തീരസമൂഹങ്ങളിലെ സാംസ്കാരിക പ്രതിനിധാനം
വിഴിഞ്ഞം ഹാര്‍ബര്‍ / Photo: Prasoon kiran
ഭൂമിശാസ്ത്രപരമായും, സാംസ്കാരികമായും, ചരിത്രപരമായും കേളത്തിന്റെ സവിശേഷതകളെ ആകമാനം പ്രതിനിധീകരിക്കുന്ന മേഖലയാണ് തീരദേശം. കേരളത്തിന്റെ സവിശേഷതയായും അതിന്റെ മുഖ്യധാരയിൽ നിന്നും അപരവൽക്കരിക്കപ്പെട്ട ഒന്നായും ഒരേസമയം അനുഭവേദ്യമാകുന്ന വിചിത്രമായ അവസ്ഥയാണ് തീരദേശം നേരിടുന്ന സ്വത്വ വിസ്മയം. ചരിത്രപരമായും, ഭൂമിശാസ്ത്രപരമായും അപരവൽക്കരിപ്പെട്ട ദേശമാണ് കേരളത്തിലെ തീരമേഖല എന്ന് പറഞ്ഞാൽ വെറുതെയാവില്ല. കൊളോണിയൽ കാലഘട്ടം മുതൽ വികേന്ദ്രീകൃത ജനാധിപത്യ വ്യവഹാരങ്ങൾ നിറഞ്ഞൊഴുകുന്ന വർത്തമാനം കാലം വരെയുള്ള പരികൽപ്പനകളിലെല്ലാം ഈ പ്രദേശവും ഇവിടുത്തെ ജീവിതവുമെല്ലാം അപരദേശമാണ്. സാംസ്‌കാരിക മേഖല ഈ അപരത്വത്തെ അതിന്റെ എല്ലാ നിഷേധ പ്രവണതകളോടും പുനഃപ്രതിഷ്ഠിക്കിന്നു. മുഖ്യധാരയുടെ ജനപ്രിയഭാവനകളുടെ ഇരകളായി തീരദേശവാസികൾ സാഹിത്യത്തിലും സിനിമകളിലും നിറഞ്ഞു നിൽക്കുന്നു. ഭരണകൂടങ്ങൾ, തങ്ങളുടെ താൽപ്പര്യാനുസരണം നിർമ്മിച്ചെടുത്ത വ്യഖ്യാനങ്ങളിൽ അന്തസ്ഥിതമായ വൈരുദ്ധ്യമാണ് തീരപ്രദേശങ്ങളും അവിടുത്തെ ജീവിതങ്ങളും നേരിടുന്ന ഒരു വലിയ പ്രതിസന്ധി. തീരദേശ ഭാഷയും വേഷവും ഭക്ഷണവും മുതൽ നിയമലംഘനങ്ങൾ വരെ കൊളോണിയൽ കാലത്ത് വാർപ്പ് മാതൃകകൾ ഇപ്പോഴും പിന്തുടരുന്ന സ്ഥിതിയാണ്. സാംസ്‌കാരിക മേഖലയിൽ ഈ വാർപ്പ് മാതൃകകൾ നിരന്തരം പുനസൃഷ്ടിക്കപ്പെടുന്നതിന്റെ സാഹചര്യം സാലിഹ് പുനത്തിൽ വിശദീകരിക്കുന്നു. ഹൈദരാബാദ് സർവകലാശാലയിലെ സെന്റർ ഫോർ റീജിയണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫെസ്സറായ സാലിഹ് പുനത്തിലിന്റെ ‘ഇന്ററോഗേറ്റിങ് കമ്മ്യൂണലിസം: വയലൻസ്, സിറ്റിസൺഷിപ്, ആൻഡ് മൈനോറിറ്റീസ് ഇൻ സൗത്ത് ഇന്ത്യ’ ആഗോളതലത്തിൽ തന്നെ ശ്രദ്ധേയമായ കൃതിയാണ്. പ്രസ്തുത കൃതിയിൽ നിന്നുള്ള ചെറിയ ഭാഗവും പുസ്തകത്തെക്കുറിച്ചുള്ള നിരൂപണവും തീരദേശത്തിനെ കുറിച്ചുള്ള സംവാദങ്ങളിൽ പുതിയ വീക്ഷണങ്ങളും അഭിപ്രായങ്ങളും രൂപപ്പെടാൻ സഹായിക്കുമെന്ന് ഞങ്ങൾ കരുതുന്നു.
തീരപ്രദേശത്തെ സമുദായങ്ങളിൽപ്പെട്ട മരയ്ക്കാർമാരും മുക്കുവരും തമ്മിലുള്ള സംഘർഷങ്ങൾക്ക്/ അക്രമങ്ങൾക്ക് മതപരമായ സ്വഭാവമാണുള്ളതെന്നാണ് സർക്കാർ റിപ്പോർട്ടുകൾ വിവക്ഷിക്കുന്നത്. ഭരണകൂടത്തെയും അതിന്റെ സംവിധാനങ്ങളെയും നിഷ്പക്ഷവും യുക്തിഭദ്രവുമായ ഘടകങ്ങളായി ന്യായീകരിക്കുകയും മരയ്ക്കാർമാരുടെയും മുക്കുവരുടെയും മതപരമായ സ്വത്വത്തെ സംഘർഷത്തിന്, അക്രമങ്ങൾക്ക് കുറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു മാതൃക ഉണ്ട്. കൊളോണിയൽ കാലഘട്ടത്തിലും അതിന് (കോളനിവത്കരണത്തിന്) ശേഷവുമുള്ള ഇന്ത്യയിൽ ഹിന്ദു-മുസ്‌ലിം കലാപങ്ങൾ സംബന്ധിച്ച ജുഡീഷ്യൽ വ്യവഹാരങ്ങളിലെയും ഡോക്യുമെന്റേഷനുകളിലെയും വിവരണങ്ങൾക്കും ഇതേ ശൈലി തന്നെ (ജീനിയോളജി) കാണാനാകും.
ഭരണകൂട വ്യവഹാരത്തിൽ അക്രമം രൂപപ്പെടുത്തുന്നതിനുള്ള ഈ നിയമാനുസൃതമായ മാർഗം വളരെക്കാലമായി അക്കാദമിക് വ്യവഹാരങ്ങളിൽ ഉൾപ്പെടുത്തുന്നു. ഇന്നും (ഇപ്പോഴും) ഇന്ത്യയിലെ വർഗീയ അക്രമങ്ങളെ കുറിച്ചുള്ള പഠനങ്ങൾക്ക് രൂപം കൊടുക്കുന്നത് എങ്ങനെയെന്ന് ഇത് വെളിച്ചം വീശുന്നു.
കലാപത്തിലെ സമുദായങ്ങളുടെ ഭരണകൂട പ്രാതിനിധ്യവും 'മുഖ്യധാര' വ്യവഹാരങ്ങളും തമ്മിലുള്ള ബന്ധം പൊതുസമൂഹത്തിൽ തീരദേശ ഗ്രാമങ്ങളിൽ താമസിക്കുന്ന സമൂഹങ്ങളിൽ, പ്രത്യേകിച്ച് കലാപങ്ങളിൽ, ശ്രദ്ധേയമാണ്. അതുകൂടാതെ, ചരിത്രപരമായും സാമൂഹികമായും ഒറ്റപ്പെട്ട തീരപ്രദേശങ്ങൾ പൊതുവ്യവഹാരങ്ങളിൽ'വർഗീയ അക്രമത്തിന്റെ' ഈറ്റില്ലമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. പ്രാദേശികമായ ഭാഷാഭേദം ഉൾപ്പെടെ 'തീരദേശ'വും' 'ഉൾനാടൻപ്രദേശവും' തമ്മിലുള്ള എല്ലാ സാംസ്കാരിക വ്യത്യാസങ്ങളും മുഖ്യധാരയിൽ നിന്നുള്ള വഴിപിഴയ്ക്കലായും ആധുനിക ജനാധിപത്യകേരളത്തിലെ സമതലങ്ങളിൽ (മുഖ്യധാരയായി വിവക്ഷിക്കപ്പെടുന്ന പ്രദേശം) നിന്ന് വ്യതിചലിച്ച ഒന്നായി സാമൂഹിക പ്രശ്നങ്ങളുടെ (കുറ്റകൃത്യം,അക്രമം, മദ്യപാനം) പഠനത്തിൽ സമൂഹികജീവിതത്തിലെ രോഗവസ്ഥയുടെ (പാത്തോളജിക്കൽ സ്പേസ് ) അടയാളമായും രേഖപ്പെടുത്തപ്പെടുന്നു.
വിവരദോഷി, പിന്നാക്കം, ആക്രമസ്വഭാവമുള്ള, ഹിംസാത്മകമായ എന്നിങ്ങനെയുള്ള അപകീർത്തികരമായ സങ്കൽപ്പങ്ങളിലൂടെ/ധാരണകളിലൂടെയാണ് 'തീരദേശത്തെ അപരൻ' വിശ്വാസം ഊട്ടിയുറപ്പിക്കുന്നത്. തീരദേശ പ്രദേശങ്ങളെ കുറിച്ചുള്ള മുഖ്യധാര ഭാവനയിൽ വിരോധാഭാസം ഉണ്ട്. കേരളത്തിലെ മനോഹരമായ കടൽത്തീരങ്ങൾ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളാണ്. ഓരോ മലയാളിയുടെയും ഒഴിവാക്കാനാവാത്ത പാചക ശീലത്തിന്റെ ഭാഗമായി നമ്മുടെ തീൻമേശയിലെത്തുന്ന മത്സ്യവിഭവങ്ങളൊരുക്കുന്നതിനായുള്ള ആഴക്കടൽ മത്സ്യങ്ങളെ കൊണ്ടെത്തിക്കുന്നത് ഈ മത്സ്യത്തൊഴിലാളികളാണ്. എന്നാൽ ഈ മത്സ്യത്തൊഴിലാളികൾ മുഖ്യധാരാ കേരളത്തിന്റെ സാംസ്കാരിക അരികുകളിലാണ് ജീവിക്കുന്നത്. തീരദേശ ജനതയുടെ സംസ്കാരത്തെക്കുറിച്ച് ഔദ്യോഗികവ്യവഹാരങ്ങൾ, പത്രവാർത്തകൾ, സിനിമകൾ, മറ്റ് മാധ്യമങ്ങൾ എന്നിവയിലൂടെ നിർമ്മിച്ച്, ഊട്ടിയുറപ്പിച്ച വാർപ്പ് മാതൃകകളിലൂടെയാണ് ഇവരെ അരികുവൽക്കരിച്ചത്.
ജുഡീഷ്യൽ റിപ്പോർട്ടുകളിൽ മുമ്പ് കണ്ട ഔദ്യോഗിക വ്യവഹാരങ്ങൾക്ക് പുറമെ, പത്രങ്ങളും സിനിമകളും നിരന്തരമായും വിമർശന ബുദ്ധിയില്ലാതെയും ഈ സങ്കൽപ്പങ്ങളെ ഊട്ടിയുറപ്പിക്കുന്നു. തീരദേശവാസികളുടെ ശരീരഭാഷ, വസ്ത്രധാരണം, പ്രാദേശികമായ ഭാവങ്ങൾ, മറ്റ് വ്യതിരിക്തമായ സവിശേഷതകൾ എന്നിവ പൊതുവ്യവഹാരങ്ങളിലും ജനപ്രിയ ഭാവനകളിലും ഇതുപോലെ ചിത്രീകരിക്കപ്പെടുകയും മുദ്രകുത്തപ്പെടുകയും ചെയ്യുന്നു. മത്സ്യത്തൊഴിലാളികളുടെ ‘തീവ്ര സ്വഭാവം’ അവതരിപ്പിക്കുന്ന സിനിമകൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട് (റൊവീന 2012). മത്സ്യത്തൊഴിലാളികളുടെ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ക്ലാസിക്കൽ ഉദാഹരണമാണ് ഏറെ പ്രശസ്തമായ 'ചെമ്മീൻ' എന്ന സിനിമ. 'കടപ്പുറം' എന്ന പദം തന്നെ, 'തീരദേശ പ്രദേശ' ത്തെ കുറിച്ചുള്ള ഒരു പ്രത്യേക മലയാള പദമാണ്, മലയാളി സമൂഹത്തിന്റെ ഭാഷാപരവും സാംസ്കാരികവുമായ മേഖലകൾക്കപ്പുറമുള്ള സങ്കൽപ്പങ്ങളിൽ ഒന്നാണ് തീരദേശത്തെ ധ്വനിപ്പിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ തമിഴ് ചുവയുള്ള പ്രാദേശിക ഭാഷാ സംഭാഷണങ്ങൾക്കൊപ്പം തെക്കൻ കേരളത്തിലെ തീരപ്രദേശങ്ങളിലെ സംഭാഷണങ്ങളിലെ ആക്രമണോത്സുകശൈലിയും ശരീരഭാഷയും പുറംനാട്ടുകാരെ സംബന്ധിച്ചിടത്തോളം വിചിത്രവും ഭയവുമാണ് ഉളവാക്കുന്നത്. എന്നാൽ ഇവ യഥാർത്ഥത്തിൽ. ഈ മത്സ്യത്തൊഴിലാളികളുടെ സാംസ്കാരിക ഭൂമികയുടെയും ദൈനംദിന അതിജീവനതന്ത്രത്തിന്റെയും സൂചകങ്ങളാണ്.
സംസ്ഥാനത്തിന്റെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ തീരപ്രദേശങ്ങൾ അയൽ സംസ്ഥാനമായ തമിഴ്നാടിന്റെ സാംസ്കാരിക മണ്ഡലത്തോട് കടപ്പെട്ടിരിക്കുന്നു.
മുക്കുവരുടേയും മരയ്ക്കാർമാരുടെയും തമിഴ്‌വൽക്കരിച്ച പാട്ടുകളും ആചാരങ്ങളും അനുഷ്ഠാനങ്ങളും അതിർത്തി കടന്നുള്ള വിവാഹങ്ങളും തൊഴിൽ ബന്ധങ്ങളും ഈ പ്രാന്തസമൂഹങ്ങളുടെ തനതായ സാമൂഹിക-സാംസ്കാരിക ഘടനയാണ്. മുഖ്യധാരാ കേരള സമൂഹമെന്ന് വിളിക്കപ്പെടുന്ന ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അവർ വഴിപ്പെടാത്തതിനാൽ കൃത്യമായി വിവിധ പ്രാതിനിധ്യങ്ങളിലൂടെ അവരെ വിചിത്രവൽക്കരിക്കുന്നു.
തീരദേശ ജനത അപരിഷ്കൃതരും അക്രമാസക്തരുമായ 'ഗുണ്ടകൾ' അല്ലെങ്കിൽ വില്ലന്മാർ, അസാധാരണമായ ശാരീരിക ശക്തി ഉള്ളവർ എന്നിങ്ങനെയൊക്കെയാണ് പല സിനിമകളിലും ചിത്രീകരിക്കപ്പെടുന്നത്. 'ഗോഡ്ഫാദർ' എന്ന സിനിമയിലെ ഏതാനും മത്സ്യത്തൊഴിലാളികളുടെ ഒരു സംഭാഷണം ഇതിന് ഉദാഹരണമായി റൊവേന (2012) തന്റെ പഠനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്: / ബോസ്, ഞങ്ങൾ അനുവദിക്കില്ല. നിങ്ങൾക്ക് അവനെ ഇവിടെ നിന്ന് കൊണ്ടുപോകാൻ കഴിയില്ല / ഇത് കടപ്പുറമാണ്, മീൻ പിടിക്കുന്ന കൈ ആണ് എന്റേത്, നാറും / അതുപോലെ, മലയാള ചലച്ചിത്രതാരം സുരേഷ് ഗോപിയെ ചലച്ചിത്രമേഖലയിലെ മുൻനിരയിലേക്ക് എത്തിച്ച ‘കമ്മീഷണർ’ എന്ന സിനിമ തീരദേശ കള്ളക്കടത്ത് സംഘത്തെ കീഴടക്കുന്ന ഒരു ഷോട്ടിലാണ് തുടങ്ങുന്നത്. ബഹുഭൂരിപക്ഷം സിനിമകളിലും തീരദേശ ജനതയെ വർഗീയ സ്വഭാവത്തിൽ അവതരിപ്പിക്കുന്നു. ഗോഡ്മാൻ, മറാത്ത നാട്, ട്രാഫിക് തുടങ്ങിയ സിനിമകൾ തീരദേശ പ്രദേശങ്ങളിലെ ഹിന്ദു-മുസ്‌ലിം അക്രമത്തെക്കുറിച്ച് മറയില്ലാതെ സംസാരിക്കുന്നു. അത്തരം പ്രാതിനിധ്യം തീരദേശ പ്രദേശങ്ങളെ സാമുദായിക വിഭജനത്തിന്റെയും വിരോധത്തിന്റെയും ഇടങ്ങളായി ആവർത്തിച്ച് ഉറപ്പിക്കുന്നു.
പരിഭാഷ : സി എസ് സലില്‍