
മത്സ്യത്തൊഴിലാളി ലിസ്റ്റ്; വിളവ് തിന്നുന്ന വേലി
Photos : Prasoon kiran
കേരളത്തിലെ ഫിഷറീസ് വകുപ്പ് അഡീഷണല്‍ ഡയറക്ടറായി വിരമിച്ച സഞ്ജീവ് ഘോഷ് സംസ്ഥാനത്തെ മത്സ്യമേഖലയെ പറ്റി ഉള്‍ക്കാഴ്ചയുള്ള നിരവധി പഠനങ്ങളുടെ രചയിതാവാണ്. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി വിഭാവനം ചെയ്യുന്ന പദ്ധതികള്‍ അവയുടെ ലക്ഷ്യത്തില്‍ നിന്നും മാറി അഴിമതിയുടെയും, പിടിപ്പുകേടിന്റെയും ഉപകരണങ്ങളാവുന്നതിന്റെ ഉദാഹരണമായി മത്സ്യത്തൊഴിലാളി ലിസ്റ്റിന്റെ ഇപ്പോഴത്തെ അവസ്ഥയെ അദ്ദേഹം വിശദീകരിയ്ക്കുന്നു. മത്സ്യത്തൊഴിലാളിയുടെ പേരില്‍ നടക്കുന്ന നിരവധി അനീതികളില്‍ സര്‍ക്കാര്‍ സംവിധാനത്തിന്റെ അറിവോടെ തന്നെ നടക്കുന്ന ഒന്നായി മത്സ്യത്തൊഴിലാളി ലിസ്റ്റ് ഉരുത്തിരിഞ്ഞതിന്റെ പശ്ചാത്തലം തന്റെ ദീര്‍ഘകാലത്തെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഘോഷ് വെളിപ്പെടുത്തുന്നു.
പുറംലോകമറിയാതെ വളരെയധികം സാമ്പത്തിക ചൂഷണവും വെട്ടിപ്പും നടക്കുന്ന ഒരു തൊഴില്‍ മേഖലയായി കേരളത്തിന്റെ മത്സ്യമേഖല അധപതിച്ചിരിക്കുന്നു. മത്സ്യമേഖലാ പ്രവര്‍ത്തകരും, സാമൂഹ്യ-സാമുദായിക-രാഷ്ട്രീയ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും, ഭരണാധികാരികളുമെല്ലാം ഉദ്‌ഘോഷിച്ച് പറയുന്ന ഒരു വാക്കാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍. ഈ മത്സ്യത്തൊഴിലാളികള്‍ക്കായി ഉപജീവന സുരക്ഷ, തൊഴില്‍ സംരക്ഷണം, അടിസ്ഥാന സൗകര്യ വികസനം, ക്ഷേമപ്രവര്‍ത്തനം തുടങ്ങിയ പേരുകളില്‍ സംസ്ഥാന സര്‍ക്കാരും സര്‍ക്കാരിതര സാമൂഹ്യ-സാമ്പത്തിക സ്ഥാപനങ്ങളും ധാരാളം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികളുടെ നടത്തിപ്പിനായി ധാരാളം 'കോടികള്‍' ചെലവഴിക്കുന്നുമുണ്ട്. ഇവയുടെ നടത്തിപ്പും, സാമ്പത്തിക വിനിയോഗവും അല്‍പ്പം ശ്രദ്ധയോടെ ഒന്നു വിലയിരുത്തിയാല്‍ അവിശ്വസനീയമായ സാമ്പത്തിക ക്രമക്കേടുകളുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വരും. സര്‍ക്കാര്‍ നടപ്പിലാക്കുന്ന 'വികസന ക്ഷേമ പദ്ധതികളുടെ' കാര്യത്തിലാണ് 'വെട്ടിപ്പും തട്ടിപ്പും' കൂടുതലായി നടക്കുന്നത്.
സര്‍ക്കാര്‍ പദ്ധതികളുടെ 'നടത്തിപ്പും, സാമ്പത്തിക വിനിയോഗവും' വിലയിരുത്തുക അത്ര എളുപ്പമല്ല. എന്നാല്‍ ഈ അവസ്ഥാവിശേഷത്തിന് നിദാനമായിരിക്കുന്ന ചില അടിസ്ഥാനകാര്യങ്ങളും, ഭരണക്രമങ്ങളും പൊതുസമൂഹം അറിഞ്ഞിരിക്കേണ്ടതുണ്ട്. (സര്‍ക്കാരിതര സംഘടനകളും (എന്‍ജിഒ-കള്‍) സാമുദായിക സംഘടനകളും സ്ഥാപനങ്ങളും മത്സ്യത്തൊഴിലാളികളുടെ പേരില്‍ നടത്തുന്ന പദ്ധതി വെട്ടിപ്പുകളും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്).
കേരളത്തിന്റെ മത്സ്യമേഖലയില്‍ തൊഴിലെടുക്കുന്നവരെ രണ്ടു വിഭാഗങ്ങളായി തരംതിരിച്ചാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. മത്സ്യത്തൊഴിലാളികളെന്നും, അനുബന്ധ മത്സ്യത്തൊഴിലാളികള്‍ എന്നും. ഈ ഒരോ വിഭാഗത്തില്‍ പെട്ട തൊഴിലാളികളുടെയും പേരുവിവരങ്ങള്‍ അടങ്ങുന്ന മത്സ്യത്തൊഴിലാളി ലിസ്റ്റ് വര്‍ഷം തോറും തയ്യാറാക്കി ഔദ്യോഗികമായി പരിശോധിച്ച് സംസ്ഥാന ഫിഷറീസ് വകുപ്പ് ഡയറക്ടറുടെ അംഗീകാരത്തോടെ പ്രസിദ്ധീകരിക്കാറുണ്ട്. ഈ ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് മത്സ്യത്തൊഴിലാളികള്‍ക്കും, അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും അവരുടെ കുംബാംഗങ്ങള്‍ക്കുമെല്ലാം വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ നിശ്ചിത ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. സംസ്ഥാന ബഡ്ജറ്റില്‍ മത്സ്യമേഖല പദ്ധതികള്‍ക്കായി 'കോടികള്‍' മാറ്റി വയ്ക്കുന്നതും അവ കൃത്യമായി ചെലവഴിക്കുന്നതും ഈ മത്സ്യത്തൊഴിലാളി ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ്. മത്സ്യത്തൊഴിലാളി ലിസ്റ്റില്‍ ഏകദേശം 2.25 ലക്ഷത്തിലധികം തൊഴിലാളികളും, മത്സ്യത്തൊഴിലാളി അനുബന്ധ ലിസ്റ്റില്‍ ഏകദേശം 50,000-ത്തോളം തൊഴിലാളികളും ഉണ്ടാകാറുണ്ട്.

മത്സ്യവകുപ്പ് വഴി നടപ്പിലാക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്കുള്ള വിദ്യഭ്യാസ സഹായ പദ്ധതി, സ്‌കോളര്‍ഷിപ്പ് പദ്ധതി, സമ്പാദ്യസഹായ പദ്ധതി, വിവിധ കേന്ദ്ര സഹായ പദ്ധതികള്‍, ഭവനനിര്‍മാണ പദ്ധതികള്‍, തീരക്കടല്‍ സംരക്ഷണ പദ്ധതികള്‍ തുടങ്ങിയ പത്തോളം പദ്ധതികള്‍ ഈ ലിസ്റ്റിന്റെ ബലത്തിലാണ് നടപ്പിലാക്കുന്നത്. ഈ പദ്ധതികളുടെ നടത്തിപ്പില്‍ വരുന്ന 'തട്ടിപ്പും, വെട്ടിപ്പും' മനസ്സിലാക്കുവാന്‍ അധികം ബുദ്ധിമുട്ടേണ്ടതില്ല.
മത്സ്യമേഖലയിലെ 'അഴിമതിക്കും, വെട്ടിപ്പിനും, തട്ടിപ്പിനും' വേണ്ട ആധികാരികത ഉറപ്പാക്കുന്നത് വര്‍ഷം തോറും തയ്യാറാക്കുന്ന ഈ മത്സ്യത്തൊഴിലാളി ലിസ്റ്റാണെന്നു പറയേണ്ടിയിരിക്കുന്നു. മത്സ്യത്തൊഴിലാളി ലിസ്റ്റിന്റെ നിയമപരമായ അധികാരി ഫിഷറീസ് ഡയറക്ടറാണ്. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള മത്സ്യഭവന്‍ ഓഫീസര്‍മാരാണ് 222 സമുദ്രതീര ഗ്രാമങ്ങളിലെയും 111 ഉള്‍നാടന്‍ മത്സ്യഗ്രാമങ്ങളിലെയും 'യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളെ' നേരിട്ട് കണ്ട് തിരിച്ചറിഞ്ഞ് ലിസ്റ്റ് തയ്യാറാക്കേണ്ടത്. നേരത്തെയുള്ള ലിസ്റ്റ് പരിശോധിച്ച് മരിച്ചവരെയും, സ്ഥലത്തില്ലാത്തവരെയും, ലിസ്റ്റില്‍ തെറ്റായി കടന്നുകൂടിയവരെയും ഒക്കെ ഒഴിവാക്കി ഒരോ വര്‍ഷവും പുതുക്കിയ മത്സ്യത്തൊഴിലാളി ലിസ്റ്റ് ഫിഷറീസ് ഡയറക്ടര്‍ അംഗീകരിച്ച് പ്രസിദ്ധപ്പെടുത്തണമെന്നാണ് നിയമം. ഈ ലിസ്റ്റിന്റെ തയ്യാറാക്കല്‍ വര്‍ഷങ്ങളായി ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥരല്ല എന്നതാണ് വസ്തുത. മത്സ്യബോര്‍ഡിലെ ഫിഷറീസ് ഉദ്യോഗസ്ഥര്‍ യഥേഷ്ടം പരിശോധിച്ച് തയ്യാറാക്കുന്ന ലിസ്റ്റാണ് മറ്റൊരു പുനപരിശോധനയുമില്ലാതെ സംസ്ഥാന മത്സ്യവകുപ്പ് ഡയറക്ടര്‍ അംഗീകരിച്ച് പുറത്തു വിടുന്നത്. ഇവിടെയാണ് മത്സ്യമേഖലയിലെ സാമ്പത്തിക ചൂഷണത്തിനും അഴിമതിക്കും മതിയായ കുറുക്കുവഴികള്‍ സൃഷ്ടിക്കപ്പെടുന്നത്. മത്സ്യബോര്‍ഡിലെ ഗ്രാമതല ഫിഷറീസ് ഓഫീസര്‍ തസ്തികകളില്‍ നിയമിതരായിട്ടുള്ളവരില്‍ ഭൂരിപക്ഷവും മത്സ്യവകുപ്പില്‍ നിന്നുള്ളവരല്ല. ഫിഷറീസുമായി യാതൊരു ബന്ധവുമില്ലാത്ത വെറ്റിനറി പോലുള്ള വകുപ്പുകളില്‍ നിന്നും സ്ഥലംമാറ്റ സൗകര്യവും മറ്റും നോക്കി ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ വന്നു ചേര്‍ന്നിട്ടുള്ളവരാണ്. രാഷ്ട്രീയക്കാരുടെയും, പൊതുപ്രവര്‍ത്തകരുടെയും പ്രാതിനിധ്യമുള്ള ഭരണസമിതിയുള്ള മത്സ്യബോര്‍ഡില്‍ ഈ ഓഫീസര്‍മാര്‍ തയ്യാറാക്കുന്ന മത്സ്യത്തൊഴിലാളി ലിസ്റ്റില്‍ മത്സ്യത്തൊഴിലാളി അല്ലാത്ത വളരെയേറെപ്പേര്‍ കടന്നു കൂടാറുണ്ട്. അനര്‍ഹരായവര്‍ക്കും, അവരുടെ കുടുംബാംഗങ്ങള്‍ക്കും, അവരുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്കും മത്സ്യത്തൊഴിലാളിയെന്ന പേരില്‍ കിട്ടുന്ന ആനുകൂല്യങ്ങള്‍ ആരും ശ്രദ്ധിക്കപ്പെടാതെ പോകുന്നു.

മത്സ്യത്തൊഴിലാളി ലിസ്റ്റില്‍ ഏതാണ്ട് 30 ശതമാനത്തോളം പേര്‍ വ്യാജ മത്സ്യത്തൊഴിലാളികളാണെന്ന് ഔദ്യോഗികവൃത്തങ്ങള്‍ തന്നെ അഭിപ്രായപ്പെടാറുണ്ട്. ഈ മത്സ്യത്തൊഴിലാളി ലിസ്റ്റില്‍ എല്ലാവരെയും ഉള്‍പ്പെടുത്തി, സര്‍ക്കാര്‍ തന്നെ വര്‍ഷം തോറും, പ്രിമീയം അടച്ച് നടത്തുന്ന ഗ്രൂപ്പ് ഇന്‍ഷ്വറന്‍സ് പദ്ധതി വഴി ഇന്‍ഷ്വറന്‍സ് കമ്പനികള്‍ ഒരോ വര്‍ഷവും കോടികള്‍ വെട്ടിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയാറുണ്ട്.
സാമ്പത്തിക വെട്ടിപ്പുകള്‍ക്ക് വിധേയമാകുന്നത് ഫിഷറീസ് വകുപ്പിലെയും, മത്സ്യബോര്‍ഡിലെയും പദ്ധതികള്‍ മാത്രമല്ല. കേരളത്തിലെ 666 മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് ഫെഡറേഷനായ മത്സ്യഫെഡിന്റെ മിക്ക പദ്ധതികളിലും മത്സ്യത്തൊഴിലാളി ലിസ്റ്റിലെ അംഗത്വം കണക്കിലെടുത്ത് വരുന്നുണ്ട്.
കേരളത്തിന്റെ മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഡസനിലധികം വരുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ (പകുതിയിലധികം കാലഹരണപ്പെട്ടതും, അടച്ചുപൂട്ടേണ്ടതുമാണ്) വഴി നടപ്പിലാക്കുന്ന മിക്ക പദ്ധതികളും ആശ്രയിക്കുന്ന ആധികാരിക രേഖയാണ് ഈ മത്സ്യത്തൊഴിലാളി ലിസ്റ്റ്. അധികമാരും ശ്രദ്ധിക്കപ്പെടാതെ പോകുന്ന അമിത സാമ്പത്തിക ചൂഷണവും, വെട്ടിപ്പും നടക്കുന്ന ഒരു തൊഴില്‍മേഖലയായി മത്സ്യമേഖല മാറിയിരിക്കുന്നു. അതിന് കരുക്കളാകുന്നത് യഥാര്‍ത്ഥ മത്സ്യത്തൊഴിലാളികളല്ല. സര്‍ക്കാര്‍ ഭരണത്തിന്‍ കീഴില്‍ നടക്കുന്ന 'വേലി തന്നെ വിളവ് തിന്നുന്ന' ഈ 'ചൂഷണ പ്രതിഭാസത്തെ' അടിമുടി തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.