‘കാടും കടുവയും മാത്രമല്ല കടലും കടല്‍ത്തീരങ്ങളുമുണ്ട്’
ലോകമാകെ അറിയപ്പെടുന്ന വന്യജീവി ഫോട്ടോഗ്രഫര്‍മാരില്‍ ഒരാളാണ് ശേഖര്‍ ദത്താത്രി. ചെന്നൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അദ്ദേഹം പ്രകൃതി പരിരക്ഷണവുമായി (നേച്ചര്‍ കണ്‍സര്‍വേഷന്‍) ബന്ധപ്പെട്ട ഹ്രസ്വ ചിത്രങ്ങളിലാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയൂന്നുന്നത്. വന്യജീവിതവുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ നിശ്ചല ചിത്രങ്ങളും, വീഡിയോകളും പ്രകൃതി പരിരക്ഷണവുമായി ബന്ധപ്പെട്ട മറ്റ് രചനകളും ആഗോളതലത്തില്‍ തന്നെ അറിയപ്പെടുന്നവയാണ്. 'ഇന്ത്യയിലെ അപ്രത്യക്ഷമാകുന്ന ബീച്ചുകള്‍' എന്ന അദ്ദേഹത്തിന്റെ ഹ്രസ്വചിത്രം തീരദേശ പാരിസ്ഥിതിക പ്രശ്നങ്ങളില്‍ സവിശേഷ ശ്രദ്ധ ആകര്‍ഷിച്ച ഒന്നാണ്. ഒരുകാലത്ത് വിശാലമായിരുന്ന പോണ്ടിച്ചേരിയിലെ കടല്‍ത്തീരം അപ്രത്യക്ഷമാവുന്നതിനെക്കുറിച്ച് ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം നിര്‍മിച്ച 14-മിനിട്ട് ദൈര്‍ഘ്യമുള്ള പ്രസ്തുത ചിത്രത്തിന്റെ നിര്‍മിതിയിലേക്കു നയിച്ച സാഹചര്യങ്ങളും അതിന്റെ പ്രാധാന്യവും മലബാര്‍ ജേര്‍ണലുമായി ദത്താത്രി പങ്കു വയ്ക്കുന്നു.
മിഖില്‍ ആര്‍ പി : രാജ്യത്തെ ഏറ്റവും പ്രശസ്തനായ വന്യജീവി ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളെന്ന നിലയില്‍ നിന്നും വിഭിന്നമായി താങ്കള്‍ ഇപ്പോള്‍ കൂടുതലായി അറിയപ്പെടുന്നത് ഒരു കണ്‍സര്‍വേഷണിസ്റ്റ് എന്ന നിലയിലാണ്. ഈയൊരു മാറ്റത്തിനുള്ള കാരണം എന്തായിരുന്നു.
ശേഖര്‍ ദത്താത്രി : ടെലിവിഷന്‍ ചാനലുകള്‍ക്കായി ഞാന്‍ തയ്യാറാക്കുന്ന മനോഹരങ്ങളായ കാനന-വന്യജീവി ഡോക്യുമെന്ററികള്‍ അടിത്തട്ടില്‍ ഗുണപരവും, ഫലപ്രദവുമായ മാറ്റങ്ങളൊന്നും വരുത്തുന്നതിന് സംഭാവനകളൊന്നും നല്‍കുന്നില്ലെന്ന തിരിച്ചറിവില്‍ 2000-ത്തില്‍ ഞാനെത്തി. പ്രകൃതിക്കും, രാജ്യത്തിനും എന്തെങ്കിലും മടക്കി നല്‍കണമെന്ന് കരുതുന്ന ഒരു കണ്‍സര്‍വേഷണിസ്റ്റ് എന്ന നിലയില്‍ എനിക്കൊരു തീരുമാനമെടുക്കേണ്ടിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ക്കും, നയകര്‍ത്താക്കള്‍ക്കും ശരിയായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കുന്ന, അവരെ വിശ്വസിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള തീക്ഷ്ണതയുള്ള സിനിമകള്‍ നിര്‍മിക്കുവാന്‍ ഞാന്‍ തീരുമാനിച്ചു. സിനിമ നിര്‍മ്മിക്കുന്നതിലുള്ള നൈപുണ്യം അങ്ങനെ പ്രയോജനപ്പെടുത്താമെന്നു ഞാന്‍ കരുതി. ലോകമാകെയുള്ള നിഷ്‌ക്രിയരായ ലക്ഷക്കണക്കിന് ടെലിവിഷന്‍ കാണികള്‍ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാവില്ല, അതിനാല്‍ തന്നെ ആസ്വാദ്യകരമായ പൊതു വന്യജീവി ചിത്രങ്ങള്‍ക്കു പകരം സവിശേഷ വിഷയങ്ങളിലേക്കു ഞാന്‍ ശ്രദ്ധ തിരിച്ചു. നല്ല ഗവേഷണ-പഠനങ്ങളുടെ പിന്‍ബലത്തോടെ തയ്യാറാക്കുന്ന ഈ ചിത്രങ്ങള്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിവുളള നയപരമായി ഇടപെടുവാന്‍ കഴിവുള്ളവരെയാണ് പ്രധാനമായും ലക്ഷ്യമാക്കിയത്. പരിഹാര സാധ്യതകളടക്കം വ്യക്തമായ ധാരണയോടെ പ്രശ്‌നം അവതരിപ്പിക്കുവാനും, ബന്ധപ്പെട്ട ശരിയായ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ അവ നേരിട്ട് എത്തിക്കുവാനും കഴിഞ്ഞാല്‍ കണ്‍സര്‍വേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകള്‍ കൂടുതലാണ്.
സ്റ്റില്‍ ഫോട്ടോഗ്രാഫുകള്‍ ഉപയോഗിച്ച് പോണ്ടിച്ചേരി ബീച്ച് അപ്രത്യക്ഷമായതിനെക്കുറിച്ചുള്ള താങ്കളുടെ ചിത്രം വളരെ പ്രചോദനകരമാണ്. ആ ചിത്രത്തിന്റെ നിര്‍മാണവും അതിന് വേണ്ടുന്ന ശാസ്ത്രീയമായ വിവരങ്ങള്‍ ലഭ്യമായ സാഹചര്യങ്ങളും വിശദീകരിക്കാമോ?
പോണ്ടികാന്‍ (PondyCan) എന്ന സംഘടനയില്‍ നിന്നുള്ള Aurofilio Schiavina -യുടെ ഒരു പ്രഭാഷണം കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ കേട്ടിരുന്നു. മനുഷ്യരുടെ തെറ്റായ ഇടപെടല്‍ പുതുച്ചേരിയിലെ ബീച്ചുകള്‍ എങ്ങനെ ഇല്ലാതാക്കുന്നുവെന്നതിനെ പറ്റി വളരെ ശക്തമായ ഒരു പൗവര്‍ പോയിന്റ് പ്രസന്റേഷന്‍ ആയിരുന്നു അത്. ഈ സന്ദേശം വളരെ കൂടുതല്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് ഒരു ഹ്രസ്വ ചിത്രം ഉപകരിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അങ്ങനെ 45-മിനിട്ട് ദൈര്‍ഘ്യമുള്ള പൗവര്‍ പോയിന്റ് പ്രസന്റേഷന്‍ 14 മിനിട്ടുള്ള ചടുലമായ ഒരു ചിത്രമാക്കി മാറ്റുവാന്‍ ഞാന്‍ സ്വയം തയ്യാറായി. ഡോകുമെന്‍ററി സിനിമകള്‍ നിര്‍മ്മിക്കുക എന്നത് വലിയ തോതില്‍ ചിലവ് വേണ്ടിവരുന്ന ഒന്ന് കൂടിയാണ്. ഇവിടെയും വാസ്തവം പറഞ്ഞാല്‍ സിനിമ നിര്‍മിക്കുന്നതിന് പണം തീരെ ഇല്ലായിരുന്നു. പരിമിതികളെ എങ്ങനെ അനുകൂലമാക്കാം എന്ന ആലോചനയില്‍ നിന്നുമാണ് നിശ്ചല ഫോട്ടോഗ്രാഫുകള്‍ ഉപയോഗിക്കാമെന്ന് തീരുമാനിക്കുന്നത്. നിരവധി ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ പടങ്ങള്‍ വളരെ സന്തോഷത്തോടെ സംഭാവന ചെയ്തു. സിനിമയിലെ വിവരങ്ങള്‍ക്കും ഉള്‍ക്കാഴ്ചകളും പോണ്ടികാന്‍ അംഗങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇന്ത്യയിലെ കിഴക്കന്‍തീരത്തെ ബീച്ചുകള്‍ അപ്രത്യക്ഷമാകുന്നതിനെ പറ്റി അവര്‍ വര്‍ഷങ്ങളായി പഠിക്കുന്നു. ആ ശ്രമങ്ങളുടെ കൂടെ ചേര്‍ന്ന് നില്ക്കാന്‍ സാധിച്ചു എന്നുതന്നെയാണ് വിശ്വസിക്കുന്നത്.
വികസനപദ്ധതികള്‍ തീരമേഖലയില്‍ വരുത്തുന്ന വിനാശത്തിന്റെ സുവ്യക്തമായ ആവിഷ്‌ക്കാരമാണ് താങ്കളുടെ ചിത്രം. സമാനമായ ഒരു സ്ഥിതി വിശേഷം കേരളത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് സംജാതമായിരിക്കുന്നു. തുറമുഖ പദ്ധതിയുടെ ഭാഗമായ ബ്രേക്ക്‌വാട്ടറിന്റെ (പുലിമുട്ട്) നിര്‍മാണം പൂര്‍ത്തിയാവുന്നതിന് മുമ്പ് തന്നെ സമീപഭാഗങ്ങളിലെ ബീച്ചുകള്‍ കടലെടുക്കാന്‍ തുടങ്ങി. ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് താങ്കള്‍ ഉയര്‍ത്തിയ വിഷയം തമിഴ്‌നാട് തീരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല. ആന്ധ്രപ്രദേശ് തീരം നേരിടുന്ന ഭീഷണിയെ പറ്റിയും താങ്കളുടെ ചിത്രത്തില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. അവിടുത്തെ ഇപ്പോഴത്തെ അവസ്ഥയെന്താണ്.
ഫലം വ്യത്യസ്തമാവുമെന്ന ധാരണയില്‍ ഭ്രാന്തമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതിനെ പറ്റി ആല്‍ബേര്‍ട്ട് ഐന്‍സ്റ്റൈന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. മനുഷ്യ നിര്‍മിതമായ ബീച്ച് ശോഷണം പുതുച്ചേരിയില്‍ നിന്നും വടക്കോട്ട് വ്യാപിച്ച് ആന്ധ്രയുടെ തീരത്തെ താമസിയാതെ ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തീരപ്രദേശം ലോലമായ മേഖലയാണെന്നും തികച്ചും നിരുപദ്രവകരമെന്നു കരുതുന്ന ദൃഢനിര്‍മികള്‍ പോലും രൂക്ഷമായ ശോഷണത്തിന് കാരണമാകുമെന്നുമുളള തിരിച്ചറിവുകളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. തുറമുഖം പോലുള്ള പദ്ധതികള്‍ അനിവാര്യമാണെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ അവയുടെ പ്രത്യാഘാതങ്ങള്‍ പരിഹരിക്കുന്നതിനുളള കൃത്യമായ പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പിലാക്കുന്നുവെന്നു ഉറപ്പുവരുത്തുകയും സ്ഥിരമായി നിരീക്ഷിക്കുകയും വേണം. അക്കാര്യത്തില്‍ ഒരിക്കലും വിട്ടുവീഴ്ചകള്‍ പാടില്ല.
തീരപരിരക്ഷണം വേണ്ടത്ര ശ്രദ്ധ ലഭിക്കാത്ത ഒരു വിഷയമാണെന്ന വിലയിരുത്തിലിനെ പറ്റിയുള്ള താങ്കളുടെ അഭിപ്രായം എന്താണ്? ഈയൊരു ദൗര്‍ബല്യത്തെ മറികടക്കുന്നതിന് താങ്കളുടെ ഭാഗത്തു നിന്നും എന്താണ് നിര്‍ദ്ദേശിക്കാനുള്ളത്.
അത് വളരെ ശരിയാണ്. കണ്‍സര്‍വേഷന്‍ എന്നു കേട്ടാലുടന്‍ ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കാടും, കടുവയുമാണ്. എന്നാല്‍ ഈ രാജ്യത്ത് തീരങ്ങളടക്കമുള്ള മറ്റു നിരവധി ആവാസ വ്യവസ്ഥകളുണ്ട്. അവ പൊതുവെ അവഗണനയിലാണ്. എന്നാല്‍ നമ്മള്‍ ഇപ്പോള്‍ തന്നെ ബോധപൂര്‍വ്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇന്ത്യയിലെ മനോഹരങ്ങളായ ബീച്ചുകള്‍ അടുത്തു 10-വര്‍ഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും. അതുകൊണ്ടാണ് എന്റെ സിനിമക്ക് ‘India's Disappearing Beaches - A wake-Up Call’ എന്നു പേരിട്ടതും. കേരളത്തിലെ നിങ്ങളുടെ വായനക്കാരോട് ആ സിനിമ കാണണമെന്നും, അവരുടെ സൗഹൃദശൃംഖലകളില്‍ അത് പ്രചരിപ്പിക്കണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ണ്ണായകമായ ഈ ഒരു വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കൈവരുത്തുവാന്‍ അത് സഹായിക്കും.