TMJ
searchnav-menu
post-thumbnail

Caste Kerala

മരിച്ചവർ പോലും സുരക്ഷിതരല്ലാത്ത കാലത്തെ ചരിത്രമെഴുത്തുകൾ

23 Dec 2021   |   1 min Read
TMJ News Desk

താങ്കളുടെ ഗവേഷണ ഗ്രന്ഥമായ modernity of slavery മുൻകാല ചരിത്ര ഗവേഷണങ്ങളിൽ നിന്ന് രീതി ശാസ്ത്രപരമായി ഒരുപാട് മുന്നോട്ട് പോകുന്നുണ്ട് അതൊന്നു വിശദീകരിക്കാമോ? അല്ലെങ്കിൽ രീതിശാ സ്‌ത്രപരമായ ഈ വിച്ഛേദത്തെ എങ്ങനെയാണ് സ്വയം വിശദീകരിക്കുന്നത്?

 

രീതിശാസ്ത്രപരമായി ക്രിട്ടിക്കൽ സോഷ്യൽ സയൻസിന്റെ പാതയാണ് ഞാൻ പിന്തുടരുന്നത്. ഈ പഠനത്തിൽ ഞാൻ ഉപയോഗിച്ച ഉപാദാനങ്ങൾ ആണ് യഥാർത്ഥത്തിൽ രീതിശാസ്ത്രത്തെ നിർണ്ണയിച്ചത് എന്ന് പറയാം. ഞാൻ ഉപയോഗിച്ച പുരാരേഖകൾ, അഭിമുഖങ്ങളിലൂടെ സമാഹരിച്ച എത്തനോഗ്രാഫിക് വിവരണങ്ങൾ എന്നിവയുടെ വിശകലനം വേറിട്ട രീതിയിൽ ചിന്തിക്കുന്നതിനു കാരണമായി എന്ന് പറയാം. ഹിസ്റ്റോറിയോഗ്രാഫിക് ട്രഡിഷനിൽ ഇത്തരം അന്വേഷണങ്ങൾ നിലനിൽക്കുന്നുണ്ട്. ഉദാഹരണമായി ഞാൻ വിശകലനം ചെയ്യാൻ ശ്രമിച്ച ഒരു കാര്യം ജാതി അടിമത്തത്തിൽ ആണ്ടുകിടന്നിരുന്നവരുടെ മനോഘടനകളുടെ അവസ്ഥയാണ്. അതിന്റെ അന്വേഷണം നിങ്ങൾക്കറിയാവുന്ന പോലെ ഹിസ്റ്ററി ഓഫ് മെന്റാലിറ്റിസുമായി നമ്മുടെ വിശകലനത്തെ അടുപ്പിക്കുന്നു. അതോടൊപ്പം പറയേണ്ടതാണ് ഉപാദാനങ്ങളുടെ വിനിയോഗം.

 

പുരാരേഖകൾ എന്നാൽ അറിവിന്റെയും അധികാരത്തിന്റെയും ഇടങ്ങളാണെന്ന് ക്രിട്ടിക്കൽ ഹിസ്റ്ററിയും സോഷ്യൽ സയൻസും മുന്നോട്ടുവെക്കുന്നു. ഒരു പുരാരേഖാ ഉണ്ടാവുന്നതെങ്ങനെ? അതിൽ അടങ്ങിയിരിക്കുന്ന അറിവ്, അധികാരം എങ്ങനെയാണ് സംജാതമായത്. ആഖ്യാനങ്ങൾ, പ്രത്യേകമായ പ്രയോഗങ്ങൾ എന്നിവ എങ്ങനെ അതിൽ കടന്നുവന്നിരിക്കുന്നു അവ തമ്മിലുള്ള ബന്ധമെന്ത് ഇതെല്ലാം പുരാരേഖകളുടെ വിശകലനത്തിൽ നിർണായകപ്രശ്നങ്ങൾ ആയി ക്രിട്ടിക്കൽ ഹിസ്റ്ററിയും സോഷ്യൽ സയൻസും വിലയിരുത്തുന്നു.

 

രീതിശാസ്ത്രപരമായ ഒരു പ്രധാന കാര്യം നമ്മുടെ ഗവേഷണഫലമായി പുതിയ ജ്ഞാനോല്പാദനം നടക്കുന്നുണ്ടോ എങ്കിൽ ഏതൊക്കെ മേഖലയിൽ ആണ് പുതിയ അന്വേഷണങ്ങൾ നടക്കുന്നത് എന്ന് കാണിക്കുകയാണ്. എന്റെ പഠനത്തിൽ, ഉദാഹരണമായി സാമൂഹ്യ ഓർമ്മകൾ കാര്യമായി കടന്നുവരുന്നുണ്ട്. അതുപോലെതന്നെ, വൈകാരികതയുടെ പ്രശ്നങ്ങൾ കടന്നുവരുന്നു. ജീവിതാനുഭവങ്ങളുടെ വിശകലനം വളരെ പ്രത്യേകമായി നിരീക്ഷിച്ചിട്ടുണ്ട്. ഇവയൊക്കെയും ചരിത്രവിജ്ഞാനത്തിന്റെയും സാമൂഹ്യശാസ്ത്രത്തിന്റെയും രീതിശാസ്ത്രത്തിനുള്ളിൽ നിന്ന് കൊണ്ടാണ് ചെയുന്നത്. അടിമത്തം, വംശീയത, ലിംഗപരമായ വ്യത്യസ്തത എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ കൂടുതൽ ഉൾക്കാഴ്ചകൾ നൽകി. ഈ സമീപനങ്ങൾ ആഗോളതലത്തിലുള്ള അടിമത്തത്തെക്കുറിച്ചുള്ള വിമര്‍ശനപരമായ അക്കാദമിക് പഠനങ്ങളുടെ തലത്തിലേക്ക് കടക്കാൻ എന്നെ സഹായിച്ചു.

 

ഡോ.സനല്‍ മോഹന്‍

 

കീഴാള പഠനത്തിന്റെ ഉൾക്കാഴ്ച്ചകളാണ് താങ്കളുടെ പഠനത്തിന്റെ സൈദ്ധാന്തിക പിൻബലം. അത് അക്കാദമിക് ചരിത്ര രചനയുടെ മണ്ഡലത്തെ കവിഞ്ഞ് നിൽക്കുന്നതാണ്, എങ്ങനെയൊക്കെയാണ് താങ്കളുടെ പഠനം ആക്കാദമിക മണ്ഡലത്തെ കവിഞ്ഞ് നിൽക്കുകയും സാമൂഹിക രാഷ്ട്രീയ മാനങ്ങൾ കൈവരിക്കുകയും ചെയ്യുന്നത്?

 

ഈ നിരീക്ഷണം ശരിയാണ്. കീഴാളപഠനത്തിന്റെ ഉൾക്കാഴ്ചകളാണ് എന്റെ പഠനത്തെ സ്വാധീനിച്ചത്. എന്നാൽ അതോടൊപ്പം കീഴാള ജാതികളുടെ ജീവിതലോകം, ലോകവീക്ഷണം, അനുഭവങ്ങൾ എന്നിവ പ്രതേകിച്ചും ജാതി അടിമത്തത്തെ സംബന്ധിച്ച വിലയിരുത്തലുകൾ എന്റെ പഠനത്തെ വ്യത്യസ്തമാക്കുന്നു എന്ന് ഞാൻ കരുതുന്നു. ചരിത്രം വലിയ ഒരു യുദ്ധഭൂമി ആണല്ലോ, കുറെകാലമായി ഇന്ത്യയിൽ. അതുകൊണ്ടു തന്നെ നിലവിലിരിക്കുന്ന പാഠങ്ങളിൽ നിന്നും വ്യത്യസ്തമായി എന്നാൽ അക്കാഡമിക് ചരിത്രകാരന്മാർക്കു നിഷേധിക്കാൻ കഴിയാത്ത രീതിയിൽ ചരിത്രം രചിക്കുക എന്നതായിരുന്നു എന്റെ മുൻപിലുള്ള വെല്ലുവിളി. സാമൂഹ്യമർദ്ദനത്തിന്റെയും പീഡനങ്ങളുടെയും ചരിത്രം ഞാൻ വിവരിക്കുന്നുണ്ട്. അത്ചില ചരിത്രാനുഭവങ്ങളെ വിവരിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരൽചൂണ്ടുന്നു. ഇപ്പോഴത്തെ സാഹചര്യം വാൾട്ടർ ബെഞ്ചമിൻ പറഞ്ഞത് പോലെ മരിച്ചവർ പോലും സുരക്ഷിതരല്ലാത്ത കാലമാണ്. അതിനാൽ ഭൂതകാലത്തെക്കുറിച്ചു വളരെ ശക്തമായി എഴുതേണ്ടതുണ്ട്.

 

"ചരിത്രത്തിൽ ഇല്ലാത്തവരുടെ ചരിത്രം" എഴുതുന്നത് നിങ്ങൾ നിരീക്ഷിക്കുന്നതു പോലെ രാഷ്ട്രീയ സാമൂഹ്യമാനങ്ങൾ കൈവരിക്കുന്നു. അതിൽ വിമോചനാത്മകമായ രാഷ്ട്രീയം ഉൾച്ചർന്നിരിക്കുന്നു . നമ്മൾ ഭൂതകാലത്തിലെ നെറികേടുകളെക്കുറിച്ചു പറയുന്നത് ഭാവിയിൽ നമ്മൾ നെറികേടുകൾ പ്രവർത്തിക്കാനല്ല മനുഷ്യന്റെ 'കോമണ്‍ ഹ്യൂമാനിറ്റി' തിരിച്ചറിയുന്നതിനും നീതിയുക്തമായ കാലത്തെക്കുറിച്ചു വിഭാവന ചെയ്യുന്നതിനും ആണ്. ഈ മാനവിക വിമോചനമാണ്. ചരിത്രപരമായി ചിതറിക്കപ്പെട്ടവർക്കു കർത്തൃത്വം വീണ്ടെടുക്കലാണ് ചരിത്രന്വേഷണത്തിലൂടെ നമ്മൾ ചെയ്യുന്ന പ്രവർത്തി.

 

കീഴാള ജനതയുടെ കർത്തൃത്വം കേരള ചരിത്രത്തിൽ നിരാകരിക്കപ്പെട്ടിട്ടുണ്ട് എന്നാൽ അത് ശക്തമായി അടയാളപ്പെടുത്താൻ താങ്കൾ ശ്രമിക്കുന്നു. ഈ നീക്കം എന്തുകൊണ്ടാണ് പ്രസക്തമാകുന്നത്?

 

കീഴാള ജനതയുടെ കർത്തൃത്വം വീണ്ടെടുക്കുക രാഷ്ട്രീയ മാനങ്ങൾ ഉള്ള പ്രവർത്തനമാണ്. ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ, കീഴാള ജനതയുടെ സാമൂഹ്യവിഭവങ്ങളും ഭാവനകളും നിരാകരിക്കുന്നത്ചരിത്ര വിജ്ഞാനത്തെ ദരിദ്രമാക്കുന്നു. സമീപകാലത്തു ഞാൻ നടത്തിയ പഠനങ്ങൾ അടിമത്തമനുഭവിച്ച കീഴാള ജനതയുടെ വൈകാരിക ലോകത്തെക്കുറിച്ചാണ്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഗവേഷകരുടെ ശ്രദ്ധനേടിയ പ്രബന്ധമാണത്. കീഴാള ജനതയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ കുടുംബം, പ്രണയം, കാമനകൾ (ഡിസയർ) മുതലായവ കേന്ദ്ര പ്രമേയമായി ഇവിടെ മാറുന്നു. ഇതിൽ കർത്തൃത്വം വലിയതോതിൽ ഉൾച്ചേർന്നിരിക്കുന്നു. സാമൂഹ്യമായ തകർക്കലിനെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങള ഇവിടെ നാം കാണുന്നു. ഇതേ രീതിയിൽ ഞാനും അമേരിക്കയിലുള്ള സഹഗവേഷകനായ ജോയൽ ലീയുമായി ചേർന്ന് നടത്തുന്ന ദളിത മതങ്ങളെ ക്കുറിച്ചുള്ള പഠനവും കർത്തൃത്വത്തെ കേന്ദ്രസ്ഥാനത്തു നിർത്തുന്നു. ഇതോടൊപ്പം തന്നെ സാമ്പത്തിക ഉല്പാദനത്തിന്റെ മേഖലയിലെ പ്രവർത്തനങ്ങളെയും വിശകലനം ചെയ്യേണ്ടതുണ്ട്.

 

സനല്‍ മോഹന്‍ രചിച്ച ‘modernity of slavery’ എന്ന പുസ്തകം

 

അടിമത്തം കേരള ചരിത്രത്തിൽ പരിഗണിക്കപ്പെടാത്ത ഒരു മേഖലയാണ് അത്തരമൊരു മേഖല തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?

 

കേരള ചരിത്രത്തിൽ വേണ്ടത് പോലെ വിശകലന വിധേയമാക്കാത്ത പ്രശ്നമാണ് അടിമത്തം. എന്നാൽ ചില സാമൂഹ്യശാസ്ത്രജ്ഞരും ചില ചരിത്രകാരന്മാരും ഈ മേഖലയിൽ പഠനം നടത്തിയിട്ടുണ്ട്. പ്രൊഫസർ ശാരദമോണിയും പ്രൊഫസർ കെകെ കുസുമൻ, തുടങ്ങിയവർ ഉദാഹരണങ്ങൾ. ഞാൻ കോട്ടയത്തായതിനാൽ PRDS പ്രസ്ഥാനത്തെക്കുറിച്ചു നേരിട്ട് മനസ്സിലാക്കാൻ കൂടുതൽ സൗകര്യം ലഭിച്ചു. അതോടെ അടിമത്തം ചരിത്രപരമായി പഠിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യമായി. അതോടൊപ്പം തന്നെ അടിമത്തത്തെക്കുറിച്ചും അതിന്റെ ആഗോള ചരിത്രത്തെ പറ്റിയും മനസ്സിലാക്കാൻ കഴിഞ്ഞു, പ്രത്യേകിച്ചും അമേരിക്കയിലെ Emory സർവകലാശാലയിൽ പോസ്റ്റ്ഡോക്ടറൽ ഗവേഷണം ചെയ്യുന്ന കാലത്തും അതിനുശേഷം യൂണിവേഴ്സിറ്റി ഓഫ് പെന്‍സില്‍വാനിയയിൽ വിസിറ്റിങ് ഫെല്ലോ ആയ സമയത്തും അതിനു ശേഷം മറ്റു പല വിദേശ സർവകലാശാലകളിലും പ്രവർത്തിക്കുന്ന സമയത്തും. അതോടൊപ്പം പറയേണ്ട ഒരു കാര്യം ഒരിക്കൽ എന്റെ അമ്മയുടെ അപ്പൂപ്പന്റെ അപ്പൻ കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഭാഗത്തെ ഒരു ഭൂവുടമ വിലകൊടുത്തു വാങ്ങിയ അടിമ ആയിരുന്നുവെന്ന് എന്നോട് പറഞ്ഞിട്ടുണ്ട് . അന്നെനിക്ക് അതിന്റെ ഇമ്പ്ലിക്കേഷൻസ് അറിയില്ലായിരുന്നു. ഞാൻ ഇത്തരം വിഷയങ്ങളിൽ ഗവേഷണം തുടങ്ങിയപ്പോഴാണ് അതിന്റെ അർഥം എനിക്ക് മനസ്സിലായത്. അമേരിക്കയിൽ ആയിരുന്നപ്പോൾ ആഫ്രോ-അമേരിക്കൻസും ആഫ്രോ-കരീബിയനുമായ സുഹൃത്തുക്കളുമായുള്ള ആശയവിനിമയം എനിക്ക് കൂടുതൽ ഉൾക്കാഴ്ച്ചകൾ നൽകി. ഈയൊരു പശ്ചാത്തലം എന്റെ ഗവേഷണത്തിൽ വളരെ നിർണായകമായിരുന്നു. ‘Modernity of Slavery’ റിവ്യൂ ചെയ്ത വെസ്റ്റേൺ യൂണിവേഴ്സിറ്റീസിൽ ഉള്ളവർ ഈ പുസ്തകത്തിന്റെ ആഗോള പ്രസക്തിയെ പറ്റി പരാമര്ശിക്കുന്നുണ്ട്.

 

ഇത് ഭൂതകാലത്തേക്കുള്ള തിരിഞ്ഞു നോട്ടം മാത്രമല്ല വർത്തമാനത്തെ നീതിയുക്തമായി പുനർനിർമ്മിക്കാനുള്ള ശ്രമം കൂടിയാണെല്ലോ. ചരിത്രം വർത്തമാനത്തെ നീതിയുക്തമാക്കാനുള്ള ശ്രമം കൂടിയാണെന്ന ആശയം വിശദീകരിക്കാമോ?

 

ഞാൻ മുൻപ് സൂചിപ്പിച്ചതു പോലെ വർത്തമാനകാലത്തെ നീതിയുക്തമാക്കുക എന്നതു ഇവിടെ പ്രധാനമാണ്. മര്‍ദ്ദകരും മർദ്ദിതരുമില്ലാത്ത കാലം നമ്മുടെ സാമൂഹ്യ ഭാവനയില്‍ ഉൾച്ചേർന്നിരിക്കുന്നു. ഇന്ന് നിലനിൽക്കുന്ന അസമത്വ ഘടനകളെ മാറ്റിത്തീർക്കുക എന്നത് അറിവിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. ചരിത്രം മുൻപ് സൂചിപ്പിച്ചതു പോലെ വളരെ മൂർച്ചയേറിയ ആയുധമാണ്. ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർ ഏറ്റവും കൂടുതൽ മൂല്യ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന ഒന്ന്, സ്റ്റോക്ക് മാർക്കറ്റ് പോലെ, ചരിത്രത്തിൽ ആണല്ലോ. ചരിത്രം പഠിച്ചു ബിരുദം നേടിയവര്‍ക്ക് പണി വല്ലതും കിട്ടുന്നുണ്ടോ എന്നത് അവർക്കൊരു പ്രശ്നമല്ല. സ്കൂൾ-കോളേജ് തലത്തിൽ എന്ത് ചരിത്രം പഠിപ്പിക്കുന്നു എന്നാണ് അവരുടെ നിരീക്ഷണം. അവിടെ ചരിത്രം ഒരു ബൗദ്ധികമായ അവഗാഹത്തിന്റെ മേഖലയല്ല. മറിച്ച് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രം അടിച്ചേൽപ്പിക്കാനുള്ള മേഖലയാണ്ചരിത്രപഠനം. നമ്മൾ മുന്നോട്ടു വയ്ക്കുന്ന ചരിത്ര വീക്ഷണം ഈ പദ്ധതികളെ നിരാകരിക്കുന്നു. പ്രശസ്ത ചരിത്രകാരി ജാനകി നായർ പറഞ്ഞത്പോലെ നമ്മൾ ഒരുചരിത്രയുദ്ധത്തിലാണ്.

 

Plan of a slave ship showinmg how slaves were stowed manacled into the hold Photograph Christopher Jones Bristol Museum

 

താങ്കൾ കേരള നവോത്ഥാനം എന്ന ആശയം വിമർശനവിധേയമാക്കുന്നുണ്ട്. വ്യാപകമായി സ്വീകരിക്കപ്പെട്ട നവോത്ഥാനമെന്ന ആശയത്തെ നിശിത വിമര്‍ശനത്തിന് വിധേയമാക്കാൻ താങ്കളെ പ്രേരിപ്പിക്കുന്നത് എന്താണ്?

 

ഇന്ത്യൻ ഹിസ്റ്റോറിയോഗ്രാഫിയിലെ വിമർശനചിന്തയുടെ ചുവടുപിടിച്ചാണ് നവോത്ഥാനത്തെ ഞാൻ വിമർശിക്കുന്നത്. ഇന്ത്യൻ ഹിസ്റ്റോറിയോഗ്രാഫിയിലെ വിമർശന ചിന്തയിൽ എഴുപതുകളിൽ വളരെ ഏറെ ഗഹനമായ ചർച്ചകൾ നടന്നിരുന്നു. 1970 കളിൽ നിന്നും ഇന്ത്യൻ ചരിത്ര വിജ്ഞാന മേഖല ഏറെ മുന്നോട്ടുപോയി. ഇതൊന്നും മനസ്സിലാക്കാത്ത രീതിയിലാണ് കേരളത്തിലെ ചർച്ചകൾ. മാത്രമല്ല ഭരണകൂട കേന്ദ്രീകൃതമായ ചരിത്രത്തിന്റെ ഏറ്റവും നല്ല ഉദാഹരണം കേരളത്തിൽ ദൃശ്യമാവുകയും ചെയ്തു. രണ്ടു വര്‍ഷം മുൻപ് ശബരിമല സ്ത്രീ പ്രവേശനവുമായി ഇവിടെ ഉണ്ടായ നവോത്ഥാന പ്രസ്ഥാനം ആണ് ഉദാഹരണം. അതുമായി ബന്ധപ്പെട്ട ചില സമുദായ സംഘടനകൾ പിന്നീട് നവോത്ഥാന പ്രസ്ഥാനത്തിൽ നിന്നും രാജിവെക്കുമെന്ന് പറഞ്ഞത് പിന്നീട് പത്രത്തിൽ വായിച്ചു. നവോത്ഥാന പ്രസ്ഥാനത്തിൽ നിന്നും എങ്ങനെയാണ് രാജിവെക്കുക? നവോത്ഥാനമെന്ന ചരിത്ര പരികല്‍പ്പനയെ സ്റ്റേറ്റ് പ്രത്യയശാസ്ത്രമാക്കിയാലുള്ള ദുരന്തത്തിന് ഇതില്‍പരം തെളിവ് വേണോ?

 

കേരളത്തിൽ നടന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജാതി പരിഷ്ക്കരണ ശ്രമങ്ങളാണ്. അത് നല്ലതു തന്നെ. പക്ഷെ അതിനു ഇല്ലാത്ത അര്‍ത്ഥങ്ങൾ നൽകുന്നത് അനേകം അനർത്ഥങ്ങൾ സൃഷ്ട്ടിക്കും എന്ന് തിരിച്ചറിയണം.

 

 

 

 

 

 

Leave a comment