TMJ
searchnav-menu
post-thumbnail

Caste Kerala

"മിഷനറിമാരും കമ്മ്യുണിസ്റ്റുകാരുമല്ല കേരളത്തിൽ നവോത്ഥാനം കൊണ്ടുവന്നത്"

12 Dec 2021   |   1 min Read
കെ പി സേതുനാഥ്

കെ പി സേതുനാഥ് : സ്വത്തുടമസ്ഥതയിലധിഷ്ഠിതമായ സമുദായമായി ദളിതര്‍ വികസിക്കാതെ പോയതിന്റെ പ്രധാന കാരണമായ അവരുടെ ഭൂവുടമസ്ഥതയുടെ കാര്യം ഭൂപരിഷ്‌ക്കരണത്തില്‍ പരിഗണനാവിഷയം പോയും അല്ലാതായതിന്റെ സാഹചര്യം എങ്ങനെയാണ് വിശദീകരിക്കുക.

കെ കെ കൊച്ച് : നവോത്ഥാനത്തിനു ശേഷം കേരളത്തിലെ ഒട്ടേറെ സമുദായങ്ങള്‍ അദൃശ്യതയില്‍ നിന്നും ദൃശ്യതയിലേക്കു വന്നു. പലതരത്തിലുള്ള പാരമ്പര്യ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ചിലര്‍ ജാതി തൊഴിലുകള്‍ ഉപേക്ഷിച്ചപ്പോള്‍ മറ്റു ചിലരുടെ തൊഴിലുകള്‍ വ്യവസായവല്‍ക്കരണത്തിന്റെ ഭാഗമായും അപ്രത്യക്ഷമായി. തൊഴില്‍ മേഖലയിലെ ഈയൊരു പരിവര്‍ത്തനത്തിന്റെ ഘട്ടത്തിലാണ് കമ്യൂണിസ്റ്റു പാര്‍ട്ടി അധികാരത്തിലെത്തുന്നത്. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ചില തൊഴില്‍ മേഖലകള്‍ അവര്‍ പരിഷ്‌ക്കരിക്കുകയും, പുനസംഘടിപ്പിക്കുകയും ചെയ്തു. കള്ള് ചെത്ത്, നെയ്ത്ത്, കയര്‍, കശുവണ്ടി തുടങ്ങിയ പല മേഖലകളും അതിന്റെ ഉദാഹരണങ്ങളായി കാണാവുന്നതാണ്. ഈ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്ന സമുദായങ്ങള്‍ക്കും ഈ പരിഷ്‌കരണങ്ങളുടെ പ്രയോജനമുണ്ടായി. കമ്യൂണിസ്റ്റുകാരുടെ വര്‍ഗ്ഗസമര വീക്ഷണത്തിന് അനുയോജ്യമായിരുന്നു തൊഴില്‍ മേഖലയില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നടത്തിയ അത്തരം ഇടപെടലുകള്‍. സംഘടിതമായ തൊഴിലാളികളുടെ വളര്‍ച്ച വര്‍ഗ്ഗസമരത്തിന്റെ ആക്കം കൂട്ടുമെന്നായിരുന്നു അവരുടെ സങ്കല്‍പ്പം. കര്‍ഷക തൊഴിലാളികളായി മുദ്ര കുത്തിയ ദളിതര്‍ സ്വാഭാവികമായും ഈ പ്രക്രിയയില്‍ നിന്നും പുറത്തായി. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ മാത്രമായിരുന്നില്ല ദളിതര്‍. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ അവരുടെ ഇടയില്‍ ഉണ്ടായിരുന്നു. ജാതി തൊഴിലുകള്‍ കുടില്‍ വ്യവസായമാക്കി മാറ്റണമെന്ന പൊയ്കയില്‍ അപ്പച്ചന്റെ നിരീക്ഷണം ഇവിടെ ഓര്‍ക്കാവുന്നതാണ്. രോഗചികിത്സകരായ ദളിത് വൈദ്യന്മാര്‍ ഉദാഹരണം. പുലയന് രോഗം വന്നാല്‍ ആരായിരുന്നു ചികിത്സിച്ചത് എന്ന ചോദ്യം ഒരിക്കല്‍ ഞങ്ങള്‍ ഉന്നയിച്ചിരുന്നു. നമ്പൂതിരിയും, നായരും അല്ലെങ്കില്‍ ഈഴവരും ചികിത്സിക്കാനുളള സാധ്യത ഇല്ലായിരുന്നുവെന്ന് വ്യക്തമാണല്ലോ. കര്‍ഷക തൊഴിലാളി മുദ്ര പതിഞ്ഞതോടെ ദളിതരില്‍ ഉണ്ടായിരുന്ന വിവിധ തരത്തിലുള്ള തൊഴില്‍ വൈദഗ്ധ്യത്തിന്റെ സവിശേഷതകള്‍ പുതിയ കാലത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് തിരിച്ചറിയുന്നതിനും പരിഷ്‌ക്കരിക്കുന്നതിനുമുള്ള സാധ്യതകള്‍ ഇല്ലാതായെന്നു പറയാം.

സചിവോത്തമപുരം കോളനി സ്ഥാപിക്കുമ്പോള്‍ വിഭാവന ചെയ്തിരുന്ന പദ്ധതികള്‍ പരിശോധിച്ചാല്‍ സ്വത്തുടമയില്‍ അധിഷ്ഠിതമായ സമുദായവല്‍ക്കരണം ദളിതരുടെ കാര്യത്തില്‍ പില്‍ക്കാലത്ത് നഷ്ടമായതിനെ പറ്റി ഒരു ധാരണ ലഭിക്കും. കേരളത്തിലെ ഏറ്റവും പ്രശസ്തമായ കോളനി ആയിരുന്നു അത്. 75 സെന്റെ ഭുമിയില്‍ തുടങ്ങിയ കോളനിയില്‍ 25 സെന്റെ പാര്‍പ്പിടങ്ങള്‍ക്കും ബാക്കി 50 സെന്റെ കൃഷി ചെയ്യാനുമായിരുന്നു. 8 വീട്ടുകാര്‍ക്ക് ഒരു കിണര്‍ എന്ന കണക്കാക്കിയിരുന്നു. തപാല്‍ ആപ്പീസ്, സ്‌കൂള്‍, പൗള്‍ട്രി ഫാം എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. അയ്യങ്കാളിയുടെ മകളുടെ ഭര്‍ത്താവായ ടി.ടി കേശവശാസ്ത്രി സചിവോത്തമപുരം കോളനിയുടെ ആദ്യത്തെ വാര്‍ഡന്‍ ആയിരുന്നു. ആദ്യകാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്ന ശാസ്ത്രി പിന്നിട് തിരു-കൊച്ചി നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നു. സി പി രാമസ്വാമി അയ്യര്‍ രൂപം കൊടുത്ത ഈ കോളനിയുടെ സ്ഥാപനത്തില്‍ സ്വത്തുടമസ്ഥതയെ അടിസ്ഥാനമാക്കിയുള്ള മൂര്‍ത്തമായ ഒരു പദ്ധതിയുടെ ഡിസൈന്‍ ദൃശ്യമാണ്. കര്‍ഷക തൊഴിലാളിയുടെ സ്ഥിതി എന്നാല്‍ അതല്ല. ജന്മി കര്‍ഷകര്‍ക്കെതിരായ വര്‍ഗ്ഗസമരമെന്ന കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സങ്കല്‍പ്പത്തിലാണ് കര്‍ഷക തൊഴിലാളിയുടെ അസ്തിത്വം. ദളിതരുടെ ഭൂപ്രശ്‌നത്തെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് ഈഎംഎസ്സി ന്റെ മറുപടി ദളിതര്‍ക്ക് വര്‍ഗ്ഗബോധമുണ്ടായി എന്നായിരുന്നുവെന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. വര്‍ഗ്ഗബോധം സ്വത്തുടമസ്ഥതക്ക് പകരമാവില്ല. ഗള്‍ഫിലേക്കുള്ള തൊഴില്‍ കുടിയേറ്റത്തിന്റെ കാര്യത്തില്‍ ദളിതര്‍ പിന്തള്ളപ്പെട്ടതിന്റെ ഒരു കാരണം ഭൂമിയുടെ അഭാവമായിരുന്നു എന്നു ഞാന്‍ കരുതുന്നു. ഭൂപരിഷ്‌ക്കരണത്തില്‍ ഭൂമി ലഭിച്ച സമുദായങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്തി ഗള്‍ഫിലേക്കു പോവാനുള്ള പണം സ്വരൂപിക്കുവാന്‍ കഴിഞ്ഞുവെങ്കില്‍ മൂന്നു സെന്റിലും, അഞ്ചു സെന്റിലും ഒതുക്കപ്പെട്ടവര്‍ക്ക് ഭൂമി പണയം വെക്കുവാന്‍ ആകുമായിരുന്നില്ല. മഞ്ഞളാംകുഴി അലിയെ പോലുള്ള ഒരാള്‍ തന്റെ സാമ്പത്തിക വളര്‍ച്ചയുടെ അടിത്തറ ഭൂപരിഷ്‌ക്കരണത്തിന്റെ ഫലമായി ഭൂമി ലഭിച്ചതാണെന്ന് പറഞ്ഞതും ഈ അവസരത്തില്‍ ഓര്‍മിക്കാവുന്നതാണ്. കേരളത്തില്‍ ഭൂമി കാര്‍ഷികാവശ്യത്തിനുള്ള ഒന്നല്ല. അതൊരു ആസ്തിയാണ്. മറ്റുള്ള മൂലധന ആസ്തികള്‍ പോലെ. ദളിതര്‍ അതില്‍ നിന്നും വ്യവസ്ഥാപിതമായി മാറ്റി നിര്‍ത്തപ്പെട്ടതിന്റെ വിശകലനമാണ് ഭൂപരിഷ്‌ക്കരണത്തിന്റെ വിമര്‍ശനത്തിലൂടെ ഉയര്‍ത്തുന്നത്.

വി എസ് അച്യുതാനന്ദന്‍ / Photo : Prasoon Kiran

ചോദ്യം: കേരളത്തിലെ ദളിത് അവബോധത്തില്‍ ഒരു മാറ്റം ദൃശ്യമാവുന്നത് 1970 കളിലാണെന്ന താങ്കളുടെ നിരീക്ഷണത്തെ എങ്ങനെയാണ് വിശദീകരിക്കുക

ഭൂപരിഷ്‌ക്കരണത്തില്‍ നിന്നും ദളിതര്‍ നിഷ്‌കാസിതരായതു മാത്രമല്ല സാമൂഹ്യ ജീവിതത്തിന്റെ സകല മേഖലകളിലും ദളിതര്‍ അനുഭവിക്കുന്ന പാര്‍ശ്വവല്‍ക്കരണവും കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ഈ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് കഴിയില്ലെന്ന ഒരു തിരിച്ചറിവ് സൃഷ്ടിച്ചു. നക്‌സല്‍ബാരി കലാപം അതിനൊരു നിമിത്തമായിരുന്നു. കേരളത്തിലെ ആദ്യകാല നക്‌സലൈറ്റു പ്രവര്‍ത്തകരില്‍ ദളിതരും, ആദിവാസികളും ധാരാളമുണ്ടായിരുന്നു. പരമ്പരാഗത കമ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ അവിശ്വാസം തന്നെ ഒരു വിഭാഗം ദളിതരില്‍ ഉണ്ടായി. അങ്ങനെയാണ് കല്ലറ സുകുമാരനെ പോലുള്ളവര്‍ ഹരിജന്‍ ഫെഡറേഷന്‍ പോലുള്ള സംഘടനകള്‍ക്ക് രൂപം നല്‍കിയത്. അതിന്റെയെല്ലാം ഫലമായി ഒട്ടേറെ ആശയ സംവാദങ്ങള്‍ ഉരുത്തിരിഞ്ഞു. എന്നാലും കൃത്യമായ ഒരു പ്രത്യയശ്ശാസ്ത്ര അടിത്തറ രൂപപ്പെട്ടുവെന്നു പറയാനാവില്ല. 1980-90 കളോടെ കൃത്യമായ ദിശാബോധവും ആശയപരമായ ക്ലാരിറ്റിയുമെല്ലാം വ്യക്തത കൈവരിച്ചു. ദളിതര്‍ ഒരു സമുദായമെന്ന സങ്കല്‍പ്പം അതോടെ ശക്തമായി. എളുപ്പമായിരുന്നില്ല ആ മാറ്റം. ശക്തമായ ആശയ സംഘര്‍ഷങ്ങള്‍ അതിന്റെ ഭാഗമായി ഉടലെടുത്തു. ജാതി സംഘടനകള്‍ക്ക് നേരെ ശക്തമായ വിമര്‍ശനങ്ങള്‍ ആവശ്യമായിരുന്നു. വലതുപക്ഷ വ്യതിയാനവും, ഇടതുപക്ഷ വ്യതിയാനവും ഒരു പോലെ സംഭവിക്കുമെന്ന വീക്ഷണത്തെ ശരിവെയ്ക്കുന്ന സംഭവവികാസങ്ങളും അതിൻ്റെ ഭാഗമായി ഉണ്ടായി. ഡിഎച്ആര്‍എം പോലുള്ള സംഘടനകളുടെ ആവിര്‍ഭാവം അത്തരത്തിലുള്ള വ്യതിയാനങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതിനെല്ലാമുപരി നമ്മുടെ പൊതുബോധ നിര്‍മിതികളില്‍ നിലനിന്നിരുന്ന വാര്‍പ്പു മാതൃകകളെ നിശിതമായി ചോദ്യം ചെയ്യുന്ന, പഠിക്കുന്ന രീതിശാസ്ത്രം ദളിത് പണ്ഡിതര്‍ വികസിപ്പിച്ചു. നവോത്ഥാനത്തെ പറ്റിയെല്ലാമുള്ള ധാരണകള്‍ അതോടെ ചോദ്യം ചെയ്യപ്പെട്ടു. മിഷനറിമാരുടെയും, കമ്യൂണിസ്റ്റുകാരുടെയും ഊതി വീര്‍പ്പിച്ച മഹത്വവല്‍ക്കരണങ്ങളും, അവകാശവാദങ്ങളും തുറന്നു കാട്ടപ്പെട്ടു. ദളിതരുമായി താരതമ്യം ചെയ്യുമ്പോള്‍ മിഷനറി പ്രവര്‍ത്തനം മറ്റു സമുദായങ്ങളിലാണ് കൂടുതല്‍ സ്വാധീനം ചെലുത്തിയത് എന്ന കാര്യം ഇപ്പോള്‍ പലരും ഓര്‍ക്കാറില്ല. അതിനൊരു കാരണം കൂടിയുണ്ട്. കേരളത്തിലെ കൃസ്ത്യാനികളുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഉദയംപേരൂര്‍ സുന്നഹദോസിലെ കാനോനകളില്‍ കമ്മാളര്‍ക്കും, ഈഴവര്‍ക്കും മുകളില്‍ ഉള്ളവരെ മാത്രമേ മതപരിവര്‍ത്തനം ചെയ്യാന്‍ പാടുള്ളു എന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. മലയാളികളുടെ ജനിതക ചരിത്രത്തെ പറ്റി പഠിച്ച കെ. സേതുരാമന്‍ IPS നടത്തുന്ന ഒരു നിരീക്ഷണവും ഇക്കാര്യത്തില്‍ നിര്‍ണ്ണായകമാണ്. കേരളത്തിലെ കൃസ്ത്യന്‍ ജനസംഖ്യ ഉയര്‍ന്നപ്പോള്‍ കുറഞ്ഞത് നായര്‍ ജനസംഖ്യയാണെന്ന് അദ്ദേഹം തൻ്റെ പുസ്തകത്തില്‍ ചൂണ്ടിക്കാണിക്കുന്നു. അതായത് നായന്മാരില്‍ നിന്നാണ് കൂടുതല്‍ പേരും കൃസ്ത്യാനികളായി മതം മാറിയത്. കേരളത്തിലെ നവോത്ഥാനത്തിന്റെ ആരംഭം ഒരു പക്ഷെ ടിപ്പു സുല്‍ത്താനില്‍ നിന്നാവും. ടിപ്പു സുല്‍ത്താന്‍ നിര്‍മിച്ച പൊതുനിരത്തുകള്‍ വന്നതോടെ വഴിനടക്കുന്നതില്‍ ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇല്ലാതാവുന്നതിൻ്റെ ഭൗതിക സാഹചര്യം സംജാതമായി. പീരങ്കി റോഡുകള്‍ എന്നറിയപ്പെട്ടിരുന്നു ഈ പൊതുനിരത്തുകളില്‍ തൊട്ടുകൂടായ്മ ഇല്ലായിരുന്നു. അതുപോലെ ജോലിക്ക് പ്രതിഫലമായി പണം നല്‍കുന്ന സമ്പ്രദായവും അദ്ദേഹം തുടങ്ങിയിരുന്നു. പണം കൈയില്‍ വരുന്നതോടെ പണം കൊടുത്തു വാങ്ങാവുന്ന സാധനങ്ങള്‍ ലഭ്യമാവുന്ന അങ്ങാടികളും വേണ്ടി വന്നു. നവോത്ഥാനത്തിൻ്റെ തുടക്കത്തിന് ഈ മാറ്റങ്ങള്‍ വഹിച്ച പങ്കിനെ എങ്ങനെ അവഗണിക്കാനാവും.

ദളിതരില്‍ ഒരു സ്വത്തുടമാ വര്‍ഗ്ഗം ഇല്ലാത്തതിനാലാണ് സമുദായവല്‍ക്കരണം നടക്കാതെ പോയതെന്ന വീക്ഷണം ചില മാര്‍ക്‌സിസ്റ്റുകാര്‍ ഉന്നയിക്കുന്നതിനെ കുറിച്ചുളള വിമര്‍ശനങ്ങളും ഈ സാഹചര്യത്തിലാണ് വിലയിരുത്താനാവുക. നായരിലും, ഈഴവരിലും ഉണ്ടായിരുന്ന സ്വത്തുടമസ്ഥരാണ് സമുദായവല്‍ക്കരണത്തിന്റെ ചുക്കാന്‍ പിടിച്ചതെന്നായിരുന്നു അവരുടെ വാദം. ജാതി വര്‍ഗ്ഗപരമായ സോളിഡാരിറ്റി ആയി മാറുന്നത് എന്നെല്ലാം പറയാവുന്ന പ്രക്രിയ. ദളിതരില്‍ അങ്ങനെ ഒരു വിഭാഗത്തിന്റെ അഭാവത്തിലാണ് സമുദായവല്‍ക്കരണം നടക്കാതെ പോയതെന്നും അവര്‍ പറഞ്ഞു വെച്ചു. ഞങ്ങള്‍ ആ വീക്ഷണത്തെ വിമര്‍ശിച്ചു. സ്വത്തുടുമകള്‍ ഇല്ലാത്തതുകൊണ്ട് സമുദായവല്‍ക്കരണം അസാദ്ധ്യമാണെന്നു പറയാനാവില്ലെന്നാണ് ഞങ്ങളുടെ വാദം. ദളിതരിലെ ബുദ്ധിജീവികളാണ് സമുദായവല്‍ക്കരണത്തിൻ്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കുകയെന്നും ഞങ്ങള്‍ ചൂണ്ടിക്കാട്ടി. ഞങ്ങളുടെ നിലപാടുകള്‍ അസ്ഥാനത്തായില്ല. ഇന്ന് കേരളത്തില്‍ ഏറ്റവും ഡൈനാമിക്കായി പ്രവര്‍ത്തിക്കുന്ന ബുദ്ധിജീവി വിഭാഗം ദളിതരാണ്. അവകാശ സമരങ്ങള്‍, സംഘടന സംരംഭങ്ങള്‍, പ്രക്ഷോഭങ്ങള്‍, കല, സാഹിത്യം തുടങ്ങിയ ഏതു മേഖലയെടുത്താലും വളരെ ചടുലമായ ദളിത് ധൈഷണിക സാന്നിദ്ധ്യം കാണാനാവും. ഈ അവബോധമൊന്നും പുറത്തു നിന്നും ആരും കൊണ്ടു വന്നതല്ല. ദളിതരില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നതാണ്. ഭൂപരിഷ്‌ക്കരണത്തെ കുറിച്ചുള്ള വിഷയമെടുക്കാം. അതിന് രണ്ടു വശങ്ങളുണ്ട്. കര്‍ഷകരുടെയും, ഭൂരഹിതരുടെയും. ടി സി വര്‍ഗ്ഗീസിനെ പോലുള്ളവരുടെ പഠനം ആദ്യം പറഞ്ഞ കര്‍ഷകരുടെ പ്രശ്‌നമാണ് ഭൂപരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് ഉന്നയിച്ച വിഷയം. അതേ സമയം ഡോ. കുഞ്ഞാമനേയും, ശിവാനന്ദനെയും പോലെയുള്ളവര്‍ ഭൂപരിഷ്‌ക്കരണത്തിന്റെ പരിമിതികളിലാണ് ഊന്നിയത്. ഭൂമി കിട്ടാതെ പോയതിന്റെയും, ഭൂരാഹിത്യത്തിന്റെയും പരിപ്രേക്ഷ്യം അവര്‍ മുന്നോട്ടു വെച്ചു. രണ്ടാം ഭൂപരിഷ്ക്കരണത്തെ കുറിച്ചുള്ള സംവാദങ്ങളെല്ലാം രൂപപ്പെടുന്നത് ഈയൊരു വീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ്. അതു പോലെ ഏറ്റവും പ്രധാനപ്പെട്ട സങ്കല്‍പ്പമാണ് സ്വകാര്യ മേഖലയിലെ സംവരണത്തിന്റെ വിഷയം. 57 ലെ വിമോചന സമരത്തിന്റെ പ്രധാനകാരണം സര്‍ക്കാര്‍ സഹായം ലഭിക്കുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ നിയമനങ്ങള്‍ പബ്ലിക് സര്‍വീസ്സസ് കമ്മീഷനെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമായിരുന്നു. ഭൂപരിഷ്ക്കരണത്തേക്കാള്‍ സര്‍ക്കാരിനെതിരായ കടുത്ത എതിര്‍പ്പിന്റെ കാരണം ഇതായിരുന്നു. എന്‍എസ്സ്എസ്സ് നേതാവായിരുന്ന കളത്തില്‍ വേലായുധന്‍ നായര്‍ ഭൂപരിഷ്ക്കരണത്തിനൊന്നും ഞങ്ങള്‍ക്ക് വലിയ എതിര്‍പ്പില്ല എന്നു പറയുന്നുണ്ട്. കാരണം അപ്പോഴേക്കും അവരെല്ലം ഭൂമി വിറ്റഴിക്കുകയോ, സുരക്ഷിതമായ നിലയില്‍ ഉടമസ്ഥാവകാശം ക്രമീകരിക്കുകയോ ചെയ്തിരുന്നു. 'പുലയനും, പറയനുമൊന്നും ഞങ്ങളുടെ പറമ്പുകളില്‍ കയറി നടക്കാന്‍ ഞങ്ങള്‍ സമ്മതിക്കൂല' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. സ്വകാര്യ മാനേജ്‌മന്റ് സ്ഥാപനങ്ങളിലെ നിയമനാധികാരം പിഎസ്സ്‌സി ഏറ്റെടുക്കുന്ന പക്ഷം അവിടങ്ങളില്‍ സംവരണം ഏര്‍പ്പെടുത്തേണ്ടി വരുന്നതിനെ ചൊല്ലിയുള്ള ഉത്ക്കണ്ഠകളാണ് നായരുടെ വാക്കുകളില്‍ അടങ്ങിയിട്ടുള്ളത്. 1973 ല്‍ അച്യുതമേനോന്‍ സര്‍ക്കാര്‍ ഡയറക്ട് പേയ്‌മെന്റെ സംവിധാനം നടപ്പിലാക്കിയതോടെ വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യ മാനേജ്മെന്റുകളുടെ അധീശത്വം നിയമപരമായ സാധുത നേടി. സ്വകാര്യ മാനേജ്മെന്റുകളിലെ ജീവനക്കാരുടെ അന്തസ്സിനും, ആത്മാഭിമാനത്തിനും അവസരമൊരുക്കിയ വലിയ നേട്ടമായി ചിത്രീകരിക്കുന്ന ഈ തീരുമാനം ദളിതരുടെയും, ആദിവാസികളുടെയും പരിപ്രേക്ഷ്യത്തില്‍ പരിശോധിക്കുമ്പോള്‍ ലഭിക്കുന്ന ചിത്രം എന്താണ്. സംസ്ഥാനത്തെ പൊതു ഖജനാവിലെ പണം ചെലവഴിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ അടക്കം ചര്‍ച്ച ചെയ്യുന്ന ഒന്നായി ഈ വിഷയം ഇപ്പോള്‍ മാറിയിരിക്കുന്നു. ഏകദേശം 12,000 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ മാനേജ്മെന്റിലെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റു ചിലവുകള്‍ക്കുമായി മാറ്റിവെക്കുന്നു. ഒരു സംവരണ തത്വവും ഇവിടെ പാലിക്കപ്പെടുന്നില്ല.

കേരളത്തിലെ മുഖ്യധാര രാഷ്ട്രീയത്തിലെ ചില പ്രധാന പ്രവണതകളും ഇവിടെ നാം കണക്കിലെടുക്കണം. കേരളത്തിലെ കോണ്‍ഗ്രസ്സിന്റെ പ്രധാന അടിത്തറ കൃസ്ത്യന്‍, മുസ്ലീം സമുദായങ്ങളാണ്. സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ ഈ സമുദായങ്ങളുടെ താല്‍പ്പര്യം ഏവര്‍ക്കും അറിയുന്നതാണ്. അവരുടെ എതിര്‍പ്പിന് ഇടയാക്കുന്ന ഒരു നടപടിയും കോണ്‍ഗ്രസ്സിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ല. ഈഴവരും, പുലയരുമാണ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ അടിത്തറ. പക്ഷെ ഒരു സാമൂഹ്യ സംഘര്‍ഷത്തിന്റെ അവസ്ഥ അവരും ഇഷ്ടപ്പെടുന്നില്ല. സാമൂഹ്യ സംഘര്‍ഷത്തെ സമുദായ സംഘര്‍ഷത്തിന്റെ തലത്തിലാണ് അവര്‍ വിലയിരുത്തുന്നത്. സാമൂഹ്യ സംഘര്‍ഷത്തെ സമുദായ സംഘര്‍ഷമെന്നു തെറ്റിദ്ധരിക്കുന്ന സമീപനം. ഫലത്തില്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയം നിലവിലുള്ള തല്‍സ്ഥിതി (സ്റ്റാറ്റസ്‌കോ) സംരക്ഷണത്തിന്റെ രാഷ്ട്രീയമാണ്. കുരങ്ങന്‍ ചെസ്സ് കളിക്കുന്നതിനെ കുറിച്ചുള്ള കഥയെ അനുസ്മരിപ്പിക്കുന്നതാണ് അതിന്റെ അന്തസത്ത എന്നു പറയം. വാലുകൊണ്ട് കറുത്ത കരുക്കളും, കൈകൊണ്ട് വെളുത്ത കരുക്കളും നീക്കുമെങ്കിലും അവസാനം ജയിക്കുന്നത് കുരങ്ങ് തന്നെയാവും എന്നു പറയുന്ന സ്ഥിതി.

സീതാറാം യെച്ചൂരിയും പിണറായി വിജയനും / Photo : Prasoon Kiran

ചോദ്യം: പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം മുന്നണി അധികാര തുടര്‍ച്ച നിലനിര്‍ത്തിയത് കേരള രാഷ്ട്രീയത്തില്‍ വളരെയധികം ചര്‍ച്ച ചെയ്ത വിഷയമാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതല്‍ സിപിഎം മുന്നണിയുടെ വിജയത്തെ നിരീക്ഷിക്കുന്ന വ്യക്തിയെന്ന നിലയില്‍ എന്താണ് ഇക്കാര്യത്തിലുള്ള താങ്കളുടെ വിലയിരുത്തല്‍.

കേരളത്തിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ സാമ്പത്തിക വീക്ഷണത്തില്‍ പിണറായി വിജയന്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടു വരുന്നു എന്നാണ് എന്റെ പ്രാഥമികമായ വിലയിരുത്തല്‍. ആഗോളതലത്തില്‍ മൂലധനത്തിന്റെ കേന്ദ്രീകരണവും, വിന്യാസവുമായി ബന്ധപ്പെട്ട വളരെ വിശദമായ പഠനം ആവശ്യപ്പെടുന്ന വിഷയമാണത്. സോവിയറ്റു മാതൃകയിലുള്ള സാമ്പത്തിക വീക്ഷണമായിരുന്നു 1940 കള്‍ മുതല്‍ കമ്യൂണിസ്റ്റു പാര്‍ട്ടി കേരളത്തില്‍ സ്വീകരിച്ചിരുന്നത്. സോവിയറ്റ് മാതൃക പരാജയമായിരുന്നു. അത് നടക്കുന്ന കാര്യമല്ലെന്നും വ്യക്തമായി. ഇതോടൊപ്പം മനസ്സിലാക്കേണ്ടതാണ് മുതലാളിത്ത രാജ്യങ്ങളിലെ മൂലധനത്തിന്റെ വന്‍തോതിലുളള സംഭരണവും കേന്ദ്രീകരണവും. അമേരിക്ക, ഇംഗ്ലണ്ട്, ജപ്പാന്‍, തുടങ്ങിയ രാജ്യങ്ങളിലെല്ലാം വന്‍തോതില്‍ മൂലധനം കേന്ദ്രീകരിക്കപ്പെട്ടു. ലാഭകരമായ നിക്ഷേപ മേഖലകള്‍ ഈ മൂലധനം സ്വാഭാവികമായും തേടുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. ആഗോളതലത്തിലെ ഈ മൂലധനത്തിന്റെ പങ്ക് പറ്റാനുള്ള ശ്രമമാണ് പിണറായി നടത്തുന്നത്. വിഎസ്സ് അച്യുതാനന്ദന്റെ നേതൃത്വത്തില്‍ കൊട്ടിഘോഷിക്കപ്പെട്ട മൂന്നാറിലെ കൈയേറ്റമൊഴിപ്പിക്കലിനെ പരാജയപ്പെടുത്തിയതു മുതല്‍ പിണറായി അതിനുളള ശ്രമം നടത്തുന്നു. പൊളിഞ്ഞു പോയ സോവിയറ്റു സാമ്പത്തിക മാതൃകയുടെ വക്താവായിരുന്നു അച്യുതാനന്ദന്‍ എന്നു വേണമെങ്കില്‍ പറയാം. സംസ്ഥാനത്തെ എല്ലാ വന്‍കിട-കുത്തക കക്ഷികളുമായി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളാണ് പിണറായി നടത്തിയ കേരള യാത്രകളുടെ ഒരു സവിശേഷത. ഗള്‍ഫിലും മറ്റുമുള്ള വന്‍കിട മുതലാളിമാരുമായും ഇതുപോലെ ബന്ധം സ്ഥാപിക്കുന്നു. അതിന്റെ തുടര്‍ച്ചയാണ് ആഗോള മൂലധനത്തിന്റെ പങ്ക് പറ്റുന്നതിനുള്ള ശ്രമങ്ങളും. അതായത് മൂലധനത്തെ ആകര്‍ഷിക്കാതെ വേറെ മാര്‍ഗ്ഗമില്ല എന്ന കൃത്യമായ ഒരു സാമ്പത്തിക പദ്ധതിയുടെ അടിസ്ഥാനത്തിലാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. അതിന്റെ ശരിയും തെറ്റുകളും പരിശോധിക്കേണ്ട വിഷയമാണ്. കൃത്യമായ ഈ സാമ്പത്തിക പദ്ധതിയാണ് സിപിഐ(എം) മുന്നണിയുടെ വിജയത്തിന്റെ കാരണം. സിപിഐ(എം) ന്റെ ഈഴവ-ദളിത് അടിത്തറയില്‍ കാര്യമായ വിള്ളല്‍ ഉണ്ടായിട്ടില്ല. പിന്നെ അവര്‍ക്ക് ആവശ്യം മറ്റു പ്രബല സമുദായ ശക്തികളാണ്. കേരള കോണ്‍ഗ്രസ്സിനെ (മാണി) കൂട്ടിയതോടെ കൃസ്ത്യാനികളുടെയും, സാമ്പത്തിക സംവരണത്തിലൂടെ നായന്മാരുടെയും പിന്തുണ ഉറപ്പിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞു. മറുഭാഗത്ത് കോണ്‍ഗ്രസ്സിന്റെ സ്ഥിതി നോക്കുകയാണെങ്കില്‍ എന്താണ് കാണാനാവുക ? അവര്‍ക്ക് കൃത്യമായ ഒരു സാമ്പത്തിക പദ്ധതിയില്ല. നെഹ്രൂവിയന്‍ മാതൃക എന്നെല്ലാമുള്ള വര്‍ത്തമാനം അല്ലാതെ മൂര്‍ത്തമായ പദ്ധതികളൊന്നും അവര്‍ക്കില്ല. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ ഇക്കാര്യം ഞാന്‍ ചൂണ്ടിക്കാണിച്ചിരുന്നു.

മൂലധനത്തിന്റെയും, സാങ്കേതിക വിദ്യയുടെയും പിന്‍ബലത്തില്‍ വളരുന്ന വൈജ്ഞാനിക സാമ്പത്തിക മേഖല ദളിതര്‍ പ്രയോജനപ്പെടുത്തണമെന്ന വീക്ഷണം ശക്തിയായി ഞാന്‍ മുന്നോട്ടു വയ്ക്കുന്നതിന്റെ സാഹചര്യം ഇതാണ്. 'നഷ്ടപ്പെടുവാന്‍ വിലങ്ങുകള്‍ കിട്ടാനുള്ളത് പുതിയൊരു ലോകം' എന്ന കമ്യൂണിസ്റ്റുകാരുടെ പഴയ മുദ്രവാക്യം പോലും ഇവിടെ ഉപയോഗിക്കാവുന്നതാണ്. ഏതായാലും ദളിതരില്‍ ഭൂരിപക്ഷവും ഇപ്പോഴും കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ പിന്തുണക്കാരാണ്. ഞാന്‍ പറഞ്ഞുവരുന്നത് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ സാമ്പത്തിക മേഖലയില്‍ ഉയര്‍ന്നു വരുന്ന പുതിയ അവസരങ്ങള്‍ കൈയെത്തിപ്പിടിക്കുവാന്‍ ശേഷിയുള്ള ഒരു വിഭാഗം ദളിതരില്‍ നിന്നും ഉയര്‍ന്നു വന്നിട്ടുണ്ട്. വളരെ ചെറിയ ന്യൂനപക്ഷമാണെങ്കിലും അങ്ങനെയൊരു വിഭാഗത്തിന്റെ സാന്നിദ്ധ്യം ഇപ്പോള്‍ അവഗണിക്കാനാവില്ല. പ്രവാസികളുടെ ഇടയില്‍ പോലും അങ്ങനെയൊരു ചെറിയ വിഭാഗം ഉയര്‍ന്നു വരുന്നുണ്ട്. പൊതു-സ്വകാര്യ മേഖലകളില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിരുന്ന/വഹിക്കുന്ന പ്രൊഫഷണല്‍ ആയ നിരവധി പേരുടെ പിന്തുണയും മാര്‍ഗദര്‍ശകത്വവും അവര്‍ക്ക് ലഭിക്കുന്നതാണ്. ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുവാന്‍ സഹായിക്കുന്ന പ്രത്യേക പദ്ധതികളും, സ്‌കീമുകളും രൂപീകരിക്കുകയും അവ നടപ്പിലാക്കുന്നതിന് സര്‍ക്കാരില്‍ നിന്നും ആവശ്യമായ നിയമപരമായ അംഗീകാരങ്ങളും അവകാശങ്ങളും നേടിയെടുക്കുന്നതിന് മുന്‍ഗണന നല്‍കേണ്ടതുണ്ട്. വളരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാവും അതിന്റെ ഗുണഫലം അനുഭവിക്കുകയെന്ന സംശയം സ്വാഭാവികമായും ഉണ്ടാവും. എനിക്ക് സംവരണം ലഭിച്ചാല്‍ അത് ഞാനെന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്ന അംഗീകാരം മാത്രമല്ല എന്നാണ് അതിനുള്ള മറുപടി. എന്റെ സമുദായത്തിനാകെ ലഭിക്കുന്ന അംഗീകാരമാണ്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ആമുഖത്തില്‍ ബിപി മണ്ഡല്‍ ഇക്കാര്യം പറയുന്നു. സംവരണത്തിന്റെ തത്വം തന്നെ അതാണ്. ഒരു പീഢിത സമുദായത്തിന് ലഭിക്കുന്ന നിയമപരമായ അംഗീകാരമാണത്. നിയമപരമായ അംഗീകാരം സ്ഥാപിച്ചെടുക്കുക സുപ്രധാനമാണ്. അയ്യങ്കാളി 1893 ല്‍ വില്ലുവണ്ടി യാത്ര നടത്തുന്നതിനും 12 കൊല്ലം മുമ്പ് രാജവീഥിയില്‍ ഒഴികെ പുലയര്‍ക്ക് നടക്കാനുള്ള അവകാശമുണ്ടായിരുന്നു. എന്നാല്‍ അത് നടപ്പിലാക്കിയിരുന്നില്ല. തന്റെ യാത്രയിലൂടെ അയ്യങ്കാളി നിയമപരമായ അവകാശം സ്ഥാപിച്ചെടുക്കുകയായിരുന്നു. സ്കൂൾ പ്രവേശനത്തിന്റെ കാര്യത്തിലും സമാനമായിരുന്നു സ്ഥിതി. സികെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ ഞങ്ങള്‍ വിമര്‍ശിച്ചത് ആദിവാസികള്‍ക്ക് ലഭിച്ച ഭരണഘടനപരമായ അവകാശത്തെ കൈയൊഴിഞ്ഞു എന്നതിന്റെ പേരിലാണ്. അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരികെ ലഭിക്കുകയെന്നത് അവര്‍ക്ക് ലഭിച്ച ഭരണഘടനപരമായ അവകാശമായിരുന്നു. 1975 ലെ ആദിവാസി ഭൂനിയമത്തിന്റെ സവിശേഷത അതായിരുന്നു. നിയമപരമായ ഈ അവകാശം സ്ഥാപിച്ചെടുക്കുന്നതിനും പകരം വിഷയം കേവലമായ ഭൂമി ലഭ്യതയുടെ കാര്യം മാത്രമായി ചുരുക്കിയതായിരുന്നു ജാനുവിൻ്റെ സമരത്തിന്റെ ദൗര്‍ബല്യം. സര്‍ക്കാരുമായി അവര്‍ ഒപ്പുവെച്ച കരാറിന് നിയമ പ്രാബല്യവും ഉണ്ടായിരുന്നില്ല. അങ്ങനെ വിലയിരുത്തുമ്പോള്‍ ജാനുവിന്റെ സമരം പിന്നോക്കം പോകലായിരുന്നു. ഞങ്ങളുടെ വിമര്‍ശനത്തിന്റെ കാതല്‍ അതായിരുന്നു.

Leave a comment