
ചൈന വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നു
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായ ചൈന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നു. ചൈനയില്‍ വര്‍ക്കിംഗ് ഏജ് ജനസംഖ്യയില്‍ സംഭവിക്കുന്ന കുറവും, സര്‍ക്കാരിന്റെ പെന്‍ഷന്‍ ബാധ്യതയില്‍ വരുന്ന വര്‍ദ്ധനയും കൈകര്യം ചെയ്യുന്നതിന്റെ ഭാഗമായാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിന് പിന്നിലുളള കാരണമെന്നു കരുതപ്പെടുന്നു. ചൈനീസ് കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ ഇംഗ്ലീഷിലുള്ള പത്രമായ ഗ്ലോബല്‍ ടൈംസില്‍ വന്ന വാര്‍ത്തയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെക്കുറിച്ചുള്ള സൂചനകളുടെ ഉറവിടം.
ചൈനയിലെ അക്കാഡമി ഓഫ് ലേബര്‍ ആന്‍ഡ് സോഷ്യല്‍ സെക്യൂരിറ്റി സര്‍വീസ്സസ്സിന്റെ പ്രസിഡണ്ടായ ജിന്‍ വെയ്‌ഗാങ്ങിന്റെ (Jin Weigang) ഉദ്ധരിച്ചാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിനുള്ള സാധ്യതകളെ പറ്റി പത്രം സൂചിപ്പിക്കുന്നത്. പ്രായം ഉയര്‍ത്തല്‍ എന്നാല്‍ ഒറ്റയടിക്ക് നടപ്പിലാക്കുന്നതിന് സാധ്യതയില്ലെന്നു കരുതപ്പെടുന്നു. ഇപ്പോള്‍ വിരമിക്കലില്‍ പ്രായമെത്തിയവര്‍ക്ക് ഏതാനും മാസങ്ങള്‍ കൂടി സേവനം നീട്ടിക്കൊടുക്കുന്ന സമീപനമായിരിക്കും തുടക്കത്തില്‍ സ്വീകരിക്കുക. വിരമിക്കല്‍ പ്രായമെത്തുന്നവര്‍ക്ക് അത് ഏതാനും മാസങ്ങള്‍ നീട്ടിവെക്കേണ്ടി വരും എന്നാണ് അതിനെ പറ്റിയുള്ള ജിന്റെ അഭിപ്രായം. "സാഹചര്യവും, സൗകര്യങ്ങളും അനുസരിച്ച് ജനങ്ങള്‍ക്ക് അവരവരുടെ വിരമിക്കല്‍ സമയം സ്വയം തീരുമാനിക്കാന്‍ പറ്റുന്ന ഒന്നാണ് ഈ പരിഷ്‌ക്കാരത്തിന്റെ സുപ്രധാന വശം", ജിന്‍ അഭിപ്രായപ്പെട്ടു.
ചൈനയില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്ക് 60 വയസ്സും സ്‌ത്രീകള്‍ക്ക് 55 വയസ്സുമാണ് ഇപ്പോള്‍ വിരമിക്കല്‍ പ്രായം. ഫാക്ടറികളില്‍ ജോലിയെടുക്കുന്ന സ്‌ത്രീകളുടെ വിരമിക്കല്‍ പ്രായം 50 വയസ്സാണ്. 1980 മുതല്‍ 2015 വരെ ചൈന പിന്തുടര്‍ന്ന ഒരു കുട്ടി മാത്രമെന്ന നയം ജനസംഖ്യ വര്‍ദ്ധനയെ പിടിച്ചു നിര്‍ത്തുവാന്‍ സഹായിച്ചുവെങ്കിലും തൊഴില്‍ പ്രായത്തിലുള്ള യുവജനങ്ങളുടെ കമ്മി ചൈനയുടെ വളര്‍ച്ചയെ നിഷേധകരമായി ബാധിക്കുമെന്നു നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
പെന്‍ഷന്‍ ഫണ്ടിലുള്ള കമ്മിയാണ് മറ്റൊരു വിഷയം. ചൈനയിലെ 31 പ്രവിശ്യകളിലെ പെന്‍ഷന്‍ ബഡ്‌ജറ്റ് കമ്മി നേരിടുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2035 ആവുമ്പോള്‍ ദേശീയതലത്തില്‍ പെന്‍ഷന്‍ സംവിധാനത്തിനുള്ള പണം ഉണ്ടാവില്ലെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെ പറ്റി ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിനെതിരെ കഴിഞ്ഞ ഒരാഴ്‌ച്ചയായി ഫ്രാന്‍സില്‍ വന്‍തോതിലുള്ള സമരം നടക്കുന്നതിനിടയിലാണ് ചൈനയിലും അത്തരമൊരു നീക്കത്തെക്കുറിച്ചുളള സൂചനകള്‍ പുറത്തു വരുന്നത്. ഫ്രഞ്ച് പ്രസിഡണ്ട് ഇമാനുവല്‍ മാക്രോണിന്റെ പെന്‍ഷന്‍ പരിഷ്‌ക്കാരം പെന്‍ഷന്‍ പ്രായം 60 ല്‍ നിന്നും 64 ആയി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. മാക്രോണിന്റെ ഈ നയത്തിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങളാണ് ഫ്രാന്‍സില്‍ ഉടനീളം അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രക്ഷോഭത്തില്‍ 300,000 ലക്ഷത്തിലധികം പേര്‍ പങ്കെടുത്തതായി കണക്കാക്കപ്പെടുന്നു. തൊഴിലാളി പ്രസ്ഥാനങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ടുനിന്ന പ്രക്ഷോഭങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങള്‍ ഒന്നൊന്നായി ഇല്ലാതാക്കുന്നതിന്റെ ഭാഗമാണ് വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതിന്റെ പിന്നിലെന്നു വിമര്‍ശകര്‍ പറയുന്നു.