TMJ
searchnav-menu
post-thumbnail

Coastal Kerala

ക്രിയാത്മകമായ സമരങ്ങളും, നിരന്തര പോരാട്ടങ്ങളുമാണ് ഇനി തീരങ്ങളുടെ ഭാവി നിര്‍ണ്ണയിക്കുക

06 Oct 2021   |   1 min Read
കെ പി സേതുനാഥ്

Photos : Prasoon Kiran

അഭിമുഖം രണ്ടാം ഭാഗം

കെ പി സേതുനാഥ് : കേരളത്തിലെ തീരദേശ നിവാസികളെക്കുറിച്ചും ആഗോളതലത്തിലെ സമുദ്രസമ്പത്തിനെക്കുറിച്ചുമെല്ലാമുള്ള പഠനങ്ങള്‍ക്ക് തുടക്കമിട്ട വ്യക്തികളില്‍ ഒരാളാണ് താങ്കള്‍. ആഗോളതലത്തില്‍ തന്നെ ഈ വിഷയത്തില്‍ 5 ദശകത്തെ അനുഭവങ്ങള്‍ താങ്കള്‍ക്കുണ്ട്.  മീന്‍പിടുത്തക്കാരുടെ ക്ഷേമത്തിനായി സര്‍ക്കാരുകള്‍ പല പദ്ധതികള്‍ ആവിഷ്ക്കരിക്കുകയും, നടപ്പിലാക്കുകയും ചെയ്തുവെങ്കിലും മത്സ്യമേഖലയിലെ ദരിദ്രവല്‍ക്കരണം നിഷേധിക്കാനാവാത്ത വസ്തുതയാണ്. കേരളവും ഇക്കാര്യത്തില്‍ ഭിന്നമല്ല. ഈയൊരു നിരീക്ഷണത്തോട് താങ്കള്‍ യോജിക്കുന്നുണ്ടോ? അങ്ങനെയാണെങ്കില്‍ എന്താണ് ഈ പരാജയങ്ങള്‍ക്കുള്ള കാരണങ്ങള്‍?

ഡോ.ജോണ്‍ കുര്യന്‍ : ചെറുകിട മീന്‍പിടുത്തക്കാരുടെ കൂടെ ജീവിച്ചതിന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ അവര്‍ നേരിടുന്ന സാമൂഹ്യ-സാമ്പത്തിക വിഷയങ്ങളെ പറ്റി ഞാന്‍ പഠിക്കാനും, എഴുതാനും തുടങ്ങുന്ന കാലത്ത് താമസിയാതെ അപ്രത്യക്ഷമാവാന്‍ പോവുന്ന ഒന്നിനെ വേണ്ടി നിങ്ങള്‍ എന്തിനാണ് സമയം പാഴാക്കുന്നതെന്ന് പലരും എന്നോട് ചോദിക്കുകയുണ്ടായി.

ഫിഷറീസ് മേഖലയില്‍ അന്ന് പ്രബലമായിരുന്ന വീക്ഷണം അധികം വൈകാതെ 100 കണക്കിന് വലിയ യന്ത്രവല്‍ക്കൃത ബോട്ടുകള്‍ മീന്‍ മൊത്തം പിടിക്കുകയും പരമ്പരാഗത മീന്‍പിടുത്തക്കാര്‍ ഒന്നുകില്‍ ബോട്ടുകളിലെ തൊഴിലാളികള്‍ ആവും അല്ലെങ്കില്‍ പ്രസ്തുത മേഖല ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധികമാവുകയും ചെയ്യുമെന്നായിരുന്നു. മിക്കവാറുമുള്ള വികസ്വര രാജ്യങ്ങളില്‍ മത്സ്യമേഖലയിലെ നയകര്‍ത്താക്കളില്‍ ഭൂരിഭാഗം പേരുടെയും ധാരണ അതായിരുന്നു. ഗ്രാമതലത്തില്‍ കേരളത്തിലെ ആദ്യത്തെ സംയോജിത ഫിഷറീസ് സഹകരണ സംഘം രൂപീകരിയ്ക്കുവാന്‍ സഹായിച്ച വ്യക്തിയെന്ന നിലയില്‍ ഈ മേഖലയിലെ വലിയ സാധ്യതകളെപ്പറ്റി എനിക്ക് ബോധ്യവുമുണ്ടായിരുന്നു.

മീന്‍പിടുത്തക്കാരുടെ ദാരിദ്ര്യത്തിന്റെ കാരണം അവര്‍ക്ക് വേണ്ടത്ര മീന്‍ കിട്ടാതിരുന്നതല്ല. അവര്‍ കൊണ്ടുവരുന്ന മീനിന്റെ ആദ്യവില്‍പ്പനയുടെ വില നിശ്ചയിക്കുന്നതിനുള്ള സ്വാതന്ത്യം അവര്‍ക്ക് ഇല്ലാത്തതായിരുന്നു അവരുടെ പ്രശ്‌നം. ഉപകരണങ്ങള്‍ വാങ്ങുവാന്‍ അല്ലെങ്കില്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വായ്പ നല്‍കിയിരുന്ന കച്ചവടക്കാര്‍ക്ക് അവര്‍ കടപ്പെട്ടിരുന്നു. അവര്‍ക്ക് മീന്‍ വില്‍ക്കാനുള്ള വഴി ഈ കച്ചവടക്കാര്‍ മാത്രമായിരുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെ വിപണിയുടെ ഇന്റര്‍ലോക്കിംഗ് എന്നു പറയും. ഇവിടെ നിലനിന്നിരുന്ന  വായ്പയുടെ വിപണിയും, ഉല്‍പ്പന്നത്തിന്റെ വിപണിയും തമ്മിലുള്ള ഇന്റര്‍ലോക്കിംഗ് മീന്‍പിടുത്തക്കാരുടെ താല്‍പ്പര്യത്തിന് ഒട്ടും അനുകൂലമായിരുന്നില്ല.

മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങിക്കുന്നതിനുള്ള വായ്പ സഹകരണ സംഘം ഒരു കൂട്ടായ്മക്കു നല്‍കുകയും മത്സ്യം ലേലം ചെയ്യുന്നതിനുള്ള ഉത്തരവാദിത്തം സംഘം ഏറ്റെടുക്കുകയും ചെയ്തു. മൂന്നു കാര്യങ്ങളിലെ ചെലവൊഴികെ ലേലത്തില്‍ നിന്നും ബാക്കിയുള്ള മുഴവന്‍ തുകയും മീന്‍പിടുത്തക്കാര്‍ക്ക് അവകാശപ്പെട്ടതായി. ഭരണ ചിലവുകള്‍ക്കായി മൂന്നു ശതമാനം, ഓരോ മീന്‍പിടുത്തക്കാരന്റെയും അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന രണ്ടു ശതമാനം നിര്‍ബന്ധിത സമ്പാദ്യം, വായ്പയുടെ തിരിച്ചടവിനായുള്ള 10 ശതമാനം ഇവ കഴിച്ചാല്‍ ലേലത്തില്‍ നിന്നും ലഭിക്കുന്ന തുക മുഴുവന്‍ മത്സ്യതൊഴിലാളികള്‍ക്ക് ലഭ്യമായി. വായ്പ-ഉല്‍പ്പാദനം-വിപണനം-സമ്പാദ്യം എന്ന നിലയിലുള്ള നന്മയുടെ വലയത്തിന് ഈയൊരു ഈയൊരു സംവിധാനം വഴിയൊരുക്കി. കേരള സര്‍ക്കാര്‍ മത്സ്യഫെഡ് രൂപീകരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ മാതൃകയാക്കിയത് ഞങ്ങളുടെ സഹകരണ സംഘമായിരുന്നു.

മീന്‍പിടുത്തക്കാരില്‍ ഇപ്പോള്‍ പ്രകടമായി കാണുന്ന സാമ്പത്തിക അഭിവൃദ്ധിയും, വിദ്യാഭ്യാസ നിലവാരവും, ആരോഗ്യവും ഗ്രാമത്തിലെ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനത്തിന്റെയും പിന്നീടുള്ള അതിന്റെ വ്യാപനത്തിന്റെയും ഫലമായിരുന്നു. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ പോലും ഇപ്പോള്‍ മീന്‍പിടുത്തത്തില്‍ ഉറച്ചുനില്‍ക്കുന്നതിനുള്ള ഒരു കാരണം നല്ല വരുമാനമാണ്. അതിന് പുറമെ അവര്‍ക്ക് സ്വന്തം നാട്ടില്‍ കുടുംബക്കാരോട് ഒരുമിച്ച് താമസിക്കുന്നതിനും കഴിയും.! സ്വന്തം ഉല്‍പ്പന്നത്തിന്റെ ആദ്യവില്‍പ്പനക്ക് അവകാശമുള്ള സ്വതന്ത്രരായ ചെറുകിട ഉല്‍പ്പാദകരെന്ന നിലയില്‍ ജീവിക്കുവാനുള്ള അവസരം മീന്‍പിടുത്തക്കാര്‍ക്ക് ലഭിക്കുന്ന പക്ഷം അന്തസ്സുള്ള ജീവിതം സ്വാഭാവികമായും ഉണ്ടാവുമെന്ന എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം അതാണ്.

1990കൾ  മുതലുള്ള എന്റെ എഴുത്തുകളിലെല്ലാം ഒരു ജലപരിഷ്‌ക്കരണ നയത്തിന്റെ (അക്വേറിയന്‍ റിഫോംസ്) ആവശ്യകത ഞാന്‍ നിരന്തരം ഉന്നയിക്കുന്നു.  1: മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥത മീന്‍പിടുത്തക്കാര്‍ക്ക് മാത്രമായി നിജപ്പെടുത്തുക (ആബ്‌സന്റി ഉടമസ്ഥത അതോടെ ഇല്ലാതാവും) 2: മീനിന്റെ ആദ്യവില്‍പ്പന നടത്തുന്നതിനുള്ള അവകാശം ഈ ഉടമസ്ഥ-തൊഴിലാളികളില്‍ മാത്രം നിക്ഷിപ്തമാക്കുക (മാര്‍ക്കറ്റ് ഇന്റ്രര്‍ലോക്കിംഗ് അതോടെ അവസാനിക്കും). ഇവയായിരുന്നു സുപ്രധാന നിര്‍ദ്ദേശങ്ങള്‍. നോര്‍വെയുടെ ഉദാഹരണത്തിലേക്ക് മടങ്ങിയാല്‍ 1930 ല്‍ തീരദേശവാസികളുടെ ആവശ്യമനുസരിച്ച് ട്രോളിംഗിന് നിരോധനമേര്‍പ്പെടുത്തിയ ലേബര്‍ സര്‍ക്കാര്‍ മുകളില്‍ സൂചിപ്പിച്ച നിലയിലുള്ള രണ്ടു നിയമനിര്‍മാണങ്ങള്‍ കൂടി നടപ്പിലാക്കിയിരുന്നു. പാര്‍ട്ടിസിപ്പേഷന്‍ ആക്ടും, റോ ഫിഷ് ആക്ടും ആയിരുന്നു അവ.

നോര്‍വീജീയന്‍ മത്സ്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ 1997 ല്‍ സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റൽ  സ്റ്റഡീസില്‍ ഞാന്‍ മുന്‍കൈ എടുത്ത് ഒരു ഫിഷറീസ് മാനേജ്‌മെന്റ് പരിശീലനം നടത്തിയിരുന്നു. കേരളത്തിന്റെ മത്സ്യ സമ്പദ്ഘടനയെ വ്യത്യസ്ത താല്‍പര്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന 10 പേരെ അതില്‍ പങ്കെടുപ്പിച്ചു. ജലപരിഷ്‌ക്കാര നയത്തിന്റെ അടിസ്ഥാനം വിശദീകരിയ്ക്കുവാനും മേല്‍പ്പറഞ്ഞ നിയമനിര്‍മാണത്തിന്റെ ഗുണഫലം നേരിട്ട് മനസ്സിലാക്കുന്നതിന് 10 ദിവസത്തേക്ക് നോര്‍വെ സന്ദര്‍ശനം നടത്തുന്നതിനും, കേരളത്തില്‍ അവ എത്രത്തോളം പ്രായോഗികമാവുമെന്നും പരിശോധിക്കുകയുമായിരുന്നു അതിന്റെ പിന്നിലുള്ള ആശയം.  

തിരിച്ചു വന്നതിനു ശേഷം അതില്‍ ഉണ്ടായിരുന്ന എഎല്‍എമാര്‍ ജലപരിഷ്‌ക്കരണത്തിന്റെ ആവശ്യകത പഠിക്കുന്നതിന്റെ പ്രാധാന്യം അന്നത്തെ ഇടതുപക്ഷ സര്‍ക്കാരിനെ ബോദ്ധ്യപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. കേരളത്തിലുടനീളമുള്ള മത്സ്യമേഖലയില്‍ നടത്തിയ കൂടിക്കാഴ്ചകള്‍ക്കു ശേഷം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നിര്‍ഭാഗ്യവശാല്‍ 2001ല്‍ ഇടതുപക്ഷം അധികാരത്തില്‍ എത്താതിരുന്നതോടെ ജലപരിഷ്‌ക്കാര നയം  നടപ്പിലാക്കുന്നതിനുള്ള സാധ്യതകളും മങ്ങി. അതിനു ശേഷം കേരളത്തിലെ മത്സ്യ-സമ്പദ് മേഖലയിലുള്ള ഇടപെടലുകള്‍ ഞാന്‍ അവസാനിപ്പിക്കുകയും ചെയ്തു.

അക്വേറിയന്‍ പരിഷ്‌ക്കാരങ്ങള്‍ കേരളത്തില്‍ നടപ്പില്‍ വരുത്തിയിരുന്നുവെങ്കില്‍ കേരളത്തിലെ ഭൂരിപക്ഷം മീന്‍പിടുത്തക്കാരുടെയും ജീവിതത്തില്‍ കാര്യമായ മാറ്റം ഉണ്ടാകുമായിരുന്നു എന്നാണ് എന്റെ വിശ്വാസം. ദുഖകരമെന്നു പറയട്ടെ’ ഇപ്പോള്‍ 2021 ലും അതിനുള്ള സാധ്യത കാണുന്നില്ല. എന്നിരുന്നാലും ആദ്യവില്‍പ്പനക്കുള്ള അവകാശം നിയമപരമായി മത്സ്യ ഉടമസ്ഥ-തൊഴിലാളിക്കു മാത്രമായി നിജപ്പെടുത്തുന്ന കാര്യം ഇപ്പോഴും പ്രസക്തമാണ്. മീന്‍പിടുത്തക്കാരെ കടബാധ്യതയില്‍ നിന്നും കരകയറ്റുന്നതിനുള്ള സ്ഥായിയായ പരിഹാരം ഇതു മാത്രമാണ്. കേവലമായ കടാശ്വാസ പദ്ധതികള്‍ കൊണ്ട് മാത്രം കാര്യമില്ല. ഇപ്പോഴത്തെ സര്‍ക്കാര്‍ അങ്ങനെ ചിന്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.

കംബോഡിയയിലെ അക്വേറിയന്‍ പരിഷ്‌ക്കാരങ്ങളില്‍ പങ്കാളിയാവാന്‍ ഭാഗ്യവശാല്‍ എനിക്ക് അവസരം ലഭിച്ചു. കംബോഡിയയിലെ മത്സ്യ മേഖലയുടെയും മീന്‍പിടുത്തക്കാരുടെയും വിഷയങ്ങളുമായി 2003 മുതല്‍ ഞാന്‍ ബന്ധപ്പെട്ടിരുന്നു. ടോന്‍ലെ സാപ് എന്ന അവിടുത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തില്‍ നടപ്പിലാക്കിയ അക്വേറിയന്‍ പരിഷ്‌ക്കാരങ്ങളുടെ ഫലങ്ങള്‍ ഞാന്‍ കൃത്യമായി പിന്തുടര്‍ന്നിരുന്നു. മീന്‍പിടുത്തക്കാരില്‍ പരിഷ്‌ക്കാരങ്ങള്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ പറ്റിയുള്ള വിശാലമായ ഒരു വിലയിരുത്തല്‍ നടത്തുന്നതിനായുള്ള സഹായങ്ങള്‍ നല്‍കുന്നതിലും ഞാന്‍ വ്യാപൃതനാണ്. തടാകത്തില്‍ നിന്നുള്ള മത്സ്യ ലഭ്യതയുടെ കാര്യത്തില്‍ നദീതീരവാസികളില്‍ മൂന്നില്‍ രണ്ടു പേര്‍ക്കും ഈ പരിഷ്‌ക്കാരങ്ങള്‍ ഗുണകരമായെന്ന് എനിക്ക് പറയാവാനാവും. നേരത്തെ അത് സാദ്ധ്യമല്ലായിരുന്നു. മുഴുവന്‍ മീനും സ്വകാര്യ കക്ഷികള്‍ക്കായിരുന്നു. അതിന്റെ ഫലമായി അവരുടെ ജീവിത നിലവാരം ഉയരുകയും മനുഷ്യശേഷി വികസന സൂചികകളില്‍ കാര്യമായ പുരോഗതി കൈവരിക്കുകയും ചെയ്തു.  

ഏതൊരു സമൂഹത്തിനും വികസനം കൈവരിക്കുന്നതിനുള്ള പ്രാഥമിക മാനദണ്ഡം സ്വന്തം വിഭവസ്രോതസ്സുകൾ  സ്വതന്ത്രമായി കൈകാര്യം ചെയ്യുന്നതിനും വിനിയോഗിക്കുന്നിനുമുള്ള അവസരവും തല്‍ഫലമായുണ്ടാവുന്ന ആപത്തുകളും, അവസരങ്ങളും എന്താണെന്നു തിരിച്ചറിയാനും അതനുസരിച്ച് സ്വന്തം ഇച്ഛ പ്രകാരം തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള അവകാശവുമാണ്. എല്ലാ പാര്‍ട്ടികളിലും പെട്ട രാഷ്ട്രീയക്കാര്‍ യഥാര്‍ത്ഥ മീന്‍പിടുത്തക്കാരുടെ റോളിലേക്കു പ്രവേശിക്കുന്നതാണ് കേരളത്തിലെ ഒരു പ്രശ്‌നം. നമുക്ക് പ്രാതിനിധ്യ ജനാധിപത്യമാണ് ഉള്ളത്. യഥാര്‍ത്ഥ പങ്കാളിത്ത ജനാധിപത്യമല്ല. സ്വന്തം ഭാവി കൈകാര്യം ചെയ്യുന്നതിനുള്ള ശേഷി മീന്‍പിടുത്തക്കാര്‍ക്ക് ഇല്ലെന്നാണ് നമ്മുടെ ധാരണ. 1970 ല്‍ സഹകരണ സംഘത്തിലെ അംഗങ്ങളായ 90 ശതമാനം മീന്‍പിടുത്തക്കാരും ഔപചാരിക വിദ്യാഭ്യാസമില്ലാത്തവരായിരുന്നു.. എന്നാല്‍ ഒരു തീരുമാനം എടുക്കുന്നതിനും, അതിന്റെ ഗുണദോഷങ്ങള്‍ വോര്‍തിരിച്ചു മനസ്സിലാക്കുന്നതിലും, അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കാന്‍ തയ്യാറെടുക്കുന്ന കാര്യങ്ങളിലുമൊന്നും അതൊരിക്കലും തടസ്സമായിരുന്നില്ല. ജനങ്ങളില്‍ അന്തസ്ഥിതമായ കഴിവില്‍ കുറച്ചുകൂടി ആത്മാര്‍ത്ഥമായ വിശ്വാസ്യത പുലര്‍ത്തുകയാണെങ്കില്‍ അത് കേരളത്തിന്റെ വികസന പാതയില്‍ ഗുണപരമായ മാറ്റങ്ങള്‍ക്കിടയാക്കും. മുഖ്യധാരയില്‍ പെടാത്ത മീന്‍പിടുത്തക്കാര്‍, ആദിവാസികള്‍ മറ്റുള്ള പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ കാര്യത്തില്‍ വിശേഷിച്ചും ഇക്കാര്യം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു.

കെ പി സേതുനാഥ് : ഇക്കാലത്തെ വികസന ചര്‍ച്ചകളിലെ സ്ഥിരം പ്രമേയമാണ് കാലാവസ്ഥ വ്യതിയാനം. പാരിസ്ഥിതിക സുസ്ഥിരതയുള്ള മീന്‍പിടുത്ത രീതിയുടെ ആവശ്യകതയെ പറ്റി തുടക്കം മുതല്‍ സംസാരിക്കുന്ന വ്യക്തിയാണ് താങ്കള്‍. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ചും അതിന്റെ ഫലമായി തീരദേശ നിവാസികള്‍ നേരിടാനിടയുള്ള ഭവിഷ്യത്തുകളെക്കുറിച്ചുമുള്ള താങ്കളുടെ വീക്ഷണം എന്താണ്.  

ഡോ.ജോണ്‍ കുര്യന്‍ : ഞാന്‍ പ്രവര്‍ത്തനം തുടങ്ങിയ തീരപ്രദേശ ഗ്രാമത്തില്‍ ഇറ്റലിയില്‍ നിന്നുള്ള ഒരു സന്ദര്‍ശകനുമായി 2017 നവംബറിലെ ഒരു ദിവസം ഞാനെത്തി. നേരെ ബീച്ചിലേക്കാണ് ഞാന്‍ പോയത്. കടല്‍ത്തിരകള്‍ കാണുന്നതിനും, മീനുകളുമായി നിറം പിടിപ്പിച്ച എത്ര ബോട്ടുകള്‍ കരയ്ക്കടക്കുമെന്ന് കണക്കാക്കുകയും ആയിരുന്നു ഉദ്ദേശം. ഉച്ച തിരിഞ്ഞായിരുന്നു സന്ദര്‍ശനം.

കടലില്‍ ഇറക്കാതെ ബീച്ചില്‍ വെറുതെ ബോട്ടുകള്‍ കിടക്കുന്ന കാര്യം അപ്പോഴാണ് എന്റെ ശ്രദ്ധയില്‍ പെട്ടത്. അവയില്‍ ചിലതില്‍ നിന്നുള്ള വലകള്‍ ചിലര്‍ ശേഖരിക്കുന്നതില്‍ വ്യാപൃതരായിരുന്നപ്പോള്‍ മറ്റുള്ളവര്‍ വെറുതെ ഇരിക്കുകയായിരുന്നു. എല്ലാവരും ഹൈ-ടൈഡ് ലൈനില്‍ നിന്നും വളരെ അകലത്തായിരുന്നു നിലയുറപ്പിച്ചിരുന്നത്. ചെറുപ്പക്കാരായ ചില മീന്‍പിടുത്തക്കാര്‍ ആവേശത്തോടെ സംസാരിച്ചു കൊണ്ടിരുന്ന ഒരു ബോട്ടിന്റെ സമീപം ഞാനെത്തി. ഒരു അപരിചിതന്‍ അടുത്തേക്കു വരുന്നത് ശ്രദ്ധിച്ച അവര്‍ പെട്ടെന്നു നിശ്ശബ്ദരായി. ഞാന്‍ സ്വയം പരിചയപ്പെടുത്തി. ആദ്യത്തെ സഹകരണ സംഘമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച വ്യക്തിയാണെന്നും പറഞ്ഞു.

അവരുടെ കൂട്ടത്തിലൊരാള്‍ എന്റെ പേര് കേട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ അച്ഛന്‍ സഹകരണ സംഘത്തിലെ അംഗമായിരുന്നുവെന്നും പറഞ്ഞു. അതിനു പുറമെ ഗ്രാമത്തിലെ യൂത്ത് ക്ലബ് അടുത്തകാലത്ത് സഹകരണ സംഘത്തെക്കുറിച്ചുള്ള ഒരു വീഡിയോ പ്രദര്‍ശിപ്പിച്ചതായും, അതില്‍ എന്നെ കണ്ടിരുന്നുവെന്നും ചെറുപ്പക്കാരന്‍ പറഞ്ഞു. എന്റെ ഫ്രഞ്ചു താടിയും, മുടിയും നരച്ചതല്ലാതെ എനിക്ക് മാറ്റമൊന്നും ഇല്ലെന്നും യുവാവ് പറഞ്ഞു.!

കാറും കോളുമൊന്നുമില്ലാത്ത തെളിഞ്ഞ ദിനത്തില്‍ കടലില്‍ പോവാതെ വെറുതെ ഇരിക്കുന്നത് എന്താണെന്ന് ഞാന്‍ ചോദിച്ചു. പഴയകാലത്ത് ഇത് ചൂണ്ട കൊളുത്തിന്റെ സീസണായിരുന്നുവെന്നും അക്കാലത്ത് അതിരാവിലെ കട്ടമരങ്ങളില്‍ പോയിരുന്നവര്‍ ഉച്ചക്കുശേഷം അത്യാവശം മോശമില്ലാത്ത കോളുമായി തിരിച്ചു വരുന്ന ചരിത്രമെല്ലാം ഞാന്‍ പറഞ്ഞു. ഞാന്‍ പറഞ്ഞതിനോട് പൂര്‍ണ്ണമായും യോജിച്ച അവരുടെ മറുപടി സാധാരണ സ്ഥിതി ആയിരുന്നുവെങ്കില്‍ ഇപ്പോഴും അതിന് മാറ്റമുണ്ടാവില്ല എന്നായിരുന്നു.

എന്താണ് ഇപ്പോഴത്തെ അസാധാരണ സ്ഥിതിയെന്നു ഞാന്‍ ചോദിച്ചു.

തീരത്തു വന്നടിക്കുന്ന തിരകളുടെ സ്വഭാവത്തിലെ മാറ്റം മുതിര്‍ന്ന മീന്‍പിടുത്തക്കാര്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളായി നിരീക്ഷിക്കുകയായിരുന്നു. ആഴക്കടലില്‍ അസാധാരണമായി എന്തോ സംഭവിക്കുന്നതിന്റെ ലക്ഷണമായി തിരയിളക്കത്തിന്റെ പ്രത്യേകതകള്‍ ചൂണ്ടിക്കാട്ടിയ അവര്‍ കുറച്ചു ദിവസത്തേക്ക് ആരും കടലില്‍ പോവരുതെന്ന് വിലക്കിയതായിരുന്നു അസാധാരണ സ്ഥിതി. ഈ സംഭാഷണം നടന്നതിന്റെ പിറ്റേ ദിവസം തിരുവനന്തപുരത്ത് പെട്ടെന്നുള്ള പെരുമഴയായിരുന്നു. തിരുവനന്തപുരത്തിന് തെക്കുള്ള തീരദേശഗ്രാമങ്ങളില്‍ നിന്നും കടലില്‍ പോയ മീന്‍പിടുത്തക്കാരില്‍ നിരവധി പേര്‍ മടങ്ങിയെത്തിയില്ലെന്ന വാര്‍ത്തകളും വന്നു. ഓഖി കൊടുങ്കാറ്റ് ആഞ്ഞടിച്ചു പോയി. പിന്നീട് എന്താണ് സംഭവിച്ചതെന്നു നിങ്ങള്‍ക്കറിയാവുന്നതാണ്.

മൂന്നു കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതിനാണ് ഈ സംഭവം വിവരിക്കാനുള്ള കാരണം. കാലാവസ്ഥ വ്യതിയാനം പൂര്‍ണ്ണമായും അനുഭവവേദ്യമായിരിക്കുന്നു. നമ്മുടെ പതിവ് ധാരണകളെ അത് തെറ്റിക്കുന്നു. ഇതാണ് ഒന്നാമത്തെ കാര്യം. തീരദേശ വാസികളെയാണ് അത് ഒന്നാമതായി ബാധിക്കുക. തിക്തഫലങ്ങളും ഏറ്റവും രൂക്ഷമായി അനുഭവിക്കുക അവരായിരിക്കും. അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ തലമുറകളായി സ്വായത്തമാക്കിയ സമുദ്രസംബന്ധിയായ അറിവുകളുടെ വലിയ വിജ്ഞാനം കൈമുതലായുള്ള പരമ്പരാഗത മീന്‍പിടുത്തക്കാര്‍ക്ക് കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായുണ്ടാവുന്ന മുന്നറിയിപ്പുകളെ തിരിച്ചറിയുന്നതിന് സഹായിക്കാനാവും. ഈ ജ്ഞാനത്തെ ബഹുമാനിക്കുന്നതിനും ഉപയോഗപ്പെടുത്തുന്നതിനും വേണ്ട നടപടികള്‍ ഉണ്ടാവണം. കടലെടുക്കുന്ന തീരവും, അതിനെ സംരക്ഷിക്കുന്നതിന്റെ പേരില്‍ പാറകൊണ്ടുള്ള കടല്‍ ഭിത്തിയുമാണ് ഏറ്റവും മോശപ്പെട്ട തീരസംരക്ഷണം എന്നതാണ് മൂന്നാമത്തെ കാര്യം. കാലാവസ്ഥ വ്യതിയാനത്തിന്റെ തിക്തഫലം കേരളത്തില്‍ ഏറ്റവുമധികം അനുഭവിക്കുക തീരദേശ നിവാസികളാണ്. അവരുടെ ഭാവി സാഹചര്യങ്ങളെ പറ്റിയുള്ള ഒരു മാസ്റ്റര്‍ പ്ലാനിന് മുന്‍ഗണന നല്‍കണം. പ്രത്യേകിച്ചും പാര്‍പ്പിടവും, മറ്റുള്ള സാമൂഹ്യ സൗകര്യങ്ങളും അടിയന്തര ശ്രദ്ധ അര്‍ഹിക്കുന്നു.

ഒരു പറ്റം ഫിഷിംഗ് ഹാര്‍ബറുകളും, തുറമുഖങ്ങളും, പടിഞ്ഞാറോട്ട് ഒഴുകുന്ന നമ്മുടെ നദികളില്‍ നടത്തിയ നിഷേധാന്മകമായ കൈകടത്തലുകളുമെല്ലാം ചേര്‍ന്നുണ്ടായ മനുഷ്യ നിര്‍മിതമായ തീരശോഷണം ഏതാണ്ട് അപരിഹാര്യമായ നിലയില്‍ എത്തിയ അവസ്ഥയിലാണ് വിഷയത്തെ പറ്റിയുള്ള ബോധം നമുക്ക് കൈവന്നിരിക്കുന്നത്. പ്രകൃതിദത്തമായ നിലയില്‍ തീരം രൂപപ്പെടുന്നതിന്റെ സ്വാഭാവിക പ്രക്രിയ ഈ ഇടപെടലുകള്‍ ഇല്ലാതാക്കിയിരിക്കുന്നു. തീരത്തെ സ്വാഭാവിക ഒഴുക്കിന്റെയും, മണല്‍ അടിയുന്നതിന്റെയും ഡൈനമിക്‌സ് തന്നെ മാറിയിരിക്കുന്നു. 1970 ല്‍ തീരശോഷണം വെറും 10 ശതമാനം മാത്രമായിരുന്നു. എന്നാല്‍ ഇന്നത് 60 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. പശ്ചിമഘട്ടത്തിലെ മലനിരകള്‍ പൊട്ടിച്ചു കൊണ്ടുവന്ന പാറകൊണ്ടുള്ള കടല്‍ഭിത്തി നിര്‍മ്മാണത്തിന്‍റെ കണക്കുകള്‍ അത് സൂചിപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായി വളരെ ഇടുങ്ങിയ ദേശമായ നമ്മുടെ നാടിന്റെ ലോലമായ രണ്ടു ആവാസമേഖലകളെ തികച്ചും ദോഷകരമായി ബാധിക്കുന്ന അസംബന്ധമാണ് ഇപ്പോള്‍ നടക്കുന്നത്. ഏതാനും ഗ്രൂപ്പുകള്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാവുമെങ്കിലും അതിന്റെ ദോഷം സഹിക്കാവുന്നതല്ല.

തീരദേശ പാതയുടെ കിഴക്കുഭാഗത്തായി മീന്‍പിടുത്തക്കാരെ പുനരധിവസിപ്പിക്കണം. ഒന്നുകില്‍ സര്‍ക്കാരിന്റെ ഭൂമിയില്‍ അല്ലെങ്കില്‍ വിപണി വില നല്‍കി സ്വകാര്യ ഭൂമി അതിനായി വാങ്ങണം. അതിനുള്ള ചെലവും അതിന്റെ ഫലമായി സാമൂഹ്യ ചെലവുകളില്‍ കൈവരിക്കാനിടയുള്ള നേട്ടങ്ങളുമെല്ലം വിലയിരുത്തി തീരുമാനം എടുക്കണം. അതിന്റെ ഗുണഫലങ്ങള്‍ ഇവയെല്ലാം ആയിരിക്കുമെന്ന് ഞാന്‍ കണക്കാക്കുന്നു. മീന്‍പിടുത്തക്കാരുടെ ജീവിതസന്ധാരണ സുരക്ഷ, വികേന്ദ്രീകൃത ചെറുകിട മീന്‍പിടുത്ത സംവിധാനം ഉറപ്പു വരുത്തുന്ന തൊഴില്‍, വരുമാന സാധ്യതകള്‍, തീരത്തെ അതിന്റെ മൗലികമായ മണല്‍പരപ്പു നിറഞ്ഞ അവസ്ഥയിലേക്കു പുനസ്ഥാപിക്കുന്നതിനുള്ള സാധ്യതകള്‍, സംസ്ഥാനത്തെ ജനങ്ങള്‍ക്ക് സുസ്ഥിരമായ നിലയില്‍ പോഷകാഹാരം ലഭ്യമാകുന്നതിന്റെ സാധ്യതകള്‍.

കെ പി സേതുനാഥ് : തീരശോഷണത്തിന്റെ ആപത്തു നേരിടുന്ന ജനങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കുറഞ്ഞത് 20,000 കുടുംബങ്ങളെയെങ്കിലും പുനരധിവസിപ്പിക്കേണ്ടി വരുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്. പുനര്‍ഗേഹം എന്നൊരു പദ്ധതി തന്നെ അതിനായി ആവിഷ്‌ക്കരിച്ചിരിക്കുന്നു. എന്നാല്‍ തീരദേശ നിവാസികളെ അവിടെ നിന്നും ഒഴിവാക്കി പ്രദേശം കോർപ്പറേറ്റ് മുതലാളിമാര്‍ക്ക് കൈമാറുന്നതിന് വേണ്ടിയുള്ള സര്‍ക്കാരിന്റെ തന്ത്രമാണ് ഇതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. പുനര്‍ഗേഹം അനിവാര്യമായ ഒന്നാണെന്നു താങ്കള്‍ കരുതുന്നുവോ? മീന്‍പിടുത്തക്കാരെ അവരുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയില്‍ നിന്നും മാറ്റി പാര്‍പ്പിച്ചാല്‍ അവര്‍ എങ്ങനെയാണ് അവരുടെ പരമ്പരാഗത തൊഴിലും മറ്റും നിലനിര്‍ത്തുക?

ഡോ.ജോണ്‍ കുര്യന്‍ : ഞാന്‍ നേരത്തെ പറഞ്ഞതുപോലെ അപകടമേഖലയില്‍ നിന്നും മാറ്റി തീരദേശത്തു തന്നെ മീന്‍പിടുത്തക്കാരെ പുനരധിവസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന പരിഗണന നല്‍കണം. പുനര്‍ഗേഹം സുപ്രധാനമായ ഒരു നീക്കമാണ്. എന്നാല്‍ ഭൂമിക്കും, വീട് നിര്‍മാണത്തിനുമായി നിശ്ചയിച്ചിട്ടുള്ള തുക കേരളത്തിലെ ഇപ്പോഴത്തെ വില നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ അപര്യാപ്തമാണ്. നല്ല ഉദ്ദേശത്തോടെ തുടങ്ങുന്ന പദ്ധതികളെ പരിഹസിക്കുന്നതിന് തുല്യമാണ് അത്തരത്തിലുള്ള കാര്യങ്ങള്‍. ഞാന്‍ നേരത്തെ നിര്‍ദ്ദേശിച്ചതു പോലെ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ഭൂമി അതുമായി ബന്ധപ്പെട്ട സവിശേഷ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കണം. കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന പക്ഷം പറ്റിയ തരത്തിലുള്ള ഭവന നിര്‍മാണത്തിനുള്ള പ്ലാനുകള്‍ സമര്‍പ്പിക്കുവാന്‍ വാസ്തുശില്‍പ്പികളോട് ആവശ്യപ്പെടാനാവും. സര്‍ക്കാര്‍ നിര്‍മാണത്തിന്റെ മുഖമുദ്രയായ തീപ്പെട്ടിക്കൂടുകൾ പോലുള്ള നിര്‍മിതികള്‍ എന്തായാലും ഉപേക്ഷിക്കണം.

വിമര്‍ശകര്‍ മാത്രമല്ല മീന്‍പിടുത്തക്കാരില്‍ പലരും സര്‍ക്കാരിന്റെ ഉദ്ദേശത്തെ പറ്റി സംശയാലുക്കളാണ്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും അതിന്റെ സദുദ്ദേശത്തെ പറ്റിയുള്ള മൂര്‍ത്തമായ ആവിഷ്‌ക്കാരങ്ങള്‍ വഴിയും, കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഈ വിഷയങ്ങള്‍ പരിഹരിക്കാനാവും. തീരദേശ സംരക്ഷണ വിജ്ഞാപനത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ സംരക്ഷണ ഭൂപടത്തിന്റെയും അടിസ്ഥാനത്തിലാണ് തീരപ്രദേശത്തിന്റെ പൊതുവെയുള്ള ഭരണം. മീന്‍പിടുത്തക്കാര്‍ അവരുടേതായ തീരഭൂപടം നിര്‍മിക്കേണ്ടിയിരിക്കുന്നു. വിഭവങ്ങളുടെ ലഭ്യതയും, അതിന്റെ ഉപയോഗവും. തീരം എങ്ങനെ അതിനായി വിനിയോഗിക്കപ്പെടുന്ന എന്നിവയെല്ലാം അടങ്ങുന്ന ഭൂപടം.

പങ്കാളിത്ത ഭൂപടനിര്‍മിതി അധികാരപ്പെടുത്തലിനുള്ള ശക്തമായ ഉപകരണമാണ്. ഇപ്പോള്‍ ലഭ്യമായ സാങ്കേതിക വിദ്യയുടെ സഹായത്തോടെ 'തീരത്തിന്റെ പരമ്പരാഗത ഉപയോഗം' തിരിച്ചു പിടിക്കുന്നതിനുള്ള അത്തരം പ്രവര്‍ത്തികള്‍ക്ക് മേഖലയിലെ യുവജനത തയ്യാറാവണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും മീന്‍പിടുത്തക്കാരുടെ സംഘടനകളും അതിന് പിന്തുണ നല്‍കണം. തമിഴ്‌നാട്ടിലെ മീന്‍പിടുത്തക്കാരുടെ കൂട്ടത്തില്‍ നിന്നുള്ള യുവജനങ്ങള്‍ ഇത്തരത്തിലുളള വിഭവ സ്രോതസ്സ് ഭൂപടനിര്‍മിതയുടെ കാര്യത്തില്‍ സുപ്രധാനമായ ചുവടുവയ്പുകള്‍ നടത്തിയിട്ടുണ്ട്. കേരളത്തിലും അതേ മാതൃക പിന്തുടരാവുന്നതാണ്. വിഭവത്തിന്റെ കാര്യത്തില്‍ നിയന്ത്രണവും ഉത്തരവാദിത്തവും കൈവരിക്കുവാന്‍ അത്തരത്തിലുള്ള മൂര്‍ത്തമായ പ്രവര്‍ത്തികള്‍ അനിവാര്യമാണ്.

പൊതു പ്രവര്‍ത്തനത്തിലൂടെ ആവശ്യങ്ങള്‍ ഉന്നയിക്കുവാനും, സര്‍ക്കാരില്‍ നിന്നും അവ നേടിയെടുക്കുന്നതിനുമുള്ള ഇച്ഛയെ അനുസരിച്ചായിരിക്കും കേരളത്തിലെ മീന്‍പിടുത്തക്കാരുടെ ഭാവി. ഔദാര്യം ലഭിക്കുന്നതില്‍ മാത്രമായി ഒതുങ്ങുന്നത് ഗുണകരമാവില്ല. പൗരര്‍ എന്ന നിലയില്‍ അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ ഉണ്ട്. അവ സ്ഥിരതയോടെ അവകാശപ്പെടണം. 'നമ്മള്‍ ആഗ്രഹിക്കുന്ന ഭാവി, നമുക്ക് വേണ്ട ഭാവി'  ഇതാണെന്നു വ്യക്തമാക്കുന്ന കൂട്ടായ, രചനാത്മകമായ ബദലുകളും രൂപപ്പെടുത്തണം. ഹിന്ദിയില്‍ ഒരു പറച്ചിലുണ്ട്. ‘സംഘര്‍ഷ് ഔര്‍ നിര്‍മാണ്‍’. സമരവും, നിര്‍മാണവും. നീതിയുക്തവും, സുസ്ഥിരവും, സ്വാശ്രയവുമായ പങ്കാളിത്ത വികസനത്തിനുള്ള അടിസ്ഥാന ശിലകളാണ് അവ രണ്ടും.   

Leave a comment