‘കലയില്‍ അനീതിക്ക് കൂടി ഇടമുണ്ട്’
കേരളത്തിലെ കലാസാഹിത്യരംഗത്ത് ശക്തമായ സാന്നിദ്ധ്യമാണ് കവിയും എഴുത്തുകാരനുമായ എം ആർ രേണുകുമാർ. കലയുടെയും സാഹിത്യത്തിന്റെയും മേഖലകളിലെ സവർണധാരയിൽ നിന്നും ബോധപൂർവം വഴിമാറി നടക്കുന്ന, നവീനഭാവുകത്വമുള്ള ആവിഷ്കാരങ്ങളാണ് രേണുകുമാറിന്റെ രചനകൾ. ജാതീയതയുടെ വിഷലിപ്തമായ അധീശ്വത്വം സാംസ്കാരിക ജീവിതത്തിൽ പുലർത്തുന്ന സ്വാധീനത്തിന്റെ നാനാരൂപങ്ങളെ പറ്റി രേണുകുമാർ മലബാർ ജേര്‍ണലിനോട് സംസാരിക്കുന്നു.
കെ പി സേതുനാഥ് : ഇന്ത്യന്‍ സമൂഹത്തിന്റെ സവിശേഷതയായ ജാതി കേരളത്തിലെ സാഹിത്യത്തിന്റെയും, കലയുടെയും മണ്ഡലങ്ങളിലും സജീവമാണ്. കവിയും എഴുത്തുകാരനുമെന്ന നിലയിൽ എവ്വിധമാണ് താങ്കൾക്ക് ജാതി അനുഭവവേദ്യമാകുന്നത്.
എം ആര്‍ രേണുകുമാര്‍ : അവശ്യവും നിര്‍ണായകവുമായ ഘട്ടങ്ങളിലെല്ലാം കേരളസമൂഹത്തില്‍ ജാതിബോധം 'തൂണുപിളര്‍ന്ന് അവതാര'മെടുക്കാറുണ്ടെങ്കിലും സാധാരണയായത് സ്വകാര്യവും പ്രച്ഛന്നവുമായി കേരളത്തിന്റെ സാമൂഹ്യമനസ്സില്‍ കുടികൊള്ളുകയാണ് ചെയ്യുന്നത്. കേരളത്തിലെ ദൈവത്തിന്റേതല്ല ജാതിയുടെ സ്വന്തം നാടാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പീഢനങ്ങളിലൂടെയും വിവേചനങ്ങളിലൂടെയും മാത്രമല്ലല്ലോ ജാതി നിലനില്‍ക്കുന്നത്; സ്വജാതി വിവാഹത്തിലും കൂടിയാണല്ലോ. വിവാഹപ്പരസ്യം എന്നപേരില്‍ ജാതിപ്പരസ്യം കൊടുക്കില്ലെന്ന് കേരളത്തിലെ പത്രങ്ങള്‍ തീരുമാനമെടുത്താല്‍ അത്രയും ജാതിയശ്ലീലം ഇല്ലാതാവും. ജാതി പ്രാക്ടീസുചെയ്യുന്നത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്നൊക്കെ പറയുമെങ്കിലും സജാതീയ വിവാഹത്തിലൂടെ സൂചിതവിരുദ്ധതകള്‍ പരസ്യമായി കൊണ്ടാടുകയാണല്ലോ ജാതിമേധാവിത്വത്തിന്റെ പ്രിവിലേജുകള്‍ അനുഭവിക്കുന്ന ജാതിവിഭാഗങ്ങള്‍. സമൂഹത്തില്‍ ഒളിഞ്ഞും തെളിഞ്ഞും നിലനില്‍ക്കുന്നതൊക്കെ തന്നെയാണല്ലോ കലാ-സാഹിത്യമണ്ഡലങ്ങളിലും പ്രതിഫലിക്കുക. ഈ മേഖലയില്‍ ജാതിയുടെ 'പുള്ളികള്‍' തെളിയാന്‍ ഇത്തിരി കാലതാമസം എടുക്കുമെന്നല്ലാതെ മറ്റൊരു വ്യത്യാസവും ഉള്ളതായി തോന്നിയിട്ടില്ല.
കൊളോണിയല്‍ മോഡേണിറ്റിയും യൂറോപ്യന്‍ സ്വതന്ത്രചിന്തയും കീഴാള നവോത്ഥാന ഇടപെലുകളുമാണ് അതാതുകാലങ്ങളില്‍ ജാതിവഴക്കങ്ങളോട് ഇടയാനും കേരളത്തെ ജനാധിപത്യവല്‍ക്കരിക്കാനും ദലിതരെ പ്രാപ്തരാക്കിയത്. അംബേദ്കറിസവും സബാള്‍ട്ടേണ്‍ ഉണര്‍വുകളും ഗ്ലോബലൈസേഷനും സോഷ്യല്‍ മീഡിയയുമൊക്കെ ദലിതരുടെ ലോകത്തെ കൂടുതല്‍ വിശാലപ്പെടുത്തിയ തുടര്‍ച്ചകളായാണ് ഞാന്‍ കാണുന്നത്.
സവര്‍ണ്ണനും, അവര്‍ണ്ണനും ജാതി അനുഭവം ഒന്നല്ല. സവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം പ്രിവിലേജിന്റെ ചിഹ്നമായ ജാതി ഉപേക്ഷിക്കുകയെന്നു പറഞ്ഞാല്‍ താരതമ്യേന എളുപ്പമാണ്. പുരോഗമനപരമായ ഒരു സമീപനത്തിന്റെ, ജീവിതത്തിന്റെ മേലങ്കിയണിയുന്നതിനും അതുവഴി സാദ്ധ്യമാണ്. അതേസമയം അവര്‍ണ്ണരെ സംബന്ധിച്ചിടത്തോളം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഹീനതകളുടെ മുഴുവന്‍ അടിത്തറയായ ജാതി ഉപേക്ഷിച്ചുവെന്നു പറഞ്ഞാല്‍ മാത്രം ഉപേക്ഷിക്കുവാന്‍ കഴിയുന്നതല്ല. തൂണിലും, തുരുമ്പിലും ഉണ്ടെന്നു പറയുന്ന ദൈവത്തെ പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം ജാതിയുടെ പീഢനം. സമാനതകളില്ലാത്ത ഒരു തരം സങ്കീര്‍ണ്ണതയാണ് ഈ സ്ഥിതിവിശേഷം. എഴുത്തുകാരന്‍ എന്ന നിലയില്‍ താങ്കള്‍ എങ്ങനെയാണ് ഈ വിഷയത്തെ അഭിമുഖീകരിക്കുന്നത്.
ഇന്ത്യ ലോകത്തിന് നല്‍കിയ മഹത്തായ 'സംഭാവന'യാണ് ജാതിവ്യവസ്ഥ. അമേരിക്കയിലോ അന്റാര്‍ട്ടിക്കയിലോ പോയാലും, ചന്ദ്രനിലോ ചൊവ്വയിലോ എത്തിയാലും ജാതിഹിന്ദുക്കള്‍ പ്രാക്ടീസുചെയ്യാന്‍ മറക്കാത്ത ഒന്നാണ് ജാതി. സവര്‍ണ്ണര്‍ക്ക് വേണ്ടെന്നുവെക്കാനും ദലിതര്‍ക്ക് ആര്‍ജ്ജിക്കാനും ആകാത്തവയാണ് ജാതിയുടെ പ്രിവിലേജുകള്‍. വേര്‍തിരിവിന്റെയും വലിപ്പച്ചെറുത്തിന്റെയും ശുദ്ധ-അശുദ്ധി സങ്കല്‍പ്പങ്ങളുടെയും വേരുകള്‍ ഇന്ത്യന്‍ സാമൂഹ്യമനസില്‍ ആഴത്തിലും പരപ്പിലും പടര്‍ത്തിയത് ജാതിവഴക്കങ്ങളാണ്. സവര്‍ണ്ണരോടൊപ്പം അവര്‍ണ്ണരും കീഴാളരും അതിനെ പരിപാലിച്ച് ബ്രാഹ്മണ്യത്തിന് ശക്തിപകരുന്നു എന്നതാണ് സമകാലിക ഇന്ത്യ നേരിടുന്ന പ്രധാനവെല്ലുവിളി അഥവാ വൈരുദ്ധ്യം.
ആവുന്നവിധം ജീവിതത്തിലും ചിന്തയിലും എഴുത്തിലും ഇതിനെതിരെ പ്രതികരിക്കുക എന്നതാണ് എഴുത്തുകാരനെന്ന നിലയില്‍ ഒരാള്‍ക്ക് ചെയ്യാവുന്ന കാര്യം. എഴുത്തിലൂടെയും കലയിലൂടെയും നീതിയ്ക്കും ജനാധിപത്യത്തിനും തുല്യതയ്ക്കും വേണ്ടി നിരന്തരം ഇടപെട്ടുകൊണ്ടേയിരിക്കുക. മാനുഷികമൂല്യങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വിലകല്‍പ്പിക്കാത്ത 'മൃഗീയ'ഭൂരിപക്ഷത്തിന്റെ ഭാവുകത്വത്തില്‍ ചെറിയ മാറ്റമെങ്കിലും വരുത്താന്‍ ശ്രമിക്കുക. എന്നതുമാത്രമാണ് വേറിട്ടുചിന്തിക്കുന്ന എഴുത്തുകാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. ക്രിയാത്മകവും സജീവമായ പ്രതിപക്ഷമായിരുന്നുകൊണ്ട് സാമൂഹ്യനീതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളാന്‍ എഴുത്തിടപെടലുകള്‍ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം.
മാനവികതയെ കുറിച്ചുള്ള എഴുത്തിന്റെ അല്ലെങ്കില്‍ കലയുടെ പ്രപഞ്ചവീക്ഷണവും (യൂണിവേര്‍സല്‍) ജാതി, വംശം, സ്ത്രീ തുടങ്ങിയ സവിശേഷതകളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ അവഗണിക്കാനാവാത്ത ഗണങ്ങളാണെന്ന വീക്ഷണം ഇപ്പോള്‍ വ്യാപകമാണ്. ഇക്കാര്യത്തില്‍ എന്താണ് താങ്കളുടെ നിലപാട്?
യൂറോകേന്ദ്രിതമായ മുഖ്യധാരാ മാനവിക സങ്കല്‍പ്പങ്ങള്‍ പുറത്താക്കിയ കര്‍തൃത്വങ്ങളുടെ അവബോധപരമായ മുന്നേറ്റമാണ് ലോകത്തെക്കുറിച്ചുള്ള പല പരമ്പരാഗത ധാരണകളെയും മാറ്റിമറിച്ചത്. ഇതില്‍ വംശ/ജാതി/ലിംഗ കര്‍തൃത്വങ്ങള്‍ക്ക് നിര്‍ണായക പങ്കാണുള്ളത്. ചരിത്രപരവും സാമൂഹ്യപരവും ലിംഗപരവും സാംസ്കാരികവുമായ വേര്‍തിരുകളുടെയും, കൈയാളുന്ന അധികാരത്തിന്റെയും പ്രിവിലേജുകളുടേയും വെളിച്ചത്തിലാവണം മാനവികതയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ചിട്ടപ്പെടുത്താന്‍. അപ്പോഴാവും സാമൂഹ്യനീതിയും ലിംഗനീതിയും ജനാധിപത്യവും വിഭവാധികാരവും മററും തുല്യരീതിയില്‍ വിതരണം ചെയ്യപ്പെടുക.
കലയുടെ അനന്തതമായ സാധ്യതപോലെ തന്നെ പ്രധാനപ്പെട്ടതാണ് നീതിയുടെയും പ്രശ്നവും. കലയുടേത് സര്‍ഗ്ഗാത്മകമായ പ്രശ്നമാണെങ്കില്‍ നീതിയുടേത് ജനാധിപത്യപരമാണ്. നീതിയോളം സമഗ്രമായി ലോകത്തെ അഭിസംബോധന ചെയ്യാന്‍ കലയ്ക്ക് കഴിയുമെന്ന് തോന്നുന്നില്ല. കലയില്‍ അനീതിക്കുകൂടി ഇടമുണ്ട്. സകലതിനെയും ഉള്‍ക്കൊള്ളാനാവാത്ത 'മാനവികത'യില്‍ ഉള്ളടങ്ങിയിട്ടുള്ള അനീതികള്‍ കലയിലൂടെ പുറത്തുവരുന്നത് അതിനാലാണ്. തിരസ്കൃതമായ കര്‍തൃത്വങ്ങളുടെ ചെറുത്തുനില്‍പ്പിലൂടെ, വീണ്ടെടുപ്പിലൂടെ, അവരുടെ വിവിധങ്ങളായ പ്രകാശനങ്ങളിലൂടെ മാനവികതാവാദം നിരന്തരം പ്രശ്നവല്‍ക്കരിക്കപ്പെടേണ്ടതുണ്ട്.
ദളിത് എഴുത്ത് എന്ന പ്രമേയം കേരളത്തിൽ വൈകി എത്തിയ ഒന്നാണ്. മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും എല്ലാം 1970 കളിൽ തന്നെ ദളിത് എഴുത്തുകാർ ദളിത് സാഹിത്യം എന്ന നിലയിൽ ആവിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. കേരളത്തിൽ എന്നാൽ അത് കാണാനാവില്ല. എന്താണ് അതിന്റെ കാരണം.
ഒരേ രാജ്യത്തിന്റെ ഭാഗമായിരിക്കുമ്പോഴും ഇന്ത്യയുടെ ഇതര പ്രദേശങ്ങളില്‍ നിന്ന് സാംസ്കാരികമായും രാഷ്ട്രീയമായും ഭാവുകത്വപരമായും വ്യത്യസ്തമായ ഒരിടമാണ് കേരളം. താരതമ്യങ്ങളെ അപ്രസക്തമാക്കുന്ന അന്തരങ്ങള്‍ കേരളവും ഇന്ത്യന്‍ പ്രദേശങ്ങളും തമ്മിലുണ്ടെന്ന് ചുരുക്കം. ഇതിന്റെ പശ്ഛാത്തലത്തില്‍ വേണം ദലിത് സാഹിത്യം സംബന്ധിച്ച കാര്യവും പരിശോധിക്കാന്‍. ദലിതരുടെ സാമൂഹിക-രാഷ്ട്രീയ ഇടപെടലുകളുമായി ബന്ധപ്പെട്ട് പരിശോധിച്ചാല്‍ അയ്യന്‍കാളി പ്രസ്ഥാനത്തിനുശേഷം 1940 മുതല്‍ നാലുപതിറ്റാണ്ടോളമുള്ള സാഹിത്യ മേഖലയില്‍ ഉള്‍പ്പെടെയുള്ള ദലിതരുടെ സ്വതന്ത്രവും സ്വത്വാധിഷ്ഠിതവുമായുള്ള ഇടപെടലുകള്‍ ദുര്‍ബലമോ അസംഘടിതമോ ആയിരുന്നെന്ന് കാണാം. ഇടതുപക്ഷാഭിമുഖ്യത്തിലേക്കുള്ള ദലിതരുടെ വ്യാപകമായ മാറ്റവും, ജാതിക്കുപകരം വര്‍ഗ്ഗം പ്രധാന സാമൂഹ്യ വിശകലനോപാധിയായി മാറിയതും, അംബേദ്കര്‍ ചിന്തയുടെ പ്രസക്തി തിരിച്ചറിയാന്‍ വൈകിയതും കേരളത്തിലെ ദലിത് സാഹിത്യത്തിന്റെ ആവിര്‍ഭാവത്തെ താമസിപ്പിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്.
ജാതിയെയും സാമൂഹ്യവേര്‍തിരിവുകളെയും സാഹിത്യത്തെയുമൊക്കെ മനസിലാക്കുന്നതില്‍ വര്‍ഗ്ഗാധിഷ്ഠിത വിശകലനത്തിനും, ഗാന്ധിയന്‍ ഉദാരതയ്ക്കും
മറ്റുമുണ്ടായിരുന്ന പരിമിതികളെ കേരളത്തിലെ ദലിതര്‍ ശ്രദ്ധേയമായി മനസിലാക്കിത്തുടങ്ങുന്നത് എണ്‍പതുകളോടെ ആണെന്ന് തോന്നുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കൂടുതല്‍ വ്യക്തമായ സാമൂഹിക-രാഷ്ട്രീയ ഉള്ളടക്കത്തോടും സൗന്ദര്യശാസ്ത്രപരമായ വ്യതിരിക്തതയോടും കേരളത്തില്‍ ദലിത് സാഹിത്യം ശക്തി പ്രാപിക്കുന്നത്. ദലിതര്‍ സ്വതന്ത്രനേതൃത്വത്തിലൂടെ അയ്യന്‍കാളി, പൊയ്കയില്‍ അപ്പച്ചന്‍ തുടങ്ങിയ നവോത്ഥാന നായകരെ വീണ്ടെടുത്തതും, അംബേദ്കര്‍ കൃതികളുടെ മലയാളത്തിലേക്കുള്ള കടന്നുവരവും, സമാന്തരമായി ബ്ലാക് ലിറ്ററേച്ചര്‍, ആഫ്രോ-അമേരിക്കന്‍ സാഹിത്യമുള്‍പ്പെടെയുള്ള ലോകസാഹിത്യത്തിലേക്ക് തുറക്കപ്പെട്ട സ്വതന്ത്രവാതായനങ്ങളും ഈ ആവിര്‍ഭാവത്തിന് പശ്ചാത്തലമായി.
ദലിത് സാഹിത്യം നേരത്തെ ഉരുവംകൊണ്ട സംസ്ഥാനങ്ങളില്‍ മറ്റൊരുവിധത്തില്‍ 1950-70 കാലഘട്ടങ്ങളില്‍ സാഹിത്യത്തിലുണ്ടായ ഘടനാപരമായ മാറ്റം കേരളത്തിലുണ്ടാകുന്നത് 1980-90 കളില്‍ മാത്രമാണ്. നവോത്ഥാന കാലത്തിന്റെയും ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെയും അനന്തരഫലമായി കേരളസമൂഹത്തില്‍ ജാതി അതിന്റെ അതിതീവ്രഭാവം വെടിഞ്ഞ് സൂക്ഷ്മഭാവത്തിലേക്ക് കുടിയേറിയതും ഒരു പരിധിവരെ മലയാള ദലിത് സാഹിത്യത്തെ വൈകിപ്പിച്ചതില്‍ കാരണമായിട്ടുണ്ടാവാം.
ഇന്ത്യയിലും കേരളത്തിലുമടക്കം നടന്നുവെന്ന് കരുതപ്പെട്ടിരുന്ന നവോത്ഥാനത്തിന്റെ ആഖ്യാനങ്ങളെ തീക്ഷ്ണമായി വിമര്‍ശന വിധേയമാക്കുന്നതായിരുന്നു 1970-കളിലും അതിന് ശേഷവും രൂപപ്പെട്ട ദളിത് എഴുത്തുപോലുള്ള ആവിഷ്‌ക്കാരങ്ങളുടെ പ്രധാന സവിശേഷത. ഒരു തരത്തിലുളള രക്ഷകര്‍തൃത്വവും തങ്ങള്‍ക്ക് ആവശ്യമില്ലെന്ന നിലപാടുകള്‍ അവയില്‍ വ്യക്തമായിരുന്നു. ദളിത് എന്ന വാക്കു പോലും ആ നിലയില്‍ ഉയര്‍ന്നു വന്നതായിരുന്നു. ഈ മാറ്റങ്ങളെ താങ്കള്‍ എങ്ങനെ വിലയിരുത്തുന്നു.
കൊളോണിയല്‍ മോഡേണിറ്റിയും മുഖ്യധാരാ നവോത്ഥാന ഇടപെടലുകളും ഇടതുപക്ഷരാഷ്ട്രീയ പ്രവര്‍ത്തനങ്ങളും ദലിതരുടെ നിലവിലുണ്ടായിരുന്ന ജീവിതാവസ്ഥയെ കുറച്ചൊക്കെ മെച്ചപ്പെടുത്തിയെങ്കിലും ഇക്കാലയളവില്‍ ഇതര സാമൂഹ്യവിഭാഗങ്ങള്‍ കൈവരിച്ച സോഷ്യല്‍ മൊബിലിറ്റിയുമായി താരതമ്യം ചെയ്തുപരിശോധിച്ചാല്‍ ദലിതര്‍ക്കുണ്ടായ പുരോഗതി നിസാരമാണെന്ന് കാണാന്‍ കഴിയും. ദലിതരുടെ സാമൂഹ്യപുരോഗതിയെ കേരളത്തിലെ ഉപരി-മധ്യമ ജാതിസമൂഹങ്ങളുടേതുമായി താരതമ്യം ചെയ്യാതെ ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലെ ദലിതരുടേതുമായി തട്ടിച്ച് പരിശോധിച്ചുകൊണ്ടാണ് സാമൂഹ്യശാസ്ത്രജ്ഞര്‍ കേരളമോഡല്‍ വികസനത്തെയൊക്കെ ഹൈലൈറ്റ് ചെയ്തിരുന്നത്.
മുഖ്യധാരാ നവോത്ഥാനത്തെയും ഇടതുപക്ഷത്തെയും വലതുപക്ഷ ഉദാരതയെയും മറ്റും വിമര്‍ശനാത്മകമായി സമീപിക്കാന്‍ ദലിതര്‍ക്ക് മുഖ്യമായും ഉപാധികള്‍ ലഭിക്കുന്നത് അംബേദ്കറിസത്തില്‍ നിന്നാണ്. അടിമകള്‍, ആശ്രിതതൊഴിലാളികള്‍, കുടിയന്മാര്‍, ഹരിജനങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍, പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ തുടങ്ങിയ പരകീയവിശേഷണങ്ങള്‍ കൈയൊഴിഞ്ഞ് ദലിതര്‍ എന്നൊരു സ്വകീയവിശേഷണം രൂപംകൊള്ളുന്നത് അംബേദ്കര്‍ ചിന്തയുടെ പരിണിതഫലമായാണ്.
കര്‍മ്മസ്ഥാനത്തുനിന്ന് കര്‍തൃസ്ഥാനത്തേക്കുള്ള ദലിതരുടെ ഘടനാപരമായ മാറ്റത്തെ സാധ്യമാക്കിയത് അംബേദ്കറിസത്തിന്റെ ഉപോല്‍പ്പന്നമായ ദലിതാവബോധമാണ് അഥവാ പോസ്റ്റ് അംബേദ്കറിസമാണ്. സ്വത്വാധിഷ്ഠിതമായ തിരിച്ചറിവുകളുടെ വെളിച്ചത്തില്‍ ഉണ്ടായ ഉണര്‍വുകളാണ് ദലിതാവബോധത്തെയും ഭാവുകത്വത്തെയും രൂപപ്പെടുത്തിയത്. ഇതിന്റെ ഉപോല്‍പ്പന്നങ്ങളാണ് ദലിത് സാഹിത്യവും ദലിത് വിമര്‍ശവും മറ്റും.
കൊളോണിയല്‍ ആധുനികതയുടെ ഭാഗമായി ഉരുത്തിരിഞ്ഞ ഇന്ത്യന്‍ ദേശീയ സ്വത്വത്തിന്റെ ഭാവനകളെ നിശിത വിമര്‍ശനത്തിന് വിധേയമാക്കുന്ന ആവിഷ്‌ക്കാരങ്ങള്‍ ഇന്ത്യന്‍ കലാ-സാഹിത്യ ചരിത്രത്തില്‍ പുതുതല്ല. എന്നാല്‍ സവര്‍ണ്ണ വിഭാഗങ്ങളില്‍ ഉള്‍പ്പെട്ട എഴുത്തുകാരിലും, കലാകാരിലും നിന്നും വന്ന അത്തരത്തിലുള്ള ആവിഷ്‌ക്കാരങ്ങള്‍ പ്രധാനമായും ഫോക്കസ് ചെയ്ത വിഷയം 1947-നു ശേഷം ഉടലെടുത്ത ഭരണകൂടത്തിന്റെയും അതിന്റെ ആശയപരമായ പരാജയങ്ങളുമായിരുന്നു എന്നു തോന്നുന്നു. അല്ലെങ്കില്‍ വ്യക്തിപരമായ സംഘര്‍ഷങ്ങള്‍. ഒരു തരം മോഹഭംഗത്തിന്റെ ഭാഷയായിരുന്നു അതിന്റെ ആവിഷ്‌ക്കാരങ്ങള്‍. എന്നാല്‍ ദളിതര്‍, മത ന്യൂനപക്ഷങ്ങള്‍, വടക്കു-കിഴക്കന്‍ മേഖലകളിലെ വംശീയ ന്യൂനപക്ഷങ്ങള്‍, കാശ്മീരികള്‍ തുടങ്ങിയവരുടെ ആവിഷ്‌ക്കാരങ്ങള്‍ പോസ്റ്റ്-കൊളോണിയല്‍ ഇന്ത്യയെ കുറിച്ചുള്ള അടിസ്ഥാന ധാരണകളെ (അസംപ്ഷനുകളെ) തന്നെ ചോദ്യം ചെയ്യുന്നതും, പ്രശ്‌നവല്‍ക്കരിക്കുന്നതുമായിരുന്നു. ഈയൊരു വിലയിരുത്തലിനെ താങ്കള്‍ എങ്ങനെ വീക്ഷിക്കുന്നു.
ബ്രഹദാഖ്യാനങ്ങളുടെ വിധ്വംസകതകളെയും പരിമിതികളെയും അസഹിഷ്ണുതകളെയും പ്രശ്നവല്‍ക്കരിച്ചുകൊണ്ട് സ്വാതന്ത്ര്യാനന്തരം ദലിതരും, ആദിവാസികളും, സ്ത്രീകളും, പരിസ്ഥിതി പ്രവര്‍ത്തകരും, മത ന്യൂനപക്ഷങ്ങളും, ലൈംഗിക ന്യൂനപക്ഷങ്ങളും, വടക്കു-കിഴക്കന്‍ മേഖലകളിലെ വംശീയ ന്യൂനപക്ഷങ്ങളും, കാശ്മീരികളും നീതിക്കും തുല്യതക്കും മനുഷ്യാവകാശത്തിനും വേണ്ടി നടത്തിയ വിവിധങ്ങളായ ഇടപെടലുകള്‍ ഇന്ത്യന്‍ ജനാധിപത്യ പ്രക്രിയയിലെ ശ്രദ്ധേയ അധ്യായങ്ങളാണ്. ഈ ഇടപെടലുകളെ തുടര്‍ന്നുവരുന്ന, തുടരേണ്ട ഒരു പ്രക്രിയയാണ് ഞാന്‍ വിലയിരുത്തുന്നത്.
പക്ഷെ ഇത്തരത്തിലുള്ള ജനാധിപത്യ പ്രവര്‍ത്തനങ്ങളെയും പ്രതിഷേധങ്ങളെയും വിയോജിപ്പുകളെയും വളരെവേഗം രാജ്യദ്രോഹമായി പരിഭാഷപ്പെടുത്തുന്ന ഒരുരീതി ദേശിയതലത്തില്‍ സാര്‍വത്രികമായി നിലനില്‍ക്കുന്നത് ജനാധിപത്യത്തിനും ബഹുസ്വരതയ്ക്കും വെല്ലുവിളിയാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഭരണകൂടാധികാരത്തിന്റെ മണ്ഡലത്തിലെ പ്രബലശക്തിയായി രാഷ്ട്രീയ ഹൈന്ദവികത അഥവാ ഹിന്ദുത്വം മാറിയത് സാംസ്‌ക്കാരിക ജീവിതത്തിലും വലിയ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ഞാന്‍ മുകളില്‍ സൂചിപ്പിച്ച ആവിഷ്‌ക്കാരങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചോദ്യം ചെയ്യലുകളെ ശരിവെയ്ക്കുന്ന തരത്തിലാണ് ഹിന്ദുത്വ രാഷ്ട്രീയം നേടിയ വളര്‍ച്ച. ഇന്ത്യയിലെ പരമ്പരാഗത ലിബറല്‍-ഇടതു പുരോഗമനവാദികളുടെ ഭാവനകളുടെ പരിമിതി കൂടി വെളിപ്പെടുത്തുന്നതാണ് ഈ വളര്‍ച്ചയെന്ന വീക്ഷണത്തെ പറ്റി എന്താണ് താങ്കളുടെ വിലയിരുത്തല്‍.
ഇന്ത്യയൊട്ടാകെ ജാതിവഴക്കങ്ങളോട് ഇണചേര്‍ന്ന് സാംസ്കാരികമായി പടര്‍ന്നുകിടന്നിരുന്ന ഹിന്ദുത്വം സംഘപരിവാരത്തിന്റെ മുന്‍കൈയില്‍ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടതോടെ മുഖ്യമായും വെട്ടിലായത് അറിഞ്ഞും അറിയാതെയും സാംസ്കാരികമായി ഹിന്ദു(ജാതി)ജീവിതം നയിച്ചുവന്ന ഇതര രാഷ്ട്രീയവിഭാഗക്കാരാണ്. സാംസ്കാരികമായി അടിമുടി സവര്‍ണ്ണ ഹൈന്ദവജീവിതം നയിക്കുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്കും കോണ്‍ഗ്രസുകാര്‍ക്കും രാഷ്ട്രീയമായിമാത്രം വിയോജിച്ചുകൊണ്ട് എങ്ങനെയാണ് സംഘപരിവാരത്തിന്റെ ഹിന്ദുത്വ-രാഷ്ട്രീയ അജണ്ടകളെ ഫലപ്രദമായി പ്രതിരോധിക്കാനാവുക.
'ജനകീയമുഖം' തിരിച്ചുപിടിക്കാനായി ആചാരസംരക്ഷകരും നടത്തിപ്പുകാരുമായിമാറി ഹൈന്ദവരാഷ്ട്രീയത്തെ പരോക്ഷമായി ബലപ്പെടുത്തുന്ന ഇതര രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഇടപെടലുകള്‍ സമീപകാലത്ത് കേരളത്തിലെ തെരുവുകളില്‍ കൂടിവരികയാണല്ലോ. പുരോഗാമിത്വത്തെ കൈയൊഴിഞ്ഞ് ജാതീയതവും സ്ത്രീവിരുദ്ധതയും അടിഞ്ഞുകൂടിയ ഭൂരിപക്ഷഭാവുകത്വത്തോട് സന്ധിചേരുന്ന പ്രവണതകളും ഇവരുടെ മുന്‍കൈയില്‍ ഇപ്പോള്‍ സാധാരണമാണ്.
യഥാര്‍ത്ഥത്തില്‍ സവര്‍ണ്ണരായ ഹിന്ദുത്വേതര രാഷ്ട്രീയക്കാരില്‍ സാംസ്കാരികമായി ചിതറിക്കിടന്നിരുന്ന ഹൈന്ദവതയെ സമര്‍ത്ഥമായി സമാഹരിക്കുകയാണ് സംഘപരിവാര രാഷ്ട്രീയം ചെയ്തത്. രാഷ്ട്രീയമായി വേറിട്ടുനിന്നാലും സംസ്കാരികമായി ഒരുമിക്കാനുള്ള സാധ്യതകള്‍ സവര്‍ണ്ണര്‍ക്കിടയില്‍ അവശേഷിക്കുന്നുവെന്ന രാഷ്ട്രീയത്തെ ലെജിറ്റിമൈസ് ചെയ്യുകയായിരുന്നു ഹിന്ദുത്വരാഷ്ട്രീയം. പുതിയ രൂപത്തില്‍ ജാതിവ്യവസ്ഥയെതന്നെ ഈ കൂട്ടായ്മ പുനരാനയിക്കുമോ എന്ന് ആശങ്കപ്പെടേണ്ടിയിരിക്കുന്നു.
സവര്‍ണ്ണര്‍ക്കൊപ്പം മധ്യമ-കീഴാളജാതി വിഭാഗങ്ങളില്‍പ്പെട്ട നല്ലൊരു ശതമാനത്തെയും ഇതേവിധം രാഷ്ട്രീയമായും സാസ്കാരികമായും ഭാവുകത്വപരമായും തങ്ങളുടെ അജണ്ടകള്‍ക്ക് അനുകൂലമാക്കിയെടുക്കാന്‍ കഴിഞ്ഞുവെന്നതാണ് സംഘപരിവാരത്തിന്റെ രാഷ്ട്രീയവിജയം. അത് തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ രാഷ്ട്രീയ വിജയത്തില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല.
കാലഹരണപ്പെട്ടതെന്നു കരുതിയ മാമൂലുകളും, ആചാരങ്ങളും പുതിയ ആടയാഭരണങ്ങളുമായി ഹിന്ദുത്വയുടെ കാലഘട്ടത്തില്‍ മാന്യത നേടുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. കേരളവും അക്കാര്യത്തില്‍ പിന്നിലല്ല. കൊളോണിയല്‍ അധീശത്വത്തിന്റെയും, ആധുനികതയുടെയും തണലില്‍ രൂപമെടുത്ത നവീനമായ ബ്രാഹ്മണ്യവാദമാണ് അതിന്റെ അടിത്തറയായി വര്‍ത്തിക്കുന്നതെന്ന വീക്ഷണം എത്രത്തോളം ശരിയാണ്.
ബ്രാഹ്മണ്യമേല്‍ക്കോയ്മയെ പുതിയരൂപത്തില്‍ അംഗീകരിക്കുന്ന/അടിച്ചേല്‍പ്പിക്കുന്ന രാഷ്ട്രീയത്തിന് മേല്‍കൈയുള്ള ഒരു സാമൂഹികാന്തരീക്ഷത്തിലാണ് നാമിപ്പോള്‍ ജീവിക്കുന്നത്. ഇതൊരു ദേശീയാനുഭവം മാത്രമായി ചുരുക്കികാണാന്‍ കാണാന്‍ കഴിയുകയില്ല; സൂക്ഷ്മാര്‍ത്ഥത്തില്‍ ഇതൊരു പ്രാദേശീയാനുഭവം കൂടിയാണ്. ഹിന്ദുത്വ അജണ്ട കേരളത്തില്‍പ്പോലും ഇപ്പോള്‍ 'പക്കാ ലോക്കലാ'യി മാറിയിട്ടുണ്ട്. ജാതിമേല്‍ക്കോയ്മയുടെ പ്രിവിലേജുകള്‍ അനുഭവിച്ചവര്‍ മാത്രമല്ല, അതിന്റെ തിക്തഫലങ്ങള്‍ തലമുറകളായി അനുഭവിച്ചവരുടെ പിന്‍മുറക്കാര്‍പ്പോലും നവബ്രാഹ്മണ്യത്തിന്റെ പ്രായോജകരായി രംഗത്തുവന്ന് 'ആചാരസംരക്ഷകരാ'യി വിളയാടുന്ന കാലത്തെയാണോ ഇനി 'കലികാല'മെന്ന് വിളിക്കേണ്ടത്.