PHOTO: PTI
ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തന്‍; സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റവിമുക്തനാണെന്ന സിബിഐ റിപ്പോര്‍ട്ട് അംഗീകരിച്ച് കോടതി. സോളാര്‍ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള കേസ്. കേസിലെ സിബിഐയുടെ കണ്ടെത്തലുകളാണ് തിരുവനന്തപുരം സിജെഎം കോടതി അംഗീകരിച്ചത്. സിബിഐ റിപ്പോര്‍ട്ട് അംഗീകരിക്കരുത് എന്ന് ആവശ്യപ്പെട്ടുകൊണ്ട് സോളാര്‍ കേസിലെ പ്രതി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രതി നല്‍കിയ ഹര്‍ജി കോടതി തള്ളി.
കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസ്
കേരള രാഷ്ട്രീയത്തില്‍ ഏറെ ആരോപണങ്ങള്‍ക്കും പ്രത്യാരോപണങ്ങള്‍ക്കും കാരണമായതാണ് ഉമ്മന്‍ ചാണ്ടിക്കെതിരെയുള്ള പീഡന ആരോപണം. പ്രതിപക്ഷം ശക്തമായ പ്രതിരോധം തീര്‍ക്കുകയും മുഖ്യമന്ത്രി രാജിവെക്കണം എന്ന ആവശ്യം ഉയര്‍ത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ വച്ച് പീഡിപ്പിച്ചു എന്നായിരുന്നു പരാതിക്കാരിയുടെ ആരോപണം. എന്നാല്‍ കേസന്വേഷിച്ച സിബിഐ ആരോപണം തെറ്റാണെന്ന് കണ്ടെത്തി. പീഡനം നടന്നു എന്ന് പറയപ്പെടുന്ന ദിവസം ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഉണ്ടായിരുന്നില്ല എന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതേ കേസില്‍തന്നെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കുറ്റവിമുക്തനാക്കിയ സിബിഐ നടപടി കോടതി അംഗീകരിച്ചിരുന്നു. വേണുഗോപാലിനെ കൂടാതെ ആരോപണ വിധേയരായ എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ് എന്നിവരും കുറ്റക്കാരല്ല എന്ന് സിബിഐ നേരത്തെ തന്നെ കണ്ടെത്തി.