TMJ
searchnav-menu
post-thumbnail

Crime

അക്രമം നടത്താന്‍ കാരണം തേടുന്ന സമൂഹം

14 Sep 2022   |   1 min Read
ബിനീഷ് പണിക്കര്‍

PHOTO: WIKI COMMONS

കുറ്റകൃത്യങ്ങളുടെ ഭയാനകതയും, നൃശംസതയും സമൂഹത്തില്‍ വ്യാപകമായ ചര്‍ച്ചയാക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക്‌ വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്‌. മലയാള മാധ്യമങ്ങളില്‍ അതാത് കാലഘട്ടങ്ങളില്‍ നിറഞ്ഞുനിന്ന സെന്‍സേഷേണല്‍ എന്നു പറയാവുന്ന ഏതാനും കുറ്റകൃത്യങ്ങളുടെ വിവരണത്തിലൂടെ കേരളത്തില്‍ സമീപകാലത്തായി ഉരുത്തിരിഞ്ഞ ക്രിമിനല്‍ സ്വഭാവങ്ങളെപ്പറ്റി മാധ്യമ പ്രവര്‍ത്തകനായ ബിനീഷ്‌ പണിക്കര്‍ എഴുതുന്ന പരമ്പര തുടങ്ങുന്നു.

അക്രമവാസനയുടെ ഉല്പത്തിരഹസ്യം : ഒന്നാം ഭാഗം

അക്രമം നടത്താന്‍ കാരണം തേടുന്ന സമൂഹമായി കേരളം മാറിയിരിക്കുന്നുവോ എന്നു സംശയിക്കേണ്ട സാമൂഹ്യ പശ്ചാത്തലത്തിലാണ് ആക്രമണോത്സുകതയുടെ രൂപപ്പെടലുകള്‍ പരിശോധനയ്ക്കു വിധേയമാക്കുന്നത്. സദ്യയില്‍ പപ്പടം വിളമ്പുന്നതിനെക്കുറിച്ചുള്ള തര്‍ക്കംപോലും വഴക്കിലും തമ്മില്‍തല്ലലിലും  കലാശിക്കുന്നുവെന്ന് വരുമ്പോള്‍ എവിടെയൊക്കെയോ അടക്കിപ്പിടിച്ച്, എന്തിന്റെ പേരിലും പൊട്ടിത്തെറിക്കാന്‍ വെമ്പുന്നവരായി നമ്മള്‍ മാറിയിരിക്കുന്നില്ലേയെന്ന് ബലമായി ശങ്കിക്കണം. അരപ്പവന്‍ പൊന്നിനുവേണ്ടിയും ചെറിയ കടം വീട്ടാനുള്ള വഴി തേടിയും ഒക്കെ സ്വന്തം മാതാപിതാക്കളെവരെ കൊല്ലാന്‍ ആസൂത്രിതമായ പദ്ധതി തയ്യാറാക്കുന്നവരാണ് 'സാക്ഷര, സംസ്‌കൃത' മലയാളികള്‍. ഭാര്യയെ കഴുത്തറുത്തു കൊന്നശേഷം ആത്മഹത്യ ചെയ്യുന്ന യുവാവ്, യുവതിയെ നിലവിളക്കുകൊണ്ട് അടിച്ചുകൊന്ന ഭര്‍ത്താവ്, നടുറോഡില്‍ മാതാപിതാക്കളെ ഓടിച്ചിട്ട് വെട്ടിക്കൊന്നശേഷം പോലീസിനെ വിളിച്ചു പറയുന്ന മകന്‍ ഇതൊക്കെ നിത്യകാഴ്ചകളാണ്. കുറ്റവാളികളില്‍ ഏറിയ പങ്കും പിടിക്കപ്പെടുന്നുണ്ടെങ്കില്‍പ്പോലും കൃത്യങ്ങള്‍ കുറയുന്നില്ല. വ്യക്തികളെപ്പോലെ ആള്‍ക്കൂട്ടവും പലപ്പോഴും അക്രമോത്സുകമായിത്തീരുന്നു. പരിഷ്‌കൃത-സംസ്‌കൃത പൗര സമൂഹക്രമത്തിന് വലിയ പങ്കം വരുത്തുന്ന തരത്തിലേക്ക് നാട്ടിലെ അക്രമ സംഭവങ്ങള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനയ്ക്കും വ്യാപനത്തിനും വ്യക്തിജന്യവും സമൂഹജന്യവുമായ നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും. ഫ്യൂഡല്‍-നാട്ടുരാജ്യ കാലഘട്ടം  മുതല്‍തന്നെ കേരളം എന്ന് നമ്മള്‍ ഇപ്പോള്‍ പേര്‍ ചൊല്ലി വിളിക്കുന്ന ഭൂവിഭാഗത്തില്‍ പലതരത്തിലുള്ള കുറ്റകൃത്യങ്ങള്‍ നിലനിന്നിരുന്നു, പ്രാക്തനമായ ശിക്ഷാവിധികളും. കുറ്റകൃത്യങ്ങളുടെ പിടിയില്‍  സമൂഹത്തെ വലിയതോതില്‍ തളച്ചിടുന്നതെന്തെന്ന് പരിശോധിയ്ക്കുമ്പോള്‍ ഫ്യൂഡല്‍ കാലം മുതല്‍ ആധുനിക കാലം വരെയുള്ള  സമൂഹത്തിന്റെ വിവിധ  പ്രശ്‌നങ്ങളിലേയ്ക്ക്  കടന്നുചെല്ലേണ്ടിവരികയും ചെയ്യും. ധനം, ദുരഭിമാനം, വിവേചനം, രതി, ശരീരം, ലിംഗം, രാഷ്ട്രീയം, മതം, ജാതി, ലഹരി എന്നുതുടങ്ങി അക്രമത്തിന് ഉത്തേജനം നല്‍കുന്ന കാരണങ്ങളും  പ്രവേശികകളും കണ്ടെത്താനാകും. ഇത്തരം പ്രശ്‌നങ്ങളെ നിയമപരവും ധന-മന-സാമൂഹിക ശാസ്ത്രങ്ങളില്‍ ഊന്നിയതുമായ സമഗ്ര പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുമുണ്ട്. ദൗര്‍ഭാഗ്യവശാല്‍ സദാചാരപരമോ ധര്‍മ്മശാസ്ത്രപരമോ ആയ പരിശോധനകള്‍ക്കപ്പുറത്തേക്കു കടക്കാന്‍ മിക്കവാറും ആരും തയ്യാറാകാറില്ല.

representational image

ശാരീരികമായ കടന്നുകയറ്റങ്ങളെയും ഭൗതികമായ വസ്തുവകകള്‍ നശിപ്പിക്കുന്നതിനെയും  മാത്രം അക്രമമായി പരിഗണിക്കുന്നതും ന്യൂനീകരണമാകും. കുടുംബത്തിനകത്തും സൈബര്‍ ഇടങ്ങളിലും, മറ്റ് പൊതു സ്ഥലങ്ങളിലും വാക്കുകള്‍ കൊണ്ടുനടത്തുന്ന ആക്രമണങ്ങള്‍ പലപ്പോഴും ശാരീരിക ആക്രമണങ്ങളോളം തന്നെയോ അതിലേറെയോ ഹിംസാത്മകമാകുന്നു.

വ്യക്തി, കുടുംബം, സമൂഹം എന്നിവ തുടര്‍ന്നു വരുന്ന സമൂഹത്തിന്റെ മറ്റ് ബ്രഹദ് ആഖ്യാനങ്ങള്‍, ധനബന്ധങ്ങള്‍, സാമൂഹ്യശ്രേണികള്‍ തുടങ്ങിയവയെല്ലാം പല പ്രകാരത്തില്‍ അക്രമണോത്സുകമായ വ്യക്തിത്വങ്ങളെ രൂപപ്പെടുത്തുന്നതില്‍ വലിയ തോതില്‍ പങ്കുവഹിക്കുന്നു. പണ്ട് കാലം വളരെ മഹത്തരമായിരുന്നുവെന്ന തരത്തിലുള്ള ഒരു കാല്പനിക വിലാപം വളരെ വ്യാപിച്ച ചിന്തയായി  കാണുന്നുണ്ട്. വസ്തുനിഷ്ടം എന്നതിനേക്കാള്‍ കാല്പനാനിഷ്ടം എന്നാവും അതേക്കുറിച്ച് പറയാനാവുക. കൃഷീവല സമൂഹ്യക്രമത്തിലെ ആക്രമണ സ്വഭാവത്തിന് ഇത്രമാത്രം സങ്കീര്‍ണ്ണത വന്നുപെട്ടിരുന്നില്ലെന്ന് മാത്രം കരുതുകയാവും യുക്തിസഹം. പക്ഷെ, ആഗോളവത്ക്കരണാനന്തരകാലത്തെ കുറ്റകൃത്യങ്ങള്‍ക്കും അക്രമത്തിനും ധനബന്ധങ്ങള്‍ അത്യന്തം  സങ്കീര്‍ണ്ണമാക്കിയ ഒരു തലം രൂപപ്പെടുത്തപ്പെട്ടു. അവയുടെ വൈയക്തികമാനവും സമൂഹമാനവും കൂടുതല്‍ പ്രശ്‌നഭരിതം.  സാമൂഹിക സംവിധാനങ്ങളുടെയും  ഭരണകൂടത്തിന്റെയും കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള നിര്‍വചനത്തിലും സമീപനരീതിയിലും വലിയ മാറ്റങ്ങള്‍ ഇക്കാലത്തുണ്ടായിക്കൊണ്ടിരിക്കുന്നു. പല രാജ്യങ്ങളും സാമൂഹിക വ്യവസ്ഥകളും മനുഷ്യാവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതും എഴുതുന്നതും അതിനായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതും പോലും വലിയ കുറ്റകൃത്യങ്ങളായി കണക്കിലെടുക്കുന്നതായി കാണാം.

ശാരീരികമായ കടന്നുകയറ്റങ്ങളെയും ഭൗതികമായ വസ്തുവകകള്‍ നശിപ്പിക്കുന്നതിനെയും  മാത്രം അക്രമമായി പരിഗണിക്കുന്നതും ന്യൂനീകരണമാകും. കുടുംബത്തിനകത്തും സൈബര്‍ ഇടങ്ങളിലും, മറ്റ് പൊതു സ്ഥലങ്ങളിലും വാക്കുകള്‍ കൊണ്ടുനടത്തുന്ന ആക്രമണങ്ങള്‍ പലപ്പോഴും ശാരീരിക ആക്രമണങ്ങളോളം തന്നെയോ അതിലേറെയോ ഹിംസാത്മകമാകുന്നു. വളരെ നീചവും പൈശാചികവുമായിത്തീരുന്ന ഇത്തരം കടന്നുകയറ്റങ്ങള്‍ വലിയ തോതിലാണ് വര്‍ദ്ധിച്ചുവരുന്നത്.

ആക്രമണോത്സുകതയുടെ ആന്തരിക തലങ്ങളും രൂപപ്പെടലുകളും

ക്രമം വിട്ട് പ്രവര്‍ത്തിക്കാനുള്ള ത്വര എല്ലാക്കാലത്തും മനുഷ്യര്‍ക്കുണ്ട്, നിലനില്‍ക്കുന്ന വ്യവസ്ഥയോടുള്ള വിയോജിപ്പും പലപ്പോഴും അക്രമങ്ങളിലേക്ക് എത്തുന്നത് കാണാം. ആക്രമണോത്സുകമായ(aggressive)  വ്യക്തിത്വം രൂപപ്പെടുന്നതിന് പല കാരണങ്ങളുണ്ട്. അടിസ്ഥാനപരമായി എല്ലാ മനുഷ്യരുടെയും ഉള്ളില്‍ സഹജവാസന എന്ന നിലയില്‍ ആക്രമണോത്സുകത നിലനില്‍ക്കുന്നതായി മനഃശാസ്ത്രജ്ഞന്മാര്‍ ദീര്‍ഘകാലം മുമ്പ് തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഓരോ വ്യക്തികളുടേയും ഉള്ളിലുള്ള തീവ്രമായ മൃത്യുകാമന(death wish) ആദ്യം സ്വയം നശിപ്പിക്കാനുള്ള പ്രവണതയായി രൂപപ്പെടുകയും പിന്നീട് അപര നശീകരണത്വരയായി പരിണമിക്കുകയും  ചെയ്യുമെന്ന് സിഗ്മണ്ട് ഫ്രോയിഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത്തരത്തില്‍ ആന്തരികമായി സൃഷ്ടിക്കപ്പെടുന്ന വിദ്രോഹപ്രചോദനകള്‍(hostile impulses) അന്തരംഗത്തില്‍ കൂടിക്കിടന്ന് വര്‍ദ്ധിച്ച് അപകടകരമായ അക്രമപ്രവര്‍ത്തനമായി പുറത്തുവരുമെന്നും ഫ്രോയിഡ് സിദ്ധാന്തിച്ചു. കൊണ്‍റാഡ് ലോറന്‍സിനെപ്പോലുള്ളവര്‍ മനുഷ്യപരിണാമത്തിന്റെ വിവിധ ഘട്ടങ്ങളുമായി ചേര്‍ത്തുവെച്ച് ജീവിവര്‍ഗ്ഗങ്ങള്‍ തമ്മില്‍ നിലനിന്ന പോരാട്ട ചോദന(fighting instinct)യുമായി അക്രമോത്സുകതയെ ബന്ധപ്പെടുത്തി വിശദീകരിക്കുന്നുണ്ട്. ഇണ ചേരലിനായി പോലും മനുഷ്യര്‍ തമ്മില്‍ ഇത്തരം പോരാട്ടം നിലനിന്നിരുന്നു. പരാജിതന് ഇണയെ ലഭിക്കുമായിരുന്നില്ല. കരുത്തരില്‍ നിന്നും ബീജസ്വീകരണം നടത്തി കരുത്തേറിയ തലമുറയെ സൃഷ്ടിക്കുന്നതിന് ഇത്തരം പോരാട്ടങ്ങള്‍ വഴിയൊരുക്കിയിരുന്നതായും  സാമൂഹിക ജീവശാസ്ത്രകാരന്മാര്‍  പറയുന്നു. ആക്രമണോത്സുകത ജൈവിക ഘടകങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി പരിപ്രേക്ഷിച്ച മറ്റൊരു കൂട്ടം ശാസ്ത്രജ്ഞര്‍ അതിനെ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനവും ന്യൂറോളജിക്കല്‍ തകരാറുകളുമൊക്കെയായി ബന്ധിപ്പിച്ച് വിശദീകരിക്കുന്നതും കാണാം.

സിഗ്മണ്ട് ഫ്രോയിഡ് | photo : wiki commons

വ്യക്തമായ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നേരിടേണ്ടിവരുന്ന കടുത്ത ഇച്ഛാഭംഗം(frustration) പോലുള്ള അവസ്ഥകള്‍ മറ്റുള്ളവരെ ആക്രമിക്കാനുള്ള വര്‍ദ്ധിത പ്രചോദനമായി തീരുന്നതായി ബാഹ്യചോദനാ സിദ്ധാന്തക്കാര്‍ (Drive Theorists) വിശദീകരിക്കുന്നു. ബാഹ്യമായി രൂപപ്പെടുന്ന കാരണങ്ങളാണ് അക്രമത്തിലേക്ക് നയിക്കുന്നത് എന്നാണിവരുടെ നിലപാട്. എന്നാല്‍ കടുത്ത ആക്രമണോത്സുകത്വവുമായി ആരും ജനിക്കുന്നില്ലെന്നും ഇവയൊക്കെ എല്ലാ സാമൂഹിക ശീലങ്ങളെപ്പോലെയും ആര്‍ജ്ജിച്ചെടുക്കുന്നതാണെന്ന് വിശദീകരിക്കുന്നവരും ഉണ്ട്. സിനിമ അടക്കമുള്ള ബഹുജന മാധ്യമങ്ങളും ഡിജിറ്റല്‍ അടക്കമുള്ള പുത്തന്‍ മാധ്യമങ്ങളും  ഇത്തരം ശീലിപ്പിക്കലുകളുടെ ഇടങ്ങളാകുന്നു. നേരിട്ടുള്ള അനുഭവങ്ങളിലൂടെയും നിരീക്ഷണത്തിലൂടെയും മറ്റും ആക്രമണോത്സുകത അടക്കമുള്ള ശീലങ്ങള്‍ സ്വായത്തമാക്കുകയാണെന്നും വാദിക്കുന്നു ഈ ചിന്തയുടെ പ്രായോക്താക്കളായ  സാമൂഹ്യശാസ്ത്രജ്ഞര്‍. എന്നാല്‍ ഇതില്‍നിന്നൊക്കെ ഭിന്നമായി, പൂര്‍ണ്ണമായും ബോധസങ്കലന(cognition)വുമായി ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്നതാണ് ആക്രമണോത്സുകത എന്ന കൂടുതല്‍ സങ്കീര്‍ണ്ണമായ ഒരു സമീപനവുമുണ്ട്. ബോധ സങ്കലനത്തെ നിര്‍ണ്ണയിക്കുന്ന ഘടകങ്ങളും  വ്യക്തികളുടെ  ചിത്തവൃത്തികളും  ഭൂതകാല അനുഭവങ്ങളും ഒക്കെച്ചേര്‍ന്നു രൂപപ്പെടുന്ന അനുഭവ കലര്‍പ്പുകളിലൂടെയാണ് ആക്രമണോത്സുകത ഉണ്ടാകുന്നതെന്നാണ്  ഈ സമീപനം വച്ചു പുലര്‍ത്തുന്ന സാമൂഹ്യമനശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നത്.

ലൈംഗികമായ അസൂയ, മറ്റുള്ളവരുടെ പ്രവൃത്തികളില്‍ സദാ വിദ്രോഹം വീക്ഷിക്കല്‍, കുട്ടിക്കാലത്തെ ദുരനുഭവങ്ങളില്‍ നിന്നും ആര്‍ജ്ജിക്കപ്പെടുന്ന ശീലങ്ങള്‍ എന്നു തുടങ്ങി നിരവധി കാരണങ്ങളും ആക്രമണോത്സുകതയ്ക്കു പിന്നില്‍ കണ്ടെത്താനാകും. പലപ്പോഴും ഇത്തരത്തില്‍  കാരണങ്ങള്‍ കെട്ടുപിണഞ്ഞുകിടക്കുന്ന സങ്കീര്‍ണ്ണമായ മനോനിലയില്‍ നിന്നുമാകും ഹിംസാത്മകമായ പ്രവര്‍ത്തനങ്ങള്‍ രൂപമെടുക്കുന്നതും.

വിലക്കുകള്‍, ഉല്ലംഘനങ്ങള്‍, കീഴ്‌പ്പെടുത്തലുകള്‍

ഒരാളോടോ, അല്ലെങ്കില്‍ ഒരു പ്രത്യേക സാഹചര്യത്തിലോ, കടുത്ത വൈകാരിക വിക്ഷോഭം മൂലംതന്നെ അസ്വസ്ഥനാക്കുന്ന വ്യക്തിയെ ഇല്ലാതാക്കാമെന്ന്  ആലോചിക്കാത്ത മനുഷ്യര്‍ ഉണ്ടാകണമെന്നില്ല. പക്ഷെ ലോകജീവിതം സഞ്ചയിച്ചു തന്ന സംസ്കാരം അത്തരം പ്രവര്‍ത്തികളില്‍നിന്നും തടയുന്ന കരുതല്‍ സംവിധാനമായി പ്രവര്‍ത്തിക്കുന്നതിലൂടെ അതില്‍ നിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും. മനുഷ്യര്‍ അക്രമത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത് സംസ്കാരം വഴി ആര്‍ജ്ജിച്ച മൂല്യ പദ്ധതികളിലൂടേയാണെന്നു സാരം. സംസ്കാരം പല തരത്തിലുള്ള  വിലക്കുകള്‍ ഇതിനായി രൂപപ്പെടുത്തുന്നുണ്ട്. അതിനൊപ്പം നിയമ ധാര്‍മ്മിക വ്യവസ്ഥകളും  സാമൂഹിക ക്രമങ്ങളും സൃഷ്ടിക്കുന്ന ഭയങ്ങളും ശിക്ഷാവിധികളും ഉണ്ട്. അത്തരം അവസ്ഥകളെ  ലംഘിച്ചു പ്രവര്‍ത്തിക്കാന്‍ പ്രേരകമായ സാഹചര്യങ്ങള്‍ ആന്തരികമായും ബാഹ്യമായും സൃഷ്ടിക്കപ്പെടുന്നതോടെയാണ് ഒരു വ്യക്തി അക്രമത്തിലേക്ക് എത്തിച്ചേരുന്നതെന്നു പറയാം.

അക്രമത്തിനുള്ള പ്രേരകമോ പ്രലോഭനമോ ഏറിയ പങ്കും ധനം ആര്‍ജ്ജിക്കാനോ അല്ലെങ്കില്‍ അതിന്റെ അഭാവം പരിഹരിക്കാനോ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. തൃശ്ശൂരില്‍ അമ്മയെ കൊല ചെയ്യാന്‍ ശ്രമിച്ച മകളെ പ്രലോഭിപ്പിച്ചത് തനിക്ക് നഷ്ടമായ ഏതാനും  ലക്ഷം രൂപ സമാഹരിക്കുന്നതിനായി അവരുടെ സ്വത്ത് കൈക്കലാക്കുകയെന്നതായിരുന്നുവെന്നത് പുറത്ത് വന്നത് അടുത്തിടെ മാത്രമാണ്.

സര്‍വ്വതും ധനകേന്ദ്രിതമായ  ഇക്കാലത്ത് സമൂഹത്തിന്റെ  മൂല്യക്രമങ്ങളിലും പരിഗണനകളിലും  വലിയ ശോഷണം സംഭവിച്ചുവെന്നുമാത്രമല്ല, ആന്തരികമായ വിലക്കുകളെ ഇല്ലാതാക്കുന്ന സാഹചര്യങ്ങള്‍ ലഹരി പദാര്‍ത്ഥങ്ങളുടെയും മറ്റും അധികരിച്ച ഉപയോഗത്തിലൂടെ വര്‍ദ്ധിച്ചതോതില്‍ രൂപപ്പെടുകയും ചെയ്യുന്നു. ധനവും സ്വാധീനവും കരഗതമെങ്കില്‍ കുറ്റകൃത്യങ്ങള്‍ ചെയ്താലും  രക്ഷപ്പെടാനാവുമെന്ന ചിന്ത ശക്തമാക്കുന്ന  സംഭവഗതികള്‍ ആക്രമണോത്സുകമായ മനസ്സുകളെ പ്രചോദിപ്പിക്കുന്നു. മാനവികതയില്‍ വന്ന ശോഷണം മൂലം  ഏത് പൈശാചികമായ സംഭവവും കേവലം വാര്‍ത്തകള്‍ മാത്രമായിത്തീരുകയും ഹിംസ കണ്ട് അറപ്പുതീര്‍ന്ന ജനതയായി വര്‍ത്തമാനകാല സമൂഹം പരുവപ്പെടുകയും ചെയ്തു. അന്നന്നേരത്തെ വാര്‍ത്തകള്‍ക്കും ചര്‍ച്ചകള്‍ക്കും അപ്പുറത്തേക്ക് മാധ്യമങ്ങളോ സമൂഹത്തിലെ ഉത്തരവാദിത്തപ്പെട്ട സംവിധാനങ്ങളോ ഇത്തരം സംഭവങ്ങളെയൊന്നും ഏറ്റെടുത്ത് മുന്നോട്ടുകൊണ്ടുപോകാത്തതും വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഏറ്റെടുത്താല്‍ തന്നെ അത് അവയിലെ സെന്‍സേഷണല്‍ സ്വഭാവത്താലോ, കുറ്റകൃത്യങ്ങളിലെ സ്ത്രീ സാന്നിധ്യം കൊണ്ടുലഭിക്കുന്ന ഒളിഞ്ഞുനോട്ട സാധ്യതകളാലോ പ്രചോദിതമായിരിക്കുകയും ചെയ്യും. മാധ്യമങ്ങളിലൂടേയായാലും രാഷ്ട്രീയ സംവിധാനങ്ങളുടെ മുന്‍കൈയില്‍ രൂപമെടുക്കുന്ന സാമൂഹിക സംഭവങ്ങളിലൂടെ ആയാലും കാണുന്ന/കേള്‍ക്കുന്ന/അറിയുന്ന മാതൃകകളിലെ നല്ലപങ്കും  അക്രമത്തിന്റേതാകുന്നു- ലക്ഷ്യപ്രാപ്തിക്കായി അക്രമം ചെയ്യുന്നവര്‍ പ്രഘോഷിക്കപ്പെടുന്നു, വാര്‍പ്പുമാതൃകകളായി തീരുന്നു. ആന്തരികമായ വിലക്കുകള്‍ ഇല്ലാതെയാകുന്നതോടെ ഇത്തരം മാതൃകകളെ പിന്‍തുടരുന്നതിനുള്ള ത്വര വര്‍ദ്ധിക്കുന്നു.

അക്രമത്തിനുള്ള പ്രേരകമോ പ്രലോഭനമോ ഏറിയ പങ്കും ധനം ആര്‍ജ്ജിക്കാനോ അല്ലെങ്കില്‍ അതിന്റെ അഭാവം പരിഹരിക്കാനോ വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്. തൃശ്ശൂരില്‍ അമ്മയെ കൊല ചെയ്യാന്‍ ശ്രമിച്ച മകളെ പ്രലോഭിപ്പിച്ചത് തനിക്ക് നഷ്ടമായ ഏതാനും  ലക്ഷം രൂപ സമാഹരിക്കുന്നതിനായി അവരുടെ സ്വത്ത് കൈക്കലാക്കുകയെന്നതായിരുന്നുവെന്നത് പുറത്ത് വന്നത് അടുത്തിടെ മാത്രമാണ്. എങ്ങനെ കൊല്ലണമെന്നതടക്കമുള്ള കാര്യങ്ങള്‍ ശീലിച്ചതാകട്ടെ യൂ ട്യൂബ് പോലെയുള്ള പുതിയകാല മാധ്യമങ്ങളില്‍ നിന്നും. ഏതു പ്രശ്‌നത്തിന്റെ പരിഹാരവും അക്രമത്തിലൂടെയും കൊലയിലൂടെയും സാധ്യമാക്കാന്‍ സാധിക്കും എന്ന ഉത്തരത്തിലേക്ക് വളരെ വേഗം ആളുകള്‍ ചെന്നെത്തുന്നു.

നിസ്സംഗതയേക്കാള്‍ മാരകമായ വെറുപ്പോടെ ഞാന്‍ ഇപ്പോള്‍ അവളെ വെറുക്കുന്നു, എന്തെന്നാല്‍ അത് പ്രണയത്തിന്റെ മറുതല്പമാകുന്നു (''I hated her now with a hatred more fatal than indifference because it was the other side of love.'')  ഇങ്ങനെയെഴുതിയ സ്വീഡിഷ് എഴുത്തുകാരന്‍ ഓഗസ്റ്റ് സ്ട്രിന്‍ബെര്‍ഗിന്റെ (August Strindberg) വാക്കുകളെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലാണ് പ്രണയത്തിന്റെ പേരില്‍ സ്ത്രീകളുടെ നേര്‍ക്കു നടക്കുന്ന അതിക്രമം. തിരസ്‌ക്കാര ഭയമുള്ള വ്യക്തിത്വങ്ങള്‍ക്ക് ഇഷ്ടം വൈരമായി രൂപപ്പെടുന്നത് അതിവേഗത്തിലാണ്. പ്രണയം നിരസിക്കുമ്പോള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതും സംശയത്തിന്റെ പേരില്‍ പ്രണയിനിയെ വകവരുത്തുന്നതുമൊക്കെ കേരളക്കരയില്‍ സാധാരണം. നിരന്തരം ഇത്തരം ഹിംസകള്‍ നടക്കുന്ന സമൂഹം എത്രമേല്‍ രോഗാതരുമാണ്!

ഓഗസ്റ്റ് സ്ട്രിന്‍ബെര്‍ഗ് | photo : wiki commons

പണം തരാത്ത മാതാപിതാക്കള്‍/ ഒപ്പം ഇറങ്ങിവരാത്ത കാമുകി/ ഭാര്യാവീട്ടിലെ ധനത്തിനായുള്ള ഒടുങ്ങാത്ത ആഗ്രഹം/ സ്ഥാനമാനങ്ങള്‍ എന്നിങ്ങനെ  സ്വാര്‍ത്ഥ ചിന്തകളെ ഊതിയുരുക്കി തീപടര്‍ത്തുകയും വിവേകത്തെ വിരോധം കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന സമൂഹം വലിയ ശസ്ത്രക്രിയ ആവശ്യപ്പെടുന്നുണ്ട്. സ്വാര്‍ത്ഥത്തിനേറ്റ മുറിവിനെ മറ്റെന്തിനേക്കാളും വലുതായി കണക്കിലെടുക്കുന്നത് മൂല്യപദ്ധതികളുടെ ശോഷണത്തിനപ്പുറം  സാമൂഹികമായ മറ്റ് സാഹചര്യങ്ങളുമായി ചേര്‍ത്തുവെച്ച് വേണം മനസ്സിലാക്കാന്‍. മനോവൈകല്യങ്ങളും രോഗാതുരമായ അവസ്ഥയും അക്രമപ്രവര്‍ത്തനത്തിലേക്ക് പലപ്പോഴും വ്യക്തികളെ നയിക്കാറുണ്ടെങ്കിലും സമൂഹനിഷ്ഠമായ കാരണങ്ങളാണ് മനോജന്യ രോഗാതുരതകളേക്കാള്‍ കൂടുതലായി അക്രമത്തിന് കാരണമാകാറുള്ളത്. രോഗാതുര വ്യക്തിത്വങ്ങള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ എണ്ണം സമൂഹജന്യമായ കാരണങ്ങളാല്‍ സംഭവിക്കുന്നതിനേക്കാള്‍ കുറഞ്ഞിരിക്കുന്നുവെന്നാണ് ആ മേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്നവര്‍ പറയുന്നത്. രോഗാതുരത സൃഷ്ടിക്കുന്നതില്‍ ജീവശാസ്ത്രപവും ജനിതകപരവുമായ കാരണങ്ങള്‍ ഉണ്ടെങ്കിലും  സമൂഹജന്യമായ കാരണങ്ങളും നിര്‍ണ്ണായകമാണ്.  വ്യക്തിയുടെ രൂപപ്പെടലിലെ സാമൂഹിക തലം, ആ വ്യക്തിയുടെ സുഖചിന്ത രോഗാതുരമാക്കി പരുവപ്പെടുത്തുന്നതിലെ സമൂഹത്തിന്റെ പങ്ക് ഇവയൊന്നും മറന്നുകൊണ്ട് ആക്രമണോത്സുകതയെക്കുറിച്ച് ചിന്തിക്കാന്‍ ആവുകയില്ല.

കുടുംബം അക്രമണോത്സുകതയുടെ സൂക്ഷ്മതല മാതൃക

കേരളത്തിലെ പല കുടുംബങ്ങളും അക്രമണോത്സുകതയുടെ സൂക്ഷ്മതല മാതൃകകള്‍ (Micro aggression models) സൃഷ്ടിക്കുന്നുണ്ടെന്ന് തികഞ്ഞ ഖേദത്തോടെ നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. ഗാര്‍ഹിക പീഡനത്തിന്റെ തോത് ഇവിടെ ഉയര്‍ന്നതാണ്. വീട്ടകങ്ങളില്‍ കുട്ടികളും സ്ത്രീകളും മറ്റും വലിയ തോതില്‍ ശാരീരികമായും മാനസികമായും വാക്കുകളാലും നിരന്തരം മുറിവേല്‍ക്കപ്പെടുന്നു. ഗൃഹനാഥന്റെ അധീശത്വത്തിന്റെ ഇരകളായിത്തീരുകയാണ് കുടുംബാംഗങ്ങള്‍. വളരെ ചെറുപ്രായത്തിലെ കുട്ടികള്‍ മാഫിയ സംഘങ്ങളിലും മറ്റും ചെന്നുചേക്കേറുന്നതിനുള്ള വിളഭൂമി ഒരുക്കുന്നത് പലപ്പോഴും കുടുംബ സാഹചര്യമാണ്. അക്രമം വലിയ വ്യവസായമായി വളര്‍ന്നിരിക്കുന്ന ഇക്കാലത്ത് ഇവയുമായി സന്ധിചേരുന്നതിനുള്ള സാഹചര്യം പല രൂപത്തില്‍ കുടുംബത്തിനകത്ത് തന്നെ ഉണ്ടാകുന്നു. ആഗോളവത്ക്കരണാനന്തര കാലത്ത് കൂടുതല്‍ സമൂഹവിരുദ്ധമായ നിലയിലേക്ക് കുടുംബാന്തരീക്ഷം മാറിയതാണ് പല കുറ്റകൃത്യങ്ങളിലേക്കും പുതിയ തലമുറയെ കൊണ്ടുചെന്നെത്തിച്ചതെന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ ആവുന്നതേയുള്ളു. ഇത്തരം സാഹചര്യത്തെ പുറത്തുള്ള പ്രതിലോമ ശക്തികള്‍ സമൃദ്ധമായി മുതലെടുക്കുന്നുമുണ്ട്.

കുടുംബങ്ങള്‍ പോലും ആധാരമാക്കുന്നത് മറ്റ് ഏത് മൂല്യത്തേക്കാളും മീതെ സമ്പത്തിനെയാണ്. പരോപകാര തല്പരമായ ആനന്ദം( altruistic pleasure) എന്നതില്‍ നിന്നും സമൂഹം തെന്നി മാറിക്കഴിഞ്ഞു.

സുഖത്തെയും സന്തോഷത്തെയും ആനന്ദത്തെയും കുറിച്ച് തെറ്റായ  നിര്‍വ്വചനം പല പ്രകാരത്തില്‍ സമൂഹ മനസ്സില്‍ രൂഢമൂലമാണ്. ധനവും തൊലിപ്പുറത്തെ ആനന്ദവുമാണ് ഏറെപ്പേരെയും നയിക്കുന്നത്. എല്ലാത്തിനും മീതെ പണം എന്ന മൂല്യവിചാരവും അതിനായി ഏത് വഴിയും തേടുന്ന ജനതയും ഒരു സവിശേഷ സാമൂഹ്യ സാഹചര്യത്തിന്റെ സൃഷ്ടിയാണെന്ന കാര്യം ആരും വേണ്ട വണ്ണം കണക്കിലെടുത്ത് കാണുന്നില്ല. കുടുംബങ്ങള്‍ പോലും ആധാരമാക്കുന്നത് മറ്റ് ഏത് മൂല്യത്തേക്കാളും മീതെ സമ്പത്തിനെയാണ്. പരോപകാര തല്പരമായ ആനന്ദം ( altruistic pleasure) എന്നതില്‍ നിന്നും സമൂഹം തെന്നി മാറിക്കഴിഞ്ഞു. തിരുത്തല്‍ ശക്തിയാകേണ്ട ഭരണ-രാഷ്ട്രീയ-മത- സാമൂഹിക സംവിധാനങ്ങളൊക്കെ തന്നെ വിപല്‍ക്കരമായ ധനമൂലധനത്തിന്റെ പ്രായോജകരോ ഗുണഭോക്താക്കളോ ഒക്കെ ആയിത്തീരുകയാണ് പലപ്പോഴുമെന്നതാണ് മറ്റൊരു ദുര്‍ഗതി.

ഉപരി മധ്യവര്‍ഗ്ഗത്തിന്റെയും ഉപരി വര്‍ഗ്ഗത്തിന്റെയും സുഖകാമനാസഞ്ചാരങ്ങളുടെ പ്രസരണ കേന്ദ്രങ്ങളായി മാധ്യമങ്ങള്‍ വലിയ തോതില്‍ വര്‍ത്തിക്കാന്‍ തുടങ്ങിയതോടെ മറ്റു കാലങ്ങളില്‍ നിന്നും ഭിന്നമായി ബദല്‍ മാതൃകകളുടെ വ്യാപനങ്ങളും ശുഷ്‌കവും സുപ്തവുമായി. ഇതിനെ തിരിച്ചുപിടിക്കുകയെന്നത് ഒഴുക്കിനെതിരെ നീന്തുന്നതുപോലെ  ശ്രമകരവും വെല്ലുവിളികള്‍ നിറഞ്ഞതുമാകുന്നു. ഒറ്റപ്പെട്ട ഇടങ്ങളില്‍/ കുടുംബങ്ങളില്‍ ചില മാറ്റങ്ങള്‍ സാധ്യമാണെന്നതിനപ്പുറം നമ്മുടേതുപോലുള്ള  സാമൂഹ്യക്രമത്തില്‍ വലിയ പരിവര്‍ത്തനങ്ങളെക്കുറിച്ചുള്ള ആലോചനകള്‍  ചെന്നു മുട്ടി നിന്നുപോകുന്നത് സമൂഹത്തിന്റെ തന്നെ ആധാരങ്ങളിലാവുന്നു. അക്രമം രാഷ്ട്രാന്തരീയ വേരുകളുള്ള വലിയ വ്യവസായമായി തീരുകയും അതിന് ഒരുപാട് പ്രായോജകര്‍ ഉണ്ടാകുകയും സമൂഹത്തിന്റെ ഓരോ തൂണിനേയും അത് ഫലപ്രദമായി പ്രയോജനപ്പെടുത്തുകയും  ചെയ്യുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

Leave a comment