വിമര്‍ശനം, വിവര്‍ത്തനം, കലയുടെയും, സാഹിത്യത്തിന്റെയും മണ്ഡലങ്ങളില്‍ ദേശീയവും, അന്തര്‍ദേശീയവുമായ ധാരകളുമായുള്ള നിരന്തര സഹവര്‍ത്തിത്വം, എല്ലാ വിധത്തിലുമുള്ള സര്‍വ്വാധിപത്യങ്ങളോടുള്ള സന്ധിയില്ലാത്ത സമരം - ഇങ്ങനെ ഏതു മേഖലയെടുത്താലും സച്ചിദാനന്ദന്റെ സാന്നിദ്ധ്യം വേറിട്ടു നില്‍ക്കുന്നു. മലബാര്‍ ജേണലിന്റെ പുതിയ പതിപ്പിന്റെ പ്രധാന ഉള്ളടക്കമായ ‘ജാതി കേരളം’ എന്ന പ്രമേയത്തിന് തുടക്കമിടാന്‍ സച്ചിദാനന്ദന്‍ മാഷിനെ ലഭ്യമായതില്‍ ഞങ്ങള്‍ കൃതാര്‍ത്ഥരാണ്. എഴുത്തുകാരനും, വ്യക്തിയുമെന്ന നിലയില്‍ സാമൂഹ്യ-സാംസ്‌ക്കാരിക ജീവിതത്തിന്റെ മണ്ഡലത്തില്‍ ഒളിഞ്ഞും, തെളിഞ്ഞും ജാതി പ്രവര്‍ത്തിക്കുന്നതിന്റെ രീതി അദ്ദേഹം വിശദീകരിക്കുന്നു.

കെ പി സേതുനാഥ് : ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതയായ ജാതി സാഹിത്യത്തിന്റെയും, കലയുടെയും മണ്ഡലങ്ങളില്‍ ഏതെല്ലാം നിലകളിലാണ് അനുഭവവേദ്യമാകുന്നത്. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ വൈവിധ്യങ്ങളായ സാഹിത്യത്തിലും കലയിലും അസാധാരണമായ അവഗാഹമുള്ള മലയാളി എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമെന്ന നിലയില്‍ ഈ വിഷയത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

കെ സച്ചിദാനന്ദന്‍ : ജാതിയും വര്‍ണ്ണ/വംശവും വര്‍ഗ്ഗവും കൂടിപ്പിണഞ്ഞു കിടക്കുന്ന സംവര്‍ഗ്ഗങ്ങളാണ്. എന്നാല്‍ ഓരോന്നിനും അതിന്റെ സവിശേഷതയുമുണ്ട്. സമൂഹത്തിലെ മൂന്നു തരം ശ്രേണീക്രമങ്ങളെ അവ പ്രതിനിധാനം ചെയ്യുന്നു. (ലിംഗമാണ് മറ്റൊന്ന്) ആദ്യത്തേതില്‍ തൊഴില്‍ പ്രധാനമാണ്, ഒപ്പം അത് ഒരു സ്ഥലപരവും സ്പര്‍ശപരവുമായ പ്രത്യയശാസ്ത്രവുമാണ്. പ്രിയ സുഹൃത്തായിരുന്ന അനികേത് ജവാരെ മരിക്കും മുന്‍പ് എഴുതിയ’ ‘TOUCH’ എന്ന പുസ്തകം ജാതിസംവിധാനത്തില്‍ സ്പര്‍ശത്തിന്റെ കേന്ദ്രപ്രാധാന്യം എടുത്തു കാട്ടുന്നുണ്ട്.ഒപ്പം അയിത്തം മുതലായ സാമൂഹ്യപ്രയോഗങ്ങളില്‍ അകലം ഒരു പ്രധാന ഘടകമാണ്. അതായിരുന്നു കേരളത്തില്‍ തന്നെ ജാതിയുടെ ശ്രേണി നിശ്ചയിച്ചിരുന്നത്. കൂട്ടിത്തൊടാവുന്നവര്‍, പല പല അകലങ്ങളില്‍ നില്‍ക്കേണ്ടവര്‍, ഒന്നിച്ച് ഭക്ഷണം കഴിക്കാവുന്നവര്‍, മാറിയിരുന്നു കഴിക്കേണ്ടവര്‍, സ്വര്‍ണ്ണം ഉപയോഗിക്കാവുന്നവര്‍, കല്ലുമാല മാത്രം അണിയേണ്ടവര്‍, മാറു മറയ്ക്കാന്‍ അവകാശമുള്ളവര്‍, ഇല്ലാത്തവര്‍, വീട് ഓടിടാവുന്നവര്‍, ഓലയോ പുല്ലോ കൊണ്ട് മേല്‍ക്കൂര ഉണ്ടാക്കേണ്ടവര്‍, അന്യോന്യം വിവാഹം കഴിക്കാവുന്നവര്‍, പാടില്ലാത്തവര്‍ ഇങ്ങനെ വസ്ത്രം, ഭക്ഷണം , വീട്, കുടുംബം - ഇവ ഉള്‍പ്പെടെ എല്ലാത്തിനെയും സ്പര്‍ശിക്കുന്ന ഒന്നായിരുന്നു ജാതി. പി കെ ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിട്ടുള്ള പോലെ ജാതിയെക്കാള്‍ പലപ്പോഴും പ്രധാനമായിരുന്നു ഉപജാതികള്‍. ബ്രാഹ്മണര്‍ ഒഴികെയുള്ള എല്ലാവര്‍ക്കും മീതേ ഒരു ജാതി ഉണ്ടായിരുന്നു പക്ഷെ കീഴെയും ഉണ്ടായിരുന്നു, അതാണ്‌ വ്യവസ്ഥയെ നില നിര്‍ത്തിയ പ്രധാന ഘടകം. ആദിവാസികള്‍ക്കിടയില്‍ കൂടി ഇത്തരം വിഭജനങ്ങള്‍ ഉണ്ട്. നിറം ഇവിടെ പലപ്പോഴും ഒരു ഘടകമാണെങ്കിലും, ആഫ്രിക്കയിലോ അമേരിക്കയിലോ എന്ന പോലെ നിര്‍ണ്ണായക ഘടകമല്ല, കാരണം ‘’സവര്‍ണ്ണ”രിലും കറുത്ത തൊലിയുള്ളവര്‍ ഉണ്ടല്ലോ.

അങ്ങിനെ സര്‍വ്വസ്പര്‍ശിയായ ഒരു സ്ഥാപനത്തിന് കലാ-സാഹിത്യങ്ങളില്‍ പ്രതിഫലിക്കാതെ വയ്യ.. അത് ആദ്യം പ്രത്യക്ഷമായത് വാമൊഴിസ്സാഹിത്യവും വരമൊഴിസാഹിത്യവും ആയാണ്,അഥവാ പാടുകയും പറയുകയും ചെയ്യുന്ന സാഹിത്യവും എഴുതപ്പെടുന്ന സാഹിത്യവും. വളരെക്കാലം ആദ്യവിഭാഗം സാഹിത്യമായിത്തന്നെ ഗണിക്കപ്പെട്ടിരുന്നില്ല. വേദാദികളും ആദ്യം വാമൊഴി ആയിരുന്നു എന്നത് വേറൊരു കാര്യം. പക്ഷെ അവയുടെ ഉത്പത്തി, പ്രഭവം, പ്രധാനമായിരുന്നു. ജെര്‍മന്‍കാരും ഇംഗ്ലീഷുകാരും മറ്റും ആദ്യം രചിച്ച ഇന്ത്യന്‍ സാഹിത്യ ചരിത്രത്തില്‍ വാമൊഴിസാഹിത്യം പരാമര്‍ശിക്കപ്പെടുന്നതു പോലുമില്ല. ആദ്യത്തെ ഇന്ത്യന്‍ സാഹിത്യ ചരിത്രങ്ങള്‍ സംസ്കൃത സാഹിത്യ ചരിത്രങ്ങള്‍ ആണ്, ചിലവ പാലിയും പ്രകൃതവും അപഭ്രംശവും ഒന്ന് സ്പര്‍ശിച്ചു പോകും എന്ന് മാത്രം. വാസ്തവത്തില്‍ നമ്മുടെ ഇതിഹാസങ്ങള്‍, പഞ്ചതന്ത്രം, ബൃഹത് കഥ, ബൃഹത് കഥാ മഞ്ജരി, തുടങ്ങിയവയെല്ലാം ആരംഭിച്ചത് വാമൊഴിയായി പ്രചരിച്ചിരുന്ന ജന്തുകഥകളിലും വംശഗാഥകളിലും നിന്നാണ്, പെട്ടെന്ന് ‘പ്രതിഭാധനരായ’ ചിലര്‍ എഴുതിയതല്ല. മഹാഭാരതം പോലെ ഒരു ഇതിഹാസം, പുരു-കുരു-യദു വംശകഥകള്‍ കൂട്ടിക്കൂട്ടി സ്വരൂപിച്ചു പല കാലങ്ങളിലൂടെ വികസിച്ചതാണ്; ‘വ്യാസന്‍’ എന്നത് അത് രചിച്ചവര്‍ക്കുള്ള ഒരു സാമാന്യ നാമമാണ്. വേദങ്ങളും ഉപനിഷത്തുകളും സൃഷ്ടിച്ചതും ‘ഗോത്ര’ങ്ങള്‍ ( കാലികളെ സംരക്ഷിക്കുന്നവര്‍ എന്ന് പദാര്‍ത്ഥം ) ആദിവാസികള്‍ തന്നെ. പിന്നെ കൃഷിക്കാര്‍ നദീതടസംസ്കാരങ്ങള്‍ സൃഷ്ടിച്ചു.. ഇവ പലതിന്റെയും ‘ബ്രാഹ്മണീകരണ’ത്തിന്റെ അഥവാ ‘സംസ്കൃതവത്കരണ’ത്തിന്റെ കഥ എം എന്‍ ശ്രീനിവാസ് വിസ്തരിച്ചിട്ടുണ്ടല്ലോ. ഫോക് കലകളില്‍ നിന്ന് ക്ലാസ്സിക്കല്‍ കലകള്‍ ചിട്ടപ്പെടുത്തി ഉണ്ടാക്കിയ പോലെ തന്നെയാണ് ഫോക് സാഹിത്യത്തില്‍ നിന്ന് ലിഖിത സാഹിത്യവും ഉണ്ടായത്. നാടോടിസാഹിത്യം പലപ്പോഴും ‘താഴ്ന്ന’തായി ഗണിക്കപ്പെട്ട ജാതികളില്‍ നിന്ന് ഉണ്ടായത് കൊണ്ട് കൂടിയാകണം അത് വളരെക്കാലം സാഹിത്യ ചരിത്രത്തില്‍ തന്നെ തഴയപ്പെട്ടത്‌.

കെ പി സേതുനാഥ് : സവര്‍ണ്ണനും, അവര്‍ണ്ണനും ജാതി അനുഭവം ഒന്നല്ല. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം പ്രിവിലേജിന്റെ ചിഹ്നമായ ജാതി ഉപേക്ഷിക്കുകയെന്നു പറഞ്ഞാല്‍ താരതമ്യേന എളുപ്പമാണ്. പുരോഗമനപരമായ ഒരു സമീപനത്തിന്റെ, ജീവിതത്തിന്റെ മേലങ്കിയണിയുന്നതിനും അതുവഴി സാധ്യമാണ്. അതേസമയം അവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഹീനതകളുടെ മുഴുവന്‍ അടിത്തറയായ ജാതി ഉപേക്ഷിച്ചുവെന്നു പറഞ്ഞാല്‍ മാത്രം ഉപേക്ഷിക്കുവാന്‍ കഴിയുന്നതല്ല. തൂണിലും, തുരുമ്പിലും ഉണ്ടെന്നു പറയുന്ന ദൈവത്തെ പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം ജാതിയുടെ പീഢനം. സമാനതകളില്ലാത്ത ഒരു തരം സങ്കീര്‍ണ്ണതയാണ് ഈ സ്ഥിതിവിശേഷം. എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് ഈ വിഷയത്തെ അഭിമുഖീകരിയ്ക്കുന്നത്.

കെ സച്ചിദാനന്ദന്‍ : താങ്കളോട് യോജിക്കുന്നു. സവര്‍ണ്ണന്‍ ജാതിവാല്‍ കളയുന്നത് ഒരു പ്രതീകാത്മക ചേഷ്ട എന്ന നിലയില്‍ സ്വാഗതാര്‍ഹം തന്നെ. എന്നാല്‍ അതുകൊണ്ട് അയാളുടെ/അവളുടെ ആനുകൂല്യങ്ങള്‍ ഒന്നും നഷ്ടപ്പെടുന്നില്ല; അയാ(വ)ള്‍ ഉയര്‍ന്ന വര്‍ഗ്ഗത്തില്‍ പെടുന്ന വ്യക്തിയാണെങ്കില്‍ പറയാനുമില്ല. എന്നാല്‍ മറിച്ച് അവര്‍ണ്ണന്‍ വലിയ സ്ഥാനങ്ങളില്‍ സ്വപരിശ്രമം കൊണ്ടോ ധിഷണാബലം കൊണ്ടോ അന്യരുടെ സഹായം കൊണ്ടോ എത്തിപ്പെട്ടാലും അവര്‍ണ്ണത്വം മാഞ്ഞു പോകുന്നില്ല. അയാളുടെ പിറകില്‍ നിന്ന് ആരോ പരിഹസിക്കുന്നുണ്ട്, സംവരണം കൊണ്ടാണ് അവിടെ എത്തിയതെന്ന് ആരോ കുശുകുശുക്കുന്നുണ്ട്‌. ഓഫീസുകള്‍ മുതല്‍ കോളേജുകള്‍ വരെ ഞാന്‍ ഇത് കണ്ടിട്ടുണ്ട്. ഉത്തരേന്ത്യയില്‍ എത്തുമ്പോള്‍ സവര്‍ണ്ണന്‍ ആയാലും പോരാ, ബ്രാഹ്മണന്‍ ആകണം. ഇന്നും ഐ എ എസ് ഉദ്യോഗസ്ഥരില്‍ വലിയൊരു വിഭാഗം ബ്രാഹ്മണര്‍ ആണ് പൊതുവേ വലിയ ഉദ്യോഗങ്ങളില്‍ ഉള്ളവര്‍ തന്നെ എന്ന് പറയാം. ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി ആയപ്പോള്‍ അത് അത്ര വലിയ പദവിയൊന്നുമല്ല, ശമ്പളം കൊണ്ടോ അധികാരം കൊണ്ടോ, എന്നിട്ടും അക്കാദമിയിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു. ആധുനിക കേരളത്തില്‍ നിന്ന് പോയത് കൊണ്ട് ഞാന്‍ ബ്രാഹ്മണ മേധാവിത്തത്തെപ്പറ്റി അത്രയൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ഒരുദ്യോഗസ്ഥ ‘സാര്‍ ബ്രാഹ്മിന്‍ ആണല്ലോ അല്ലെ’, എന്ന് നേരിട്ടു ചോദിച്ചപ്പോഴാണ് ഞാന്‍ കണ്ടെത്തിയത്: എനിക്ക് മുന്‍പുണ്ടായിരുന്ന എല്ലാ അക്കാദമി സെക്രട്ടറിമാരും ബ്രാഹ്മണര്‍ ആയിരുന്നു! ഒട്ടു മുക്കാലും പ്രസിഡന്റുമാരും.

പെട്ടെന്ന് ‘പ്രതിഭാധനരായ’ ചിലര്‍ എഴുതിയതല്ല. മഹാഭാരതം പോലെ ഒരു ഇതിഹാസം, പുരു-കുരു-യദു വംശകഥകള്‍ കൂട്ടിക്കൂട്ടി സ്വരൂപിച്ചു പല കാലങ്ങളിലൂടെ വികസിച്ചതാണ്; ‘വ്യാസന്‍’ എന്നത് അത് രചിച്ചവര്‍ക്കുള്ള ഒരു സാമാന്യ നാമമാണ്. വേദങ്ങളും ഉപനിഷത്തുകളും സൃഷ്ടിച്ചതും ‘ഗോത്ര’ങ്ങള്‍ തന്നെ.

Photo : Prasoon Kiran

കെ പി സേതുനാഥ് : മാനവികതയെ കുറിച്ചുള്ള എഴുത്തിന്റെ അല്ലെങ്കില്‍ കലയുടെ പ്രപഞ്ചവീക്ഷണവും (യൂണിവേഴ്സല്‍) ജാതി, വംശം, സ്ത്രീ തുടങ്ങിയ സവിശേഷതകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അവഗണിക്കാനാവാത്ത ഗണങ്ങളാണെന്ന വീക്ഷണം ഇപ്പോള്‍ വ്യാപകമാണ്. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ നിലപാട്?

കെ സച്ചിദാനന്ദന്‍ : ഒരു പക്ഷെ ബ്ലാക്ക് റൈറ്റിംഗ് ഒരു സവിശേഷസാഹിത്യഗണമായി ഉയര്‍ന്നു വന്നപ്പോഴാണ്- ജാസ്, ബ്ലൂസ്, റെഗ്ഗെ തുടങ്ങിയ സംഗീത രൂപങ്ങള്‍ പോലെ-സാഹിത്യത്തിന്റെ സാര്‍വ്വലൌകികത പ്രശ്നവത്കരിക്കപ്പെടാന്‍ തുടങ്ങിയത്. അത് ഭാഷയിലും അനുഭവലോകത്തിലുമെല്ലാം വ്യതിരിക്തമായിരുന്നു. ലാങ്ങ്സ്റ്റന്‍ ഹ്യൂസ്, സെന്ഗോര്‍, സെസയര്‍, ഡേവിഡ്‌ ദിയോപ്, മാര്‍ഗരറ്റ് വാക്കര്‍ തുടങ്ങി നിരവധി കവികള്‍, ജെയിംസ്‌ ബാള്‍ഡ്വിന്‍ , ചിന്വാ ആച്ചബേ, ബെന്‍ ഓക്രി, എന്ഗ്യൂഗി വാ തിയാന്‍ഗോ തുടങ്ങിയ നോവലിസ്റ്റുകള്‍, ഇവരുടെയൊക്കെ ഉദയം ഒരു പുതിയ ലോകത്തെ അടയാളപ്പെടുത്തി. അവരില്‍ നിന്ന് നിരൂപകരും ചിന്തകരും സൗന്ദര്യശാസ്ത്രജ്ഞരും ഉയര്‍ന്നു വന്നു, ഫാനന്‍ മുതല്‍ മെമ്പേ വരെയുള്ളവര്‍. അതോടെ അവര്‍ക്ക് മുന്‍പ് മറവിയില്‍ ആഴ്ത്തപ്പെട്ടിരുന്ന എഴുത്തുകാരെയും, അവരുടെ വാമൊഴി സാഹിത്യത്തെയും വായനക്കാര്‍ കണ്ടെത്താനാരംഭിച്ചു. ഇതുപോലൊന്നാണ് ഇന്ത്യയിലും ദളിത്‌ സാഹിത്യത്തിന്റെ ഉദയത്തോടെ സംഭവിച്ചത്. മറാഠിയില്‍ നാം ദേവ് ഢസാല്‍, അര്‍ജുന്‍ ഡാങ്ങ്ലെ, ദയാ പവാര്‍, കവിതാ മഹാജന്‍, ലക്ഷ്മണ്‍ മാണേ , ലക്ഷ്മണ്‍ ഗൈക്വാദ് തുടങ്ങി ഒട്ടേറെ എഴുത്തുകാര്‍ തങ്ങളുടേത് ദളിത് സാഹിത്യമാണ് എന്ന് പ്രസ്താവിച്ചു. ശരണ്‍ കുമാര്‍ ലിംബാളെയെപ്പോലെ അവരില്‍ നിന്ന് സൈദ്ധാന്തികരും ഉണ്ടായി. തുടര്‍ന്ന് ഗുജറാത്തി, ഹിന്ദി, പഞ്ചാബി, ബംഗാളി, ഒഡിയാ, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളില്‍ ഡസന്‍ കണക്കിന് കവികളും കഥാകൃത്തുക്കളും ഉയര്‍ന്നു വന്നു. ദളിത്‌ ആത്മകഥകള്‍ സമൂഹം ഇതു വരെ കേള്‍ക്കാത്ത കഥകള്‍ പറഞ്ഞു. സൂരജ്‌ പാല്‍ ചൌഹാന്‍, ഓം പ്രകാശ് വാല്മീകി, ലക്ഷ്മണ്‍ മാണേ , ലക്ഷ്മണ്‍ ഗൈക്വാദ്, ജൊസഫ് മക്വാന്‍, സിദ്ദ ലിംഗയ്യാ തുടങ്ങിയവരുടെ ആത്മകഥകള്‍ ഉദാഹരണം. ബാമയുടെതു പോലുള്ള നോവലുകളും അധികവും ആത്മകഥാപരമാണ്. ഈ ഭാഷകളിലും മുന്‍കാല ദളിത്‌ എഴുത്തുകാര്‍ വീണ്ടെടുക്കപ്പെട്ടു. മലയാളത്തില്‍ പോത്തേരി കുഞ്ഞമ്പുവും സി അയ്യപ്പനും മറ്റും പുതിയ രീതികളില്‍ വായിക്കപ്പെടാന്‍ തുടങ്ങിയല്ലോ. ഒപ്പം വാമൊഴിസാഹിത്യവും വീണ്ടെടുക്കപ്പെട്ടു, ദളിത്‌ സംഗീതസംഘങ്ങള്‍ ഉണ്ടായി.സാഹിത്യം , സംഗീതം, നാടകം, സിനിമ- ഇവയെക്കുറിച്ചെല്ലാം ദളിത്‌ വീക്ഷണത്തിലുള്ള വിലയിരുത്തലുകള്‍ നടന്നു, നടക്കുന്നു. ഇപ്പോള്‍ പുതിയ ഒരു തലമുറ എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഉയര്‍ന്നു വന്നിരിക്കുന്നു. ഒപ്പം , റെഡ് ഇന്ത്യന്‍ സാഹിത്യത്തെപോലെ, ആധുനിക ഭാവുകത്വം ഉള്‍ക്കൊണ്ട ആദിവാസിരചനകള്‍ ധാരാളമായി ഉണ്ടാകാന്‍ തുടങ്ങിയിരിക്കുന്നു. ഈ പ്രസ്ഥാനങ്ങള്‍ ഒന്നും ഏകശിലാരൂപമല്ല, ദളിത്‌ സ്ത്രീരചനകള്‍ക്ക് അവയുടേതായ സ്വഭാവ വിശേഷങ്ങളുണ്ട്. അത് പോലെ ദളിതര്‍ക്കിടയ്ക്കുള്ള ശ്രേണീക്രമങ്ങളും വെളിപ്പെടുന്നുണ്ട്. അംബേദ്‌കര്‍ ആരാധിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നുണ്ട്. സാര്‍വ്വലൌകികത സാഹിത്യത്തില്‍ ഇല്ലാതായി എന്നല്ല, ആനന്ദവും വേദനയും സ്നേഹവുമെല്ലാം പൊതുവായിരിക്കെത്തന്നെ അവയുടെ അനുഭവവും ആവിഷ്കാരവും ഒരു പോലെയല്ലാ എന്ന് ഇന്ന് വായനക്കാര്‍ക്കറിയാം.

കെ പി സേതുനാഥ് : ദളിത് എഴുത്തുപോലുള്ള പ്രമേയങ്ങളുടെ പ്രസക്തി അതിന്റെ തുടക്കത്തില്‍ തന്നെ തിരിച്ചറിഞ്ഞ എഴുത്തുകാരനാണ് താങ്കള്‍. മഹാരാഷ്ട്രയിലെ ദളിത് പാന്തേഴ്‌സ് പ്രസ്ഥാനവുമായി ബന്ധപ്പെട്ട എഴുത്തുകാരുടെ കൃതികള്‍ 1970-കളില്‍ തന്നെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതില്‍ താങ്കള്‍ മുന്‍കൈയ്യെടുത്തിരുന്നു. ഇന്ത്യന്‍ സാഹിത്യത്തിന്റെ സാംസ്‌ക്കാരിക ഭൂമികയില്‍ ദളിത് എഴുത്ത് പോലുള്ളവ വരുത്തിയ ദിശാമാറ്റത്തെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

കെ സച്ചിദാനന്ദന്‍ : ദളിത്‌ രചനകളെ അവയുടെ സാമൂഹ്യ- പ്രാദേശിക-ഭാഷാ പശ്ചാത്തലങ്ങളില്‍ നിന്ന് വേര്‍പെടുത്തുക പ്രയാസമാണ്. ഒപ്പം തന്നെ അവ എല്ലാം രോഷത്തിന്റെ മാത്രം രചനകളാണെന്നും ധരിക്കരുത്, വിശേഷിച്ചും രണ്ടാം തലമുറയോടെ രോഷം പരിഹാസവും നര്‍മ്മവും ഐറണിയും സ്വത്വാഘോഷവും ഒക്കെയാകുന്നുണ്ട് . ദളിത്‌ സാഹിത്യം അതിന്റേതായ സൌന്ദര്യശാസ്ത്രം സ്വരൂപിച്ചിട്ടുണ്ട്. അത് പഴയ പല സംസ്കൃത കാവ്യമീമാംസാ നിയമങ്ങളെയും വെല്ലുവിളിക്കുന്നു. ധ്വനി, ഔചിത്യം, ഗ്രാമ്യ-അശ്ലീല പദങ്ങള്‍ക്കുള്ള വിലക്ക്- തുടങ്ങിയവയെ അത് പലപ്പോഴും മാനിക്കുന്നില്ല. ആധുനിക സമ്പ്രദായങ്ങളില്‍ നിന്ന് തങ്ങള്‍ക്കു യോജിക്കുന്നവ ഈ എഴുത്തുകാര്‍ സ്വീകരിക്കുന്നു. അവാന്ഗ് -ഗാദ് ആയിട്ടാണ് ദളിത്‌ എഴുത്തു ആരംഭിച്ചതെങ്കിലും ഇന്ന് മറാഠി മുതല്‍ മലയാളം വരെയും അത് മുഖ്യധാരയുടെ തന്നെ ഭാഗം ആയിട്ടുണ്ട്. ഇതിനെ ഗുണമായും ദോഷമായും കാണാം. പക്ഷെ, ഇത് ഒരു സാഹിത്യ ചരിത്രത്തില്‍ ഒരു സ്വാഭാവിക പ്രക്രിയയാണ്, ആധുനിക സാഹിത്യത്തിനും ഫെമിനിസ്റ്റ് സാഹിത്യത്തിനും എല്ലാം ഇത് സംഭവിച്ചിട്ടുണ്ടല്ലോ. ഇപ്പോള്‍ ആദിവാസി എഴുത്തും എല്‍ ജി ബി ടി എഴുത്തും കൂടുതല്‍ വിപ്ലവകരമായി കാണപ്പെടുന്നു. പ്രധാന കാര്യം ഇവയെല്ലാം സാഹിത്യത്തിന്റെ മണ്ഡലത്തെ വിശാലമാക്കുകയും അദൃശ്യമായ ജീവിതങ്ങളെ ദൃശ്യമാക്കുകയും ചെയ്തു എന്നതാണ്, ഒപ്പം പുതിയ ഭാഷകളും രൂപങ്ങളും കൊണ്ട് വരികയും ചെയ്തു, പാര്‍ശ്വവത്കൃതമായ വാക്കുകളും പ്രയോഗങ്ങളും മുഖ്യധാരയിലെത്തി. പഴയ നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടു, മാനദണ്ഡങ്ങള്‍ മാറി, ഭാഷ നവീകരിക്കപ്പെട്ടു, ജീവിതത്തോട് കൂടുതല്‍ അടുത്തു.

കെ പി സേതുനാഥ് : ഇന്ത്യയിലും കേരളത്തിലുമടക്കം നടന്നുവെന്ന് കരുതപ്പെട്ടിരുന്നു നവോത്ഥാനത്തിന്റെ ആഖ്യാനങ്ങളെ തീക്ഷ്ണമായി വിമര്‍ശന വിധേയമാക്കുന്നതായിരുന്നു 1970-കളിലും അതിന് ശേഷവും രൂപപ്പെട്ട ദളിത് എഴുത്തുപോലുള്ള ആവിഷ്‌ക്കാരങ്ങളുടെ പ്രധാന സവിശേഷത. ഒരു തരത്തിലുളള രക്ഷകര്‍തൃത്വവും തങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടുകള്‍ അവയില്‍ വ്യക്തമായിരുന്നു. ദളിത് എന്ന വാക്കു പോലും ആ നിലയില്‍ ഉയര്‍ന്നു വന്നതായിരുന്നു. ഈ മാറ്റങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.

കെ സച്ചിദാനന്ദന്‍ : നവോത്ഥാനത്തിന്റെ രക്ഷാകര്‍തൃസമീപനം ചോദ്യം ചെയ്യപ്പെടെണ്ടതു തന്നെയായിരുന്നു. ബാഹ്യമായ സംരക്ഷണം , സംരക്ഷിക്കപ്പെടുന്നവരുടെ കര്‍ത്തൃത്വം അഥവാ ഏജന്‍സി എടുത്തു കളയുന്നു. എല്ലാ സംരക്ഷണവാദങ്ങള്‍ക്കും ഈ തകരാറുണ്ട്. നക്സലൈറ്റ്കള്‍ പോലും അതില്‍ നിന്ന് മുഴുവന്‍ മുക്തരായിരുന്നു എന്ന് തോന്നുന്നില്ല. അതിന്റെ ഒരു പരാജയകാരണവും ഇങ്ങിനെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തതായിരുന്നു. ജനങ്ങള്‍ പങ്കാളികള്‍ ആവുന്നതിനു പകരം കാണികള്‍ ആയി- ചിലപ്പോള്‍ കയ്യടിക്കുന്ന കാണികള്‍ ആയാല്‍ പോലും. ഇന്ന് ദളിതുകള്‍ക്കിടയിലും ആദിവാസികള്‍ക്കിടയിലുമെല്ലാം അവരുടെതായ നേതൃത്വങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. ഈ മാറ്റം വളരെ പ്രധാനമാണ്, സ്വത്വബോധത്തിന്റെ വളര്‍ച്ചയാണ് അത്. തീര്‍ച്ചയായും സഹോദരന്‍ അയ്യപ്പന്‍, അയ്യങ്കാളി തുടങ്ങിയ മാതൃകകളെ തള്ളിപ്പറയാന്‍ കഴിയില്ല. സവര്‍ണ്ണ നേതാക്കളെക്കാള്‍ അവരിലാണ് ഇന്ന് നവോത്ഥാന പഠനങ്ങള്‍ ഊന്നേണ്ടത്.

കെ പി സേതുനാഥ് : കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വത്വത്തിന്റെ ഭാവനകളെ നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്ന ആവിഷ്‌ക്കാരങ്ങള്‍ ഇന്ത്യന്‍ കലാ-സാഹിത്യ ചരിത്രത്തില്‍ പുതുതല്ല. എന്നാല്‍ സവര്‍ണ്ണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എഴുത്തുകാരിലും, കലാകാരിലും നിന്നും വന്ന അത്തരത്തിലുള്ള ആവിഷ്‌ക്കാരങ്ങള്‍ പ്രധാനമായും ഫോക്കസ് ചെയ്ത വിഷയം 1947-നു ശേഷം ഉടലെടുത്ത ഭരണകൂടത്തിന്റെയും അതിന്റെ ആശയപരമായ പരാജയങ്ങളുമായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ വ്യക്തിപരമായ സംഘര്‍ഷങ്ങള്‍. ഒരു തരം മോഹഭംഗത്തിന്റെ ഭാഷയായിരുന്നു അതിന്റെ ആവിഷ്‌ക്കാരങ്ങള്‍. എന്നാല്‍ ദളിതര്‍, മത ന്യൂനപക്ഷങ്ങള്‍, വടക്കു-കിഴക്കന്‍ മേഖലകളിലെ വംശീയ ന്യൂനപക്ഷങ്ങള്‍, കാശ്മീരികള്‍ തുടങ്ങിയവരുടെ ആവിഷ്‌ക്കാരങ്ങള്‍ പോസ്റ്റ്-കൊളോണിയല്‍ ഇന്ത്യയെക്കുറിച്ചുള്ള അടിസ്ഥാന ധാരണകളെ (അസംപ്ഷനുകളെ) തന്നെ ചോദ്യം ചെയ്യുന്നതും, പ്രശ്‌നവല്‍ക്കരിക്കുന്നതുമായിരുന്നു. ഈയൊരു വിലയിരുത്തലിനെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു.

കെ സച്ചിദാനന്ദന്‍ : ഞാന്‍ യോജിക്കുന്നു. സമൂഹത്തിന്റെ മാര്‍ജിനുകളില്‍ നിന്നേ സമൂഹത്തെ ശരിക്കും കാണാന്‍ കഴിയൂ. ഇന്ന് കൊണ്ടാടപ്പെടുന്ന തരം (ഹൈന്ദവ, ഭൂരിപക്ഷ) ദേശീയതയെ ശരിക്കും ചോദ്യം ചെയ്യുന്നത് പല തരം ന്യൂനപക്ഷങ്ങള്‍ ആണ്- ദളിത്‌, ആദിവാസി, എല്‍ ജി ബി ടി, മത-വംശ ന്യൂനപക്ഷങ്ങള്‍. വടക്കുകിഴക്കന്‍ എഴുത്തും ഏകാശിലാരൂപമല്ല - ആസ്സാം, മണിപ്പൂര്‍, ത്രിപുര ഇവിടം വരെ ഹിന്ദുത്വ സ്വാധീനം കാണാം -എന്നാല്‍ മേഘാലയ, നാഗാലാണ്ട് , അരുണാചല്‍ ഇവിടങ്ങള്‍ തികച്ചും ഗോത്രഭാഷകളുടെയും ഗോത്ര സംസ്കൃതികളുടെയും ഇടങ്ങള്‍ ആണ്. മതം മാറ്റം അവരുടെ സത്തയെ ബാധിച്ചിട്ടില്ല, അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കി എന്ന് മാത്രം. അവര്‍ക്ക് രാമായണ- മഹാഭാരതങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഇതിഹാസങ്ങളും, ദേവതമാരും, അനേകം പ്രാദേശിക ഭാഷകളും മിത്തുകളും ഐതിഹ്യങ്ങളും പുതു സാഹിത്യവും ഉണ്ട്. ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ കൂട്ടി യോജിപ്പിക്കുന്ന പലതും അവിടെ കാണില്ല. കാശ്മീരിന്റെ ചരിത്രം നമുക്കു അറിയാവുന്നതാണല്ലോ- വ്യവസ്ഥകളോടെയുള്ള ഒരു ഭാഗികലയനം ആയിരുന്നു അത്; ആ സ്വച്ഛന്ദ്യത്തെയാണ് ആര്‍ട്ടിക്കിള്‍ 370 പ്രതിനിധീകരിച്ചിരുന്നത്. അതുകൊണ്ടാണ് ഇന്നത്തെ ഭരണകൂടം ആ നിയമത്തെ ഭയപ്പെട്ടത്. അവര്‍ എല്ലാ തരം സ്വത്വബോധങ്ങളെയും ഏകശിലാരൂപമായ ഒരു ദേശീയബോധത്തിനു കീഴില്‍ കൊണ്ടു വരാന്‍ ആഗ്രഹിക്കുന്നു. അതിനെ എതിര്‍ക്കുന്നതു കൊണ്ടാണ് മത-വംശ ന്യൂനപക്ഷങ്ങളുടെയും ദളിത്‌-ആദിവാസി വിഭാഗങ്ങളുടെയും കാശ്മീരികളുടെയും ചെറുത്തുനില്‍പ്പ്‌ വിപ്ലവകരമാകുന്നത്. അവര്‍ ആകാം ഇന്ത്യയെ ഫാസിസത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവര്‍. നമ്മുടെ സ്വാതന്ത്ര്യവും ജനാധിപത്യവും അപൂര്‍ണ്ണമായ ഒരു പ്രക്രിയയാണെന്ന് അവര്‍ അനുഭവത്തിലൂടെ തന്നെ മനസ്സിലാക്കുന്നുണ്ട്. അതിനാല്‍ തന്നെ ജനാധിപത്യവാദികള്‍ അവരുടെകൂടെ നില്‍ക്കേണ്ടതുണ്ട്.

ഞാന്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറി ആയപ്പോള്‍ അക്കാദമിയിലുള്ളവര്‍ക്ക് അത്ഭുതമായിരുന്നു. ആധുനിക കേരളത്തില്‍ നിന്ന് പോയത് കൊണ്ട് ഞാന്‍ ബ്രാഹ്മണ മേധാവിത്തത്തെപ്പറ്റി അത്രയൊന്നും ചിന്തിച്ചിരുന്നില്ല. പക്ഷെ ഒരുദ്യോഗസ്ഥ ‘സാര്‍ ബ്രാഹ്മിന്‍ ആണല്ലോ അല്ലെ’, എന്ന് നേരിട്ടു ചോദിച്ചപ്പോഴാണ് ഞാന്‍ കണ്ടെത്തിയത്: എനിക്ക് മുന്‍പുണ്ടായിരുന്ന എല്ലാ അക്കാദമി സെക്രട്ടറിമാരും ബ്രാഹ്മണര്‍ ആയിരുന്നു! ഒട്ടു മുക്കാലും പ്രസിഡന്റുമാരും.

Photo : Wiki Commons

കെ പി സേതുനാഥ് : ഭരണകൂടാധികാരത്തിന്റെ മണ്ഡലത്തിലെ പ്രബലശക്തിയായി രാഷ്ട്രീയ ഹൈന്ദവികത അഥവാ ഹിന്ദുത്വം മാറിയത് സാംസ്‌ക്കാരിക ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച ആവിഷ്‌ക്കാരങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചോദ്യം ചെയ്യലുകളെ ശരിവെയ്ക്കുന്ന തരത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം നേടിയ വളര്‍ച്ച. ഇന്ത്യയിലെ പരമ്പരാഗത ലിബറല്‍-ഇടതു പുരോഗമനവാദികളുടെ ഭാവനകളുടെ പരിമിതി കൂടി വെളിപ്പെടുത്തുന്നതാണ് ഈ വളര്‍ച്ചയെന്ന വീക്ഷണത്തെ പറ്റി എന്താണ് താങ്കളുടെ വിലയിരുത്തല്‍. 'ഗറില്ല യുദ്ധവും ഈശാവ്യാസവും' ഒരേ സഞ്ചിയില്‍ കരുതുന്ന ഇന്ത്യന്‍ മധ്യവര്‍ഗത്തെ പറ്റി 70-കളില്‍ തന്നെ ബോധ്യമുണ്ടായിരുന്ന താങ്കളെ പോലുള്ളവര്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ എങ്ങനെ കാണുന്നു.

കെ സച്ചിദാനന്ദന്‍ : രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ വളര്‍ച്ച ഹിന്ദു മഹാസഭയുടെ കാലം മുതല്‍ തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള ഒരു ഭീഷണിയായി കുറെ പേരെങ്കിലും – ഗാന്ധിയും നെഹ്രുവും അംബേദ്കറും ഉള്‍പ്പെടെ തിരിച്ചറിഞ്ഞിരുന്നു. ഭൂരിപക്ഷ വര്‍ഗ്ഗീയത നമ്മുടെ ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് നെഹ്‌റു പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ടല്ലോ. അംബേദ്‌കര്‍ അനുയായികളെ ഹിന്ദുമതം തന്നെ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്തതിന്, ജാതിവ്യവസ്ഥയോടൊപ്പം , ഈ സാദ്ധ്യതയെക്കുറിച്ചുള്ള ഒരു മുന്‍കാഴ്ചയും ഉണ്ടായിരുന്നുവെന്നു ഇപ്പോള്‍ തോന്നുന്നു. ഗാന്ധി ഹിന്ദുത്വത്തിന്റെ ഒരു കപട പ്രതിനിധാനമായാണ് രാഷ്ട്രീയ ഹിന്ദുത്വത്തെ കണ്ടത്. എന്നാല്‍ ക്രമേണ അത് നേടിക്കൊണ്ടിരുന്ന പ്രത്യയശാസ്ത്രപരമായ അധീശത്വം പിന്നീട് വന്ന ലിബറല്‍ നേതാക്കള്‍ക്ക് കാണാന്‍ കഴിഞ്ഞില്ല. സരസ്വതീവിദ്യാലയങ്ങള്‍, ആര്‍ എസ് എസ് ശാഖകള്‍, ക്ഷേത്രസംരക്ഷണ സമിതികള്‍, വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ് ദള്‍, റാം സേന, ഹനുമാന്‍ സേന, സനാതന്‍ സന്സ്ഥ ഇങ്ങിനെ ആയിരം പേരുകളില്‍ അറിയപ്പെട്ട , പലപ്പോഴും സായുധമായ സംഘടനകള്‍, ജനസംഘം, ബി ജെ പി എന്നീ രാഷ്ട്രീയ കഷികള്‍, ചെറുതും വലുതുമായ വര്‍ഗ്ഗീയസംഘര്‍ഷങ്ങളുടെ സൃഷ്ടി, ആദിവാസികളെ മതം മാറ്റി ഹിന്ദുക്കള്‍ ആക്കല്‍, ദളിതര്‍ക്ക് തങ്ങള്‍ ഹിന്ദുക്കള്‍ ആണെന്ന കപടാഭിമാനം ജനിപ്പിക്കുന്ന രീതിയില്‍ ആചാരാഘോഷങ്ങളില്‍ നല്‍കപ്പെട്ട പങ്കാളിത്തം, ഒപ്പം ബ്രാഹ്മണരുടെയും സവര്‍ണ്ണരുടെയും ചോദ്യം ചെയ്യാനാകാത്ത നേതൃത്വം, ദേശീയതയുടെ സങ്കുചിത നിര്‍വ്വചനം, ചരിത്രത്തിന്റെ വക്രീകരണം, ദക്ഷിണ ഇന്ത്യയിലേക്കും വ്യാപിപ്പിച്ച ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ ( ശ്രീകൃഷ്ണ ജയന്തി, ഗണേഷ് ചതുര്‍ത്ഥി ഇത്യാദി- ഇവ നിഷ്കളങ്കമായ ആചാരങ്ങള്‍ മാത്രമായിരുന്നു മുന്‍പ്), സ്ത്രീകളെ സ്വാധീനിക്കുന്ന കുടുംബ സദസ്സുകള്‍, രാമായണാദികളെ ആസ്പദിച്ചുള്ള നാടകങ്ങളും ചലച്ചിത്രങ്ങളും ടി വി പരമ്പരകളും, ഇതര മതങ്ങളുടെ വിദേശവത്കരണവും അപരവത്കരണവും, സാംസ്കാരിക സംഘടനകള്‍, പത്രങ്ങള്‍, വാരികകള്‍, ചാനലുകള്‍, ഇവയിലൂടെ വളര്‍ന്നു അധീശത്വം നേടുന്ന തികച്ചും ആസൂത്രിതമായ രീതിയാണ് അവര്‍ സ്വീകരിച്ചത്. നമ്മുടെ ലിബറലുകള്‍, ഇടത്പക്ഷം പോലും, ഇവയുടെ ഗൌരവവും ആസന്നഭാവിയിള്‍ ഭരണം പിടിചെടുക്കാവുന്ന വേഗതയിലുള്ള വളര്‍ച്ചയും വേണ്ടത്ര തിരിച്ചറിയാതെ പോയി. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഇല്ലാതിരുന്നില്ല, പക്ഷെ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കാനുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്ത്‌ നിന്നും നടന്നു. മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അധികവും അതിനു കൂട്ടു നിന്നു. അടിയന്തിരാവസ്ഥ ആര്‍ എസ് എസ്സിന്റെ വളര്‍ച്ചയ്ക്ക് വലിയ സഹായമാണ് ചെയ്തത്. അവര്‍ പെട്ടെന്ന് വീരനായകരായി. അയോദ്ധ്യയുടെ ചരിത്രം വളച്ചൊടിച്ചു ബാബറി മസ്ജിദ് തകര്‍ക്കല്‍ ആയിരുന്നു അടുത്ത പടി. അതിനു കോണ്ഗ്രസ് കൂട്ടുനിന്നു. പിന്നെ ഗുജറാത്ത് കൂട്ടക്കൊലയും ശബരിമല പോലുള്ള സംഭവങ്ങളും തന്ത്രപൂര്‍വ്വം ഉണ്ടാക്കിയ വര്‍ഗീയ ലഹളകളും സാമൂഹ്യമാദ്ധ്യമങ്ങള്‍ വന്‍തോതില്‍ ഉപയോഗിച്ചുള്ള കപട പ്രചാരണങ്ങളും കോര്‍പ്പറേറ്റുകളുമായുള്ള സഖ്യവും, യു. പി. യില്‍ മായാവതിയുടെ പണം അസാധുവാക്കാനായി ജനങ്ങളെ ദുരിതത്തില്‍ ആഴ്ത്തിയ നോട്ടുനിരോധനവും നെഹ്‌റു സ്ഥാപിച്ച സംഘടനകളെ സ്വന്തം പ്രത്യയശാസ്ത്ര പ്രചാരണയന്ത്രങ്ങളാക്കി മാറ്റലും, സ്വാതന്ത്ര്യ നിഷേധങ്ങളും ഭരണഘടനാ ലംഘനങ്ങളും പരിസ്ഥിതി-വന നിയമങ്ങളുടെ നേര്‍പ്പിക്കലും, പൌരത്വനിയമ ഭേദഗതിയും മുന്നൂറ്റി എഴുപതാം വകുപ്പിന്റെ അസാധൂകരണവും (തിരിച്ചെടുക്കേണ്ടി വന്ന) കാര്‍ഷികകബില്ലുകളും തിരിച്ചെടുത്തിട്ടില്ലാത്ത പുതിയ വിദ്യാഭ്യാസ നിയമവും എല്ലാം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ അവരുടെ മാദ്ധ്യമങ്ങള്‍ക്കും സൈബര്‍ സൈന്യങ്ങള്‍ക്കും കഴിഞ്ഞു. പെട്ടെന്ന് രക്ഷപ്പെടാന്‍ പ്രയാസമായ ഒരു ദുരവസ്ഥയിലാണ് നാം ഇന്ന്. ഉത്തരേന്ത്യയിലെ സാമാന്യ ജനത സത്യം മനസ്സിലാക്കുവോളം ഇതില്‍ നിന്ന് മോചനം പ്രയാസമാവും.

കെ പി സേതുനാഥ് : കാലഹരണപ്പെട്ടതെന്നു കരുതിയ മാമൂലുകളും, ആചാരങ്ങളും പുതിയ ആടയാഭരണങ്ങളുമായി ഹിന്ദുത്വയുടെ കാലഘട്ടത്തില്‍ മാന്യത നേടുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. കേരളവും അക്കാര്യത്തില്‍ പിന്നിലല്ല. കൊളോണിയല്‍ അധീശത്വത്തിന്റെയും, ആധുനികതയുടെയും തണലില്‍ രൂപമെടുത്ത നവീനമായ ബ്രാഹ്മണ്യവാദമാണ് അതിന്റെ അടിത്തറയായി വര്‍ത്തിക്കുന്നതെന്ന വീക്ഷണം എത്രത്തോളം ശരിയാണ്.

നവോത്ഥാനത്തിന്റെ രക്ഷാകര്‍തൃസമീപനം ചോദ്യം ചെയ്യപ്പെടെണ്ടതു തന്നെയായിരുന്നു. ബാഹ്യമായ സംരക്ഷണം , സംരക്ഷിക്കപ്പെടുന്നവരുടെ കര്‍തൃത്വം അഥവാ ഏജന്‍സി എടുത്തു കളയുന്നു. എല്ലാ സംരക്ഷണവാദങ്ങള്‍ക്കും ഈ തകരാറുണ്ട്. നക്സലൈറ്റ്കള്‍ പോലും അതില്‍ നിന്ന് മുഴുവന്‍ മുക്തരായിരുന്നു എന്ന് തോന്നുന്നില്ല. അതിന്റെ ഒരു പരാജയകാരണവും ഇങ്ങിനെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തതായിരുന്നു. ജനങ്ങള്‍ പങ്കാളികള്‍ ആവുന്നതിനു പകരം കാണികള്‍ ആയി

കെ സച്ചിദാനന്ദന്‍ : മുന്‍പ് സവര്‍ണ്ണജനതയില്‍ ഒതുങ്ങി നിന്നിരുന്ന ആചാരങ്ങളും പതിവുകളും ആരാധനാരീതികളുമെല്ലാം അവര്‍ണ്ണ-ആദിവാസി വിഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതില്‍ ഹിന്ദുത്വവാദികള്‍ വിജയിച്ചിരിക്കുന്നു. അതിലൂടെ അവര്‍ക്ക് സവര്‍ണ്ണ മാന്യത കൈ വരും എന്ന് വിശ്വസിപ്പിക്കുക വഴിയാണ് അവര്‍ ഇത് സാധിച്ചിട്ടുള്ളത്. ശബരിമല പ്രക്ഷോഭകാലത്ത് “കാത്തിരിക്കാന്‍ തയ്യാറാണ്” എന്ന് പറഞ്ഞു പ്രകടനം നടത്തിയവര്‍ നായര്‍ സ്ത്രീകള്‍ മാത്രമായിരുന്നില്ല, മുന്‍കൈ ഒരു പക്ഷെ അവരുടെതായിരുന്നിരിക്കാമെങ്കിലും. എം എന്‍ ശ്രീനിവാസ് പറയുന്ന ‘സംസ്കൃതവത്കരണം’പോലുള്ള ഒരു ബ്രാഹ്മണവത്കരണവും സവര്‍ണ്ണവത്കരണവും ആണിത്.

കെ പി സേതുനാഥ് : ഏതാണ്ട് 30 വര്‍ഷത്തിനു ശേഷം കേരളത്തില്‍ വീണ്ടും സ്ഥിരവാസത്തിനായി മടങ്ങിയെത്തുന്നതിനെ പറ്റിയുള്ള താങ്കളുടെ നിരീക്ഷണം ശ്രദ്ധേയമായിരുന്നു. വിട്ടുപോയ കേരളത്തിലേക്ക് അല്ല മടങ്ങുന്നതെന്നും 30 വര്‍ഷത്തിന് മുമ്പ് പോയ വ്യക്തിയല്ല മടങ്ങുന്നതെന്നും. വര്‍ഷങ്ങള്‍ കടന്നു പോയതല്ല താങ്കളുടെ വാക്കുകളിലെ സൂചന എന്നു വ്യക്തമാണ്. താങ്കളുടെ തലമുറ പങ്കുവെച്ചിരുന്ന സ്വപ്‌നങ്ങളുടെയും, പ്രതീക്ഷകളുടെയും വിപരീത ദിശയിലുളള രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും, അതുയര്‍ത്തുന്ന ഭീഷണിയുമാണ് താങ്കളുടെ വാക്കുകളില്‍ നിഴലിക്കുന്ന പ്രധാന സംഗതി എന്നു തോന്നുന്നു. ഒപ്പം പുതുതായി രൂപപ്പെടുന്ന ചെറുത്തുനില്‍പ്പുകളുടെ ആവിഷ്‌ക്കാരങ്ങളും. കേരളത്തിലെ പുതിയ തലമുറയോട് എന്താണ് താങ്കള്‍ക്ക് പറയുവാനുള്ളത്.

കെ സച്ചിദാനന്ദന്‍ : മുന്‍ ചോദ്യത്തിന്റെ തുടര്‍ച്ചയായിത്തന്നെ ഈ ചോദ്യത്തെ ഞാന്‍ കാണുന്നു. അതെ, സ്വപ്നനിര്‍ഭരമായ ഒരു യൌവനകാലം കഴിഞ്ഞാണ് ഞാന്‍ കേരളം വിട്ടത്. അതിന്റെ പ്രധാന ഹേതുക്കളില്‍ ഒന്ന് ജനകീയ സാംസ്കാരികവേദിയുടെ ശിഥിലീകരണം സൃഷ്ടിച്ച ഒരു തരം ശൂന്യതയാണ്. അതിനെ എഴുത്തിലൂടെ കുറെയൊക്കെ അതിജീവിക്കാന്‍ കഴിഞ്ഞെങ്കിലും ഒരു വന്‍ സാഹോദര്യത്തിന്റെ പെട്ടെന്നുള്ള തകര്‍ച്ച വ്യസനകരമായിരുന്നു. പുതിയ അന്വേഷണങ്ങള്‍ തുടങ്ങി വെച്ചാണ് ഞാന്‍ പോയത്, ‘ഉത്തരം’ മാസിക ആ ശ്രമങ്ങള്‍ക്ക് ഒരു ഉദാഹരണമായിരുന്നു. എന്നാല്‍ കേരളത്തില്‍ നിന്ന് ഒന്ന് മാറി നില്‍ക്കുന്നത് നന്നാവും എന്ന് ഉള്ളില്‍ തോന്നിയ സമയത്താണ് ഡല്‍ഹിയിലേക്കുള്ള ക്ഷണം വന്നത്.ഡല്‍ഹിയിലെ താമസം തീര്‍ച്ചയായും എന്നെ അഗാധമായി സ്വാധീനിച്ചിട്ടുണ്ട്. ഇന്ത്യയുടെ വൈവിദ്ധ്യം നന്നായി അനുഭവിക്കാന്‍ കഴിഞ്ഞു. എഴുത്തു ഇംഗ്ലീഷിലേക്ക് കൂടി വ്യാപിച്ചു. ഇന്ത്യന്‍ സാഹിത്യകാരന്മാരുമായി വലിയ ചങ്ങാത്തങ്ങളുണ്ടായി, ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു, അക്കാദമിക്ക് പുതിയ ദിശകള്‍ നല്‍കി ജനകീയവത്കരിച്ചു. ആറു ഭൂഖണ്ഡങ്ങളില്‍ അനേകം രാജ്യങ്ങളില്‍ പല കുറി യാത്ര ചെയ്തു. ഇതെല്ലാം എന്റെ ലോകബോധം വികസ്വരമാക്കിയെന്നു തന്നെ ഞാന്‍ കരുതുന്നു. അത് കൊണ്ടാകാം കേരളത്തില്‍ നടക്കുന്ന പല ചര്‍ച്ചകളും പൊള്ളയായി എനിക്ക് തോന്നുന്നത്. ഒരു വലിയ ശത്രു മുന്നില്‍ നില്‍ക്കുമ്പോള്‍ വേലിവഴക്കുകളില്‍ ജന്മം പോക്കുന്ന രാഷ്ട്രീയപ്രവര്‍ത്തകരെയാണ് ഇവിടെ ഞാന്‍ അധികവും കാണുന്നത്. അപവാദങ്ങള്‍ ഇല്ലെന്നല്ല, പക്ഷെ നമുക്കു ഒരു വലിയ സങ്കുചിതത്വമുണ്ട്, ഒന്നല്ല പലത് എന്ന് പറയണം. നമ്മുടെ അതിര്‍ത്തിക്കപ്പുറത്തേയ്ക്ക് നമ്മുടെ കണ്ണുകള്‍ നീങ്ങാന്‍ മടിക്കുന്നു. നമ്മുടെ വന്‍ പത്രങ്ങള്‍ അതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്. ലോകത്തെ പിടിച്ചു കുലുക്കുന്ന കാര്യങ്ങള്‍ നടക്കുമ്പോഴും അവരുടെ ഉത്കണ്ഠകള്‍ വളരെ ചെറുതാണ്. ഇപ്പോഴും ന്യൂ യോര്‍ക്ക്‌ ടൈംസ്‌, ഗാര്‍ഡിയന്‍, സ്ക്രോള്‍, വയര്‍ മുതലായവയാണ് ഞാന്‍ പ്രധാനമായും വായിക്കുന്നത്. തൃശ്ശൂര്‍ അങ്ങാടിയില്‍ നടക്കുന്ന കത്തിക്കുത്തില്‍ എനിക്ക് വലിയ താത്പര്യമില്ല. നമ്മുടെ സമൂഹം വളരെ പഴഞ്ചനായും എനിക്ക് അനുഭവപ്പെടുന്നു. നമ്മുടെ യാഥാസ്ഥിതികമായ ലിംഗബോധം,ബാഹ്യമായ സമത്വബോധത്തിന്നിടയിലും അബോധത്തില്‍ കൊണ്ട് നടക്കുന്ന ജാതിബോധം, വിചിത്രമായ സദാചാരബോധം, ദേശീയ-അന്തര്‍ദേശീയ രാഷ്ട്രീയത്തോടുള്ള ( അവയാണ് നമ്മുടെ നിത്യജീവിതത്തെപ്പോലും നിയന്ത്രിക്കുന്നതെങ്കില്‍ പോലും) അലംഭാവം: ഇവ മടുപ്പിക്കുന്നു. അതെ സമയം കല, സാഹിത്യം, പൊതുരാഷ്ട്രീയബോധം ഇവയില്‍ നാം വടക്കേ ഇന്ത്യയെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. പ്രത്യാശ നല്‍കുന്ന കാര്യങ്ങളില്‍ ഒന്ന്, ദേശീയതലത്തില്‍ കര്‍ഷകസമരത്തില്‍ കണ്ടത് പോലെ സിവില്‍ സമൂഹം ഏറ്റെടുക്കുന്ന, പല രംഗങ്ങളില്‍ ഉള്ള (ലിംഗസമത്വം, നവസദാചാരം, ആദിവാസിസംരക്ഷണം, സുസ്ഥിരവികസനം മുതലായവയ്ക്കായി നടത്തുന്ന) ഹിംസാത്മകമല്ലാത്ത, എന്നാല്‍ സ്നേഹശക്തമായ, ചെറുത്തുനില്‍പ്പുകളാണ്. കഴിഞ്ഞ ഒരു ദശാബ്ദം കേരളീയജീവിതത്തെ ചലനാത്മകമാക്കിയത് പലപ്പോഴും പാര്‍ട്ടികള്‍ക്ക് പുറത്തു നടന്ന, -ചിലപ്പോള്‍ അവ പിന്തുണച്ചിരിക്കാമെങ്കിലും , എന്നാല്‍ അരാഷ്ട്രീയമല്ലാത്ത, ഈ ജനകീയ പൌരമുന്നേറ്റങ്ങളാണ്. ഇന്ത്യ മുഴുവന്‍ ഇങ്ങിനെ ഒരു ഇടതുപക്ഷം, അഥവാ പ്രതിപക്ഷം, പതുക്കെയെങ്കിലും രൂപപ്പെടുന്നുണ്ട്. ധിഷണയുടെ അശുഭാപ്തിവിശ്വാസത്തിന്നിടയിലും എന്റെ ഇച്ഛയുടെ ശുഭാപ്തിവിശ്വാസം നില നിര്‍ത്തുന്നത് ഈ മുന്നേറ്റങ്ങളാണ്.

Leave a comment