TMJ
searchnav-menu
post-thumbnail

Outlook

വര്‍ഗീയമാവുന്ന രാഷ്ട്രീയകൊലകള്‍

22 Dec 2021   |   1 min Read
കെ പി സേതുനാഥ്

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് സംഘടിതമായ നിലയില്‍ വര്‍ഗീയഛായ പടരുന്നുവെന്ന ഉത്ക്കണ്ഠകള്‍ യാഥാര്‍ത്ഥ്യമായി മാറിയെന്ന സംശയങ്ങളെ ബലപ്പെടുത്തുന്നതാണ് കഴിഞ്ഞ ദിവസം ആലപ്പുഴയിലുണ്ടായ കൊലപാതകങ്ങള്‍. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും (എസ് ഡി പി ഐ), ബിജെപിയുടെയും സംസ്ഥാനതല നേതാക്കള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ വധിക്കപ്പെടുന്നത് അതിന്റെ ഭയാനകമായ സൂചനയാണെന്ന് തിരിച്ചറിയേണ്ട സന്ദര്‍ഭം കഴിഞ്ഞിരിക്കുന്നു. രാഷ്ട്രീയ കക്ഷികളുടെ ആശിര്‍വാദത്തോടെ കേരളത്തില്‍ നടക്കുന്ന കൊലപാതകങ്ങളെ രാഷ്ട്രീയ കൊലപാതകങ്ങള്‍ എന്നു നാമകരണം ചെയ്യുന്നതിനെ പോലും പുനഃപരിശോധിക്കേണ്ട സാഹചര്യം നാം അഭിമുഖീകരിക്കുന്നു. രാഷ്ട്രീയ പ്രവര്‍ത്തകര്‍ തമ്മില്‍ പ്രത്യേക സംഭവങ്ങളുടെ പേരില്‍ പ്രദേശിക തലങ്ങളില്‍ രൂപപ്പെടുന്ന ഭിന്നതകളുമായി ബന്ധപ്പെട്ട് വളരെ പെട്ടെന്നുള്ള വികാരവിക്ഷോഭത്തിന്റെ ഭാഗമായ വൈരങ്ങള്‍ അടിപിടിയിലും കൊലപാതകത്തിലുമൊക്കെ എത്തുന്നതിനെയാണ് സാധാരണഗതിയില്‍ രാഷ്ട്രീയ കൊലപാതകങ്ങളായി അടയാളപ്പെടുത്താനാവുക. പെട്ടെന്നുള്ള വൈകാരികതകളാവും അത്തരത്തിലുള്ള അക്രമങ്ങളുടെ പ്രധാന പ്രകോപനം. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങളെന്ന പേരില്‍ കേരളത്തില്‍ കഴിഞ്ഞ കുറച്ചു കാലങ്ങളായി നടക്കുന്ന നരഹത്യകള്‍ അങ്ങനെ പെട്ടെന്നുള്ള വൈകാരികതകളുടെ അടിസ്ഥാനത്തിലാണെന്നു പറയാനാവില്ല. അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകകളുടെ ഭാഗമായി നടത്തുന്ന ആസൂത്രിത ഹിംസയുമായാണ് കേരളത്തിലെ രാഷ്ട്രീയ പ്രേരിതമായ കൊലപാതകങ്ങള്‍ക്ക് കൂടുതല്‍ സമാനത. കൃത്യമായ ആസൂത്രണത്തിലൂടെ ഒരു പിഴവും പറ്റാത്ത വിധം നടപ്പിലാക്കുന്ന ഈ കൊലപാതകങ്ങള്‍ ഏതൊരു മാഫിയ നേതാവിനെയും അസൂയപ്പെടുത്തുന്നതാണ്. എതിരാളിയെ ഉന്മൂലനം ചെയ്യുന്നതിനൊപ്പം ഈ കൊലപാതകങ്ങളുടെ ആസൂത്രണത്തിലും, നടത്തിപ്പിലും ഉള്‍ച്ചേര്‍ന്നിട്ടുള്ള മറ്റൊരു പ്രധാന കാര്യം അവയുടെ പ്രകടനാത്മക (performative) മൂല്യമാണ്. പ്രകടനാത്മകതയുടെ സൃഷ്ടിയായ ഭയാനകതയും, ഭീകരതയും ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ എല്ലാ വര്‍ണ്ണരാജികള്‍ക്കും ബാധകമാണെന്ന തിരിച്ചറിവിന്റെ കൂടെ പശ്ചാത്തലത്തിലാണ് മതവിദ്വേഷത്തില്‍ അധിഷ്ഠിതമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കുന്നതിന്റെ ദൂരവ്യാപക ഫലങ്ങളെ വിലയിരുത്താനാവുക.

മതപരതയുടെ രാഷ്ട്രീയം

രാഷ്ട്രീയത്തിന്റെ ചാലകശക്തിയായി, ഇന്ത്യയില്‍, പ്രത്യേകിച്ചും ഉത്തര-പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മതപരതയും, മതവൈരവും പ്രവര്‍ത്തിക്കുന്നതിന്റെ ദീര്‍ഘകാല ചരിത്രം സുപരിചിതമാണ്. വളരെ സംഘടിതമായ നിലയില്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ രൂപഘടന തുടക്കം മുതല്‍ ഹിന്ദുവാദ രാഷ്ട്രീയത്തിന്റെ അവിഭാജ്യഘടകമായി മാറുന്ന പ്രക്രിയ 'Gita Press and The Making of Hindutva' പോലുള്ള പുസ്തകങ്ങള്‍ ഭംഗിയായി രേഖപ്പെടുത്തുന്നു. ഹിന്ദുവാദ മതപരതയുടെ നിര്‍മ്മിതികള്‍ വിവിധ ധാരകളിലുള്ള ദേശീയ ഭാവനകളില്‍ സ്വാഭാവിക പ്രക്രിയായി വിലയിരുത്തപ്പെട്ടപ്പോള്‍ മുസ്ലീം സ്വത്വനിര്‍മ്മിതി തുടക്കം മുതല്‍ പ്രതിരോധകരമായ ആഖ്യാനത്തില്‍ അഭയം തേടേണ്ട അവസ്ഥയിലായിരുന്നു. കൊളോണിയല്‍ ചരിത്ര നിര്‍മിതിയുടെ കാലഗണനയില്‍ ഹൈന്ദവ ഇന്ത്യയില്‍ അതിക്രമിച്ചു കടന്ന അധിനിവേശ ശക്തികളായി മുസ്ലീം ജനത കുടിയിരുത്തപ്പെട്ടതിന്റെ ആഖ്യാനങ്ങള്‍ ഇപ്പോഴും ശക്തമായി തുടരുന്ന സ്ഥിതിക്ക് അതിന്റെ തുടക്കക്കാലത്തെ സ്വീകാര്യത ഊഹിക്കാവുന്നതാണ്.

ഉത്തരേന്ത്യയില്‍ നടന്ന സംഭവങ്ങള്‍ മൊത്തം ഉപഭൂഖണ്ഡത്തിന്റെ ചരിത്രമായി വിലയിരുത്തുന്ന ഈ കൊളോണിയല്‍ നിര്‍മിതി പൊതുബോധത്തില്‍, പ്രത്യേകിച്ചും കൊളോണിയല്‍ ഭരണകൂടത്തിന്റെ തണലില്‍ ഉയര്‍ന്നു വന്ന നാഗരിക മധ്യവര്‍ഗത്തിന്റെ ഇടയില്‍, ആഴത്തില്‍ വേരൂന്നിയതോടെ ദേശീയതയുടെ ഭാവനകള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഹിന്ദുവിന്റെ സ്വകാര്യതയായി വീക്ഷിക്കുന്ന രാഷ്ട്രീയവും ഉരുത്തിരിഞ്ഞു. പോയകാലത്തെ ചൊല്ലിയുള്ള മതസ്പര്‍ദ്ധകളുടെയും, മതപരതയുടെയും നിരന്തര നിര്‍മ്മിതികളിലൂടെ രൂപപ്പെട്ട അത്തരമൊരു രാഷ്ട്രീയത്തിന് കേരളത്തിന്റെ സാമൂഹ്യ പരിസരം അനുയോജ്യമാവില്ലെന്ന തോന്നല്‍ സമീപകാലം വരെ കേരളത്തിന്റെ പൊതുബോധത്തില്‍ വളരെ സ്വാഭാവികമായ ഒന്നായിരുന്നു. നിര്‍ഭാഗ്യവശാല്‍, ആ സ്ഥിതിവിശേഷം ഇപ്പോള്‍ മാറിയിരിക്കുന്നു. മതവൈരവും, വെറുപ്പും, വിദ്വേഷവും നിരന്തരം ഉല്‍പ്പാദിപ്പിക്കുന്ന വര്‍ഗീയതയുടെ 'ചുരുളി' ഭാഷണങ്ങള്‍ കേരളത്തിലെ പൊതുസംവാദ മണ്ഡലങ്ങളില്‍ അസാധാരണമായ ബഹുമാന്യത നേടിയിരിക്കുന്നു. 'ലവ് ജിഹാദ് മുതല്‍ തുപ്പല്‍ ജിഹാദ്' വരെയുള്ള ചരിത്രം ആക്രമണോത്സുകമായ ഹിന്ദു രാഷ്ട്രീയത്തിന്റെ ആഖ്യാനങ്ങളുടെ ഭാഷയെ നിര്‍ണ്ണയിച്ചപ്പോള്‍ സ്വത്വവാദത്തിന്റെ ചിറകിലേറിയാണ് രാഷ്ട്രീയ ഇസ്ലാമിന്റെ വക്താക്കള്‍ തങ്ങളുടെ വൃത്തവും അലങ്കാരങ്ങളും രൂപപ്പെടുത്തിയത്. താലിബാന്‍ മുതല്‍ ഇസ്ലാമിക സ്റ്റേറ്റ് വരെയുള്ളവയുടെ ന്യായവാദങ്ങള്‍ പ്രത്യക്ഷമായും, പരോക്ഷമായും അവരുടെ ആശയനിര്‍മിതികളുടെ വ്യാകരണം രൂപപ്പെടുത്തി. സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളുടെ ആവിര്‍ഭാവം ഇരുകൂട്ടര്‍ക്കും ഒരു പോലെ ഉപകാരപ്രദമായി. സോഷ്യല്‍ മീഡിയയുടെ വരവാണ് ഇക്കൂട്ടരുടെ വളര്‍ച്ചയുടെ കാരണം എന്നല്ല അതിന്റെ അര്‍ത്ഥം.

സോഷ്യല്‍ ഡെമോക്രസിയുടെ ആന്റി തീസ്സിസാവുന്ന എസ് ഡി പി ഐ

സംഘപരിവാര്‍ പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് (പൊളിറ്റികല്‍ ഹൈന്ദവികത) ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും പിന്തുടരുന്ന ഹിന്ദു വിശ്വാസങ്ങളുമായി ബന്ധമില്ലെന്നതു പോലെയാണ് സോഷ്യല്‍ ഡെമോക്രസിയും, എസ് ഡി പി ഐയും തമ്മിലുളള ബന്ധവും. സോഷ്യല്‍ ഡെമോക്രസിയുമായി ബന്ധപ്പെട്ട ആശയങ്ങളും, പ്രയോഗങ്ങളുമായി ഒരു ബന്ധവുമില്ലാത്ത, രാഷ്ട്രീയ ഇസ്ലാമിന്റെ ആശയങ്ങളാണ് എസ് ഡി പി ഐയും അതിനെ നിയന്ത്രിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും പിന്തുടരുന്നതെന്ന് വ്യക്തമാണ്. സോഷ്യല്‍ ഡെമോക്രസിയുടെ റാഡിക്കലായ ഔസ്യത്തിന്റെ പങ്ക് പറ്റുകയെന്ന ഒരു വിപണന തന്ത്രത്തിനപ്പുറം എസ് ഡി പി ഐ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയവും സോഷ്യല്‍ ഡെമോക്രസിയുടെ മുന്‍ഗണനകളും തമ്മില്‍ ബന്ധമൊന്നുമില്ല. വിദ്വേഷവും, പകയും, വെറുപ്പും നിറഞ്ഞ ആഖ്യാനങ്ങളുടെ തീവ്രത ക്രമേണ ഉയര്‍ത്തി ഉച്ചസ്ഥായിയില്‍ എത്തിക്കുന്ന പ്രൊപഗാന്‍ഡ സംവിധാനം ഇരുകൂട്ടരും രൂപപ്പെടുത്തിയെന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്ത മതവിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ഏറെക്കുറെ ഇടകലര്‍ന്ന് ജീവിക്കുന്ന കേരളത്തിന്റെ സാമൂഹ്യ-ആവാസ വ്യവസ്ഥയെ തന്നെ തകരാറിലാക്കുന്ന വിധത്തില്‍ ഈ പ്രൊപഗാന്‍ഡ സംവിധാനം വളര്‍ന്നിരിക്കുന്നുവെന്ന കാര്യം വിശദമായ പഠനവും, വിശകലനവും ആവശ്യപ്പെടുന്നു. കൊലപാതകത്തിന്റെ രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ നിറം കൂടി ചേരുമ്പോള്‍ ഒരു പക്ഷെ ഏറ്റവുമധികം വിലകൊടുക്കേണ്ടി വരിക കേരളത്തിലെ സമ്മിശ്രമായ ആവാസ വ്യവസ്ഥയാവുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു.

ഭരണകൂട വിരുദ്ധതയുടെ ദുരുപയോഗം

മതപരവും അല്ലാത്തതുമായ വലതുപക്ഷ ഫാസിസ്റ്റു രാഷ്ട്രീയത്തിന്റെ ഉയര്‍ച്ചയും, വളര്‍ച്ചയും നിലവിലുള്ള ഭരണാധികാര സംവിധാനത്തിന്റെ നിലനില്‍പ്പിനും ശക്തിപ്പെടലിനുമാണ് സഹായിക്കുകയെന്ന കാര്യത്തില്‍ സംശയമില്ല. നിലവിലുള്ള ഭരണാധികാര സംവിധാനത്തില്‍ അന്തര്‍ലീനമായ വിവേചനങ്ങള്‍ക്കും, അനീതികള്‍ക്കും എതിരായ ആത്മാര്‍ത്ഥമായ ജനവികാരവും പ്രതിലോമകരമായ വലതുപക്ഷ ശക്തികള്‍ പലപ്പോഴും തങ്ങളുടെ വളര്‍ച്ചക്കായി ഉപയോഗിക്കുന്നതിന്റെ ചരിത്രവും ഏറെയാണ്. ഭരണാധികാരത്തിനെതിരായ വിമര്‍ശനങ്ങളുടെ ഭാഷ വലതുപക്ഷ ഫാസിസ്റ്റുകള്‍ സ്വാംശീകരിക്കുന്നതും പുതുമയുള്ള കാര്യമല്ല. അഴിമതിക്കും സ്വജന പക്ഷപാതത്തിനും എതിരായ സൃഷ്ടിപരമായ വിമര്‍ശനങ്ങളെ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഉപയോഗപ്പെടുത്തിയതിന്റെ രീതി 1960 കള്‍ മുതലുള്ള ഇന്ത്യയിലെ മുഖ്യധാര രാഷ്ട്രീയം പഠനവിധേയമാക്കുന്നവര്‍ക്ക് വ്യക്തമാവുന്ന കാര്യമാണ്. ഭൂരിപക്ഷ വര്‍ഗീയതയുടെ ആപത്തിനെ പറ്റിയുള്ള ആശങ്കകളും, ഉത്ക്കണ്ഠകളും തങ്ങളുടെ വളര്‍ച്ചക്കായി രാഷ്ട്രീയ ഇസ്ലാമിസ്റ്റുകള്‍ ഉപയോഗപ്പെടുത്തുന്നതിന്റെ രീതിയും സമാനമാണ്. എന്നാല്‍ നിലവിലുള്ള അധികാര സംവിധാനത്തിന്റെ അതിജീവന വിദ്യകളില്‍ ഒന്നായി മാത്രം കേരളത്തില്‍ അരങ്ങേറുന്ന വര്‍ഗീയ-രാഷ്ട്രീയ കൊലപാതകങ്ങളുടെ ഹിംസയെ ചുരുക്കുന്നത് ലളിതവല്‍ക്കരണമാവും. സാമ്പത്തികവും, സാമൂഹ്യവും, സാംസ്‌ക്കാരികവുമായ വിവിധ മേഖലകളില്‍ കഴിഞ്ഞ 3-4 ദശകങ്ങളില്‍ വന്ന മാറ്റങ്ങള്‍ ഹിംസാത്മകമായ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയില്‍ വഹിക്കുന്ന പങ്ക് ഗൗരവമായ വിശകലനം അര്‍ഹിക്കുന്നു. ഹിംസാത്മകമായ വര്‍ഗീയ-വലതുപക്ഷ രാഷ്ട്രീയം പ്രചരിപ്പിക്കുകയും, പ്രയോഗിക്കുകയും ചെയ്യുന്ന ശക്തികളോട് ഭരണകൂടം സ്വീകരിക്കുന്ന മൃദുസമീപനവും ഗൗരവമായ പരിഗണന അര്‍ഹിക്കുന്ന വിഷയമാണ്. സ്വകാര്യ വിജിലാന്‍ഡെ സംഘങ്ങള്‍ (സായുധ സംഘങ്ങള്‍) ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിത്യസാന്നിദ്ധ്യമായി മാറിയതിന്റെ ഉദാഹരണങ്ങള്‍ ലഭ്യമാണ്.

Representational photo

പോലീസ് പരാജയം

പോലീസ്-രഹസ്യാന്വേഷണ സംവിധാനങ്ങള്‍ മിക്കവാറും ഇത്തരം ശക്തികളുടെ പ്രത്യക്ഷമായും, പരോക്ഷമായും സഹായിക്കുന്നതിന്റെ തെളിവുകളും വേണ്ടത്ര ലഭ്യമാണ്. കേരളത്തിലും അത്തരമൊരു പ്രവണത വളര്‍ന്നു വരുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. ഹിംസാത്മകമായ ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതകളില്‍ ഏര്‍പ്പെടുന്ന വ്യക്തികളും സംഘടനകളും കേരളത്തില്‍ നിര്‍ബാധം പ്രവര്‍ത്തിക്കുന്നതിന്റെ സാഹചര്യം അത്തരമൊരു പ്രവണതയെ വെളിപ്പെടുത്തുന്നു. ഇടതുപക്ഷ തീവ്രവാദവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരീക്ഷിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോഴാണ് അക്കാര്യം കൂടുതല്‍ വ്യക്തമായി ബോധ്യപ്പെടുക. ഹിംസാത്മകമായ വര്‍ഗീയ രാഷ്ട്രീയം പ്രചരിപ്പിക്കുന്നവരുടെ കാര്യത്തില്‍ ഭരണകൂടം പുലര്‍ത്തുന്ന ഈ മൃദുസമീപനവും ഗൗരവമായ ചര്‍ച്ചകള്‍ ആവശ്യപ്പെടുന്നു. പോലീസിന്റെ പ്രവര്‍ത്തനത്തില്‍ സംഭവിക്കുന്ന വീഴ്ചകളെ പറ്റിയുള്ള ചര്‍ച്ചകള്‍ തികച്ചും സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. പോലീസിന്റെ കാര്യക്ഷമത കൂട്ടുന്നതിന്റെ പേരില്‍ പലപ്പോഴും നടക്കുന്നത് പൗരസ്വാതന്ത്ര്യത്തിനും, മനുഷ്യാവകാശങ്ങള്‍ക്കും തെല്ലും വില കല്‍പ്പിക്കാത്ത തരത്തിലുള്ള പോലീസ് രാജിന്റെ അഴിഞ്ഞാട്ടമാണെന്ന് പലപ്പോഴും തെളിഞ്ഞിട്ടുള്ള വസ്തുതയാണ്. ആസൂത്രിതമായ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറം പടരുന്നത് മുന്‍കൂട്ടി കാണുന്നതില്‍ പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ ഗൗരവമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന കാര്യത്തില്‍ സംശയമില്ലെങ്കിലും ഹിംസാത്മക വര്‍ഗീയതയുടെ രാഷ്ട്രീയത്തെ പോലീസ് നടപടികള്‍ മൂലം ഒരിക്കലും നേരിടാനാവില്ലെന്ന വസ്തുത കൂടി ഓര്‍മിക്കേണ്ടിയിരിക്കുന്നു.

Leave a comment