അറുകാടിയമ്മയും കതിവന്നൂർ വീരനും
ILLUSTRATIONS: SAVINAY SIVADAS
പോക്കുവെയിലിലെ ചാറ്റൽ മഴ. കാലികളും കാലിയാന്മാരും കുന്നിറങ്ങാൻ തുടങ്ങി. കിഴക്കേമാനത്ത് ചക്രവാളത്തിൽ മഴവില്ല് തെളിഞ്ഞു വന്നു. ഏഴു നിറങ്ങളിലുള്ള വിസ്മയ പ്രഭാപൂരം കണ്ട് അവരുടെ മനം നിറഞ്ഞു. പടിഞ്ഞാറോട്ട് തിരിഞ്ഞു നോക്കിയപ്പോൾ അനവധി തെയ്യങ്ങൾ കുന്നുകയറി വരുന്നതായി കാലിയാന്മാർക്കു തോന്നി.
കോലത്തിരി രാജാക്കന്മാരുടെ കുലദൈവമാണ് തിരുവർകാട്ടമ്മ. കോലസ്വരൂപത്തിങ്കൽ തായയായ തിരുവർകാട്ടമ്മയാണ് നാട്ടുകാരുടെ മാടായിക്കാവിലച്ചി. മാനംമുട്ടെ ഉയർന്നു നിൽക്കുന്ന മുടിയുള്ള തിരുവർകാട്ടു ഭഗവതിയുടെ ഇരുപുറങ്ങളിലുമായി അനവധി തെയ്യങ്ങളുണ്ട്. കരിഞ്ചാമുണ്ഡി, പൊട്ടൻ തെയ്യം, പുലി മറഞ്ഞതൊണ്ടച്ചൻ, പുലച്ചാമുണ്ഡി, പുലമാരുതൻ, പുലപ്പൊട്ടൻ, മാരിത്തെയ്യം…. അങ്ങനെയങ്ങനെ അനവധി തെയ്യങ്ങൾ. ചെണ്ടയും തുടിയും ചിലമ്പും ചീനിക്കുഴലും തീർത്ത ഘോഷത്തിൽ മാടായിപ്പാറ കളിയാട്ടക്കളമായി. പഴയങ്ങാടിയിൽ നിന്നും കുന്നുകയറി വരുന്ന മുഹമ്മദീയരെ കണ്ടപ്പോൾ തെയ്യങ്ങൾ നീട്ടി ഉരിയാടി; "എന്റെ മാടായി നഗരേ…" തെയ്യങ്ങളുടെ *വാചാല് ദിഗന്തങ്ങളിൽ തട്ടി പ്രതിധ്വനിച്ചു.
നൂറ്റാണ്ടുകൾക്കു മുമ്പു തന്നെ കീർത്തി കേട്ട കച്ചവടകേന്ദ്രമായിരുന്നു പഴയങ്ങാടിയും പുതിയങ്ങാടിയും ഉൾപ്പെട്ട മാടായി പ്രദേശം. കച്ചവടം ഉപജീവനമാർഗ്ഗമാക്കിയ മുസ്ലീങ്ങളെ എത്ര ആദരപൂർവ്വമാണ് തെയ്യങ്ങൾ അഭിസംബോധന ചെയ്യുന്നത്!
ദാരികൻ കോട്ടയ്ക്ക് തെക്കു മാറി കാലികളും കാലിയാന്മാരും വരിവരിയായി മാടായിപ്പാറയിറങ്ങി. പഴയങ്ങാടിയിൽ നിന്ന് പലവ്യഞ്ജനങ്ങളുടെ പൊക്കണവും തലയിലേറ്റി താവത്തെ ഉറുവാടിയമ്മ കടവിലെത്തി. മാടായിക്കാവിലച്ചിയുടെ പേരിൽ നിന്നാണ് ഉറുവാടി എന്ന പേരിന്റെ ഉത്ഭവം. തിരുവർകാട്ടിലെ അമ്മയ്ക്ക് ' തിരു അറുകാടി അമ്മ' എന്ന പേരുണ്ട്. അറുകാടി അമ്മയിൽ നിന്ന് അറുകാടിയും പിന്നെ ഉറുകാടിയും ആയി. അതിൽ നിന്ന് പിന്നെയും മാറിയപ്പോൾ ഒരു നാട്ടു പെൺപേരുണ്ടായി; ഉറുവാടി. പുരാവൃത്തത്തിന്റെ ആഴങ്ങളിൽ നിന്നും വർത്തമാനത്തിന്റെ നീലാകാശത്തിലേക്ക് നീണ്ടു വളർന്ന ജീവവൃക്ഷത്തിന്റെ പച്ചപ്പുള്ള ചില്ലയാണ് ഉറുവാടി!
കണ്ടൽക്കാടുകൾക്കിടയിലെ ചെളിവെള്ളത്തിൽ നിസ്സംഗനായി അമർന്നിരിക്കുന്ന ചീങ്കണ്ണിയുടെ പൊള്ളക്കണ്ണിലും വെള്ളത്തിൽ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന മീശയുള്ള നീർനായയുടെ കോട്ടിക്കണ്ണിലും കാലികളും കാലിയാന്മാരും ഉദിച്ചുയർന്നു. അന്തി ചായാറാകുമ്പോൾ ചങ്ങാടത്തിൽ ചരിത്ര സാക്ഷിയായ കില്ലാ നദിയെന്ന പഴയങ്ങാടിപ്പുഴ കടന്നു. സാന്ധ്യാകാശം പുഴയിലെ ഓളങ്ങളിൽ ചായം പടർത്തി. അവർ താവത്തെത്തി.
ദാലിലെ കൈപ്പാട്. ചെളിവെള്ളത്തിൽ കിടന്നു പുളയ്ക്കുന്ന തിരുതയുടെയും വരാലിന്റെയും കുഞ്ഞിക്കണ്ണുകളിൽ കാലികളും കാലിയാന്മാരും തെളിഞ്ഞു വന്നു. പ് രാന്തൻ കണ്ടലിന്റെ കൊമ്പിൽ നിന്നും ചിറകടിച്ചു പറന്ന *മീൻ കൊത്തിച്ചാത്തൻ പുഴ വെള്ളത്തിലേക്ക് ലക്ഷ്യം വെച്ച് കൂപ്പുകുത്തി. കൊക്കിൽ പിടയുന്ന മീനിനെയും കൊണ്ട് അവൻ പറന്നു. ചെളിക്കൂനയിലിരുന്ന് *ഇറ്റിറ്റിപ്പുള്ള് കരഞ്ഞു. കാലികളും കാലിയാന്മാരും വഴിപിരിഞ്ഞു. അടുത്ത കൊല്ലം സുബ്രഹ്മണ്യ വാണയിൽ പോകാൻ കോമരം കാത്തിരുന്നു.
പുള്ളിവാലൻ കാള കൊമ്പുകുലുക്കി അമറിയപ്പോഴാണ് കോമരം മനോരാജ്യത്തിൽ നിന്ന് ഉണർന്നത്. "നാപ്പത് നാപ്പത്തഞ്ച് കൊല്ലായി കൃഷിപ്പണി എട്ക്ക്ന്ന്. മൂരീന്റെ കഴ്ത്തില് *നൊകം വെച്ച് പൂട്ടും. *വിരിപ്പിന് *കട്ടപ്പലയിടും. *പുഞ്ചയ്ക്ക് *നെരപ്പലയിടും. ഒടയാത്ത കട്ട പെണ്ണ്ങ്ങള് *കട്ടക്കോയ്യോണ്ട് ഒടക്കും. *നാട്ടിക്ക് നെരപ്പലയിട്ട് കണ്ടം പായസം പോലെയാക്കും. ഒരു *കണ്ടം പത്ത് പതിനൊന്ന് പ്രാവിശ്യം *കാലി പൂട്ടും." ഹരിദാസൻ കോമരം മണ്ണിന്റെ മണമുള്ള അനുഭവങ്ങൾ പറഞ്ഞു.
"*ഈട നമ്മളെ താവത്തെ മണ്ണില് *പോത്തിന പൂട്ടാൻ *പറ്റൂല. ആറ്റിൻ കരയിലെ കൃഷിയല്ലേ? വെയിലിൻ്റെ ചൂട് *പറ്റ്മ്പം *ഞേങ്ങോലും *നൊകും കൂട്ടാക്കാതെ *പോത്തമ്മാറ് *പൊഴേല് പോയി വെള്ളത്തിലങ്ങന *കെടക്കും!!! "കോമരം പറഞ്ഞു.
സുബ്രഹ്മണ്യത്തു നിന്ന് താവത്തേക്കുള്ള അഞ്ചു നാൾ നടത്തം കാലികളെയും കാലിയാന്മാരെയും പരവശരാക്കും. കാലികൾക്ക് നല്ല പുല്ലു കൊടുക്കും. മുതിര കുതിർത്ത് അരച്ചതും പിണ്ണാക്കും കഞ്ഞി വെള്ളവും ചേർന്ന ആഹാരം കഴിച്ച് ക്ഷീണം മാറാൻ ഒരാഴ്ച കഴിയും.
അപ്പോഴേക്കും പെരുങ്കൊല്ലൻ വരും; ലാടം മാറ്റാൻ. മൈസൂരിൽ നിന്ന് സുബ്രഹ്മണ്യത്തേക്കു വരുന്ന കാലികളുടെയെല്ലാം കുളമ്പിൽ ലാടമടിച്ചിട്ടുണ്ടാകും. ലാടമില്ലെങ്കിൽ നടന്നു നടന്ന് ഇവയുടെ കുളമ്പ് പൊട്ടും. ഉഴവു കാളകൾക്ക് ലാടം വേണ്ട. മുൻകാലുകളും പിൻ കാലുകളും ചേർത്തു കെട്ടി കാളകളുടെ ലാടം അഴിക്കുന്നത് അല്പനേരത്തേക്ക് ഒരു നൊമ്പരക്കാഴ്ച തന്നെ. അരം കൊണ്ട് രാകി ആണികൾ മുറിച്ച് ലാടം അടർത്തിയെടുക്കുമ്പോൾ ആ മിണ്ടാപ്രാണികൾ കിടന്ന് അമറും. മുറിവിൽ മരുന്ന് വെച്ചാൽ ഒന്നു രണ്ടു ദിവസത്തിനകം കരിയും. പിന്നെ സാധാരണ നിലയിലാകും.
നാലരപ്പതിറ്റാണ്ടിന്റെ കാർഷികജ്ഞാനമുള്ള കോമരം അരോളി, താവം, പഴയങ്ങാടി, വെങ്ങര, വെള്ളൂർ, കരിവെള്ളൂർ, ഈയ്യക്കാട്, ഉദിനൂർ, മാണിയാട്ട്, ചന്തേര എന്നിവിടങ്ങളിൽ കാലി പൂട്ടാൻ പോയിട്ടുണ്ട്. നരിയൻ ചിണ്ടൻ മൂസോറും ഗോപാലനും ഈയ്യക്കാട്ടെ മികച്ച ഉഴവുകാരാണ്. ഉഴവിന്റെ ഈയ്യക്കാട്ട് രീതിയും താവം രീതിയും തമ്മിൽ അല്പം വ്യത്യാസങ്ങളുണ്ട്. ഈയ്യക്കാട്ട് വലമേനിയാണ്. കാളകളുടെ കഴുത്തിൽ നുകം വെച്ച് ഞേങ്ങോൽ വലത്തോട്ട് മറിക്കുന്നതിനാണ് വലമേനി എന്നു പറയുന്നത്. താവത്ത് പക്ഷേ, ഞേങ്ങോൽ ഇടത്തോട്ടേക്ക് മറിക്കും. അതാണ് ഇടമേനി.
വൃശ്ചികമാസത്തിൽ ഉഴുന്നു വിതയ്ക്കാനായി വയൽ ഉഴുതിടും. മീനം - മേടത്തിൽ ഉഴുന്നു പൊരിച്ച് കണ്ടം പൂട്ടിമറിക്കും. "പണി കയ്ഞ്ഞാല് മൂരീന *ദെവേസും *ഞാങ്ങ കുളിപ്പിക്കും. ഇല്ലട്ടക്കരി *ചെരണ്ടി *മിന്സപ്പൊടിയാക്കി എള്ളെണ്ണ ചാലിച്ച് *കൊയമ്പ് രൂപത്തിലാക്കും. *തേങ്ങാക്കൊരച്ചില് ബ്രഷാക്കി കരിയിൽ മുക്കി മൂരീൻ്റെ കൊമ്പില് തേച്ച് മിന്ക്കും. മിന്ങ്ങിയ കൊമ്പ് കാണാൻ നല്ല *പാങ്ങ്ണ്ടാവും.
രാവിലെ ഒറങ്ങി എണീറ്റാല് *ആലീല് പോവും. നമ്മള കണ്ടാല് മൂരി എണീക്കും. *അയ്ന്റെ - *കഴ്ത്തും *നെറ്റീം *തടീ കൊട്ക്കും. ഞാങ്ങ *കാലിയളോട് *എന്തല്ലോ *വർത്താനം *പറീം. *അവരിക്ക് അത് *മന്സിലാവും." മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഊഷ്മളത പ്രസരിക്കുന്ന വാക്കുകൾ. "രാവിലെ മൂരിക്ക് പുല്ലിട്ട് കൊടുക്കും. *നെപ്പുല്ലും *അമ്പൻ പുല്ലും കൂട്ടി *പെരക്കി കൊടുക്കും. കാലിക്ക് *വെള്ളം കാട്ടും. *കഞ്ഞീരെള്ളം *കടലപ്പുണ്ണാക്ക്, മുതിര *പൊതിർത്ത് അരച്ചത്; ഇതെല്ലും ചേർത്ത്റ്റാന്ന് വെള്ളം കാട്ടല്. *വായ്ക്ക് രുചി കിട്ടാനാന്ന് പുണ്ണാക്ക് കൊട്ക്ക്ന്നത്. മുതിര കൊട്ത്താല് നല്ല രക്ത ഓട്ടം ഇണ്ടാവും, രക്തശുദ്ധീം ഇണ്ടാവും" കാലികൾക്ക് പഥ്യമായ ആഹാരത്തെക്കുറിച്ച് കോമരത്തിന് നല്ല ബോധ്യമാണ്.
വൃശ്ചികക്കുളിരിൽ മൂരികളുടെ രോമക്കുഴിയിൽ നിന്ന് ചോര പൊടിയും. ഇളമ്പക്കയുടെ തോട് വെന്ത വെള്ളം കാലിക്കു കുടിക്കാൻ കൊടുക്കും. കാത്സ്യം അടങ്ങിയ വെള്ളം കുടിച്ചാൽ ചോര പോക്ക് നിൽക്കും.
വണ്ടിക്കാള, പോത്ത്, പശു എന്നിവയെ വാങ്ങാനും കേരളത്തിൽ നിന്ന് സുബ്രഹ്മണ്യ വാണയിലേക്ക് ആളുകൾ പോകാറുണ്ട്. ഉഴവു കാളകളെപ്പോലെ വണ്ടിക്കാളകൾക്കും ലക്ഷണങ്ങളുണ്ട്. ഒത്ത ഉയരമുള്ളതും കായബലം കൂടിയവയുമാണ് നല്ല വണ്ടിക്കാളകൾ. പാപ്പിനിശ്ശേരിയിൽ നിന്നും വണ്ടിക്കാളകളെ വാങ്ങാൻ വന്ന മൂന്നു പേരെ കോമരം ഓർത്തു. നാട്ടുവഴിയിലൂടെ ആടിയാടി വരുന്ന കാളവണ്ടി. ഇരുമ്പുപട്ടയിട്ട വലിയ മരച്ചക്രത്തിന്റെ കട കട ശബ്ദവും മണികിലുക്കവും കാതിൽ മുഴങ്ങുന്നതു പോലെ.
സുബ്രഹ്മണ്യ വാണയ്ക്ക് പോകാൻ പറ്റാത്തവർക്ക് കാലികളെ കച്ചോടമാക്കുന്നതിന് മലയാളക്കരയിൽ ചില സൗകര്യങ്ങളുണ്ട്. കാങ്കോൽ, മാങ്ങാട് എന്നിവിടങ്ങളിലാണ് ഈ കൊച്ചുവാണകൾ. മേടത്തിലാണ് കാങ്കോൽ വാണ. മകരത്തിൽ മാങ്ങാട് വാണയും. രണ്ടിടങ്ങളിലും കച്ചവടം തകൃതിയായി നടക്കും.
മാങ്ങാട് വാണയാണ് പ്രധാനം. കൊടകന്മാർ കാലികളെ കൊണ്ടുവരും. നൂറ്റാണ്ടുകൾ പഴക്കമുള്ള വാണയാണിത്. കതിവന്നൂർ വീരൻ തെയ്യത്തിന്റെ കഥയുമായി മാങ്ങാട് വാണയ്ക്ക് ബന്ധമുണ്ട്.
കതിവന്നൂർ വീരനായി മാറിയ മന്ദപ്പന്റെ ജന്മസ്ഥലം മാങ്ങാട്ടാണ്. കാലികളുമായി കുടകിൽ നിന്നെത്തിയ കാലിക്കാരുമായി മന്ദപ്പൻ ചങ്ങാത്തം കൂടി. അവരോടൊത്ത് *ഏഴിനും മീതെ പോകാൻ അവന് ആശപെരുത്തു! മന്ദപ്പനെ കൂട്ടാമെന്ന് അവർ വാക്കും കൊടുത്തു. വാണക്കാരുമായി തന്റെ മകനുള്ള സഹവാസം അച്ഛനിൽ ഈർഷ്യയുണ്ടാക്കി. മകനെ കൊണ്ടു പോകരുതെന്ന് പറഞ്ഞ് അച്ഛൻ കൊടകരെ വിലക്കി. എന്ത് സൂത്രം പ്രയോഗിച്ചിട്ടായാലും മന്ദപ്പനെ ഒഴിവാക്കാൻ അച്ഛൻ അവരെ നിർബന്ധിച്ചു.
അവർ മന്ദപ്പനെ മൂക്കറ്റം കള്ള് കുടിപ്പിച്ചു. മദോന്മത്തനായി മന്ദപ്പൻ ഗാഢനിദ്രയിലാണ്ട നേരത്ത് കൊടകർ ബാക്കിയായ കാലികളുമായി കുടകിലേക്ക് യാത്ര തിരിച്ചു. ഉറക്കം ഞെട്ടിയപ്പോൾ കാലിയും കാലിയാന്മാരെയും കാണാതെ മന്ദപ്പൻ സങ്കടപ്പെട്ടു. മണ്ണിലുള്ള കയറിൻ്റെ വരയും കാലിക്കുളമ്പിന്റെ പാടും നോക്കി, നോക്കി അവൻ ഏഴിനും മീതേയ്ക്ക് ഏകാന്ത യാത്ര പോയി.
കതിവനൂർ വീരൻ തെയ്യത്തിന്റെ തോറ്റംപാട്ടിൽ കാലികളുടെ അടയാളം നോക്കി ഏഴിനും മീതേയ്ക്കുള്ള മന്ദപ്പന്റെ പുറപ്പാടിനെ വർണ്ണിക്കുന്നുണ്ട്.
"ഇനി ഞാൻ മറിഞ്ഞ് മാങ്ങാട്ടേക്കില്ല
എന്റെ ചങ്ങാതികളേ……" എന്ന് തന്നെ നോക്കി നിൽക്കുന്നവരോട് മന്ദപ്പൻ പറയുന്ന ഭാഗം ഹൃദയസ്പർശിയാണ്. മന്ദപ്പൻ എന്നെന്നേക്കുമായി ജന്മനാട് വിട്ടു പോവുകയാണ്.വെറുപ്പും സങ്കടവും അടിയൊഴുക്കായുള്ള, നീട്ടി നീട്ടിപ്പാടുന്ന ആ തോറ്റംപാട്ട് കേട്ടു നിൽക്കുന്നവരിൽ നൊമ്പരമുണ്ടാക്കും.
വൃശ്ചികത്തിൽ കുളിര് തുടങ്ങുന്ന കാലം. കൊയ്ത്തു കഴിഞ്ഞ് നെല്ലും പണവും ഉണ്ടാകുന്ന സമൃദ്ധിയുടെ നാളുകളിൽ കൊടകർ *അപ്പക്കാളകളുമായി മലയിറങ്ങി കേരളത്തിലെത്തും. ചുവപ്പു പട്ടും പുള്ളിപ്പട്ടും പുതച്ച കാളകൾ. കൊമ്പുകളിൽ അലങ്കാരത്തൊങ്ങലുകൾ. കഴുത്തിൽ കുടമണിയും ശംഖുമാലയും. നെറ്റിയിൽ വലിയ ശംഖ്. ചുമലിൽ പൊക്കണം തൂക്കിയ കാളക്കാരൻ നാഗസ്വരം വായിക്കും.നീണ്ട കുഴലിൽ നിന്നും ഒഴുകി വരുന്ന സംഗീതത്തിനൊത്ത് അപ്പക്കാള ഇടത്തും വലത്തും മാറി മാറി തലയാട്ടും.
പുരാവൃത്തങ്ങളിലും തോറ്റംപാട്ടുകളിലും ചരിത്രത്തിലും കുടകുനാടുമായുള്ള മലബാറിന്റെ കാർഷികബന്ധം പ്രതിപാദിക്കുന്നുണ്ട്.
എഴുപതുകളുടെ അവസാനത്തോടെ സുബ്രഹ്മണ്യ വാണക്ക് പോകുന്നത് നിന്നു. അപ്പോഴേക്കും കാർഷിക രംഗത്ത് യന്ത്രവൽക്കരണം തുടങ്ങി. ട്രാക്ടർ വന്നു. സാമൂഹ്യ ജീവിതത്തിൽ വന്ന മാറ്റം കൃഷിയിൽ നിന്നുള്ള പിന്മടക്കത്തിനു കാരണമായി.
ഇറ്റലിയിൽ നിന്ന് താവത്തെത്തിയ കൈറോണി അച്ചൻ സുവിശേഷം പകർന്ന കാഞ്ഞിരനും പൊക്കുടനും, കൈപ്പാട് വയലിൽ കാലികളെ പൂട്ടുന്നതായി കോമരം മനസ്സിന്റെ തിരശ്ശീലയിൽ കണ്ടു.
തോര കുഞ്ഞപ്പ, തോര രാമൻ, മലയന്തറമ്മൽ അമ്പു, തോടോൻ രാമൻ, കഴുത്തോളൻ നാരായണൻ, കോളങ്കട കളത്തിലെ വീട്ടിൽ കൃഷ്ണൻ, കുന്നിൽ കുഞ്ഞമ്പു. സുബ്രഹ്മണ്യ വാണയിൽ കാലിക്കു പോയ ചങ്ങാതിമാരെയെല്ലാം കാലം കൊണ്ടുപോയി. കാലിയാന്മാരിൽ അവശേഷിക്കുന്നത് ഇനി കോമരം മാത്രം!
താവത്തെ കൈപ്പാട് നിലങ്ങളും പിന്നെയും ബാക്കിയായ കാലികളെയും നോക്കി കോമരം ചിന്താധീനനായി.
കടപ്പാട്:
*അഭിമുഖം: അരോളി വീട്ടിൽ ഹരിദാസൻ കോമരം, താവം, കണ്ണൂർ ജില്ല.
നന്ദി:
*നസീർരാജൻ
*ആർ.കെ.കാനായി
*ഡോ: എം.ബാലൻ
*സി.ശശി
നാട്ടു വാക്കുകള്‍
*വാചാല് - തെയ്യങ്ങളുടെ സംസാരം
*മീൻ കൊത്തിച്ചാത്തൻ - നീലപ്പൊന്മാൻ
*ഇറ്റിറ്റിപ്പുള്ള് - തിത്തിരിപ്പക്ഷി
*നൊകം - നുകം
*വിരിപ്പ് - ഒന്നാം വിള നെൽക്കൃഷി / മെയ് മാസത്തിൽ വിത്തിറക്കി സെപ്തംബറിൽ കൊയ്ത്ത്
*പുഞ്ച - രണ്ടാം വിള നെൽക്കൃഷി / സെപ്തംബറിൽ വിത്തിറക്കി ജനുവരിയിൽ കൊയ്ത്ത്
*നാട്ടി - മൂന്നാം വിള നെൽക്കൃഷി ( 'കൊളക്ക'എന്നും പറയും) / ജനുവരിയിൽ വിത്തിറക്കി മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കൊയ്ത്ത്
*കട്ടപ്പല - കാലികളുടെ കഴുത്തിൽ നുകത്തോടു ചേർന്നുള്ള നീണ്ട മരത്തിന്റെ നിലം പറ്റിയ പരന്ന പലക. ഇത് കട്ടയുടയ്ക്കാൻ ഉപയോഗിക്കുന്നു.
*നെരപ്പല - നുകത്തോട് ചേർന്നുള്ള നീണ്ട മരത്തിന്റെ നിലം പറ്റിയ പരന്ന പലക. ഇത് മണ്ണും ചെളിയും നിരപ്പാക്കാനുള്ള പലകയാണ്.
*കണ്ടം - ചെറിയ വയൽ
*കാലി പൂട്ട് - കാലികളെ വെച്ച് നിലം ഉഴുതുമറിക്കൽ
*ഈട - ഇവിടെ
*പോത്തിന - പോത്തിനെ
*പറ്റൂല - പറ്റില്ല
*പറ്റ്മ്പം - തട്ടുമ്പോൾ
*ഞേങ്ങോല് - കലപ്പ
*നൊകൂം - നുകവും
*പോത്തമ്മാറ് - പോത്തുകൾ
*പൊഴേല് - പുഴയിൽ
*കെടക്കും - കിടക്കും
*കയ്ഞ്ഞാല് - കഴിഞ്ഞാൽ
*ദെവേസും - ദിവസവും, ദൈനംദിനം
*ഞാങ്ങ - ഞങ്ങൾ
*ഇല്ലട്ടക്കരി - അടുക്കളയിലെ മച്ചിൽ പറ്റിയ കരി
*ചെരണ്ടി - ചുരണ്ടി
*മിന്സപ്പൊടി - മിനുസമുള്ള പൊടി
*കൊയമ്പ് - കുഴമ്പ്
*തേങ്ങാക്കൊരച്ചില് _ കുലയിൽ തേങ്ങകൾ പിടിച്ചിരിക്കുന്ന ഉറപ്പുള്ള കണ്ണി
*പാങ്ങ്ണ്ടാവും - ഭംഗിയുണ്ടാകും
*ആലീല് - ആലയിൽ / തൊഴുത്തിൽ
*അയ്ന്റെ - അതിന്റെ
*കഴ്ത്തും -കഴുത്തും
*നെറ്റീം - നെറ്റിയും
*തടീ - തടവി
*കാലിയളോട് - കാലികളോട്
*എന്തല്ലോ - എന്തൊക്കയോ
*വർത്താനം - വർത്തമാനം
*പറീം - പറയും
*അവിരിക്ക് - അവർക്ക്
*മന്സിലാവും - മനസ്സിലാകും
*നെപ്പുല്ല് - വൈക്കോൽ
*അമ്പൻ പുല്ല് - റെയിലരി കിലുള്ള ഒരു തരം പരുപരുത്ത പച്ചപ്പുല്ല്
*പെരക്കി - കൂട്ടിച്ചേർത്തു
*വെള്ളം കാട്ടും - വെള്ളം കൊടുക്കും
*കഞ്ഞീരെള്ളം - കഞ്ഞി വെള്ളം
*കടലപ്പുണ്ണാക്ക് - കടലപ്പിണ്ണാക്ക്
*പൊതിർത്ത് - കുതിർത്ത്
*വായ്ക്ക് രുചി - വായയ്ക്ക് രുചി
*ഏഴിനും മീതെ - ഏഴാഴികൾക്കും മീതെ / ഒരു തെയ്യച്ചൊല്ല്
*അപ്പക്കാള - വൃശ്ചികത്തിലെ തണുപ്പു തുടങ്ങുമ്പോൾ കുടകിൽ നിന്നും വരുന്ന അലങ്കാരക്കാള
ചിത്രീകരണം: സവിനയ് ശിവദാസ്