TMJ
searchnav-menu
post-thumbnail

folklore

മതിലിന് പുറത്തായ ദൈവങ്ങൾ

25 Aug 2021   |   1 min Read
സുധീഷ് ചട്ടഞ്ചാൽ

Photo : Prasoon Kiran

 

ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം

 

 

ചുടലഭദ്രകാളി തെയ്യം.
നമ്പൂതിരി ഇല്ലങ്ങളിൽ കെട്ടിയാടപ്പെടുന്ന രൗദ്രമൂർത്തി.
ഈ തെയ്യത്തിന് 'കോട്ട' കെട്ടണം. തെയ്യം ഉറയുമ്പോൾ ആൾക്കാർ തെയ്യത്തിനു ചുറ്റും കൈകൾ കോർത്ത് മതില് തീർക്കുന്നതിനെയാണ് കോട്ട കെട്ടുക എന്ന് പറയുന്നത്.
ഈ കോട്ട തകർത്ത് പുറത്തുകടക്കാൻ തെയ്യം ശ്രമിക്കും. കോട്ട തകർന്നാൽ തെയ്യം ഇല്ലത്തിനകത്തേക്ക് ഓടിക്കേറുമത്രെ.
"എപ്പോഴെങ്കിലും കോട്ട തകർത്തിട്ടുണ്ടോ?" ഞാൻ ചോദിച്ചു.
"എന്റെ അറിവിൽ ഇല്ല."
"ഇനിയെങ്ങാനും കോട്ട തകർന്നാൽ തെയ്യം ഓടിക്കേറുമോ?"
"എന്നാലും സാധ്യതയില്ല."
"അതെന്തേ?"
"തെയ്യത്തിന്റെ ഉള്ളിൽ വിലക്കപ്പെട്ട ഒരു മനുഷ്യനുണ്ടല്ലോ!"

പയ്യന്നൂരെ ഒരു സുഹൃത്തുമായുള്ള സംഭാഷണത്തിന്റെ ചുരുക്കെഴുത്താണ് മുകളിൽ. വിഷയം തെയ്യവും ജാതീയ വേർതിരിവും ഒക്കെയായിരുന്നു. തെയ്യത്തിന്റെ സൗന്ദര്യ-അനുഷ്ഠാന വശങ്ങൾ ഏറെ വിപുലമായി എഴുതപ്പെട്ടു കഴിഞ്ഞു. മിത്തുകളും ഐതീഹ്യങ്ങളും കഥയായും നോവലായും പകർത്തപ്പെട്ടു. തോറ്റങ്ങളും വാചാലുകളും കീഴാളപ്രതിരോധത്തിന്റെ ഉരുക്കുവേലികളെന്നു വാഴ്ത്തപ്പെട്ടു. തെയ്യമൊരു പരിസ്ഥിതിയാണെന്നും പ്രകൃതിയും വിശ്വാസവും പാരസ്പര്യത്തിന്റെ പന്തീരടി ഉയരമുള്ള തിരുമുടിയാണെന്നും സ്ഥാപിക്കപ്പെട്ടു. തെയ്യക്കാരന്റെ ഉള്ളുപൊള്ളലിനെ വൈകിയെങ്കിലും മെല്ലെ പറഞ്ഞു തുടങ്ങി. എന്നിട്ടും തെയ്യത്തിലെ ജാതീയതയെ വേണ്ടവിധം തുറന്നുകാട്ടാൻ പലരും മടിച്ചു.

തെയ്യത്തിലെ വിലക്കപ്പെട്ട മനുഷ്യനെ കണ്ടിട്ടുണ്ടോ; അയിത്താചരണത്തിന്റെ കണ്ണിമുറിയാതെ ഇന്നും തറവാട്ടു മുറ്റത്തിന് പുറത്ത് തെയ്യം കെട്ടിയാടേണ്ടി വരുന്ന ദൈവം ചേക്കേറുന്ന ഉടലിനെ?

 

ഉത്തരമലബാറിലെ തെയ്യക്കാവുകൾ അനുഷ്ഠാനവിശാലതയിലും ജാതികൊണ്ട് അതിര് വരഞ്ഞ ഇടുങ്ങിയ മുറ്റങ്ങളെയാണ് മിനുക്കി വെച്ചിരിക്കുന്നത്. നിങ്ങൾക്കതിൽ ചില തെയ്യങ്ങളെ മുറ്റത്തിനകത്ത് ആടുന്നതും ചില തെയ്യങ്ങൾ മുറ്റത്തിന് പുറത്തു അടരാടുന്നതും കാണാം. കണ്ണൂർ ജില്ലയിലത് വേലൻ, പുലയൻ സമുദായങ്ങളാണെങ്കിൽ കാസറഗോഡെത്തുമ്പോൾ നൽക്കദായ, മാവിലൻ സമുദായങ്ങളാണ് ഈ വിവേചനം നേരിടുന്നത്.

 

മടിയൻ കൂലോത്തെ മതിലിനു പുറത്ത് നിൽക്കുന്ന ഗളിഞ്ചൻ തെയ്യം / ഫോട്ടോ: നന്ദകുമാര്‍

 

എന്നുമുതലാണ് എന്ന് ചോദിച്ചാൽ ഓർമ്മവച്ച കാലം മുതൽ എന്നായിരിക്കും തെയ്യക്കാരന്റെ മറുപടി. നൽക്കദായ സമുദായത്തിലെ ഒരാൾ തെയ്യാട്ട രംഗത്തേക്ക് പ്രവേശിക്കുന്നത്  അഞ്ചോ ആറോ വയസ്സിൽ കർക്കിടക തെയ്യമായ ഗളിഞ്ചൻ കെട്ടിക്കൊണ്ടായിരിക്കും. അർജ്ജുനൻ പാശുപതാസ്ത്രത്തിനായി തപസ്സിരിക്കുന്നതും ശിവ-പാർവ്വതിമാർ വേടവേഷത്തിൽ പരീക്ഷിക്കാൻ വരുന്നതും ഒക്കെയുള്ള ഐതീഹ്യം തന്നെയാണ് ഗളിഞ്ചന്റെയും അടിസ്ഥാനം. ഗളിഞ്ചൻ അർജ്ജുനനാണ്. ശിവനെ വേടനായി മലയ സമുദായക്കാരും പാർവ്വതിയെ ആടിയായി വണ്ണാൻ സമുദായക്കാരും കെട്ടിയാടിക്കുന്നു.ജില്ലയിലെ പ്രധാന തറവാടുകളിലും കാവുകളിലും ഒക്കെ അതാത് ഭാഗത്തെ തെയ്യക്കാർ ഒരുമിച്ചു കർക്കിടക തെയ്യം കെട്ടിയാടിക്കേണ്ട സന്ദർഭങ്ങളുണ്ട്. (ഉദാ: മടിയൻകൂലോം, കാഞ്ഞങ്ങാട്) അത്തരം അവസരങ്ങളിൽ ആടിയും വേടനും ക്ഷേത്രമുറ്റത്തും ഗളിഞ്ചൻ ക്ഷേത്രമതിലിന് പുറത്തും ആടിക്കുന്നത് കാണാം. വീടുകളിൽ ഈ വ്യത്യാസം കാണിക്കാറില്ലെങ്കിലും ക്ഷേത്രങ്ങളും തറവാടുകളും ഇത് കൃത്യമായി പാലിച്ചുപോരാറുണ്ട്. അവിടം മുതൽ തെയ്യം കുട്ടിക്കണ്ണിലൂടെ വിവേചനം കണ്ടു തുടങ്ങുന്നു.

 

തെയ്യത്തിലെ വിലക്കപ്പെട്ട മനുഷ്യനെ കണ്ടിട്ടുണ്ടോ; അയിത്താചരണത്തിന്റെ കണ്ണിമുറിയാതെ ഇന്നും തറവാട്ടു മുറ്റത്തിന് പുറത്ത് തെയ്യം കെട്ടിയാടേണ്ടി വരുന്ന ദൈവം ചേക്കേറുന്ന ഉടലിനെ?

 

വടക്കൻ കേരളത്തിൽ സ്പഷ്ടമായി ജാതീയത നിലനിൽക്കുന്ന ജില്ലയാണ് കാസറഗോഡ്. ഭൂതകാലത്തിലെന്ന പോലെ  തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും അവിടെയിവിടെയായി ഇടയ്ക്ക് തലപൊക്കാറുണ്ട്. പ്രത്യേകിച്ചും കർണ്ണാടകയോട് ചേർന്ന അതിർത്തി ഗ്രാമങ്ങളിലും കാസറഗോഡിന്റെ പ്രാന്തപ്രദേശങ്ങളിലും ഇത് കൂടുതലായി കാണാം. ഇത് വായിക്കുന്ന ചിലരെങ്കിലും വിചാരിക്കും, "എവിടെ, എന്നിട്ട് ഞങ്ങളത് കണ്ടില്ലല്ലോ" എന്ന്. അത്രമേൽ സ്വാഭാവീകരിക്കപ്പെട്ട നിലയിലാണ് കാസറഗോഡിന്റെ സാമൂഹ്യവ്യവഹാരങ്ങളിൽ ജാതിഭേദം അലിഞ്ഞിരിക്കുന്നത്. മിശ്രഭോജനത്തിന്റെ നൂറാം വാർഷികാഘോഷം നടന്ന 2017 ലും കാസറഗോഡിന്റെ വടക്കൻ മേഖലകളിൽ രണ്ടുപന്തിയിലാണ് സവർണ്ണർക്കും അവർണ്ണർക്കും ഭക്ഷണം വിളമ്പിയിരുന്നത്. ബെള്ളൂർ മഹാദേവക്ഷേത്രത്തിലെ മൂന്നുദിന ഉത്സവത്തിന് രണ്ടുപന്തിയായി ഭക്ഷണം വിളമ്പിയത് വാർത്തയായിരുന്നല്ലോ. മലബാറിലെ ഏറ്റവും വലിയ പന്തിഭോജനം നടന്ന കാസറഗോട്ടെ കൊടക്കാടിന്റെ ചരിത്രമോർക്കുമ്പോൾ രണ്ടുപന്തികളിലായി അയിത്തമുണ്ണേണ്ടി വരുന്ന ഉൾനാടൻ ഊരുകളിലേക്ക് അതിന്റെ മണമേ അടിച്ചിട്ടില്ലെന്നു പറയേണ്ടിവരും. "നിങ്ങ ആടയല്ല, ഈടയാണ് ഇരിക്കേണ്ടത്" എന്ന് തുറന്നുപറയുന്ന, ദളിതൻ ഇരുന്നയിടം പുണ്യജലം തളിച്ച് ശുദ്ധിയാക്കുന്ന 'ഉയർന്ന' ചിന്തയുള്ളവരുടെ നാടിന് ഇതൊരു അനാചാരമായിപ്പോലും തോന്നുന്നില്ല എന്നതാണ് വർത്തമാനകാല ദുരിതം.

 

അബ്രാഹ്മണർക്ക് ശ്രീകോവിലിന് മുന്നിൽ നിന്ന് തൊഴാൻ സാധിക്കാത്ത ക്ഷേത്രങ്ങൾ ഇന്നും കാസറഗോഡുണ്ട്. കർണ്ണാടകയിൽ നിന്നും കുടിയേറിപ്പാർത്ത ഒരുപാട് ബ്രാഹ്മണ കുടുംബങ്ങൾ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു തങ്ങളുടെ അധീശത്വം കൈവിട്ടുപോവാതിരിക്കാൻ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ബ്രാഹ്മണരല്ലാത്ത എല്ലാവരോടും കാണിക്കുന്ന വേർതിരിവ് ദളിതരുടെ കാര്യത്തിൽ കുറച്ചധികം രൂക്ഷമാകും.  ബ്രാഹ്മണരുടെ മേൽക്കോയ്മ കഴിഞ്ഞാൽ താഴേക്ക് വരുമ്പോഴും ജാതീയതയ്ക്ക് വലിയ കുറവൊന്നുമില്ല. നായർ, മണിയാണി, തീയ്യർ തുടങ്ങി പട്ടികജാതിക്കാർ വരെ തരാതരം തങ്ങൾക്ക് താഴെ എന്ന് ധരിച്ചുവച്ചിരിക്കുന്നവരോട് അയിത്തം കാണിക്കും. താഴോട്ട് വരുംതോറും തീവ്രത കുറയുമെങ്കിലും അനീതിക്കിരയായവർ തന്നെ അതിന്റെ കയ്പ്പ് താഴെത്തട്ടിലേക്കും അറിഞ്ഞോ അറിയാതെയോ പകർന്നുകൊടുക്കും. കർണാടകയുടെ അതിർത്തിപ്രദേശങ്ങളിൽ ബ്രാഹ്മണരും അബ്രാഹ്മണരും എന്ന ദ്വന്ദ്വത്തിനുള്ളിലാണ് സമൂഹം കൊരുക്കപ്പെട്ടതെങ്കിൽ വടക്കുവിട്ട് മലയാളി ഭൂരിപക്ഷ പ്രദേശങ്ങളിലേക്കെത്തുമ്പോൾ അത് നായരുൾപ്പെടുന്ന മറ്റ് മുന്നോക്ക ജാതികളുടെ മേൽക്കോയ്മയിലും സവർണ്ണാഭിമുഖ്യമുള്ള പിന്നോക്ക ജാതികളുടെ ചെറുത്തുനിൽപ്പിലുമാണ് വിലയം പ്രാപിക്കുന്നത്. കുറച്ചുമുമ്പ് കുണ്ടംകുഴി ഭാഗത്തെ ഒരു മാവില കുടുംബത്തിന്റെ വീട്ടിൽ തൊഴിലുറപ്പ് പണിക്കുവന്ന നായർ, തീയ്യ ഉൾപ്പെടുന്ന സ്ത്രീകൾ അവർ കൊണ്ടുവച്ച ചായകുടിക്കാതെ ബേക്കറി പലഹാരം മാത്രം കഴിച്ചുപോയതിനെക്കുറിച്ചു ഒരു സുഹൃത്ത് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 'നാളെ വൈകീട്ട് ചായയ്ക്ക് വീട്ടിലുണ്ടാക്കിയ അടയാണ്' എന്ന മധുരപ്രതികാരത്തോടെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.

 

തെയ്യമുണ്ടോ വിടുന്നു, തോറ്റത്തിലും വാക്കുരിയിലും കൂടുതൽ തീ നിറച്ച് ജാതിയുടെ കരിമരുന്നുപ്രതലത്തിൽ ഉരസിക്കൊണ്ടേയിരുന്നു. എന്നിട്ടും ജാതി ചാരമായില്ല. അത് പൂർവ്വാധികം സ്പഷ്ടമായി തെയ്യക്കളങ്ങളിൽ മായ്ക്കാവാത്ത അതിരുകൾ വരച്ചുകൊണ്ടേയിരുന്നു.

 

കാസര്‍ഗോഡിന്‍റെ ഭൂപ്രകൃതി / ഫോട്ടോ: TMJ

 

ദളിതരുടെ വീടുകളിൽ കല്യാണം പോലുള്ള ചടങ്ങുകളിലേക്ക് മേൽജാതിക്കാർ വന്നാൽ അവർക്ക് പ്രത്യേകമായി സോഫ്റ്റ് ഡ്രിങ്ക്‌സും ബേക്കറിപ്പൊതിയും  കൊടുത്തിരുന്നത് എന്റെ ഓർമ്മയിലുണ്ട്. ഞങ്ങൾ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാതെ വൈകുന്നേരമോ മറ്റോ വന്ന് കോളയും ബേക്കറി പലഹാരവും കഴിച്ചുപോകുന്ന ഈ ഏർപ്പാടിന് പക്ഷെ ഞങ്ങൾ നിഷ്കളങ്കമായി വിളിച്ചിരുന്ന പേര് 'ടീ പാർട്ടി' എന്നായിരുന്നു. ഇന്നും പലയിടത്തും ഇത് തുടരുന്നുണ്ട്. ചിലർ ടീ പാർട്ടി നിർത്തലാക്കി ഭക്ഷണം വെക്കാൻ പുറമേ നിന്നുള്ള 'അംഗീകൃത' വെപ്പുകാരെ കൊണ്ടുവന്ന് ഭക്ഷണം എല്ലാര്ക്കും വിളമ്പിത്തുടങ്ങിയിട്ടുണ്ട്. കല്യാണം ക്ഷണിക്കുമ്പോൾ മേൽജാതിക്കാരോട്‌ "ഭക്ഷണം വെക്കുന്നത് ഇന്നയാളാണ്" എന്ന് കൂട്ടിച്ചേർക്കേണ്ടി വരുന്ന ഗതികേടിനെ ഞങ്ങൾ ജാതിയെന്നു വിളിക്കും. "ഞങ്ങക്ക് അങ്ങനെയൊന്നും ഇല്ലപ്പ, ഞങ്ങ ഓറടുത്തൂന്ന് ഭക്ഷണം കയിക്കലിണ്ട്"  എന്ന ഔദാര്യത്തെ അവർ ജാതിയില്ലായ്മ എന്നും വിളിക്കും.

ഈയൊരു സാമൂഹ്യപരിസരത്തിലാണ് തെയ്യം കെട്ടിയാടപ്പെടുന്നത്. കാര്യം കുലദൈവവും പോറ്റമ്മയുമൊക്കെ ആണെങ്കിലും തെയ്യം രൂപപ്പെടുന്ന മാധ്യമം ദളിതന്റെ ഉടലും ഉയിരുമാണല്ലോ. ദൈവീകതയെ സ്വീകരിക്കുകയും ദൈവത്തെ തൊടാതിരിക്കുകയും ചെയ്യുന്നൊരു വൈരുദ്ധ്യം തെയ്യത്തിന്റെ കാര്യത്തിൽ സവർണ്ണർക്കുണ്ട്. ആര്യദൈവങ്ങൾക്ക് ബദലായി മണ്ണിലും മരത്തിലും മരണത്തിലും മാരണത്തിലും പിറന്ന തെയ്യങ്ങളെ ആദ്യകാലത്ത് പടിക്കുപുറത്ത് അകറ്റിനിർത്തിയിട്ടുണ്ടാവും. പിന്നീടുണ്ടായി വന്ന തെയ്യത്തിന്റെ സ്വീകാര്യതയിലും അനുഷ്ഠാന സാധ്യതയിലും കണ്ണുവെച്ച്‌ ആര്യദൈവങ്ങളോട് കോർത്തുകെട്ടിയപ്പോഴും തെയ്യത്തിന്റെ അനുഷ്ഠാന ശരീരത്തിന് വർണ്ണവ്യവസ്ഥയുടെ വരമ്പുകൾക്കിപ്പുറത്തു നിൽക്കാനേ ഇടം കൊടുത്തുള്ളൂ. തെയ്യമുണ്ടോ വിടുന്നു, തോറ്റത്തിലും വാക്കുരിയിലും കൂടുതൽ തീ നിറച്ച് ജാതിയുടെ കരിമരുന്നുപ്രതലത്തിൽ ഉരസിക്കൊണ്ടേയിരുന്നു.
എന്നിട്ടും ജാതി ചാരമായില്ല.

അത് പൂർവ്വാധികം സ്പഷ്ടമായി തെയ്യക്കളങ്ങളിൽ മായ്ക്കാനാവാത്ത അതിരുകൾ വരച്ചുകൊണ്ടേയിരുന്നു.
അതിരിനിപ്പുറം ഞങ്ങൾ നൽക്കദായക്കാർ ജാതിയുടെ ക്രൂരതാപത്തിൽ പൊള്ളിയടർന്നു.
ഞങ്ങളുടെ തെയ്യം വെളിയിലായി. ഞങ്ങൾക്ക് മുറ്റം നിഷിദ്ധമായി.
ഞങ്ങൾക്ക് അണിയറ അകലെയായി.
ഞങ്ങളുടെ തെയ്യത്തിനു തന്ന ആയുധങ്ങൾ തിരിച്ചെടുക്കുമ്പോൾ ജലം തെളിച്ചു ശുദ്ധിവരുത്തി.

 

ഞങ്ങളുടെ തെയ്യം മൊത്തത്തിൽ ഞങ്ങളായി.

 

(തുടരും)

 

 

 

 

 

 

Leave a comment