വികസനവും കുറ്റകൃത്യങ്ങളുടെ വളർച്ചയും
PHOTO: WIKI COMMONS
സ്ഥിതിവിവരക്കണക്കുകളുടെ എണ്ണവും, വ്യാപ്തിയും മാത്രം കണക്കിലെടുക്കുകയാണെങ്കിൽ 1947 ന് ശേഷം ഇന്ത്യയിൽ ഏറ്റവുമധികം വളർച്ചയും വികാസവും നേടിയ ഒരു മേഖല കുറ്റകൃത്യങ്ങളുടേതാവും. ദേശീയ ക്രൈം റിക്കോർഡ്സ് ബ്യൂറോ (എൻസിആർബി) കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പ് തുടങ്ങിയ 1953 മുതലുള്ള ചരിത്രം അതിന്റെ തെളിവായി കരുതാവുന്നതാണ്. മൊത്തം 21 പേജായിരുന്നു എൻസിആർബി-യുടെ ആദ്യ റിപ്പോർട്ട്. കൊലപാതകം, കൊള്ളയടി, മോഷണം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകൽ, തുടങ്ങിയ 8 ഗണങ്ങളിലായിരുന്നു ക്രൈം ഇൻ ഇന്ത്യ എന്ന പേരിൽ എൻസിആർബി പ്രസിദ്ധീകരിച്ച രേഖയിലെ കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പുകൾ. ഒരു ലക്ഷം ജനങ്ങളിൽ 166.7 ആയിരുന്നു 1953 ലെ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിലെ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളുടെ ദേശീയ ശരാശരി. കേരളം മലയാളികളുടെ മാതൃഭൂമിയാകുന്നതിന്റെ പൂർവാശ്രമത്തിലെ തിരു-കൊച്ചിയിൽ, ലക്ഷം പേരിൽ 69.0 മാത്രമായിരുന്നു കുറ്റകൃത്യങ്ങളുടെ തോത്. ദേശീയ ശരാശരിയുടെ ഏതാണ്ട് മൂന്നിലൊന്ന് മാത്രമായി ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളുടെ നാടുകളായിരുന്നു അക്കാലം തിരുവിതാംകൂറും, കൊച്ചിശ്ശീമയുമെന്ന് ചുരുക്കം. 53 ൽ നിന്നും 2000 വോള്യത്തിലെത്തുമ്പോൾ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിന്റെ വലിപ്പം മൂന്നു വോള്യങ്ങളിലായി 1,300 ലധികം പേജുകളായി. 21 ൽ നിന്നും 1,300 പേജുകളിലേക്കുള്ള വളർച്ചയും വികസനവും കുറ്റകൃത്യങ്ങളുടെ നിർവചനങ്ങളുടെയും, ഗണങ്ങളുടെയും സ്വഭാവത്തിലും ഗണ്യമായ മാറ്റങ്ങൾ വരുത്തി. 2020 ൽ ഇന്ത്യൻ പീനൽകോഡിന്റെ വിവിധ വകുപ്പുകൾ പ്രകാരം 42 ലക്ഷത്തിലധികം ശിക്ഷാർഹമായ കുറ്റങ്ങളും, പ്രത്യേക നിയമങ്ങളും, പ്രാദേശിക നിയമങ്ങളുടെയും വകുപ്പുകൾ പ്രകാരം 23 ലക്ഷത്തിലധികം ശിക്ഷാർഹമായ കുറ്റങ്ങളും ക്രൈം ഇൻ ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു ലക്ഷം പേർക്ക് 487.8 ആണ് കുറ്റങ്ങളുടെ ദേശീയ ശരാശരി.
സ്ഥിതിവിവരക്കണക്കുകൾ മാത്രമല്ല കുറ്റകൃത്യങ്ങളുടെ അക്ഷാംശവും, രേഖാംശവും രൂപപ്പെടുത്തുന്ന ദിശാസൂചികകൾ. മനുഷ്യരുടെ ചരിത്രത്തോളം പഴയതാണ് കുറ്റകൃത്യങ്ങളും. സാമൂഹ്യവും, സാമ്പത്തികവും, സാംസ്‌കാരികവും, ജൈവികവും, വൈയക്തികവും, വംശീയവും, ജാതീയവും, ലിംഗപരവും, ഭൂമിശാസ്ത്രപരവുമായ നിരവധി അടരുകളിലായി കുറ്റകൃത്യങ്ങളുടെ ചരിത്രം പതിഞ്ഞിരിക്കുന്നു. കുറ്റകൃത്യങ്ങളുടെ കൂടപ്പിറപ്പായി ശിക്ഷയും ഉത്ഭവിച്ചതിനൊപ്പം ശ്രേണീബദ്ധമായ അധികാരസംവിധാനവും നിലവിൽ വന്നു. വ്യക്തി-സാമൂഹ്യ ജീവിതങ്ങളുടെ അടിസ്ഥാന ചേരുവകളായി കുറ്റവും, ശിക്ഷയും, അധികാരവുമെന്ന ത്രിമൂർത്തികൾ മനുഷ്യരുടെ പിറവി മുതൽ നിലനിൽക്കുന്നുവെന്നു പറയാം. ആചാരങ്ങൾ, വിലക്കുകൾ, ദൈവകോപം, നരകഭയം, ഗോത്ര-മത നിന്ദകൾ, അധീശത്വം, അടിച്ചമർത്തൽ, ഉന്മൂലനം തുടങ്ങിയ വിവിധങ്ങളായ സങ്കൽപ്പനങ്ങളിലും, പ്രവർത്തികളിലൂടെയും ഉരുത്തിരിഞ്ഞ കുറ്റം, ശിക്ഷ, അധികാരം എന്നീ ത്രയങ്ങളുടെ മുദ്രകൾ പ്രത്യക്ഷമായും പരോക്ഷമായും ഇപ്പോൾ കൊണ്ടാടപ്പെടുന്ന ഡിജിറ്റൽ യുഗത്തിലും നിലനിൽക്കുന്നു. ചരിത്രം രേഖീയമായ പുരോഗതിയുടെ നാൾവഴികളല്ലെന്ന വസ്തുത കുറ്റകൃത്യങ്ങളുടെ കാര്യത്തിലാവും ഒരു പക്ഷെ ഏറ്റവും വ്യക്തതയോടെ അനുഭവപ്പെടുക. കുറ്റാന്വേഷണ ഏജൻസികളുടെ ഡാറ്റ ശേഖരങ്ങൾ മാത്രമായി പരിമിതപ്പെടുത്താവുന്നതല്ല അതിന്റെ മുദ്രണങ്ങൾ. സാമൂഹ്യവും, രാഷ്ട്രീയവും, സാംസ്‌കാരികവും, സാമ്പത്തികവുമായ മേഖലകളിലുണ്ടായ മാറ്റങ്ങൾ കുറ്റകൃത്യങ്ങളുടെ നിർവചനത്തിലും, കണക്കെടുപ്പിലും വ്യക്തമായി കാണാനാവും. ജാതി വിവേചനവും അതിനെ അടിസ്ഥാനമാക്കിയുള്ള അവഹേളനങ്ങളും, പീഡനങ്ങളും ദൈവികമായ അവകാശമായി നിലനിന്നിരുന്ന കാലഘട്ടത്തിൽ നിന്നും അത്തരത്തിലുള്ള വിവേചനങ്ങൾ കുറ്റകൃത്യമായി മാറിയ അവസ്ഥ സംജാതമായത് ഉദാഹരണമാണ്. 1953 ലെ പ്രഥമ ക്രൈം ഇൻ ഇന്ത്യ റിപ്പോർട്ടിൽ ബലാത്സംഗം ഒരു കുറ്റകൃത്യത്തിന്റെ ഗണമായി പരിഗണിച്ചിരുന്നില്ലെന്നത് മറ്റൊരു ഉദാഹരണം. ദൈവകോപം മുതൽ ആധുനിക കോടതികൾ വരെയുള്ള ശിക്ഷ സംവിധാനങ്ങളുടെ രൂപഭാവങ്ങളിലും സമാനമായ പരിവർത്തനങ്ങൾ രേഖപ്പെടുത്താനാവും.
കേരളത്തിലും, ഇന്ത്യയിലും, ലോകത്തിലും കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും, സ്വഭാവത്തിലും സംഭവിച്ച, സംഭവിക്കുന്ന മാറ്റങ്ങളുടെയും അവയുടെ പ്രേരണകളുടെയും കുറിച്ചുളള വിലയിരുത്തലുകൾ കൂടുതൽ നീതിയുക്തവും, സൗഹാർദ്ദപരവുമായ സാമൂഹ്യ-വൈയക്തിക ജീവിതം കരുപ്പിടിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാവുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. സംഘടിതവും, ആസൂത്രിതവുമായ ക്രൈം സിൻഡിക്കേറ്റുകളുടെ ബോധപൂർവമായ നിർമ്മിതികൾ വിമോചനാത്മകമായ രാഷ്ട്രീയ പദ്ധതികളെപ്പോലും ഇല്ലാതാക്കുന്നതിന്റെ അനുഭവങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണാനാവും. ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന് വ്യാപാരം വലിയ തോതിൽ ആരംഭിച്ചതിന്റെ പിന്നിൽ വിദേശികളും, സ്വദേശികളുമായ ഭരണവർഗ്ഗങ്ങളുടെ പങ്കാളിത്തം വ്യക്തമായും കണ്ടെത്താവുന്നതാണ്. ശരിയായ തൊഴിൽ/യാത്ര രേഖകൾ ഇല്ലാതെ നടക്കുന്ന കുടിയേറ്റങ്ങളുടെ കാര്യത്തിലും ഇതുപോലുള്ള ശക്തികളുടെ പങ്കാളിത്തം മറച്ചുവെക്കാനാവില്ല.
വൈറ്റ് കോളർ ക്രൈമെന്ന പേരിൽ അറിയപ്പെടുന്ന കുറ്റകൃത്യങ്ങൾ ലോകത്തിന്റെ മൊത്തം സാമ്പത്തികക്രമത്തെ പറ്റിയുള്ള സാമ്പ്രദായികമായ വിവരണങ്ങളെ നിഷ്പ്രഭമാക്കുന്നുവെന്നു മാത്രമല്ല സാമ്പത്തിക ശാസ്ത്രത്തിന്റെ ഉള്ളടക്കത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറിയിരിക്കുന്നു. ഇന്ത്യയെ പോലുള്ള ഒരു രാജ്യത്തിന്റെ മൊത്തം ആഭ്യന്തരോൽപ്പാദനത്തിന്റെ 62 ശതമാനവും ബ്ലാക് ഇക്കോണമിയുടെ ഭാഗമാണെന്ന കണക്കുകൾ ശരിയാണെങ്കിൽ വികസനത്തെയും, വികസനരാഹിത്യത്തെയും കുറിച്ചുള്ള മുഖ്യധാരയിലെ അവകാശവാദങ്ങളുടെ പൊള്ളത്തരം എത്രയാണെന്നു പറയേണ്ടതില്ല. 'അണ്ടർസ്റ്റാൻഡിംഗ് ദ ബ്ലാക് ഇക്കോണമി ആന്റ് ബ്ലാക് മണി ഇൻ ഇന്ത്യയെന്ന' പുസ്തകത്തിലെ വിവരമനുസരിച്ച് ഇക്കോണമിയുടെ 62 ശതമാനവും ബ്ലാക്കിലാവുമ്പോൾ അതിന് അനുസൃതമായ നികുതി നഷ്ടവും സംഭവിക്കുന്നു. അതായത് 2016-17 ലെ വിലസൂചിക പ്രകാരം കണക്കാക്കുമ്പോൾ അതിന്റെ മൂല്യം 93 ലക്ഷം കോടി രൂപയാണ്. ഇന്ത്യയിലെ കാർഷിക വ്യവസായ മേഖലകൾ ചേർന്ന് സൃഷ്ടിക്കുന്ന വരുമാനത്തേക്കാൾ കൂടിയ തുക. അവ രണ്ടും കൂടി ജിഡിപിയുടെ 39 ശതമാനം മാത്രമാണ് സംഭാവന ചെയ്യുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ സർക്കാർ പറയുന്ന ഔദ്യോഗിക വളർച്ചയെ മാറ്റി നിർത്തിയാൽ വർഷം തോറും 5 ശതമാനം വളർച്ചാ നിരക്ക് ഇന്ത്യക്ക് നഷ്ടമാവുന്നു എന്നു കണക്കാക്കപ്പെടുന്നു. ബ്ലാക് ഇക്കോണമിയുടെ സാന്നിദ്ധ്യം ഗണ്യമായ വളർച്ച രേഖപ്പെടുത്തിയ 1970 കൾ മുതലുള്ള 4 ദശകക്കാലം ഇപ്പറഞ്ഞ 5 ശതമാനം നഷ്ടം സംഭവിച്ചില്ല എന്നു അനുമാനിച്ചാൽ എന്താവും ഫലം. ഇന്ത്യൻ സമ്പദ്ഘടനയുടെ വലിപ്പം 1,050 ലക്ഷം കോടി രൂപ അഥവ 15 ട്രില്യൺ ഡോളർ എന്ന നിലയിൽ ആകുമായിരുന്നു. ഇന്ത്യൻ ഇക്കോണമി 2024 ൽ 5 ട്രില്യൺ ഡോളറിലെത്തുമെന്ന് വീമ്പു പറയുന്ന പ്രധാനമന്ത്രിമാരുടെ പൊള്ളത്തരം വൈറ്റ് കോളർ ക്രൈമുമായി ബന്ധപ്പെട്ട ബ്ലാക് ഇക്കോണമിയുടെ കണക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ബ്ലാക് ഇക്കോണമി ഇന്ത്യയുടെ മാത്രം പ്രശ്നമല്ല. അമേരിക്കൻ ജിഡിപിയുടെ 11-12 ശതമാനം ബ്ലാക് ഇക്കോണമിയാണെന്ന് വിലയിരുത്തപ്പെടുന്നു. 2021ൽ അമേരിക്കയുടെ ജിഡിപി 24 ട്രില്യൺ ഡോളറായിരുന്നു. അതിൽ ബ്ലാക് ഇക്കോണമിയുടെ പങ്ക് 2.5 ട്രില്യൺ ഡോളറെന്നു കണക്കാക്കപ്പെടുന്നു. ലോകമാകെ അനുദിനം വർദ്ധിക്കുന്ന സാമ്പത്തിക അസമത്വത്തിന്റെ ഒരു പ്രധാനകാരണം ബ്ലാക് ഇക്കോണമിയുടെ സ്വാധീനവും ശക്തിയുമാണെന്ന് സാമ്പത്തിക വിദഗ്ധരും സാമൂഹ്യശാസ്ത്രജ്ഞരും രേഖപ്പെടുത്തുന്നു. സാമ്പത്തിക അസമത്വം മാത്രമല്ല ജനാധിപത്യ സംവിധാനങ്ങൾ നേരിടുന്ന വലിയ തോതിലുള്ള ഭീഷണിയുടെയും, അപഭ്രംശങ്ങളുടെയും പിന്നിലും ഈ സ്വാധീനം കണ്ടെത്താവുന്നതാണ്.
പഴയതുമായി തുലനം ചെയ്യുമ്പോൾ സംഘടിതവും, ആസൂത്രിവുമായ കുറ്റകൃത്യങ്ങൾ കാലദേശങ്ങൾക്കതീതമായുള്ള പരസ്പരബന്ധിതമായ ഒരു ശൃംഖലയുടെ സ്വഭാവം കൈവരിക്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഇപ്പോൾ നിലനിൽക്കുന്നുവെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. നെറ്റ് വർക്കിംഗ് എന്നു പറയുന്നത് ഐടി പ്രൊഫഷണലുകളുടെ മാത്രം ജാർഗണല്ലെന്നു ചുരുക്കം. കമ്യൂണിക്കേഷൻ, ഗതാഗത മേഖലകളിൽ വന്ന പുരോഗതിയാണ് അതിനുള്ള ഭൗതികസാഹചര്യമൊരുക്കിയതെന്ന കാര്യത്തിലും തർക്കമില്ല. കള്ളപ്പണ നിക്ഷേപവും വിനിമയവും, മയക്കു മരുന്ന് വ്യാപാരം, ആയുധക്കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ വിവിധങ്ങളായ കുറ്റകൃത്യങ്ങൾ ആഗോളതലത്തിൽ അരങ്ങേറുന്ന ശതകോടികളുടെ ബിസിനസ്സുകളായി വളർന്നിരിക്കുന്നു. വിനോദ-വിശ്രമ വ്യവസായം, ഔഷധ വ്യവസായം തുടങ്ങി സാമൂഹ്യ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത നിരവധി മേഖലകളിൽ കുറ്റകൃത്യങ്ങളുടെ നിഴൽപ്പാടുകൾ പതിഞ്ഞതായി കാണാം. കുറ്റകൃത്യങ്ങളുടെ വൈയക്തികമായ കാരണങ്ങളും, പ്രേരണകളും താൽപ്പര്യങ്ങളോടൊപ്പം അല്ലെങ്കിൽ ഒരു പടി മുന്നിൽ സാമൂഹ്യമായ സാഹചര്യങ്ങളും, അനുഭവങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. വ്യക്തിഗതങ്ങളായ ധാർമ്മികതകളുടെ തലത്തിൽ മാത്രം വിശദീകരിക്കുവാൻ പറ്റാത്ത ഒന്നായി കുറ്റകൃത്യങ്ങൾ വളരുന്നതിന്റെയും പെരുകുന്നതിന്റെയും നാൾവഴികൾ അന്വേഷിക്കുകയാണ് മലബാർ ജേർണൽ. ഡാറ്റകളുടെ പരിമിതികൾ ബോധപൂർവ്വം ഉൾക്കൊള്ളുന്ന സമീപനത്തിൽ ഊന്നിനിന്നുകൊണ്ടാവും 'Crime' ഒരു തീമെന്ന നിലയിൽ അതിന്റെ ഉള്ളടക്കം തയ്യാറാക്കുക. ഒരു തീം തെരഞ്ഞെടുക്കുമ്പോൾ പരമാവധി വ്യത്യസ്തങ്ങളും, വൈവിധ്യങ്ങളും നിറഞ്ഞ ലേഖനങ്ങളും, റിപ്പോർട്ടുകളും, വീക്ഷണങ്ങളും ഉൾക്കൊള്ളിക്കുകയെന്ന രീതി പൂർവ്വാധികം ശക്തിയോടെ പിന്തുടരാനാണ് ഞങ്ങളുടെ ശ്രമം.