നഗരങ്ങളുടെ ബ്രാന്റിങ്ങ്
ഡേവിഡ് ഹാർവി
മുതലാളിത്തത്തിന്റെ വളര്‍ച്ചയിലും, അതിജീവനത്തിലും ഭൂപ്രദേശം വഹിക്കുന്ന പങ്കിനെ വിശകലനം ചെയ്യുന്ന സാമൂഹ്യശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് ഡേവിഡ് ഹാര്‍വി. സ്‌പേസ് അഥവാ ഇടം വര്‍ത്തമാനകാല മുതലാളിത്ത സമ്പദ്ഘടനയിലെ മൂലധനനിക്ഷേപത്തെ നിര്‍ണ്ണയിക്കുന്ന സുപ്രധാന മാനദണ്ഡങ്ങളിലൊന്നായി മാറുന്നതിന്റെ വൈവിധ്യങ്ങളായ പരിപ്രേക്ഷ്യങ്ങള്‍ ഹാര്‍വിയുടെ കൃതികളില്‍ ലഭ്യമാണ്. വികസിത നഗരങ്ങളുമായി ബന്ധപ്പെട്ട പ്രസ്തുത പരിപ്രേക്ഷ്യങ്ങള്‍ കേരളം പോലുള്ള സ്ഥലങ്ങളില്‍ നടക്കുന്ന സംഭവവികാസങ്ങളെ മനസ്സിലാക്കുവാന്‍ എത്രത്തോളം അനുയോജ്യമാണെന്ന കാര്യത്തില്‍ ഭിന്ന വീക്ഷണങ്ങള്‍ സ്വാഭാവികമായും ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹാര്‍വിയെ പോലുള്ളവര്‍ മുന്നോട്ടു വയ്ക്കുന്ന രീതിശാസ്ത്രപരമായ ഉള്‍ക്കാഴ്ചകള്‍ നമ്മുടെ സാഹചര്യങ്ങളെ വിശകലനം ചെയ്യാന്‍ സഹായിക്കുന്ന സങ്കല്‍പ്പനങ്ങളും, പരിപ്രേക്ഷ്യങ്ങളും രൂപപ്പെടുത്തുവാന്‍ ഉതകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. 2012-ല്‍ പ്രസിദ്ധീകരിച്ച ഹാര്‍വിയുടെ 'റെബല്‍ സിറ്റീസ്' എന്ന കൃതിയിലെ
ദി ആര്‍ട്ട് ഓഫ് റെന്റ് എന്ന അധ്യായത്തിലെ ചില ഭാഗങ്ങള്‍ ഇവിടെ പരിഭാഷപ്പെടുത്തുന്നു. സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജെന്‍ട്രിഫിക്കേഷന്‍ പ്രവണതകളെ മനസ്സിലാക്കുവാന്‍ സഹായിക്കുന്നതാവും ഇതെന്നു കരുതുന്നു.
ദേശീയവും, അന്തര്‍ദേശീയവുമായ തലങ്ങളില്‍ സമീപ ദശകങ്ങളില്‍ പ്രധാന്യം കൈവരിച്ച ഒന്നാണ് നഗര സംരഭകത്വം. നഗര ഭരണ നിര്‍വഹണത്തില്‍ ഭരണകൂടാധികാരങ്ങളും (തദ്ദേശ- മെട്രോപൊളിറ്റന്‍ മുതല്‍ പ്രാദേശികവും, ദേശീയവും, ദേശാതീതങ്ങളുമായവ വരെ) സിവില്‍ സമൂഹ സ്ഥാപനങ്ങളും (ബിസിനസ്സ് ചേംബറുകള്‍, യൂണിയനുകള്‍, പള്ളികള്‍, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങള്‍, സമുദായ ഗ്രൂപ്പുകള്‍, എന്‍ജിഒ-കള്‍) സ്വകാര്യ താല്‍പ്പര്യ സംരക്ഷകര്‍ (കോര്‍പറേറ്റുകളും, വ്യക്തികളും) എന്നിവയെല്ലാം ചേര്‍ന്നുള്ള മിശ്രിതം നഗര-പ്രാദേശിക വികസനത്തിനായി പദ്ധതികള്‍ മുന്നോട്ടു വയ്ക്കുന്നതിനും, മാനേജ് ചെയ്യുന്നതിനും കൂട്ടായ്മകള്‍ രൂപപ്പെടുത്തുന്നതിന്റെ ക്രമം എന്നാണ് നഗര സംരഭകത്വം കൊണ്ട് ഞാന്‍ അര്‍ത്ഥമാക്കുന്നത്. പ്രാദേശികമായ സാഹചര്യങ്ങളും, അതിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ശക്തികളുടെ കൂടിക്കുഴയലും പ്രകാരം ഇത്തരം ഭരണ നിര്‍വഹണ സംവിധാനങ്ങളുടെ (പല പേരുകളില്‍ അവ അറിയപ്പെടുന്നു: നഗര ഭരണക്രമം, വളര്‍ച്ച യന്ത്രങ്ങള്‍, വളര്‍ച്ചയുടെ പ്രദേശിക കൂട്ടായ്മകള്‍) വ്യത്യസ്തങ്ങളായ രൂപം, പ്രവര്‍ത്തികള്‍, ലക്ഷ്യം എന്നിവയെ പറ്റിയുള്ള വളരെയധികം വിവരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. നവലിബറല്‍ ആഗോളീകരണവുമായുള്ള നഗര സംരഭകത്വത്തിന്റെ ബന്ധങ്ങള്‍ മിക്കവാറും പ്രാദേശിക-ആഗോള ബന്ധങ്ങള്‍ അല്ലെങ്കില്‍ സ്‌പേസ്-പ്ലെയസ് ഡയലക്ടികസ് എന്നിവയുടെ നിലപാടില്‍ പരിശോധന വിധേയമാക്കുന്ന പഠനങ്ങളും നിരവധിയാണ്.
പ്രത്യേകത, ആധികാരികത, വിശിഷ്ടത, സവിശേഷത എന്നിവയുമായി ബന്ധപ്പെട്ട അവകാശവാദങ്ങള്‍ കുത്തക ചുങ്കം (മോണോപോളി റെന്റ്) നേടാനുള്ള വഴിയൊരുക്കുമെങ്കില്‍ അതിന് ഏറ്റവും ഉചിതം ചരിത്രപരമായി നിര്‍മിച്ചെടുത്ത സാംസ്‌ക്കാരികോല്‍പ്പന്നങ്ങളും, പ്രയോഗങ്ങളും, പരിസ്ഥിതിയുടെ സവിശേഷ സ്വഭാവങ്ങളുമാണെന്ന കാര്യത്തില്‍ സംശയമില്ല. (കെട്ടി ഉയര്‍ത്തിയ സാമൂഹ്യ-സാംസ്‌ക്കാരിക സാഹചര്യങ്ങളും തീര്‍ച്ചയായും ഇതില്‍ ഉള്‍പ്പെടുന്നു). വീഞ്ഞിന്റെ വിപണനത്തിലെന്ന പോലെ അവകാശവാദങ്ങളുടെ എല്ലാം അടിത്തറ ഭൗതിക വസ്തുതയിലാണ്. സംവാദ നിര്‍മിതികളും, എതിര്‍പ്പുകളും വഴിയാണ് അവ രൂപപ്പെടുക. ചരിത്രപരമായ ആഖ്യാനങ്ങള്‍, കൂട്ടായ ഓര്‍മകളുടെ വ്യാഖ്യാനങ്ങളും, അര്‍ത്ഥങ്ങളും, സാംസ്‌ക്കാരിക പ്രയോഗങ്ങളുടെ സൂചിതാര്‍ത്ഥങ്ങള്‍ തുടങ്ങിയവയെല്ലാം ആശ്രയിച്ചാണ് പലതും നിലനില്‍ക്കുക: ശക്തമായ സാമൂഹ്യ-സംവാദ ഘടകങ്ങളുടെ പ്രവര്‍ത്തനം കുത്തക ചുങ്കം കൈവരിക്കാനുള്ള നിര്‍മിതികളുടെ യത്‌നത്തില്‍ വലിയ പങ്കു വഹിക്കുന്നു. ലണ്ടന്‍, കെയ്‌റോ, ബാര്‍സിലോണ, മിലാന്‍, ഇസ്താംബുള്‍, സാന്‍ഫ്രാന്‍സിസ്‌കോ തുടങ്ങിയവ അവകാശപ്പെടുന്ന പ്രത്യേകതകളും, സവിശേഷതകളും പ്രാപ്യമാകുന്നു എന്ന തോന്നലിനപ്പുറം പല മനുഷ്യരുടെയും മനസ്സില്‍ മറ്റൊന്നും ഉണ്ടാവില്ല.
വര്‍ത്തമാനകാലത്തെ വിനോദസഞ്ചാരമാണ് പ്രകടമായ ഉദാഹരണം. പക്ഷെ കാര്യങ്ങള്‍ അതില്‍ മാത്രമായി ഒതുക്കുന്നത് തെറ്റാവുമെന്നു ഞാന്‍ കരുതുന്നു. മൂലധനത്തിന്റെ ഒഴുക്കിനെ ആകര്‍ഷിക്കാനുള്ള ചില സ്ഥലങ്ങളുടെ സവിശേഷതയും വ്യതിരിക്തതയും, കൂട്ടായ സിംബോളിക് മൂലധന ശക്തിയുടെ വിഷയമാണ്. പാരീസ്, ഏതന്‍സ്, ന്യൂയോര്‍ക്ക്, റോം, ബെര്‍ലിന്‍, റിയോ ഡി ജനറോ തുടങ്ങിയ സ്ഥലങ്ങളും പേരുകളുമായി ചേര്‍ന്ന കൂട്ടായ സിംബോളിക് മൂലധനം വലിയ പ്രാധാന്യവും ആപേക്ഷികമായി ഉയര്‍ന്ന സാമ്പത്തിക മേന്മകളും ബാള്‍ട്ടിമോര്‍, ലിവര്‍പൂള്‍, എസ്സെന്‍, ഗ്ലാസ്‌ഗോ എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രദാനം ചെയ്യുന്നു. കൂട്ടായ സിംബോളിക് മൂലധനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനൊപ്പം കുത്തക ചുങ്കം ലഭിക്കാനുള്ള അടിത്തറ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യുക മാത്രമാണ് രണ്ടാമതു പറഞ്ഞ നഗരങ്ങളുടെ മുന്നിലെ പോംവഴിയെന്നു കരുതുക. നഗരങ്ങളുടെ ബ്രാന്‍ഡിംഗ് അങ്ങനെ വലിയ ബിസിനസ്സാകുന്നു. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങളും, വാര്‍ത്തവിനിമയ സംവിധാനങ്ങളും എളുപ്പത്തില്‍ ലഭ്യമാവുന്ന സംവിധാനങ്ങളായതോടെ അവയുമായി ബന്ധപ്പെട്ട കുത്തകാധികാരങ്ങള്‍ പൊതുവെ നഷ്ടമാവുകയും കൂട്ടായ സിംബോളിക് മൂലധനത്തിനായുള്ള പ്രയത്‌നം വഴിയുള്ള കുത്തക ചുങ്കം സമാഹരണത്തിന് പറ്റിയ അവസരത്തിനായുള്ള മത്സരത്തില്‍ നിര്‍ണ്ണായകമായി. ബില്‍ബാവോയിലെ ഗൂഗനാഹൈം മ്യൂസിയം (ഗെഹ്‌റി വാസ്തുകലയുടെ കൈയൊപ്പുമായി) മോടിയുടെ ധാരാളിത്തം നിറഞ്ഞ ആഘോഷത്തെ എങ്ങനെയാണ് നാം വിശദീകരിയ്ക്കുക? ആഗോളതല്‍പര്യങ്ങള്‍ വേണ്ടുവോളമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ അത്തരമൊരു പരിപാടിക്ക് നല്‍കിയ പിന്തുണയെ എങ്ങനെയാണ് മനസ്സിലാക്കാനാവുക?
യൂറോപ്യന്‍ നഗരങ്ങളുടെ നിരയില്‍ ബാര്‍സിലോണയുടെ ഉയര്‍ച്ചയുടെ, മറ്റൊരു ഉദാഹരണം പരിശോധിക്കുകയാണെങ്കില്‍, ഭാഗികമായ അടിസ്ഥാനം സ്ഥിരതയോടെ സിംബോളിക് മൂലധനം വര്‍ദ്ധിപ്പിച്ചതും, സവിശേഷ-വ്യതിരിക്ത അടയാളങ്ങള്‍ സമാഹരിച്ചതുമാണ്. സവിശേഷതയാര്‍ന്ന കറ്റാലന്‍ ചരിത്രവും, പാരമ്പര്യങ്ങളും തേടിയുള്ള ഈയൊരു ഖനനം, കലാപരമായ അതിന്റെ ശക്തമായ നേട്ടങ്ങളുടെയും, വാസ്തുവിദ്യയുടെയും വിപണനം, വന്‍തോതില്‍ ഉയര്‍ത്തിക്കാട്ടിയ സവിശേഷമായ ജീവിതശൈലിയും, കലാ പാരമ്പര്യങ്ങളും -- അവയെല്ലാം ആഘോഷിക്കുന്നതിന്റെ അകമ്പടിയായി പുസ്തകങ്ങളുടെയും, പ്രദര്‍ശനങ്ങളുടെയും, സാംസ്‌ക്കാരികോത്സവങ്ങളുടെയും പ്രളയം. പുത്തന്‍ വാസ്തുവിദ്യയുടെ മോടി നിറഞ്ഞ നിര്‍മാണം (ഏറെക്കുറെ നിറം മങ്ങിയ പഴയ നഗരത്തിന്റെ നടുവില്‍ ഫോസ്റ്ററുടെ റേഡിയോ കമ്യൂണിക്കേഷന്‍ ടവര്‍, മെയറുടെ തിളങ്ങുന്ന മോഡേണ്‍ ആര്‍ട്ട് മ്യൂസിയം) ഹാര്‍ബറും, കടല്‍ത്തീരവുമടങ്ങിയ പ്രദേശങ്ങള്‍ തുറന്നുകൊടുക്കാനും, ഉപേക്ഷിക്കപ്പെട്ട ഭൂമി ഒളിമ്പിക് ഗ്രാമത്തിനായി ഏറ്റെടുക്കാനും (ഇക്കേറിയക്കാരുടെ യുട്ടോപ്യനിസത്തെ കുറിച്ചുള്ള കൊഞ്ചലുകളോടെ) പഴയകാലത്തെ ഏറെക്കുറെ ഇരുണ്ട ചിലപ്പോള്‍ അപകടകരവുമായ രാത്രി ജീവിതത്തെ തുറന്ന നഗര കെട്ടുകാഴ്ച്ചയുമാക്കി മാറ്റിതിന്റെയും പശ്ചാത്തലിലായിരുന്നു ഇവയെല്ലാം അരങ്ങേറിയത്. ഒളിമ്പിംക് ഗെയിംസ് എല്ലാറ്റിനും സഹായിച്ചു. (ഇന്റര്‍നാഷണല്‍ ഒളിമ്പിക് സമിതിയുടെ പ്രസിഡണ്ടായിരുന്നു സമരാഞ്ചിന് ബാര്‍സിലോണയില്‍ വലിയ റിയല്‍ എസ്‌റ്റേറ്റ് താല്‍പ്പര്യങ്ങള്‍ ഉണ്ടായിരുന്നതും മറക്കാനാവില്ല)
ബാര്‍സിലോണയുടെ ആദ്യകാല വിജയം അതിന്റെ ആഴത്തിലുള്ള പ്രഥമ വൈരുദ്ധ്യത്തിലേക്ക് പോവുന്നതായി പിന്നീട് കാണാനാവുന്നു. കുത്തക ചുങ്കം പിരിക്കാനുള്ള അവസരം കൂട്ടായ സിംബോളിക് മൂലധനത്തിന്റെ പിന്‍ബലത്തില്‍ ഒരു നഗരമെന്ന നിലയില്‍ ബാര്‍സിലോണയില്‍ ഉരുത്തിരിഞ്ഞതോടെ (റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബ്രട്ടീഷ് ആര്‍ക്കിടെക്ടസ് മൊത്തം നഗരത്തിനും വാസ്തുവിദ്യയിലുള്ള നേട്ടങ്ങളുടെ ബഹുമതി പ്രഖ്യാപിച്ചതോടെ വസ്തുവില ആകാശത്തോളം ഉയര്‍ന്നു) അതിന്റെ അപ്രതിരോധ്യമായ കെണി കൂടുതല്‍ കൂടുതലായ ചരക്കുവല്‍ക്കരണത്തിന് നിര്‍ബന്ധിതമാക്കി. വാട്ടര്‍ ഫ്രണ്ടിന്റെ അവസാനഘട്ടത്തിലെ വികസനം പാശ്ചാത്യ ലോകത്തെ സാമനമായ മറ്റുളള സംരഭങ്ങളില്‍ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല: ശ്വാസം മുട്ടിക്കുന്ന ഗതാഗത കുരുക്കുകള്‍ പഴയ നഗരത്തിന്റെ ഭാഗങ്ങളില്‍ കൂടി ചോലമരങ്ങള്‍ നിറഞ്ഞ നടപ്പാതകള്‍ (Boulevard) നിര്‍മിക്കാനുള്ള സമ്മര്‍ദ്ദമേറ്റി. തദ്ദേശീയമായ കടകള്‍ക്കു പകരം ബഹുരാഷ്ട്ര കമ്പനികളുടെ കടകള്‍ വന്നു. ജെന്‍ട്രിഫിക്കേഷന്‍ പരമ്പരാഗതമായി അവിടെ വസിച്ചിരുന്നവരെ ഒഴിവാക്കി. നഗരത്തിന്റെ പഴയ നിര്‍മിതികള്‍ ഒഴിവായതോടെ ബാര്‍സിലോണക്ക് അതിന്റെ തനതായ പല അടയാളങ്ങളും നഷ്ടമായി. മറയില്ലാത്ത ഡിസ്‌നിഫിക്കേഷന്റെ ചില സൂചനകളും വ്യക്തമായിരുന്നു.
ചോദ്യങ്ങളും, ചെറുത്തുനില്‍പ്പും നിറഞ്ഞതാണ് ഈ വൈരുദ്ധ്യം. ആരുടെ കൂട്ടായ ഓര്‍മകളാണ് ഇവിടെ ആഘോഷിക്കപ്പെടേണ്ടത് --ഇകേറിയന്‍സിനെ പോലെ ബാര്‍സിലോണയുടെ ചരിത്രത്തില്‍ പ്രധാന പങ്കു വഹിച്ചിട്ടുള്ള അരാജകവാദികള്‍, ഫ്രാങ്കോക്കെതിരെ രൂക്ഷമായി പൊരുതിയ റിപ്പബ്ലിക്കന്‍ വാദികള്‍, കറ്റാലന്‍ ദേശീയവാദികള്‍, ആന്‍ഡുലേഷ്യയില്‍ നിന്നുള്ള പ്രവാസികള്‍, അതോ ദീര്‍ഘകാലം ഫ്രാങ്കോയുടെ സഹചാരിയായിരുന്ന സമരഞ്ചോ-- ആരുടെ ഓര്‍മകളാണ് ആഘോഷിക്കേണ്ടത്. എന്തിനാണ് ഏതെങ്കിലും തരത്തിലുള്ള ഡിസ്‌നിഫിക്കേഷന്‍ സ്വീകാര്യമാവുന്നത്?. ഇത്തരത്തിലുള്ള സംവാദങ്ങളെ നിശ്ശബ്ദമാക്കുക എളുപ്പമല്ല. കാരണം എല്ലാവര്‍ക്കും അറിയാം. ബാര്‍സിലോണയുടെ സവിശേഷത അതിന്റെ ആധികാരികത, പ്രത്യേകത, പറിച്ചു നടനാവാത്ത വിശിഷ്ടതകളിലാണ് അതിന്റെ കൂട്ടായ സിംബോളിക് മൂലധനത്തിന്റെ സമാഹരണം. തദ്ദേശീയമായ അധികാരപ്പെടുത്തലിന്റെ വിഷയങ്ങളെ, പ്രതിപക്ഷ ശക്തികളെയടക്കം അഭിമുഖീകരിക്കാതെ അത്തരത്തിലുള്ള സവിശേഷമായ തദ്ദേശീയ സൂചകങ്ങള്‍ സമാഹരിക്കാനാവില്ല. അപ്പോള്‍ കൂട്ടായ സിബോളിക് സാംസ്‌ക്കാരിക മൂലധനത്തിന്റെ രക്ഷിതാക്കള്‍ -- മ്യൂസിയങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, ഗുണഭോക്ത വര്‍ഗം, ഭരണകൂട സമുച്ചയം-- വാതിലുകള്‍ അടയ്ക്കുകയും, ശല്യക്കാരെ ഒഴിവാക്കണമെന്നു നിര്‍ബന്ധം പിടിക്കുകയും ചെയ്യും. അതും പരാജയപ്പെടുന്ന പക്ഷം ഭരണകൂടത്തിന് ഇടപെടാന്‍ കഴിയും ന്യൂയോര്‍ക്കിലെ മേയര്‍ ഗിയുലാനിയെ പോലെ സാംസ്‌ക്കാരിക അഭിരുചികള്‍ നിരീക്ഷിക്കുവാന്‍ 'ഡീസന്‍സി സമിതി' രൂപീകരിക്കാം അല്ലെങ്കില്‍ പ്രത്യക്ഷത്തിലുള്ള പോലീസ് അടിച്ചമര്‍ത്തല്‍ അഴിച്ചുവിടാം. ഭൂതകാലത്തിലും, പിന്നീടും എല്ലാവരും അവരവരുടേതായ നിലയില്‍ നല്‍കിയ സംഭാവനകളിലൂടെ രൂപപ്പെട്ട കൂട്ടായ സിംബോളിക് മൂലധനത്തിന്റെ ഗുണം ഏതു വിഭാഗത്തില്‍ പെട്ട ജനങ്ങള്‍ക്കാണ് ഏറ്റവുമധികം ലഭിക്കാന്‍ അര്‍ഹതയെന്ന കനപ്പെട്ട കാര്യത്തില്‍ തീരുമാനം ഉണ്ടാക്കേണ്ട വിഷയമാണത്. സിബോളിക മൂലധനവുമായി ബന്ധപ്പെട്ട കുത്തക ചുങ്കത്തിനുള്ള അധികാരം ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മാത്രമായി അല്ലെങ്കില്‍ പ്രാദേശിക ബൂര്‍ഷ്വാസിയുടെ ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രമായി തീറെഴുതുന്നത് എന്തിനാണ്. കുത്തക ചുങ്കം ഒരു ദയയുമില്ലാതെ വര്‍ഷങ്ങളായി വിജയകരമായി നടപ്പിലാക്കുന്ന സിംഗപ്പൂര്‍ പോലും അതില്‍ നിന്നുള്ള വരുമാനത്തിന്റെ ഭവനം, ആരോഗ്യ പരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വ്യാപകമായ രീതിയില്‍ വിതരണം ചെയ്തു.