TMJ
searchnav-menu
post-thumbnail

Crime

കുറ്റകൃത്യങ്ങളുടെ മാറുന്ന രൂപഭാവങ്ങളും കണക്കെടുപ്പുകളും 

09 Sep 2022   |   1 min Read
തോമസ് കൊമരിക്കൽ

PHOTO: WIKI COMMONS

സോഷ്യല്‍ മീഡിയയിലെ താരപദവിയുള്ള ദമ്പതികളെ 'ഹണി ട്രാപ്' കേസില്‍ അറസ്റ്റ് ചെയ്തെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ ആഘോഷമാക്കുന്നതിന്റെ നടുവിലായിരുന്നു ഇത് എഴുതാന്‍ തുടങ്ങുന്നത്. കുറ്റകൃത്യങ്ങളുടെ മട്ടും മാതിരിയും കാണുമ്പോള്‍ പഴയ ഭാഷയില്‍ പറഞ്ഞാല്‍ മൂക്കത്തു വിരല്‍ വച്ച് പോവുന്ന അവസ്ഥയാണ്. ഭാര്യയെ വിഷപ്പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക, പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ പരസ്യമായി കൊല്ലുക, വീട്ടുകാരെ മുഴുവന്‍ ഘട്ടം ഘട്ടമായി വിഷം കൊടുത്ത് കൊല്ലുക തുടങ്ങി കൊലയുടെയും കുറ്റകൃത്യങ്ങളുടെയും കൊറിയോഗ്രാഫി അസാധാരണമായ നിലയില്‍ മാറിയതും, മാറുന്നതുമായ കാലഘട്ടത്തില്‍ കുറ്റകൃത്യങ്ങളുടെ വിലയിരുത്തല്‍ എളുപ്പമല്ല.

ചെറുകാര്യങ്ങള്‍ക്ക് പോലും വലിയ വാര്‍ത്താ പ്രാധാന്യം ലഭിക്കുന്ന കാലമായതുകൊണ്ട് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്ന പ്രതീതി എളുപ്പം നിര്‍മ്മിക്കപ്പെടുന്നു. പലരും, കഴിഞ്ഞ ദശാബ്ദങ്ങള്‍ ശാന്തവും വര്‍ത്തമാനകാലം ഹിംസ നിറഞ്ഞതുമാണെന്ന തീര്‍പ്പിലേക്ക് തിടുക്കത്തിലെത്തുകയും ചെയ്തേക്കാം. എന്നാലും കുറ്റകൃത്യങ്ങളുടെ കണക്കെടുപ്പുകള്‍ (ടാക്‌സോണമി) ബഹുമുഖങ്ങളായുള്ള വലിയ സാമൂഹ്യ വ്യവഹാരമായി മാറിയിരിക്കുന്നു. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പരമ്പരാഗതമായ ജാതി മര്‍ദ്ദനവും കൊളോണിയല്‍ അധിനിവേശവും സൃഷ്ടിച്ച വാര്‍പ്പ് മാതൃകകളുടെ പുനഃസൃഷ്ടിയുടെ ഉപകരണമായി ഇത്തരം കണക്കെടുപ്പുകള്‍ മാറുന്നുവെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കുമ്പോഴും കുറ്റകൃത്യങ്ങളുടെ നാള്‍വഴികളില്‍ സംഭവിച്ച, സംഭവിക്കുന്ന മാറ്റങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക ഉപകരണമായി ഈ കണക്കുകള്‍ മാത്രമാണ് ആശ്രയം.

കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ഏറ്റവും എളുപ്പം കയ്യെത്തിക്കാവുന്ന കണക്കുകള്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പക്കലുള്ളവയാണ്. രാജ്യത്തുടനീളം പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കണക്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോ അഥവാ എന്‍.സി.ആര്‍.ബി. സംസ്ഥാനങ്ങളിലുള്ള സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോകളില്‍നിന്ന് ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എന്‍.സി.ആര്‍.ബി 'ക്രൈം ഇന്‍ ഇന്ത്യ' എന്ന പേരില്‍ 1953 മുതല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നു. സ്റ്റേറ്റ് ക്രൈം റെക്കോഡ്സ് ബ്യൂറോകള്‍ ജില്ലാതലത്തില്‍ വിവരശേഖരണം നടത്തുകയും അത് എന്‍.സി.ആര്‍.ബി.ക്ക് കൈമാറുകയും ചെയ്യുകയുമാണ് രീതി. താരതമ്യേന പ്രാധാന്യം കുറഞ്ഞ കുറ്റകൃത്യങ്ങളെ ഒഴിവാക്കി 'കോഗ്‌നിസബിള്‍ ഒഫന്‍സസ്' എന്നറിയപ്പെടുന്ന ഗൗരവമേറിയവയാണ് എന്‍.സി.ആര്‍.ബി. പട്ടികയിലുണ്ടാവുക.

Representational Image: wiki commons

എന്‍.സി.ആര്‍.ബിയുടെ കണക്കുകളിലൂടെ കണ്ണോടിച്ചാല്‍ 1953 മുതല്‍ വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ വിവരങ്ങളറിയാം. ഇന്ത്യന്‍ ശിക്ഷാ നിയമമുള്‍പ്പടെയുള്ള വിവിധ ക്രിമിനല്‍ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണവും, അവയുടെ വകുപ്പുകളും റിപ്പോര്‍ട്ട് തരം തിരിച്ച് അവതരിപ്പിക്കുന്നു. ലക്ഷം പേര്‍ക്ക് എത്ര ക്രൈമുകള്‍ എന്ന അളവിലുള്ള ശരാശരി കണക്കും റിപ്പോര്‍ട്ടില്‍ ലഭ്യമാണ്. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നതായാണ് കാണാനാവുക. 1948 ലെ 6,25,909 ല്‍ നിന്ന് 1949 ല്‍ 6,54,019 ലേക്ക് വര്‍ധിച്ചുവെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ എണ്ണം കുറഞ്ഞുവന്നു. 1950 ല്‍ 6,35,508, 1952 ല്‍ 6,12,010, 1953 ല്‍ 6,01,964, 1954 ല്‍ 5,56,912, 1955 ല്‍ 5,35,236 എന്നിങ്ങനെ കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞുവന്നു. 1951 മാത്രമായിരുന്നു അപവാദം. അക്കൊല്ലം 6,49,728 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ 1956 ല്‍ കാര്യങ്ങള്‍ക്ക് മാറ്റമുണ്ടായി. മുന്‍ വര്‍ഷത്തേക്കാള്‍ അന്‍പതിനായിരത്തോളം കേസുകളുടെ വര്‍ധനവാണ് ആ വര്‍ഷത്തെ കണക്കുകളില്‍ കാണാനാവുക. ബോംബെ സംസ്ഥാനത്താണ് അക്കൊല്ലം ഏറ്റവുമധികം കേസുകളുണ്ടായത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്ന ആവശ്യം കൊടുമ്പിരികൊണ്ട കാലമാണ് 1955-56. ഇതുമായി ബന്ധപ്പെട്ടാണ് ബോംബെ സംസ്ഥാനത്ത് കേസുകള്‍ വര്‍ധിച്ചതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. ഒരുലക്ഷത്തിലേറെ കേസുകളാണ് അക്കാലയളവില്‍ ബോംബെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. അതുപോലെതന്നെ കിഴക്കന്‍ പാക്കിസ്ഥാനില്‍നിന്നുള്ള അഭയാര്‍ത്ഥികളുടെ വരവ് കിഴക്കേ ഇന്ത്യയില്‍ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നതായും, എളുപ്പത്തില്‍ തോക്ക് ലൈസന്‍സ് നല്‍കുന്നത് ഉത്തര്‍പ്രദേശില്‍ കുറ്റകൃത്യക്കണക്ക് ഉയരുന്നതിന് കാരണമായെന്നും സൂചനയുണ്ട്.

കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് എപ്പോഴും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് കാണുന്നത്. ഉദാഹരണത്തിന് 2011ല്‍ ലക്ഷം പേര്‍ക്ക് 515.6 കുറ്റകൃത്യങ്ങള്‍ കേരളത്തിലുണ്ടായി. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്കും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുന്നതോടൊപ്പം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നതായി കാണാനാവും.

ഈ പൊതുപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ കുറ്റകൃത്യങ്ങളില്‍ സംഭവിച്ച മാറ്റങ്ങള്‍ എന്തെല്ലാമാണ്? ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് നിലവില്‍ വന്ന 1953 ല്‍ കേരളം സംസ്ഥാനമായി രൂപീകരിച്ചിരുന്നില്ല. കൊച്ചിയും തിരുവിതാംകൂറും ചേര്‍ന്ന തിരു-കൊച്ചി എന്ന പേരിലായിരുന്നു റിപ്പോര്‍ട്ടിലെ പരാമര്‍ശം. മലബാര്‍ മേഖല അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. ലക്ഷം പേരില്‍ 69 കുറ്റകൃത്യങ്ങളുമായി ഇന്ത്യയില്‍ തന്നെ ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ദേശമായിരുന്നു തിരു-കൊച്ചി. എന്നാല്‍ ഹൈ റിസ്‌ക്-ലോ റിസ്‌ക് എന്നീ ഗണങ്ങളില്‍ സംസ്ഥാനങ്ങളെ 1991 മുതല്‍ ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് അടയാളപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ കേരളം പ്രസ്തുത പട്ടികയില്‍ ഇടം പിടിച്ചു. അക്കൊല്ലം ലക്ഷം പേര്‍ക്ക് 254.5 ക്രൈമുകള്‍ എന്ന നിലയിലായിരുന്നു കേരളത്തിന്റെ സ്ഥിതി. മറ്റൊരു വിധത്തില്‍ ഈ കണക്കിനെ ഇങ്ങനെയും പറയാം. മിച്ച ബഡ്ജറ്റുമായി ഇന്ത്യന്‍ യൂണിയനില്‍ ലയിച്ച ചുരുക്കം നാട്ടുരാജ്യങ്ങളില്‍ ഒന്നായിരുന്നു തിരുവിതാംകൂര്‍. എന്നാല്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം ബഡ്ജറ്റ് കമ്മിയില്‍ മാത്രമല്ല, കുറ്റകൃത്യങ്ങളുടെ പട്ടികയിലും പഴയ തിരുവിതാംകൂര്‍ ഉള്‍പ്പെട്ട കേരളം വളര്‍ന്നു.

1992 ല്‍ കേരളം ഹൈ റിസ്‌ക് പട്ടികയില്‍ രണ്ട് സ്ഥാനങ്ങളുയര്‍ന്ന് 7-ാമത് ആവുന്നു. 1995 ആവുന്നതോടെ ലക്ഷം പേര്‍ക്ക് 282.3 കുറ്റകൃത്യങ്ങളുമായി കേരളം ക്രൈം പ്രോണ്‍ പട്ടികയില്‍ മൂന്നാമതാവുകയും ചെയ്യുന്നു. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് എപ്പോഴും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന നിലയിലാണ് കാണുന്നത്. ഉദാഹരണത്തിന് 2011ല്‍ ലക്ഷം പേര്‍ക്ക് 515.6 കുറ്റകൃത്യങ്ങള്‍ കേരളത്തിലുണ്ടായി. കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ സാക്ഷരതാ നിരക്കും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുന്നതോടൊപ്പം കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വര്‍ധനവുണ്ടാവുന്നതായി കാണാനാവും. ഇതിനെ കുറ്റകൃത്യങ്ങളുടെ വര്‍ധന മാത്രമായി കാണാതെ ഉയര്‍ന്ന വിദ്യാഭ്യാസവും അവബോധവും മൂലമുണ്ടാവുന്ന ഉയര്‍ന്ന റിപ്പോര്‍ട്ടിംഗ് നിരക്കായും കാണണമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇന്ത്യയിലാകമാനം കുറ്റകൃത്യങ്ങളുടെ എണ്ണം വര്‍ഷാവര്‍ഷം കൂടുന്നതായാണ് ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ അവയുടെ ഇനത്തിലും ഗണത്തിലും വര്‍ഷാവര്‍ഷം മാറ്റം വരുന്നു.

Photo: Keralapolice.gov.in

ഏതാനും ദിവസം മുമ്പാണ് ക്രൈം ഇന്‍ ഇന്ത്യയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നത്. കൊലപാതകങ്ങളുടെ എണ്ണം ഓരോ വര്‍ഷവും കേരളത്തില്‍ കുറഞ്ഞു വരുന്ന രീതി തുടരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടും പറയുന്നത്. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തില്‍ ഗണ്യമായ വര്‍ധനയുണ്ട്. മറ്റു സംസ്ഥാനങ്ങളിലും സ്ഥിതി ഇതുതന്നെ. 1974 മുതലാണ് ബലാത്സംഗ കേസ്സുകള്‍ പ്രത്യേക പട്ടികയ്ക്ക് കീഴില്‍ അവതരിപ്പിച്ചു തുടങ്ങന്നത്. ഉത്തര്‍പ്രദേശ് (682), മധ്യപ്രദേശ് (515), പശ്ചിമബംഗാള്‍ (288), മഹാരാഷ്ട്ര (280), ബീഹാര്‍ (252) എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം കേസുകള്‍ ഈ ഗണത്തിലുണ്ടായത്. കേരളത്തിലാവട്ടെ അക്കൊല്ലം 55 ബലാത്സംഗ ക്കേസുകള്‍ ഫയല്‍ ചെയ്യപ്പെട്ടു. 2021 ല്‍ സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളുടെ 13,539 കേസ്സുകള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഉത്തര്‍പ്രദേശിലാണ് ഈ ഗണത്തില്‍ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2021 ല്‍ 50,083 കേസുകളാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 40,738 കേസുകളുള്ള രാജസ്ഥാന്‍ എണ്ണത്തില്‍ രണ്ടാമതാണ്.

ഭര്‍ത്താവും ബന്ധുക്കളും പ്രതികളാവുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2020 ല്‍ 2,707 കേസുകളും 2019-ല്‍ 2,970 കേസുകളുമാണ് ഈ ഗണത്തിലുണ്ടായിരുന്നത്. എന്നാല്‍ 2021 ആവുമ്പോഴേക്ക് 4,997 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്ത്രീധനം ആവശ്യപ്പെട്ടുള്ള കൊടിയ പീഡനങ്ങളുടെ കഥകള്‍ പുറത്തുവന്ന കാലവുമാണിതെന്നത് ശ്രദ്ധേയമാണ്. രാജ്യത്താകമാനം സ്ത്രീകള്‍ക്കെതിരായ അക്രമക്കേസുകള്‍ ഉയരുകതന്നെയാണ് ചെയ്തിരിക്കുന്നത്. 2020 ല്‍ ഇന്ത്യയൊട്ടാകെ 3,57,363 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുടെ ഗണത്തിലുണ്ടായത്. 2021 ല്‍ ഇത് 4,09,273 ലേക്ക് ഉയര്‍ന്നു.

2013 ല്‍ ലളിതാ കുമാരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായി വിധി പറയവേ സുപ്രീം കോടതിയും ഇത്തരമൊരു നിരീക്ഷണം നടത്തുകയുണ്ടായി. ഇന്ത്യയിലാകമാനം ദശലക്ഷക്കണക്കിന് ഗൗരവ കുറ്റകൃത്യങ്ങളാണ് പോലീസ് മേല്‍നടപടികളില്ലാതെ അവസാനിപ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. എന്‍.സി.ആര്‍.ബി. നല്‍കുന്ന കണക്കുകള്‍ ഏറെ പിഴവുകളുള്ളതാണെന്ന് ചുരുക്കം.

സര്‍ക്കാര്‍ ഡാറ്റയുടെ കുറ്റവും കുറവും

ന്യൂ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കുറ്റകൃത്യങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ ഫയല്‍ ചെയ്ത് മേല്‍ നടപടി സ്വീകരിക്കുന്ന കേസുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണിത്. എന്നാല്‍, രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും മറ്റ് ശരാശരി കണക്കുകളും അറിയാം എന്നല്ലാതെ സമൂഹത്തില്‍ നടക്കുന്ന ക്രൈമുകളുടെ ശരിയായ തോത് ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നില്ല. മാത്രമല്ല, കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള അന്വേഷണ എജന്‍സികളുടെയും, മറ്റ് സൈനിക വിഭാഗങ്ങളുടെയും പക്കലുള്ള വിവരങ്ങള്‍ ഈ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തുന്നുമില്ല.

കുറ്റകൃത്യങ്ങളുടെയും കോടതി കേസുകളുടെയും എണ്ണം അവതരിപ്പിക്കുന്നു എന്നതിന് അപ്പുറമുള്ള മേഖലകളിലേക്ക് 'ക്രൈം ഇന്‍ ഇന്ത്യ' കടക്കുന്നില്ല. കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കൂടുതലോ കുറവോ വരുത്തുന്ന സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങളേക്കുറിച്ചുള്ള അവലോകനവും ലഭ്യമല്ല. വിദ്യാഭ്യാസം, നഗരവല്‍ക്കരണം തുടങ്ങിയ മാറ്റങ്ങള്‍ കുറ്റകൃത്യങ്ങളുടെ തോതിനെയും അവയുടെ റിപ്പോര്‍ട്ടിങ്ങിനെയും എങ്ങനെ ബാധിക്കുന്നുവെന്ന് അറിയാനായി ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന മറ്റു വ്യക്തികളെയൊ സംഘടനകളെയോ ആശ്രയിക്കേണ്ടതായി വരുന്നു.

Representational Image: wiki commons

ലോകത്താകമാനം, പോലിസിന്റെ മുന്നിലെത്തുന്ന പരാതികളില്‍ വലിയൊരുഭാഗം നിയമപരമായ നടപടികളിലേക്ക് കടക്കാതെ പോകുന്നു. 40% ശതമാനം പരാതികള്‍ക്ക് ഈ രിതീയില്‍ ഔദ്യോഗിക കണക്കുകളില്‍ സ്ഥാനം പിടിക്കാതെ പോകുന്നുവെന്ന് പ്രശസ്ത ക്രിമിനോളജിസ്റ്റ് ജെ ജെ എം വാന്‍ ഡൈക് നടത്തിയ പഠനം പറയുന്നു. ഇന്ത്യയും ഇതില്‍ നിന്ന് മുക്തമല്ല. 2013 ല്‍ ലളിതാ കുമാരി കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരായി വിധി പറയവേ സുപ്രീം കോടതിയും ഇത്തരമൊരു നിരീക്ഷണം നടത്തുകയുണ്ടായി. ഇന്ത്യയിലാകമാനം ദശലക്ഷക്കണക്കിന് ഗൗരവ കുറ്റകൃത്യങ്ങളാണ് പോലീസ് മേല്‍നടപടികളില്ലാതെ അവസാനിപ്പിക്കുന്നതെന്നായിരുന്നു കോടതിയുടെ വിലയിരുത്തല്‍. എന്‍.സി.ആര്‍.ബി. നല്‍കുന്ന കണക്കുകള്‍ ഏറെ പിഴവുകളുള്ളതാണെന്ന് ചുരുക്കം. ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിന് ഇത്രയേറെ പിഴവുകളുണ്ടെന്ന് ആരോപിക്കപ്പെടുന്നുണ്ടെങ്കിലും, ലഭ്യമായ വിവരപ്പട്ടിക എന്ന നിലയില്‍ അത് ഏറെ ഉപകാരപ്രദമാണ്. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാജ്യത്താകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ കണക്കുകള്‍.

രാജ്യത്തെ പോലീസ് സ്റ്റേഷനുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പരാതികളുടെയും കോടതികളിലുള്ള കേസുകളുടെയും എണ്ണമാണ് മുഖ്യമായും ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് മുന്നോട്ട് വെക്കുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട അതിവിശാലമായ മറ്റു മേഖലകള്‍ വേണ്ടുന്ന ശ്രദ്ധ കിട്ടാതെയും പഠനങ്ങളില്ലാതെയും അവഗണിക്കപ്പെടുന്നു. പോലീസ് സ്റ്റേഷനുകളില്‍ പരാതികളായി എത്താത്ത കുറ്റകൃത്യങ്ങളെത്ര, പോലീസ് ശരിയായ നടപടികള്‍ സ്വീകരിക്കാത്തവയെത്ര എന്നതൊക്കെ പുകമറയ്ക്കുള്ളിലാണ്. അവയേക്കുറിച്ചുള്ള ശരിയായ ധാരണയില്ലാത്തിടത്തോളം നിയമം നിര്‍മിക്കുന്നവരും, പോലീസിലെ മേലധികാരികളും, നീതീപീഠവുമെല്ലാം യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനാവാതെ ഇരുട്ടില്‍ തപ്പുന്ന സ്ഥിതി തുടരുകയാണുണ്ടാവുക.

കേരളത്തിലെ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ഇക്കാര്യങ്ങള്‍ ബാധകമാണ്. സാമ്പത്തിക-സാംസ്‌കാരിക മേഖലകളിലുണ്ടാവുന്ന മാറ്റങ്ങളോടൊപ്പം കുറ്റകൃത്യങ്ങളുടെ സ്വഭാവവും രീതികളും മാറിക്കൊണ്ടിരിക്കുകയാണ്. സൈബര്‍ കുറ്റകൃത്യങ്ങള്‍ പോലുള്ള പുതിയവ ഉയര്‍ന്നുവരികയും ചെയ്യുന്നു. ലോകത്തെവിടെയിരുന്നും മറ്റൊരു കോണില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാമെന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. സാമൂഹ്യ ജീവിതത്തിന്റെ മറ്റു മേഖലകളിലെന്ന പോലെ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും മുന്‍വിധികളും വാര്‍പ്പുമാതൃകകളും വിഷയത്തെ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതിന് പകരം ദുഷ്‌ക്കരമാക്കുന്നതിനാണ് സഹായിക്കുകയെന്നുള്ള തിരിച്ചറിവ് നേടാന്‍ സഹായിക്കുമെന്നതാണ് ക്രൈം ഇന്‍ ഇന്ത്യ റിപ്പോര്‍ട്ട് കൊണ്ടുള്ള പ്രധാന ഉപകാരം

Leave a comment