TMJ
searchnav-menu
post-thumbnail

Outlook

ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യവും നിതീഷ്‌ കുമാറിന്റെ രാഷ്ട്രീയ ദൗത്യവും

10 Aug 2022   |   1 min Read
K P Sethunath

കുതിരപ്പന്തയത്തിന്റെയും, ജനാധിപത്യത്തിന്റെയും ഭാഷകളുടെ ചെറിയൊരു സംഗമവേദിയാണ് തെരഞ്ഞെടുപ്പു പ്രക്രിയ എന്നു പറഞ്ഞാല്‍ തെറ്റുണ്ടാവില്ല. 'ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്' എന്ന് ആംഗലേയത്തില്‍ പറയുന്ന തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഷയുടെ വേരുകള്‍ ഇംഗ്ലണ്ടിലെ കുതിരപ്പന്തയ വേദികളാണ്. ഫിനിഷിംഗ് പോയിന്റില്‍ ആദ്യമെത്തുന്ന പന്തയകുതിരകളെ അടയാളപ്പെടുത്തുന്നതിനായിരുന്നു 'ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റ്' എന്ന പ്രയോഗം. ഒറ്റ റൗണ്ടില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടുന്നവര്‍ വിജയശ്രീലാളിതരാവുന്ന തെരഞ്ഞെടുപ്പ് സംവിധാനവും അതേ ഭാഷയില്‍ പില്‍ക്കാലത്ത് വിശേഷിപ്പിക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ നിന്നും ഒസ്യത്തായി കിട്ടിയ തെരഞ്ഞെടുപ്പു സംവിധാനം അതുപോലെ പിന്തുടരുന്ന ഇന്ത്യയിലും അതില്‍ മാറ്റമുണ്ടായില്ല. ജയിക്കുന്ന കക്ഷിയില്‍ ജനങ്ങള്‍ അര്‍പ്പിക്കുന്ന പോസിറ്റീവായ വിശ്വാസത്തിനുപരി തോല്‍ക്കുന്നവരുടെ സംഘാടന ദൗര്‍ബല്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങള്‍ നിര്‍ണ്ണയിക്കുന്ന മുഖ്യഘടകമാകുന്നതിന് ഈ സമ്പ്രദായം വളരെ ഉപകാരപ്രദമാവുന്നു. ഇന്ത്യയെ പോലെ സങ്കീര്‍ണ്ണവും വൈവിധ്യങ്ങളും നിറഞ്ഞ സാമൂഹ്യ-സാമ്പത്തിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഈയൊരു പ്രവണത വളരെ കൂടുതലാണ്. ഒരു മണ്ഡലത്തിലെ 30-35 ശതമാനം വോട്ടുകള്‍ സമാഹരിക്കുവാന്‍ പറ്റുന്ന കക്ഷിക്ക് എളുപ്പത്തില്‍ ജയിക്കാന്‍ പറ്റുന്ന സംവിധാനമായി നമ്മുടെ തെരഞ്ഞെടുപ്പു പ്രക്രിയ മാറിയിരിക്കുന്നു. കുതിരപ്പന്തയത്തിന്റെ പദാവലിയില്‍ കുടുങ്ങിയ ജനാധിപത്യത്തിലാണ് 80-20 തുടങ്ങിയ കണക്കുകള്‍ തെരഞ്ഞെടുപ്പിലെ മുഖ്യ ചേരുവയാവുക. 'ഫസ്റ്റ് പാസ്റ്റ് ദ പോസ്റ്റിലും' കാര്യം നടന്നില്ലെങ്കില്‍ കുതിരക്കച്ചവടം അഥവാ ഹോഴ്‌സ് ട്രേഡിംഗ് എന്ന ഭാഷ്യം നമ്മുടെ രാഷ്ട്രീയ ഭാഗധേയം നിര്‍ണ്ണയിക്കുന്ന സാഹചര്യവും ഏറെ പരിചിതമാണ്. ബീഹാറിലെ മുഖ്യമന്ത്രിയും ജനതാദള്‍ യുണെറ്റഡ് നേതാവുമായ നിതീഷ്‌കുമാര്‍ ബിജെപിയുമായുള്ള ദേശീയ ജനാധിപത്യ സഖ്യത്തില്‍ (എന്‍ഡിഎ) നിന്നും വഴിപിരിഞ്ഞതിന്റെ രാഷ്ട്രീയ പ്രാധാന്യം ഈയൊരു പശ്ചാത്തലത്തിലാണ് വിശദീകരിക്കാനാവുക.

ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ 1990 കളില്‍ ഉയര്‍ന്നുവന്ന ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയ ദൗത്യത്തെ ശിഥിലമാക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ രാഷ്ട്രീയ അധീശത്വത്തിന് മേല്‍ക്കോയ്മ നേടാന്‍ കഴിയുകയുള്ളുവെന്നു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയും സംഘപരിവാരവും തങ്ങളുടെ കരുക്കള്‍ നീക്കിയത്.

ലാലു പ്രസാദ് യാദവുമായുള്ള ശത്രുതയുടെ പേരില്‍ ബിജെപി ചേരിയിലെത്തിയ നേതാവാണ് നിതീഷ്‌ കുമാര്‍. 1996 മുതല്‍ തുടങ്ങിയ പ്രസ്തുത ചങ്ങാത്തത്തിന്റെ ബലത്തില്‍ ബീഹാറില്‍ 7 തവണ മുഖ്യമന്ത്രിയാവുന്നതിന് അദ്ദേഹത്തിന് സാധിച്ചു. വാജ്‌പേയ് മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയായി വാണതും കൂടി കണക്കിലെടുത്താല്‍ കഴിഞ്ഞ 16 വര്‍ഷങ്ങളായി മോശമല്ലാത്ത അവസ്ഥയിലായിരുന്നു കുമാറും അനുയായികളും. നല്ലതിനെല്ലാം അവസാനം ഉണ്ടാകുമെന്ന ആപ്തവാക്യം കുമാറിനും ബാധകമാണെന്ന കാര്യം 2020 ലെ നിയമസഭ തെരഞ്ഞെടുപ്പോടെ വ്യക്തമായി. കുമാറിന്റെ കക്ഷിക്ക് 43 സീറ്റു ലഭിച്ചപ്പോള്‍ ബിജെപി 70 ലധികം സീറ്റുകളോടെ സഖ്യത്തിലെ വലിയ കക്ഷിയായി. കുമാറിന്റെ പാര്‍ട്ടിക്ക് ലഭിച്ചതിനേക്കാള്‍ ഏതാണ്ട് ഇരട്ടി സീറ്റുകള്‍ നേടിയെങ്കിലും മുഖ്യമന്ത്രി പദം അദ്ദേഹത്തിന് തന്നെ നല്‍കി ബിജെപി മഹാമനസ്‌കത കാട്ടി. 2021ലെ ലോകസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഈ ഔദാര്യമെന്ന് അരിയാഹരം കഴിക്കുന്നവര്‍ അന്നേ മനസ്സില്‍ കുറിച്ചിട്ടു. ബീഹാറിലെ 40 ലോകസഭ സീറ്റുകളില്‍ 39 ഉം നേടി എന്‍ഡിഎ സഖ്യം വിജയിച്ചതോടെ സംസ്ഥാനത്തെ പ്രമുഖ കക്ഷിയായി ബിജെപി മാറി. ബിജെപി 17 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ജനതാദള്‍ യുണൈറ്റഡ് 16 സീറ്റുകള്‍ കരസ്ഥമാക്കി. സീറ്റുകളുടെ എണ്ണത്തില്‍ സംഭവിച്ച ഏറ്റക്കുറച്ചിലുകളുടെ കണക്കുകളെ അടിസ്ഥാനമാക്കി മാത്രം ബിജെപി യുടെ നേട്ടത്തെ വിശദീകരിക്കാനാവില്ല.

ഇന്ത്യയിലെ തെരഞ്ഞെടുപ്പു രാഷ്ട്രീയത്തില്‍ 1990 കളില്‍ ഉയര്‍ന്നുവന്ന ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയ ദൗത്യത്തെ ശിഥിലമാക്കുന്നതിലൂടെ മാത്രമേ തങ്ങളുടെ രാഷ്ട്രീയ അധീശത്വത്തിന് മേല്‍ക്കോയ്മ നേടാന്‍ കഴിയുകയുള്ളുവെന്നു തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപിയും സംഘപരിവാരവും തങ്ങളുടെ കരുക്കള്‍ നീക്കിയത്. ബീഹാറില്‍ നിതീഷ് കുമാറുമായി സഖ്യത്തില്‍ ഏര്‍പ്പെട്ട കാലയളവില്‍ തന്നെ ഉത്തര്‍പ്രദേശില്‍ മായാവതിയുടെ ബിഎസ്സ്പിയുമായി സഖ്യമുണ്ടാക്കുന്നതിലും ബിജെപി വിജയിച്ചിരുന്നു. ലോകസഭയിലേക്കു ഏറ്റവും കൂടുതല്‍ അംഗങ്ങളെ സംഭാവന ചെയ്യുന്ന ഈ രണ്ടു സംസ്ഥാനങ്ങളിലും നിര്‍ണ്ണായകമായ രാഷ്ട്രീയ സഖ്യങ്ങള്‍ രൂപീകരിക്കുവാന്‍ ബിജെപിക്ക് കഴിഞ്ഞതിന്റെ തുടര്‍ച്ചയാണ് 2014ലെ മോഡിയുടെ വിജയഗാഥ. ഇപ്പോള്‍ പലരും കരുതുന്നതു പോലെ അമിത് ഷായുടെ അസാധാരണമായ കഴിവൊന്നുമായിരുന്നില്ല ഈ സഖ്യങ്ങള്‍. നിതീഷ്‌കുമാറും, മായാവതിയുമായുള്ള സഖ്യങ്ങള്‍ രൂപപ്പെടുന്ന കാലയളവില്‍ മോഡി-ഷാ കൂട്ടുകെട്ട് ബിജെപിയുടെ അധികാരശ്രേണിയില്‍ രണ്ടാം നിരയില്‍ പോലുമുണ്ടായിരുന്നില്ല. ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയ ദൗത്യത്തെ ശിഥിലമാക്കുവാന്‍ കഴിഞ്ഞുവെന്നതാണ് ബിജെപിയെ സംബന്ധിച്ചിടത്തോളം സംഭവിച്ച പ്രധാന നേട്ടം.

ബിജെപി സഖ്യവുമായി ഇപ്പോള്‍ നിതീഷ്‌കുമാര്‍ വഴിപിരിയുമ്പോള്‍ മുന്നിലുള്ള പ്രധാന ചോദ്യം ശിഥിലമായ ദളിത്-പിന്നാക്ക-ന്യൂനപക്ഷ ഐക്യമെന്ന രാഷ്ട്രീയ ദൗത്യത്തെ എത്രത്തോളം പുനരുജ്ജീവിപ്പിക്കുവാന്‍ അദ്ദേഹത്തിന് കഴിയുമെന്നതാണ്. നിതീഷിന്റെ മാത്രം ഉത്തരവാദിത്തമല്ല ഈ ദൗത്യം. ലാലു പ്രസാദിന്റെ പിന്മുറക്കാരനായ തേജസ്വി യാദവും മറ്റുള്ള പ്രതിപക്ഷ കക്ഷികളുടെ നേതാക്കളും ഇക്കാര്യത്തില്‍ തുല്യ ഉത്തരവാദിത്തമുള്ളവരാണ്. മായാവതിയുടെ ബിഎസ്സ്പി അത്തരമൊരു സഖ്യത്തിന്റെ ഭാഗമാവുന്നതിനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ വിരളമായതിനാല്‍ പഴയ സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാവില്ല പുതിയ കാലത്തെ ദളിത്-പിന്നാക്ക-ന്യൂനപക്ഷത്തിന്റെ ഏകീകരണം. സംഘപരിവാരത്തിന്റെ ഹിന്ദുത്വയെന്ന ബ്രഹദ് ആഖ്യാനം ദളിത്-പിന്നാക്ക സമുദായങ്ങളെ സ്വാംശീകരിക്കുന്നതില്‍ പുലര്‍ത്തുന്ന അസാധാരണമായ മെയ്‌വഴക്കത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ കാലത്തെ രാഷ്ട്രീയ സ്വത്വനിര്‍മിതികള്‍ക്ക് പഴയ ചട്ടക്കൂടുകള്‍ മതിയാവില്ല.

നിതീഷ് കുമാറും തേജസ്വി യാദവും | Photo: Facebook

ഹിന്ദുത്വ ബ്രഹദ് ആഖ്യാനങ്ങളുടെ കപടമായ സ്വാംശീകരണങ്ങളെ തുറന്നു കാട്ടുന്നതിനൊപ്പം പുതിയ കാലത്തെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക വിവേചനങ്ങളും, ചൂഷണങ്ങളും അസഹനീയമായ നിലയില്‍ എത്തിയെന്ന തിരിച്ചറിവിന്റെയും അടിസ്ഥാനത്തിലാവണം പുതിയ സഖ്യനിര്‍മ്മിതികള്‍. സംസ്ഥാനങ്ങളുടെ രാഷ്ട്രീയവും, സാമ്പത്തികവുമായ അധികാരങ്ങളിലേക്കുള്ള കടന്നു കയറ്റം, കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗം, സാമ്പത്തികമായ അസമത്വം, ന്യൂനപക്ഷ വിരോധം, വനാവകാശം പോലുള്ള നിയമങ്ങളില്‍ വെള്ളം ചേര്‍ക്കല്‍, അസംഘടിത വ്യവസായ മേഖലയുടെ തകര്‍ച്ച, ആഗോളീകരണം വിതക്കുന്ന വിനകള്‍ തുടങ്ങിയ സാധാരണക്കാരായ ജനങ്ങളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ രാഷ്ട്രീയമായ ആവിഷ്‌ക്കാരങ്ങള്‍ക്കായി കാത്തിരിക്കുന്നു. നിതീഷ്‌കുമാറിന് അവയെല്ലാം ഒറ്റയടിക്ക് സാധിക്കുമെന്നല്ല ഉദ്ദേശിക്കുന്നത്. നിതീഷിന്റെ ചുവടുമാറ്റം തുറന്നു തരുന്ന സാഹചര്യം അത്തരം വിഷയങ്ങള്‍ ഉയര്‍ത്തുന്നതിനുള്ള ഉപാധിയാക്കുന്നതിനുള്ള സാധ്യതകള്‍ ഉരുത്തിരിയുന്നുവെന്ന് ചൂണ്ടിക്കാണിക്കുക മാത്രമാണ്. രാഷ്ട്രീയത്തിന്റെ മണ്ഡലത്തില്‍ പുതിയ ശാക്തികചേരികള്‍ രൂപപ്പെടുന്നത് ചിലപ്പോഴെങ്കിലും തികച്ചും അപ്രതീക്ഷിതമായ സാഹചര്യത്തിലാവുമെന്ന തോന്നലിനെ ബലപ്പെടുത്തുന്നതാണ് നിതീഷിന്റെ നടപടിയെന്ന കാര്യത്തില്‍ ഏതായാലും തര്‍ക്കമില്ല.

Leave a comment