കാളക്കണ്ണിൽ തെളിയുന്ന ദേശഭൂപടം
ILLUSTRATION: SAVINAY SIVADAS / TMJ
പുള്ളിവാലൻ കാളയുടെ നാഗക്കണ്ണിൽ നോക്കിയപ്പോൾ ഓർമ്മകളുടെ കടലിരമ്പം. താവത്തു നിന്നും സുബ്രഹ്മണ്യം വാണയിലേക്കുള്ള നീണ്ടു വളഞ്ഞ വഴി തെളിഞ്ഞു വന്നു. ഹരിദാസൻ കോമരത്തിന് എൺപത്തിയാറു വയസ്സായി. ഒമ്പതാം വയസ്സിൽ വീട്ടുപടിക്കൽ ഇരിക്കുമ്പോൾ *വാണയിൽ കാലിയെ വാങ്ങാൻ *പൊക്കണവും ചുമലിലേറ്റി പോകുന്നവരെ കണ്ടിട്ടുണ്ട്. "സുബ്രഹ്മണ്യം വാണയിൽ നിന്ന് കൊണ്ടര്ന്ന കാലിക്ക് *കള്ളത്രാണം ഇണ്ടാവൂല. "നാട്ടുചൊല്ലു കേട്ടാണ് ഹരിവളർന്നത്. അച്ഛൻ ചിണ്ടൻ മണിയാണി കാലി പൂട്ടുന്നതും അവയെ പരിചരിക്കുന്നതും നോക്കി നിന്നു. കാലിക്കഴുത്തിലെ ഓട്ടുമണിക്കിലുക്കം ഹരിയെ ഉണർത്തി. ക്രമത്തിൽ അവനും *കൈപ്പാട്ടിലെ ചെളിവയലിൽ ഇറങ്ങി. വരമ്പു കൊത്താനും കാലി പൂട്ടാനും കണ്ടം കൊത്താനും പഠിച്ചു. മണ്ണിന്റെയും വൈക്കോലിന്റെയും ചാണകത്തിന്റെയും മൂത്രത്തിന്റെയും ഗന്ധം അവനെ ഉന്മാദിയാക്കി. ഒത്ത വാല്യക്കാരനായപ്പോൾ ഹരിക്കും സുബ്രഹ്മണ്യത്തു പോകാൻ ആശയായി.
പത്തു പതിനാലു പേരുണ്ടവർ. ഹരി മുമ്പിൽ നടന്നു. തോര കുഞ്ഞപ്പയും തോര രാമനും സഹോദരങ്ങളാണ്. അവർക്കു പിറകിൽ മലയന്തറമ്മൽ അമ്പുവും തോടോൻ രാമനും. അവർ നടത്തത്തിൻ്റെ വേഗം കൂട്ടി. വൃശ്ചികത്തിലെ *കുളിരു തുടങ്ങിയ കാലം. തിരുതയും വരാലും കിടന്നു പുളയ്ക്കുന്ന ദാലിലെ കൈപ്പാട്. ഒറ്റയടിപ്പാതയിലൂടെ പ്‌രാന്തന്‍ കണ്ടലും പൂക്കണ്ടലും കണ്ണാമ്പൊട്ടിയും ഉപ്പട്ടിയും തീർത്ത ഹരിതമേലാപ്പിനടിയിലൂടെ അവർ പഴയങ്ങാടിക്കടവിലെത്തി. അമരത്തിരുന്നു തുഴയുന്ന കടത്തുകാരന് അഭിമുഖമായി അവർ തണ്ടു വലിച്ചു. കടവിറങ്ങി തീവണ്ടിയാപ്പീസിലേക്ക് വരി വരിയായി നീങ്ങുന്ന കാലിയാന്മാരുടെ നീണ്ട നിഴലുകൾ പുഴയിലെ ഓളങ്ങളിൽ ഇളകിയാടി. കരി തുപ്പി ഓടി വരുന്ന തീവണ്ടി പഴയങ്ങാടിയിൽ അല്പനേരം നിന്നു. കാലിയാൻ സംഘം വണ്ടിയിൽ കയറി. കണ്ടൽക്കാടുകളും കുളങ്ങളും വയലുകളും തെങ്ങിൻ തോപ്പുകളും തിരക്കിട്ട് പിറകോട്ടോടി. ചങ്കൂരിച്ചാൽ, കവ്വായിപ്പുഴ, കാര്യങ്കോട് പുഴ, നീലേശ്വരം പുഴ, ചിത്താരിപ്പുഴ, ചന്ദ്രഗിരിപ്പുഴ. പുഴകളും തോടുകളും ചാലുകളും പിന്നിട്ട് പടിഞ്ഞാറൻ കടൽത്തീരത്തിലൂടെ കുതിച്ചു പാഞ്ഞ മംഗലാപുരം മെയിൽ കാസർകോട് സ്റ്റേഷനിലെത്തി കരി തുപ്പി കിതച്ചു നിന്നു. കരിപുരണ്ട മനുഷ്യർ കോരിയിട്ട കൽക്കരിയും കുഴൽ വഴി പകർന്ന വെള്ളവും വണ്ടിയുടെ പൈദാഹങ്ങൾ അകറ്റി.
സുള്ള്യയിലേക്കുള്ള ബസ്സിൽ പല ദേശക്കാരായ മനുഷ്യർ തുളുവിലും കന്നടയിലും മലയാളത്തിലും മറാഠിയിലും ഹിന്ദിയിലും കൊങ്കിണിയിലും ബ്യാരിയിലും നാട്ടുവിശേഷങ്ങൾ മിണ്ടിപ്പറഞ്ഞു. താംബൂലത്തിന്റെ മണമുള്ള ബസ്സ്. വെറ്റില, അടക്ക, നൂറ്, *ചപ്പ്. നാലും കൂട്ടിമുറുക്കി. വായ് നിറയെ മുറുക്കാൻ ചവച്ച് നടുവിരലും ചൂണ്ടാണിവിരലും ചുണ്ടോടു ചേർത്ത് അവർ പാറ്റിത്തുപ്പി. കുണ്ടും കുഴിയും നിറഞ്ഞ ഗ്രാമപാതയിലൂടെ കുലുങ്ങിയാടി വൈകുന്നേരമായപ്പോൾ സുള്ള്യയിലെത്തി. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പൊരുതിയ കൊടവ വീരന്മാരുടെ നാട്. ഒന്നാം സ്വാതന്ത്ര്യ സമരത്തിനും ഇരുപതു വർഷം മുമ്പ് ദക്ഷിണ കാനറയിൽ കമ്പനി ഭരണത്തെ കിടിലംകൊള്ളിച്ച കർഷക കലാപത്തിന്റെ വീരനായകൻ കല്യാണസ്വാമിയെ പെറ്റ നാട്. തലക്കാവേരിയിൽ നിന്ന് ഉത്ഭവിച്ച് കുടകു നാടിനെ കുളിരണിയിച്ച് പാട്ടു പാടി പതഞ്ഞൊഴുകുന്ന കാവേരിയുടെ മണ്ണ്.
സൂര്യൻ പടിഞ്ഞാറ് തീ പടർത്തിയ സന്ധ്യയിൽ സുബ്രഹ്മണ്യം വാണയ്ക്കടുത്ത് പാതയോരത്ത് അടുപ്പുകൂട്ടി കഞ്ഞി വെച്ചു. ഇരുട്ടിൽ ദൂരെ തീവെളിച്ചങ്ങളും കുടമണിയൊച്ചകളും കേൾക്കുന്നുണ്ട്. നക്ഷത്രങ്ങൾ വാരിത്തൂവിയ ആകാശത്തിനു താഴെ രാപ്പക്ഷിയുടെ കരച്ചിലും ചീവീടിന്റെ ഒച്ചയും കേട്ട് അവരുറങ്ങി. പശ്ചിമഘട്ട മലനിരയിലെ കുമാര പർവ്വതത്തിന്റെ മടിത്തട്ടിൽ; പുരാണത്തിലെ ആറു തലയുള്ള നാഗത്തെപ്പോലെ സുബ്രഹ്മണ്യത്തെ മുരുകന്റെ അമ്പലത്തിനെ ശേഷപർവ്വതം കുട ചൂടി സംരക്ഷിച്ചു. നിബിഢമായ നിത്യഹരിതവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്ന അമ്പലം പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറെ ചെരിവിലാണ് സ്ഥിതി ചെയ്യുന്നത്. അമ്പലത്തെ തഴുകിയൊഴുകുന്ന കുമാരധാര നദി പടിഞ്ഞാറൻ കടലിനെ ലക്ഷ്യം വെച്ച് ഒഴുകി.
കിഴക്ക് വെള്ളകീറുന്നതിനു മുമ്പ് മണിയൊച്ചകൾ അടുത്തെത്തിയപ്പോഴാണ് ഉണർന്നത്. കണ്ണുതിരുമ്മി കണി കണ്ടത് മൈതാനവും നദീതീരവും നിറയെ കാലികൾ! പശു, കാള, എരുമ, പോത്ത്, ആട്. വാണ നിറയെ കാലികൾ. മൈസൂരിലെ ഗൗഡന്മാർ കന്നുകാലികളെ വിൽക്കാൻ വന്നതാണ്. തലയിൽ കെട്ടും, കോട്ടു കുപ്പായവും ദോത്തിയുമുടുത്ത് നെറ്റിക്കുറിയിട്ട ഗൗഡന്മാരുടെ കൂടെ കാലികളുടെ കഴുത്തിൽ കെട്ടാനുള്ള കുടമണികളും ശംഖുകളും വിൽക്കുന്നവരുമുണ്ട്. കാലിക്കരച്ചിലും ആളുകളുടെ കലപില ശബ്ദവും. സുബ്രഹ്മണ്യം വാണ സജീവമായി. വിലപേശൽ, കച്ചവടം ഉറപ്പിക്കൽ ഇവ മുറയ്ക്കു നടന്നു. ലക്ഷണമൊത്ത ഒരു ജോഡി *മൂരിക്ക് അഞ്ഞൂറ് രൂപ മുതൽ അറുന്നൂറ്റി അമ്പത് രൂപ വരെ വിലയുണ്ട്. പ്രായം കൂടുന്തോറും വില കുറയും. കാലിക്ക് ഓരോ പല്ല് കൊഴിയുന്തോറും ഓരോ വയസ്സു കൂടും. പാൽപ്പല്ലു മുഴുവൻ പോയാൽ എട്ടു വയസ്സാവും. വലിയ നിരയൊത്ത പല്ലുകൾ വരും. ചുറുചുറുക്കുള്ള കാലിയായി വളർച്ചയുടെ തുടക്കം കുറിക്കുന്നത് ഇവിടെ വച്ചാണ്. താവം, പഴയങ്ങാടി ഭാഗത്തെ വയൽ മണ്ണിന് ഉറപ്പു കൂടുതലാണ്. ചെറിയ കാലികളെ വെച്ചു പൂട്ടിയാൽ അവ വേഗം ക്ഷീണിക്കും. ഇടത്തരം കാലികളാണ് ഈ മണ്ണിന് പറ്റിയ ഇനം. മുന്നൂറ്റി അമ്പത്, നാന്നൂറ് രൂപയ്ക്ക് ഇടത്തരം കാലികളെ *കച്ചോടമാക്കി. കച്ചോടത്തിനു മുമ്പ് കാലികളെ തെക്കുവടക്ക് നടത്തിച്ചു നോക്കി. മുടന്തോ മറ്റു തകരാറുകളോ ഇല്ലെന്ന് പരിശോധിച്ച് ഉറപ്പു വരുത്തി ബോധ്യപ്പെട്ടാലേ വിലയുറപ്പിക്കുകയുള്ളൂ. കാലി ലക്ഷണങ്ങൾ പ്രധാനമായും അഞ്ചാണ്. മാൻ കഴുത്ത്, കുതിരക്കുളമ്പ്, ചുഴി, സർപ്പക്കണ്ണ്, ചെണ്ടക്കോൽക്കൊമ്പ്. അഞ്ചു ലക്ഷണങ്ങളും ചേർന്നു വരുന്നവയാണ് ലക്ഷണമൊത്ത കാലികൾ. കഴുത്ത് അല്പം നീണ്ടവയാണ് മാൻ കഴുത്തു കാലി. കുതിരക്കുളമ്പിന്റെ ആകൃതിയിൽ കുത്തു കുളമ്പുള്ള കാലിയാണ് രണ്ടാമത്തേത്. നെറ്റിയുടെ ഒത്ത നടുക്കും പൂഞ്ഞയുടെ താഴെയും ചുഴിയുള്ള കാലികൾ നന്നായി പണിയെടുക്കുന്ന ഇനങ്ങളായിരിക്കും. "വാലിന്റെ *ഏരത്ത് ചുഴിയുള്ള കാലിക്ക് *ചൊടരുണ്ടാവൂല." കാലിയെ അറിയുന്നവർ അങ്ങനെ പറയും. അത്തരം കാലികൾ പണിയിൽ മടിയന്മാരായിരിക്കും! നല്ല കാഴ്ചശക്തിയുള്ള കാലികളുടെ കണ്ണ് സർപ്പത്തിന്റെ കണ്ണു പോലെ തിളങ്ങും. നാഗക്കണ്ണുള്ള കാലി. ചെണ്ടക്കോൽ ആകൃതിയിൽ ചെറിയ അഴകുള്ള കൊമ്പുകൾ കാലികൾക്ക് ഒരു അലങ്കാരമാണ്. കൊമ്പുകൾ വളരുമ്പോൾ കരിക്കുഴമ്പ് തേച്ച് മിനുക്കും. ലക്ഷണങ്ങൾ ബോധിച്ച് കച്ചോടം ഉറപ്പിച്ചു. ഗൗഡന്മാർക്ക് പണം കൊടുത്ത് കയറുവാങ്ങി.
അമ്പലത്തിലെ പ്രധാന പ്രതിഷ്ഠ മുരുകനാണ്. പിന്നെ വാസുകി എന്ന നാഗവും. ശിവള്ളി മാധ്വ ബ്രാഹ്മണരാണ് ഇവിടത്തെ പൂജാരിമാർ. മുരുകനെയും വാസുകിയെയും തൊഴുതതിനു ശേഷം എല്ലാ കാലികളുടെയും നെറ്റിയിൽ തിലകം ചാർത്തി. *കണ്ണു കൊള്ളാതിരിക്കാൻ *കവിടി വാങ്ങി നെറ്റിയിൽ കെട്ടി; കഴുത്തിൽ കുടമണിയും. വൃശ്ചികം ഷഷ്ടിക്ക് തുടങ്ങുന്ന സുബ്രഹ്മണ്യം വാണയിലെ കാലിക്കച്ചോടം ഒരു മാസം നീണ്ടു നിൽക്കും. ഷഷ്ടിയും നാഗപഞ്ചമിയും സുബ്രഹ്മണ്യത്തെ പ്രധാന ഉത്സവങ്ങളാണ്. വർഷാവർഷം ഉത്സവകാലത്ത് ഇവിടെയെത്തുന്ന മനുഷ്യർക്ക് കാലിച്ചന്ത കാഴ്ചയുടെ പൂരമാണ്. കർണ്ണാടകത്തിലെയും കേരളത്തിലെയും കൃഷിക്കാർ ഒത്തുചേരുന്ന പ്രധാന കാലിച്ചന്തയാണ് സുബ്രഹ്മണ്യം വാണ. കോലത്തുവയൽ, പാപ്പിനിശ്ശേരി, കല്യാശ്ശേരി, ചിറക്കൽ, പുതിയതെരു, കണ്ണപുരം, ചെറുകുന്ന്, താവം, പഴയങ്ങാടി, വെങ്ങര, മണ്ടൂർ, ചെറുതാഴം, നരിക്കാംവള്ളി, എടക്കേപ്പുറം, പിലാത്തറ, ഏഴിലോട്, കുന്നരു, രാമന്തളി, എടാട്ട്, കുഞ്ഞിമംഗലം, പയ്യന്നൂർ, കരിവെള്ളൂർ ഭാഗങ്ങളിലുള്ള കൃഷിക്കാർ എല്ലാ കൊല്ലവും സുബ്രഹ്മണ്യം വാണയിലെത്തും.
സുബ്രഹ്മണ്യത്തു നിന്ന് കാലികളുമായി നാട്ടിലേക്കുള്ള യാത്ര അതി ദീർഘവും കഠിനവുമാണ്. പ്രഭാതം മുതൽ പ്രദോഷം വരെ അഞ്ചു ദിവസം നടന്നാലേ നാട്ടിലെത്തൂ. ഉച്ചയ്ക്കും രാത്രിയിലും നടന്നാലെത്തുന്ന സ്ഥലം കണക്കാക്കി സംഘത്തിലെ രണ്ടു പേർ ബസ്സിൽ നേരത്തെ അവിടെ എത്തി. കാലി സംഘം വരുമ്പോഴേക്കും വഴിയോരത്തെ മരച്ചുവട്ടിൽ അടുപ്പുകൂട്ടി വെപ്പുകാർ കഞ്ഞിയും പുഴുക്കും ഉണ്ടാക്കി. മുതിരയോ പയറോ തുവരയോ കൊണ്ടുണ്ടാക്കുന്ന കറിയാണ് പുഴുക്ക്. രാവിലെ ആറ് ആറര മണിക്കാണ് പുറപ്പാട്. പന്ത്രണ്ടു പേർ ഓരോ *ജോട് കാലികളെയും തെളിച്ചു നടന്നു. വഴിയിൽ നിന്ന് ചായ കുടിച്ചു. നടത്തത്തിനിടയിൽ കൃഷിക്കാര്യവും മരിച്ചവരുടെ കാര്യവും നാട്ടുതമാശകളും പറഞ്ഞ് നേരം പോക്കി. വൃശ്ചികത്തിലെ പകൽച്ചൂടിലും അവർ നടന്നു. ഉച്ചയ്ക്ക് പയറു പുഴുക്കിൽ കാന്താരിയുടച്ച് വെള്ളക്കഞ്ഞി കുടിച്ചു. പിന്നെ മരത്തണലിലോ പീടികക്കോലായിലോ വിശ്രമം. ബീഡിയോടു കമ്പമുള്ളവർ പുകവിട്ടു. മുറുക്കുകാർ നാലുംകൂട്ടി മുറുക്കി. അതിനിടയിൽ കാലികൾ പുല്ലുമേഞ്ഞും അയവെട്ടിയും കഴിഞ്ഞു. വെയിൽ ചായാൻ തുടങ്ങുമ്പോൾ മൂന്നു മണിയോടെ വീണ്ടും യാത്ര. ചൂളം കുത്തുന്ന കാറ്റും വെയിൽച്ചൂടും വകവയ്ക്കാതെ ആ നാട്ടു മനുഷ്യരും കാലിക്കൂട്ടങ്ങളും അടുത്ത കേന്ദ്രത്തെ ലക്ഷ്യമാക്കി നട നടോ നട!
സൂര്യൻ പടിഞ്ഞാട്ട് ചാഞ്ഞ് കിഴക്കു ചന്ദ്രനുദിച്ചു. മലയാളക്കരയിലേക്കുള്ള കാലിക്കൂട്ടങ്ങളുടേയും മനുഷ്യരുടേയും നീണ്ട നിര മങ്ങിയ വെളിച്ചത്തിൽ പാതയിൽ നിഴൽ രൂപങ്ങൾ തീർത്തു. പൂർണ്ണചന്ദ്ര പ്രഭയിൽ തിത്തിരിപ്പക്ഷികളുടെ പാട്ടു കേട്ടുള്ള നടപ്പ്. കാലിയാന്മാരുടെ നിശ്ശബ്ദതയെ ഭഞ്ജിച്ച് കാലികളുടെ കുളമ്പടി ശബ്ദവും കുടമണിയൊച്ചയും മാത്രം വേറിട്ടു കേട്ടു. ദൂരെ വയൽക്കരയിലെ, പാതയോരത്തെ കുടിലുകളിൽ മുനിഞ്ഞു കത്തുന്ന മൺവിളക്കുകൾ കണ്ട്; കാറ്റിൽ ഒഴുകിയെത്തുന്ന ഓടക്കുഴൽ വിളിയും അജ്ഞാത ഗായകരുടെ പാട്ടും കേട്ട് പുളകിതരായി അത്താഴ കേന്ദ്രത്തിലെത്തുമ്പോൾ എട്ടൊമ്പതു മണിയായി. മൈതാനത്തിലോ പാതയോരത്തോ ചേർന്നു നിൽക്കുന്ന കാലികളെ വലംവെച്ച് കാലിയാന്മാർ ഇരുന്നു. അത്താഴം കഴിഞ്ഞാൽ കാലികളെ കെട്ടി, സൗകര്യമുള്ള സ്ഥലങ്ങളിൽ അവർ തളർന്നുറങ്ങി. വൃശ്ചികക്കുളിരിൽ കീറപ്പുതപ്പിൽ തണുത്തു വിറച്ച് നേരം വെളുപ്പിച്ചു.
കിഴക്കേമാനം തുടുക്കുന്നതിനു മുമ്പ് ഉണർന്നു. പ്രഭാതകൃത്യങ്ങൾ നിർവ്വഹിച്ച് ആറുമണിയോടെ വീണ്ടും യാത്ര. ജാൽസൂർ പിന്നിട്ടു. ദൂരെ ചക്രവാളത്തിൽ കേരളം കൈമാടി വിളിച്ചു. നടത്തത്തിനു വേഗം കൂടി. കാസർകോടിന്റെ മണ്ണിലെ കാട്ടുവഴികളിലൂടെ പുഴകളും ചാലുകളും വയൽപ്പരപ്പുകളും പിന്നിട്ട് അടുത്ത താവളത്തിലെത്തി. ചന്ദ്രഗിരിപ്പുഴ ചങ്ങാടത്തിൽ കടന്നു. കുന്നിൻപുറത്തെ കാട്ടുവഴികൾ താണ്ടി ചട്ടഞ്ചാൽ കഴിഞ്ഞ് പൊയിനാച്ചിയിലെത്തി.
*ക്ടാരിപ്പുല്ലും നെയ്പ്പുല്ലും തഴച്ചുവളരുന്ന വിശാലമായ ചെങ്കൽപ്പരപ്പുകളിൽ കാലികൾക്ക് കുശാലായ തീറ്റ ലഭിച്ചു. പെരിയയിലെ കശുമാവിൻ തോപ്പുകൾക്കു നടുവിലൂടെ നടന്നു നടന്ന് പുല്ലൂരും മാവുങ്കാലും കടക്കുമ്പോൾ കിഴക്ക് മഞ്ഞം പൊതിക്കുന്നും കൊരുവാനവും തലയുർത്തി നിൽക്കുന്നുണ്ടായിരുന്നു. സ്വാമി നിത്യാനന്ദന്റെയും കവി പി.കുഞ്ഞിരാമൻ നായരുടെയും ഓർമ്മകൾ അലയടിക്കുന്ന കാഞ്ഞങ്ങാട്. തുളുനാട് രാജാവ് അള്ളോഹന്റെ കഥ പറയുന്ന നീലേശ്വരം. മന്ദംപുറത്ത് കാവും പിന്നിട്ട് തെക്കോട്ടുള്ള യാത്ര. കൊടി പറപ്പിച്ചെത്തിയ വിജയനഗര സാമ്രാജ്യത്തിന്റെ പടയേറ്റവും ആരവവും കുളമ്പടിയൊച്ചകളും കേട്ട കാര്യങ്കോട് പുഴ. കയ്യൂരിലെ പണിയെടുക്കുന്ന മനുഷ്യരുടെ പടപ്പാട്ടുകൾ പാടുന്ന *'ചിരസ്മരണ'യിലെ തേജസ്വിനിയിലൂടെ ചങ്ങാടത്തിൽ കാലികളും കാലിയാന്മാരും അക്കരെ എത്തിയപ്പോൾ അന്തിയായി. അന്തിക്കള്ളിന്റെ മണമുള്ള മയീച്ചയുടെ നാട്ടുവഴികളിലൂടെ വീരമലക്കുന്നിനെ വലം വെച്ച് ചെറുവത്തൂർ ചന്തയിലെ ആൽമരങ്ങളുടെ ഇരുട്ടു വീണ വഴിയോരത്ത് അത്താഴം. ഉറക്കം.
നേരം വെളുത്തപ്പോൾ പുറപ്പെട്ടു. ചെറുവത്തൂർ കൊവ്വൽ അഴിവാതിൽക്കലിലെ കമാനാകൃതിയിലുള്ള വലിയ മൺമലയായ *ഇഡുവിനടുത്തു കൂടി നടന്ന് മയിലാടുംകുന്നും കടന്ന് ചെറുവത്തൂർ സ്റ്റേഷൻ റോഡിലൂടെ തെക്കോട്ട്. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാരുടെ പേരിലുള്ള സിനിമ ടാക്കീസിനു മുമ്പിൽ സത്യന്റെയും മുത്തയ്യയുടെയും ചിത്രങ്ങളുള്ള പോസ്റ്ററുകളുണ്ട്. മട്ടലായിക്കുന്നു കയറുമ്പോൾ കാലികളും കാലിയാന്മാരും കിതച്ചു. ഉച്ചിയിലെത്തി പടിഞ്ഞാറ് നീലക്കടലിലെ തിരയിളക്കം കണ്ടു. പിലിക്കോട് തോട്ടത്തിലെ കായ്ഫലമേറിയ തെങ്ങുകൾ ഓലക്കൈകൾ വീശി. തുളുനാടൻ കളരിയിൽ പഠിക്കാൻ പോകുമ്പോൾ തച്ചോളി ഒതേനൻ വിശ്രമിച്ച പടക്കളമായ പടുവളം പിന്നിട്ട് കാലിക്കടവിലെത്തി. കാലികളുടെ കടവാണ് കാലിക്കടവ്. കടവിൽ നിന്ന് വെള്ളം കുടിച്ച് കാലികൾ ദാഹമകറ്റി. തുളുനാട്; പഴയ തെക്കൻ കർണ്ണാടകം ഇവിടെ അവസാനിച്ചു.
(തുടരും)
നാട്ടു വാക്കുകളും മറ്റും:
*വാണ - കാലിച്ചന്ത
*പൊക്കണം - ഭാണ്ഡക്കെട്ട്
*കള്ളത്രാണം - തട്ടിപ്പ്
*കൈപ്പാട് - തീരദേശത്തെ ചതുപ്പുനിലം
*കുളിര് - തണുപ്പ്
*ചപ്പ് - പുകയില
*മൂരി - കാള
*കച്ചോടം - കച്ചവടം
*ഏരത്ത് - മുകളിൽ
*ചൊടര് - ഉഷാറ്
*കണ്ണു കൊള്ളാതിരിക്കാൻ - ദൃഷ്ടിദോഷം ഉണ്ടാകാതിരിക്കാൻ
*കവിടി - ശംഖ്
*ജോട് - ജോഡി
*കാലിയാന്മാർ - കന്നുകാലികളെ പരിപാലിക്കുന്നവർ
*ക്ടാരിപ്പുല്ല് - ഇടനാടൻ ചെങ്കൽക്കുന്നുകളിൽ തഴച്ചുവളരുന്ന മുള്ളു മീശയുള്ള പരുപരുത്ത ഒരു തരം നീണ്ട പുല്ല്
*നെയ്പ്പുല്ല് - ഇടനാടൻ ചെങ്കൽക്കുന്നുകളിൽ തഴച്ചുവളരുന്ന പുര മേയാൻ ഉപയോഗിക്കുന്ന മിനുസമുള്ള പുല്ല്
*ചിരസ്മരണ - കയ്യൂർ രക്തസാക്ഷിത്വത്തെ അധികരിച്ച് കന്നട സാഹിത്യകാരൻ നിരഞ്ജന എഴുതിയ പ്രസിദ്ധമായ നോവൽ
*ഇഡു - കമാനാകൃതിയിലുള്ള മനുഷ്യനിർമ്മിത മൺമല. തുളുനാട്ടിൽ കാണുന്ന 'ഇഡു' വിശ്വാസവുമായി ബന്ധപ്പെട്ട ഒരു നിർമ്മിതിയാണ്.