TMJ
searchnav-menu
post-thumbnail

Caste Kerala

അനഭിലഷണീയമായ ജാതിവ്യവഹാരങ്ങളും ഉന്നത വിദ്യാഭ്യാസ പ്രതിസന്ധികളും

07 Dec 2021   |   1 min Read
പി കൃഷ്ണനുണ്ണി

ന്നത വിദ്യാഭ്യാസ മേഖലയില്‍ ജാതികളുടെ വ്യവഹാരത്തെക്കുറിച്ച് ആലോചിക്കുന്നവര്‍ ആരാകിലും അവരുടെ മനസ്സില്‍ ആദ്യം കടന്നെത്തുന്നത് രോഹിത് വെമുലയുടെ ആത്മഹത്യയായിരിക്കും. രോഹിത് വെമുലയുടെ ആത്മാഹുതിയും അതിനെ തുടര്‍ന്നുണ്ടായ അക്കാദമിക് പ്രക്ഷോഭങ്ങളുമെല്ലാം കീഴ്ജാതിക്കാരും ഇതര സാമ്പത്തിക പിന്നോക്ക വിഭാഗങ്ങളും അക്കാദമിക് മേഖലകളിലും ഉന്നത വിദ്യാഭ്യാസ രംഗത്തുമെല്ലാം നിരന്തരമനുഭവിക്കുന്ന പീഡനങ്ങളെ പൊതു സമൂഹത്തിനു മുന്നില്‍ അനാവരണം ചെയ്യുകയുണ്ടായി. വാസ്തവത്തില്‍ വെമുല ഒരു പ്രതീകം മാത്രമാണ്. വെമുലയുടെ ആത്മഹുതിക്കും മുന്‍പ് എത്രയോ ആത്മഹത്യകളും വിവേചനാധിഷ്ഠിതമായ ആക്രമണങ്ങളും വിദ്യാഭ്യാസരംഗത്ത് ഉണ്ടായിരിക്കുന്നു. പായല്‍ താദ്വി (Payal Tadvi) യും വെമുലയുമെല്ലാം പൊതുസമൂഹത്തിന് മുന്നില്‍ പ്രതികങ്ങളായി തീര്‍ന്നത്, അവരുടെ ആത്മാഹുതികള്‍ക്ക് ലഭിച്ച പ്രചുരപ്രചാരവും പൊതുവിടങ്ങളെത്തന്നെ പുനര്‍ വ്യാഖ്യാനം ചെയ്യുവാനുള്ള പ്രവണത മൂലവുമാണ്. സ്ഥലവും കാലവും ജാതിരാഷ്ട്രീയവുമായി പ്രത്യേക ബാന്ധവം പുലര്‍ത്തുന്ന സമയമാണ് നമ്മുടേത്. ചില വിവേചനങ്ങള്‍ക്ക് അതിവേഗം പ്രചാരം ലഭിക്കുമ്പോള്‍, മറ്റു ചിലത് സമര്‍ത്ഥമായി തമസ്ക്കരിക്കപ്പെടുന്നു. സ്ഥലബന്ധിതമായ തിരിച്ചറിവുകളും മുന്നേറ്റങ്ങളും ചില സംഭവങ്ങള്‍ ‘പൊതു കാഴ്ച’ (Public Spectacle) യായി മാറ്റിത്തിര്‍ക്കുമ്പോള്‍, ദുരിതങ്ങളുടെ നടുവില്‍ ജീവനൊടുക്കുവാന്‍ വിധിക്കപ്പെട്ട ആയിരങ്ങളുടെ മരണങ്ങളോ ആത്മഹുതികളോ ഒരു തെരുവിനപ്പുറത്തേക്ക് വാർത്തയാകുന്നില്ല. വെമുലമാർക്കും മുന്‍പുണ്ടായിരുന്ന വെമുലമാരുടെ വംശാവലി പരിശോധിക്കുകയാണെങ്കില്‍, വിദ്യാഭ്യാസ രംഗത്തെ ജാതിവിവേചനത്തിൻ്റെ അനുസ്യൂതമായ തുടര്‍ച്ചയെന്താണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.

നമുക്കു മുന്നിലെ കാതലായ പ്രശ്നങ്ങളിലൊന്ന് അതിവിദഗ്ദ്ധമായി വിവേചനങ്ങള്‍ക്ക് ഇരകളാകുന്ന ജാതികളും സ്കൂളുകളില്‍ നിന്നും, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും പുറത്താക്കപ്പെടുന്നവരും അതിലുമുപരിയായി ഉപരിപഠനാനന്തരം കീഴ്ജാതികള്‍ തൊഴിലിടങ്ങളില്‍ നേരിടേണ്ടിവരുന്ന വര്‍ഗീകരണവും അപമാനവുമാണ്. ജാതിരാഷ്ട്രീയത്തിന്റെ വ്യത്യസ്ത വ്യവഹാരങ്ങള്‍ നടക്കുന്ന കാലമാണ് നമ്മുടേതെന്നിരിക്കിലും അംബേദ്ക്കറിന്റെ ആശയങ്ങളിലും ആഗ്രഹങ്ങളിലും മാത്രം ഒതുങ്ങേണ്ട ഒന്നല്ല ജാതികളെന്ന തിരിച്ചറിവിലേക്കാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന ലിംഗാധിഷ്ഠിതവും സ്ത്രീശാക്തീകൃതവുമെല്ലാമായ ചര്‍ച്ചകള്‍ നമ്മെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ ജാത്യാധിഷ്ഠിത പഠനങ്ങളെയും പ്രവര്‍ത്തനങ്ങളെയും പുറംതള്ളുന്ന സവര്‍ണ്ണാധിഷ്ഠിത മേഖലകള്‍ എങ്ങനെ സൃഷ്ടിക്കപ്പെടുന്നുവെന്ന ചോദ്യത്തില്‍ നിന്നാവണം നമ്മുടെ വിദ്യാഭ്യാസ രംഗത്തെ ജാതിരാഷ്ട്രിയമെന്തെന്ന് നാം പരിശോധിക്കേണ്ടത്. ഒറ്റതിരിഞ്ഞ ജാതികളും അവയുടെ ചിന്തകളും വ്യാപകമായി നിലവിലുള്ള ഉത്തര-മണ്ഡല്‍ സംവാദങ്ങളില്‍ (Post Mandal Discourses) നിന്നും പലപ്പോഴും അകന്നു നില്‍ക്കാറുള്ളത് സ്വാഭാവികമാണ്. ഉപ-ജാതി (Sub – Caste)കളാക്കട്ടെ അവരുടെ വിദ്യാഭ്യാസത്തെ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രം ഒതുക്കുവാന്‍ ആഗ്രഹിക്കുന്നതായും കാണുന്നു. ഗോത്ര വിഭാഗങ്ങളുടെയും ആദിവാസികളുടെയും കാര്യമാകട്ടെ, ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. ഇത്തരമൊരവസ്ഥയില്‍, പട്ടികജാതി പട്ടികവര്‍ഗക്കാരെയും ഇതര കീഴാളരേയും ഗോത്രങ്ങളില്‍ നിന്നും ആദിവാസി സമൂഹങ്ങളില്‍ നിന്നുമുള്ള പഠിതാക്കളേയുമെല്ലാം ഒന്നിപ്പിച്ചുള്ള ജാതി വ്യവഹാരമാണോ ഉന്നത വിദ്യാഭ്യാസവുമായി സംവദിക്കേണ്ടതെന്നുള്ളതിനെക്കുറിച്ച് കൃത്യമായൊരു നിഗമനത്തിലെത്തുവാൻ നമുക്ക് കഴിഞ്ഞിട്ടില്ല.

മനുഷ്യാവകാശ കമ്മീഷനും പട്ടികജാതി പട്ടികവര്‍ഗ-ന്യൂനപക്ഷാവകാശ കമ്മീഷനുമെല്ലാം നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞൊരു ദശകത്തില്‍ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുമുള്ള പഠിതാക്കളുടെ എണ്ണത്തില്‍ 15 ശതമാനത്തിലധികം വര്‍ധനവുണ്ടായിട്ടുണ്ട്. ഇവര്‍ വരുന്നത് രാജ്യത്തെ മുഖ്യ നഗരങ്ങളില്‍ നിന്നോ അതിന്റെ പരിസരങ്ങളില്‍ നിന്നോവാണെങ്കിലും അവര്‍ കടന്നെത്തുന്ന സ്ഥാപനങ്ങള്‍ മെഡിക്കല്‍ കോളേജുകള്‍, ഐ. ഐ. ടികള്‍, എഞ്ചിനിയറിംഗ് സ്ഥാപങ്ങള്‍, കൂടാതെ കേന്ദ്ര സര്‍വകലാശാലകള്‍ എന്നിവടങ്ങളിലാണ്. തികച്ചും ഒറ്റപ്പെട്ട ഉള്‍ഗ്രാമങ്ങളില്‍ നിന്നോ മലയോര പ്രദേശങ്ങളില്‍ നിന്നോ വരുന്നവരിപ്പോഴും 3 ശതമാനമേയുള്ളൂ. ഈ കണക്കിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണെങ്കില്‍ മണ്ഡല്‍ കമ്മിഷനാനന്തര കാലങ്ങളില്‍പ്പോലും ദലിത് വിദ്യാർത്ഥികളുടെയല്ലാത്ത ഉപ-ജാതികളുടേയും ആദിവാസികളുടെയും പ്രാതിനിധ്യം ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സജീവമായിട്ടില്ലെന്നുവേണം കരുതുവാന്‍. ദലിത് പ്രാതിനിധ്യത്തിന് കുറവില്ലെങ്കിലും ഒ. ബി. സി വിഭാഗത്തിന് പ്രത്യേകമായി അനുവദിച്ച ആനുകൂല്യങ്ങള്‍ ഇതര ദലിത് വിഭാഗങ്ങളെ അസ്വസ്ഥമാക്കുകയുണ്ടായിട്ടുണ്ട്. ജെ. എന്‍. യു, ദില്ലി സര്‍വകലാശാല- എന്നിവിടങ്ങളിലെ സമകാലിക അന്തരീക്ഷം പരിശോധിച്ചാല്‍ മതി അതു വ്യക്തമാകും. എന്നാല്‍ ഐ.ഐ.ടി യെപ്പോലൊരു ശാസ്ത്ര- സാങ്കേതിക വിദ്യാഭ്യാസത്തിനും മാനവിക പഠനങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്ന സ്ഥാപനത്തില്‍ അവിടെ അധ്യാപനം നടക്കുന്നവരില്‍ 149 പേര്‍മാത്രം എ.സി കളും ഇരുപതില്‍ താഴെ ഗോത്രവര്‍ഗ വിഭാഗത്തിലും പെട്ടവരാണെന്ന വാസ്തവം (ഇന്ത്യയിലെ 23 ഐ. ഐ. ടി കളില്‍ നിന്നും ശേഖരിച്ച കണക്ക്) നാമിവിടെ ഓര്‍ക്കേണ്ടതുമാണ്. സംവരണാടിസ്ഥാനത്തില്‍ത്തന്നെ ജോലിയില്‍ പ്രവേശിച്ചവരാണെങ്കിലും, ഇവരുടെ പ്രാതിനിധ്യം അവരുടെ പ്രവര്‍ത്തനമേഖലയില്‍ എങ്ങനെ പ്രതിഫലിക്കുന്നൂവെന്നതിനെക്കുറിച്ച് ഒരു കമ്മീഷന്‍ റിപ്പോര്‍ട്ടും ബോധപൂര്‍വം രേഖപ്പെടുത്തിയിട്ടില്ല കടുത്ത വിവേചനത്തിനിരയായ അധ്യാപകര്‍ക്കൊപ്പം അവരുടെ ക്ലാസ്സ്മുറികളില്‍ ഒറ്റപ്പെട്ട ദലിത് വിദ്യാര്‍ത്ഥികളുടെ അനുഭവങ്ങളും സുലഭം. മെഡിക്കല്‍ കോളേജുകളുടെ കാര്യത്തിലും ഈ അവസ്ഥ വിഭിന്നമല്ല. ഇത് മനസ്സിലാക്കുന്നത്, ചെറിയ രീതിയില്‍ മാത്രം ഉന്നത വിദ്യാഭ്യാസ രംഗത്ത് നീലക്കൊള്ളുന്ന ദളിത് – ആദിവാസി ഗോത്ര അദ്ധ്യാപകരും അവരുടെ വിദ്യാര്‍ത്ഥികളും തമ്മില്‍ നിലനില്‍ക്കുന്ന ശുഷ്ക്കിച്ച വ്യവഹാര സാധ്യതയാണ്.

രോഹിത് വെമുല

ദളിത് – ബഹുജന്‍ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന കേന്ദ്ര സര്‍വകലാശാലകളില്‍ നിന്നും ബിരുദാനന്തര ബിരുദത്തിനു ശേഷം സമൂഹത്തെ മാറ്റിമറിക്കുവാനിറങ്ങുന്ന പലരും പഠനവിഷയങ്ങളെ അന്തര്‍വൈജ്ഞാനിക (interdisciplinary) മേഖലകളുമായി ബന്ധിപ്പിക്കുവാനാണ് ഐ‌ഐ‌ടി കളിലും ഐ‌ഐ‌എ മ്മുകളിലുമെല്ലാം എത്തുന്നത്. പ്രവേശനം ലഭിച്ച ദിവസം മുതല്‍ ക്ലാസ്സ് മുറികള്‍, ഹോസ്റ്റല്‍ മുറികള്‍ തുടങ്ങി വ്യവഹാരങ്ങള്‍ ശക്തിപ്രാപിക്കേണ്ട ക്യാന്‍റ്റീനുകളിലും ഇതര പൊതുവിടങ്ങളിലുമെല്ലാമവര്‍ ‘ജാതീരൂപ’ത്തില്‍ത്തന്നെ വിവേചനമെന്തെന്നറിയുന്നു. ഈയ്യിടെ, ദില്ലി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ഹോസ്റ്റലിനുള്ളില്‍ ബംഗാളില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥിനിയെ ആക്ഷേപം നിറഞ്ഞ വാക്കുകളാല്‍ ജാതിപ്പേരോടെ അഭിസംബോധന ചെയ്യുകയും അവരെക്കൊണ്ട് നിര്‍ബന്ധിത ജോലികള്‍ ചെയ്യിക്കുവാന്‍ ശ്രമിക്കുകയും ചെയ്ത സംഭവം വലിയ വാര്‍ത്തയാവുകയുണ്ടായി. പലരും അധിക്ഷേപങ്ങളുടെ കുത്തൊഴുക്കില്‍ ഹോസ്റ്റലുകള്‍ വിടുകയാണ് ചെയ്യാറ്. പരസ്യവും രഹസ്യവുമായ ഇത്തരം വിവേചനങ്ങള്‍ ഓം പ്രകാശ് വാത്മീകിയുടെ ‘ജൂഡൻ’ (Jhootan) എന്ന ആത്മകഥയെ അനുസ്മരിപ്പിക്കുന്നു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഘടനാപരമായ ജാതി വിവേചനം ഉണ്ടാകുന്നതിന്റെ പിറകിലുള്ള കാരണങ്ങള്‍ സുപ്രധാനമായും ഇവയാണ്: ഒന്ന് – ജാതി മേല്‍കോയ്മ നേടിയ സ്ഥാപനനിയന്ത്രണത്തില്‍ കപ്പ് ജാതികള്‍ അറിവ് സമ്പാദിക്കുകയെന്നത് അധികാരത്തിന്റെ ഘടനകളെ തകര്‍ക്കുന്നുവെന്ന മേല്‍ജാതി യജമാനൻമാരുടെ വിശ്വസം. അതായത് അറിവധികാരമെന്നത് സവര്‍ണ്ണരുടെ കുത്തകയാണെന്നും അതിലേക്കുള്ള കീഴ്ജാതികളുടെ നേരിയൊരു ചലനം പോലും ആപത്കരമാണെന്നുമുള്ള മനോഭാവം. രണ്ട്, ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജാതിസംവരണം ഉന്നത വിദ്യാഭ്യാസത്തില്‍, പ്രത്യേകിച്ചും ശാസ്ത്ര – സാങ്കേതിക മേഖലകളില്‍ പ്രയോഗികമാവുകയില്ലെന്ന മുൻധാരണ. ഏറ്റവും അപകടം നിറഞ്ഞ ധാരണകളിലൊന്നാണിത്. കാടുകളില്‍ മരംവെട്ടിയും നിരവധികാലം തേന്‍ ശേഖരിച്ചുമെല്ലാം ജീവിച്ചുവന്നൊരു കൂട്ടം മനുഷ്യര്‍ ഒരു സുപ്രഭാതത്തില്‍ ടെസ്റ്റ്ട്യൂബുകൾ കൈകാര്യം ചെയ്യുകയും റോക്കറ്റ് വിക്ഷേപണ രംഗത്ത് പ്രാഗൽഭ്യം തെളിയിക്കുകയും ചെയ്യുമ്പോള്‍, പരീക്ഷണശാലകളിലും വിക്ഷേപണ നിയന്ത്രണ മുറികളിലുമെല്ലാം വര്‍ഷങ്ങളായി ഇരുന്നിരുന്ന പണ്ഡിതരുടെ കസേരകളാണ് താറുമാറാകുന്നത്. മൂന്ന്, വിവരാധിഷ്ഠിതമായി ഉന്നത വിദ്യാഭ്യാസം ലഭിച്ചവരെ ജാതിയുടെ അടിസ്ഥാനത്തില്‍ത്തന്നെ ജോലികളില്‍ വിന്യസിപ്പിക്കണമെന്നും ഉന്നത ജോലിയിടങ്ങളില്‍ അവര്‍ക്ക് പ്രവേശം നിഷേധിക്കണമെന്നുമുള്ള മനോഭാവം. ഒട്ടനവധി ശാസ്ത്രജഞരും ഡോക്ടർമാരുമെല്ലാം ഇത്തരമൊരു വിവേചനത്തിനിരയാവുകയും കടുത്ത അന്യവത്ക്കരണ(alienation)ത്തിന് അടിപ്പെടുകയുമുണ്ടായിട്ടുണ്ട്.

കോഴിക്കോട് സര്‍വകലാശാലയില്‍ കെ. എസ് മാധവനെപ്പോലൊരാള്‍ക്ക് ഉണ്ടായ അനുഭവങ്ങളും അദ്ദേഹം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളും മുകളില്‍ പ്രതിപാദിച്ചു വസ്തുതകളുടെ വെളിച്ചത്തില്‍ മനസ്സിലാക്കുമ്പോള്‍, ലജ്ജാകരമായ അക്കാദമിക് അലംഭാവമെന്താണെന്ന് നാം തിരിച്ചറിയുന്നു. ഒരു മുഖ്യധാര പ്രസിദ്ധികരണത്തിന് അയക്കുന്ന ദളിത് പ്രൊഫസറുടെ അടിക്കുറിപ്പുകള്‍ (Footnote) പോലും കാര്യമായി പരിഗണിക്കാറില്ലെന്ന് അദ്ദേഹം ഒരഭിമുഖത്തില്‍ പറയുന്നുണ്ട്. സുഖദേവ് തൊറാട്ടി (Sukhadev Thorat) നെപ്പോലുള്ള ഒട്ടനവധി വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തിൽ പല മാറ്റങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്റ്റേറ്റ് സര്‍വകലാശാലകളില്‍ അവയൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ല. ഒട്ടനവധി പ്രബന്ധങ്ങളുടെ തിരസ്ക്കാരത്തിലൂടെയും ദളിത് വിദ്യാര്‍ഥികളുടെ നേരെയുള്ള ലൈംഗികാതിക്രമങ്ങളിലൂടെയും അശ്ലീല പരാമര്‍ശങ്ങളിലൂടെയും സര്‍വോപരി പൊതുവിടങ്ങളില്‍ അവര്‍ നേരിടേണ്ടിവരുന്ന അപമാനത്തിലൂടെയും തഴച്ചു വളരുന്ന അപകര്‍ഷതാ ബോധത്തിലൂടെയുമെല്ലാം അവ നിത്യനുഭവങ്ങളായി മാറിയിരിക്കുന്നു. ‘ദളിതന്റെ നിഴല്‍’ (Shadow of the Dalit) പോലും ഭയമുളവാക്കുന്നതാണെന്ന് അനികേത് ജാവ്റിയുടെ (Aniket Jaaware) യുടെ പ്രസ്താവനയിവിടെ പ്രസക്തമാകുന്നു. (Practising Caste, Duke University Press, 2017)

നിയോ നിലബറല്‍ മൂലധനവും ആഗോളീകരണ സംവിധാനങ്ങളും ഏകരാഷ്ട്ര മാതൃകയിലേക്ക് ഇന്ത്യയെ നയിച്ചുകൊണ്ടിരിക്കുന്ന സമകാലിക അന്തരീക്ഷത്തില്‍, വ്യാപകമായി ഉന്നത വിദ്യാഭ്യാസ മേഖലകള്‍ കടുത്ത ഭീഷണി നേരിടുന്നുണ്ട്. ഇക്കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍, 40 ശതമാനത്തിലേറെ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളേജുകളിലും ഐ‌ഐ‌ടികളിലും സ്കോളര്‍ഷിപ്പ് നിഷേധിക്കപ്പെട്ടു. പൊതുവിദ്യാഭ്യാസ രംഗത്ത് നെടുകെയും വിലങ്ങനെയും ഫണ്ടുകള്‍ വെട്ടിക്കുറക്കുന്നതു വഴി, ആര്‍ക്കാണ് വിദ്യാഭ്യാസം ലഭിക്കേണ്ടതെന്ന കരടുരൂപം തന്നെ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരുന്നു. കീഴ്ജാതികള്‍ക്കൊരിക്കലും സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുവാനുള്ള മൂലധനമില്ല. നോര്‍മന്‍ ഫെയര്‍-ക്ലോ (Norman Fair Clough) നിര്‍ദേശിച്ചതുപോലെ, സാമൂഹിക അധികാരത്തിന്റെ മേധാവിത്വം ഭാഷാപരമായ വിവേചനത്തിലൂടെയും സാമ്പത്തിക അസമത്വത്തിലൂടെയും നരവംശാധിഷ്ഠിത ഉന്നതമാനങ്ങള്‍ സൃഷ്ടിച്ച്, ജാതിവെറികള്‍ ഉണ്ടാക്കുന്നതാണ് നാമിവിടെ കാണുന്നത്. നവ അധികാരബന്ധങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലകളെ ആത്യന്തികമായും ഭാഷയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുമ്പോള്‍, കീഴ്ജാതികളുടെ അനുസൃതമായ നിരകളാണ് വിഘടിക്കപ്പെടുന്നത്. ഫെയര്‍ക്ലോ ‘ഭാഷയും അധികാരവും’ (Language and Power) എന്ന കൃതിയില്‍ മുന്നോട്ടുവെക്കുന്ന പുതിയ കാലങ്ങളുടെ ജാതിതിരിച്ചുള്ള ഉത്ഭവം തന്നെയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലനില്‍ക്കുന്നതും.

ഭരണഘടന അനുശാസികുന്നതും എന്നാല്‍ നിരന്തരം ദളിത്- ബഹുജന വ്യവഹാരാധിഷ്ഠിതവുമായ താത്വിക ചിന്തകളിലൂടെയും ക്രിയാത്മകമായ ഇടപെടലുകളിലൂടെയും മാത്രമേ ഉന്നതവിദ്യാഭ്യാസ രംഗത്തെ ജാതിപ്രാതിനിധ്യത്തിന് ശക്തിപകരാന്‍ നമുക്കാവുകയുള്ളൂ. അതിന് ഉദാരീകരണത്തെയും സ്വകാര്യവത്ക്കരണത്തെയും ചെറുക്കുന്ന സാമ്പത്തിക ചിന്തയുടെ ആവശ്യം നമുക്കുണ്ട്.

Leave a comment