കുറ്റകൃത്യങ്ങളും മലയാള സാഹിത്യവും
ബലാത്സംഗം കുറ്റകൃത്യങ്ങളുടെ ഗണത്തിൽ പരിഗണിക്കാതിരുന്ന (1953) കാലത്ത് നിന്നും മീ റ്റൂ മൂവ്മെന്റ് ലോകം മുഴുവൻ ചർച്ച ചെയ്യുന്ന ഒരു സാഹചര്യത്തിലേക്ക് സമൂഹം വളർന്നു കൊണ്ടിരിക്കുമ്പോൾ അതിനനുസൃതമായി തന്നെ കുറ്റകൃത്യങ്ങളും അവയുടെ രീതിയും ശൈലിയും മാറിയും മറിഞ്ഞും വളർന്നു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിക്കോ സമൂഹത്തിനോ ഭരണകൂടത്തിനോ ഹാനികരമായ പ്രവർത്തിയാണ് ക്രൈം എന്ന അടിസ്ഥാനപരമായ നിർവ്വചനത്തിനെ തുടർന്ന് മിക്ക രാജ്യങ്ങളിലും നിയമാവലികൾ നടപ്പിലാക്കിയിട്ടുണ്ട്. അതെല്ലാം തന്നെ നിർവ്വചിക്കപ്പെടുന്നത് പ്രത്യേകം തത്വങ്ങളുടെ അടിസ്ഥാനത്തിലാണ്. അധികാര പരിധികളും ഭരണകൂടങ്ങളും മാറുന്നതിനനുസരിച്ച് നിയമങ്ങളും ക്രിമിനൽ പെരുമാറ്റങ്ങളും വ്യത്യസ്തമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നു. ഒരു അധികാര പരിധിയിലെ അല്ലെങ്കിൽ രാജ്യത്തിലെ നിയമാനുസൃതമായ രീതി മറ്റൊരു അധികാര പരിധിയിലെ കുറ്റകൃത്യമായേക്കാം. സമൂഹം സംസ്കാരിച്ചുകൊണ്ടിരിക്കെ തന്നെ കുറ്റകൃത്യങ്ങൾ കൂടുതൽ ഗുരുതരമായിക്കൊണ്ടിരിക്കുന്നു, കൂട്ടത്തിൽ പെരുകുകയും ചെയ്യുന്നു. മനുഷ്യരുടെ അവകാശങ്ങളെ പറ്റിയുള്ള ധാരണകളും ബോധ്യങ്ങളും മാറുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളെന്ന് ചാപ്പകുത്തിയിരുന്ന പല പ്രവൃത്തികളും പാപം, തെറ്റ്, കുറ്റം എന്നെല്ലാമുള്ള കള്ളികളിൽ നിന്നും വെളിയിലേക്കിറങ്ങിക്കൊണ്ടിരിക്കുന്നതും കാണാം.
ഗർഭച്ഛിദ്രം വളരെ അസാധാരണ സാഹചര്യങ്ങളിലൊഴികെ നിരോധിക്കപ്പെട്ടിരുന്ന അവസ്ഥയിൽ നിന്ന് ഇപ്പോൾ പല രാജ്യങ്ങളിലും നിയമാനുസൃതമായി മാറിക്കൊണ്ടിരിക്കുന്നു (അമേരിക്കൻ സുപ്രീം കോടതിയുടെ അബോർഷൻ നിരോധിച്ചുകൊണ്ടുള്ള ഏറ്റവും പുതിയ വിധി ഇതിനൊരപവാദമാണ്) ഇതിന് സമൂഹം രണ്ട് തരത്തിലുള്ള അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും അവകാശത്തിന്റെ പ്രശ്നമാണ് /അവകാശത്തിന്റെ പക്ഷമാണ് എന്ന് ക്രോഡീകരിക്കുമ്പോൾ ക്രൈം എന്ന് പറയപ്പെട്ടിരുന്ന പ്രവൃത്തി ക്രൈം അല്ലാതായി മാറുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വവർഗ്ഗരതി കുറ്റകൃത്യമായി 2022 ലും തുടരുമ്പോൾ ഇന്ത്യയുൾപ്പെടെയുള്ള പല രാജ്യങ്ങളിലും അതൊരു കുറ്റകൃത്യമല്ലാതായി തീരുന്ന വിപ്ലവകരമായ നിയമനിർമ്മാണങ്ങളും നടക്കുന്നുണ്ട്. വ്യക്തികളെ മാത്രം ബാധിക്കുന്ന വളരെ വ്യക്തിപരമായ ഈ രണ്ട് കാര്യങ്ങളും ഇതുപോലുള്ള മറ്റു കാര്യങ്ങളും മാറ്റി നിർത്തി പരിശോധിക്കുമ്പോൾ സാങ്കേതിക വിദ്യയുടെ സകല സഹായങ്ങളും ലഭ്യമാകുന്ന, വിരൽത്തുമ്പിൽ ലൂപ് ഹോളുകൾ തെളിയുന്ന ഈ കാലഘട്ടത്തിൽ ഗുരുതരമായ ക്രൈമുകളുടെ എണ്ണം ദിനംപ്രതി വർധിച്ചു വരുന്നു. നേരിട്ടുള്ള പിടിച്ചു പറിക്കലുകൾ ഓൺലൈൻ വഴി ആയതും വെർബൽ അബ്യൂസുകൾ കമന്റ്ബോക്സ് വഴി ആയതും ഉൾപ്പെടെ മാറ്റങ്ങൾ ആണെന്ന് മാത്രം. കേരളസമൂഹത്തിലെ ക്രിമിനൽ വിളയാട്ടങ്ങൾ എത്ര ദ്രുതഗതിയിലാണ് മാറുന്നത് എന്നതിന്റെ അടിസ്ഥാനപരമായ രൂപം മനസിലാക്കുന്നതിനു കേരളപോലീസിന്റെ ഫേസ്ബുക്ക് പേജ് മാത്രം നിരീക്ഷിച്ചാൽ മതി.
യഥാർത്ഥ ലോകത്തു നടക്കുന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തിയും ആഴവും പ്രതിഫലിപ്പിക്കുവാൻ സത്യത്തിൽ മലയാള സാഹിത്യത്തിനായിട്ടില്ല എന്ന് തന്നെയാണ് സമകാലീന വാർത്തകൾ നമ്മോട് പറയുന്നത്. ഫിക്ഷനെക്കാൾ അതിഭാവുകത്വമാണ് യഥാർത്ഥ കുറ്റകൃത്യങ്ങളിൽ ഇന്ന് കാണാൻ സാധിക്കുന്നത്. 1953 ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള ക്രൈമുകളുടെ കണക്കുകളിൽ നിന്നും 2022 ലെ കണക്കുകളിലേക്കു വരുമ്പോൾ ഇന്ത്യൻ പീനൽകോഡും, സിവിൽ പ്രോസീജ്യർകോഡും ക്രിമിനൽ പ്രോസീജ്യർ കോഡും ക്രോഡീകരിക്കുന്ന സമയത്ത് പോലും ചിന്തിക്കാനാവാത്ത തലത്തിലേക്ക് കുറ്റകൃത്യങ്ങളുടെ എണ്ണവും സ്വഭാവവും രീതിയും മാറിയിരിക്കുന്നു. റേപ്പിന്റെ കാര്യത്തിൽ നിയമങ്ങൾ കൂടുതൽ ശക്തമായെന്നു കരുതുന്ന ഈ കാലത്താണ്,റേപ്പ് ചെയ്യാൻ ക്വട്ടേഷൻ കൊടുത്തുവെന്ന കേസ് കോടതിമുറികളിൽ നിന്നും കോടതിമുറികളിലേക്കു നീളുകയും കോടതി 'ഇന്ത്യൻ എവിഡൻസ് ആക്ട്' പ്രകാരം സീൽ ചെയ്ത തെളിവുകൾ കോടതിയിൽ നിന്ന് തന്നെ ലീക് ആവുകയും ചെയ്യുന്നത്. കുറ്റകൃത്യങ്ങളുടെ ഇടങ്ങളുടെ പരിധികളും ഈ നിലയിൽ മാറിക്കൊണ്ടിരിക്കെ അതിന്റെ യഥാർത്ഥത്തിലുള്ള പ്രതിഫലനം മലയാള സാഹിത്യത്തിൽ ഉണ്ടായിട്ടില്ല എന്ന് ഉറപ്പിച്ചു പറയാം.അങ്ങനെ വേണമെന്നല്ല ഫിക്ഷനെക്കാൾ ഭയാനകവും ഭീകരവുമാണ് യഥാർത്ഥ കുറ്റകൃത്യങ്ങളുടെ തോത് എന്ന് പറയുക മാത്രമാണ് ചെയുന്നത്.
മനുഷ്യസംസ്ക്കാരത്തിന്റെ ഓരോ ചലനങ്ങളിലും കുറ്റകൃത്യങ്ങളും കുറ്റവാസനയും ഒളിഞ്ഞിരിക്കുന്നുണ്ട്. ഈ കുറ്റവാസനയോട് നിരന്തരം മല്ലടിച്ചുകൊണ്ട് മാത്രമേ മനുഷ്യന് ജീവിതമുള്ളൂ എന്നും ഉദ്വേഗം എന്ന മനുഷ്യന്റെ അടിസ്ഥാനപരമായ ചോദനയെ തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് പത്രങ്ങളുടെ കൺസ്ട്രക്ഷൻ പോലും എന്നും മലയാളത്തിലെ പ്രശസ്ത ഡിറ്റക്റ്റീവ് നോവലിസ്റ്റ് അൻവർ അബ്‌ദുള്ള അഭിപ്രായപ്പെടുന്നു. മനുഷ്യന്റെ ഈ മനഃശാസ്ത്രം തന്നെയാണ് ക്രൈം സീരീസ് ഉൾപ്പെടെയുള്ള ക്രൈം ഫിക്ഷനുകൾക്ക് ലഭിക്കുന്ന ജനപ്രീതിക്ക് കാരണം. ജംത്താര-സബ്കാ നമ്പർ ആയേഗാ, മിർസപൂർ, ഡൽഹി ക്രൈംസ്, പാതാൾ ലോക്, തുടങ്ങിയ ഇന്ത്യൻ ക്രൈം സീരിസുകൾ ദീർഘകാലമായി ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തുന്നതിന്റെ അടിസ്ഥാനവും അൻവർ അബ്‌ദുള്ള സൂചിപ്പിച്ച ഈ മനഃശാസ്ത്രം തന്നെ. ഒരു ലോക്കൽ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്യേണ്ട ഒരു കുറ്റകൃത്യത്തിന് സാഹിത്യരൂപം കൈവരുമ്പോൾ അതിന് പാൻ ഇന്ത്യൻ സ്വീകാര്യത ലഭ്യമാകുന്നുണ്ട്. ഏറ്റവും ഒടുവിലായി 2022 ജൂലൈ മാസത്തിൽ കോഴിക്കോട്ടെ ചേലാമ്പ്ര ഗ്രാമീൺ ബാങ്ക് കവർച്ച ആസ്പദമാക്കി അനിർബൻ ഭട്ടാചാര്യ എഴുതിയ "ഇന്ത്യാസ് മണി ഹെയ്‌സ്റ്റ്" ന്റെ വൻ സ്വീകാര്യത ഇതിനൊരു ഉദാഹരണമാണ്. കോവിഡിനെ തുടർന്നുണ്ടായ നിർബന്ധിത ലോക്ക് ഡൗണിന് മുന്നെ തന്നെ കേരളത്തിലെ ന്യൂസ് പ്രൈം ടൈമുകളെക്കാൾ റ്റാം റേറ്റിങ്ങിൽ മുന്നിട്ടുനിന്നിരുന്നത് കുറ്റകൃത്യങ്ങളുടെ സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിനുകളാണ്.
ടി പി. രാജീവന്റെ 'പാലേരി മാണിക്യം ഒരു പാതിര കൊലപാതകം ' എന്ന ക്രൈംഫിക്ഷനും ടി ഡി രാമകൃഷ്ണന്റെ 'ഫ്രാൻസിസ് ഇട്ടിക്കോരയും' ഒരേ സമയം മലയാളസാഹിത്യത്തിൽ ചരിത്രത്തെയും കുറ്റകൃത്യങ്ങളെയും വ്യത്യസ്തമായ രീതിയിൽ പുനരാഖ്യാനം ചെയ്തത് ഒരു മാറ്റമായിരുന്നു. അവിടെ നിന്നും വിഷ്ണു എം സി എഴുതിയ 'കാന്തമലചരിതം-അഖിനാതെന്റെ നിധി', അതിന്റെ രണ്ടാം ഭാഗമായ 'അറോലക്കാടിന്റെ രഹസ്യം' എന്നീ പുസ്തകങ്ങൾ ചരിത്രവും ഭാവനയും മിത്തും വയലൻസും ചേർന്ന് വായനക്കാരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.
പോസ്റ്റ് സോഷ്യൽമീഡിയ കാലഘട്ടത്തിൽ മലയാളത്തിലെ ക്രൈം ഫിക്ഷനുകൾക്ക് ഒരു പുതുജീവൻ ലഭിച്ചിട്ടുണ്ട് എന്നുള്ളത് കൂടി ഇതിനോട് കൂട്ടിവായിക്കണം. ജി ആർ ഇന്ദുഗോപനെ പോലുള്ള എഴുത്തുകാർ തുടങ്ങിവെച്ച എഴുത്ത് വഴികളെ പിന്തുടർന്ന് കൊണ്ട് ലാജോ ജോസ്,ശ്രീപാർവതി, തുടങ്ങിയ എഴുത്തുകാർക്ക് സ്വീകാര്യത ലഭിച്ചിട്ടുണ്ട്. പലതരം വിമർശനങ്ങൾക്കും താഴ്ത്തിക്കെട്ടലുകൾക്കും ശേഷവും ശ്രീപാർവതി എന്ന എഴുത്തുകാരിയുടെ ചിത്രം പച്ചക്കുതിര എന്ന മാസികയുടെ മുഖചിത്രമാവുന്ന തരത്തിലേക്ക് (2018) ക്രൈംഫിക്ഷൻസ് തിരിച്ചു വന്നിരിക്കുന്നു എന്നുള്ളത് വസ്തുതയാണ്. ശ്രീപാർവതി അടക്കമുള്ള ജനപ്രിയ എഴുത്തുകാരെയും അവരുടെ കൃതികളെയും ഡിസി ബുക്സ് അടക്കമുള്ള കേരളത്തിലെ മികച്ച പ്രസാധകർക്ക് അവഗണിക്കാൻ പറ്റാത്ത തരത്തിൽ, ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഈ ശാഖ സാഹിത്യത്തിൽ ഇടം നേടുന്നത്. റിഹാൻ റാഷിദ് (ബ്യൂസെ ഫലസ്), അനൂപ് എസ് പി (അന്വേഷണച്ചൊവ്വ), അനുരാഗ് ഗോപിനാഥ് (ദ്രാവിഡക്കല്ല് ),മായാ കിരൺ (ദി ബ്രയിന്‍ ഗെയിം), ശ്രീജേഷ് ടി പി (നാൽവർ സംഘത്തിലെ മരണക്കണക്ക്), രഞ്ജു കിളിമാനൂർ (ഷെർലക്ക്ഹോംസും മുറിഞ്ഞ വിരലുകളും) തുടങ്ങിയ യുവ എഴുത്തുകാർ ക്രൈം ഫിക്ഷൻ/ഡിറ്റക്റ്റീവ് സാഹിത്യ ശാഖയ്ക്ക് ഉണ്ടായിട്ടുള്ള പുത്തൻ ഉണർവിന് കാരണമായിട്ടുള്ളവരാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഡിറ്റക്ടീവ് ജിബ്രീലുമായി കോമയിലൂടെ അൻവർ അബ്ദുള്ള വാർപ്പ് മാതൃകകളെ തച്ചുടക്കാൻ ശ്രമിക്കുന്നത് കാണാം.
കോഫി ഹൗസ്, ഹൈഡ്രേഞ്ചിയ (ക്രൈം ത്രില്ലർ), റസ്റ്റ് ഇൻ പീസ് (ക്രോസി മർഡർ മിസ്റ്ററി) റൂത്തിന്റെ ലോകം (സൈക്കോളജിക്കൽ ത്രില്ലർ) തുടങ്ങിയ കൃതികളിലൂടെ ക്രൈം ഫിക്ഷൻ ശാഖയിലും വായനക്കാരിലും കൃത്യമായ സ്പെയ്സ് നിലനിർത്തുന്ന വ്യക്തിയാണ് ലാജോ ജോസ്. കോട്ടയം പുഷ്പനാഥൻ കാലഘട്ടത്തിന് ശേഷവും അദ്ദേഹത്തിന്റെ എഴുത്തു ശൈലിയെ പിന്തുടർന്ന് അനവധി കൃതികൾ ഉണ്ടായിട്ടുണ്ടെങ്കിലും അതിനെ മറികടന്നുകൊണ്ട് ഒരു ശൈലി രൂപപ്പെട്ടു വന്നിരുന്നില്ല, ഈ സാഹചര്യത്തിൽ ക്രൈം ഫിഷനുകൾക്ക് സ്വാഭാവികമായും വായനക്കാർ കുറയുകയും പിന്നീട് കോവിഡിനെ തുടർന്നുള്ള സമയങ്ങളിലും അതിനു തൊട്ടുമുമ്പും ഒക്കെയായി പോസ്റ്റ് സോഷ്യൽ മീഡിയ കാലഘട്ടത്തിൽ പുതിയ ചിന്തയോടും മാറിയ ശൈലിയോടും കൂടിയ ഒരു പാറ്റേണിൽ കൃതികളുമായി എഴുത്തുകാർ മുന്നോട്ടുവരികയും അത് ജനകീയമാവുകയുമാണ് ഉണ്ടായത് എന്ന് ലാജോ അഭിപ്രായപ്പെടുന്നു. ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്ന ടെക്നോളജിയെ മറികടന്നുകൊണ്ട് വായനക്കാരെ സർപ്രൈസ് ചെയ്യിക്കുന്ന തരത്തിൽ ആയിരിക്കണം ക്രൈം ഫിക്ഷന്റെ പ്ലോട്ടുകൾ രൂപപ്പെടേണ്ടതെന്നും കേരളത്തിലെ വായനക്കാരെല്ലാം തന്നെ ക്രൈം ഫിക്ഷനിൽ ഇന്നലെ എന്തു നടക്കുന്നു, ടെക്നോളജി എത്രത്തോളം വളർന്നു എന്നതിൽ കൃത്യമായ ധാരണയുള്ളവരാണെന്നും അതുകൊണ്ടുതന്നെ നറേഷനിലും ക്രാഫ്റ്റിങ്ങിലും കൊണ്ടുവരുന്ന വ്യത്യസ്തതയാണ് ഈ വിഭാഗത്തിനെ വ്യത്യസ്തമാക്കുക എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഡോ. ബി.ഉമാദത്തന്റെ ഒരു ഫോറെൻസിക് സർജന്റെ ഓർമ്മക്കുറിപ്പുകൾ, ജസ്റ്റിസ് കെ ടി തോമസിന്റെ സോളമന്റെ തേനീച്ചകൾ എന്നീ ആത്മകഥാപരമായ പുസ്തകങ്ങൾ കേരളത്തിലെ കുറ്റകൃത്യങ്ങളെ ഒരു ഫോറെൻസിക് സർജന്റെ കണ്ണിലൂടെയും ഒരു ന്യായാധിപന്റെ കണ്ണിലൂടെയും ആണ് വിവരിക്കുന്നത്, അതിന്റെ വായനാനുഭവം കുറ്റകൃത്യങ്ങളുടെ ക്രോസ്സ് വിസ്താരംതന്നെയാണ്.
മലയാളത്തിലെ വാരികകളുടെ സുവർണ്ണകാലത്ത് എണ്ണമറ്റ ഡിറ്റക്ടീവ് നോവലുകളും വായനക്കാരും ഉണ്ടായിരുന്നു. കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ്, ടി. ജെ. വളവി, കെ. മോസസ്, പതാലിൽ തമ്പി തുടങ്ങിയവരൊക്കെ ഒരു കാലത്ത് കേരളത്തിൽ ഷെയ്ക്സ്പിയറെക്കാൾ ജനകീയരായ എഴുത്തുകാരാണെന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തിയില്ല. അജയ് പി മാങ്ങാട്ടിന്റെ മലയാളത്തിലെ ബെസ്റ്റ് സെല്ലറായ, ലോകസാഹിത്യത്തിലെ മിക്ക എഴുത്തുകാരെയും പുസ്തകങ്ങളെയും പറ്റി പ്രതിപാദിക്കുന്ന 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്ന നോവലിലെ പ്രധാന ഇതിവൃത്തം തന്നെ അക്കാലത്തെ ജനപ്രിയ ഡിറ്റക്ടീവ് നോവലിസ്റ്റായ നീലകണ്ഠൻ പരമാരയുടെ പ്രസിദ്ധീകരിക്കാത്ത ഒരു കയ്യെഴുത്ത്പ്രതി തേടി പോകുന്നതാണ്. ഇത് ഒരു കാലത്ത് മലയാളത്തിൽ ഡിക്ടക്റ്റീവ് നോവലുകൾക്കുണ്ടായിരുന്ന ജനപ്രീതിയെ വെളിപ്പെടുത്തുന്നതാണ്. 2022 എന്നത് മംഗളം, ചന്ദ്രിക തുടങ്ങിയ വാരികകളുടെ പ്രസിദ്ധീകരണം അവസാനിപ്പിച്ച വർഷം കൂടിയാണ്. പൈങ്കിളി സാഹിത്യമെന്നോ, ജനപ്രിയ സാഹിത്യമെന്നോ എന്തൊക്കെ പേരിട്ടുവിളിച്ചാലും,ഒറ്റ ശ്വാസത്തിൽ വായിച്ചു പോകാവുന്ന ഒരു വാർത്തയല്ല ഇത് പലർക്കും. ഇനിയും പറന്നുപോയിട്ടില്ലാത്ത ഒരു പൈങ്കിളി മലയാളികളുടെ നെഞ്ചിൻ കൂടിനകത്തുണ്ട് എന്ന് പറഞ്ഞത് എം. മുകുന്ദനാണ്. എന്നാൽ ഇപ്പോഴും ഈ സാഹിത്യശാഖയെ ഒരു വിഭാഗം ആളുകൾ താഴ്ത്തിക്കെട്ടുന്നുണ്ടെന്നും താനും തന്റെ സമകാലികരായ എഴുത്തുകാരും പലതരം ഡീഗ്രേഡിങ്ങിന് വിധേയമാകുന്നുണ്ടെന്നും ലാജോ ജോസ് പറയുന്നു.
കോവിഡാനന്തര കാലത്തെ മാറിയ സാഹചര്യങ്ങൾ കലാസൃഷ്ടികളിൽ വരുത്താൻ പോകുന്ന പുത്തൻ ഉണർവിന് വേണ്ടി മനുഷ്യസഹജമായ ഉദ്വേഗത്തോടെ നമുക്ക് ഇനിയും കാത്തിരിക്കേണ്ടതുണ്ട്.