TMJ
searchnav-menu
post-thumbnail

Caste Kerala

ദളിതരുടെ ഭാവി നോളജ് ഇക്കോണമി

06 Dec 2021   |   1 min Read
K K Kochu

ലേഖനം വായിക്കുന്നതിനൊപ്പം കേള്‍ക്കാം

കേരളത്തിന്റെ ധൈഷണിക മേഖലയിൽ അധീശത്വം പുലർത്തുന്ന ബ്രാഹ്മണ്യ-സവർണ്ണ ചിന്തകളുടെയും ആഖ്യാനങ്ങളുടെയും നിശിത വിമർശകനും സാമൂഹ്യ പ്രവർത്തകനും എന്ന നിലയിൽ കേരളത്തിലാകെ സുപരിചിതമായ വ്യക്തിത്വമാണ് കെ കെ കൊച്ച്. നവീനവും വിപ്ലവകരവുമായ ദളിത് അവബോധത്തിന്റെയും, ഭാവുകത്വത്തിന്റെയും ചിന്തകനും എഴുത്തുകാരനും എന്ന നിലയിൽ അഞ്ചു പതിറ്റാണ്ടിലധികമായി പ്രവർത്തിക്കുന്ന കൊച്ചിന്റെ സംഭാവനകൾ ഗൗരവമായ വിലയിരുത്തലുകൾ ആവശ്യപ്പെടുന്നു. ഐക്യ കേരള ചരിത്രത്തിലെ രണ്ടു നിർണായക സംഭവ വികാസങ്ങളിൽ നിന്നും ഒരു സമുദായം എന്ന നിലയിൽ ദളിതർ എങ്ങനെ മാറ്റി നിർത്തപെട്ടുവെന്നു വിശകലനത്തിന്റെ അടിസ്ഥാനത്തിൽ വർത്തമാന കാലഘട്ടത്തിലെ ജാതിയുടെ പ്രവർത്തനം വിശദീകരിക്കാനുള്ള ശ്രമം അദ്ദേഹം ഇവിടെ നടത്തുന്നു. ഭൂപരിഷ്ക്കരണവും, ഗൾഫ് കുടിയേറ്റവും സൃഷ്‌ടിച്ച അവസരങ്ങളിൽ നിന്നും ദളിതർ ഒഴിവാക്കപ്പെട്ടതിനെ ചരിത്രപരമായ വിശകലനം ചെയ്യുന്ന കൊച്ച് പുതുതായി ഉയർന്നു വരുന്ന വിജ്ഞാന സാമ്പത്തിക (Knowledge Economy) മേഖലയിലെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനായി ദളിതർ ബോധപൂർവം പ്രവർത്തിക്കണമെന്ന് ശക്തമായി വാദിക്കുന്നു. മലബാർ ജേർണലിന്റെ 'ജാതി കേരളം' സംവാദത്തിനായി കൊച്ചുമായി നടത്തിയ സംഭാഷണത്തിന്റെ ഒന്നാം ഭാഗം.

കെ പി സേതുനാഥ് : ഭൂപരിഷ്കരണത്തിലും ഗൾഫ് തൊഴിൽ കുടിയേറ്റത്തിലും പ്രാതിനിധ്യം ഇല്ലാതെ പോയ ദളിതർ ഒരു സമുദായമെന്ന നിലയിൽ വിജ്ഞാന സാമ്പത്തിക മേഖലയിൽ ഉയർന്നു വരുന്ന അവസരങ്ങൾ ഉപയോഗ പെടുത്തുന്നതിനായി ബോധപൂർവം ശക്തമായി പരിശ്രമിക്കണമെന്ന നിലപാട് താങ്കൾ നിരന്തരം ഉന്നയിക്കുന്നു. എന്താണ് താങ്കളുടെ നിലപാടിന്റെ അടിസ്ഥാനം.

കെ കെ കൊച്ച് : നോളജ് ഇക്കോണമി അഥവാ വിജ്ഞാന സാമ്പത്തിക മേഖലയിൽ ഉയർന്നു വരുന്ന അവസരങ്ങളെ ഉപയോഗപ്പെടുത്താൻ ദളിതർ എന്തുകൊണ്ട് ബോധപൂർവം പരിശ്രമിക്കണമെന്ന നിലപാട് ചരിത്രപരമായ ആവശ്യകതയാണ്. അതിന്റെ പശ്ചാത്തലം വിശദീകരിക്കുന്നതിലൂടെ അക്കാര്യം ബോധ്യപ്പെടുമെന്ന് ഞാൻ കരുതുന്നു. കേരളത്തില്‍ ജാതി ദുര്‍ബലമാകുന്നില്ലായെന്ന് പറയാന്‍ സാധിക്കില്ല. ജാതി ദുര്‍ലബമാകുന്നുണ്ട്. കടുത്ത ജാതി വിവേചനമൊന്നും കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്നില്ല. കേരളത്തില്‍ ദളിതർ നേരിടുന്ന ജാതിയുടെ പ്രതിസന്ധി നിലനില്‍ക്കുന്നത് മറ്റ് ചില വിഷയങ്ങളിലാണ്. അതില്‍ പ്രധാന വിഷയം അവസരസമത്വമാണ്. അത് പല തരത്തിൽ നില നിൽക്കുന്നു. മുഖ്യമായും ഭൂമിയുടെ കാര്യത്തില്‍, 1957 ല്‍ ഭൂപരിഷ്കരണം നടപ്പാക്കുമ്പോള്‍ അതില്‍ ഭൂമി ലഭിച്ചത് പാട്ടക്കാര്, വാരക്കര് എന്നിങ്ങനെയുള്ള വിഭാഗങ്ങൾക്കായിരുന്നു. ദളിതരെ അതില്‍ നിന്നും അകറ്റിനിര്‍ത്തി. അവരെ കോളനികളിലേക്കും ലക്ഷംവീടുകളിലേക്കും നയിക്കപ്പെട്ടു. ഇത്തരം പ്രശ്നങ്ങൾ നടക്കുമ്പോള്‍ ദളിതര്‍ക്കുവേണ്ടി വാദിക്കാനോ സംസാരിക്കാനോ ആരുമുണ്ടായിരുന്നില്ല. അന്നത്തെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ നേതൃനിരയിൽ എംകെ കൃഷ്ണൻ, പികെ ചാത്തൻ മാസ്റ്റർ, പികെ കുഞ്ഞച്ചൻ തുടങ്ങിയവർ ഉണ്ടായിരുന്നുവെങ്കിലും സമുദായത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ ദളിതരുടെ ഭൂമി പ്രശ്നം അവതരിപ്പിക്കുവാൻ അവർക്കു കഴിഞ്ഞില്ല. ഭൂപരിഷ്ക്കരണത്തിൽ ദളിതർ തീർത്തും അവഗണിക്കപ്പെട്ടതിനെ പറ്റി പിൽക്കാലത്തു ഗൗരി അമ്മയോട് ചോദിച്ചപ്പോൾ അവരുടെ മറുപടി ദളിതരുടെ കാര്യം പറയുവാൻ ആരും ഇല്ലായിരുന്നു എന്നാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഘടനയെ പറ്റി പഠിച്ച ബ്രിട്ടീഷ്‌ നരവംശ ശാസ്‌ത്രജ്ഞയായ കാതലിൻ ഗഫ്‌ (Kathleen Gough) നടത്തിയിട്ടുള്ള നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണെന്ന് ഞാൻ കരുതുന്നു. തെക്കൻ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപപ്പെടുന്നത് ഒരു കര്‍ഷക തൊഴിലാളി പ്രസ്ഥാനമായോ കീഴാള പ്രസ്ഥാനമായോ അല്ല മറിച്ച് കര്‍ഷകപ്രസ്ഥാനമായാണ്. അതാണ് അതിന്റെ അടിത്തറ. അതിന്റെ മുഖ്യ നേതൃത്വത്തിലേക്ക് വരുന്നത് നായര്‍, ക്രിസ്ത്യന്‍ സമുദായങ്ങളാണ്. “ജനിച്ച ചോവനും, നശിച്ച നായരും, പെഴച്ച ക്രിസ്ത്യാനിയുമാണ് കമ്മ്യൂണിസ്റ്റ് ആവുകയെന്ന" മന്നത്ത് പദ്മനാഭന്‍ തമാശയായി പറയുന്നത് ഇവിടെ ഓർക്കാവുന്നതാണ്. വടക്കന്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ കുറിച്ചുള്ള ദിലീപ് മേനോൻറെ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വര്‍ഗസമരസിദ്ധാന്തങ്ങളൊന്നുമല്ല അക്കാലത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ നയിച്ചത്. 1930ലെ ‘Great Depression’ നും രണ്ടാം ലോക മഹായുദ്ധത്തിനും ശേഷമുണ്ടായ ഭക്ഷ്യക്ഷാമത്തില്‍ ഇടപെട്ടും, 'മഹത്തായ' സോവിയറ്റ് യൂണിയൻറെ ഗുണങ്ങളെ ചൂണ്ടിക്കാണിക്കുകയും ചെയ്താണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വരുന്നത്. ഒരു പ്രത്യയശാസ്ത്ര അടിത്തറയിലല്ല കമ്മ്യൂണിസ്റ്റ്പാര്‍ട്ടി രൂപപ്പെട്ടത് എന്നാണ് ദിലീപ് മേനോന്‍ പറഞ്ഞു വെക്കുന്നത്. 1957 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നപ്പോള്‍ ഈഎംഎസ് ഇതേ കാര്യം മറ്റൊരു രൂപത്തിൽ പറയുന്നുണ്ട്. 'ഞങ്ങള്‍ക്ക് ഇവിടെ സോഷ്യലിസമോ, കമ്മ്യൂണിസമോ ഒന്നും നടപ്പാക്കാന്‍ കഴിയില്ല. നിലവിലുള്ള വ്യവസ്ഥക്കുള്ളിൽ നിന്ന് കൊണ്ട് ജനങ്ങള്‍ക്ക് പരമാവധി സഹായകമായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുക മാത്രമേ സാധിക്കൂ'. ഇതായിരുന്നു നമ്പൂതിരിപ്പാടിന്റെ വിലയിരുത്തൽ. ഇത്തരമൊരു സാഹചര്യത്തിലാണ് കേരളത്തിലെ ദളിതര്‍ ഭൂപരിഷ്കരണത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നത്. ഞാന്‍ സൂചിപ്പിക്കുന്ന പ്രശ്നമെന്തെന്നാല്‍ കേരളത്തിലെ ദളിതര്‍ക്കുവേണ്ടി സംസാരിക്കാനാരുമുണ്ടായില്ല എന്ന വിഷയമാണ്. കേരളത്തിന്റെ നവോത്ഥാന ചരിത്ര പശ്ചാത്തലത്തിൽ ഈ വിഷയത്തെ സമീപിക്കുമ്പോൾ ഇക്കാര്യം കുറച്ചുകൂടി വ്യക്തമായി ബോധ്യമാവും. കേരളത്തിന്റെ നവോത്ഥാന ചരിത്രം പരിശോധിച്ചാല്‍ പല ഘട്ടങ്ങള്‍ കണ്ടെത്താനാകും. അതിലെ ഒരു പ്രധാന ഘടകം സമുദായവത്കരണമാണ്. സഹോദരന്‍ അയ്യപ്പന്‍ പറയുന്നുണ്ട്, ഓരോ പീഡിത സമുദായങ്ങളും സമരം ചെയ്യുമ്പോള്‍ സ്വയം പരിഷ്ക്കരിക്കുന്നതിനോടൊപ്പം സമൂഹത്തെയും പരിഷ്ക്കരിക്കുന്നുണ്ട്. ഉദാഹരണത്തിന് നായര്‍ സമുദായം കേരളത്തിലെ സാമൂഹിക പരിഷ്ക്കരണത്തിന് ഒരുപാട് പങ്ക് വഹിച്ചിട്ടുണ്ട്. അവരുടെ ആന്തരിക അനാചാരങ്ങളെ പരിഷ്കരിക്കുന്നതോടൊപ്പം തന്നെ, ജാതികളും ഉപജാതികളുമായി കിടന്നിരുന്ന നായര്‍ വിഭാഗം, ഒരു സമുദായമായി മാറണമെന്ന ആവിശ്യമാണ് അവര്‍ മുന്നോട്ട് വെച്ചത്. അങ്ങനെയാണ് 1905 ല്‍ 115 ഓളം ജാതികളായി ചിതറിക്കിടന്ന നായര്‍ വിഭാഗം 1935 ആവുമ്പോഴേക്കും ഒരൊറ്റ സമുദായമായി ഏകീകരിക്കപ്പെട്ടു. അനന്തകൃഷ്ണ അയ്യർ എല്ലാം ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു. അതായതു സ്വന്തം ആന്തരിക ഘടനയിൽ തന്നെ നടന്ന സമരത്തിലൂടെയാണ് സമുദായവൽക്കരണം സാധ്യമാവുന്നത്. ഉപജാതികൾ പൂർണ്ണമായും ഇല്ലാതെയായി എന്നല്ല ഞാൻ പറയുന്നത്. മേനോനും ഉണ്ണിത്താനുമെല്ലാം ഇപ്പോഴും നിലനില്കുന്നുവെങ്കിലും ഒരു സമുദായമെന്ന മനോഘടന നായർ വിഭാഗത്തിൽ ഉടലെടുത്തു.

കെ പി സേതുനാഥ് : ഈഴവരുടെ കാര്യത്തിലും സമാനമായ മാറ്റം സംഭവിക്കുന്നുണ്ടൊ ?

കെ കെ കൊച്ച് : തീർച്ചയായും. ഈഴവർ ഒരു ജാതിയല്ല സമുദായമാണെന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടുണ്ട്. ഈഴവരുടെ കാര്യത്തിലും ആന്തരികമായ സഘർഷം നടക്കുന്നു. നായർ ഒരു ഭരണവർഗമായതിന് ശേഷമുള്ള ഘട്ടത്തിലാണ് ഈഴവരിലെ മാറ്റങ്ങൾ ഉണ്ടാവുന്നത്. വളരെ സങ്കീർണ്ണമായ സംവാദങ്ങളും പ്രശ്നാധിഷ്ഠിതമായ നിരവധി സംഘര്‍ഷങ്ങളും പ്രതിസന്ധികളും ആ കാലഘട്ടത്തിൽ ഈഴവ സമുദായത്തിൽ അരങ്ങേറി. ആശയപരമായ ഒട്ടേറെ സമരങ്ങൾ അതിന്റെ ഭാഗമായി ഉണ്ടായി. ശ്രീനാരായണ ഗുരുവിന് എതിരെ പോലും നീക്കങ്ങൾ നടന്നിരുന്നു. 17 ഓളം കേസ്സുകൾ അദ്ദേഹത്തിന് എതിരെ ഉണ്ടായിരുന്നു. ഗുരു ഒരുപാട് അനാചാരങ്ങൾ ഇല്ലാതാക്കി. എന്ന് മാത്രമല്ല സമുദായത്തെ ഏകീകരിക്കുന്നതിന് സഹായിക്കുന്ന നിരവധി സ്ഥാപനങ്ങൾ രൂപീകരിക്കുന്നതിനും വഴിയൊരുക്കി. ക്ഷേത്രങ്ങൾ എല്ലാം സ്ഥാപിച്ചതിന്റെ ഉദ്ദേശം സാമുദായികമായ ഏകോപനം എന്നതിന്റെ അടിസ്ഥാനത്തിലാണ്. ശ്രീനാരായണ ഗുരു ഒരു തത്വചിന്തകൻ കൂടി ആയിരുന്നു. അതുകൊണ്ടാണ് സാമുദായിക സങ്കുചിതത്വത്തെ മറികടക്കുന്ന ഒരു വീക്ഷണം മുന്നോട്ടു വയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. ജാതിയും മതവും മറികടക്കുന്ന അദ്ദേഹത്തിന്റെ പ്രഖ്യാപനം അതാണ് വെളിപ്പെടുത്തുന്നത്. നമുക്ക് ജാതിയും മതവും ഇല്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. പലരും അത് ജാതിയുടെ കാര്യം മാത്രമാക്കി ചുരുക്കുന്നു. സമുദായ പരിഷ്കരണത്തിന്റെ ബുദ്ധിമുട്ടുകൾ സഹോദരൻ അയ്യപ്പൻ വ്യക്തമായും രേഖപെടുത്തുന്നു. സമുദായ പരിഷ്കരണം ഏറ്റവുമധികം എതിർപ്പുകൾ നേരിടുക സ്വന്തം സമുദായത്തിൽ നിന്നാവുമെന്നു അദ്ദേഹം പറയുന്നു. സഹോദരൻ ഏറ്റവും കൂടുതൽ എതിർപ്പുകൾ നേരിട്ടത് ഈഴവ സമുദായത്തിൽ നിന്നായിരുന്നു. ഏതായാലും ആ ഘട്ടമെല്ലാം പിന്നിട്ട് ഈഴവരും ഫലത്തിൽ ഒരു സമുദായമായി മാറി. ഇപ്പോഴത്തെ അവസ്ഥയിൽ മിതമായി പറഞ്ഞാൽ ഈഴവർ ഒരു ഭരണവർഗ്ഗമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാന അടിത്തറ പിന്നോക്കകാരായ ഈഴവരാണ്. പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും പാർട്ടിയുടെ സ്ഥിതി അല്ല കേരളത്തിൽ. ബംഗാളിലും ത്രിപുരയിലും പാർട്ടിയുടെ അടിത്തറ ഭദ്രലോക് എന്ന് വിളിക്കപ്പെടുന്ന സവർണ്ണ വിഭാഗമാണ്. പട്ടിക ജാതിക്കാരുടെയും മുസ്ലിം ന്യൂനപക്ഷതിന്റെയും വോട്ടുകൾ സമാഹരിക്കാൻ കഴിഞ്ഞതോടെ ഭദ്രലോക് നേതൃത്വത്തിന് പിന്നോക്കക്കാരെ പൂർണ്ണമായും ഒഴിവാക്കാനായി. ബംഗാളിൽ പിന്നോക്ക ജാതിക്കാർ ഇല്ലെന്ന് മണ്ഡൽ കമ്മീഷന് ജ്യോതി ബസു സർക്കാർ മറുപടി നൽകിയെന്ന വാർത്തകൾ വെറുതെ അല്ല. കേരളത്തിലെ സ്ഥിതി അതല്ല. ബംഗാളിലെ പോലെ കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിലും തകരുമെന്ന ചിലരുടെ അഭിപ്രായങ്ങൾ ശരിയല്ല എന്ന് ഞാൻ കരുതുന്നതിന്റെ കാരണം അതാണ്.

അതേ സമയം ഈഴവരുടെ ഭാഗത്തു നിന്നും കലാപകരമായ ചിന്തകൾക്ക് തിരി തെളിക്കുന്ന ഒരു ബുദ്ധിജീവി വിഭാഗം ഉയർന്നു വന്നിട്ടില്ല . കെ പി അപ്പനെ പോലുള്ളവർ ക്ഷാത്രവീര്യത്തിന്റെ ആശയങ്ങൾ പേറുന്നവരായിരുന്നു. സാനു മാഷിനെ പോലുള്ളവർ ഡൈനാമിക് ആയ ചിന്ത ശേഷിയുള്ളവരല്ല. വളരെ എസ്റ്റാബ്ലിഷ്ഡായ ബുദ്ധിജീവി വിഭാഗമാണുള്ളത്. ഗുരു മന്ദിരങ്ങൾ ഇപ്പോൾ ക്ഷേത്രങ്ങളായി മാറി കഴിഞ്ഞു. അവിടെ ഹിന്ദു മതത്തിലെ എല്ലാ അനാചാരങ്ങളും കേറിവന്നു.

കെ പി സേതുനാഥ് : ദളിതരുടെ കാര്യത്തിൽ സമുദായവൽക്കരണം നടക്കാതെ പോയതിന്റെ കാരണം എന്താണ്

കെ കെ കൊച്ച് : ദളിതരും നവോത്ഥാനത്തിന്റെ വലിയ പ്രക്രിയയിൽ കൂടി കടന്നു പോയിരുന്നു. അയ്യങ്കാളി, പൊയ്കയിൽ അപ്പച്ചൻ, പാമ്പാടി ജോസഫ് തുടങ്ങിയവർ ദളിതർക്കിടയിൽ ശക്തമായ മുന്നേറ്റത്തിന് വഴി തെളിച്ചു. ദളിതരുടെ ഒരു പ്രധാന പ്രശ്‍നം ഓരോ ജാതിക്കും നിരവധി ഉപജാതികളുടെ സാന്നിധ്യമായിരിന്നു. പുലയർ മാത്രം 13 ൽ കൂടുതൽ ഉപജാതികളായിരുന്നു. കിഴക്കൻ പുലയർ, പടിഞ്ഞാറൻ പുലയർ, ഓച്ചിറ പുലയർ ഇങ്ങനെ നിരവധി ജാതികൾ ഉണ്ടായിരുന്നു. ജാതിയുടെ എല്ലാ വ്യവഹാരങ്ങളും ഇവർക്കെല്ലാം ബാധകമായിരുന്നു. വീടുകളിൽ പ്രവേശനം ഇല്ലായ്മ മുതൽ ഭക്ഷണം പങ്ക് വയ്ക്കുന്നതിലെ വിലക്കുകൾ വരെയുള്ള എല്ലാ അനാചാരങ്ങളും നിലനിർത്തിയ കൂട്ടരായിരുന്നു അവർ. പറയരും (സാംബവർ) സമാനമായ ജാതി വിലക്കുകൾ നിലനിർത്തി. അവരിൽ ആറോളം ഉപജാതികൾ നില നിന്നിരുന്നു. കെപിഎംഎസ്, സാംബവ സഭ എന്നിവയുടെ രൂപീകരണം ഇവര്‍ക്കിടയില്‍ വ്യത്യാസങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇതേ പ്രശ്നം ആദിവാസികൾക്കിടയിലും നിലനിൽക്കുന്നുണ്ട്. കുറിച്യർ, കുറുമർ ഉന്നത ശ്രേണിയിൽ വരുമ്പോൾ പണിയരും അടിയാളരും നായ്ക്കരുമെല്ലാം അടിത്തട്ടിലെ വിഭാഗങ്ങളായി തുടരുന്നു.

കെ പി സേതുനാഥ് : ദളിതരുടെ ഇടയിൽ ഒരു സമ്പന്ന വിഭാഗത്തിന്റെ അഭാവമാണ് സമുദായവത്കരണത്തിന് വിഘാതമായെതെന്ന വീക്ഷണത്തെ എങ്ങനെ വിലയിരുത്തുന്നു.

കെ കെ കൊച്ച് : മാർക്സിസിറ്റ് നിലപാടുകൾ മുറുകെ പിടിക്കുന്നവർ മുന്നോട്ടു വയ്ക്കുന്ന സമീപനമാണത്. ഞങ്ങൾ അതിന് വിമർശനപരമായ മറുപടി നൽകിയിട്ടുണ്ട്. അതിലേക്കു വരാം. അതിന് മുൻപ് കേരള നവോത്ഥനം നേരിട്ട ഒരു പ്രധാന വെല്ലുവിളി പരിഗണിക്കേണ്ടിയിരിക്കുന്നു. കേരള നവോത്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ എന്തായിരുന്നു എന്നതാണ് ആ വെല്ലുവിളി. നവോത്ഥാനത്തിന് സാമ്പത്തിക അടിത്തറ ഇല്ലായിരുന്നു. സാമൂഹ്യവും ധാർമികവുമായ അടിത്തറയാണ് അതിൽ മുന്നിട്ടു നിന്നത്. താങ്കൾ ഉന്നയിച്ച വിഷയം, അതായത് ദളിതരുടെ ഇടയിലെ സമ്പന്ന വിഭാഗത്തിന്റെ അഭാവം ഒരു വിഷയമായിരുന്നില്ല എന്നല്ല. നവോത്ഥാനത്തിന്റെ ഫലമായി കേരളത്തിൽ സമുദായങ്ങളുടെ ഇടയിൽ ഉണ്ടായ ഒരു പ്രധാന സംഭവ വികാസം സ്വത്തുടമ സമുദായങ്ങൾ ആവുക എന്നതായിരുന്നു. നായന്മാരിലും ഈഴവരിലും എല്ലാം അങ്ങനെ ഒരു റെന്റ് കാണാവുന്നതാണ്. ദളിതരുടെ ഇടയിലും അതിന്റെ അനുരണനങ്ങൾ കാണാമായിരുന്നു. പൊയ്കയിൽ അപ്പച്ചൻ നെയ്തു ശാലയും ബസ് സർവീസ് തുടങ്ങുന്നതും ഉദാഹരണം. തന്റെ അടുത്തേക്ക് വരുന്നവർ രണ്ടു തെങ്ങു നട്ടിട്ടു വരണമെന്ന് വരെ അദ്ദേഹം പറഞ്ഞിരുന്നു. കേരളത്തിന്റെ സാമ്പത്തിക മേഖലയിൽ വലിയ ഒരു ഗതിമാറ്റം നടക്കുന്ന കാലം ആയിരിന്നു അത്. നവോത്ഥാനത്തിന്റെ ഭാഗമായി അക്കാലത്ത് സമുദായങ്ങൾ ആഗ്രഹിച്ചത് തൊഴിൽ സമൂഹമായി മാറുന്നതിനു പകരം സ്വത്തധിഷ്ഠിത സമൂഹമായി മാറുന്നതിനാണ്. അയ്യങ്കാളി ആവശ്യപ്പെട്ടത് 5 ഏക്കർ ഭൂമിയാണ്, ശ്രീമൂലം പ്രജസഭയിൽ ക്ഷേത്ര സ്വത്തെടുത്ത് ഒരു പൊതുമേഖല ബാങ്ക് ആരംഭിക്കണമെന്ന ആവശ്യം അക്കാലത്ത് ഉയരുന്നുണ്ട്. അതായത് സമൂഹം മൊത്തത്തിൽ സ്വത്തിനെ പറ്റിയുള്ള സങ്കല്പത്തിലേക്ക് ഉയർന്ന കാലഘട്ടമായിരുന്നു നവോത്ഥാന കാലം. എന്നാൽ കമ്യുണിസ്റ്റ് പാർട്ടി
ഇവിടെ പ്രവർത്തനമാരംഭിച്ചത് ഒരു തൊഴിലധിഷ്ഠിത സങ്കല്പത്തിലായിരുന്നു. സോവിയറ്റ് യൂണിയൻ ആയിരുന്നു അവരുടെ മാതൃക. വലിയ ഫാക്ടറികളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ എന്ന സങ്കൽപ്പത്തിലായിരിന്നു അവരുടെ പദ്ധതികൾ. അമ്പത്തിയേഴില്‍ അധികാരത്തിൽ വന്നപ്പോൾ വ്യവസായം തുടങ്ങാൻ ബിർള ഗ്രൂപ്പിനെ പോലുള്ളവരെ ക്ഷണിച്ചു കൊണ്ട് വരുന്നതിന്റെ കാരണം അതായിരുന്നു. നവോത്ഥനത്തിന്റെ നേട്ടങ്ങളിൽ നിന്നും ദളിതർ ഒഴിവാക്കപ്പെടുന്നതിനെ കുറിച്ചുള്ള ഗൗരവമായ ചിന്തകൾ 1970 കളോടെ വ്യക്തമായി ഉയർന്നു വരാൻ തുടങ്ങി.

( തുടരും )

Leave a comment