കാലിച്ചാൻ തെയ്യവും കരിവെള്ളൂരിന്റെ ചുവന്ന മണ്ണും
ILLUSTRATIONS: SAVINAY SIVADAS
മട്ടലായിക്കുന്നിലെ മഞ്ഞത്തൂർക്കാവിൽ നിന്നും ഉത്ഭവിക്കുന്ന നീർച്ചാലും പൊള്ളപ്പൊയിലിനടുത്ത ആനിക്കാടിയിൽ നിന്നും വരുന്ന നീർച്ചാലും എരവിലെ മുക്കൂടിൽ സംഗമിച്ച് തെക്കോട്ടൊഴുകി. കാലിക്കടവിലെത്തിയപ്പോൾ തോടു വലുതായി. കവ്വായിപ്പുഴയുടെ കൈവഴിയായ കുണിയൻ പുഴയിലാണ് ഈ തോട് ഒഴുകിയെത്തുന്നത്.
കാലിക്കടവിലെ തോടു കടന്നാൽ കരിവെള്ളൂരിന്റെ മണ്ണിലെത്തും. മലബാർ തുടങ്ങുന്നത് ഈ മണ്ണിലെ ആണൂർ എന്ന നാട്ടിൻപുറത്തു നിന്നാണ്. ഇവിടെ തുടങ്ങിയാൽ തൃശൂർ നാട്ടികയിലാണ് മലബാറിന്റെ ഒടുക്കം.
കാലികളും കാലിയാന്മാരും നടന്നു. വിശാലമായ ആണൂർ വയൽ. അമ്മൻകുളം വയലിലെ വണ്ണാത്തിക്കുണ്ടിൽ നിന്ന് അലക്കു കല്ലിൽ തുണി തല്ലുന്നതിന്റെ ഒച്ച അലച്ചലച്ചെത്തുന്നുണ്ട്. അടുപ്പിൽ നിന്ന് പുക ഉയർന്നു. വലിയവരുടെ വിഴുപ്പലക്കി അവരെ വൃത്തിയുള്ളവരാക്കുന്ന, മുഷിഞ്ഞ ജീവിതം ജീവിച്ചു തീർക്കുന്ന അലക്കുകാർ താമസിക്കുന്നത് ഇവിടെയാണ്. *പാണും *അടിച്ചാരയും കത്തിച്ചുണ്ടാക്കിയ ചാരമിട്ടു പുഴുങ്ങിയ തുണികൾ അലക്കിപ്പിഴിഞ്ഞ് വഴിയരികിൽ ഉണക്കാനിട്ടിരിക്കുന്നു.
"കരിവള്ളോൻ വാഴുന്ന നാടാണത്രെ
കരിവെള്ളൂരെന്നു വിളിച്ചോള്ന്ന്
കരികൊണ്ടീയൂര് വെളുപ്പിച്ചോര്
അവരാണീ നാടിന്റെ ജീവനാഡി"
വയൽപ്പരപ്പിലെ നാട്ടിപ്പാട്ടുകാർ ഈണത്തിൽപ്പാടി. കലപ്പ ഊന്നുന്ന കർഷകരുടെ നാടായ കരിവെള്ളൂർ നിറഞ്ഞ സന്തോഷത്തോടെ കാലിയാന്മാർക്ക് സ്വാഗതമോതി. വയൽനടുവിലെ ചെറിയ കുന്നാണ് പാലക്കുന്ന്. കുന്നിനു മുകളിൽ പടർന്നു പന്തലിച്ച ആൽമരച്ചുവട്ടിലാണ് വിഷ്ണുമൂർത്തി. വയലിന്റെ മക്കളായ പുലയരുടെ ദൈവം കാലിച്ചേകോന്റെ ആരൂഢ സ്ഥാനവും പാലക്കുന്നിൽത്തന്നെ. കൂളിക്കാവിലെ കാഞ്ഞിരച്ചുവട്ടിൽ കാലികളുടെ *ചേകവനായ കാലിച്ചാൻ കുടിയിരിക്കുന്നുവെന്നാണ് വിശ്വാസം. കന്നിമാസത്തിൽ *മൂർച്ച കഴിഞ്ഞാൽ *കാൽച്ചാനൂട്ട്. കാലിച്ചാനെ പ്രസാദിപ്പിക്കാൻ കാഞ്ഞിരത്തിൻ ചുവട്ടിൽ ഭക്ഷണമൊരുക്കുന്ന ചടങ്ങുണ്ട്. കാലികളും കാലിയാന്മാരും ഒരു നിമിഷം നിർനിമേഷരായി അവിടെ നിന്നു. കാലിച്ചാനെ വണങ്ങി.
മുക്കാലിയിൽ ക്യാമറ വെച്ച് തല നരച്ച ആ മെലിഞ്ഞ മനുഷ്യൻ കാലിക്കൂട്ടത്തിന്റെ പുറപ്പാട് ദൃശ്യം ഒപ്പിയെടുത്തു. പൊന്നിയത്ത് ഗോപാലൻ മലബാറിലെ ആദ്യകാല ഫോട്ടോഗ്രാഫറാണ്. ആറേകാൽ രൂപയ്ക്ക് ഒരു ഇംഗ്ലീഷുകാരിയിൽ നിന്നും സ്വന്തമാക്കിയ 'സാൽമിരി 'ക്യാമറ. ജീവിതസമരത്തിൽ പിടിച്ചു നിൽക്കാൻ ട്രിപ്പോഡ് സ്റ്റാന്റും ക്യാമറയും തൂക്കി നാട്ടുവഴികളിലൂടെ അനർഘ മുഹൂർത്തങ്ങൾ പകർത്താൻ ഗോപാലൻ നടന്നു. വീട്ടുചുമരുകളിൽ അയാളെടുത്ത ചിത്രങ്ങൾ ഒളിമങ്ങാതെ കിടന്നു. ഏറ്റവും പഴക്കമുള്ള ലോകത്തെ രണ്ടാമത്തെ 'റെഡ് റോസ്' ലെൻസ് ഗോപാലന്റെ ക്യാമറയിലേതാണ്. പട്ടിണി കൊണ്ട് നട്ടം തിരിഞ്ഞ നാളുകളിൽ ലക്ഷങ്ങൾ വില പറഞ്ഞിട്ടും ക്യാമറ കൈവിടാതെ നിന്ന ആ മനുഷ്യൻ കരിവെള്ളൂരിലാണ് താമസം. ഛായാഗ്രഹണപ്പെട്ടി ചുമന്ന് മകൾ മുമ്പിൽ നടന്നു. പിറകെ ഛായാഗ്രാഹകനായ പൊന്നിയത്ത് ഗോപാലൻ സഞ്ചിയും തൂക്കി പ്രാഞ്ചി പ്രാഞ്ചി മുന്നോട്ട്.
പാലക്കുന്നിന് പറയാൻ ഏറെയുണ്ട്. അധികമാരുമറിയാത്ത പോരാട്ടത്തിന്റെ വീറുറ്റ കഥകൾ. ആ കഥകൾ കേൾക്കാൻ കാലിയാന്മാർ കാതു കൂർപ്പിച്ചു.
സ്വാതന്ത്ര്യപ്പോരാളികൾക്ക് ഇൻക്വിലാബിന്റെ ഊർജ്ജം പകർന്നു നൽകിയ വീര ഭഗത് സിങ്ങ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഇന്ത്യയിലെ ആദ്യ യുവജനപ്രസ്ഥാനം നൗജവാൻ ഭാരത് സഭ പിറവിയെടുത്തത്. ആ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഏ.വി.കുഞ്ഞമ്പുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അഭിനവ ഭാരത യുവക് സംഘം മുളച്ചുപൊന്തിയത് കരിവെള്ളൂരിന്റെ മണ്ണിൽ നിന്നാണ്. മലബാറിൽ പുരോഗമന പ്രസ്ഥാനങ്ങൾക്ക് വിത്തിട്ടത് യുവക് സംഘമാണ്.
ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ യുവക് സംഘത്തിന്റെ നേതാവായ ഏ.വിയും സഹപ്രവർത്തകരും മുപ്പതുകളുടെ പകുതിയിൽ അതീവ രഹസ്യമായ ഒരു തീരുമാനമെടുത്തു. സ്വാതന്ത്ര്യത്തിനായുള്ള ഇന്ത്യൻ ജനതയുടെ മുറവിളി കേൾക്കാത്ത, ഭഗത് സിങ്ങിനെ തൂക്കിക്കൊന്ന ബ്രിട്ടീഷ് അധികാരത്തിന് കനത്ത താക്കീത് നൽകണം. ആയിടയ്ക്ക് പയ്യന്നൂരിലേക്കു പോകുന്ന മലബാർ കലക്ടറെ വധിച്ച് വൈദേശിക ഭരണത്തെ ഞെട്ടിക്കണം. തീരുമാനം പ്രായോഗികമാക്കാൻ രണ്ടു പേർ മുന്നിട്ടിറങ്ങി. ഏ.വി കുഞ്ഞമ്പുവും സി.വി കുഞ്ഞിരാമനും. രഹസ്യമായ ആസൂത്രണം. പുറത്തറിഞ്ഞാൽ പണി പാളും. രണ്ടു തോക്കുകൾ സംഘടിപ്പിച്ച് പാലക്കുന്നിലെ വഴിയരികിലെ കുറ്റിക്കാട്ടിൽ അവർ ഒളിച്ചിരുന്നു. സെക്കന്റുകള്‍, മിനിട്ടുകൾ പറപറന്നു. മണിക്കൂർ ഒന്നു കഴിഞ്ഞ് രണ്ടായി. കലക്ടറെയും സംഘത്തെയും കാണുന്നില്ല. പിന്നീടാണ് വിവരമറിഞ്ഞത്. യുവ വിപ്ലവകാരികളുടെ രഹസ്യ നീക്കം ചോർന്നു! കാര്യം മനസ്സിലാക്കിയ അധികാരികൾ കലക്ടറെ കാലിക്കടവിൽ നിന്ന് തൃക്കരിപ്പൂർ വഴി പയ്യന്നൂരിലെത്തിച്ചു. അങ്ങനെ ഒരു കൊച്ചുഗ്രാമം ബ്രിട്ടനെ വിറപ്പിക്കാൻ നടത്തിയ ആദ്യ ശ്രമം പാളിപ്പോയി!
കിഴക്ക് നെയ്താറ്റുംപറമ്പിൽ നിന്ന് ചാലിയത്തെരുവിലേക്കു പോകുന്നവർ കാലികളെ കടന്ന് പടിഞ്ഞാറോട്ടു പോയി. അവർ മഗ്ഗത്തിലിരുന്ന് തുണി നെയ്തു. നൂലോടം പായുമ്പോൾ ഊടും പാവും ചേർന്ന് നെയ്ത്തുകാരുടെ കരവിരുതിൽ വർണ്ണ വസ്ത്രങ്ങൾ പിറക്കുന്ന കാഴ്ച! തറിയുടെ ശബ്ദം കാലിയാന്മാരുടെ കാതിൽ അലച്ചെത്തി.
പോർച്ചുഗീസ് അധിനിവേശത്തെത്തുടർന്ന് കൊങ്കണ ദേശത്തു നിന്ന് പലായനം ചെയ്ത കൊങ്കണിമാർ അധിവാസ കേന്ദ്രമാക്കിയ സ്ഥലങ്ങളിലൊന്നാണ് കരിവെള്ളൂർ. കച്ചവടം കുലത്തൊഴിലാക്കിയവർ. മൺകട്ടയിൽ പണിത ശിവരായ പൈയുടെ ഇരുനിലക്കെട്ടിടം പാതയ്ക്കു സമാന്തരമായി കിഴക്കുഭാഗത്ത് നീണ്ടുകിടന്നു. കുട്ടി രാഘവന്റെ ഹോട്ടലിൽ നിന്ന് ദോശയുടെയും എണ്ണക്കടികളുടെയും പൊരിഞ്ഞ മണം യാത്രികരുടെ മൂക്കിലെത്തി. വെള്ളമുണ്ടും മുറിക്കയ്യൻ ജൂബ്ബയുമിട്ട് മുടി മുറിക്കുന്ന അപ്പറുടെ കട്ടിക്കണ്ണടയിൽ കാലികൾ പോകുന്ന ദൃശ്യം തെളിഞ്ഞു. സ്റ്റാനിയുടെ ബേബി സോഡാക്കമ്പനി. കുപ്പിക്കഴുത്തിലെ *നീലക്കോട്ടികളിൽ കാലികളും കാലിയാന്മാരും ഉറുമ്പുകളായി ഇഴഞ്ഞു.
ചങ്ങലക്കൊളുത്തുകളിൽ തൂങ്ങി നിൽക്കുന്ന കുഴിത്രാസിൽ വെല്ലം തൂക്കുന്ന ശങ്കരപ്പൈ; ശർക്കരക്കഷണം വായിലിട്ട് കട്ടിക്കണ്ണടയിലൂടെ സൂചിനോക്കി ഉറപ്പിച്ച് തൂക്കം കിറുകൃത്യമാക്കി! ഒഡീഷയിൽ നിന്നെത്തിയ ബീഡിയിലകളിൽ കത്രിക കലമ്പിയപ്പോൾ മുറത്തിൽ ഇലകൾ മുറിഞ്ഞു വീണു. ഇലകളിൽ പുകയിലയിട്ട് ചുരുട്ടി, ചുവന്ന നൂൽ കെട്ടി മുറുക്കി, വായിക്കുന്ന തൊഴിലാളികൾ കമ്മ്യൂണിസ്റ്റുകാരായി. അവരുടെ ഉച്ചത്തിലുള്ള പത്രവായന. ആ കിളിവാതിലിലൂടെ കാലിയാന്മാർ ലോക വാർത്തകൾ ശ്രവിച്ചു.
വീർത്തവയറിനു മുകളിൽ പുള്ളി നിറത്തിലുള്ള കൈലിയുടുത്ത കുപ്പായമിടാത്ത മന്ദ്യൻ കൃഷ്ണന്റെ ഓലപുതച്ച ഹോട്ടലിൽ നിന്നും പുകയുയർന്നു. രക്തസാക്ഷി നഗറിനടുത്തുള്ള മണക്കാട് കുന്നിന്റെ താഴത്ത് കാലികളെ കെട്ടി കാലിയാന്മാർ ഹോട്ടലിൽ കയറി. സമോവറിന്റെ നടുവിലുള്ള നീണ്ട കുഴലിൽ പാലക്കുന്നിലെ ചക്ലിയർ കൊണ്ടുവന്ന കരി നിറച്ച് കൃഷ്ണൻ തീ പടർത്തി. സമോവറിലിട്ട ഓട്ടമുക്കാലിന്റെ കിലുക്കം കേട്ടു തുടങ്ങിയപ്പോൾ വെള്ളം തിളച്ചുവെന്ന് മന്ദ്യൻ കൃഷ്ണന് മനസ്സിലായി. പാലും പഞ്ചസാരയും ആവശ്യത്തിനു ചേർത്ത് നീണ്ട കയറുപോലെ പാത്രത്തിൽ നിന്നു പാത്രത്തിലേക്ക് ചായകൂട്ടുന്ന അയാളുടെ മാജിക്ക് കണ്ട് കാലിയാന്മാർ വിസ്മയിച്ചു! ചുണ്ടിൽ എരിയുന്ന 'പാസിങ്ങ് ഷോ' സിഗരറ്റ്. വശങ്ങളിലേക്ക് പിരിച്ചു വെച്ച ഘടാഘടിയൻ മീശ. കൃഷ്ണൻ കൈ തൊടാതെ സിഗരറ്റു വലിച്ച് ഇടയ്ക്കിടെ മൂക്കിലൂടെ പുക തുപ്പി. മന്ദ്യൻ കൃഷ്ണന്റെ ചായയും പലഹാരവും അകത്താക്കിയതിന്റെ ഉണർവിൽ കാലിയാന്മാർ യാത്ര തുടർന്നു.
നാട്ടുകാരിൽ ചിലർ ഭ്രാന്തന്മാരെന്നു വിളിച്ച സിംപിൾ ശങ്കരനും സഹോദരനായ പി.ടി രാമനും ബേക്കറി ഗോപാലനും അപ്രിയ സത്യങ്ങൾ തെറിക്കുന്ന വാക്കുകളിൽ ഉറക്കെപ്പറഞ്ഞു കൊണ്ട് പാതയിലൂടെ തെക്കുവടക്കു നടന്നു. അവരുടെ ഗംഭീരമായ പ്രസംഗങ്ങൾ കാലിയാന്മാർക്ക് ഏറെ ബോധിച്ചു.
ആലും അരയാലും പന്തലിട്ട ഓണക്കുന്ന് ചന്ത. മലയിലും കടലിലും ഇടനാട്ടിലുമുള്ള ഉല്പന്നങ്ങൾ നാട്ടുചന്തയിലെത്തി. ചന്തയ്ക്കടുത്ത് പാതയോരത്ത് തണ്ണീർപ്പന്തലും ചുമടുതാങ്ങിയും. കാന്താരിയുടച്ച് കറിവേപ്പില ചേർത്ത തണ്ണീർപ്പന്തലിലെ സംഭാരം കാലിയാന്മാരുടെ ദാഹമകറ്റി.
കൃഷ്ണദേവരായരുടെ വിജയനഗരപ്പടയെ ചിറക്കൽപ്പട തടുത്തോടിച്ചതുകൊണ്ട് ഓണക്കുന്നിന്റെ പഴയ പേര് 'തടുത്തിട്ട കൊവ്വൽ ' എന്നാണെന്ന് ചരിത്രം സാക്ഷ്യം പറഞ്ഞു. പഴയകാല റവന്യൂരേഖകൾ അതു ശരിവെച്ചു.
ചരിത്രത്തിലെ കുളമ്പടിയൊച്ചകൾക്കും ജനമുന്നേറ്റങ്ങൾക്കും സാക്ഷിയായ മുത്തച്ഛൻ *പൈൽ മരം നീലാകാശത്തിൽ കൈകൾ ഉയർത്തി പടർന്നു പന്തലിച്ചു.
ചരിത്രത്തിലും പുരാവൃത്തത്തിലും ജ്വലിച്ചു നിൽക്കുന്ന നക്ഷത്രങ്ങൾക്ക് ജന്മമേകിയ നാടാണ് കരിവെള്ളൂർ. അവരെ ഉള്ളു കൊണ്ട് നിനയ്ക്കാതെ ഈ വഴി കടന്നു പോകുന്നതെങ്ങനെ?
അല്പം കിഴക്കു മാറിയാൽ കാണുന്ന ആൽമരച്ചുവട്ടിലാണ് തെയ്യം കലയുടെ പരിഷ്ക്കർത്താവും ബാല ചികിത്സകനും ഐന്ദ്രജാലികനുമായ മണക്കാടൻ ഗുരുക്കളുടെ സമാധി സ്ഥലം. ചിറക്കൽ തമ്പുരാൻ; ജാതിയിൽ താഴ്ന്ന ഗുരുക്കളെ പരീക്ഷിക്കാൻ തുനിഞ്ഞു. ഒറ്റ രാത്രി കൊണ്ട് ഒന്നൂറേ നാല്പത് (ഒന്നു കുറേ നാല്പത് - 39) തെയ്യം കെട്ടി ആ തെയ്യക്കാരൻ തമ്പുരാനെ വിസ്മയിപ്പിച്ചു. ഒടുവിൽ അദ്ദേഹത്തിന്റെ മുമ്പിൽ മുട്ടുമടക്കിയ തമ്പുരാൻ 'എന്റെ മണക്കാടൻ ഗുരുക്കളേ…. ' എന്നു വിളിച്ച പുരാവൃത്തം തലമുറകൾ കൈമാറി.
പൈലിന്റെ പടിഞ്ഞാറാണ് ആദി മുച്ചിലോട്ടുകാവ്. അധികാരം സ്ത്രീകളുടെ അഭിമാനത്തെ അപഹസിച്ചപ്പോൾ അതിനെതിരെ നിർഭയം പൊരുതിനിന്ന പെരിഞ്ചല്ലൂർ ഉച്ചിരയുടെ ഓർമ്മകൾ ചിലമ്പൊലി തീർക്കുന്ന മുച്ചിലോട്ടു ഭഗവതിയുടെ ആരൂഢം ഈ മണ്ണിലാണ്. തൊട്ടടുത്തു തന്നെയാണ് കരിവെള്ളൂരിന്റെ കീർത്തി ആ സേതു ഹിമാചലം എത്തിച്ച ശങ്കരനാഥജ്യോത്സ്യരുടെ ജന്മഗൃഹമായ വങ്ങാട്ടു മഠം. കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം ഗംഗാ നദിയുടെ കരയിലെ ജോഷി മഠം സ്ഥാപിച്ച ശങ്കരനാഥൻ തന്നെയാണ് ഹിമാലയസാനുവിലെ കൊട്ടം കാംഗ്ര രാജാവിന്റെ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചത്. പഞ്ചാബ് സിംഹം റാണാ രഞ്ജിത്ത് സിങ്ങിന്റെ ആത്മീയോപദേഷ്ടാവും പ്രധാനമന്ത്രിയുമായ ശങ്കരനാഥജ്യോത്സ്യർ ചരിത്രത്തിലെ തിളക്കമുള്ള വ്യക്തിത്വമാണ്. പഞ്ചാബും അഫ്ഗാനിസ്ഥാനും തമ്മിൽ നടന്ന യുദ്ധത്തിൽ റാണാ രഞ്ജിത്ത് സിങ്ങിനോടൊത്ത് പട നയിച്ചതും ശങ്കരനാഥൻ തന്നെ. ഒടുവിൽ തിരുവിതാംകൂർ മഹാരാജാവ് സ്വാതി തിരുനാളിന്റെ സദർ കോടതി ജഡ്ജിയുമായിരുന്നു ശങ്കരനാഥൻ.
വങ്ങാട്ടു മഠത്തിനു തൊട്ടടുത്താണ് കരിവെള്ളൂർ മഹാശിവക്ഷേത്രം. കൂത്തമ്പലത്തിലെ നൂറ്റാണ്ടു പഴക്കമുള്ള മിഴാവിന്റെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ, മധു സേവ ചെയ്തു മദോന്മത്തനായ കപാലിയുടെ വരവ് കാണേണ്ട കാഴ്ച തന്നെ! തുലാസംക്രമം മുതൽ വൃശ്ചിക സംക്രമം വരെ ഒരു മാസക്കാലം വിരുത്തി കൂത്തും മത്തവിലാസം കുത്തും അരങ്ങേറുന്ന അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. മാണി മാധവചാക്യാരുടെ കുടുംബക്കാരാണ് നൂറ്റാണ്ടുകളായി ഇവിടെ കൂത്ത് അവതരിപ്പിക്കുന്നത്.
ചേടിക്കുന്നെത്തിയപ്പോൾ കാലിക്കുളമ്പടിയൊച്ച വേറിട്ടു കേട്ടു. അല്പം തെക്കുപടിഞ്ഞാറു മാറിയാണ് വിശാലമായ കുണിയൻ വയൽ. ഒരു പിടി വറ്റിനും ഒരു പിടി മണ്ണിനും വേണ്ടി പണിയെടുക്കുന്ന മനുഷ്യർ നടത്തിയ മഹാസമരം നടന്ന കുരുതിപ്പാടം അവിടെയാണ്. യുദ്ധകാല ക്ഷാമം താണ്ഡവനൃത്തം ചവിട്ടിയ കാലത്ത് പട്ടിണിക്കാരായ മനുഷ്യർ നടത്തിയ പടയേറ്റത്തെ ചിറക്കൽ തമ്പുരാൻ നേരിട്ടത് തീവെടിയുണ്ടകൾ കൊണ്ട്! കർഷകരുടെ ചോര വീണു ചുവന്ന ഈ മണ്ണിനു പറയാനേറെയുണ്ട് കഥകൾ. കരിവെള്ളൂരിന്റെ വീരഗാഥകൾ കേട്ട് കാലി സംഘം ചേടിക്കുന്നിറങ്ങി. വെള്ളൂർ പുഴ കുണിയൻ പുഴയും പാടിപ്പുഴയും കവ്വായിപ്പുഴയുമാകുന്ന പകർന്നാട്ടം കാണണമെങ്കിൽ അല്പം കൂടി പടിഞ്ഞാറോട്ടു പോകണം.
കാലിയാന്മാർക്കു പോകേണ്ടത് തെക്കോട്ടേക്ക്. പാലത്തരപ്പാലം കടന്ന് വിശാലമായ വയൽപ്പരപ്പിനെ പകുത്തു പോകുന്ന പാതയിൽ ലാടം വെച്ച കാളകൾ വേഗത്തിൽ നടന്നു. വെള്ളൂരാലും കൊട്ടണച്ചേരിയും അഞ്ചങ്ങാടിയും ഉപ്പുകാരൻ കണ്ണന്റെ പീടികയും കഴിഞ്ഞു. പരോപകാരാർത്ഥം വഴിയരികിൽ നിർമ്മിച്ച കുളത്തെ പ്രതി തന്റെ പേര് പതിറ്റാണ്ടുകൾ ജനഹൃദയങ്ങളിൽ ജീവിക്കുമെന്ന് വെള്ളൂരിലെ ആ മനുഷ്യൻ കരുതിയിട്ടുണ്ടാകില്ല. പക്ഷേ, 'രാമൻകുള'ത്തിലൂടെ ആ മനുഷ്യസ്നേഹി ജീവിക്കുന്നു. കാലികളെ ആൽമരച്ചുവട്ടിൽ നിർത്തിയിട്ട് കാലിയാന്മാർ രാമൻകുളത്തിലിറങ്ങി കാലും മുഖവും കഴുകി. മരത്തണലിൽ അല്പസമയത്തെ വിശ്രമം. അന്തിയാകും മുമ്പ് താവത്ത് എത്തണമെങ്കിൽ നേരം കളയാതെ നടക്കുക തന്നെ. അവർ നടന്നു.
കിഴക്ക് കൊടുമല നാട്ടിൽ നിന്നു വരുന്ന നീണ്ടു വളഞ്ഞ വഴി സന്ധിക്കുന്ന കവലയാണ് പയ്യന്നൂരിനടുത്ത കോത്തായിമുക്ക് കായംകുളം കൊച്ചുണ്ണിയെപ്പോലെ ഉള്ളിൽ കനിവിന്റെ ഉറവ വറ്റാത്ത മനുഷ്യൻ കോത്തായിയുടെ പേരിൽ ഒരു നാട് ! തുറുങ്കിലടയ്ക്കപ്പെടുന്നതിനു മുമ്പ് ഒരു രാത്രി; കോത്തായി നാട്ടുവഴിയിൽ വിലപിടിപ്പുള്ള തൊണ്ടിമുതൽ കുഴിച്ചിട്ടിരുന്നതായി പഴമൊഴിയുണ്ട്. ജയിൽ മോചിതനായ അയാൾ നാട്ടിലെത്തിയപ്പോൾ താറിട്ട റോഡ് കണ്ട് ഞെട്ടി. തൊണ്ടിമുതൽ കൈക്കലാക്കാൻ കോത്തായി അവിടവിടെ കുഴിച്ചു നോക്കി. കുഴിച്ചിട്ട മുതൽ വീണ്ടെടുക്കാനാകാതെ നിരാശാഭരിതനായ ആ മനുഷ്യൻ സമനില തെറ്റി ഏകാന്തതയുടെ തുരുത്തിൽ അഭയം തേടി. ഒരിക്കൽ കാലം കോത്തായിയുടെ കൈയും പിടിച്ചു നടന്നു.
കണ്ടോത്ത് അറയ്ക്കരികിലൂടെ നടക്കുമ്പോൾ പോരാട്ടത്തിന്റെ കനൽച്ചൂടുള്ള ആരവം മുഴങ്ങുന്നതു കേട്ടു. പൂച്ചയും പട്ടിയും നടക്കുന്ന വഴിയിലൂടെ പോകാൻ പിന്നാക്ക ജാതിയിൽപ്പെട്ട മനുഷ്യർക്ക് അവകാശമില്ലാതിരുന്ന ഒരു കാലം. അനീതിയെ ചോദ്യം ചെയ്ത് അറയുടെ മുമ്പിലൂടെ പാവപ്പെട്ട മനുഷ്യർ ചുവടുറപ്പിച്ചു നടന്നു. ആ ധീരതയ്ക്ക് നേതൃത്വം നൽകിയ പാവങ്ങളുടെ പടത്തലവൻ ഏകെജിയും, നവോത്ഥാന നായകൻ ശ്രീ നാരായണ ഗുരുവിന്റെ അവസാനത്തെ ശിഷ്യൻ സ്വാമി ആനന്ദ തീർത്ഥരും ജാതി പ്രമാണികളുടെ ഭീകര മർദ്ദനത്തിനിരയായി. അങ്ങനെയാണ് 'കണ്ടോത്തെ കുറുവടി 'കുപ്രസിദ്ധമായത്!
കിഴക്കൻ മലയിലെ പച്ചക്കറികളും പടിഞ്ഞാറൻ കടലിലെ പച്ചമത്സ്യങ്ങളും ഉണക്കമീനുകളും വിദൂരങ്ങളിൽ നിന്നും വന്ന പലവ്യഞ്ജനങ്ങളും സോപ്പ്, ചീർപ്പ്, കണ്ണാടിയും; തുണി, വെറ്റില, അടക്ക, ചുണ്ണാമ്പ്, പുകയിലക്കൂട്ടവും, മൺപാത്രങ്ങളും അരിമുറക്കും ഓലച്ചക്കരയും. വളയും കമ്മലും ചാന്തുപൊട്ടും പൗഡറും അത്തറും പാട്ടുപുസ്തകവും ബീഡിയും ചുരുട്ടും ബോംബെ ബീഡയും. അങ്ങനെ ഉപ്പു തൊട്ടു കർപ്പൂരം വരെ എല്ലാ സാധനങ്ങളും വന്നു ചേരുന്ന പെരുമ്പച്ചന്ത പ്രസിദ്ധമാണ്.
ആൽമരങ്ങൾ തണൽ വിരിച്ച ചന്തയും പിന്നിട്ട് സംഘം പുരാവൃത്തത്തിലെ പെരുമ്പുഴയച്ചന്റെ കടവിലെത്തി. ഖജാൻജി പൊക്കണത്തിൽ നിന്നും കണക്കു പുസ്തകമെടുത്ത് ചെലവ് കണക്ക് വീതം വെച്ചതിന്റെ വിശദ വിവരം ഉറക്കെ വായിച്ചു. ഓരോരുത്തരും അവരവരുടെ വിഹിതം ഖജാൻജിയെ ഏൽപ്പിച്ചു. നാട്ടുചാരായത്തിന്റെ രൂക്ഷഗന്ധം. ഒന്നര ഉറുപ്പിക കൊടുത്താൽ *റാക്ക് കിട്ടും. മിനുങ്ങേണ്ടവർ മിനുങ്ങി. മുറുക്കേണ്ടവർ മുറുക്കി. വലിക്കേണ്ടവർ വലിച്ചു. മനസ്സും ശരീരവും ഉണർന്നപ്പോൾ അവർക്കു പോകാൻ തിടുക്കമായി.
ചങ്ങാടത്തിൽ കാലിയാൻ സംഘം പെരുമ്പപ്പുഴ കടന്നു. കാലിക്കാരോട് ചങ്ങാടക്കാർക്ക് പ്രിയം കൂടുതലാണ്. കടത്തുകൂലിക്കു പുറത്ത് ഒരു കൈമടക്കു കൂടി കിട്ടും! കരിവെള്ളൂരിൽ നിന്നായിരുന്നു കാലിക്കൂട്ടങ്ങൾ ആദ്യം വഴിപിരിഞ്ഞത്. പിന്നെ പെരുമ്പ, എടാട്ട്, ഏഴിലോട്, പിലാത്തറ. സംഘങ്ങൾ ഓരോന്നായി ഓരോ വഴിക്കു പോയി. പിലാത്തറയിൽ നിന്ന് പടിഞ്ഞാറോട്ടു പോയ കാലികളും കാലിയാന്മാരും ഏറെ ദൂരം നടന്ന് വെങ്ങര എത്തിയപ്പോൾ സൂര്യനും പടിഞ്ഞാറെത്തിയിരുന്നു.
ഇനി കയറ്റമാണ്. വിശാലമായ മാടായിപ്പാറ. സംഘകാലത്തെ മൂഷകരാജാവ് നന്നന്റെ ആസ്ഥാനം മാരാഹി എന്നും മാരാവി എന്നും വിളിപ്പേരുള്ള മാടായി ആയിരുന്നു. ഇസ്ലാം മത പ്രചരാണാർത്ഥം കേരളത്തിലേക്കു വന്ന മാലിക്ക് ഇബ്നു ദീനാറും സംഘവും സ്ഥാപിച്ച മൂന്നാമത്തെ പള്ളി മാടായിയിലാണ്. അതിനും വളരെ മുമ്പ് കച്ചവടത്തിനായി അറബികൾ വന്നെത്തിയതും മാടായിയിൽത്തന്നെ. ജൂതന്മാരുടെ ആദ്യകാല അധിവാസസ്ഥലമാണ് മാടായി. അതിന്റെ സംസാരിക്കുന്ന തെളിവാണ് പാറയിലുള്ള ജൂതക്കുളം. പാറയോടു ചേർന്ന് വള്ളിപ്പടർപ്പുകളും മരങ്ങളും മേലാപ്പു ചാർത്തിയ മാടായിക്കാവ്. തിരുവർകാട്ടു ഭഗവതിയായ കാളിയാണ് പ്രധാന പ്രതിഷ്ഠ. നാട്ടുകാരുടെ മാടായിക്കാവിലച്ചിക്ക് *പിടാരന്മാർ ശാക്തേയ പൂജ ചെയ്യുന്ന അപൂർവ്വം കാവുകളിലൊന്നാണ് മാടായിക്കാവ്.
വാനമ്പാടിയും തിത്തിരിപ്പക്ഷിയും പാട്ടുപാടുന്ന മാടായിപ്പാറ. പടിഞ്ഞാറൻ കടലിൽ നിന്ന് ഏഴിമലയെ തഴുകിയെത്തുന്ന കാറ്റ് കാലിയാന്മാരുടെ കാതിൽ ചൂളം കുത്തി. കണ്ണാന്തളിയും കാക്കപ്പൂവും കൃഷ്ണപ്പൂവും വസന്തം തീർക്കുന്ന ഈ വിശാലമായ പാറയിലാണ് കൊടുംവേനലിലും വറ്റാത്ത വടുകുന്ദ തടാകം. പാറപ്പുറത്തെ പൊയ്കയ്ക്കരികിൽ വടുകുന്ദ ക്ഷേത്രം. തടാകത്തിൽ നിന്ന് കാലികൾ തെളിനീർ മോന്തി. മാടായിപ്പാറയിലെ സമൃദ്ധമായ പച്ചപ്പുല്ലുമേഞ്ഞപ്പോൾ കാലികളുടെ പശിയടങ്ങി.
(തുടരും)
ഏ.വി.കുഞ്ഞമ്പു | സി.വി.കുഞ്ഞിരാമൻ | ശിവരായപ്പൈ: കരിവെള്ളൂരങ്ങാടിയുടെ ഉടമ | ശങ്കരപ്പൈ: കരിവെള്ളൂരങ്ങാടിയിലെ കച്ചവടക്കാരൻ
നാട്ടു വാക്കുകൾ
*പാണ് - തെങ്ങിൻ പൂക്കുലയെ പൊതിഞ്ഞ നീണ്ടു കട്ടി കൂടിയ ഭാഗം
*അടിച്ചാര- തെങ്ങിന്റെ മട്ടലിനോടു ചേർന്ന വല പോലുള്ള ഉണങ്ങിയ ഭാഗം
*ചേകവൻ - അകമ്പടി സേവിക്കുന്നവൻ, പരിചരിക്കുന്നവൻ
*മൂർച്ച - കൊയ്ത്ത്
*കാൽച്ചാനൂട്ട് - കാലിച്ചാൻ ദൈവത്തിനുള്ള ഭക്ഷണം
*പൈൽ മരം - പൈൻമരം
*റാക്ക് - നാട്ടിൻപുറത്തെ വാറ്റുചാരായം
*പിടാരന്മാർ - മാടായിക്കാവ്, മന്നം പുറത്തുകാവ് എന്നിവിടങ്ങളിൽ ശാക്തേയ പൂജ ചെയ്യുന്ന പൂജാരിമാർ. വംഗ ദേശത്തു നിന്നു വന്ന ബ്രാഹ്മണരാണ് ഇവരെന്ന് വിശ്വസിക്കുന്നു.
ചിത്രീകരണം: സവിനയ് ശിവദാസ്