"ആദിവാസികൾക്കെതിരായ അദൃശ്യയുദ്ധം രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും വ്യാപിക്കും"
PHOTO: WIKI COMMONS
കുറ്റവും, ശിക്ഷയും നിർണ്ണയിക്കുന്ന മാനദണ്ഡങ്ങളും നീതിയുടെ നടത്തിപ്പിനായുള്ള ഭരണ സംവിധാനവുമാകെ ഒരു കുറ്റകൃത്യമായി മാറുന്ന അപചയത്തെക്കുറിച്ചുള്ള ആശങ്കകൾ, നീതിബോധത്തെക്കുറിച്ചുള്ള വിചാരങ്ങളുടെ ആദ്യാക്ഷരങ്ങൾ മുതൽ നിലനിൽക്കുന്നു. ഗോത്രങ്ങളിൽ നിന്നും ജനാധിപത്യ ക്രമത്തിലുള്ള സാമൂഹ്യ സംഘാടനങ്ങളിലേക്ക് മനുഷ്യർ എത്തിയെങ്കിലും ഭരണകൂടസംവിധാനമാകെ ഒരു കുറ്റകൃത്യമായി മാറുന്നതിനെക്കുറിച്ചുള്ള ഭയാശങ്കകൾ അവസാനിച്ചിട്ടില്ല. അതോടൊപ്പം ഭരണകൂട സംവിധാനത്തിന്റെ അധീശത്വ-വിവേചന-മർദ്ദക സംവിധാനങ്ങൾ പുതിയ രൂപഭാവങ്ങൾ കൈവരിക്കുന്നതിനെക്കുറിച്ചുള്ള തിരിച്ചറിവുകളും ഏറെ വളർന്നിരിക്കുന്നു. ചെറുതും വലുതുമായ ഭരണകൂട ഹിംസ ലോകത്തിന്റെ എല്ലാ കോണുകളിലും ദിവസവും ആവർത്തിക്കുന്നു. അവയിൽ ഭൂരിഭാഗവും പുറംലോകം അറിയാതെ അല്ലെങ്കിൽ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നു. ഇന്ത്യയിലും അത് നിത്യജീവിതത്തിന്റെ ഭാഗമായി മാറി. അതിന്റെ നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് ഹിമാൻശു കുമാറിന്റെ അനുഭവം.
1992 ൽ ഹിമാൻശു കുമാറും അദ്ദേഹത്തിന്റെ പങ്കാളി വീണയും ബസ്തറിലെത്തുമ്പോൾ അത് ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായിരുന്നു. കേരളത്തിനെക്കാൾ വലിയ ഭൂപ്രദേശമായിരുന്ന ബസ്തർ മധ്യപ്രദേശിന്റെ ഭാഗമായിരുന്നു. ഛത്തീസ്ഗഢ് സംസ്ഥാനം അപ്പോൾ നിലവിൽ വന്നിരുന്നില്ല. 17 വർഷങ്ങൾക്കു ശേഷം 2009 ലെ ഒരു രാത്രി ബസ്തറിലെ തന്റെ ആശ്രമത്തിന്റെ മതിൽ ചാടി അവിടെ നിന്നും അദ്ദേഹത്തിന് പ്രാണരക്ഷാർത്ഥം പലായനം ചെയ്യേണ്ടി വന്നു. പൊലീസും, സാമൂഹ്യ വിരുദ്ധരും ചേർന്ന് തന്നെ കൊലപ്പെടുത്തുന്നതിനായി രാത്രിയെത്തുമെന്ന സമയോചിതമായ മുന്നറിയിപ്പിനെ തുടർന്നാണ് അദ്ദേഹത്തിന് രക്ഷപ്പെടാൻ കഴിഞ്ഞത്. ആദിവാസികളുടെ സാമൂഹ്യവും, സാമ്പത്തികവും, രാഷ്ട്രീയവുമായ അവകാശങ്ങൾ നേടിയെടുക്കുന്നതിനും അവരുടെ സർവതോന്മുഖമായ ഉന്നമനത്തിനും ഉതകുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുന്ന ഗാന്ധിയനായി ഹിമാൻശു കുമാർ തന്നെ സ്വയം വിശേഷിപ്പിക്കുന്നു. ധാതുസമ്പത്തുകളാൽ സമ്പന്നമായ ഇന്ത്യയിലെ ആദിവാസി മേഖലകളിൽ സ്വദേശികളും, വിദേശികളുമായ വൻകിട കോർപ്പറേറ്റ് മൂലധനശക്തികൾക്കു വേണ്ടി 'അദൃശ്യമായ യുദ്ധത്തിൽ' ഏർപ്പെട്ടിരിക്കുകയാണെന്നു പറയുന്ന കുമാർ ആ യുദ്ധം താമസിയാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്നു. കൊച്ചിയിൽ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ചേർന്ന യുഎപിഎ വിരുദ്ധ കൺവെൻഷൻ ഉദ്ഘാടനം ചെയ്യാനെത്തിയ കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തിലെ പ്രസക്തഭാഗങ്ങൾ.
സാമൂഹ്യ പ്രവർത്തകനെന്ന നിലയിൽ അറിയപ്പെടുന്ന താങ്കളുടെ വ്യക്തിപരമായ പശ്ചാത്തലമെന്താണ്.
ഹിമാൻശു കുമാര്‍ : ഉത്തർപ്രദേശിലെ മുസ്സഫർപ്പൂർ ആണ് എന്റെ സ്വദേശം. എന്റെ അച്ഛൻ സ്വാതന്ത്ര്യസമര സേനാനിയായിരുന്നു. മഹാത്മാ ഗാന്ധി ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തോടൊപ്പം സേവാഗ്രാം ആശ്രമത്തിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ്. സ്വാതന്ത്ര്യത്തിനു ശേഷം അദ്ദേഹം സർവോദയ പ്രസ്ഥാനത്തിലും വിനോബ ഭാവെയുടെ ഭൂദാനപ്രസ്ഥാനത്തിലും പ്രവർത്തിച്ചു. യുവജനത ഗ്രാമങ്ങളിൽ പോയി പ്രവർത്തിക്കണമെന്ന ഗാന്ധിജിയുടെ ആദർശങ്ങളെ ഉൾക്കൊള്ളുന്ന തരത്തിലായിരുന്നു ഞങ്ങളെ വളർത്തിയത്. അതിന്റെ സ്വാധീനമാവണം എന്റെ പ്രവർത്തനങ്ങളുടെ പ്രചോദനം. 1992 ൽ ഞാനും വീണയുമായുള്ള വിവാഹം കഴിഞ്ഞ് 20 ദിവസങ്ങൾക്കു ശേഷം ഞങ്ങൾ ബസ്തറിലേക്കു പുറപ്പെട്ടു. ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുകയായിരുന്നു ലക്ഷ്യം. ദന്തേവാഡയിൽ വനവാസി ചേതന ആശ്രമം സ്ഥാപിക്കുകയും ആദിവാസികൾക്കിടയിൽ പ്രാഥമിക വിദ്യാഭ്യാസം, സാമൂഹ്യ ആരോഗ്യ പദ്ധതി തുടങ്ങിയ പ്രവർത്തനങ്ങളിൽ മുഴുകുകയും ചെയ്തു. ആദിവാസികളുടെ അവകാശങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണവും നടത്തിയിരുന്നു.
2005 ൽ ഛത്തീസ്ഗഢ് സർക്കാർ നടപ്പിലാക്കിയ 'സൽവാ ജുദും' എല്ലാ പ്രവർത്തനങ്ങളും അവതാളത്തിലാക്കി. മാവോയിസ്റ്റുകൾക്കെതിരായ സർക്കാരിന്റെ യുദ്ധം ആദിവാസികൾക്കെതിരായ തുറന്ന യുദ്ധമായി അതോടെ മാറി. ആദിവാസികളെ അവരുടെ പരമ്പരാഗതമായ ഗ്രാമങ്ങളിൽ നിന്നും കൂട്ടത്തോടെ കുടിയൊഴിപ്പിക്കുകയെന്നതായിരുന്നു അതിന്റെ പ്രധാന പ്രവർത്തന പദ്ധതി. സർക്കാരിന്റെ കൗണ്ടർ ഇൻസർജൻസി പദ്ധതികളുടെ ഭാഗമായുള്ള അടിച്ചമർത്തലായിരുന്നു വ്യാപകമായി നടപ്പിലാക്കിയത്. അതിഭീകരമായ നിലയിലുള്ള ആക്രമണം അഴിച്ചുവിട്ടുകൊണ്ടാണ് ഈ കുടിയൊഴിപ്പിക്കലുകൾ നടന്നത്. സ്ത്രീകളും, കുഞ്ഞുങ്ങളും ഉൾപ്പടെ 100 കണക്കിന് പേർ കൊല്ലപ്പെട്ടു. സ്ത്രീകളെ ബലാൽക്കാരം ചെയ്തു. കുടിലുകൾക്കും കൃഷിസ്ഥലങ്ങൾക്കും തീയിട്ടു. കൊളോണിയൽ അധിനിവേശത്തിന്റെ കാലത്തുപോലും മേഖലയിലെ ആദിവാസികൾ ഇത്രയും ക്രൂരവും, ഹിംസാത്മകവുമായ ഒരാക്രമണം നേരിട്ടിരുന്നില്ല. ആക്രമണത്തിൽ നിന്നും രക്ഷതേടി ആയിരങ്ങൾ പലായനം ചെയ്തു. ആന്ധ്ര പ്രദേശ്, തെലുങ്കാന സംസ്ഥാനങ്ങളിലായി കുടിയൊഴിപ്പിക്കപ്പെട്ട 55,000 ത്തോളം ആദിവാസികൾ ചിതറിക്കിടക്കുന്നതായി ഔദ്യോഗിക ഏജൻസികൾ തന്നെ സമ്മതിക്കുന്നു. യഥാർത്ഥ കണക്കുകൾ അതിലും വളരെ കൂടുതലാണ്. 'സൽവാ ജുദും' ആക്രമങ്ങൾക്കെതിരെ ചേതന ആശ്രമം ആദിവാസികളോടൊപ്പം നിലകൊണ്ടു. 600 ഓളം കേസ്സുകൾ ഞങ്ങൾ ഫയൽ ചെയ്തു. അതോടെ ചേതന ആശ്രമം പോലീസിന്റെയും, സർക്കാരിന്റെയും കണ്ണിലെ കരടായി. അതായിരുന്നു 2009 ലെ ആക്രമണത്തിൽ കലാശിച്ചത്. പോലീസിന്റെ ഭാഗത്തുനിന്നും അതിന് മുമ്പു തന്നെ പലതവണ എനിക്ക് നേരെ വധശ്രമമുണ്ടായിരുന്നു. 2009 ലെ ആക്രമണത്തെപ്പറ്റിയുള്ള മുന്നറിയിപ്പ് സുഹൃത്ത് നേരത്തെ നൽകി. അതുകൊണ്ട് മതിൽ ചാടി രക്ഷപ്പെടാൻ കഴിഞ്ഞു. ആശ്രമം അവർ പൊളിച്ചു മാറ്റി.
ഗാന്ധിയൻ കുപ്പായമിട്ട മാവോയിസ്റ്റാണ് താങ്കൾ എന്നാണ് ഒരു പ്രധാന ആക്ഷേപം.
ബിജെപിയും ആർഎസ്സ്എസ്സും പോലീസുമാണ് ആ പ്രചാരണം നടത്തുന്നത്. അല്ലാതെ മറ്റാരും അങ്ങനെയൊരു ആക്ഷേപം നടത്തിയിട്ടില്ല.
ഛത്തീസ്ഗഢിലെ ഭരണകൂട ഭീകരതയുടെ ചരിത്രം പരിശോധിക്കുമ്പോൾ തെളിയുന്ന ഒരു കാര്യം സിവിൽ സമൂഹത്തെ പൂർണ്ണമായി നശിപ്പിക്കുന്നതിന്റെ ഒരു പാറ്റേൺ അവയിൽ കാണാനാവുമെന്നതാണ്. ബിനായക് സെൻ, താങ്കൾ, സുധ ഭരദ്വാജ്, നന്ദിനി സുന്ദർ, ബേല ഭാട്ടിയ തുടങ്ങിയ നിരവധിപേർ പ്രദേശം വിട്ടുപോവാൻ നിർബന്ധിതരാവുന്ന അല്ലെങ്കിൽ നിഷ്‌കാസിതരാവുന്ന സാഹചര്യം ഭരണകൂടം ബോധപൂർവ്വം സൃഷ്ടിക്കുന്നതിന്റെ ഒരു പാറ്റേൺ അവിടെ കാണാനാവും. എന്താണ് അതിനെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തൽ.
തികച്ചും ശരിയാണ്. ഭരണകൂടത്തിന്റെ അതിക്രമങ്ങൾ ഒരു തരത്തിലും സംവാദമാകരുതെന്ന നയത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളുടെ ഇരകളാണ് താങ്കൾ പറഞ്ഞ വ്യക്തികൾ എല്ലാവരും. ഛത്തീസ്ഗഢിനുള്ളിൽ പ്രവർത്തിക്കുന്ന തദ്ദേശീയരായ ജനാധിപത്യ-മനുഷ്യാവകാശ പ്രവർത്തകർ നേരിടുന്ന ഭീഷണികളും ആക്രമണങ്ങളും എത്രയാണെന്ന് പറഞ്ഞറിയിക്കാനാവില്ല. ഛത്തീസ്ഗഢിലെ മാത്രം സ്ഥിതിവിശേഷമല്ല ഈ അവസ്ഥ. രാജ്യത്തെ ആദിവാസി മേഖലകളിലാകമാനം അതാണ് അവസ്ഥ. ആദിവാസികൾക്കെതിരായി അരങ്ങേറുന്ന അദൃശ്യ യുദ്ധത്തിന്റെ അവിഭാജ്യ ഘടകമാണ് സിവിൽ സമൂഹത്തിന്റെ ഉന്മൂലനം. ആദിവാസി മേഖലകളിൽ നടത്തുന്ന ഈ അദൃശ്യയുദ്ധം താമസിയാതെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും വ്യാപിക്കുമെന്ന മുന്നറിയിപ്പു നൽകാൻ ഞാനാഗ്രഹിക്കുന്നു. അതിന്റെ സൂചനകൾ ഇപ്പോൾ തന്നെ വ്യക്തമാണ്.
മാവോയിസ്റ്റുകളുടെ സ്വാധീനം ക്രമേണ ഇല്ലാതാവുകയാണെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. എന്താണ് യഥാർത്ഥ അവസ്ഥ.
സുരക്ഷാ സേനകൾക്കു നേരെയുള്ള ആക്രമണത്തിന്റെ എണ്ണം കുറഞ്ഞതാണ് സ്വാധീനം ഇല്ലാതായെന്നു പറയുന്നതിന്റെ പ്രധാനകാരണം. അത് ശരിയായ ഒരു രീതിയായി എനിക്ക് തോന്നുന്നില്ല. സ്വാധീനം കുറഞ്ഞുവെങ്കിൽ എന്തിനാണ് പുതിയ അർദ്ധ സൈനിക സേനകളുടെ ക്യാമ്പുകൾ തുറക്കുന്നത്. ഛത്തീസ്ഗഢിൽ ഇപ്പോൾ 12 സ്ഥലങ്ങളിൽ ഇത്തരം ക്യാമ്പുകൾക്ക് എതിരായി പ്രക്ഷോഭങ്ങൾ നടക്കുന്നു. ആദിവാസികൾ സ്വയം സംഘടിച്ചു നടത്തുന്ന പ്രക്ഷോഭങ്ങളാണ് അവയെല്ലാം. ഒരു ഭാഗത്ത് മാവോയിസ്റ്റുകൾ ഇല്ലാതാവുന്നുവെന്നു പറയുക. മറുഭാഗത്ത് അവർക്കെതിരായ സൈനിക ക്യാമ്പുകളുടെ എണ്ണം കൂട്ടുക. രണ്ടും തമ്മിൽ യോജിക്കുന്നില്ല. ആദിവാസികൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിൽ ഏതായാലും കുറവൊന്നുമില്ല.
നക്സലൈറ്റു പ്രസ്ഥാനത്തിന്റെ തുടക്കം മുതൽ തന്നെ അതിൽ പ്രവർത്തിച്ചവരുടെ പ്രതിബദ്ധതയും ത്യാഗവുമെല്ലാം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളാണ്. മാവോയിസ്റ്റുകളുടെ കാര്യത്തിലും സമാനമായ വിലയിരുത്തലുകൾ കാണാം. പക്ഷേ ഹിംസയിലുള്ള അവരുടെ ഊന്നൽ പൊതുസമൂഹത്തിൽ അവരുടെ സ്വാധീനത്തെ ഇല്ലാതാക്കുന്നതാണെന്ന വിലയിരുത്തലിനെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം.
പൊതുസമൂഹത്തിൽ മാവോയിസ്റ്റുകൾക്കുള്ള അംഗീകാരം എത്രയാണെന്നു മനസ്സിലാക്കുവാൻ നമ്മുടെ പക്കല്‍ അളവുകോലുകളൊന്നുമില്ല. അതാണ് വാസ്തവം. കാരണം പൊതുസമൂഹവുമായി ഒരു തരത്തിലും ഇടപെടുന്നതിനുള്ള അവസരം അവർക്കില്ല. അവരുടെ ഭാഗത്തു നിന്നുളള സംവാദങ്ങളും ആശയപ്രചാരണങ്ങളും എല്ലാം കർശനമായ വിലക്കുകൾ നേരിടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഏതു നിലയിൽ അവരുടെ സ്വാധീനത്തെ അല്ലെങ്കിൽ സ്വാധീനമില്ലായ്മയെ വിലയിരുത്തുകയെന്ന് പറയാനാവില്ല. ആദിവാസി മേഖലകളിൽ അവരുടെ പ്രവർത്തകർക്കും നേതാക്കൾക്കുമെല്ലാം വേണ്ടത്ര വിശ്വാസ്യതയുണ്ടെന്നാണ് അവിടങ്ങളിൽ നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നിന്നും മനസ്സിലാക്കാനാവുക.
മാവോയിസ്റ്റുകൾ ഹിംസയുടെ പാത ഉപേക്ഷിച്ച് ജനങ്ങൾക്കിടയിൽ പ്രവർത്തനം തുടങ്ങുകയാണെങ്കിൽ അവരുടെ ജനസമ്മതി ഉയരാനുള്ള സാധ്യത കൂടുതൽ ആണെന്ന വിലയിരുത്തലിനെ പറ്റി എന്താണ് അഭിപ്രായം
ഹിംസയുടെ പാത എല്ലാവരും ഉപേക്ഷിക്കണം. ഞാനതിനോട് യോജിക്കുന്നു. പക്ഷെ ഹിംസയുടെ മൊത്ത വ്യാപാരിയായി നിലകൊള്ളുന്ന ഭരണകൂടത്തിന്റെ ചെയ്തികളെ ഏതു ഗണത്തിലാണ് പെടുത്താനാവുക. ഭീമ കൊറേഗാവ് കേസ്സു പോലുള്ള സംഭവങ്ങൾ നൽകുന്ന സൂചന ഒട്ടും ആശാവഹമല്ല. ഭീമ കൊറേഗാവിൽ അക്രമം അഴിച്ചുവിട്ടവർ സ്വതന്ത്രരായി വിഹരിക്കുമ്പോഴാണ് എഴുത്തുകാരും, പത്രപ്രവർത്തകരും, വക്കീലുമെല്ലാം തടവറയിൽ കഴിയുന്നത്. ദളിത് പെൺകുട്ടിയുടെ നേരെയുണ്ടായ ഹീനമായ ആക്രമണം റിപ്പോർട്ട് ചെയ്യാൻ പോയ സിദ്ദിഖ് കാപ്പൻ ജയിലിലാണ്. ആരുടെ ഹിംസ, ആരുടെ പേരിലുള്ള ഹിംസ എന്നെല്ലാമുള്ള വിഷയങ്ങൾ സമഗ്രമായി കണക്കിലെടുക്കേണ്ടി വരും.
ഛത്തീസ്ഗഢിലെ സുകുമ ജില്ലയിലെ ഗോംപാഡിൽ 2009 ൽ 16 ആദിവാസികൾ കൊല ചെയ്യപ്പെട്ട സംഭവത്തെ പറ്റി സ്വതന്ത്രമായ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് താങ്കളും ആദിവാസികളും സുപ്രീം കോടതിയിൽ നൽകിയ ഹർജി 13 വർഷത്തിനു ശേഷം കോടതി കഴിഞ്ഞ മാസം തള്ളിയിരുന്നു. മാത്രമല്ല കേസ്സ് താങ്കൾ കെട്ടിച്ചമച്ചതാണെന്ന് നിരീക്ഷണം നടത്തിയ കോടതി താങ്കൾക്ക് 5 ലക്ഷം രൂപ പിഴയിടുകയും ചെയ്തു. എന്താണ് ഇപ്പോൾ അതിന്റെ അവസ്ഥ.
പിഴ ഒടുക്കില്ലെന്നു കോടതി വിധി വന്ന ദിവസം തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു. വിധി പ്രകാരം ആഗസ്റ്റ് പതിനൊന്ന് ആയിരുന്നു പിഴ ഒടുക്കാനുള്ള അവസാന ദിവസം. ഇനി കോടതിയാണ് അക്കാര്യത്തിൽ നടപടി എടുക്കേണ്ടത്. എന്റെ ഭാഗം ഞാൻ വ്യക്തമാക്കി കഴിഞ്ഞു. പിഴയെക്കാൾ ഗുരുതരമായ വിഷയം ഇക്കാര്യത്തിൽ കേസ്സെടുക്കാൻ CBI, NIA പോലുളള ഏജൻസികൾക്ക് നൽകിയ നിർദ്ദേശമാണ്. വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്തിട്ടുണ്ട്. നീതി തേടി കോടതിയിലെത്തുന്നവരെ കുറ്റവാളിയാക്കുന്ന ഈ വിധി ഭയാനകമാണ്. ടീസ്റ്റ സ്റ്റെതൽവാദിന്റെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. ഹിംസാത്മകമായ ഭരണകൂടത്തിന്റെ ഭാഗമായി ജുഡീഷ്യറിയും മാറുന്നതിന്റെ ആപത്തിനെ പറ്റി പരക്കെ ചർച്ചകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞുവെന്നത് ആശ്വാസകരമാണ്. ഞാൻ താമസിയാതെ ഗോംപാഡിലേക്കു പോകും. ഗോംപാഡിനെ പറ്റി ഞാൻ ഒരു പുസ്തകം രചിക്കുകയാണ്. അതിന്റെ പണിയുണ്ട്. ഒപ്പം കേസ്സിൽ കക്ഷി ചേർന്ന അവിടെയുള്ള ആദിവാസികൾക്ക് ധാർമ്മിക പിന്തുണയും ആവശ്യമാണ്. അക്രമം നടത്തിയവർ ഇപ്പോഴും പരിസരങ്ങളിൽ തന്നെയുണ്ട്. ആദിവാസികളെ അവർ വീണ്ടും ആക്രമിക്കുന്നതിനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.