TMJ
searchnav-menu
post-thumbnail

Coastal Kerala

തീരത്ത്

29 Oct 2021   |   1 min Read
ടി പി പത്മനാഭന്‍

Photos : Prasoon Kiran

മ്മേ, ഞാന്‍ വീണ്ടും വന്നിരിക്കയാണ് അമ്മയുടെ ചാരത്തേക്ക് ''വെൺനുര വൈരക്കല്‍ കാപ്പണിഞ്ഞ്'' അലക്കൈകള്‍ കൊണ്ട് ഇനിയും അനുഗ്രഹിച്ചാലും. ആ പരിരംഭണത്തിലൂടെ ആ ഗര്‍ഭസ്രവത്തില്‍ ഞാനൊന്നു കൂടി ഊളിയിടട്ടെ. അങ്ങ് കൈയ്യില്‍ വെച്ചുതന്ന ചെപ്പില്‍ ചിപ്പിയുണ്ട്, തൂവലുണ്ട്, പായലുണ്ട്, നക്ഷത്രമത്സ്യമുണ്ട്, കണവയുടെ അകക്കാമ്പുണ്ട്, ഒഴുകിക്കളിച്ച് തേയ്മാനം വന്ന ഒരു മരക്കമ്പുണ്ട് ഞാനവയൊക്കെയും ഈ തീരത്ത് നിരത്തി വെക്കട്ടെ. സൂര്യരശ്മി അവയില്‍ തട്ടുമ്പോഴുള്ള തിളക്ക വ്യത്യാസത്തിന്റെ പൊരുള്‍ തിരയട്ടെ. തീരം പോലെ ഓരോ നിമിഷവും നനക്കുകയും കാറ്റും വെയിലും കൊണ്ട് ഉണക്കി പവിത്രമാക്കുകയും ചെയ്യുന്ന വിശുദ്ധമായ മറ്റൊരിടം വേറെ എവിടെയുണ്ട്? ചെപ്പില്‍ അടച്ചുവെച്ചു തന്ന ഓരോന്നിനും ഒരുകഥപറയാനുണ്ട്. ജീവന്റെ കഥ. ജീവന്റെ പരിണാമഗാഥ. അതിനാല്‍ അവയോരോന്നും ഒരോര്‍മ്മ സമ്മാനമായി ഞാന്‍ സൂക്ഷിക്കാം.

കക്കകള്‍ എന്തൊക്കെ ആകൃതിയില്‍? വലുപ്പത്തില്‍? നിറത്തില്‍? അമ്പത് കോടി കൊല്ലം മുമ്പ് അന്ന് കടലിന് ചൂടേറിയ കാലമാണ്. കാര്‍ബണ്‍ഡൈ ഓക്‌സൈഡ് കൂടിയ അളവില്‍ ലയിച്ചു ചേര്‍ന്ന കാലം. അന്ന് കക്കകളുടെ ആദ്യരൂപം പിറക്കുന്ന കാലം. ചെറിയ മാംസ രൂപങ്ങള്‍ കടലില്‍ നിന്ന് കാല്‍സ്യവും കാര്‍ബൺഡൈ ഓക്‌സൈഡും വലിച്ചെടുത്ത് ശരീരത്തിനകത്ത് കാല്‍സ്യംകാര്‍ബണേറ്റ് സൂക്ഷിക്കുന്ന കാലം. കടലിന്റെ ചൂടും കാര്‍ബൺഡൈ ഓക്‌സൈഡും കുറച്ചു കൊണ്ടുവന്ന് ജീവപരിണാമത്തിന് അനുകൂലമാക്കുന്ന കര്‍മ്മം. കാലമേറെ കഴിഞ്ഞ് ഏതാണ്ട് പതിമൂന്ന് കോടി കൊല്ലം മുമ്പാണ് ഇന്ന് കാണുന്ന കക്കകള്‍ രൂപം കൊള്ളുന്നത്. നട്ടെല്ലുള്ളവയ്ക്ക് കടലില്‍ ഈറ്റില്ലം പണിതത് കക്കകളാണ്. അതിനാല്‍ ഒരു കക്ക കയ്യിലെടുത്താല്‍ ഒരു കര്‍മ്മകാണ്ഡം തുറന്നുകിട്ടും. അത് വായിക്കണം. അത് ചുരത്തുന്ന സൗന്ദര്യസാരത്തിലൂടെ പ്രകൃതി കടലില്‍ നടത്തിയ സര്‍ഗ്ഗവ്യാപാരങ്ങള്‍ ഓരോന്നായി എളിമയോടെ മനസ്സിലാക്കണം.

ഞാനന്തിനേരത്ത് ഇവിടെ വന്നിരുന്നിട്ടുണ്ട്. അസ്തമയ സൂര്യന്‍ കടലില്‍ചെംതീ ഉരുക്കി ഒഴിക്കുന്നത് കണ്ടിട്ടുണ്ട്. ചന്ദ്രന്‍ ഉദിച്ചുവരുമ്പോൾ വെള്ളിപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി  നില്‍ക്കുന്ന കടലും കണ്ടിട്ടുണ്ട്. കാക്കകള്‍ ചേക്കേറുന്ന സമയം ഏതൊക്കെയോ പറവകള്‍ കരകാണാത്ത കടലിലേക്ക് കൂട്ടമായി പറക്കുന്നത് കണ്ടിട്ടുണ്ട്. കാക്കക്ക് തീരമാണതിര്. വെള്ളപ്പറവകള്‍ക്കോ? ആ കാണുന്ന ചക്രവാളങ്ങള്‍ക്കപ്പുറത്ത് ചക്രവാളമുണ്ടെന്ന്, കരകാണാത്ത കടലിനപ്പുറത്ത് കരയുണ്ടെന്നും അവ പറഞ്ഞുതരും. പൂര്‍ണ്ണനിലാവുള്ളൊരു ദിനം. പാതിരാത്രിയില്‍ ഈ തീരത്ത് വന്നപ്പോള്‍ എണ്ണിയാലൊടുങ്ങാത്തത്ര കുതിര ഞണ്ടുകള്‍. മഞ്ഞ പുറംതോടിലുള്ള ആ കരിംപുള്ളികള്‍ എന്താണാവോ കരയില്‍ തേടുന്നത്? രാത്രി പുലരിയെ സന്ധിക്കുന്ന യാമത്തില്‍ തീരത്തുകൂടി നടന്നിട്ടുണ്ട്. മുട്ടയിടാന്‍ വന്ന കടലാമകളെ കണ്ടിട്ടുണ്ട്. മുട്ടയിട്ടു പോയ കടലാമ വഴികള്‍ കണ്ടിട്ടുണ്ട്. എല്ലാം മായ്ച്ചുകളയുന്ന കടല്‍ എന്തിനാണാവോ ചിലതൊക്കെ മായ്ക്കാതെ വെക്കുന്നത്? കൂരിരുട്ടുള്ള പാതിരാത്രിയില്‍ കടലിരമ്പം കേട്ട് ഭയന്ന് ഓടി മറഞ്ഞിട്ടുണ്ട്. മകരം ഇരുപത്തിയെട്ടിന് നട്ടുച്ച നേരത്ത് വീശിയടിക്കുന്ന തണുത്ത കാറ്റില്‍ വിജനമായ കാറ്റില്‍ തനിച്ച് നടക്കുമ്പോൾ വെള്ളത്തുണി കൊണ്ട് മുഖമൊഴികെ ശരീരമാസകലം മറച്ച ഒരു അമ്മൂമ്മ വന്ന് ''ഈ സമയത്തിവിടെ നടക്കരുതെന്ന്'' ശാസിച്ചിട്ടുണ്ട്. മൂന്നുനാലടി വെച്ച് തിരിഞ്ഞു നോക്കിയപ്പോള്‍ അവരെ കണ്ടില്ല. സംഭവം പ്രായമായ ഒരാളുമായി പങ്കുവെച്ചപ്പോള്‍ 'കടല്‍ സത്യമാണെന്ന് മനസ്സിലായില്ലേ' എന്നായിരുന്ന സ്‌നേഹശാസന. ''ചില വിലക്കുകളുണ്ട്. പഠിപ്പേറി അത് ലംഘിക്കരുത്''  എന്നൊരു ഉപദേശവും. പാറയില്‍ പറ്റിയ കക്ക, കല്ലുമ്മക്കായ, മുരു, പായലുകള്‍.. അവയത്രയും സമുദ്രത്തിരമാലകളുടെ ശക്തിയില്‍ കല്ലില്‍ കാലുറച്ച് നില്‍ക്കുന്നു. ആഹാരം സ്വീകരിക്കുന്നു. സുഖകരമായി വളരുന്നു. പ്രത്യുല്പാദനം നടത്തുന്നു. ഓരോ നിമിഷവും നനയുന്നു. തിരമാലകളില്‍ മുങ്ങുന്നു. മനുഷ്യരാരും കണ്ടിട്ടില്ലാത്ത ഇടങ്ങളില്‍ ഈ ജീവിത ലീലകള്‍ തുടരുന്നു. കടല്‍പക്ഷികളോ ഏതാനും കടല്‍ സസ്തനികളോ മാത്രമേ ആ കാഴ്ചകണ്ടിരിക്കൂ. അവിടെ മുഷ്യന്റെ ഉല്ലാസയാത്രകളില്ല. കൂക്കിവിളികളില്ല. മനുഷ്യഘോഷങ്ങള്‍ ഒന്നുമില്ല. ചുറ്റും കടലിന്റെ, കാറ്റിന്റെ ശബ്ദം മാത്രം. ഏതോ പുരാതന സംസ്‌ക്കാരത്തിന്റെ കേദാരഭൂമി എന്നപോലെ പവിതമായ ഒരിടം. കടല്‍ത്തീരത്ത് കൂടി നടക്കണം. മറ്റൊരു മനുഷ്യന്റെ കാല്പാടില്ലാത്ത തീരത്തുകൂടി.

നാല്പതിലേറെ വര്‍ഷമായി വിദ്യാര്‍ത്ഥികളോടൊപ്പം തീരത്തണയുന്നത്. കുറെ നേരം കടലിനെ നിശ്ശബ്ദം നോക്കിയിരിക്കും. പിന്നീട് കുറച്ച് നേരം കണ്ണടച്ചിരുന്ന് കടലിനെ ആവാഹിക്കും. പിന്നെ കണ്ണ്തുറന്ന് നോക്കുമ്പോള്‍ മറ്റൊരു ലോകം അനാവരണം ചെയ്യും. പിന്നെ മണ്ണപ്പമുണ്ടാക്കും. രൂപങ്ങള്‍ മെനയും, ചിപ്പികള്‍ കൊണ്ടവ അലങ്കരിക്കും. എന്തൊക്കെയോ മണ്ണിലെഴുതും. തിരമാലകള്‍ ആര്‍ത്തലച്ചു വന്ന് എല്ലാം മായ്ച്ചുകളയും. തുടര്‍ന്ന് തിരയോടൊപ്പം ആവേശത്തോടെയുള്ള കളിയാണ്. എത്ര നിര്‍ബന്ധിച്ചാലും കയറില്ല. കടലില്‍ ഇറങ്ങാന്‍ ആദ്യം പേടിയാണ്. ഇറങ്ങിയാല്‍ കയറുകയുമില്ല. ഇതുതന്നെയാണ് ജീവിതത്തിലും ജീവിത സാഹചര്യങ്ങളിലും അനുഭവം. ഹൃദയം സദാ സ്പന്ദിച്ചു കൊണ്ടിരിക്കും. കടലും അങ്ങിനെ തന്നെ. ആ ഉയര്‍ച്ചയും താഴ്ചയും അലകള്‍ ഉണ്ടാക്കുന്ന ശബ്ദവും ശുദ്ധീകരിക്കലും പരന്നൊഴുകലും എല്ലാത്തിനും കാരണമാകുന്നത് സൂര്യചന്ദ്രാദികളുടെ അപാരമായ ഗുരുത്വാകര്‍ഷണം കൊണ്ടും. കൃത്യമായി സൂക്ഷ്മമായി അനവരതം സ്പന്ദിച്ച് ഭൂമിയെ ഹരിതമയമാക്കുന്ന ഹൃദ്‌സ്പന്ദനം. പൂവില്‍ തേന്‍നിറയുന്നതും മൂളിപ്പാട്ടും പാടി ആനന്ദനൃത്തം ചെയ്ത് പൂവില്‍ വണ്ട് പരാഗണം നടത്തുന്നതും പിന്നെ പൂവില്‍ നിന്ന് ഉരുവം കൊള്ളുന്ന വിത്തിനെ മണ്ണില്‍വിശ്വസിച്ച് ഏല്‍പ്പിക്കുകയും ചെയ്യുന്ന ഗുരുത്വാകര്‍ഷണം. തിമിംഗലക്കുഞ്ഞുങ്ങളെ കയ്യേറ്റു വാങ്ങുന്നതും അതേ ആകര്‍ഷണം. ചിലര്‍ക്കിത് കാല്പനികമാകാം. മറ്റു ചിലര്‍ക്ക് ജൈവീകമോ ഭൗതീകമോ ആയ പ്രതിഭാസങ്ങളാകാം. പക്ഷെ എനിക്കിത് ഒഴിച്ചു കൂടാനാകാത്ത അവിഭാജ്യഘടകമാണ്. തീരത്തിരിക്കുമ്പോള്‍ ചിലപ്പോള്‍ ഡോള്‍ഫിനുകളെ കാണാറുണ്ട്. പണ്ടൊരു കാലത്ത് കരയില്‍ ജീവിതം തുടങ്ങി പിന്നെപ്പോഴോ കടലിലിറങ്ങി. പിന്നെ കടലിന്റെ ഉന്മാദ നൃത്തത്തിനൊപ്പം ചേര്‍ന്ന് ജീവിക്കുന്ന തിമിംഗലങ്ങള്‍. തിമിംഗലത്തിന്റെ നിശ്വാസത്തിലെ ജലധാര കാണുമ്പോള്‍ ഡോള്‍ഫിനുകളുടെ തരംഗസഞ്ചാരം കാണുമ്പോള്‍ എനിക്കവയുടെ യാത്ര തിരിച്ചറിയാനാകും. കടലിന്റെ ആഴങ്ങളിലൂടെ അഞ്ചാറായിരം മൈലുകള്‍. ദക്ഷിണാര്‍ദ്ധഗോളത്തിലെ കൊടും തണുപ്പില്‍ പ്രസവിച്ചു കുഞ്ഞുങ്ങളുമായി ആര്‍ട്ടിക് സമുദ്രങ്ങളില്‍ മേയാനെത്തുന്നവ. അത്ഭുതകരമായ അവയുടെ ജീവിത യാത്രയെക്കുറിച്ച് നമുക്ക് കുറച്ചേ അറിയൂ. ആ സഞ്ചാരത്തില്‍ അവ പാടും, വിളിക്കും. അതൊക്കെ ആശ്ചര്യപ്പെടുത്തുന്ന ശബ്ദത്തിന്റെ സ്വരലയത്തില്‍. നമുക്കൊരിക്കലും അവയുടെ യാത്രയില്‍ പങ്കാളിയാകാനാകില്ല. മറിച്ച് നമ്മുടെ ദൃഷ്ടിയില്‍ അവയെത്തുന്ന ഏതാനും ഭാഗ്യ നിമിഷങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട് തീരത്തിരിക്കുക.

ജീവശാസ്ത്രപരമായി തിമിംഗലവും മനുഷ്യനും ഒരേ കുലത്തിലാണ്. പ്രസവിച്ച് മുലപ്പാലൂട്ടി കുഞ്ഞിനെ വളര്‍ത്തുന്നവര്‍. അവയുടെ ഈററില്ലങ്ങള്‍ സമുഗ്രാന്തര്‍ഭാഗമാണെന്നു മാത്രം. ആ ഈറ്റില്ലങ്ങളില്‍ കുഞ്ഞുങ്ങളെ പാലൂട്ടുന്ന അമ്മമാരുണ്ടാകും. ഗര്‍ഭഭാരം കൊണ്ട് വലയുന്ന പ്രസവമടുത്തവരുണ്ടാവും. പൊക്കിള്‍ കൊടികളില്‍ തൂങ്ങി ചാഞ്ചാടുന്ന കുഞ്ഞുങ്ങളുണ്ടാകും. സഖികളെ ഉമ്മ വെച്ച് രസിക്കുന്ന നവവധുക്കളുണ്ടാവും. ഇണചേരുന്നവരുണ്ടാകും. ഹര്‍ഷോന്മാദങ്ങള്‍ പുളഞ്ഞുകളിക്കുന്ന പ്രശാന്തമായ ജീവ ഗൃഹങ്ങളാണ് കടലിന്റെ ഓരോ അടുക്കും. മരണത്തിന് തൊട്ടു മുമ്പ് സ്‌പേം തിമിംഗലങ്ങള്‍ തല സൂര്യന്റെ നേര്‍ക്കു തിരിച്ച് മുന്‍കൈയ്യുകള്‍ ഉയര്‍ത്തുമെന്ന് മോബിഡിക്ക് എന്ന ക്ലാസിക്ക് നോവലില്‍ ഹെര്‍മന്‍ മെല്‍വില്‍ രേഖപ്പെടുത്തുന്നുണ്ട്. സൂര്യനുള്ള അന്തിമമായ പ്രണാമം ഇത്രയും ബൃഹത്തായ ജീവിതത്തിന് നാഥനായി നിന്നതിന്.. മെല്‍വില്‍ എഴുതുന്നു. ''ഹേ വിശ്വപ്രകൃതി, നിന്റെ ഈ തിമിംഗലം ജീവന്‍ചോര്‍ന്നു പോകാറായ അതിന്റെ തല സൂര്യനു നേരെ ഉയര്‍ത്തിപ്പിടിക്കുന്നു. ജീവിതത്തിന്റെ മറന്നുപോയ പലതും അതെന്നെ ഓര്‍മ്മപ്പെടുത്തുന്നു.'' കടല്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്. പെന്‍സില്‍ ചെത്തുമ്പോൾ  മുറിഞ്ഞാല്‍ ഉടനെ വിരല്‍ വായിലിടും. ഉപ്പിലിക്കുന്ന ചോര. നട്ടെല്ലുള്ള ജീവജാലങ്ങള്‍ കടലില്‍ രൂപം കൊള്ളുന്ന കാലത്ത് കടല്‍ ജലത്തിന്റെ സാന്ദ്രതയാണത്രെ ഇന്നും നമ്മുടെ രക്തത്തിന്. കോടിക്കണക്കിന് വര്‍ഷങ്ങളിലൂടെ കടലിന്റെ ഉപ്പ് വര്‍ദ്ധിച്ചു. നമ്മുടെ ഉപ്പ് മാറാതെ തന്നെ നില്‍ക്കുന്നു. തീന്‍മേശയിലെ ഉപ്പുകുപ്പി ഓര്‍മ്മപ്പെടുത്തുന്ന നമ്മുടെ ജന്മത്തിന്റെ ജലനാഭി ചുഴിയും കടലല്ലാതെ മറ്റെന്താണ്? തീരത്തുകൂടിയുള്ള അലസമായ നടത്തത്തിലും ഒരു കഷണം കരിഞ്ഞുണങ്ങിയ കടല്‍പ്പായല്‍ കാണാതിരിക്കില്ല. അതാണ് കരയിലാവശ്യമായ പ്രാണവായുവിന്റെ പകുതിയിലേറെയും പുറത്തുവിടുന്നത്. അവയാണ് കടല്‍ജീവികളുടെ ആഹാരം. പ്രാണന്‍ നല്‍കുന്ന ആഹാരം തരുന്ന പായല്‍. കരയിലെ സസ്യങ്ങളെ പോലെ ഋതുഭേദങ്ങളുടെ ഭാവപ്പകര്‍ച്ച അവര്‍ക്കന്യമാണ്. കാലഗണനക്കനുസരിച്ച് പൂക്കുകയോ കായ്ക്കുകയോ ചെയ്യുന്നവയല്ല കടല്‍ സസ്യങ്ങള്‍. അവ തുടര്‍ച്ചയായി വളരുന്നു. വളര്‍ച്ചയ്ക്കിടയില്‍ ആരുടെയൊക്കെയോ ആഹാരമായി തീരുന്നു. മരണവും ചീഞ്ഞടിയലും കടല്‍ സസ്യങ്ങള്‍ക്കുമുണ്ട്. നാല്പതടിയോളം വരുന്ന ഏറ്റവും വലിയ മത്സ്യമായ ഗ്രേറ്റ് ബാസ്‌ക്കിങ്ങ് ഷാര്‍ക്കിന്റെ ആഹാരവും ഏറ്റവും വലിയ സസ്തനിയായ നീലതിമിംഗലത്തിന്റെ ആഹാരവും സൂക്ഷ്മ പ്ലാങ്ടണുകളാണ്. ''സമുദ്രത്തെ അറിഞ്ഞവര്‍ ഈ ഭൂമിയില്‍ ആരുണ്ട്? നിനക്കുമറിയില്ല, എനിക്കുമറിയില്ല. വേലിയേറ്റിറക്ക തടാകങ്ങള്‍ക്കിടയില്‍ വീടുണ്ടാക്കി ഒളിച്ചിരിക്കുന്ന ഞണ്ടുകള്‍ക്കു മേല്‍ ആഞ്ഞടിച്ചു നുരഞ്ഞു പതയുന്ന തിരമാലകളെ ഈ ഭൂമിയിലെ വന്‍കരകളില്‍ തളച്ചിടപ്പെട്ട  ഇന്ദ്രിയങ്ങള്‍ കൊണ്ടങ്ങിനെ നമുക്ക് മനസ്സിലാക്കാനാകും. അലഞ്ഞു നടന്ന് ആഹാരം തേടുന്ന, ആഹരിക്കപ്പെടുന്ന വലിയ വലിയ മത്സ്യക്കൂഞ്ഞുങ്ങളും പ്രാണവായുവിനായി അന്തരീക്ഷത്തിലേക്ക് തിരമാലകളെ തുളച്ച് പൊങ്ങിവരുന്ന ഡോള്‍ഫിനുകളും നിറഞ്ഞ മധ്യക്കടലുകളിലെ തിരമാലക്കൂട്ടങ്ങളെ നമുക്ക് എങ്ങിനെ ഉള്‍ക്കൊള്ളാനാകും? സമുദ്രത്തിലെ അടിത്തട്ടിലെ ജീവിതത്തിന്റെ ബദ്ധപ്പാടുകളും ഭാഗ്യവിപര്യയങ്ങളും നമുക്ക് ഒരിക്കലും അറിയാനാവില്ല. സമ്പൂര്‍ണ്ണ നിശ്ശബ്ദതയും നിതാന്തമായ ശൈത്യവും അന്ധകാരവും ആധിപത്യമുറപ്പിച്ച അത്യഗാധമായ പാതാള ഗര്‍ത്തങ്ങളുടെ നിഗൂഢതകളിലേക്ക് ഗ്രഹിക്കാനാകാത്ത ആറു മൈലുകള്‍ താണ്ടി ഇറങ്ങി ചെല്ലുക മനുഷ്യന് വിധിച്ചിട്ടുള്ളതല്ല.''

റേച്ചന്‍ കഴ്‌സണോടുള്ള അഗാധമായ കടപ്പാടുകളോടെയാണ് ആഴക്കടല്‍ എന്ന അവരുടെ കൃതിയില്‍ നിന്നുള്ള വിവരണം മുകളില്‍ കൊടുത്തിരിക്കുന്നത്. ജീവന്റെ കളിത്തൊട്ടിലുകളായ അനാദിയായ സമുദ്രങ്ങളേയും സമുദ്ര ജീവനേയും ഹൃദയാവര്‍ജ്ജകമായി വാക്കുകളില്‍ പകര്‍ത്തുന്ന ഈ കൃതി ഭൂമിയേയും ജീവല്‍ പ്രകൃതിയേയും സ്‌നേഹിക്കുന്ന എല്ലാവരും വായിച്ചിരിക്കണം. സാധാരണ കാണുന്ന ഓരോ തിരതരംഗങ്ങളും പ്രാദേശികമായി രൂപം കൊള്ളുന്നതാകാം. എന്നാല്‍ പടുകൂറ്റന്‍ തിരമാലകള്‍ അതിശക്തമായി കാറ്റിനോടൊപ്പം ഒഴുകി എത്തി കരയെ കാര്‍ന്നെടുക്കാറുണ്ട്. ചിലവ ഉയര്‍ന്നു പൊങ്ങി ഭീകരമാം വിധം നാശം വിതച്ച് ഭയപ്പെടുത്താറുണ്ട്.അതിന് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ അകലെയുള്ള ചെറു ദ്വീപുകളില്‍ രൂപം കൊള്ളുന്നതാകാം. കടലിന്റെ ആഴങ്ങളിലൂടെ അതി ബൃഹത്തായ ശക്തിയിലൊഴുകുന്ന പ്രവാഹങ്ങളുമുണ്ട്. ഗ്രീന്‍ലാന്റില്‍ ആദ്യമായി മഴ പെയ്തപ്പോള്‍ കൊച്ചിയും മുംബൈയും കടലില്‍ മുങ്ങുമെന്നാണ് വാര്‍ത്ത വന്നത്.അത് ശരിയല്ല, കാരണം സമുദ്രം ഒന്നേയുള്ളൂ. ഒരു സ്ഥലത്തായി മാത്രം ജലം ഉയരില്ല. ഉയരുമ്പോള്‍ തീരങ്ങളാകെ മുങ്ങിപ്പോകും. ജലനിരപ്പ് താഴുമ്പോള്‍ ഭൂമിയിലെങ്ങും ഒരേപോലെ താഴും. ഭൂമിയില്‍ ഉള്ളതെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന മഹാപ്രവാഹത്തിന്റെ കീഴിലാണെന്ന് സമുദ്രം പോലെ മറ്റൊന്നിനും അറിവോതാനാകില്ല.   അല്ല തീര്‍ച്ചയായും നാം തനിച്ചല്ല. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണത്തിന് ആയിരം കോടി ടൺ  ജലം ഏഴടി ഉയരത്തില്‍ ഞാന്‍ നില്‍ക്കുന്ന തീരത്ത് എത്തിക്കാന്‍ കഴിവുണ്ടെന്നു പറഞാല്‍ എനിക്ക് അത് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അറിവാണ്. സെക്കന്റില്‍ 3 ലക്ഷം കിലോമീറ്റര്‍ വെച്ച് എത്രയോ വര്‍ഷം സഞ്ചരിച്ചാണ് എന്റെ കണ്ണിലെത്തിയ പ്രകാശം എന്ന അറിവും എന്റെ ഗ്രഹണത്തിനപ്പുറമാണ്. എങ്കിലും തിരമാല തുള്ളികളില്‍ പ്രകാശം പതിഞ്ഞുണ്ടാകുന്ന വര്‍ണ്ണ വിസ്മയം എന്നെ പുളകം കൊള്ളിക്കാറുണ്ട്.

 മനുഷ്യന്‍ പ്രപഞ്ചത്തെ കീഴടക്കി എന്നും പ്രപഞ്ചസത്ത തേടിയുള്ള മനുഷ്യന്റെ സഞ്ചാരത്തില്‍ അണ്ഡകടാഹങ്ങൾ പോലും വിറകൊള്ളുന്നു എന്നു പറയുന്നത് കേവലം വീമ്പു പറച്ചില്‍ മാത്രമാണെന്ന് ഓരോ തിരതരംഗവും ഉപദേശിക്കും. കടലിനെ നിയന്ത്രിക്കാനാവില്ല. മെരുക്കിയെടുക്കാനും ആവില്ല. കടലിനു മേല്‍ മനുഷ്യന്‍ നേടിയെടുത്തു എന്നു പറയുന്ന ആധിപത്യത്തിന്റെ എല്ലാ ഹുങ്കും ജലരേഖകള്‍ മാത്രമാണ്. അല്പം വിനയത്തോടെ ആ ജീവല്‍ധാരയെ മനുഷ്യന്‍ എന്നു കാണും? കടലിലേക്കു നീളുന്ന കുഞ്ഞു കൈകള്‍. കൈകളില്‍ ആമക്കുഞ്ഞുങ്ങള്‍. ആ പരിണാമ ദൗത്യം കണ്ടത് ഒരു സന്ധ്യാ നേരത്തും. കടല്‍ പക്ഷികള്‍ ഇരുളില്‍ വിലയം കൊള്ളാന്‍ പോയപ്പോള്‍ മത്സ്യബന്ധന വലകള്‍ തീരക്കടലില്‍ നിന്നും ഒഴിഞ്ഞ നേരത്ത് താന്‍ മുട്ട വിരിഞ്ഞിറങ്ങിയ തീരത്തേക്ക് മൈലുകള്‍ താണ്ടി മുട്ടയിടാന്‍ എത്തുന്ന ആമയമ്മകള്‍. ഏതൊരു നക്ഷത്രത്തിളക്കമാണാവോ അവയുടെ വഴികാട്ടി. മണ്ണിന്റെ ഏതൊരു മണവും രുചിയുമാണോ തന്റെ ജന്മഗൃഹത്തിലേക്ക് അവയെ ആനയിക്കുന്നത്. കരയിലെത്തി ഈറ്റില്ലം പണിത് മുട്ടകളിട്ട് വാതില്‍ പലകകള്‍ ഭദ്രമായി ചാരി അമ്മമാര്‍ തന്റെ കര്‍മ്മഭൂമിയിലേക്ക് മടങ്ങും ആ വഴി എത്തുന്നവര്‍. ആ മുട്ടകളത്രയും വാരിയെടുത്ത് ആഹാരമാക്കുന്നതില്‍ നിന്ന് രക്ഷയേകാന്‍ പുലര്‍വെളിച്ചത്തിനു മുന്‍പേ തീരത്തെത്തുന്ന കുഞ്ഞുങ്ങള്‍ എന്നില്‍ വലിയ പ്രതീക്ഷയുണര്‍ത്തുന്നു. ഓരോ ദിവസത്തെയും ഓരോ പ്രഭാതവും ജീവന് ഒരു പുതു തുടക്കമാണ്. അലമാലകള്‍ കറകഴുകിക്കളഞ്ഞ്  തീരങ്ങളിലെ പ്രഭാതം ഓരോ ദിവസവും വിസ്മയങ്ങള്‍ സമ്മാനിക്കും. ഈ കഥ കേട്ടതും തീരത്തു നിന്നാണ്. തിരയോടൊപ്പം തീരത്തു കൂടി ഓടി എന്തൊക്കെയോ കടലിലേക്ക് വലിച്ചെറിയുന്ന ഒരു മനുഷ്യന്‍. അദ്ദേഹത്തിന് വട്ടാണെന്നാണ് മുതിര്‍ന്നവരുടെ മതം. വട്ടരെ ആര് ശ്രദ്ധിക്കാന്‍ എന്നാല്‍ കൗതുകം തോന്നിയ കുട്ടി അദ്ദേഹത്തോടു ചോദിച്ചു. ''മുത്തച്ഛാ അങ്ങ് എന്താണ് ചെയ്യുന്നത്?'' ഉത്തരം പറയാന്‍ അദ്ദേഹത്തിന് സമയമില്ല. കാരണം അപ്പോഴേക്കും ഒരു തിരമാല കരയെ പുണര്‍ന്നിരുന്നു. അദ്ദേഹം ഓടി എന്തോ എടുത്ത് വീണ്ടും കടലിലേക്കെറിഞ്ഞു വീണ്ടും ഓടുകയാണ്. അദ്ദേഹത്തെ മൗനമായി പിന്‍തുടര്‍ന്ന കുട്ടി ഒടുവില്‍ ചോദിച്ചു. ''തിരകൈകളില്‍ കുടുങ്ങിയ നക്ഷത്രമത്സ്യങ്ങളെയാണ് അങ്ങ് രക്ഷിക്കുന്നത് അല്ലേ? ലോകത്തിലെ കരക്കടിയുന്ന എല്ലാ നക്ഷത്ര മത്സ്യങ്ങളേയും നിങ്ങള്‍ക്ക് രക്ഷിക്കാനാകുമോ?'' അദ്ദേഹം നടുനിവര്‍ത്തി നിന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു ''ഇല്ല കുഞ്ഞേ ഇല്ല, പക്ഷെ ഒന്നിനെയെങ്കിലും രക്ഷിക്കാനുള്ള ശ്രമത്തിലാണ് ഞാന്‍.'' അദ്ദേഹം വീണ്ടും തിരമാലകളെ തേടിയിറങ്ങി.

എന്തിനാണ് കടലാമ? എന്തിനാണ് നക്ഷത്രമത്സ്യം? സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ അതിന് ഉത്തരമുണ്ടോ? വിപണിയില്‍ മൂല്യമില്ലാത്തത് വിളയിക്കാന്‍ ഇറങ്ങുന്നത് സമൂഹത്തിന് ഹിതകരമാകുമോ? തന്റെ പെരുവിരലോളം വലുപ്പമുള്ള ആമക്കുഞ്ഞിനെ തിരകള്‍ക്കു നല്‍കുന്ന ഒരു കുഞ്ഞിന്റെ പ്രതീക്ഷ!! അത് കാണാമറയത്താകുന്നതുവരെ തന്റെ കണ്ണുകൊണ്ട് അനുസന്ധാനം ചെയ്യുന്ന കുഞ്ഞ്! ആ കുഞ്ഞിന്റെ കാല്‍ പാല്‍നുരകൊണ്ട് കഴുകിക്കുന്ന കടല്‍! ഒക്കെ ഒരു ചിത്തഭ്രമമല്ല. യാഥാര്‍ത്ഥ്യമാണ്. മഞ്ഞുകട്ടയുടെ താപനിലയില്‍ നിന്ന് 70 ഡിഗ്രി സെല്‍ഷ്യസിനും താഴെയുള്ള തണുപ്പില്‍ 170 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള കാറ്റില്‍ ദക്ഷിണധ്രുവത്തില്‍ ചക്രവര്‍ത്തി പെന്‍ഗ്വിനുകള്‍ തന്റെ ജീവപരീരയായ മുട്ട കാല്‍വിരലില്‍ താങ്ങി ഭ്രൂണം ഉറഞ്ഞു കട്ടയാകാതിരിക്കാന്‍ തന്റെ വയര്‍ മടക്കി മുട്ടക്ക് കവചമൊരുക്കും. ഈ അവസ്ഥ സ്വയം ചലനം പോലും ദുഷ്‌ക്കരമായ അവസ്ഥയില്‍ ചലിച്ചില്ലെങ്കില്‍ ജഢമായി മാറുന്ന സാഹചര്യത്തില്‍ പതുക്കെ ചലിച്ചു കൊണ്ടുള്ള രണ്ടുമാസത്തെ ജീവിതം. മൊത്തം 5 മാസത്തോളം ആഹാരമില്ലാത്ത ജീവിതം. നമുക്ക് കടലിനെ പേടിയാണ്. കൊടുംമഞ്ഞിനേയും കൊടുംകാറ്റിനേയും ഭയമാണ്. ജീവന്റെ നിയമം ചക്രവര്‍ത്തി പെന്‍ഗ്വിനും മനുഷ്യനും ഒന്നുതന്നെയാണ്. പക്ഷെ അത് ജീവിക്കുന്നത് ചുറ്റുപാടുകളെ കുറിച്ചുള്ള അറിവിന്റെ നിറവിലാണ്. കടല്‍ ജീവികള്‍ എവിടെയൊക്കെ കഴിയണമെന്ന് തീരുമാനിക്കുന്നത് പ്രവാഹങ്ങളാണ്. ചൂടു കൂടിയ ഭൂമധ്യരേഖാ പ്രദേശങ്ങളോ തണുത്തുറഞ്ഞ ധ്രുവങ്ങളോ അല്ല. ചക്രവര്‍ത്തി പെന്‍ഗ്വിന്റെ നിയതിയുടെ നിയമമാകാം. മറിച്ച് ശീതജല പ്രവാഹത്തിലെത്തുന്ന പ്ലാങ്ടണുകളെ ഭക്ഷിക്കുന്ന മത്സ്യങ്ങളും ഞണ്ടുകളാണ്  ആത്യന്തികമായി കടലിന്റെ പ്രവാഹങ്ങളാണ് കടലിലെ ഫലപൂയിഷ്ടമായ പ്രദേശങ്ങള്‍. ഉഷ്ണജല, ശീതജലപ്രവാഹങ്ങള്‍ സന്ധിക്കുന്ന ഇടങ്ങളാണ്. ജീവന്‍ കൊഴുത്ത് തുടിക്കുന്ന നിതാന്തമായ ചലനം കടലില്‍ കാണുക ഇത്തരം പ്രവാഹ സന്ധികളിലാണ്. കടല്‍ജീവിതത്തിന്റെ താങ്ങാണ് പ്രവാഹം. പ്രവാഹങ്ങളെ ആര്‍ക്കുണ്ട് പേടി മനുഷ്യനല്ലാതെ? എങ്കിലും അനേകം ആളുകള്‍ ദിനംപ്രതി തീരത്തെത്തുന്നുണ്ട്.

കടലിനെ ആൺകുട്ടികള്‍ അവള്‍ എന്നും പെൺകുട്ടികള്‍ അവന്‍ എന്നും വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഒപ്പം കഴിയാന്‍, പ്രേമിക്കാന്‍, ആലിംഗനബദ്ധരാകാന്‍, അലിഞ്ഞില്ലാതാകാന്‍ ആ പ്രവാഹം പോലെ കരുത്തേറിയ മാസ്മരികമായ ആകര്‍ഷണം മറ്റെവിടെയുണ്ട്? ആണിനും പെണ്ണിനും കടലിനോട് പ്രേമമാണ്. കരപ്പക്ഷികളും കടല്‍പ്പക്ഷികളും സംഗമിക്കുന്ന ഈ തീരത്ത് ഒരിക്കല്‍ ഇരിക്കുമ്പോഴാണ്  വെള്ള വയറന്‍ കടല്‍ പരുന്തുകളുടെ ഇണചേരല്‍ കാണുന്നത്. വെയില്‍ മൂത്ത് ഉപരിവായുവിന് കനം കുറഞ്ഞ നേരം ഏതാണ്ട് നൂറടിയോളം ഉയരെ നിന്ന് വായുവില്‍ തൂവല്‍ക്കെട്ടുകളുടെ ഒരു മാസ്മരിക ജീവല്‍ പ്രവാഹം. ചുണ്ട് ചുണ്ടോടു ചേര്‍ത്ത് തൂവല്‍ കൊണ്ട് പരസ്പരം പുതച്ച് വിരലുകള്‍ കൊണ്ട് ചേര്‍ത്തുപിടിച്ച് ആലിംഗനബദ്ധരാകുന്ന കാഴ്ച. ആ മലക്കംമറിച്ചല്‍! ആ തൂവല്‍ക്കെട്ട് കടലില്‍ പതിക്കുമോ? കടല്‍ ജീവികള്‍ക്ക് ആഹാരമാകുമോ? അങ്ങനെ സംഭവിച്ചില്ല. കടല്‍ തൊട്ടുതൊട്ടു എന്ന നിലയിലായപ്പോള്‍ പരസ്പരം വേര്‍പിരിഞ്ഞ് കടലിലേക്ക് വീണ്ടും പറന്നു. ജീവന്‍ ജീവനില്‍ ചേരുന്ന, ചേതോഹരമായ ഇത്തരം കാഴ്ചകള്‍ ഒരു മറയുമില്ലാതെ കാണാന്‍കടല്‍ത്തീരത്തെ പോലെ മറ്റൊരിടം വേറെ എവിടെയുണ്ട്? അതുകൊണ്ടും കൂടിയാണ് ഈ പ്രേമസാഫല്യത്തിന്റെ തീരം വീണ്ടും വീണ്ടും മനുഷ്യരെ ആകര്‍ഷിക്കുന്നത്. ജീവിതത്തില്‍ പ്രതിസന്ധികളുള്ളവരുണ്ട്. ദുരിതങ്ങള്‍ ഉള്ളവരുണ്ട്. ദു:ഖം നിറഞ്ഞവരുണ്ട്. സന്തോഷവാന്മാരുണ്ട്. നിങ്ങളാരുമാകട്ടെ കടല്‍തീരത്തെത്തുക. മാനസീകാവസ്ഥയ്ക്കനുസരിച്ച് ഇരിക്കുകയോ കളിക്കുകയോ അലസമായി നടക്കുകയോ എന്തുമാകട്ടെ തിരികെ പോകുന്നവന്‍ തികച്ചും വ്യത്യസ്തരായ വ്യക്തിയായിരിക്കും. ശാരീരികമായും മാനസികമായും ആത്മീയമായും. അമ്പത് വര്‍ഷം മുമ്പ് ആദ്യമായി ഞാനിരുന്ന് തിരമാലകള്‍ കണ്ട തീരത്തുണ്ട്. ഇന്ന് കിലോമീറ്ററകലെ കടലിലാണ്.അവിടെതിരമാല കൈകളില്‍ഞണ്ടും കടല്‍കുതിരയും മീനും കളിച്ചു കൊണ്ടിരിക്കുകയാണ്.ഒരു മഴുവെറിഞ്ഞ് അത് വീണ്ടെടുക്കാമെന്നത് വെറും മിഥ്യ. മറിച്ച് ജീവന്റെ പ്രേമക്കണ്ണുകളാല്‍ ഊഞ്ഞാല്‍ കെട്ടി എനിക്ക് അവയോടൊപ്പം ഊയലാടാം. കരകളേയും വന്‍കരകളേയും യോജിപ്പിക്കുന്ന കടലും അത്തരം പ്രേമയോഗങ്ങളാകും കാമിക്കുന്നത്. കടലെടുത്ത കരയോടടുത്ത് ഒരു ചാളയില്‍ കഴിയുന്ന ഒരമ്മയോട് ഒരിക്കല്‍ ചോദിച്ചു ഇതും കടലെടുക്കില്ലേ? താമസിക്കാന്‍ വിഷമമല്ലേ? മറുപടി ഇങ്ങനെയായിരുന്നു. ''ഈ തീരം വിട്ട് എവിടെ പോവാന്‍. ഇത്രയും കാലം അവളോടൊപ്പം കഴിഞ്ഞു. നാളെ അവള്‍ വിളിക്കും അവളോടൊപ്പം പോകും. ഇന്ന് അല്പം മാറി നില്‍ക്കുന്ന ഞാന്‍ നാളെ പൂര്‍ണ്ണമായും അവളുടെ കരവലയത്തിലാകും. വിഷമങ്ങള്‍ക്കെല്ലാം ആ കരം തന്നെ പരിഹാരം   ഇന്നും എന്നും.'' ഏറെ വിനീതയായ ഒരമ്മയുടെ സത്യസന്ധമായ ആത്മാര്‍ത്ഥമായ പ്രതികരണം. അമ്മേ, ഞാനിന്ന് പോകട്ടെ. തെറ്റാണെന്നറിഞ്ഞു കൊണ്ടു തന്നെ ഒരു ശംഖുമെടുത്ത് അലകൈകള്‍ തഴുകി മിനുക്കിയ കൊടും വെയില്‍ ഗാഢതവരുത്തിയ ഉപ്പുമണ്ണിന്റെ മണമുള്ള ഒരു ശംഖുവേണം. വഴിയിലുടനീളം ചെവിയില്‍ പിടിച്ചു നടക്കാന്‍. എന്തിനെന്നോ? ഈ കവിത വായിക്കൂ. ജി.എല്‍. ലിന്‍ഡ്‌സെയുടെ ''ചെറിയ ശംഖുകള്‍'' എന്ന കവിത.

ചെറിയ ചുരുളുള്ള ഒരു ശംഖിനെ
ഒന്നു നിന്നു മെല്ലെ കയ്യിലെടുത്തു ഞാന്‍
മാര്‍ദ്ദവ വിരല്‍ത്തുമ്പില്‍ അല്പം ചൂടു തോന്നുന്നു,
കൈത്തലത്തില്‍ ഒട്ടും ഭാരം തോന്നാത്ത ശംഖിനെ
നിശ്ശബ്ദമെങ്കിലും പ്രേത മര്‍മ്മരം പോലെ
'ഒന്നു കേള്‍ക്കൂ' എന്നു കേട്ടതുപോലെ എനിക്ക് തോന്നി.
വന്നെനിക്ക് സന്തോഷത്തിന്റെ ഒരു ചെറു പുഞ്ചിരിയും
കാരണം, എനിക്കാ ശംഖിന്റെ രഹസ്യമറിയാം.
അതിന്റെയുള്ളില്‍ ഒളിച്ചിരിക്കും സമുദ്രത്തെ,
അങ്ങകലത്തെ കൊടുങ്കാറ്റിനെ
വേലിയേറ്റിറക്കങ്ങളുടെ കാല്‍ച്ചുവടുകളെ,
വെളിച്ചം തെളിയാത്ത ചാരപുലര്‍കാലങ്ങളെ,
മൂടല്‍ മഞ്ഞിനെ, നിശ്ശബ്ദതയെ
അതിന്റെയുള്ളില്‍ കാത്തുവെച്ച
എന്നോ പണ്ടുപണ്ടുനിന്നുള്ള
മൃദു ഓര്‍മ്മകള്‍.
ഞാന്‍ ആ ശംഖുയര്‍ത്തി കാതോടു ചേര്‍ത്ത്
കേട്ടു അതിന്റെ കഥകള്‍,
കാലങ്ങളായി അത് കാത്തുവെച്ചിരിക്കുന്നവ.
പകര്‍ന്നു എന്റെഉള്ളിലേക്കും ആ കഥകള്‍ ഞാന്‍
പിന്നെ മണല്‍ തീരത്തു തന്നെ
തിരികെ വെച്ചു ശംഖിനെ.
എല്ലാ ശംഖുകള്‍ക്കും ഒരേ ശബ്ദമെങ്കിലും
ഓര്‍ക്കുക, അവ ഓരോന്നും മറന്നില്ല അവരുടെ
പണ്ടു പണ്ടേ നിന്നുള്ള കഥകള്‍.
ഹൃദയത്തില്‍ നിന്നുള്ള,
കടലിന്റെ മര്‍മ്മരം പോലുള്ള കഥകള്‍,
കടലിന്റെ നിശ്വാസം പോലെ
പറയുന്നു അവ ലോകത്തോട്
ഹൃദയത്തില്‍ നിന്നുള്ള
അവരുടെ കഥകള്‍.

(കവിത വിവർത്തനം : എസ് സതീഷ് ചന്ദ്രൻ)

Leave a comment