അനീതിയും അമിതചൂഷണവും കെട്ടുപിണയുന്ന തീരദേശം
Photos : Prasoon Kiran
ഡോ. ജോണ്‍ കുര്യന്‍ / കെ പി സേതുനാഥ്
കേരളത്തിലെ തീരദേശ ജനതയുടെ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളെ പറ്റിയുള്ള ഗൗരവമായ പഠനങ്ങള്‍ക്ക് തുടക്കമിട്ട സാമൂഹ്യ ശാസ്ത്രജ്ഞനാണ് ഡോ. ജോണ്‍ കുര്യന്‍. സമുദ്ര വിഭവങ്ങളുമായി ബന്ധപ്പെട്ടും സമൂഹങ്ങളുടെ അതിജീവനവുമായി ബന്ധപ്പെട്ടുമുള്ള വിഷയങ്ങളില്‍ ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്ന പണ്ഡിതരിലെ പ്രമുഖ വ്യക്തിത്വമാണ് ഡോ. കുര്യന്‍. കോര്‍പറേറ്റ് മേഖലയിലെ ജോലി ഉപേക്ഷിച്ച് 1970-കളില്‍ തിരുവനന്തപുരത്തിനടുത്ത ഒരു തീരദേശ ഗ്രാമത്തില്‍ മത്സ്യതൊഴിലാളികളുടെ സഹകരണ സംഘം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ഡോ. കുര്യന്‍ തന്റെ പഠനമേഖലയില്‍ അര നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റല്‍ സ്റ്റഡീസില്‍ ദീര്‍ഘകാലം പ്രൊഫസറായിരുന്ന ഡോ.കുര്യന്‍ ഇപ്പോള്‍ അസീം പ്രേംജി സര്‍വകലാശാലയിലെ സന്ദര്‍ശക പ്രൊഫസറാണ്. അതിനു പുറമെ നിരവധി അന്തര്‍ദേശീയ സ്ഥാപനങ്ങളുമായി ബന്ധമുള്ള ഡോ.കുര്യന്‍ 50-വര്‍ഷത്തിലധികം നീണ്ട തന്റെ പഠന-ഗവേഷണ-പ്രവര്‍ത്തനങ്ങളുടെ അനുഭവങ്ങളും, അറിവുകളും മലബാര്‍ ജേര്‍ണലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ കെ.പി. സേതുനാഥുമായി പങ്കു വയ്ക്കുന്നു.
കെ പി സേതുനാഥ് : സമുദ്ര-മത്സ്യ വിഭവശ്രോതസ്സുകളുമായി ബന്ധപ്പെട്ട താങ്കളുടെ കഴിഞ്ഞ 5-ദശകത്തിലധികം കാലത്തെ പഠന-ഗവേഷണങ്ങളില്‍ ആവര്‍ത്തിക്കുന്ന പ്രമേയമാണ് വിഭവങ്ങളുടെ അമിതചൂഷണവും, അനീതിയും. സമുദ്ര പ്രപഞ്ചവുമായുള്ള മനുഷ്യരുടെ ബന്ധമെന്ന പേരില്‍
എഡ്ഡി ആലീസ്സണുമായി ചേര്‍ന്ന് താങ്കള്‍ സമീപകാലത്ത് എഴുതിയ ലേഖനത്തിലും ഈ പ്രമേയങ്ങള്‍ സജീവമാണ്. താങ്കള്‍ ഈയൊരു ധാരണയില്‍ എത്തിയതിന്റെ പശ്ചാത്തലം എന്താണ്? എന്താണ് അവ സംബന്ധിച്ച താങ്കളുടെ പരിപ്രേക്ഷ്യങ്ങള്‍?
ഡോ.ജോണ്‍ കുര്യന്‍ : ശരിയാണ്. എല്ലാത്തിന്റെയും തുടക്കം 5-ദശകങ്ങള്‍ക്ക് മുമ്പായിരുന്നു. മെയ് മാസത്തിലെ പകല്‍ചൂടില്‍ വിങ്ങുന്ന ഒരു ദിവസമാണ് കേരളത്തിലെ ഒരു തീരദേശ ഗ്രാമത്തില്‍ ഞാനെത്തുന്നത്. തീരദേശവാസികളുടെ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരാളെ കാണുകയായിരുന്നു ഉദ്ദേശം. എന്റെ ജന്മനഗരമായ ബാഗ്ലൂരില്‍ നിന്നുള്ളവരായിരുന്നു അവര്‍. തീരദേശവുമായി ഒരു ബന്ധമില്ലാതിരുന്ന ഒരു നഗരജീവിയായ എന്നെ സംബന്ധിച്ചിടത്തോളം ആര്‍ത്തിരമ്പുന്ന തിരമാലകള്‍ക്കിടയിലൂടെ കട്ടമരവുമായി കടലിലേക്കിറങ്ങുന്ന മീന്‍പിടുത്തക്കാര്‍ ആവേശകരമായ കാഴ്ചയായിരുന്നു. ഒപ്പം കണ്ണും, മനസ്സും തുറപ്പിക്കുന്നതുമായിരുന്നു. അന്നേ ദിവസം ഒരു മീന്‍പിടുത്തക്കാരനുമായി നടത്തിയ യാദൃച്ഛിക സംഭാഷണം ജീവിതത്തില്‍ ഒരു -യു ടേണ്‍ - വരുത്താന്‍ നിമിത്തമായി. നഗരത്തിലെ ജോലി ഉപേക്ഷിക്കുവാനും തീരദേശനിവാസികള്‍ക്ക് മത്സ്യവിപണനത്തിനായി ഒരു സഹകരണ പ്രസ്ഥാനം രൂപീകരിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുന്നതും അങ്ങനെയായിരുന്നു.
ഞാന്‍ ഗ്രാമത്തില്‍ എത്തുന്നതിനും 2-3 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ജന്മി, കച്ചവടക്കാരന്‍, പണം കടംകൊടുക്കുന്ന പലിശക്കാരന്‍- എല്ലാം ഒന്നു ചേര്‍ന്ന ഒരാളിന്റെ നീരാളിപിടുത്തത്തില്‍ നിന്നും മോചിതരാവണമെന്ന് മീന്‍പിടുത്തക്കാര്‍ തീരുമാനിച്ചിരുന്നു. അയല്‍ ഗ്രാമത്തില്‍ നിന്നുള്ള വ്യക്തിയായിരുന്നു അയാള്‍. അതൊരു നിര്‍ണ്ണായക തീരുമാനമായിരുന്നു.
ചെറിയ തുക അയാളില്‍ നിന്നും കടം വാങ്ങുന്നതിന്റെ പേരില്‍ മീന്‍ അയാള്‍ക്കു തന്നെ വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായിരുന്നു. അയാള്‍ നിശ്ചയിക്കുന്നതായിരുന്നു മീനിന്റെ വില. വായ്പ ഗഡുക്കളായി തിരിച്ചടക്കുവാന്‍ അയാള്‍ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ മീന്‍പിടുത്തക്കാര്‍ക്ക് ഒരിക്കലും അയാളുടെ കൈകളില്‍ നിന്നും മോചനം എളുപ്പമായിരുന്നില്ല. വലവാങ്ങി കൂടുതല്‍ വരുമാനം നേടാമെന്നും, വായ്പ മടക്കാനാകുമെന്ന പ്രതീക്ഷയോടെ അവര്‍ വീണ്ടും വായ്പയെടുക്കും. അങ്ങനെയൊരു ദൂഷിതവലയത്തില്‍ കടബാധ്യത വര്‍ദ്ധിക്കുകയും, കടം വീട്ടുന്നതിനായി കൂടുതല്‍ മീന്‍ പിടിക്കുവാന്‍ മീന്‍പിടുത്തക്കാര്‍ നിര്‍ബന്ധിതരുമാവുന്ന സാഹചര്യം ഉരുത്തിരിയുകയും ചെയ്തു. ചിലര്‍ അത് വിധിയാണെന്നു കരുതിയപ്പോള്‍ നിലവിലത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടപ്പോള്‍ മറ്റു ചിലര്‍ അതിനെതിരെ പൊരുതാന്‍ തയ്യാറായി. അനീതിയെന്നു അവര്‍ മനസ്സിലാക്കിയ ഒരു സംവിധാനത്തിനെതിരെ പൊരുതാന്‍ തീരുമാനിച്ചപ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു.
സ്വന്തം കഠിനാദ്ധ്വാനത്തിലൂടെ നേടുന്ന മീനിന്റെ മൂല്യം നിശ്ചയിക്കുന്നതിനുള്ള അവകാശം തങ്ങള്‍ക്കു മാത്രമാണെന്ന തിരിച്ചറിവിന്റെ ഭാഗമായി മീന്‍പിടുത്തക്കാര്‍ പോരാട്ടത്തിലൂടെ നേടിയെടുത്ത സഹകരണ പ്രസ്ഥാനമെന്ന സംഘടനയിലൂടെയാണ് പ്രകൃതിവിഭവങ്ങള്‍ പ്രയോജനകരമായി ഉപയോഗിക്കുന്നതും, അനീതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള എന്റെ മാമോദീസ. വലിയ കഥ ചുരുക്കിപ്പറയാം. മനുഷ്യര്‍ തമ്മിലുള്ള ബന്ധത്തിന്റെ സ്വഭാവമാണ് മനുഷ്യരും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിലും കാണാനാവുന്നതെന്ന പാഠമാണ് ഞാന്‍ പഠിച്ചു. പ്രകൃതിയുമായി സന്തോഷവും, പരിചരണവും നിറഞ്ഞ ബന്ധം പുലര്‍ത്തുന്ന സമൂഹങ്ങളില്‍ മനുഷ്യക്കിടയിലും കൂടുതല്‍ പരസ്പരധാരണയും, നീതിയും പുലരുന്നതിനുള്ള സാധ്യത ഏറെയാണ്. കടലോരഗ്രാമത്തിലെ മീന്‍പിടുത്തക്കാരായിരുന്നു നീതിയെക്കുറിച്ചും, പരിപാലനത്തെ പറ്റിയുമുള്ള എന്റെ പ്രാഥമിക ധാരണകള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതെന്ന് കാര്യം തീര്‍ച്ചയാണ്. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
കെ പി സേതുനാഥ് : ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനീതിയുടെയും, അമിതചൂഷണത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ മത്സ്യമേഖലയെക്കുറിച്ചുള്ള താങ്കളുടെ നിലപാട് വിലയിരുത്തല്‍ എന്താണ്. ആഗോളതലത്തിലെ ഈയൊരു സ്ഥിതിവിശേഷത്തെ പ്രതിരോധിക്കുന്നതിനായി കേള്‍വി കേട്ട 'കേരള മാതൃക' എന്തെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടോ? എന്താണ് താങ്കളുടെ അനുഭവം.
ഡോ.ജോണ്‍ കുര്യന്‍ : കടലോരഗ്രാമത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയപ്പോള്‍ അവിടുത്തെ കഠിനമായ ദാരിദ്ര്യം എന്നെ വല്ലാതെ ബാധിച്ചിരുന്നു. എന്നാല്‍ ബാഗ്ലൂരില്‍ നഗരത്തിലെ ദാരിദ്ര്യം, മദ്രാസിലെ കുഷ്ഠരോഗികളുടെ ദാരുണാവസ്ഥ, കൊല്‍ക്കത്തയില്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥി കോളനികളിലെ സ്ഥിതി ഇവയെല്ലാമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ കടലോര ഗ്രാമത്തിലെ ജനങ്ങളുടെ സ്ഥിതി അത്ര മോശമല്ലായിരുന്നു. അതില്‍ സുപ്രധാനമായ ഒരു കാര്യം അവരെല്ലാം അടച്ചുറപ്പുള്ള വീടികളിലായിരുന്നു താമസം. കടല്‍തീരത്തു നിന്നും മാറി റോഡിന് കിഴക്കു വശത്തായി സാമൂഹ്യ സേവന സംഘടനകള്‍ നിര്‍മിച്ചു നല്‍കിയ വീടുകളിലായിരുന്നു മിക്കവരുടെയും താമസം. എന്നാല്‍ ഞാന്‍ സന്ദര്‍ശിച്ച മറ്റുള്ള മത്സ്യബന്ധന ഗ്രാമങ്ങളിലെ സ്ഥിതി അതായിരുന്നില്ല. പ്രത്യേകിച്ചും തിരുവനന്തപരുത്തെ സ്ഥിതി വളരെ ശോചനീയമായിരുന്നു. ഒരു സൗകര്യവുമില്ലാതെ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ കടല്‍തീരത്തോട് ചേര്‍ന്നുള്ള കുടിലുകളില്‍ താമസിക്കുന്നവരുടെ അവസ്ഥ എന്നെ സംബന്ധിച്ചിത്തോളം അസഹനീയമായിരുന്നു. അക്കാലത്ത് കേരള മോഡലിനെ പറ്റി ആരും സംസാരിച്ചിരുന്നില്ല. കേരള മാതൃകയെന്ന സങ്കല്‍പ്പനം രൂപപ്പെടുത്തിയ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് (സിഡിഎസ്) തിരുവനന്തപുരത്ത് തുടങ്ങുന്ന കാലമായിരുന്നു അത്.
അഞ്ചു വര്‍ഷത്തിനു ശേഷം സിഡിഎസ്സില്‍ ഗവേഷകനായി (സിഡിഎസ് ക്യാന്റീനില്‍ മീന്‍ നല്‍കിയിരുന്നത് ഞങ്ങളുടെ സഹകരണസംഘമായതിനാല്‍ എന്റെ സിഡിഎസ് പ്രവേശനം പിന്‍വാതില്‍ വഴിയാണെന്നും പറയാം!) ചേര്‍ന്നതിനു ശേഷമാണ് കേരളത്തിന്റെ വികസന അനുഭവത്തിന്റെ സവിശേഷമായ സ്വഭാവത്തെക്കുറിച്ചുള്ള ചര്‍ച്ചകളും, സംവാദങ്ങളുമായി ഞാന്‍ പരിചയപ്പെടുന്നത്. വിവേകികളായ ഭരണാധികാരികള്‍, സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കള്‍, മിഷനറിമാര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, ജനകീയ സംഘടനകള്‍ എന്നിവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ സംയുക്തമായി സൃഷ്ടിച്ച സാഹചര്യങ്ങളുടെ ഭാഗമായ ഉയര്‍ന്ന സാക്ഷരത, മെച്ചപ്പെട്ട ആരോഗ്യം എന്നിവയുടെ ഭാഗമായി ജനങ്ങളില്‍ തങ്ങളുടെ 'ഏജന്‍സി' യെ പറ്റി കൂടുതല്‍ അവബോധമുണ്ടാക്കി. മെച്ചപ്പെട്ട ജീവിത നിലവാരവും, സാഹചര്യങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരോട് ആവശ്യപ്പെടാനും നേടിയെടുക്കാനും ഈയൊരു തിരിച്ചറിവ് അവരെ പ്രാപ്തരാക്കി. അടിത്തട്ടിലും മേല്‍തട്ടിലും നിന്നുമുള്ള വ്യത്യസ്തങ്ങളായ പൊതു ഇടപെടലുകള്‍ കേരളത്തിന്റെ വികസനാനുഭവത്തിന്റെ ഭാഗമാണെന്ന് ഞാന്‍ പഠിച്ചു.
കേരളത്തിന്റെ സവിശേഷമായ വികസനാനുഭവം എന്ന പേരില്‍ അറിയപ്പെടുന്ന കേരള മാതൃക കാര്‍ഷിക-നഗര മേഖലകളില്‍ മാത്രമായി ചുരുങ്ങിയെന്ന് മത്സ്യമേഖലയുമായുള്ള എന്റെ അടുത്ത ബന്ധത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യം. മത്സ്യബന്ധന സമുദായങ്ങളെ കേരള മാതൃക പൂര്‍ണ്ണമായും ഒഴിവാക്കിയെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പൊതുവായ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഈ മാതൃകയുടെ വെളിമ്പുറത്തായിരുന്നു മത്സ്യമേഖല.
'കേരള മാതൃക: അതിന്റെ കേന്ദ്രപ്രവണതകളും വെളിമ്പുറങ്ങളും' എന്ന ലേഖനം എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ഇതായിരുന്നു. അടിത്തട്ടിലും, മേല്‍ത്തട്ടിലും നിന്നുമുള്ള പൊതു ഇടപെടല്‍
കേരളത്തിലെ മീന്‍പിടുത്ത സമൂഹങ്ങളില്‍ ഉണ്ടാവാതെ പോയതിന്റെ പാരിസ്ഥിതികവും, സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവുമായ കാരണങ്ങള്‍ അതില്‍ ഞാന്‍ വിശദീകരിച്ചിരുന്നു.
മീന്‍പിടുത്തക്കാര്‍ സംഘടിക്കുകയും അവരുടെ ആവശ്യങ്ങള്‍ സംഘടിതമായി ഉന്നയിക്കുകയും ചെയ്യുന്നതോടെയാണ് 1980-കളോടെ മുഖ്യധാരയും, അവരും തമ്മിലുള്ള വിടവ് നികത്താന്‍ തുടങ്ങിയതെന്നായിരുന്നു എന്റെ കണ്ടെത്തല്‍. കേരളത്തിലെ ചെറുകിട മീന്‍പിടുത്തക്കാരുടെ സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങളില്‍ മാത്രമല്ല ചില വികസ്വര രാജ്യങ്ങളിലെ മീന്‍പിടുത്ത സമൂഹങ്ങളിലും വികസനത്തിനുള്ള ആരംഭം കുറിച്ചുവെന്നു പറയാനാവും.
മത്സ്യ മേഖലയിലെ വിവിധ ഗ്രൂപ്പുകളുടെയും ലോകമാസകലമുള്ള സിവില്‍ സൊസൈറ്റി സംഘടനകളുടെയും പിന്തുണയോടെ 1984-ല്‍ റോമില്‍ വച്ച് മത്സ്യ തൊഴിലാളികളുടെയും അവരെ പിന്തുണക്കാരുടെയും സാര്‍വദേശീയ സമ്മേളനം നടത്താനായി. ഐക്യരാഷ്ട്ര സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ലോക ഭക്ഷ്യ സംഘടന റോമില്‍ നടത്തിയ ഫിഷറീസ് ഉച്ചകോടിക്ക് ബദലായി സംഘടിപ്പിച്ചതായിരുന്നു ഈ സാര്‍വദേശീയ സമ്മേളനം. മത്സ്യതൊഴിലാളികളും അവരെ പിന്തുണക്കുന്നവര്‍ക്കും ലോകത്തിനോട് പറയാനുള്ള സന്ദേശം ഇതായിരുന്നു: മീന്‍പിടുത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജനങ്ങളുടെ കേന്ദ്രപങ്ക് കണക്കിലെടുക്കാതെയുള്ള ഏതൊരു നയരൂപീകരണവും സമുദ്രവിഭവങ്ങളുടെ അമിതചൂഷണത്തിലും, സമുദ്രവിഭവങ്ങളുടെ വിളവിനായി അദ്ധ്വാനിക്കുന്ന ജനങ്ങളുടെ മേലുള്ള അനീതിക്കും നിമിത്തമാകും. ഞാനായിരുന്നു ഈ ബദല്‍ സമ്മേളനത്തിന്റെ സെക്രട്ടറി ജനറല്‍
കെ പി സേതുനാഥ് : കേരളത്തിന്റെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ആവര്‍ത്തിക്കുന്ന ഒരു വിഷയം മത്സ്യ സമ്പത്തിന്റെ ശോഷണമാണ്. മത്തി അപ്രത്യക്ഷമാകുന്നത് ഉദാഹരണം. അമിതചൂഷണവുമായി പ്രത്യക്ഷത്തില്‍ ബന്ധമുള്ളതാണോ മത്സ്യ സമ്പത്തിന്റെ ഈ ശോഷണം. അങ്ങനെയാണെങ്കില്‍
വിവിധയിനം മത്സ്യങ്ങളുടെ പ്രജനനകാലം എന്നു തിരിച്ചറിയപ്പെട്ട മണ്‍സൂണ്‍ കാലഘട്ടത്തില്‍ നടപ്പിലാക്കുന്ന ട്രോളിംഗ് നിരോധനത്തിന്റെ ഇതുവരെയുള്ള ഫലം എന്താണ്.
ഡോ.ജോണ്‍ കുര്യന്‍ : സുസ്ഥിരമായ രീതിയില്‍ മീന്‍പിടുത്തം നടത്തുകയാണെങ്കില്‍ വര്‍ഷത്തില്‍ 4-5 ലക്ഷം ടണ്‍ വരെ മത്സ്യം ലഭിക്കുന്ന തീരം കൊണ്ട് അനുഗ്രഹീതമാണ് കേരളം. ലോകത്തില്‍ ഏറ്റവുമധികം ഉല്‍പ്പദാനക്ഷമതയുള്ള ഒന്നാണ് നമ്മുടെ 600 കിലോമീറ്റര്‍ തീരം. കടലിന്റെ മേല്‍ത്തട്ടില്‍ കഴിയുന്ന മത്തി ചാള, അയല, നെത്തോലി, ചൂട തുടങ്ങിയവയാണ് ഏറ്റവും കൂടുതല്‍ ലഭ്യമായ ഇനങ്ങള്‍. പൊതുവെ ഇവ പെലാജിക് ഇനങ്ങള്‍ എന്നറിയപ്പെടുന്നു. കടലിന്റെ അടിത്തട്ടില്‍ കഴിയുന്ന കൊഞ്ച് പോലുള്ള ഇനങ്ങള്‍ നമുക്ക് വേറെയുണ്ട്. അവ ഡെമേര്‍സല്‍ വിഭാഗത്തില്‍ വരുന്നു.
മത്സ്യ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്ര പരിജ്ഞാനമുള്ളവര്‍ക്കെല്ലാം അറിയുന്ന കാര്യമാണ് പെലജിക് ഇനം മത്സ്യങ്ങളുടെ അതിജീവനം സമുദ്രത്തിലെ നിരവധി ഘടകങ്ങളുമായി -- സമുദ്രത്തിലെ താപനില, ഓക്‌സിജന്റെ അളവ്, ഉപ്പുരസം തുടങ്ങിയ പല ഘടകങ്ങള്‍ -- ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിപരമായ ഇത്തരം സ്വാധീനങ്ങളില്‍ നിന്നും ഭിന്നമായി ഡെമേര്‍സല്‍ ഇനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യകളും രീതികളുമാണ്. ഡെമര്‍സല്‍ ഇനങ്ങളുടെ കാര്യത്തില്‍ നിന്നും തുടങ്ങാം. കൊഞ്ചിന്റെ കഥയാണ് ഏറ്റവും നല്ല ഉദാഹരണം. മത്സ്യമേഖലയിലെ ഇന്‍ഡോ-നോര്‍വീജിയന്‍ പദ്ധതിയുടെ ആരംഭത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് വിസ്മയകരമായ ഈ ചരിത്രം ഞാന്‍ മനസ്സിലാക്കുന്നത്. കൊഞ്ച് മത്സ്യത്തിന് ലോകത്തിലെ തന്നെ ഏറ്റവുമധികം ഉല്‍പ്പാദനക്ഷമതയുള്ള സ്ഥലമായിരുന്നു കേരളം. പ്രത്യേകിച്ചും തിരുവിതാംകൂര്‍. എന്നാല്‍ നമ്മുടേതു പോലുള്ള ഉഷ്ണമേഖല പ്രദേശങ്ങളിലെ കടലിലെ പെലാജിക് ഇനങ്ങളുടെ ലഭ്യതയുടെ സമൃദ്ധിയുമായി തട്ടിച്ചു നോക്കുമ്പോള്‍ കൊഞ്ചിന്റെ അളവ് കുറവായിരുന്നു. മാത്രമല്ല ഡെമേര്‍സല്‍ ഇനങ്ങളില്‍ ഉള്‍പ്പെടുന്ന മത്സ്യ ഇനങ്ങള്‍ തമ്മിലുള്ള കൂടിച്ചേരലുകള്‍ വളരെ അധികമായതിനാല്‍ ഒരു പ്രത്യേക ഇനത്തെ ലക്ഷ്യമാക്കിയുളള മത്സ്യബന്ധനം അസാദ്ധ്യമായിരുന്നു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ അവയുടെ നിലനില്‍പ്പിന്റെ കാര്യത്തില്‍ വളരെ നിര്‍ണ്ണായകമാവുന്നതിന്റെ കാരണം അതായിരുന്നു.
പരമ്പരാഗതമായി ചുറ്റുവലകളും, ഗില്‍നെറ്റുകളും ഉപയോഗിച്ചായിരുന്നു കേരളത്തില്‍ കൊഞ്ചുപിടുത്തം. തീറ്റതേടി വെള്ളത്തിന്റെ മേല്‍തട്ടില്‍ വരുമ്പോള്‍ വലയിടുന്നതായിരുന്നു അതിന്റെ രീതി. ഒരു തരത്തിലുള്ള സീസണാലിറ്റിയും സുസ്ഥിരതയും ഈ രീതിയില്‍ തന്നെ അന്തസ്ഥിതമായിരുന്നു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തിന് തൊട്ടു മുമ്പുള്ള മാസങ്ങളിലും, കാലവര്‍ഷക്കാലത്തും ആയിരുന്നു അവയുടെ ലഭ്യത. കൊഞ്ച് ഭക്ഷിക്കുന്ന കാര്യത്തിലും ചരിത്രപരമായ ചില വിലക്കുകള്‍ കേരളത്തില്‍ നിലനിന്നിരുന്നു. മഴക്കാലത്ത് കൊഞ്ച് ഭക്ഷിക്കുന്നത് ദഹനക്കേടിന് ശക്തമായ കാരണമായി കരുതപ്പെട്ടിരിന്നു. തീരപ്രദേശങ്ങളില്‍ കൊഞ്ച് തെങ്ങിന് വളമായി ഉപയോഗിച്ചിരുന്നതിന്റെ ഒരു കാരണം ഈ വിലക്കുകളായിരിക്കണം!
ഇതെല്ലാം 1950-ന് മുമ്പുള്ള സ്ഥിതിയാണ്. ആഗോളതലത്തില്‍ കൊഞ്ചിന്റെ ഉപഭോഗത്തില്‍ വന്ന മാറ്റം പെട്ടെന്നായിരുന്നു. ചൈനയില്‍ 1949-ല്‍ കമ്യൂണിസ്റ്റു വിപ്ലവം വിജയിക്കുകയും വിദേശ സാമ്പത്തിക ഇടപാടുകളില്‍ മാവോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതോടെ ആഗോളവിപണിയില്‍ കൊഞ്ചിന്റെ ദൗര്‍ലഭ്യം രൂക്ഷമായി. കൊഞ്ചിന്റെ ലഭ്യതയുള്ള മറ്റു പ്രദേശങ്ങളെക്കുറിച്ചും, വര്‍ഷത്തില്‍ എല്ലാ സമയത്തും കൊഞ്ച് വലയിടാനുള്ള അന്വേഷണങ്ങളും തുടങ്ങിയതിന്റെ പശ്ചാത്തലം ഇതായിരുന്നു. ഇന്‍ഡോ-നോര്‍വീജിയന്‍ പദ്ധതി 1951-1956 കാലഘട്ടത്തില്‍ തിരുവിതാങ്കൂറില്‍ നടപ്പില്‍ വരുത്തുകയായിരുന്നു. തിരുവിതാംകൂറിലെ സമൃദ്ധമായ കൊഞ്ച് ശേഖരത്തെ പറ്റിയുള്ള അറിവ് INP-യിലെ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കുന്നതിന് ഇത് വഴിയൊരുക്കി. നോര്‍വെയില്‍ നിന്നുള്ള INP-യുടെ പല മാനേജര്‍മാരും അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സായ നീണ്ടകരയ്ക്ക് തൊട്ടുവടക്കുള്ള ആലപ്പുഴയില്‍ ദൃശ്യമാവുന്ന 'ചാകര' എന്ന പ്രതിഭാസത്തിനും സാക്ഷ്യം വഹിക്കുന്നുണ്ടായിരുന്നു. ആഗോളതലത്തിലെ ഡിമാന്‍ഡും കൊഞ്ചിന്റെ സമൃദ്ധമായ ലഭ്യതയും സംയോജിപ്പിച്ച നോര്‍വേക്കാര്‍ അവരുടെ ചെറിയ യന്ത്രവത്കൃത ബോട്ടുകള്‍ മിനി ട്രോളറുകളായി പരിവര്‍ത്തനപ്പെടുത്തി. ഈ ട്രോളറുകള്‍ ഉപയോഗിച്ചുള്ള പരീക്ഷണ മീന്‍പിടുത്തം കൊഞ്ചിന്റെ ബമ്പര്‍ കൊയ്ത്തില്‍ കലാശിച്ചു. ബാക്കി ചരിത്രം. എന്നാല്‍ ഈ പരീക്ഷണത്തെക്കുറിച്ചുള്ള ഒരു സുപ്രധാന വിവരം നമ്മളില്‍ പലര്‍ക്കും ഇപ്പോഴും അറിയില്ല.
നോര്‍വെയുടെ തീരങ്ങളില്‍ ട്രോളിംഗ് ബോട്ടുകള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം നോര്‍വെയിലെ ലേബര്‍ സര്‍ക്കാര്‍ 1930-കളില്‍ തന്നെ നിരോധിച്ചിരുന്നു. അവിടുത്തെ പരമ്പരാഗത, ചെറുകിട മീന്‍പിടുത്തക്കാര്‍ നടത്തിയ വ്യാപകവും, സംഘടിതവുമായ ഉയിര്‍ത്തെഴുന്നേല്‍പ്പിനെ തുടര്‍ന്നായിരുന്നു. അവര്‍ ട്രോളറുകള്‍ പിടികൂടി കത്തിച്ചിരിന്നു. ട്രോളിംഗിനെ അവര്‍ എതിര്‍ത്തതിന്റെ കാരണം ഇവയായിരിന്നു.
1: കടലിന്റെ അടിത്തട്ട് മാന്തിയെടുക്കുന്ന ഈ സമ്പ്രദായം മൊത്തം കടലിന്റെ ആവാസ വ്യവസ്ഥക്ക് ഹാനികരമാണ്. 2: ചെറുകിട മീന്‍പിടുത്തക്കാരുടെ ഗില്‍നെറ്റുകള്‍ നശിപ്പിക്കുന്നതു വഴി അവ കടലില്‍ സംഘര്‍ഷത്തിന് കാരണമാകുന്നു. 3: സ്വാശ്രയ കാര്‍ഷിക മേഖലക്ക് സമാനമായ മീന്‍പിടുത്ത മേഖലയില്‍ മുതലാളിത്തം നടപ്പില്‍ വരുത്തുന്നു.
1984-ല്‍ കേരളത്തിലെ മത്സ്യമേഖലയില്‍ നടന്ന വലിയ പ്രക്ഷോഭത്തില്‍ ട്രോളിംഗിനെതിരെ ഉന്നയിച്ച പ്രധാന വിഷയങ്ങള്‍ ഇവ തന്നെയായിരുന്നു എന്നത് അര്‍ത്ഥവര്‍ത്തല്ലേ? മഴക്കാലത്തെ ട്രോളിംഗ് നിരോധനം മാത്രമാണ് അന്തിമമായി അവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ചതെന്നത് വേറെ കാര്യം. കേരളത്തിലെ ചെറുകിട മീന്‍പിടുത്തക്കാര്‍ ഉന്നയിച്ച മറ്റൊരു പ്രധാന വിഷയം കൂടിയുണ്ട്. മിതശീതോഷ്ണ മേഖലയിലെ മീന്‍പിടുത്തത്തിന് വേണ്ടിയുണ്ടായ ട്രോളിംഗാണ് പ്രശ്‌നമെന്ന് അവര്‍ വ്യക്തമാക്കി. കേരളത്തിലെ പോലെയുള്ള ഉഷ്ണമേഖല കടല്‍ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലാത്ത സമ്പ്രദായമായിരുന്നു അത്. ട്രോളറുടെ ഉടമകള്‍ മീന്‍പിടുത്തക്കാരോ, മുതലാളിമാരോ എന്ന വ്യത്യാസമില്ലാതെ നിരന്തരമായ ട്രോളിംഗിന്റെ ഫലമായി സംഭവിച്ചത് മത്സ്യങ്ങളുടെ ശോഷണം മാത്രമല്ല കടലുമായി ബന്ധപ്പെട്ട മൊത്തം ആവാസ വ്യവസ്ഥയുടെ നാശമായിരുന്നു. പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പരിപ്രേക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ പറഞ്ഞാല്‍ സാങ്കേതികവിദ്യയുടെയും, വിഭിന്നങ്ങളായ പാരിസ്ഥിതിക മേഖലകളില്‍ അതിന്റെ വിന്യാസത്തെയും കുറിച്ചുള്ള പ്രധാന വിമര്‍ശനം അതില്‍ കാണാം.
ഇനി പെലാജിക് ഇനങ്ങളുടെ കാര്യത്തിലേക്കു വരാം. പെലാജിക് ഇനങ്ങള്‍ വളരെയധികം 'സീസണല്‍' ആണ്. വലിയ ശേഖരങ്ങളായി അവ പ്രത്യക്ഷപ്പെടാറുണ്ട്. ലഭ്യതയുടെ സമൃദ്ധി കേരളത്തിലെ മീന്‍പിടുത്തക്കാരുടെ ജീവസന്ധാരണത്തിന്റെ പ്രധാന വരുമാന ശ്രോതസ്സും, ഉപഭോക്താക്കളുടെ ഇഷ്ടവിഭവവുമായി പെലാജിക് ഇനം മീനുകളെ മാറ്റി. വടക്കന്‍ ജില്ലകളില്‍ മത്തിച്ചാളയുടെ ലഭ്യതയുടെ സമൃദ്ധിമൂലം അവ അറിയപ്പെട്ടിരുന്നത് കുടുംബം പുലര്‍ത്തി എന്ന പേരിലാണ്. കപ്പയും മത്തിക്കറിയും ഇഷ്ടപ്പെടാത്ത മലയാളികള്‍ ഇല്ലെന്നു തന്നെ പറയാം. സീസണിലെ ലഭ്യത അനുസരിച്ചുള്ള മീന്‍പിടുത്തമായതിനാല്‍ പെലാജിക് ഇനങ്ങളുടെ കാര്യത്തില്‍ അമിതമായി പിടിക്കുന്നതിന്റെ അപകടം വളരെ കുറവാണ്. എന്നാല്‍ ഇതൊരു അനന്തമായ പരിപാടിയാക്കുന്നതോടെ, പ്രത്യേകിച്ചും വളരെയധികം കാര്യക്ഷമതയുള്ള മത്സ്യബന്ധന സമ്പ്രദായങ്ങള്‍ ഉപയോഗിച്ചുള്ള മീന്‍പിടുത്തം, ആപത്തിനെ ക്ഷണിച്ചു വരുത്തും.
ദൗര്‍ഭാഗ്യകരമായ ഈ പരിവര്‍ത്തനം കേരളത്തില്‍ നടന്നിരിക്കുന്നു. ഗില്‍ നെറ്റിനും, ചുറ്റുവലക്കും പകരം വലിയ പഴ്‌സ് സൈന്‍ വലകളും, റിംഗ് സൈന്‍ വലകളുമാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ കേരളത്തില്‍ കൊല്ലത്തിന് വടക്കുള്ള പ്രദേശങ്ങളില്‍ പ്രധാനമായും റിംഗ് സൈന്‍ വലകളാണ് ഉപയോഗിക്കുന്നത്. പെലാജിക് ഇനങ്ങള്‍ക്കു വേണ്ടിയുള്ള മീന്‍പിടുത്തം സ്ഥിരമായിരിക്കുന്നു. പരമ്പരാഗത മീന്‍പിടുത്തക്കാരിലും ഈയൊരു ശീലം നിര്‍ഭാഗ്യവശാല്‍ പ്രകടമായിരിക്കുന്നു. ഔട്ട് ബോര്‍ഡ് എന്‍ജിന്‍ വിപ്ലവമാണ് ഈയൊരു ട്രെന്‍ഡിന്റെ കാരണം. അതോടെ പെലാജിക് ഇനങ്ങള്‍ക്കു വേണ്ടിയുള്ള ഒളിംപിക് മത്സരമാണ് നടക്കുന്നത്. റിംഗ് സൈനുകളുള്ള ഒന്നോ, രണ്ടോ ബോട്ടുകള്‍ മൊത്തം മത്സ്യ ശേഖരത്തെ വലയിലാക്കുന്നു. പിന്നാലെ വരുന്നവര്‍ക്ക് വളരെ തുച്ഛമായ നിലയില്‍ വല്ലതും കിട്ടും. ബോട്ടിന്റെ ഇന്ധനത്തിന് മതിയാവില്ല അതില്‍ നിന്നുള്ള വരുമാനം.
1980-കളില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ മെച്ചം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. വലിയ യന്ത്രവല്‍കൃത ബോട്ടുകളും, റിംഗ്‌സൈന്‍ വള്ളങ്ങളും ഉപയോഗിച്ചുള്ള ഇപ്പോഴത്തെ വന്‍തോതിലുള്ള മീന്‍പിടുത്തത്തിന്റെ സാഹചര്യത്തില്‍ ട്രോളിംഗ് നിരോധനം കൊണ്ടു മാത്രം കാര്യമില്ല. മൊത്തത്തില്‍ വന്‍തോതിലുള്ള മത്സ്യബന്ധനത്തില്‍ (മൂലധന നിക്ഷേപവും, ഇന്ധന ഉപഭോഗവും) കുറവ് വരുത്തി ഏര്‍പ്പെടുത്തി ചെറുകിട, സീസണല്‍ മത്സ്യ ബന്ധനത്തിലേക്കുള്ള തിരിച്ചുപോക്കാണ് നമുക്ക് ഇന്ന് വേണ്ടത്. കേരളത്തിന് പ്രകൃതി നല്‍കിയ മത്സ്യ സമ്പത്തിന്റെ പൂര്‍ണ്ണമായ ഗുണം അങ്ങനെയാണ് നമുക്ക് അനുഭവിക്കാനാവുക. മത്സ്യലഭ്യതയുടെ കാര്യത്തില്‍ വര്‍ദ്ധിച്ചു വരുന്ന പ്രതിസന്ധിയും, മീന്‍പിടുത്തക്കാരുടെ ഇടയിലുള്ള അസമത്വവും പരസ്പരബന്ധിതമാണ്. രണ്ടും അഭികാമ്യമല്ലാത്ത പ്രവണതകളാണ്. അവ രണ്ടിനെയും ഒരുമിച്ച് നേരിടണം.
(തുടരും)
രണ്ടാം ഭാഗം –
“തീരത്തു വന്നടിക്കുന്ന തിരകളുടെ സ്വഭാവത്തിലെ മാറ്റം മുതിര്‍ന്ന മീന്‍പിടുത്തക്കാര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. ആഴക്കടലില്‍ അസാധാരണമായി എന്തോ സംഭവിക്കുന്നതിന്റെ ലക്ഷണമായി തിരയിളക്കത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയ അവര്‍ കുറച്ചു ദിവസത്തേക്ക് ആരും കടലില്‍ പോവരുതെന്ന് വിലക്കിയതായിരുന്നു അസാധാരണ സ്ഥിതി. ഈ സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്ത് പെട്ടെന്നുള്ള പെരുമഴയായിരുന്നു. തിരുവനന്തപുരത്തിന് തെക്കുള്ള തീരദേശഗ്രാമങ്ങളില്‍ നിന്നും കടലില്‍ പോയ മീന്‍പിടുത്തക്കാരില്‍ നിരവധി പേര്‍ മടങ്ങിയെത്തിയില്ലെന്ന വാര്‍ത്തകളും വന്നു. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചു പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാവുന്നതാണ്.”