TMJ
searchnav-menu
post-thumbnail

Caste Kerala

ജാതി-ലിംഗപദവി: ‘ദളിത് സ്ത്രീ പക്ഷ കാഴ്ചകള്‍’

15 Dec 2021   |   1 min Read
സോണിമ ജേക്കബ്‌

ജാതികളുടെ ശ്രേണീകരണത്തിൽ താഴേത്തട്ടിലാക്കപ്പെട്ട ഒന്നിലേറെ വിഭാഗങ്ങളുടെ രാഷ്ട്രീയ തന്മയീകരണമാണ് ‘ദളിത്’ എന്ന സങ്കല്‍പം മുന്നോട്ടു വെയ്ക്കുന്നത്. ദളിത് രാഷ്ട്രീയത്തിന്റെ ഭാഗമായി ദളിത് ഉപസര്‍ഗ്ഗത്തോടെ (Prefix) രൂപപ്പെട്ടു വന്ന മറ്റൊരു വിഭാഗമാണ് ‘ദളിത് സ്ത്രീകള്‍’ എന്നത്. ദളിത്/ദളിത് സ്ത്രീ എന്നിവ വ്യത്യസ്ത വിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന സങ്കല്‍പ നിര്‍മ്മിതിയാണെന്ന ഉള്‍ക്കൊള്ളലുകളില്‍ നിന്നു കൊണ്ടാണ് ദളിത്/ദളിത് സ്ത്രീ പ്രയോഗങ്ങള്‍ ഈ ലേഖനത്തില്‍ ഉപയോഗിക്കുന്നത്. ജാതി, ലിംഗപദവി തുടങ്ങിയവയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയങ്ങളിലും, അറിവുൽപാദനങ്ങളിലും, ‘ദളിത് സ്ത്രീ’ പക്ഷ കാഴ്ചകള്‍ മുന്നോട്ടു വെയ്ക്കുന്ന മനസ്സിലാക്കലുകളേയും, ചോദ്യങ്ങളെയും വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ് ഈ ലേഖനത്തിലൂടെ.

ചരിത്രപരമായി ‘ജാതി’ എന്ന സങ്കല്‍പ്പത്തെ നോക്കിക്കാണുമ്പോള്‍ കൊളോണിയല്‍ കാലത്തെ ജാതികളുടെ മാനസിക നിര്‍മ്മിതികള്‍ അടക്കം വ്യത്യസ്ത ജാതീയ സങ്കല്പങ്ങള്‍ വിശദീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇന്ത്യയൊട്ടാകെ അല്ലെങ്കില്‍ സൗത്ത് ഏഷ്യന്‍ ചരിത്രരചനകളില്‍/ വര്‍ത്തമാനങ്ങളില്‍ ഇന്നും ജാതികളെ ഏകതാനതകളില്‍ കൂട്ടിക്കെട്ടികൊണ്ടുള്ള അറിവുൽപാദനങ്ങൾക്ക്, രാഷ്ട്രീയരൂപീകരണങ്ങൾക്ക് വളരെ പ്രാധാന്യം ലഭിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെ ദളിത്/ദളിത് സ്ത്രീ വിഭാഗ നിര്‍മ്മിതികള്‍ ഒരേസമയം വൈവിധ്യങ്ങളെ (മൾട്ടിപ്ലിസിറ്റി) അഭിസംബോധന ചെയ്യുന്നതിനൊപ്പം ഏകതാനകത രാഷ്ട്രീയരൂപീകരണത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു. ജാതികള്‍ ഉള്‍പ്പെടുന്ന തന്‍മകളുടെ രാഷ്ട്രീയത്തിലും സമുദായ രൂപീകരണങ്ങളിലും പുരുഷകേന്ദ്രീകൃത അധികാര ബന്ധങ്ങള്‍ ഉല്‍പാദിപ്പിക്കപ്പെടുകയും, നിലനിര്‍ത്തുകയും ചെയ്യുന്നിടത്താണ് ലിംഗപദവി, സെക്ഷ്വാലിറ്റി തുടങ്ങിയ വ്യത്യസ്ത സങ്കൽപങ്ങളില്‍ നിന്നുകൊണ്ടുള്ള ഇടപെടല്‍ നടത്തേണ്ടി വരുന്നത്. സ്ത്രീപക്ഷ കാഴ്ചകളുടെ ചരിത്രമെടുത്താൽ 1970 കളോടെ ‘ഉത്തരേന്ത്യ’ അടിസ്ഥാനമാക്കി രൂപം കൊണ്ട ഫെമിനിസ്റ്റ് മുന്നേറ്റങ്ങളും സ്ത്രീപക്ഷ ചിന്തകള്‍ ഉന്നത വിദ്യാഭ്യാസവും, ജാതി-സാമ്പത്തികാവസ്ഥകളിൽ ‘ഉയര്‍ന്ന’ തട്ടില്‍ നില്‍ക്കുന്ന സ്ത്രീകളുടെ കാഴ്ചകളില്‍ ഒതുങ്ങുന്നവയായിരുന്നു. കുംകും ശങ്കരിയുടെ പാട്രിയാര്‍ക്കികളുടെ പുനരുൽപാദനത്തെ പ്രതിപാദിക്കുന്ന “Recasting Women: Essay in Colonial History”, ബ്രാഹ്മണിക്കൽ പാട്രിയാർക്കി വിശദീകരിക്കുന്ന ഉമ ചക്രവര്‍ത്തിയുടെ “Genderning Caste: Through a feminist lense” എന്നീ കൃതികൾ ജാതികളും, വ്യത്യസ്ത സാമൂഹിക സാഹചര്യങ്ങളുമായി ബന്ധപ്പെട്ട സ്ത്രീപക്ഷ ചിന്തകളുടെ അറിവുൽപാദനത്തിനും, രാഷ്ട്രീയ രൂപീകരണത്തിനും സഹായിക്കും വിധത്തിലുള്ള മാറ്റം കൊണ്ടു വന്നവയായിരുന്നു. അപ്പോഴും ജാതി-ലിംഗപദവി തന്മകളിൽ ഏറ്റവും മോശം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ജാതി ശ്രേണീകരണത്തില്‍ താഴേത്തട്ടിലുള്ള സ്ത്രീകളുടെ പ്രശ്നങ്ങള്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നതിന് ‘ദളിത്’ എന്ന രാഷ്ട്രീയ വിഭാഗം രൂപപ്പെടുന്നതു വരെ കാത്തിരിക്കേണ്ടതായി വന്നു. എന്നാല്‍ ‘ദളിത്’ എന്ന പദവും ആ പദം രൂപപ്പെടുത്തിയ വിഭാഗ നിര്‍മ്മിതിയും ലിംഗപദവി പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ വരുന്നിടത്താണ് ദളിത് സ്ത്രീ വിഭാഗനിര്‍മ്മിതിയുണ്ടാകുന്നത്. ഒരേ സമയം മുഖ്യധാരാ ഫെമിനിസ്റ്റ് ചിന്തകളേയും, ‘ദളിതി’നെയും വിമര്‍ശനാത്മക രീതിയിലുള്ള സമീപനമാണ് ദളിത് സ്ത്രീപക്ഷ കാഴ്ചകള്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഉമ ചക്രവര്‍ത്തിയുടെ “Genderning Caste: Through a feminist lense” എന്ന പുസ്തകം.

കേരളത്തിന്റെ പശ്ചാത്തലത്തില്‍ ‘ജാതിയില്ലായ്മ’ രേഖപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വരവോടെയും, ശക്തിപ്പെടലോടെയുമാണ്. ‘വര്‍ഗം’ എന്ന സങ്കല്‍പത്തിലൂന്നി ശ്രേണീകരണത്തിന്റെ വ്യത്യസ്ത അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുന്നതിനെ പ്രയോഗിക തലത്തിലും, അറിവുൽപാദനതലത്തിലും എത്തിക്കാന്‍ കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടര്‍ന്നവര്‍ക്കായതാണ് കമ്മ്യൂണിസത്തിന്റെ ശക്തിപ്പെടലിനു കാരണമായത്.

ദളിത് സ്ത്രീപക്ഷ കാഴ്ച

ഈ ലേഖനത്തിന്റെ ആമുഖത്തില്‍ സൂചിപ്പിച്ചതുപോലെ ദളിത്/ദളിത് സ്ത്രീ വിഭാഗ രൂപീകരണത്തിന്റെ ഭാഗമായി ചര്‍ച്ച ചെയ്യപ്പെടുന്ന കാഴ്ചകള്‍ എന്ന് ദളിത് സ്ത്രീപക്ഷ കാഴ്ചകളെ വിളിക്കാം. പ്രധാനമായും ലിംഗപദവി എന്ന വിഷയത്തില്‍ ജാതി സങ്കല്‍പ്പത്തിന്റെ പ്രധാന്യത്തെ രാഷ്ട്രീയപരമായും, അക്കാദമികമായും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ജാതികളുടെ ശ്രേണീകരണത്തില്‍ താഴേത്തട്ടിലുള്ള സ്ത്രീകളുടെ അനുഭവങ്ങളെ വിശകലനം ചെയ്യുന്നതിലൂടെയാണ്. ഉയര്‍ന്ന ജാതി വിഭാഗത്തില്‍ നിന്നുള്ള ഫെമിനിസ്റ്റുകളേക്കാള്‍ ലിംഗപദവിയിലെ ജാതിയുടെ പ്രശ്നങ്ങളെ അടയാളപ്പെടുത്തുന്നതും നേരിടുന്നതും ദളിത് സ്ത്രീകള്‍ ആണെന്നാണ് ശര്‍മിള റിഗേ തന്റെ ദളിത് സ്ത്രീ സങ്കല്പത്തിലൂടെ മുന്നോട്ട് വെയ്ക്കുന്ന വാദം (Reg 1998) ജാതീയമായി ‘പിന്നോക്കം’ നില്‍കുന്ന സ്ത്രീകള്‍ ഉയര്‍ന്ന ജാതി സ്ത്രീകളെക്കാള്‍ സ്വതന്ത്രരാണെന്ന വാദം ഉന്നയിച്ചിരുന്ന ഫെമിനിസ്റ്റ് കാഴ്ചകളില്‍ നിന്നു വ്യത്യസ്തമായി രാഷ്ട്രീയവും അറിവുൽപാദനവുമാണ് ദളിത് സ്ത്രീ എന്ന സങ്കൽപത്തിലൂടെ രൂപപ്പെടുന്നത്. ജാതികളുടെ ശ്രേണീകരണമാണ് ലിംഗപദവികളുടെ സ്ഥാനം അല്ലെങ്കില്‍ അധികാരക്രമം നിശ്ചയിക്കുന്നത് എന്ന മനസ്സിലാക്കലാണ് ഉണ്ടാകുന്നത്. സ്ത്രീ പുരുഷ തുല്യത ജാതികളുടെ ശ്രേണീകരണം നല്‍കുന്ന വിശേഷാധികാരങ്ങളില്‍ വ്യത്യസ്തമാണെന്നുള്ള ആഖ്യാനങ്ങളിലാണ് ഫെമിനിസത്തില്‍ സമത്വത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുനര്‍നിര്‍മ്മിച്ചു തുടങ്ങുന്നത്. ഉദാഹരണത്തിന് ലൈംഗികാതിക്രമങ്ങളും ജാതിയുടെ ശ്രേണീകരണവും തമ്മില്‍ ബന്ധിപ്പിക്കുന്ന ധാരാളം സാഹചര്യങ്ങള്‍ ഇന്ത്യയിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. ദുര്‍ബലത, ആധിപത്യം, അഭിമാനം, നാണക്കേട്, മഹത്വം, പരിശുദ്ധി തുടങ്ങിയ നിരവധി ആശയങ്ങളിലൂടെ സ്ത്രീ-പുരുഷ സെക്ഷ്വാലിറ്റിയെ സ്ഥാപനവല്‍ക്കരിക്കുന്നതിലെ പ്രശ്നങ്ങളെ വിശകലനം ചെയ്യുന്നതിന് ദളിത് സ്ത്രീപക്ഷ പുതിയ വഴികള്‍ തുറന്നു തരികയാണ് ചെയ്തത്. ദളിത് സ്ത്രീപക്ഷ കാഴ്ചകളെ/രാഷ്ട്രീയത്തെ ദളിത് സ്ത്രീ വിഭാഗങ്ങള്‍ക്കപ്പുറം നിന്ന് കാണേണ്ടതുണ്ട് എന്ന വ്യാഖ്യാനങ്ങളും നിലവിലുണ്ട്. ബ്രാഹ്മണിസത്തെ ബ്രാഹ്മണ ജാതികളുടെ വിഷയമായി മാത്രം കാണാത്തതുപോലെ ദളിത് സ്ത്രീ സങ്കല്പനത്തെ ജാതി ലിംഗപദവി വിഷയങ്ങള്‍ അഭിസംബോധന ചെയ്യുന്ന ഇടങ്ങളിലെല്ലാം നിലപാടായ സിദ്ധാന്തമായി ഉപയോഗിക്കാന്‍ കഴിയുമെന്നാണ് ജനകീയവൽകരിക്കപ്പെട്ട ഈ വ്യാഖ്യാനം മുന്നോട്ടു വെയ്ക്കുന്ന വാദം.

ബ്രാഹ്‌മണ്യ, ദളിത് പുരുഷാധിപത്യങ്ങൾ

ജാതി ലിംഗപദവി എന്നിവ ഒരുമിച്ച് ഫെമിനിസത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നിടത്താണ് ബ്രാഹ്‌മണ്യ പുരുഷാധിപത്യത്തിന്റെ രൂപപ്പെടൽ. 1990 കളില്‍ മണ്ഡല്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിനെതിരെ നടന്ന സമരങ്ങളില്‍ ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനികള്‍, “ഞങ്ങള്‍ക്കു ജോലിയില്ലാത്ത ഭര്‍ത്താക്കന്മാരെ വേണ്ട” എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സമരം ചെയ്യുന്ന ഫോട്ടോ പത്രത്തില്‍ കാണുകയും ഉന്നത വിദ്യാഭ്യാസമുള്ളവര്‍ പോലും സ്വജാതിക്കുള്ളിലെ വിവാഹങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചതായും “Gendering Caste: Through a Feminist Lense” എന്ന പുസ്തകത്തിന്‍റെ ആമുഖത്തില്‍ ഉമാചക്രവര്‍ത്തി എഴുതുന്നുണ്ട്. ബ്രാഹ്‌മണ്യ പുരുഷാധിപധ്യം എന്ന തന്റെ സിദ്ധാന്ത രൂപീകരണത്തിലേക്ക് നയിച്ച സാഹചര്യമാണിതെന്ന് ചക്രവര്‍ത്തി വിശദീകരിക്കുന്നു. ബ്രാഹ്മണിക് മൂല്യങ്ങളില്‍ നിന്നു രൂപപ്പെട്ടു വന്ന പുരുഷാധിപത്യം വളരെ ശക്തമാണെന്നും ഹിന്ദുമത വിശ്വാസങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമപ്പുറം ബ്രാഹ്‌മണ്യ പുരുഷാധിപത്യം ഉയര്‍ന്ന ജാതികളില്‍ നിലനില്‍ക്കുന്ന പാട്രിയാര്‍ക്കല്‍ രൂപമാണെന്നും ഉമാചക്രവര്‍ത്തി വിശദീകരിക്കുന്നു. സ്വജാതീയ വിവാഹം ജാതി-പാട്രിയാര്‍ക്കല്‍ ഘടനയെ പുനരുൽപാദിപ്പിക്കുകയാണെന്ന വാദത്തെ, അംബേദ്ക്കർ ജാതി നിർമൂലനത്തിനായി മുന്നോട്ടുവെച്ച ജാതിക്കകത്തും പുറത്തുമുള്ള വിവാഹം എന്നതിലൂടെയാണവര്‍ വിശദീകരിച്ചത്. ലിംഗപദവിയുമായി ബന്ധപ്പെട്ട എല്ലാ അധികാരബന്ധങ്ങളെയും നിര്‍ണയിക്കുന്നത് ബ്രാഹ്‌മണ്യ പുരുഷാധിപത്യമാണെന്നും വിവാഹമുൾപ്പടെയുള്ള സ്ഥാപനങ്ങളിലൂടെ ഈ അധികാരബന്ധങ്ങളെ വീണ്ടും പുനരുൽപാദിപ്പിക്കപ്പെടുന്നുവെന്നും ഈ സിദ്ധാന്തം വിശദീകരിക്കുന്നു. എന്നാൽ ദളിത് സ്ത്രീ അനുഭവങ്ങൾ സമാനതകളില്ലാത്തതാണെന്നും ദളിത് സ്ത്രീ അവസ്ഥകളും, ദളിത് പാട്രിയാര്‍ക്കിയും കൂടുതൽ പഠനവിധേയമാക്കേണ്ടതാണെന്നും ഉമ ചക്രവര്‍ത്തി പറയുന്നു.

photo : wiki commons

ഉമ ചക്രവര്‍ത്തിയും കുംകും ശങ്കരിയുമൊക്കെ മുന്നോട്ട് വെയ്ക്കുന്ന പുരുഷാധിപത്യം എന്ന സങ്കല്‍പമാണ് ദളിത് പുരുഷാധിപത്യം എന്ന സങ്കല്‍പത്തേയും മുന്നോട്ട് വെയ്ക്കുന്നത്. ദളിത് വിഭാഗങ്ങള്‍ക്കുള്ളിലെ പുരുഷ മേധാവിത്വ മനോഭാവത്തെ ചോദ്യം ചെയ്തുകൊണ്ട് ഗോപാല്‍ ഗുരു എഴുതിയ “Dalit women talk differently” എന്ന ലേഖനത്തിലാണ് ദളിത് പുരുഷാധിപത്യ സാഹചര്യങ്ങളെ വിശദീകരിക്കുന്നത്. എന്നാല്‍ പിന്നീടുണ്ടായ വ്യത്യസ്ത ഫെമിനിസ്റ്റ് എഴുത്തുകളില്‍ ‘ദളിതര്‍ക്കിടയിലുള്ള പുരുഷാധിപത്യ സാഹചര്യങ്ങളെ ദളിത് പാട്രിയാര്‍ക്കി എന്ന രീതിയില്‍ വിവരിക്കുന്നതിനെ വിമർശനാത്മകമായി നോക്കികാണുന്ന ആഖ്യാനങ്ങളെയും ‘ദളിത് സ്ത്രീ’ പക്ഷ കാഴ്ചകള്‍ മുന്നോട്ട് വെയ്ക്കുന്നു. ‘ദളിത് പാട്രിയാര്‍ക്കി’ എന്നൊന്നില്ലെന്നും ബ്രാഹ്‌മണ്യ പുരുഷാധിപത്യം തന്നെയാണ് എല്ലാ ജാതികളിലേയും ആണധികാര സ്വഭാവത്തെ നിര്‍ണയിക്കുന്നത് എന്നാണ് ഇത്തരത്തിലുള്ള വാദം മുന്നോട്ടുവെക്കുന്നത്.

മറ്റൊരു ചിന്ത ദളിത് എന്ന സങ്കൽപ്പ രൂപീകരണവുമായി ബന്ധപ്പെട്ട പ്രശ്നമാണ്. ദളിത് എന്ന പദത്തെ ഉപസര്‍ഗ്ഗമായി ഉപയോഗിച്ച് ദളിത് കുറ്റവാളി, ദളിത് കൊലപാതകി തുടങ്ങിയ പ്രയോഗങ്ങള്‍ നടത്താറില്ല. ‘ദളിതായിരിക്കുകയും’, ‘കുറ്റവാളിയായിരിക്കുകയും’ ചെയ്യുക എന്നത് പരസ്പരം ചേരാത്തവിധമുള്ള ആശയ നിര്‍മ്മിതിയാണ് ദളിത് രാഷ്ട്രീയം മുന്നോട്ടു വെയ്ക്കുന്നത്. ദളിത് എന്നത് രാഷ്ട്രീയപരമായി സമത്വത്തിനുവേണ്ടി വാദിക്കുന്ന വിഭാഗങ്ങളെ പ്രാതിനിധ്യം ചെയ്യുന്നതുകൊണ്ടു തന്നെ ‘ദളിതായിരിക്കുകയും’ പാട്രിയാര്‍ക്കൽ ആയിരിക്കുകയും ചെയ്യുന്നത് രണ്ട് വിരുദ്ധ സങ്കല്പങ്ങളെ ചേര്‍ത്തുവെയ്ക്കുന്ന പ്രക്രിയയായി വായിക്കേണ്ടി വരും. ദളിത് എന്ന പദം ജാതി വിഭാഗങ്ങളുടെ നാമമായി പ്രയോഗിക്കപ്പെടുന്നുണ്ടെങ്കിലും ദളിത് എന്ന രാഷ്ട്രീയ വിഭാഗം നിര്‍മ്മിതികള്‍ ശക്തമായി ദളിത് പ്രയോഗങ്ങളെ തീരുമാനിക്കുന്നുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍. അതേ സമയം സാമൂഹ്യമാധ്യമങ്ങളിലൂടെ ദളിത് സംഘി, ദളിത് മാർക്സിസ്റ്റ് തുടങ്ങിയ ‘വിരുദ്ധ’ രാഷ്ട്രീയ ചിന്താഗതികളെ ഒരുമിച്ച് കൊണ്ടു പോകുന്നവരെ സൂചിപ്പിക്കുന്നതിനായി ഉപയോഗിക്കാറുണ്ട്. വളരെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന കാര്യമായി ഇത്തരം ചിന്തകളെ തോന്നുമെങ്കിലും തന്‍മകള്‍ മുന്നോട്ടു വെക്കുന്ന ഏതൊരു വിഭാഗ നിര്‍മ്മിതിയുടെയും സങ്കല്‍പനത്തിന്റെ ഭാഗമായുണ്ടാകുന്ന പ്രശ്നമായേ ഇതിനെ അടയാളപ്പെടുത്താനാകൂ.

PHOTO : PTI

ജാതിക്കകത്തും പുറത്തുമുള്ള വിവാഹം-പ്രായോഗിക രാഷ്ട്രീയത്തില്‍

ബ്രാഹ്‌മണ്യ പുരുഷാധിപത്യം ചര്‍ച്ച ചെയ്യപ്പെട്ട സാഹചര്യത്തില്‍ സ്വജാതി വിഭാഗങ്ങളുടെ രാഷ്ട്രീയ പ്രധാന്യം വിശദീകരിക്കപ്പെടുന്നത് ജാതി നിര്‍മ്മൂലനവുമായി ബന്ധപ്പെട്ടാണ് ദളിത് സ്ത്രീപക്ഷ കാഴ്ചകളില്‍ അതിന്റെ പ്രയോഗികത ചര്‍ച്ച ചെയ്യപ്പെടേണ്ടത് ലിംഗപദവി-ജാതി രാഷ്ട്രീയ രൂപീകരണത്തിന്റെ ആവശ്യമാണ് അംബേദ്കര്‍ 'endogamy-exogamy' എന്നതിനെ സൈദ്ധാന്തവൽക്കരിക്കുക മാത്രമല്ല 'exogamy'യുടെ സാധ്യതകളെ സൃഷ്ടിക്കുന്ന നിയമ നിര്‍മ്മാണവും നടത്തുന്നുണ്ട്. സ്ത്രീകളും സമുദായ നിര്‍മ്മിതിയും തമ്മിലുള്ള ബന്ധത്തെ പുനരുൽപാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഇത്തരത്തിലുള്ള സങ്കൽപങ്ങളുടെ പ്രയോഗികത പലപ്പോഴും ആണധികാര ബന്ധങ്ങള്‍ക്കുള്ളില്‍ നില്‍ക്കുന്നതായിരിക്കും. Traude Pillai-Vetschera, “Ambedkar’s Daughters: A Study of Mahar Women in Ahamednagar District of Maharashtra” എന്ന തന്റെ ലേഖനത്തില്‍ മഹര്‍ കമ്മ്യൂണിറ്റിയിലെ ലിംഗപദവി പ്രശ്നങ്ങളെ വിശദീകരിക്കുന്നുണ്ട്. സാമൂഹികപരമായും, രാഷ്ട്രീയപരമായും മുന്നേറ്റം സാധ്യമായ മഹര്‍ ജാതിയില്‍ സ്ത്രീ-പുരുഷ വേര്‍തിരിവുകളെ വിശകലനം ചെയ്യുമ്പോള്‍ പ്രധാനമായും ഉയര്‍ന്നു വന്ന പ്രശ്നമായിരുന്നു സ്വജാതിക്കപ്പുറം നിന്നുകൊണ്ടുള്ള വിവാഹങ്ങള്‍. അംബേദ്ക്കറിനും, മഹര്‍ പുരുഷന്‍മാര്‍ക്കും (പ്രധാനമായും റിപ്പബ്ലിക്കൻ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാക്കന്മാര്‍) ബ്രാഹ്മണ സ്ത്രീകളെ വിവാഹം കഴിക്കുന്നതിനും, ‘ജാതിയെ’ അതിജീവിക്കുന്നതിനും സാധിച്ചപ്പോള്‍ അതേ സമുദായത്തിലെ സ്ത്രീകള്‍ക്ക് അത്തരം വിവാഹങ്ങള്‍ ഉണ്ടാകാതിരിക്കുന്ന സാഹചര്യം Traude Pillai-Vetschera, വിവരിക്കുന്നു. മറ്റൊരു കാര്യം അന്യജാതി വിവാഹം പ്രോത്സാഹിപ്പിക്കുന്നത് തങ്ങളെക്കാൾ ജാതിയില്‍ ഉയര്‍ന്ന വിഭാഗങ്ങളുമായുള്ള വിവാഹങ്ങളില്‍ മാത്രമാണ് എന്നതാണ്.

ജാതി എന്ന തന്‍മയുടെ പ്രശ്നങ്ങളെ വളരെയെളുപ്പത്തില്‍ തിരിച്ചറിയാനും അതിനെതിരായി രാഷ്ട്രീയപരമായും, സൈദ്ധാന്തികപരമായും മുന്നേറ്റം സാധ്യമാകുന്ന ദളിത് രാഷ്ട്രീയത്തിനോ, മറ്റു ജാതി രാഷ്ട്രീയ ചിന്താഗതികള്‍ക്കോ ജാതിക്കൊപ്പം അഭിസംബോധന ചെയ്യേണ്ടുന്ന മറ്റു തന്‍മങ്ങളുടെ പ്രശ്നങ്ങളെ മനസ്സിക്കുന്നതിനോ അവയെ ഉള്‍പ്പെടുത്തിയുള്ള രാഷ്ട്രീയ ചിന്ത രൂപപ്പെടുത്തുന്നതിനോ സാധിക്കുന്നില്ല എന്നത് വസ്തുതയാണ്. ജാതി-ലിംഗപദവി വിഷയങ്ങളുടെ രാഷ്ട്രീയത്തെ പ്രായോഗിക തലത്തില്‍ സാധ്യമാകുന്ന ഇടങ്ങളിലേ ജാതി നിര്‍മൂലനത്തിനായി സിദ്ധാന്തങ്ങള്‍ ആവിഷ്ക്കരിച്ചതുകൊണ്ട് ഫലമുള്ളൂ. അങ്ങനെ അല്ലാതെ വരുമ്പോള്‍ വലിയൊരു വിഭാഗം (ഇവിടെ അത് സ്ത്രീകളാണ്) സമത്വത്തിനായുള്ള രാഷ്ട്രീയത്തില്‍ പുറത്തു നില്‍ക്കേണ്ടി വരും.

‘ജാതി കേരളവും’ ദളിത് സ്ത്രീ പക്ഷ കാഴ്ചയുടെ ആവശ്യകതയും

ജാതി എന്ന ശ്രേണീകരണം അത് രൂപപ്പെട്ട കാലം മുതല്‍ ഇന്നു വരെ വ്യത്യസ്ത രീതികളില്‍ പുനരുൽപാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. കേരളത്തിന്‍റെ പശ്ചാത്തലത്തില്‍ ‘ജാതിയില്ലായ്മ’ രേഖപ്പെടുത്തുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ വരവോടെയും, ശക്തിപ്പെടലോടെയുമാണ്. ‘വര്‍ഗം’ എന്ന സങ്കല്‍പത്തിലൂന്നി ശ്രേണീകരണത്തിന്‍റെ വ്യത്യസ്ത അധികാര ബന്ധങ്ങളെ ചോദ്യം ചെയ്യുന്നതിനെ പ്രയോഗിക തലത്തിലും, അറിവുൽപാദനതലത്തിലും എത്തിക്കാന്‍ കമ്യൂണിസ്റ്റാശയങ്ങള്‍ പിന്തുടര്‍ന്നവര്‍ക്കായതാണ് കമ്മ്യൂണിസത്തിന്‍റെ ശക്തിപ്പെടലിനു കാരണമായത്. ‘ജാതി’ എന്ന ശ്രേണീകരണത്തിനെക്കുറിച്ചുള്ള എല്ലാത്തരം ഇടപെടലുകളേയും, ചര്‍ച്ചകളേയും മാറ്റി നിര്‍ത്തികൊണ്ടാണ് വര്‍ഗം എന്ന വിഭാഗനിര്‍മ്മിതി ഉണ്ടായത്. ജാതി ഇല്ലാതായത് വര്‍ഗം എന്ന വിഭാഗനിര്‍മ്മിതി നടന്ന ഇടങ്ങളില്‍ മാത്രമാണ്. കേരളത്തിലെ മനുഷ്യരുടെ നിത്യ ജീവിതത്തിലും, വ്യവഹാരങ്ങളിലുമെല്ലാം ജാതി എന്ന ശ്രേണീകരണം ശക്തമായിതന്നെ നിലനിന്നിരുന്നു. വര്‍ഗഘടനയിലെ ‘തൊഴിലാളിസ്ത്രീ’ എന്ന വിഭാഗത്തില്‍ നിന്ന് ‘ദളിത് സ്ത്രീ’ എന്ന വിഭാഗരൂപീകരണത്തിലെത്താന്‍. ഇന്നും ‘ദളിത് സ്ത്രീ’ പക്ഷ രാഷ്ട്രീയത്തിന് പൂര്‍ണമായും സാധിച്ചിട്ടില്ല. പുരുഷന്റെയൊപ്പം തൊഴിലിടം പങ്കിട്ട, കര്‍ഷക സമരങ്ങളില്‍ വ്യക്തമായ പങ്കാളിത്തമുള്ള സ്ത്രീ സങ്കൽപത്തില്‍ നിന്നാണ് ഗെയില്‍ ഓംവേദ്, ഗബ്രിയേലെ ഡീട്രിച്ച് തുടങ്ങിയവര്‍ ദളിത് സ്ത്രീകളെ “മര്‍ദ്ദിതരിൽ മർദ്ദിതർ” എന്നു വിശേഷിപ്പിച്ചത്.

1990 കളില്‍ ദളിത് സ്ത്രീ പക്ഷ ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് തന്നെ ദളിത് വുമണ്‍ സൊസൈറ്റി എന്ന സംഘടന കേരളത്തിലും രൂപപ്പെട്ടിരുന്നു. എങ്കിലും ജാതികള്‍ സമുദായങ്ങളായി രൂപപ്പെടുകയും പട്ടികജാതി വിഭാഗങ്ങളായി ഭരണഘടന സംവരണ വിഭാഗങ്ങളില്‍പ്പെടുകയും ചെയ്ത വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജാതി–ഉപജാതി സമുദായ സംഘടനകളിലൂടെയാണ് കൂടുതല്‍ ദളിത്-ജാതി വിഭാഗങ്ങളും നില നിന്നിരുന്നത്. ദളിത് എന്നത് ചില സംഘടനാ തലങ്ങളിലും ഉന്നത വിദ്യാഭ്യാസം നേടിയവരുടെയും എഴുത്തുകാരുടെയും ചിന്ത പദ്ധതികളുടെ ഭാഗമായതുകൊണ്ട് തന്നെ സാധാരണക്കാരിലേക്ക് ദളിത് ആശയങ്ങള്‍ക്ക് കാര്യമായി എത്തുവാന്‍ സാധിച്ചില്ല. കൂടാതെ മുകളില്‍ സൂചിപ്പിച്ചത് പോലെ ജാതി ഉപജാതി ശ്രേണീകരണത്തെ വിട്ടു ‘ദളിത് സമുദായം’ എന്നതിന്റെ രൂപപ്പെടല്‍ പൂര്‍ണമായും സാദ്ധ്യമാകാത്തതു കൊണ്ടു തന്നെ ദളിത് സ്ത്രീ എന്ന വിഭാഗ നിര്‍മ്മിതിയും പ്രയോഗിക തലത്തില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. നവമാധ്യമങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെയാണ് ദളിത് സ്ത്രീ പ്രശ്നങ്ങള്‍ എന്ന അടയാളപ്പെടുത്തലില്‍ നിന്നു കൊണ്ടുള്ള ചർച്ചകള്‍ പോലും ഉണ്ടാകുന്നത്. അപ്പോഴും മുഖ്യധാര മാധ്യമങ്ങള്‍ ദളിത് സ്ത്രീകള്‍ നേരിടേണ്ടി വരുന്ന അതിക്രമങ്ങളില്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ദളിത് സ്ത്രീപക്ഷ കാഴ്ചകളെ അവഗണിക്കുന്നതായി കാണുവാന്‍ സാധിക്കും.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്ന സ്റ്റീരിയോടൈപ്പിനപ്പുറം ഒരു ദളിത് സ്ത്രീ എന്ന വീക്ഷണ കോണില്‍ നിന്ന് ആ സ്ത്രീയെ നോക്കിക്കണ്ടാല്‍ ലഭിക്കുന്ന കാഴ്ച വ്യത്യസ്തമായിരിക്കും. ദരിദ്ര സ്ത്രീ സങ്കല്‍പത്തിനപ്പുറം അത്യന്തം അരക്ഷിതാവസ്ഥകളുടെയും നിസ്സഹായതയുടെയും ദളിത് അനുഭവങ്ങള്‍ ഉള്ള പെണ്‍കുട്ടിയായിരിക്കുകയും, സ്ത്രീ ആയി മാറുകയും ചെയ്ത ദളിത് സ്ത്രീ ജീവിതത്തെ കാണുവാന്‍ സാധിക്കും.

photo : pti

ഉദാഹരണത്തിന് വാളയറില്‍ രണ്ട് ദളിത് പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉണ്ടായ ആഖ്യാനങ്ങളേയും സമീപനങ്ങളെയും പരിശോധിച്ചാല്‍ മനസ്സിലാകുന്നതെയുള്ളൂ. 52 ദിവസങ്ങളുടെ വ്യത്യാസത്തില്‍ കൊല്ലപ്പെട്ട സഹോദരിമാരായ 13 ഉം 9 ഉം വയസ്സുള്ള പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവമാണ് വാളയാര്‍ കേസ് എന്നറിയപ്പെടുന്നത്. ആദ്യം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മരണം ആത്മഹത്യയായി ചിത്രീകരിക്കുകയും 52 ദിവസത്തിന് ശേഷം രണ്ടാമത്തെ പെണ്‍കുട്ടിയും സഹോദരിയെപ്പോലെ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെടുകയും ചെയ്യുന്നു. കൊലപാതകത്തെ ആത്മഹത്യയായി ചിത്രീകരിക്കുക, വ്യക്തമായ അന്വേഷണം പോലീസ് നടത്താതിരിക്കുക, പോസ്റ്റുമാര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കാതിരിക്കുക, തെളിവുകള്‍ ശേഖരിക്കാതിരിക്കുക, പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക കോടതിയില്‍ പ്രോസിക്യൂട്ടര്‍ കൃത്യമായി കേസ് നടത്താതിരിക്കുക തുടങ്ങി സ്റ്റേറ്റ് സംവിധാനങ്ങള്‍ എല്ലാം തന്നെ നിരുത്തരവാദപരമായ സമീപനം ഈ കേസില്‍ സ്വീകരിക്കുന്നത് കാണുവാന്‍ സാധിക്കും. സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങളില്‍ പിന്നോക്കം നില്‍ക്കുന്ന മനുഷ്യര്‍ക്ക് (ഇവിടെ അത് ദളിത് കുടുംബം ആണെന്നുള്ളത് യാദൃശ്ചികത അല്ല) ഭരണഘടന മുന്നോട്ട് വെക്കുന്ന നീതി നിഷേധിക്കുന്ന ഭരണകൂട സ്ഥാപനങ്ങളുടെ ഘടന തന്നെയാണ് ഈ സംഭവത്തിലും കാണുവാന്‍ സാധിക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളെ പോസ്കോ കോടതി 2019 ഒക്ടോബറില്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുക്തരാക്കിയ സാഹചര്യത്തില്‍ മാത്രമാണു ഈ വിഷയം പൊതുസമൂഹ ചര്‍ച്ചകള്‍ക്ക് വിധേയമാകുന്നത്. ദളിതര്‍ക്ക് നേരെയുള്ള നീതി നിഷേധം എന്ന്‍ രീതിയില്‍ ദളിത് ഗ്രൂപ്പുകളും, പ്രതികള്‍, പ്രോസിക്യൂഷന്‍ തുടങ്ങിയവരുടെ കമ്മ്യൂണിസ്റ്റ് ബന്ധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് മറ്റ് രാഷ്ട്രീയ പാര്‍ട്ടിക്കാരും സമരം പ്രഖ്യാപിക്കുന്നതും. കൊല്ലപ്പെട്ട പെണ്‍കുട്ടികളുടെ അമ്മയുടെ ബന്ധുക്കളായ പുരുഷന്മാരെയാണ് (ദളിത് പുരുഷന്മാര്‍) കൊലപാതകത്തിനുത്തരവാദികളായി പോലീസ് അറസ്റ്റ് ചെയ്തതെങ്കിലും പ്രതികളുടെ കമ്മ്യൂണിസ്റ്റ് ബന്ധമാണ് എല്ലാ സമരങ്ങളിലും ഹൈലൈറ്റ് ചെയ്യപ്പെട്ടിരുന്നത്. സമരത്തിന്റെ തുടക്കത്തിലും പിന്നീടും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്ന ആഖ്യാനത്തില്‍ നിന്നുകൊണ്ടാണ് പെൺകുട്ടികളും മരണവും നീതിനിഷേധവും വിവരിക്കപ്പെട്ടത്. അമ്മയോടൊപ്പം വാളയാറില്‍, അമ്മയുടെ നീതിയാത്ര തുടങ്ങിയ നിലകളിലാണ് സമരങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം തന്നെ പെൺകുട്ടികളുടെ മരണത്തിലും, പ്രതികള്‍ രക്ഷപ്പെട്ടതിലും മാതാപിതാക്കളുടെ; പ്രധാനമായും അമ്മയുടെ ഉത്തരവാദിത്വമില്ലായ്മയുടെ പ്രശ്നമായി കണ്ടുകൊണ്ടുള്ള ചോദ്യം ചെയ്യലുകള്‍ സാമൂഹ്യ മാധ്യമങ്ങളിലും ഉണ്ടാകുന്നു. ‘ദി ഹിന്ദു’ വില്‍ വന്ന “Judicial Panel trial court blames parents” എന്ന വാർത്ത വലിയ രീതിയില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ എന്ന സ്റ്റീരിയോടൈപ്പിനപ്പുറം ഒരു ദളിത് സ്ത്രീ എന്ന വീക്ഷണ കോണില്‍ നിന്ന് ആ സ്ത്രീയെ നോക്കിക്കണ്ടാല്‍ ലഭിക്കുന്ന കാഴ്ച വ്യത്യസ്തമായിരിക്കും. ദരിദ്ര സ്ത്രീ സങ്കല്‍പത്തിനപ്പുറം അത്യന്തം അരക്ഷിതാവസ്ഥകളുടെയും നിസ്സഹായതയുടെയും ദളിത് അനുഭവങ്ങള്‍ ഉള്ള പെണ്‍കുട്ടിയായിരിക്കുകയും, സ്ത്രീ ആയി മാറുകയും ചെയ്ത ദളിത് സ്ത്രീ ജീവിതത്തെ കാണുവാന്‍ സാധിക്കും. ‘കുടുംബം’ എന്ന സ്ഥാപനത്തിന്റെ സംരക്ഷണം ഇല്ലാതെ സ്വന്തമായി ജോലി ചെയ്തു ജീവിച്ച ദളിത് പെണ്‍കുട്ടി/സ്ത്രീ നിയമത്തിന്റെ/പൊതുസമൂഹത്തിന്റെ കുടുംബം, സ്ത്രീ, അമ്മ സങ്കൽപങ്ങളില്‍ സ്ഥാപിക്കാന്‍ സാധിക്കില്ല എന്ന്‍ മനസ്സിലാക്കലാണ് ദളിത് സ്ത്രീപക്ഷ കാഴ്ച നല്‍കുന്നത്. ജാതിയുടെയും, ലിംഗപദവിയുടെയും ദുർബലതകളുടെ ഏറ്റവും താഴെത്തട്ടിലുള്ള അനുഭവങ്ങളിലൂടെയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടികളും കടന്നു പോകുന്നത്. ജാതിക്കുള്ളിലെ പാട്രിയര്‍ക്കിയല്‍ വയലന്‍സിന്‍റെ ഇരകളാണ് വാളയാര്‍ പെണ്‍കുട്ടികള്‍. ജാതിയുടെയും പാട്രിയാര്‍ക്കിയുടെയും കൂടിച്ചേര്‍ന്ന അവസ്ഥകളാണ് നിയമപരമായും അല്ലാതെയുമുള്ള നീതിയെ അവര്‍ക്ക് നിഷേധിച്ചത്. ജാതി-ലിംഗപദവി ബന്ധങ്ങളുടെ ദുർബലതകൾ വെളിവാക്കുന്ന ധാരാളം സാഹചര്യങ്ങള്‍ കേരളത്തിന്റെ പൊതുബോധത്തിൽ അടയാളപ്പെടുത്തുന്ന രീതിയില്‍ മാധ്യമങ്ങളുടെ വളര്‍ച്ച ഉണ്ടാകുന്നുണ്ടെങ്കിലും വ്യക്തമല്ലാത്ത രാഷ്ട്രീയ രൂപീകരണങ്ങളില്‍ ‘ദളിത് സ്ത്രീ’ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സങ്കൽപങ്ങള്‍ക്ക് ഉയരാന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ ആഴത്തിലുള്ള മനസ്സിലാക്കല്‍ ആവശ്യമുള്ള വിഷയങ്ങളാണ് വാളയാര്‍ കേസുള്‍പ്പെടെ കേരളത്തിലെ വ്യത്യസ്ഥ ദളിത്/ദളിത് സ്ത്രീ ജീവിതങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍. ജാതിയും ലിംഗപദവിയും കൂടിച്ചേര്‍ന്ന രാഷ്ട്രീയങ്ങളുടെ അറിവുല്‍പാദനങ്ങളുടെ ആവശ്യകതയാണ് ഇത് മുന്നോട്ടുവെയ്ക്കുന്നത്.

Leave a comment