TMJ
searchnav-menu
post-thumbnail

Coastal Kerala

തീരദേശസംഘര്‍ഷങ്ങളുടെ ചരിത്രവും വര്‍ത്തമാനവും

16 Oct 2021   |   1 min Read
Navaneeth H

Photos: Prasoon kiran

ടുത്തിടെ പുറത്തിറങ്ങിയ 'മാലിക്' സിനിമയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ചർച്ചകൾ വീണ്ടും തിരുവനന്തപുരത്തെ കടലോരപ്രദേശങ്ങളിൽ നടന്ന കലാപങ്ങളെക്കുറിച്ചും പോലീസ് അതിക്രമങ്ങളെക്കുറിച്ചുമെല്ലാം പുതിയ സംവാദങ്ങൾക്ക് വഴിയൊരുക്കുകയുണ്ടായി. പലപ്പോഴും ഈ സംവാദങ്ങൾ തീരപ്രദേശങ്ങളുടെ സാമൂഹിക ഘടനയുടെ സങ്കീർണതകളെ കണക്കിലെടുക്കാതെ, കേവലം ഉപരിപ്ലവമായ വിശകലനങ്ങളായിത്തീരുന്നുണ്ട്. കടലോരപ്രദേശങ്ങളുടെ  ‘വർഗീയമായ ഉള്ളടക്കമാണ്’  ഇത്തരമൊരു സാമൂഹികാവസ്ഥക്ക് കാരണം എന്ന പൊതുബോധത്തെ ഊട്ടിയുറപ്പിക്കും വിധമാണ് പല ചർച്ചകളും മുന്നേറുന്നത്. സത്യത്തിൽ തീരപ്രദേശങ്ങളിലെ കലാപങ്ങളുടെ സ്വഭാവമെന്താണ്?  ഇതിലേക്ക് നയിക്കുന്ന സാമൂഹിക സാഹചര്യങ്ങൾ എന്താണ്? കടലോരപ്രദേശങ്ങളുടെ സങ്കീർണ്ണമായ രാഷ്ട്രീയ-സാമൂഹിക വശങ്ങളെ പരിഗണിക്കുമ്പോൾ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ സാധിക്കൂ. ബീമാപള്ളിയിലെ പോലീസ് വെടിവെപ്പിനെക്കുറിച്ചും മുസ്ലിം-ക്രിസ്ത്യൻ സംഘർഷങ്ങളെക്കുറിച്ചുമുള്ള സംവാദങ്ങൾ വീണ്ടും ഉയർന്നു വന്നിരിക്കുന്ന സമകാലിക സാഹചര്യത്തിൽ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്‌തകമാണ് സലാഹ് പുനത്തിലിന്റെ ‘Interrogating Communalism: Violence, Citizenship and Minorities in South India.’തിരുവനന്തപുരം ജില്ലയിലെ കടലോരപ്രദേശങ്ങളായ വിഴിഞ്ഞം, ബീമാപള്ളി, ചെറിയതുറ എന്നിവിടങ്ങളിലെ മുസ്ലിം-ക്രിസ്ത്യൻ സംഘർഷങ്ങളുടെ സൂക്ഷ്മമായ രാഷ്ട്രീയ-സാമൂഹിക വശങ്ങളിലേക്ക് വിരൽചൂണ്ടുന്ന വളരെ പ്രധാനപ്പെട്ട സാമൂഹ്യശാസ്ത്ര പഠനമാണിത്. തിരുവനന്തപുരത്തെ തീരപ്രദേശങ്ങളിൽ താമസിക്കുന്ന രണ്ട് മത്സ്യബന്ധന സമുദായങ്ങൾ—മരക്കായന്മാരും മുക്കുവരും തമ്മിലുള്ള സംഘർഷങ്ങളുടേയും കലാപങ്ങളുടേയും ചരിത്രവും വർത്തമാനവും ഈ പഠനം വിമർശനാത്മകമായി വിശകലനം ചെയ്യുന്നു. ഈ പുസ്തകത്തിനെ, അതിലെ പ്രധാന നിരീക്ഷണങ്ങളെ, സാമാന്യമായി പരിചയപ്പെടുത്താനാണ് ഈ കുറിപ്പ് ശ്രമിക്കുന്നത്.

ഇന്ത്യയിലെ വർഗീയ കലാപങ്ങളെപ്പറ്റിയുള്ള പ്രധാനപ്പെട്ട അക്കാദമിക വ്യവഹാരങ്ങളെ അവലോകനം ചെയ്തുകൊണ്ടാണ് പുസ്തകത്തിന്റെ ഒന്നാമധ്യായം തുടങ്ങുന്നത്. വർഗീയ കലാപങ്ങളെപ്പറ്റിയുള്ള കൊളോണിയൽ, പോസ്റ്റ്കൊളോണിയൽ, മാർക്സിസ്റ്റ്, ഇൻസ്ട്രുമെന്റലിസ്റ്റ്, സൈക്കോ അനലിറ്റിക്കൽ വ്യവഹാരങ്ങളെ വിശകലനം ചെയ്തുകൊണ്ട് സലാഹ് വളരെ പ്രധാനപ്പെട്ട ഒരു വാദം മുന്നോട്ട് വെക്കുന്നു: മേൽസൂചിപ്പിച്ച വ്യവഹാരങ്ങളെല്ലാം മതസമുദായങ്ങൾ തമ്മിലുള്ള ഏതൊരു സംഘർഷത്തിന്റേയും പ്രധാന കാരണമായി മതസ്വത്വത്തിന്റെ സംഘാടനത്തെ (religious identity mobilization)  പൂർവകല്പന ചെയ്യുന്നു. ഇത്തരമൊരു സമീപനത്തിന്റെ പരിമിതിയെന്നത് സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളിലേക്കും കലാപങ്ങളിലേക്കും നയിക്കുന്ന മറ്റ് സങ്കീർണമായ പ്രശ്നങ്ങളെ മനസിലാക്കുന്നതിൽ പരാജയപ്പെടുന്നു എന്നതാണ്. മരക്കായ മുസ്ലിങ്ങളും മുക്കവ ക്രിസ്ത്യാനികളും തമ്മിലുള്ള സംഘർഷങ്ങളെ കേവലം വർഗീയമായി (communal)  മനസിലാക്കുന്ന പ്രവണത ഇത്തരം സംഘർഷങ്ങളും കലാപങ്ങളും രൂപംകൊള്ളുന്നതിന് ഇടയാക്കുന്ന ദൈനംദിന രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചോ അതിൽ ഇടത്തിനും (space) അതിന്റെ സാമൂഹിക ഘടനയ്ക്കുമുള്ള പങ്കിനെക്കുറിച്ചോ വേണ്ടവിധത്തിൽ ചർച്ച ചെയ്യുന്നില്ല എന്നുകാണാം. അതുകൊണ്ട് തന്നെ 'വർഗീയതയെ'  അതിന്റെ സങ്കീർണതകളോട് കൂടി മനസിലാക്കാൻ സഹായിക്കുന്ന പുതിയൊരു രീതിശാസ്ത്രത്തിന്റെ (methodology) ആവശ്യകത പുസ്തകം ചൂണ്ടിക്കാണിക്കുന്നു. വിഴിഞ്ഞം, ബീമാപള്ളി പ്രദേശങ്ങളിൽ നടത്തിയ എത്ത്നോഗ്രഫിയും, സർക്കാർ രേഖകൾ, ജുഡീഷ്യൽ റിപ്പോർട്ടുകൾ തുടങ്ങിയ ആർക്കൈവൽ സ്രോതസ്സുകളുമാണ് സലാഹ് തന്റെ പഠനത്തിന് വേണ്ടി പ്രധാനമായും ആശ്രയിക്കുന്നത്.  

Interrogating Communalism: Violence, Citizenship and Minorities in South India.

ആർക്കൈവൽ സ്രോതസ്സുകളെ ആശ്രയിക്കുമ്പോൾ തന്നെയും അതിനെ വിമർശനാത്മകമായി നോക്കിക്കാണേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സലാഹ് സൂചിപ്പിക്കുന്നുണ്ട്. കലാപങ്ങളെപ്പറ്റിയുള്ള ചർച്ചകളിൽ ഭരണകൂടഭാഷ്യം പലപ്പോഴും വർഗീയതയെപ്പറ്റിയുള്ള ഓറിയന്റലിസ്റ്റ് കാഴ്ചപ്പാടുകളെ പുനരവതരിപ്പിക്കുന്നതായാണ് കാണാൻ സാധിക്കുക. കലാപങ്ങളെപ്പറ്റിയുള്ള അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളും മറ്റ് സർക്കാർ രേഖകളുമാണ് ഇതിന് അവർ പ്രധാനമായും ആശ്രയിക്കുന്നത്. പ്രാദേശികമായ സാമുദായിക സംഘർഷങ്ങളെപ്പോലും ഹിന്ദു-മുസ്ലിം വർഗീയ കലാപങ്ങളുടെ ചട്ടക്കൂടിലേക്ക് കൊണ്ടുവരികയും കലാപത്തിന്റെ കാരണങ്ങളെ മതപരമായ സംഘാടനത്തിലേക്ക് ചുരുക്കുകയും ചെയ്യുന്നതിലൂടെയാണ് ഇത് സാധ്യമാവുന്നത്. ഈയൊരു പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് മരക്കായ-മുക്കുവ സംഘർഷങ്ങളുടെ ചരിത്രപരമായ കാരണങ്ങളും സാമൂഹ്യശാസ്ത്രപരവുമായ മാനങ്ങളും എന്തെന്ന് ഈ പുസ്തകം തുറന്നുകാണിക്കുന്നു.

ചരിത്രപരമായി, മരക്കായന്മാരും മുക്കുവരും തമ്മിലുള്ള സംഘർഷങ്ങളെ മൂന്ന് ഘട്ടങ്ങളിലൂടെ മനസിലാക്കാം. കൊളോണിയൽ കാലഘട്ടത്തിൽ വിഴിഞ്ഞം കടൽത്തീരം കടൽവിഭവങ്ങൾക്ക് മേലുള്ള അവകാശത്തർക്കങ്ങളുടെ ഇടമായി മാറുന്നതുമുതലാണ് മരക്കായന്മാരും മുക്കുവരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നത്. ആർക്കൈവൽ സ്രോതസ്സുകൾ സൂക്ഷ്മമായി അവലോകനം ചെയ്തുകൊണ്ട് മരക്കായന്മാരും മുക്കുവരും തമ്മിലുള്ള സംഘർഷങ്ങളിലേക്ക് നയിക്കുന്ന കാരണങ്ങൾ ജീവിതം കെട്ടിപ്പടുക്കാൻ ആവശ്യമായ പരിമിതമായ വിഭവങ്ങളെ (scarce resources) ചൊല്ലിയുള്ള തർക്കങ്ങളോ ഭൂമിയുടെ മേലുള്ള അവകാശത്തർക്കങ്ങളോ ആണെന്ന് സലാഹ് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന്, 1913-ൽ ഈ രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിന് തുടക്കം കുറിച്ചത് ഭൂമിയുടെ അതിർത്തിയുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു. വ്യക്തി തർക്കങ്ങൾ, അതിർത്തി തർക്കങ്ങൾ, കടൽവിഭവങ്ങൾക്കുമേലുള്ള അവകാശത്തർക്കങ്ങൾ തുടങ്ങി നിരവധി പ്രശ്നങ്ങൾ ഈ കാലയളവിൽ മരക്കായന്മാരും മുക്കുവരും തമ്മിലുള്ള സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ടെന്ന് കാണാം. ഇത്തരം ചെറിയ പ്രശ്നങ്ങളിൽ തുടങ്ങുന്ന തർക്കങ്ങൾ വലിയ അക്രമങ്ങളിലേക്കും കലാപങ്ങളിലേക്കും വഴിമാറുകയും ഇത് പിന്നീട് മുസ്ലിം-ക്രിസ്ത്യൻ സാമുദായിക സ്വത്വങ്ങളുടെ മതപരമായ ധ്രുവീകരണത്തിന് വഴിയൊരുക്കുകയും ചെയ്യുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ തന്നെ ഈ രണ്ട് സമുദായങ്ങൾക്കിടയിൽ വ്യക്തമായ അതിർത്തികൾ രൂപപ്പെടുന്നതായും, സാമൂഹിക ഇടങ്ങൾ സാമുദായികമായി വിഭജിക്കപ്പെടുന്നതായും സലാഹ് നിരീക്ഷിക്കുന്നുണ്ട്.

വിഴിഞ്ഞം ഫിഷിങ്ങ് ഹാര്‍ബര്‍

ഈ സംഘർഷങ്ങളുടെ തുടർച്ച തന്നെയായിരുന്നു 1950-നും 1980-നും ഇടയിൽ നടന്ന അക്രമങ്ങളും കലാപങ്ങളും. എന്നാൽ ഈ കാലഘട്ടത്തിനിടക്ക് സംഭവിച്ച മുസ്ലിം-ക്രിസ്ത്യൻ ഏറ്റുമുട്ടലുകൾ മത്സ്യബന്ധനത്തിന്റെ യന്ത്രവൽക്കരണത്തിനും അതിനെത്തുടർന്നുണ്ടായ അധികാരബന്ധങ്ങളിലെ മാറ്റങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ടുകൂടി മനസ്സിലാക്കേണ്ടതുണ്ട്. 1960-കൾക്ക് ശേഷം കേരളത്തിലെ മത്സ്യബന്ധന മേഖലയെ വലിയതോതിൽ ആധുനികവൽക്കരിക്കാനും യന്ത്രവൽക്കരിക്കാനുമുള്ള ശ്രമങ്ങൾ ഭരണകൂടം കൊണ്ടുവന്നിരുന്നു. ലത്തീൻ കത്തോലിക് ചർച്ചിന്റേയും മറ്റും പരിശ്രമം കൊണ്ട് ഇതിന്റെ പ്രധാന ഗുണഭോക്താക്കളായി മാറാൻ സാധിച്ചത് ക്രിസ്ത്യൻ സമുദായത്തിനായിരുന്നു. അതേ സമയം മരക്കായന്മാർക്ക് ഈ യന്ത്രവൽക്കരണത്തോട് പൊരുത്തപ്പെടാനോ മത്സ്യബന്ധനോപാധികൾ നവീകരിക്കാനോ കഴിഞ്ഞില്ല. ഈ സാമൂഹിക മാറ്റങ്ങൾ ഇടത്തിനും വിഭവങ്ങൾക്കും വേണ്ടിയുള്ള അവകാശത്തർക്കങ്ങളിലും വലിയ തോതിൽ പ്രതിഫലിച്ചിരുന്നു. ഈ ഘട്ടത്തിലും, മുസ്ലിം-ക്രിസ്ത്യൻ സാമുദായിക സ്വത്വങ്ങളുടെ ദൃഢീകരണം (reification) സാധ്യമാക്കുന്നത് മതപരമായ സ്വാധീനമല്ല, മറിച്ച്, ഇടത്തെചൊല്ലിയുള്ള തർക്കങ്ങളാണ് (contestation over space) എന്ന് കാണാം. ഈ അവകാശത്തർക്കങ്ങൾ കടൽത്തീരത്തു നിന്ന് കടലിലേക്കും വ്യാപിച്ചിരുന്നു. കടലിൽ ഈ രണ്ട് സമുദായങ്ങളുടേയും ഇടങ്ങളെ വേർതിരിച്ചു കൊണ്ട് ഒരു സാങ്കല്പിക അതിർത്തി (imaginary boundary) നിലവിലുണ്ടായിരുന്നു. മോട്ടോർബോട്ടുകളുള്ള മുക്കുവർ പലപ്പോഴും ഈ അതിർത്തി ലംഘിക്കുകയും വള്ളങ്ങളിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന മരക്കായന്മാരുടെ ഇടങ്ങളിലേക്ക് കയറുകയും ചെയ്യുന്നു എന്ന കാരണത്താൽ നിരവധി തവണ ഈ രണ്ട് സമുദായങ്ങളും തമ്മിൽ രൂക്ഷമായ സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. 1970-ൽ പൂന്തുറയിൽ വെച്ച് മുക്കുവരുടെ മോട്ടോർബോട്ടും മരക്കായന്മാരുടെ 'കട്ടമരവും' കൂട്ടിയിടിക്കുകയും അതൊരു സംഘർഷത്തിൽ ചെന്നെത്തുകയും, തുടർന്നുണ്ടായ പോലീസ് വെടിപ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. 1978-ൽ പൂന്തുറ കടൽതീരത്തെ അതിർത്തിയെച്ചൊല്ലി ഉടലെടുത്ത അക്രമങ്ങളും പോലീസ് വെടിവെപ്പിലാണ് അവസാനിച്ചത്.

എന്നാൽ 1980-കൾക്ക് ശേഷമുള്ള മൂന്നാം ഘട്ടത്തിൽ സാമുദായിക സംഘർഷങ്ങളിലേക്ക് നയിച്ച കാരണങ്ങൾ മറ്റ് രണ്ടുഘട്ടങ്ങളിൽ നിന്ന് വ്യത്യസ്തമാണ് എന്ന് സലാഹ് വാദിക്കുന്നു. മത്സ്യബന്ധനമേഖലയിലെ യന്ത്രവൽക്കരണത്തോട് പൊരുത്തപ്പെടാനാവാതെപോയ മരക്കായ സമുദായത്തിൽപ്പെട്ട പലരും ക്രമേണ വ്യത്യസ്ത തൊഴിലുകൾ കണ്ടെത്തുകയും, മെച്ചപ്പെട്ട ഉപജീവനത്തിനായി ഗൾഫ് രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്തു. ഈ മാറ്റത്തോട് കൂടി മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കലഹങ്ങളും അതുവഴി ഉടലെടുത്തിരുന്ന സാമുദായിക സംഘർഷങ്ങളും വലിയ തോതിൽ കുറഞ്ഞുവന്നിരുന്നു. എന്നാൽ ഈ പ്രവണതയ്ക്ക് അപവാദമായി, പിന്നീട്, 1995-ലെ രണ്ട് കലാപങ്ങൾക്കും 2009-ലെ പോലീസ് വെടിവെപ്പിനും ഈ കടൽത്തീരങ്ങൾ സാക്ഷ്യം വഹിച്ചു. 1995-ലെ വിഴിഞ്ഞം കലാപത്തിലേക്ക് നയിച്ചത് തീരപ്രദേശത്തെ വികസനപരിപാടികളുടെ പേരിൽ ഭരണകൂടം നടത്തിയ കുടിയൊഴിപ്പിക്കലുകളായിരുന്നു എന്ന് കാണാം. ഒരു സമുദായത്തിലെ നിരവധി കുടുംബങ്ങളെ കുടിയൊഴിപ്പിച്ചത് തീരപ്രദേശത്ത് കടുത്ത അസ്വസ്ഥതകൾക്ക് വഴിയൊരുക്കുകയും പിന്നീടത് ചെറിയ സംഘർഷങ്ങളിലേക്കും വർഗീയ കലാപത്തിലേക്കും ചെന്നെത്തുകയാണ് ചെയ്തത്. 2009-ലും പോലീസിന്റെയും ഭരണകൂടത്തിന്റെയും ഇടപെടലുകളാണ് ബീമാപള്ളി വെടിവെപ്പിലേക്കും തുടർന്നുള്ള അസ്വസ്ഥതകളിലേക്കും നയിച്ചത്. ബീമാപ്പള്ളിയിലെ മുസ്ലിങ്ങളോടുള്ള പൂർവകാല പ്രശ്നങ്ങളും അപകടകരമായ മുൻവിധികളുമായിരുന്നു പോലീസിനെ അത്തരമൊരു വെടിവെപ്പിലേക്ക് എത്തിച്ചതെന്ന് സലാഹ് സൂചിപ്പിക്കുന്നുണ്ട്. മത്സ്യബന്ധനവുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സംഘർഷങ്ങൾ വലിയതോതിൽ കുറഞ്ഞതിന് ശേഷവും ഈ കടലോരപ്രദേശങ്ങൾ ഒന്നിലധികം കലാപങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വന്നതിൽ ഭരണകൂടത്തിന്റെ ഇടപെടലുകൾക്കുണ്ടായിരുന്ന പങ്ക് ചെറുതല്ലെന്ന് ഈ സംഭവങ്ങൾ തെളിയിക്കുന്നു.

മാലിക് സിനിമയിലെ ഒരു രംഗം

കേരളത്തിന്റെ തീരപ്രദേശങ്ങളുടെ സാമൂഹിക ഘടനയെ അതിന്റെ സങ്കീർണതകളോടുകൂടി മനസ്സിലാക്കേണ്ടതുണ്ട് എന്നത് അടിവരയിട്ട് സൂചിപ്പിക്കുന്ന സംഭവങ്ങളാണ് മരക്കായ-മുക്കുവ സമുദായങ്ങൾ തമ്മിലുള്ള സംഘർഷങ്ങളുടേയും കലാപങ്ങളുടേയും ചരിത്രം പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്. ഇവിടുത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ സാമുദായിക സ്ഥാപനങ്ങൾക്കുള്ള പങ്ക് വളരെ വലുതാണെന്നും അരികുവൽക്കരിക്കപ്പെട്ട ജനത തിങ്ങിപ്പാർക്കുന്ന തീരപ്രദേശങ്ങളിലെ ഇടങ്ങൾ സാമുദായികമായി വിഭജിക്കപ്പെട്ടതും വ്യക്തമായ അതിർത്തികൾ നിലനിർത്തുന്നതുമാണെന്നും കാണാം. ഈ സവിശേഷതകളെല്ലാം തീരപ്രദേശങ്ങളെ കേരളത്തിന്റെ മുഖ്യധാരക്ക് പുറത്തുനിൽക്കുന്ന ഇടമായി മാറ്റിത്തീർക്കുന്നുണ്ട്. സാമൂഹികവും, രാഷ്ട്രീയവും, സാമ്പത്തികവുമായ ഈ അരികുവൽക്കരണത്തിൽ ഭരണകൂടത്തിനുള്ള ഉത്തരവാദിത്തം വളരെ വലുതാണ്. സാമൂഹിക വികസനത്തിന്റെയും ചലനാത്മകതയുടെയും അഭാവമാണ് അരികുവൽക്കരിക്കപ്പെട്ട ജനത നേരിടുന്ന വലിയ പ്രശ്നങ്ങളിലൊന്ന്. അതുകൊണ്ടുതന്നെ, തീരപ്രദേശങ്ങൾ എന്തുകൊണ്ട് സംഘർഷങ്ങളുടേയും കലാപങ്ങളുടെയും സജീവ ഭൂമികയായിത്തീരുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടേണ്ടത് മതവർഗീയതയെന്ന മുൻവിധിയിലല്ല, മറിച്ച് ആ പ്രദേശത്തിന്റെ രാഷ്ട്രീയ-സാമൂഹിക ഘടനയെ സൂക്ഷ്മമായി വിശകലനം ചെയ്തുകൊണ്ടായിരിക്കണമെന്ന് പുസ്തകം ശക്തമായി വാദിക്കുന്നു. പക്ഷംപിടിക്കലുകൾക്കപ്പുറം വിഷയത്തിന്റെ സങ്കീർണതകളെ ശ്രദ്ധയോടുകൂടി അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഈ പഠനം തീർച്ചയായും കൂടതൽ വായിക്കപ്പെടേണ്ടതും ചർച്ച ചെയ്യപ്പെടേണ്ടതുമാണ്.

Leave a comment