TMJ
searchnav-menu
post-thumbnail

Coastal Kerala

'ഭൂമി വിറ്റു, ആകാശവും.. ഇനി കടലിലേക്ക്'

23 Oct 2021   |   1 min Read
Charles George

Photo:Prasoon Kiran

ബ്ലൂ ഇക്കോണമി നയവും, സമുദ്ര മത്സ്യബന്ധന നിയമവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍.

വിടെവിടങ്ങളില്‍ ചട്ടികലങ്ങള്‍
പുറത്തെടുത്തെറിയപ്പെടുന്നുണ്ടീപ്പാരിടത്തില്‍
അവിടവിടങ്ങളില്‍ ചേര്‍ത്തുവരുക്കുകൊ
ന്നിവരുടെ രാഷ്ട്രത്തിന്നതിര്‍വരകള്‍ - കുടിയൊഴിപ്പിക്കല്‍


കഴിഞ്ഞ വര്‍ഷമാണ് കേന്ദ്രസര്‍ക്കാര്‍ അവരുടെ ദേശീയ ഫിഷറി നയം-2020 പുറത്തിറക്കിയത്. ആഴക്കടല്‍  മത്സ്യമേഖലയെ കുത്തക കമ്പനികള്‍ക്കു തീറെഴുതുന്ന ദോഷകരമായ ഈ നയത്തിനു പിന്നാലെ അതിനേക്കാള്‍ ഗൗരവമേറിയ നിര്‍ദ്ദേശങ്ങളടങ്ങുന്ന രണ്ടുരേഖകള്‍കൂടി സമീപകാലത്ത് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുകയാണ്. കേന്ദ്ര ഫിഷറി നിയമം (ഇന്ത്യന്‍ മറൈന്‍ ഫിഷറി ബില്‍ -2021) എന്നറിയപ്പെടുന്ന ഈ ബില്‍  ആഗസ്റ്റ് 13-നു സമാപിച്ച പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ത്തന്നെ തിരക്കിട്ടു പാസ്സാക്കാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. എന്നാല്‍  വിവിധ തീരസംസ്ഥാനങ്ങളില്‍  നിന്നും മത്സ്യത്തൊഴിലാളി സംഘടനകളില്‍ നിന്നും ഉയര്‍ന്നുവന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ബില്ല് പാസ്സാക്കുന്ന നടപടി സര്‍ക്കാര്‍ തല്‍ക്കാലം മാറ്റിയിരിക്കുകയാണ്.  സമീപകാലത്ത് കര്‍ഷക നിയമത്തിനെതിരേ നടക്കുന്ന ശക്തമായ സമരവും സര്‍ക്കാരിനെ മാറി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ബ്ലൂ ഇക്കോണമി നയവുമായി ബന്ധപ്പെട്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകതന്നെയാണ്. അടുത്തകാലത്ത് കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപില്‍  അരങ്ങേറിക്കൊണ്ടിരിക്കുന്ന നടപടികള്‍ ഈ പശ്ചാത്തലത്തിലാണ് നോക്കിക്കാണേണ്ടത്.

ബ്ലൂ ഇക്കോണമിയുടെ ജനാധിപത്യവിരുദ്ധത

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലാണ് ബ്ലൂ ഇക്കോണമി എന്ന പേരിലറിയപ്പെടുന്ന സമുദ്ര സമ്പദ് വ്യവസ്ഥയുടെ കരട് ചട്ടക്കൂട് നയരേഖ തയ്യാറാക്കിയത്. ഫെബ്രുവരി 17ന് പുറത്തിറക്കിയ ഈ രേഖയിലുള്ള അഭിപ്രായം അറിയിക്കുന്നതിന് കേവലം പത്തുദിവസം മാത്രമാണ് അനുവദിച്ചത്. പ്രതികരണമറിയിക്കേണ്ട ഫെബ്രുവരി 27 കഴിഞ്ഞപ്പോഴാണ് പല തീരദേശ സംസ്ഥാന സര്‍ക്കാരുകളും മത്സ്യത്തൊഴിലാളി സംഘടനകളും ഇതിനെപ്പറ്റി അറിഞ്ഞതുതന്നെ! സാധാരണഗതിയില്‍  കേന്ദ്ര സര്‍ക്കാരിന്റെ ഒരു രേഖയെ സംബന്ധിച്ച് അഭിപ്രായമറിയിക്കുന്നതിന് അറുപതു ദിവസം മുതല്‍  തൊണ്ണൂറു ദിവസം വരെ അനുവദിക്കാറുണ്ട്. എന്നാല്‍ 607 പേജുകളിലായി ഏഴു പുസ്തകങ്ങളും, കരട് ചട്ടക്കൂട് രേഖയും അടങ്ങുന്ന വിസ്താരമായ ഈ വിഷയം തിരക്കിട്ട് അവതരിപ്പിച്ച് അംഗീകരിപ്പിക്കാനുള്ള കേന്ദ്ര നടപടി ദുരൂഹവും ആശങ്കയുണ്ടാക്കുന്നതുമാണ്. ഈ രേഖകള്‍ തയ്യാറാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഏഴു വര്‍ക്കിംഗ് ഗ്രൂപ്പുകളിലൊന്നില്‍പ്പോലും മത്സ്യത്തൊഴിലാളി സംഘടനകളുടെയോ, തീരദേശ സംസ്ഥാനങ്ങളുടെയോ ഒരു പ്രതിനിധിപോലുമില്ല. എന്നാല്‍ ഫിക്കി, അസോചെം, സി.ഐ.ഐ. എന്നിങ്ങനെയുള്ള വ്യവസായ-വാണിജ്യ ഭീമന്മാരുടെ സംഘടനാ പ്രതിനിധികളും പ്രതിരോധ-ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആവശ്യത്തിലേറെ ഉണ്ടുതാനും. ഇത് നമ്മുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഒരു കാര്യമാണ്.
ഇന്ത്യയ്ക്ക് 8118 കിലോമീറ്റര്‍ ദൂരം വരുന്ന തീരവും, 2.01 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വരുന്ന സമുദ്രമേഖലയിലെ പരമാധികാരവും ഉണ്ട്. 119 ചെറുകിട തുറമുഖങ്ങളും, 12 വലിയ തുറമുഖങ്ങളുമുണ്ട്. അതിലൂടെ പ്രതിവര്‍ഷം 1400 ദശലക്ഷം ടണ്‍ ചരക്കുകളുടെ നീക്കവും നടക്കുന്നുണ്ട്. നമ്മുടെ കടലില്‍ വാണിജ്യാടിസ്ഥാനത്തില്‍ പിടിക്കുന്ന 665 ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളും അതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നവരുമായ 40 ലക്ഷം മത്സ്യത്തൊഴിലാളികളുമുണ്ടെന്നും രേഖ പറയുന്നു. 17 കോടിയോളം വരുന്ന ജനങ്ങള്‍ തീരവാസികളാണ്. 20 ലക്ഷം ക്യുബിക് മീറ്ററോളം എണ്ണയും പ്രകൃതിവാതകങ്ങളും നമ്മുടെ കടലിന്റെ അടിത്തട്ടിലുണ്ട്. ഈ സമുദ്ര വിഭാഗങ്ങളെ ഏഴു മേഖലകളാക്കി തിരിച്ച് വിവിധ ഉല്പന്നങ്ങളുടെ കണക്കെടുപ്പ്, എണ്ണ-വാതകങ്ങള്‍ എന്നിവയുടെ ഖനനം, ജൈവ-ധാതു-ഖനിജ വസ്തുക്കളുടെ ഖനനം, തുറമുഖങ്ങളുടെ നിര്‍മ്മാണം, മത്സ്യബന്ധനം, കപ്പല്‍-ചരക്ക് നീക്കവികസനം, തീരദേശത്തെ ടൂറിസം, തീരത്തെ അടിസ്ഥാന സൗകര്യവികസനം, സമുദ്രരംഗത്തെ തന്ത്രപ്രധാനമായ സൈനിക നടപടികള്‍ എന്നീ കാര്യങ്ങളാണ് രേഖകളില്‍  പരാമര്‍ശിക്കുന്നത്. കടലിന്റെ നേരവകാശികളും, അതുമായി ഇണങ്ങി ജീവിക്കുന്നവരുമായ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുനേരേയും, തീരസംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുനേരേയും കണ്ണടയ്ക്കുന്ന ഒരു സമീപനമാണ് രേഖകളിലുള്ളത്. ഇതുമായി ബന്ധപ്പെട്ട പല വര്‍ക്കിംഗ് ഗ്രൂപ്പുകളും 2018-ല്‍ തന്നെ അതിന്റെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചിരുന്നു. 'സാഗര്‍മാല' പോലുള്ള ചില പദ്ധതികള്‍ അതിനുമുമ്പുതന്നെ നടപ്പാക്കി തുടങ്ങിയുമിരുന്നു. കോവിഡ് വ്യാപനം തുടരുകയും പ്രത്യക്ഷ സമരങ്ങള്‍ക്ക് പരിമിതികളുള്ളതുമായ ഒരു സാഹചര്യം കണക്കിലെടുത്താണ് ഇപ്പോള്‍ ഈ നയം പ്രഖ്യാപിച്ചിരിക്കുന്നത്. 'ആപത്തിനെ അവസരമാക്കുന്ന' അധികാരികളുടെ കൗശലമാണ് ഇതിലൂടെ പ്രകടമാകുന്നത്.

photo:prasoon kiran

കടലിന്റെ മക്കള്‍ക്ക് കടല്‍ അന്യമാകുന്നു

ഇന്ത്യയുടെ അധികാരപരിധിയിലുള്ള കടലില്‍ നിന്ന് പ്രതിവര്‍ഷം പിടിച്ചെടുക്കാവുന്ന മത്സ്യം 53.1 ലക്ഷം ടണ്ണാണെന്ന് സര്‍ക്കാര്‍ കണക്കാക്കിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ നാം പിടിക്കുന്നത് ശരാശരി 35-38 ലക്ഷം ടണ്‍ മാത്രമാണ്. ഇവ പിടിക്കുന്നതിന് ശരാശരി 93,257 യാനങ്ങള്‍ മാത്രം മതിയാകും. എന്നാല്‍  ഇപ്പോള്‍ ഇന്ത്യന്‍ കടലില്‍ 3,14,677 യാനങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അനുവദനീയമായതിന്റെ മൂന്ന് മടങ്ങില്‍ കൂടുതല്‍ യാനങ്ങളുണ്ടെന്നു ചുരുക്കം. ബഹുഭൂരിപക്ഷം യാനങ്ങളും പ്രവര്‍ത്തിക്കുന്നത് തീരക്കടലിലോ അതിനടുത്തുള്ള പുറം കടലിലോ ആണ്. അവിടെനിന്നും പിടിക്കാവുന്നതിന്റെ പരിധിയില്‍ കൂടുതല്‍ പിടിക്കുന്നുമുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം മത്തിയടക്കമുള്ള മത്സ്യങ്ങളുടെ വലിയ വരള്‍ച്ചയും നാം നേരിടുകയാണ്. 'ഒരു മത്സ്യ വറുതി പാക്കേജ്' അനുവദിക്കണമെന്ന ആവശ്യം സര്‍ക്കാരുകള്‍ ഇനിയും അംഗീകരിച്ചിട്ടുമില്ല.
ആഴക്കടലിലാകട്ടെ ട്യൂണ, ഓഷ്യാനിക് സ്‌ക്വിഡ്, മിക്ടോഫീഡുകള്‍ എന്നറിയപ്പെടുന്ന ചെറുമീനുകള്‍ എന്നിവയുടെ സമൃദ്ധമായ ഒരു സമ്പത്ത് ഇനിയും പിടിക്കപ്പെടാതെ കിടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. ഈ രംഗത്തും, സംസ്‌ക്കരണ മേഖലയിലും വന്‍കിട-സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിക്കുമെന്ന് രേഖ അര്‍ത്ഥശങ്കയില്ലാതെ പ്രഖ്യാപിച്ചിരിക്കുകയാണ്. മീനാകുമാരി റിപ്പോര്‍ട്ടിനെതിരായി നാം നടത്തിയ സമരത്തെ തുടര്‍ന്ന് വിദേശ മത്സ്യക്കപ്പലുകളുടെ പ്രവര്‍ത്തനം ഇന്ത്യാ സര്‍ക്കാര്‍ തടയുകയുണ്ടായി. പുതിയ മത്സ്യബന്ധന നിയമത്തിലും ഇക്കാര്യം എഴുതിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ മേഖലയിലേക്ക് ഇന്ത്യന്‍ കുത്തകകളേയും, കമ്പനികളേയും കൊണ്ടുവരാനാണ് നീക്കം നടക്കുന്നത്. പുതിയ നിയമത്തില്‍  യാനങ്ങളെ സംബന്ധിച്ച നിര്‍വ്വചനത്തില്‍  മത്സ്യക്കപ്പലുകളേയും ഉല്‍പ്പെടുത്തിയത് ഈ ലക്ഷ്യം വെച്ചുതന്നെയാണ്. ഇന്ത്യയില്‍ ഇന്നു പ്രവര്‍ത്തിക്കുന്ന യാനങ്ങളൊക്കെയും 24 മീറ്ററില്‍ താഴെമാത്രം നീളമുള്ളവയും ഐക്യരാഷ്ട്ര സംഘടനയുടെ മാനദണ്ഡ പ്രകാരം ചെറുകിട പരമ്പരാഗത മേഖലയില്‍പ്പെടുന്നവയുമാണ്. തൊഴില്‍സാന്ദ്രമായ ഈ മേഖലയില്‍ പ്രത്യേകിച്ച് ആഴക്കടലില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കോ, അവരുടെ സഹകരണ സംഘങ്ങള്‍ക്കോ മാത്രമായി യാനങ്ങളുടെ ഉടമസ്ഥാവകാശം നിജപ്പെടുത്തണമെന്ന കേരളത്തിന്റെ നിലപാടിന്റെ നേരേ എതിര്‍ദിശയിലേക്കാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം.
ഈ മേഖയില്‍ പ്രവര്‍ത്തിക്കുന്ന യാനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവകാശവും ഫലത്തില്‍ നഷ്ടപ്പെടുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ലൈസന്‍സ് ലഭിക്കണമെങ്കില്‍ അവര്‍ നിര്‍ണ്ണയിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ച് യാനങ്ങള്‍ പുനഃക്രമീകരിക്കേണ്ടതായും വരും.

അല്ലാത്തപക്ഷം വലിയ പിഴകളോടുക്കേണ്ടതുമുണ്ട്. നമ്മുടെ സംസ്ഥാനത്തുതന്നെ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ഫൈബര്‍ വള്ളങ്ങളും, 'തങ്ങല്‍' വള്ളങ്ങളും സംസ്ഥാന പരിധിക്ക് വെളിയില്‍പ്പോയി മള്‍ട്ടിഡേ ഫിഷിംഗ് നടത്തുന്നവരുമാണ്. പുതിയ മത്സ്യബന്ധന നിയമം ഇവരേയും ഇരുട്ടില്‍ നിര്‍ത്തിയിരിക്കുകയാണ്. ചുരുക്കത്തില്‍ ആഴക്കടലില്‍ വമ്പിച്ച മത്സ്യക്കൊള്ള നടത്തുന്ന കുത്തകകള്‍ക്ക് കടല്‍ പണയപ്പെടുത്തുകയും മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ നിന്നും പുറന്തള്ളപ്പെടുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

ആഴക്കടലിലെ ധാതു-ഖനിജ ഖനനം.

ധാതു-ഖനിജ ഖനനവും ടൂറിസവും

കടലിന്റെ അടിത്തട്ടിലുള്ള എണ്ണ, പ്രകൃതി വാതകങ്ങള്‍ തുടങ്ങിയവയും, മാംഗനീസ് നൊഡ്യൂള്‍സ്, കോപ്പര്‍, നിക്കല്‍, കോബാള്‍ട്ട്, പോളിമെറ്റാലിക്
ഉല്പന്നങ്ങള്‍ എന്നിവയും ഖനനം ചെയ്‌തെടുക്കണമെന്ന് രേഖ പറയുന്നു. ഇതിനായുള്ള 'ആഴക്കടല്‍ മിഷന്‍' കഴിഞ്ഞ ജൂണ്‍ 16-ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അംഗീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷത്തിനകം ഈ രംഗത്ത് കേന്ദ്രസര്‍ക്കാര്‍ 4072കോടി രൂപയുടെ നിക്ഷേപവും നടത്തും. പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് 2824 കോടി രൂപയും അനുവദിച്ചുകഴിഞ്ഞു. ഇങ്ങനെ സര്‍ക്കാര്‍ ചെലവില്‍ കണ്ടെത്തുന്ന ധാതു-ഖനിജങ്ങളുടെ ഖനനം, സംസ്‌കരണം, വിപണനം തുടങ്ങിയവ കുത്തകകളെ ഏല്‍പ്പിക്കുമെന്ന് രേഖ സംശയമില്ലാതെ വ്യക്തമാക്കുന്നു. ഇവയുടെ ഖനന സമയത്തുണ്ടാകുന്ന അടിത്തട്ടിലെ കലക്കല്‍, ജീവജാലങ്ങളെ നിലനില്‍പ്പ്, ഇതു സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ എന്നിവയെ സംബന്ധിച്ച് രേഖ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു.

പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിതമായ സ്വകാര്യമൂലധന ശക്തികളുടെ കൊള്ളയ്‌ക്കെതിരേ ലോകമാസകലം പ്രതിരോധം ശക്തിപ്പെട്ടുവരികയാണ്. ഈ മേഖലയെ ദേശസാല്ക്കരിക്കണമെന്ന ആവശ്യവും പ്രബലമാവുകയാണ്. ഇന്ത്യയില്‍ തന്നെ കൃഷ്ണ - ഗോദാവരി ബേസിനില്‍ നമ്മുടെ പൊതുമേഖലാ സ്ഥാപനമായ ഒ.എന്‍.ജി.സി. കണ്ടുപിടിച്ച എണ്ണ നിക്ഷേപം ഖനനം ചെയ്‌തെടുത്തു കൊള്ള നടത്തുന്ന റിലയന്‍സിന്റെ അനുഭവത്തില്‍ നിന്നും സര്‍ക്കാര്‍ ഒരു പാഠവും പഠിച്ചില്ല എന്നുമാത്രമല്ല അവര്‍ക്കൊക്കെ തന്നെവേണ്ടിയാണ് ഈ നടപടികളെന്നതും വ്യക്തമാണ്.

പെട്രോളിയം മേഖലയിലെ കൊള്ള

പെട്രോളിയം മേഖലയില്‍ മത്സ്യബന്ധന മേഖലയിലേക്ക് പ്രത്യേക പരിഗണന നല്‍കണമെന്നും സബ്‌സിഡികള്‍ അനുവദിക്കണമെന്നുമുള്ള നമ്മുടെ ആവശ്യം സര്‍ക്കാര്‍ സൗകര്യപൂര്‍വ്വം വിസ്മരിച്ചിരിക്കുകയാണ്. ഉപയോഗിക്കുന്ന എണ്ണയുടെ 63 ശതമാനത്തിലധികവും നികുതിയായി ഈടാക്കുകയുമാണ്. കടലില്‍പ്പോകുന്ന യാനങ്ങള്‍ക്ക് പതിനെട്ടു ശതമാനം റോഡ് ടാക്‌സ് ഈടാക്കുന്ന വിചിത്രമായ നടപടിയും തുടരുകയാണ്. പ്രതിവര്‍ഷം 46,000 കോടി രൂപയുടെ വിദേശനാണ്യം നേടിത്തരുന്ന ഒരു മേഖലയോടാണ് ഈ വിധത്തില്‍ നന്ദികേട് കാണിക്കുന്നത്. ഇത് പ്രതിഷേധാര്‍ഹവുമാണ്.
തീരക്കടലിലെ കരിമണല്‍ ഖനനവും ഈ പദ്ധതിയുടെ ഭാഗമായി വരുന്നുണ്ട്. ആലപ്പാടും, തൃക്കുന്നപ്പുഴയും ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടനാടിന്റെ ഭാവിയെത്തന്നെ ഇത് അവതാളത്തിലാക്കുന്ന അവസ്ഥയില്‍ തീരദേശപരിപാലന വിജ്ഞാപനം തന്നെ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി ചെയ്തിരിക്കുന്നു. 12 നോട്ടിക്കല്‍ മൈലിനകത്തെ സംസ്ഥാനങ്ങളുടെ അധികാര അവകാശങ്ങള്‍കൂടി കേന്ദ്രം കൈയ്യടക്കുകയാണ്. ചുരുക്കത്തില്‍ വിഭവ പരിപാലനങ്ങളുടെ അവകാശം സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം കൈയ്യടക്കുകയും അവ കുത്തകകള്‍ക്ക് കൈമാറുകയും ചെയ്യുന്ന നടപടിയാണ് നടക്കുന്നത്.

ഇന്ത്യയുടെ പരമാധികാരമുള്ള കടല്‍ഭാഗം (EEZ).

വിവിധ അതോറിറ്റികള്‍, ടൂറിസം, ലക്ഷദ്വീപ്

കരട് ചട്ടക്കൂട് രേഖയില്‍ സ്ഥലസംബന്ധമായ ആസൂത്രണം (മറൈന്‍ സ്‌പേഷ്യല്‍ പ്ലാനിംഗ്) എന്ന ആശയം മുന്നോട്ടുവെയ്ക്കപ്പെടുന്നത് മത്സ്യബന്ധന സമൂഹത്തെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നതാണ്. കടലിലെ ഉല്പന്നങ്ങള്‍ ചൂഷണം ചെയ്യുന്നതിന് പദ്ധതികള്‍ നടപ്പാക്കാന്‍ ഒരു കേന്ദ്ര അതോറിറ്റി രൂപീകരിക്കും. തീരത്തേയും, കടലിലേയും ടൂറിസം വികസനവും ഈ അതോറിറ്റിയുടെ കീഴില്‍ വരും. മുത്തുച്ചിപ്പികള്‍ വളര്‍ത്തുന്നതിനും, കടല്‍ സസ്യങ്ങളില്‍ നിന്നും മരുന്നുണ്ടാക്കുന്നതിനുമായും മാരി കള്‍ച്ചര്‍ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരിക്കും. കടലില്‍ വ്യാപകമായി കൂട്കൃഷി (കേജ് കള്‍ച്ചര്‍) പ്രോത്സാഹിപ്പിക്കും. വലിയ മൂലധന നിക്ഷേപം ആവശ്യമുള്ള ഈ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളായിരിക്കും നിക്ഷേപിക്കുക എന്നതുറപ്പാണ്. ഒരു മാരിടൈം ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്നും തീരുമാനമുണ്ട്. സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യാതെ കപ്പല്‍പ്പാത നിശ്ചയിച്ചതിനെതിരേ നാം പ്രക്ഷോഭ പാതയിലാണ്. ഇന്ത്യയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കൊല്ലം ബാങ്കിന്റെ (ക്വിയിലോണ്‍ ബാങ്ക്) കിഴക്കുവശത്തുകൂടിയാണ് നിര്‍ദ്ദിഷ്ട കപ്പല്‍പ്പാത കടന്നുപോകുന്നത്. അറുപത് നോട്ടിക്കല്‍ മൈലിന് പടിഞ്ഞാറ്കൂടി പോകണമെന്ന നമ്മുടെ ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. എന്റിക്ക ലെക്‌സി സംഭവത്തിനുശേഷം ഇതിനകം 8 കപ്പലുകളിടിച്ച് 15 മത്സ്യത്തൊഴിലാളികളെങ്കിലും കേരളത്തില്‍ മരിച്ചിട്ടുണ്ട്. വരുംനാളുകളിലും കൂട്ടിയിടിയും അപകടവും കൂടാന്‍ പോവുകയുമാണ്.
കടലിലെ പ്രതിരോധ നപടപിടകളും, ടൂറിസവുമായി ബന്ധപ്പെട്ടാണ് ലക്ഷദ്വീപിലെ വര്‍ത്തമാനകാല പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നതും അവിടത്തുകാര്‍ക്ക് ബ്ലൂ ഇക്കോണമി ഇപ്പോള്‍ ബ്ലാക്ക് ഇക്കോണമിയായി മാറിയിരിക്കുകയുമാണ്.  
ചേരിചേരാ നയത്തിനു മരണമണി, ഇന്ത്യ അമേരിക്കയുടെ കൂടെയാണ്:-
സമോവ, സിംഗപ്പൂര്‍, സീഷെല്‍സ് വരേയുള്ള സമുദ്രഭാഗത്ത് തന്ത്രപ്രധാനമായ സൈനിക സഹകരണമുണ്ടാകുമെന്നും രേഖ പറയുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യയും, ആസ്‌ത്രേലിയയും, ജപ്പാനുമടങ്ങുന്ന ക്വാഡ് എന്ന രാഷ്ട്ര-സൈനിക സഖ്യം ഇന്ത്യാസമുദ്രത്തില്‍ രൂപപ്പെടുകയും ചെയ്തുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യ നാളിതുവരെ പിന്തുടര്‍ന്നിരുന്ന ചേരിചേരാ നയത്തില്‍ നിന്നും പിന്‍വാങ്ങുകയും അമേരിക്കയുടെ ഒരു ജൂനിയര്‍ പങ്കാളിയാവുകയും ചെയ്തു കഴിഞ്ഞിരിക്കുയുമാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍  ഗുരുതരമായ പ്രശ്‌നങ്ങള്‍ക്കാണ് ഇതുവഴിതെളിക്കുക. ആഭ്യന്തര-വൈദേശിക നയത്തിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.

സാഗര്‍മാല, ഭാരത് മാല പദ്ധതികള്‍ - കുടിയൊഴിപ്പിക്കലുകള്‍

സാഗര്‍മാല പദ്ധതിയുടെ ഭാഗമായി പുതിയ 6 തുറമുഖങ്ങള്‍കൂടി നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ട്. വിഴിഞ്ഞത്തിനു പുറമേ ഇനയം, കന്യാകുമാരി എന്നീ തുറമുഖങ്ങളും നിര്‍മ്മിക്കുകയാണ്. വിഴിഞ്ഞം സൃഷ്ടിച്ച സാമൂഹികവും പാരിസ്ഥിതികവുമായ ദോഷഫലങ്ങള്‍ പരിശോധിക്കാതെയാണ് ഈ നടപടികള്‍ വരുന്നത്. ഇതിനുപുറമേ തീരപ്രദേശത്ത് പുതുവൈപ്പു മാതൃകയിലുള്ള 609 കൂറ്റന്‍ നിര്‍മ്മിതകളും കെട്ടിട സമുച്ചയങ്ങളും നിര്‍മ്മാണം പാതിവഴിയിലായിട്ടുണ്ട്,
സാഗര്‍മാല പദ്ധതിയുടെ ഭാഗമായി തുറമുഖങ്ങള്‍ക്കു പുറമേ 609 കൂറ്റന്‍ കെട്ടിട സമുച്ചയങ്ങളും 14 കോസ്റ്റ  ഡെവലപ്പ്‌മെന്റ് സോണുകളും, 12 കോസ്റ്റല്‍ ടൂറിസ്റ്റ് സര്‍ക്യൂട്ടുകളും, 2000 കിലോമീറ്റര്‍ തീരദേശ റോഡുകളും വരാന്‍ പോവുകയാണ്. തുറമുഖ നഗരങ്ങളും, കണ്ടെയ്‌നര്‍ യാര്‍ഡുകളും കപ്പല്‍ പൊളിക്കുന്ന യാര്‍ഡുകളും ഇതിനുപുറമേയുമുണ്ട്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുന്നതിന്റെ ഭാഗമായി മറ്റു രാജ്യങ്ങളില്‍ കപ്പല്‍ പൊളിക്കുന്ന ശാലകളുടെ പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുകയുമാണ്. പല പദ്ധതികളും അതിന്റെ  പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. ഈ വികസനപ്പെരുമഴയുടെ ഭാഗമായ അശാസ്ത്രീയമായ നിര്‍മ്മിതികള്‍ മൂലം തീരത്ത് കടല്‍കയറ്റം രൂക്ഷമാകാനും ഇടയുമുണ്ട്. വിഴിഞ്ഞം വലിയതുറ, മുതലപ്പൊഴി, ആലപ്പാട്, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളില്‍ ഇപ്പോള്‍ത്തന്നെ ഇതിന്റെ ദുരിതം അനുഭവിച്ചു തുടങ്ങിയിട്ടുമുണ്ട്. ആഗോളതാപനം മൂലം ജലനിരപ്പ് ഉയരുന്ന വിഷയംകൂടി കണക്കിലെടുത്താല്‍ തീരജനതയുടെ ദുരിതം നാള്‍ക്കുനാള്‍ ഏറിവരികയും ചെയ്യും. തിരുത്തിയ തീരദേശ പരിപാലന വിജ്ഞാപനം ഇതിനു വഴിയൊരുക്കുന്നതുമാണ്.
വിവിധ പദ്ധതികളുടെ ഭാഗമായി കുടിയൊഴിക്കപ്പെടുന്ന തീരവാസികളുടെ ദുരിതത്തെപ്പറ്റിയോ, അവരുടെ പുനരധിവാസത്തെപ്പറ്റിയോ രേഖ അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നതും ഗൗരവമുള്ളതാണ്. പ്രകൃതി വിഭവങ്ങളുടെ ചൂഷണവുമായി ബന്ധപ്പെട്ട് ദണ്ടേവാദയിലും, ഝാര്‍ഘണ്ടിലും, ചത്തീസ്ഗഡിലും, സര്‍ഗൂജയിലും
ആദിവാസികള്‍ക്ക് സംഭവിച്ച ദുര്‍ഗതി കടലിന്റെ മക്കളേയും തുറിച്ചു നോക്കുകയാണ്. സ്വന്തം കിടപ്പാടങ്ങളില്‍ നിന്നും വാസസ്ഥലങ്ങളില്‍ നിന്നും അവര്‍ ആട്ടിയോടിക്കപ്പെടുകയും അവിടം കുത്തക കമ്പനികള്‍ക്ക് തീറെഴുതുകയും ചെയ്ത അതേ നിലയിലേക്കാണ് തീരവും പോകുന്നത്.

സമുദ്ര മത്സ്യബന്ധന നിയമത്തിനെതിരെ നാഗപട്ടണത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ നിന്ന്.

തൊഴിലാളികള്‍ സമരമുഖത്തേക്ക്

മത്സ്യത്തൊഴിലാളികള്‍ വികസനത്തിനെതിരല്ല. ഇന്ത്യയുടെ രണ്ടാം നിര കാവല്‍ ഭടന്മാരുമാണവര്‍. എന്നാല്‍ അവരുടെ ഉപജീവനം തടയുകയും, തൊഴില്‍ അവകാശങ്ങളെ നിഹനിക്കുകയും, സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയും, കടലിന്റെ ആവാസവ്യവസ്ഥയെ തകര്‍ക്കുകയും ചെയ്യുന്ന നടപടികളെ കൈയ്യുംകെട്ടി നോക്കിനില്‍ക്കാന്‍ അവര്‍ക്ക് ആവില്ലതന്നെ. ബ്ലൂ ഇക്കോണമി രേഖകളും, സമുദ്ര മത്സ്യബന്ധന നിയമവും തീരസംസ്ഥാനങ്ങളുമായും തൊഴിലാളി സംഘടനകളുമായും ചെറുകിട ബോട്ടുടമകളുമായും ചര്‍ച്ച ചെയ്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം.
ബ്ലൂ ഇക്കോണമിക്കെതിരേയും, ഫിഷറി നിയമത്തിനെതിരേയും വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളും പ്രതികരണങ്ങളും സൂചിപ്പിക്കുന്നത് അതാണ്. പ്രകൃതി വിഭവങ്ങളുടെ സുസ്ഥിരമായ വിനിയോഗത്തിനു പകരം പ്രകൃതിക്കുമേലുള്ള നഗ്‌നമായ കൊള്ളയാണ് നടക്കുന്നതെന്ന് അന്താരാഷ്ട്ര തലത്തില്‍ തന്നെ ഒരു വിഭാഗം ഗവേഷകര്‍ പറയുന്നുണ്ട്. ബ്ലൂ ഇക്കോണമിയില്‍ ബ്ലൂവോ, ഗ്രീനോ ഇല്ല എന്ന് ഇതിനകം വ്യക്തമായതിനാല്‍ ആ പ്രയോഗത്തില്‍ നിന്നും ഇക്കോണമിയെ വേര്‍പെടുത്തണമെന്നും അവര്‍ പറയുന്നു. ഇന്ത്യയില്‍ തമിഴ്‌നാടാണ് ചെറുത്തുനില്പിനു മുന്‍കൈയ്യെടുക്കുന്ന പ്രധാന സംസ്ഥാനം. ഇനയത്തും, കന്യാകുമാരിയിലും സ്ഥാപിക്കാന്‍ പോകുന്ന വലിയ തുറമുഖങ്ങള്‍ക്കെതിരെ ഇപ്പോഴേ ബഹുജന മുന്നേറ്റ നിര രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പുതിയ ഫിഷറി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിന്‍ തന്നെ പ്രധാനമന്ത്രിക്കു കത്തെഴുതി. അവിടത്തെ തീരദേശ എം.പി.മാര്‍ കേന്ദ്ര ഫിഷറി മന്ത്രിയെ നേരില്‍ കണ്ടു പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ഒരു ദിവസത്തെ തീരദേശ ഹര്‍ത്താലും അവിടെ നടന്നു. ഇന്ത്യയുടെ മത്സ്യ തലസ്ഥാനമെന്നറിയപ്പെടുന്ന കൊച്ചിയില്‍ ഇതുമായി ബന്ധപ്പെട്ട് ഒട്ടനവധി ഗവേഷകരും, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും പങ്കെടുത്ത നാലു വെബിനാറുകള്‍ ഇതിനകം നടന്നുകഴിഞ്ഞു. ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഈ നയ-നടപടികളില്‍ എത്രമാത്രം തിരുത്തലാണ് കേന്ദ്രസര്‍ക്കാര്‍ വരുത്തുന്നതെന്ന് തീര ജനത ഉറ്റു നോക്കുകയാണ്.

കടലിലെ അന്താരാഷ്ട്ര സഹകരണത്തിന്റെ മേഖലകളെ സംബന്ധിച്ച്.
തീരക്കടലില്‍ നിന്ന് ഇന്ത്യയിലെ ധാതു ലവണങ്ങള്‍ ലഭ്യമാകുന്ന തീരദേശം.


അനുബന്ധം :

കുറിപ്പ് - 1
ബ്ലൂ ഇക്കോണമി - സിദ്ധാന്തവും പ്രയോഗവും

1994-  ഐക്യരാഷ്ട്ര സംഘടനയുടെ യൂണിവേഴ്‌സിറ്റിയില്‍ പ്രൊ.ഗുന്തര്‍ പോളിയാണ് നീല സമ്പദ് വ്യവസ്ഥ എന്ന പരികല്‍പ്പന മുന്നോട്ട് വെച്ചത്. ആഗോള താപനം ഉയര്‍ത്തുന്ന വെല്ലുവിളിയുടെ പശ്ചാത്തലത്തില്‍ 'സമുദ്രമേഖലയുടെ സുസ്ഥിരമായ പരിപാലനവും വളര്‍ച്ചയും' എന്ന ലക്ഷ്യമിട്ടാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്. 1992-  റയോഡിജാനിറോയില്‍ ചേര്‍ന്ന ഭൗമ ഉച്ചകോടിയുടെ 20-ാം വാര്‍ഷികവുമായി ബന്ധപ്പെട്ട് 2012-ല്‍  റയോയില്‍  തന്നെ ചേര്‍ന്ന മൂന്നാം ഉച്ചകോടി നീല സമ്പദ് വ്യവസ്ഥയെ ഹരിത സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പിക്കുന്ന കാര്യമാണ് ചര്‍ച്ച ചെയ്തത്. ഐക്യരാഷ്ട്ര സംഘടന തന്നെ ഈ ആശയം പിന്നീട് ഏറ്റെടുത്തു. യു.എന്‍. സുസ്ഥിര വികസന ലക്ഷ്യം-14 പറയുന്നു 'സമുദ്രത്തിലേയും കടലുകളിലേയും അതിലെ ആവാസ വ്യവസ്ഥയെയും, വിഭവങ്ങളെയും സുസ്ഥിരമായും, സുരക്ഷിതമായും പരിപാലിക്കണം.' തുടര്‍ന്ന് അമേരിക്കയും, കാനഡയും, നോര്‍വെയുമടക്കമുള്ള ആറ് രാജ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് തങ്ങളുടെ ദേശീയ സമുദ്ര സമ്പദ് നയം പ്രഖ്യാപിച്ചു. കാനഡയും, ആസ്‌ട്രേലിയയും നിയമനിര്‍മ്മാണങ്ങള്‍ നടത്തി. പരിപാലന സ്ഥാപനങ്ങള്‍ രൂപീകരിക്കുകയും ചെയ്തു. കോവിഡിന് മുമ്പുതന്നെ ആഗോള സമ്പദ് വ്യവസ്ഥയുടെ ഇരട്ടിയായി സമുദ്ര സമ്പദ് വ്യവസ്ഥ വളര്‍ന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. യഥാര്‍ത്ഥത്തില്‍ കരയിലെ വിഭവ ചൂഷണം എല്ലാ പരിധിയും കടന്ന സാഹചര്യത്തില്‍ കടലിലേക്ക് മൂലധന ശക്തികളുടെ ശ്രദ്ധ തിരിയുക സ്വാഭാവികമാണ്. സമുദ്രത്തിലെ കന്യാവനമായി കണക്കാക്കപ്പെടുന്ന അറബിക്കടലിനും ബംഗാള്‍ ഉള്‍ക്കടലിനും പ്രാമുഖ്യമേറുന്നതും ഇക്കാരണത്താല്‍ തന്നെയാണ്

കുറിപ്പ് - 2
ബ്ലൂ ഇക്കോണമി: ഇന്ത്യാ സര്‍ക്കാരിന്റെ വര്‍ക്കിംഗ് ഗ്രൂപ്പ് രേഖകള്‍

1. സമുദ്രവുമായി ബന്ധപ്പെട്ട കണക്കെടുപ്പുകളും സമുദ്ര പരിപാലനവു
2. സമുദ്രത്തെ സംബന്ധിച്ച സ്ഥലീയ ആസൂത്രണവും (സ്‌പേഷ്യല്‍ പ്ലാനിംഗ്) ടൂറിസവും
3. കടല്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, മത്സ്യസംസ്‌കരണം
4. കടലുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍, സാങ്കേതിക വിദ്യ, വാണിജ്യം, സേവന, തൊഴില്‍ നിപുണന മേഖല
5. ചരക്കുനീക്കം, ഷിപ്പിംഗ്, അടിസ്ഥാന മേഖലാവികസനം
6. ആഴക്കടല്‍-തീരക്കടല്‍ ധാതു ഖനിജ - ഖനനവും പുറംകടലിലെ ഊര്‍ജ്ജ ശേഖരണവും
7. സുരക്ഷയും, തന്ത്രപ്രധാന വിഷയങ്ങളും അന്താരാഷ്ട്ര ധാരണകളും.

കുറിപ്പ് - 3
ആഴക്കടല്‍ മത്സ്യബന്ധനത്തിലെ അശാന്തിപര്‍വ്വം

ഇന്ത്യയുടെ അധികാര പരിധിയിലുള്ള ആഴക്കടലിലും അതിനുവെളിയിലുമുള്ള അന്താരാഷ്ട്ര സമുദ്രത്തിലുമായി മത്സ്യബന്ധനം നടത്തുന്ന 900 യാനങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയുടെ തെക്കുഭാഗത്തുള്ള തുത്തൂര്‍ പ്രദേശത്തെ 8 ഗ്രാമങ്ങളിലെ തൊഴിലാളികളാണ് മത്സ്യ-കടല്‍ പ്രവീണരായത്. ഭൂരിപക്ഷവും വടക്ക് ഒമാന്‍ മുതല്‍ തെക്ക് ദീഗോഗാര്‍ഷ്യ വരെയുള്ള ആഴക്കടലിലാണ് ഇവരുടെ മത്സ്യബന്ധനം. 20 മീറ്റര്‍ മാത്രം നീളമുള്ള യാനങ്ങളുപയോഗിച്ചാണ് ഇവര്‍ മത്സ്യബന്ധനം നടത്തുന്നത്. പരിസ്ഥിതി സൗഹൃദപരമായ ചൂണ്ട-ഗില്‍നെറ്റ് വലകളുപയോഗിച്ചാണ് അവര്‍ മത്സ്യബന്ധനം നടത്തുന്നത്. അന്താരാഷ്ട്ര കടലില്‍ ചൈനയുടേയും, ഇറാന്‍ന്റേയും, കൊറിയയുടേയും കൂറ്റന്‍ കപ്പലുകളുമായി മത്സരിച്ചാണ് ഇവരുടെ മത്സ്യബന്ധനം. കാലാവസ്ഥ വ്യതിയാനത്തിന്റെ ആദ്യത്തെ ഇരകളുമാണവര്‍. ഓഖി കൊടുങ്കാറ്റില്‍ കൊച്ചിയില്‍ നിന്നുംമത്സ്യബന്ധനത്തിനുപോയ ആറുബോട്ടുകളും അതിലെ 69 തൊഴിലാളികളും ഇപ്പോഴും ലക്ഷദ്വീപ് കടലില്‍ മുങ്ങിക്കിടക്കുകയാണ്. സമീപകാലത്ത് ടൗട്ടേ കൊടുങ്കാറ്റില്‍പ്പെട്ട് ആണ്ടവന്‍തുണ എന്ന ബോട്ടിലെ 12 പേരും അജ്മീര്‍ഷാ എന്ന ബോട്ടിലെ 16 പേരും മുങ്ങിപ്പോവുകയുണ്ടായി. ഇവരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനോ, അവരെ ആധുനിക വാര്‍ത്താവിനിമയ സംവിധാനവുമായി ബന്ധിപ്പിക്കുന്നതിനോ, സുരക്ഷ ഉറപ്പിക്കുന്നതിനോ, ഇവരുടെ ഉപജീവന സംരക്ഷണത്തിനോ ഉതകുന്ന യാതൊരു ക്രിയാത്മക നിര്‍ദ്ദേശവും ബ്ലൂ ഇക്കോണമി രേഖകളിലോ പുതിയ മത്സ്യബന്ധന നിയമത്തിലോ ഇല്ല.

കുറിപ്പ്  - 4
വരുന്നൂ... ആഴക്കടല്‍ കൊള്ളക്കാര്‍ വീണ്ടും

തീരക്കടലിലെ മത്സ്യസമ്പത്ത് ഏറെക്കുറെ പൂര്‍ണ്ണമായോ, അമിതമായോ ചൂഷണം ചെയ്യപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന 39,000 യാനങ്ങളില്‍ ഭൂരിപക്ഷവും തീരക്കടലിലോ, അതിനടുത്ത പുറംകടലിലോ ആണ്. മത്സ്യബന്ധനം നടത്തുന്നതും. രാജ്യത്തെ പൊതു അവസ്ഥയും ഇങ്ങനെ തന്നെ. ഇന്ത്യയില്‍ സുസ്ഥിരമായി പിടിക്കാവുന്ന മത്സ്യസമ്പത്ത് 53.3 ലക്ഷം ടണ്ണാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രതിവര്‍ഷം 35 ലക്ഷം മുതല്‍ 38 ലക്ഷം ടണ്‍ വരെ മാത്രമാണ് പിടിക്കുന്നത്. ആഴക്കടലില്‍ പിടിക്കാനായി 2.3 ലക്ഷം ടണ്‍ ചൂരയും, 1 ലക്ഷം ടണ്‍ ഓലക്കൊടി തള, കട്ടക്കൊമ്പന്‍, സ്രാവ്, മോത തുടങ്ങിയ മത്സ്യങ്ങളും 6.3 ലക്ഷം ടണ്‍ ഓഷ്യാനിക് കണവയും (പര്‍പിള്‍ ബാക്ക് സ്‌ക്വിഡ്) 10 ദശലക്ഷം ടണ്‍ മിക്ടോഫിഡ്‌സ് എന്ന ചെറുമീനുകളും ഉണ്ടെന്ന് ബ്ലൂ ഇക്കോണമി രേഖ വിലയിരുത്തുന്നു. ഇവ പിടിക്കുന്നതിന് 270 വിദേശ മത്സ്യയാനങ്ങള്‍ കൂടി വേണമെന്ന് ഡോ. മീനാകുമാരി റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. കടലിനെ വിദേശികള്‍ക്കു തീറെഴുതുന്നതിനെതിരേ രാജ്യത്തെ മത്സ്യബന്ധന മേഖല ഒറ്റക്കെട്ടായി സമരരംഗത്തിറങ്ങി. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ മീനാകുമാരി റിപ്പോര്‍ട്ട് മരവിപ്പിച്ചു. 2017 ഫെബ്രുവരിയില്‍ അവസാനത്തെ വിദേശ കപ്പലും നാടുകടന്നു. പക്ഷേ അവരെ ഇവിടെകൊണ്ടുന്ന ടാറ്റ, മഹീന്ദ്ര, ഐ.ടി.സി., ഡണ്‍ലപ്, യദുഗുഡി ഫിഷറീസ്, ടി.ആര്‍. ബാലുവിന്റെ ഉടമസ്ഥതയിലുള്ള റൈസിംഗ്‌സണ്‍, റൈസിംഗ് സ്റ്റാര്‍ എന്നീ കമ്പനികളും ഇപ്പോഴും സജീവമാണ്. ഈ കുത്തകകളുടെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് എല്ലാവിധ പ്രോത്സാഹനവും നല്‍കുമെന്നും ഈ രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കുമെന്നും രേഖ പറയുന്നു

കുറിപ്പ് -5
ധാതു-ഖനിജ ഖനനം

കടലിലെ ധാതു-ഖനിജ ചൂഷണത്തെ സംബന്ധിച്ച് പരിശോധിക്കാന്‍- ഡോ: സൈലേഷ് നായിക്കിന്റെ അധ്യക്ഷതയിലുള്ള പത്തംഗ സമിതിയേയാണ് കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. ഇന്ത്യയുടെ കടലില്‍ നിന്ന് നിക്കല്‍, കൊബാള്‍ട്ട്, ചെമ്പ്, യുറേനിയം, തോറിയം, 
ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങളും സംയുക്തങ്ങളും ഖനനം ചെയ്‌തെടുക്കാമെന്നാണ് കമ്മിറ്റിയുടെ ശുപാര്‍ശ. ഇതില്‍ വാണിജ്യ പ്രധാനമായ നിക്കലും, കൊബാള്‍ട്ടും ഇന്ത്യയിലെ കരയില്‍ ലഭ്യമല്ല. മറ്റു ധാതുക്കളാകട്ടെ രണ്ടോ മൂന്നോ ദശകത്തിനുള്ളില്‍ തീരുകയും ചെയ്യും. കടലിനെ 5 മേഖലകളാക്കി തിരിച്ച് അവിടെ നിന്നും ഖനനം ചെയ്‌തെടുക്കാവുന്ന ധാതുക്കളുടെ പട്ടികയും അവര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കൊല്ലത്തെ ആലപ്പാടു തീരത്തു നിന്നും ഖനനം നടത്തുന്ന കരിമണലില്‍  തുടങ്ങാം.
* തീരത്തുനിന്നും നൂറുമീറ്റര്‍ ആഴം വരെ കാണപ്പെടുന്ന കരിമണല്‍ അഥവാ പ്ലേസര്‍മിനറല്‍സ്: ഇല്‍മനൈറ്റ്, ഗാര്‍നെറ്റ്, റൂടൈ , സിര്‍ക്കോണ്‍ മാഗ്‌നറ്റൈറ്റ്, ഗാര്‍നെറ്റ് എന്നിവ ഇതില്‍പ്പെടും. 138 ദശലക്ഷം ടണ്‍വരുന്ന ഇവയുടെ വ്യവസായ മൂല്യം 120 ബില്യണ്‍ ഡോളറാണെന്നു നിജപ്പെടുത്തിയിട്ടുണ്ട്
* ഭൂഖണ്ഡ സോപാനത്തിന്റെ അതിര്‍ത്തി മുതല്‍ 400 മീറ്റര്‍ 1000 മീറ്റര്‍ ആഴത്തില്‍ ഫോസ്‌ഫോറൈറ്റ്‌സ്.
* കടലിലെ 2000 മുതല്‍ 4000 മീറ്റര്‍ വരെ ആഴത്തില്‍ കടല്‍ത്തട്ടില്‍ പരന്നുകിടക്കുന്ന പോളിമെറ്റാലിക് സള്‍ഫൈഡുകള്‍.
* 2000 മുതല്‍ 4000 മീറ്റര്‍ വരെ ആഴത്തില്‍ കടലിലെ കുന്നുകളില്‍ കാണപ്പെടുന്ന കൊബാള്‍ട്ട് ക്രസ്റ്റ്.
* 4000 മുതല്‍ 6000 മീറ്റര്‍ ആഴത്തില്‍ കാണപ്പെടുന്ന പോളിമെറ്റാലിക് മാംഗനീസ് നൊഡ്യൂള്‍സ്. വലിയ കല്‍ക്കരിക്കട്ട പോലെ ആഴക്കടലില്‍ കിടക്കുന്ന മാംഗനീസ് നൊഡ്യൂളുകളില്‍ സ്വര്‍ണ്ണം, ടൈറ്റാനിയം, കൊബാള്‍ട്ട് തുടങ്ങിയ ലോഹങ്ങളുണ്ട്. ഇവയുടെ വ്യവസായ മൂല്യം 187 ബില്യണ്‍ ഡോളറായി കണക്കാക്കപ്പെടുന്നു.
സെന്‍ട്രല്‍ ഇന്ത്യന്‍ ഓഷ്യന്‍ മേഖലയില്‍പ്പെടുന്ന 75000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു (കേരളത്തിന്റെ ഇരട്ടിയോളം വരും ഈ പ്രദേശം) നിന്നും ഇവ ഖനനം ചെയ്യുന്നതിന് ഇന്റര്‍നാഷണല്‍ സീബെഡ് അതോറിറ്റിയില്‍ നിന്നും ഇന്ത്യക്കു ലഭിച്ച് 15 വര്‍ഷത്തെ കരാറിന്റെ കാലാവധി 2017-ല്‍ അവസാനിച്ചു. അടുത്ത 5 വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടി നല്‍കിയിട്ടുണ്ട്. ഇവയ്‌ക്കൊക്കെ പുറമേ പവിഴപ്പുറ്റുകള്‍ കടല്‍മണല്‍ എന്നിവയും ഖനനം ചെയ്‌തെടുക്കാന്‍ രേഖ ലക്ഷ്യമിടുന്നു. കടലിലെ ആവാസ വ്യവസ്ഥയേയോ, ജീവജാലങ്ങളേയോ ഇതെങ്ങിനെ ബാധിക്കുമെന്നതിനെ സംബന്ധിച്ചും മറ്റു രാജ്യങ്ങളിലെ അനുഭവങ്ങളെ സംബന്ധിച്ചും രേഖ പരാമര്‍ശിക്കുന്നില്ല.

കുറിപ്പ്  - 6
സമോവ, സിംഗപ്പൂര്‍, സീഷെല്‍സ്,  ഇന്ത്യന്‍ സമുദ്രത്തിലെ നാറ്റോ സഖ്യം

'കടലിനെ ആരു ഭരിക്കുന്നുവോ, അവര്‍ ലോകത്തേയും ഭരിക്കും'
- ആല്‍ഫ്രഡ് മാഹന്‍ (അമേരിക്കന്‍ സൈദ്ധാന്തികന്‍)
ആഫ്രിക്കയിലെ സീഷെല്‍സ് മുതല്‍ സമോവല്‍ വരെ പരന്നു കിടക്കുന്ന വിസ്തൃതമായ ഇന്ത്യന്‍ സമുദ്രത്തില്‍  കപ്പല്‍ ഗതാഗതം, സംയുക്ത നാവിക അഭ്യാസം, ആഴക്കടല്‍ പര്യവേഷണം, കടല്‍ക്കൊള്ളക്കാരെ തുരത്തല്‍ എന്നീ ലക്ഷ്യങ്ങളോടെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് സംയുക്തമായ പ്രവര്‍ത്തനം ഇന്ത്യ നടത്തണമെന്ന് ബ്ലൂ ഇക്കോണമി രേഖ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ സൈനിക, രാഷ്ട്രീയ, സാമ്പത്തിക സഖ്യങ്ങള്‍ രൂപപ്പെടുത്താനാണ് ശുപാര്‍ശ. 2018ല്‍ ജനുവരിയില്‍ നോര്‍വ്വേ പ്രധാനമന്ത്രി എമല്‍ സോള്‍ബെര്‍ഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗം ഈ രംഗത്ത് വിശദമായ പദ്ധതി തയ്യാറാക്കുകയുണ്ടായി. കടലിലെ പ്രതിരോധം ശക്തമാക്കുന്നതിന് ഇന്നുള്ള രണ്ട് വിമാന വാഹിനി കപ്പലിനു പുറമേ പുതിയ ആറ് സബ് മറൈനുകളും, 30 യുദ്ധക്കപ്പലുകളും, 150 യുദ്ധവിമാനങ്ങളും ഹെലികോപ്പറ്ററുകളും കൂടി ഇന്ത്യ അടിയന്തിരമായി നിര്‍മ്മിക്കണം. അമേരിക്കയുമായി 1992 മുതല്‍ അറബിക്കടലില്‍ നടത്തുന്ന സംയുക്ത സൈനിക അഭ്യാസമായ മലബാര്‍ എക്‌സര്‍സൈസ്, 2001 മുതല്‍ ഫ്രാന്‍സുമായി ചേര്‍ന്നുള്ള വരുണ, 2004 മുതല്‍ ബ്രിട്ടണുമായി ചേര്‍ന്നു നടത്തുന്ന കൊങ്കണ്‍, 2012 മുതല്‍ ജപ്പാനുമായി ചേര്‍ന്നുള്ള ജീമെക്‌സ്, 2015 മുതല്‍  ആസ്‌ട്രേലിയയുമായി സംയുക്തമായി നടത്തുന്ന ഓസിന്‍ സെക്‌സ് തുടങ്ങിയ പ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തണം. സാമ്പത്തിക രംഗത്തും, സമുദ്ര മേഖലയിലും വന്‍ കുതിപ്പു നടത്തുന്ന ചൈനയെ ലക്ഷ്യമിട്ടാണ് ഈ പ്രവര്‍ത്തനങ്ങളെന്നും രേഖ പറയുന്നുണ്ട്. സമീപകാലത്ത് ഇന്ത്യയും, ജപ്പാനും, അമേരിക്കയും, ആസ്‌ട്രേലിയയും സംയുക്തമായി അംഗീകരിച്ച ക്വാഡ് (ക്വാഡ്രി ലാറ്ററ  സെക്യൂരിറ്റി ഡയലോഗ്) ഈ രംഗത്തെ പ്രധാന ചുവടുവെപ്പുകൂടിയാണ്. കഴിഞ്ഞ മാസം ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുബ്രഹ്മണ്യം ജയശങ്കര്‍ അമേരിക്ക സന്ദര്‍ശിച്ചതോടെ ക്വാഡ് അക്ഷരാര്‍ത്ഥത്തില്‍ പ്രയോഗത്തില്‍  വന്നിരിക്കുകയുമാണ്.

സമുദ്രാതിര്‍ത്തിയിലുള്ള അയല്‍ രാജ്യങ്ങളൊക്കെ ഇന്ത്യയുമായി അകലുകയും ശ്രീലങ്കയിലും, മാലിദ്വീപിലും, ചൈന തുറമുഖങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തതോടെ ഡീഗോഗാര്‍ഷ്യ സൈനിക താവളത്തിന്റെ പ്രധാന്യം കുറഞ്ഞതായി അമേരിക്കയും മനസ്സിലാക്കുന്നുണ്ട്. ലോകത്തെ പ്രധാന ചരക്കുനീക്കം നടക്കുന്ന മലാക്ക സ്‌ട്രെയിറ്റില്‍ നിന്നും ആരംഭിക്കുന്ന അന്താരാഷ്ട്ര കപ്പല്‍ പാത ലക്ഷദ്വീപുകള്‍ക്കിയടിലൂടെയാണ് ഗള്‍ഫിലേക്കും, ആഫ്രിക്കയിലേക്കും പോകുന്നത്. ലക്ഷദ്വീപില്‍ അടുത്തകാലത്ത് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന  ജനാധിപത്യ ധ്വംസനത്തിന്റെ മൂലകാരണവും ഇതുതന്നെ. ദ്വീപിനെ ഒരു സൈനീക ഔട്ട് പോസ്റ്റാക്കാനുള്ള അമേരിക്കന്‍ താല്പര്യം കൂടിയാണ് ഇവിടെ പ്രയോഗിക്കുന്നത്.

Leave a comment