TMJ
searchnav-menu
post-thumbnail

Labour

"ഐ ടി പാര്‍ക്കുകള്‍ മാത്രമല്ല വികസനം"

04 May 2022   |   1 min Read
K P Sethunath

PHOTO: WIKI COMMONS

കേരളത്തിലെ സംഘടിത തൊഴിലാളി പ്രസ്ഥാനങ്ങളിലെ മുഖ്യശക്തിയായ സിഐടിയുവിന്റെ (സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ്) സംസ്ഥാന പ്രസിഡണ്ടായ ആനത്തലവട്ടം ആനന്ദന്‍ നാട്യങ്ങളില്ലാതെ വര്‍ത്തമാനം പറയുന്ന വ്യക്തിയാണ്. കേരളത്തിന്റെയും, ഇന്ത്യയുടെയും ഭൗതിക പുരോഗതിയില്‍ തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ചുള്ള ആനത്തലവട്ടത്തിന്റെ വിശദീകരണം പാഠപുസത്കത്തിലെ സാമ്പത്തിക ശാസ്ത്രം മാത്രം കൈമുതലായുള്ളവരെ അമ്പരപ്പിക്കും. വികസനത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശകലനങ്ങളും കണ്‍സള്‍ട്ടന്‍സി രാജിനെ താലോലിക്കുന്ന വികസന വിശാരദന്മാര്‍ക്ക് ദഹിക്കുന്നതല്ല. അതുകൊണ്ടു തന്നെ ഐടിയും സോഫ്റ്റുവയര്‍ പാര്‍ക്കുകളും മാത്രമല്ല വികസനം എന്നു പറയാന്‍ അദ്ദേഹത്തിന് രണ്ടാമത് ആലോചിക്കേണ്ടതില്ല. കേരളത്തിലെ ചില പൊതുമേഖല സ്ഥാപനങ്ങളുടെ തലപ്പത്ത് വിരാജിക്കുന്ന തന്നിഷ്ടക്കാരായ ഏതാനും ബ്യൂറോക്രാറ്റുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ ഇടതു-ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് എതിരല്ലെന്നും അദ്ദേഹം വാദിക്കുന്നു. മലബാര്‍ ജേര്‍ണല്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ പി സേതുനാഥ് ആനത്തലവട്ടവുമായി നടത്തിയ സംഭാഷണത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണെന്ന കാര്യം ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്. പുതിയ തലമുറയിലെ യുവതീ-യുവാക്കള്‍ പരമ്പരാഗത വ്യവസായ മേഖലയില്‍ പണിയെടുക്കാന്‍ പോലും വിമുഖരാണ്. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖലയിലെ വളരെ പരിചയ സമ്പന്നനായ ട്രേഡ് യൂണിയന്‍ നേതാവെന്ന നിലയില്‍ ഈ വിഷയങ്ങളെ പറ്റിയുള്ള താങ്കളുടെ വിലയിരുത്തല്‍ എന്താണ്.

കേരളത്തിലെ കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ മേഖലകളില്‍ ലക്ഷക്കണക്കിനാളുകള്‍ പണിയെടുത്തിരുന്നു. അവര്‍ക്ക് ലഭിച്ചിരുന്ന തുച്ഛമായ കൂലികൊണ്ടാണ് ഒരു കാലത്ത് ഇവിടുത്തെ ചന്തകളും അങ്ങാടികളും നിലനിന്നത്. കേരളത്തിലെ സമ്പദ്ഘടനയെ ചലിപ്പിച്ചിരുന്ന സുപ്രധാന ഘടകം
അവരുടെ ക്രയശേഷിയായിരുന്നു. പ്രകൃതിയില്‍ നിന്നും ലഭിച്ചിരുന്ന അസംസ്‌കൃത വസ്തുക്കളെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റിയത് തൊഴിലാളികളായിരുന്നു. കയര്‍ നല്ല ഉദാഹരണമാണ്. പല അടരുകളിലായി പടര്‍ന്ന ഒരുല്‍പ്പാദന സമ്പ്രദായം അങ്ങനെ നിലവില്‍ വന്നു. തൊണ്ട് സമാഹരണം മുതല്‍ തൊണ്ട് അഴുക്കി ചകിരിയാക്കി അതില്‍ നിന്നും കയര്‍നാരുകള്‍ ഉല്‍പ്പാദിപ്പിക്കുകയും പിന്നെ കയര്‍ തടുക്കുകളും മറ്റുള്ള ഉല്‍പ്പന്നങ്ങളും വരെ നീളുന്ന വലിയൊരു ശൃംഖല. അതെല്ലാം കഠിനമായ ശാരീരിക അദ്ധ്വാനം വേണ്ടുന്ന പ്രവര്‍ത്തികളായിരുന്നു. എന്നാല്‍ കാലപ്രവാഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ ഈ വ്യവസായ മേഖലകളെയും ബാധിച്ചു. പരമ്പരാഗത വ്യവസായങ്ങള്‍ നിര്‍മ്മിച്ചിരുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പകരം വെക്കാവുന്ന ഉല്‍പ്പന്നങ്ങളുടെ ആവിര്‍ഭാവത്തോടെ നമ്മുടെ പല ഉല്‍പ്പന്നങ്ങളുടെയും ആവശ്യകത കുറഞ്ഞു. പരമ്പരാഗത വ്യവസായങ്ങളില്‍ ഓരോന്നിന്റെയും സവിശേഷമായ പ്രശ്‌നങ്ങള്‍ പലനിലയില്‍ വിശകലനം ചെയ്തിട്ടുള്ളതാണ്. അതിലേക്കു കടക്കുന്നില്ല. ഒരു കാര്യം വ്യക്തമാണ്. തൊഴില്‍ മേഖലയെന്ന നിലയില്‍ പരമ്പരാഗത വ്യവസായങ്ങള്‍ ഒരു അസ്തമയ ഘട്ടത്തിലാണ്.

Photo: D'source

സ്വാതന്ത്യത്തിന് മുമ്പും അതിന് ശേഷവുമുള്ള കാലഘട്ടങ്ങളില്‍ പരമ്പരാഗത വ്യവസായങ്ങളില്‍ പണിയെടുത്തിരുന്ന തൊഴിലാളികള്‍ നടത്തിയ അവകാശസമരങ്ങളുടെ കൂടി ഭാഗമാണ് കേരളത്തിന്റെ പുരോഗമന സ്വഭാവത്തിന്റെ അടിത്തറ. പഴയതുമായി തട്ടിച്ചു നോക്കുമ്പോള്‍ അവരുടെ വേതനത്തിലും ജീവിത നിലവാരത്തിലും വലിയ മെച്ചമൊന്നും ഇപ്പോഴും ഉണ്ടായിട്ടില്ല. ജനാധിപത്യഭരണം വന്ന ശേഷം ചില നക്കാപ്പിച്ചകള്‍ നല്‍കിയതു വഴി എന്തോ മഹാകാര്യങ്ങള്‍ നടത്തിയെന്ന ധാരണ ആരും പുലര്‍ത്തേണ്ടതില്ല. ഇപ്പോഴും ഈ മേഖലകളിലെ ശരാശരി ശമ്പളം ദിവസം 300-350 രൂപ മാത്രമാണ്. എല്ലാ ദിവസവും അവര്‍ക്ക് ജോലി ലഭിക്കാറില്ല. 60-70 വയസ്സായവര്‍ പോലും ഇപ്പോഴും ജോലി ചെയ്യേണ്ട സാഹചര്യം നിലനില്‍ക്കുന്നു. കാരണം ആ വരുമാനം അവര്‍ക്ക് പ്രധാനമാണ്. ഇടതുമുന്നണി സര്‍ക്കാര്‍ നല്‍കുന്ന സാമൂഹ്യ സുരക്ഷ പെന്‍ഷനാണ് അവര്‍ക്ക് ഏക ആശ്വാസം. പുതിയ തലമുറ ഈ ജോലികളില്‍ വരുന്നില്ലെന്ന നിരീക്ഷണം ശരിയാണ്. ഈ തൊഴില്‍ മേഖലകളില്‍ നിലനില്‍ക്കുന്ന കുറഞ്ഞ വേതനം ഒരു പ്രധാനകാരണമാണ്. കുറഞ്ഞ വേതനവും കഠിനമായ ജോലിയും ഏതാണ്ട് അപരിഷ്‌കൃതമായ തൊഴിലായി ഇതിനെ കണക്കാക്കുവാന്‍ അവരെ പ്രേരിപ്പിക്കുന്നു. കേരളത്തിലെ പരമ്പരാഗത വ്യവസായ മേഖല-കയര്‍, കശുവണ്ടി, കൈത്തറി തുടങ്ങിയ എല്ലാ മേഖലകളിലും ഈ പ്രവണത കാണാനാവും. കയര്‍ തൊഴിലാളികളുടെ മക്കള്‍ ആ തൊഴില്‍ ചെയ്യാന്‍ തയ്യാറല്ല. കശുവണ്ടി തൊഴിലാളികളുടെ, കര്‍ഷകത്തൊഴിലാളികളുടെ കുട്ടികളുടെ അവസ്ഥയും സമാനമാണ്.

അസ്തമയത്തിന്റെ പടിവാതിലില്‍ എത്തിയ കേരളത്തിലെ പരമ്പരാഗത വ്യവസായ തൊഴിലാളികളുടെ പുതിയ തലമുറക്ക് ഐടി മേഖലയിലും മറ്റും ഉണ്ടാവുന്ന തൊഴിലവസരങ്ങള്‍ കിട്ടാക്കനിയാണ്. അവരില്‍ നല്ലൊരു ശതമാനവും 10-ാം ക്ലാസ്സ് അല്ലെങ്കില്‍ പ്ലസ് ടു നിലവാരത്തില്‍ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. അവരില്‍ വളരെ ചുരുക്കം പേര്‍ക്ക് മാത്രമാണ് ഐടി മേഖലയിലും മറ്റും സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ ലഭ്യമാവുക. ഒരു കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയെ നിലനിര്‍ത്തിയ പരമ്പരാഗത വ്യവസായ മേഖലകളിലെ തൊഴിലാളികളായിരുന്നു. അവരുടെ പുതിയ തലമുറക്ക് പറ്റിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി നടപ്പിലാക്കണം. സര്‍ക്കാരിന്റെയും കേരള സമൂഹത്തിന്റെയും കടമയാണ് അത്. വികസനം അവരുടെ കൂടി അവകാശമാണ്. വികസനത്തിന്റെ അര്‍ത്ഥം മനുഷ്യരുടെ വികസനം എന്നു കൂടിയാണ്. പശ്ചാത്തല വികസനം മാത്രമല്ല.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങളായ KSRTC, KSEB, KWA എന്നിവയിലെല്ലാം അടുത്ത കാലത്തായി കാണുന്ന ഒരു പ്രവണത മാനേജ്‌മെന്റും യൂണിയനുകളും തമ്മിലുള്ള സംഘര്‍ഷമാണ്. മിക്കവാറും CITU വിന്റെ നേതൃത്വത്തിലുള്ള യൂണിയനുകളുമായാണ് സംഘര്‍ഷം. കേരളത്തിലെ ഇടതു മുന്നണി ഭരണം തൊഴിലാളി വിരുദ്ധ നയങ്ങള്‍ പിന്തുടരുന്നതിന്റെ പ്രതിഫലനമാണോ ഈ സമരങ്ങളും, പ്രതിഷേധങ്ങളും.

ഒരിക്കലുമല്ല. കേരളത്തിലെ തൊഴിലാളികള്‍ ശക്തമായി പ്രവര്‍ത്തിച്ചതിന്റെ ഫലം കൂടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം. താങ്കള്‍ പറഞ്ഞ പൊതുമേഖല സ്ഥാപനങ്ങളിലെ പ്രതിഷേധങ്ങളും, സമരങ്ങളും അതാതു സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്ന തന്നിഷ്ടക്കാരായ ചില ബ്യൂറോക്രാറ്റുകളുടെ പ്രവര്‍ത്തനങ്ങളോടുള്ള എതിര്‍പ്പാണ്. അല്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളോടുള്ള എതിര്‍പ്പല്ല. അടുത്ത കാലത്ത് വിവാദമായ KSEB യിലെ സംഭവങ്ങള്‍ പരിശോധിക്കുക. ദേശീയ പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ അച്ചടക്ക നടപടി കൈക്കൊണ്ട വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ നടപടിക്കെതിരായാണ് സമരം ഉണ്ടായത്. അങ്ങനെ സമരം ചെയ്യാന്‍ തൊഴിലാളികള്‍ക്കും, ഓഫീസര്‍മാര്‍ക്കും അവകാശമുണ്ട്. അതിന് ആരുടെയും അനുമതി ആവശ്യമില്ല. അതിനെ സര്‍ക്കാരിന് എതിരായ സമരമായി ചിത്രീകരിക്കേണ്ടതില്ല. സര്‍ക്കാരിനെ വെട്ടിലാക്കുവാന്‍ മനപ്പൂര്‍വ്വം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥ മേധാവികളെ പറ്റിയും യൂണിയനുകല്‍ ജാഗ്രത പുലര്‍ത്തും.

പ്രതിഷേധങ്ങളും സമരങ്ങളും മൂലം കേരളം മുടിഞ്ഞു പോയെന്നു പെരുമ്പറയടിക്കുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പി സ്വാമിയുമെല്ലാം വെട്ടിത്തെളിച്ച വഴിയുടെ എതിര്‍വഴിയാണ് അത്. കേരളത്തില്‍ അത് വിലപ്പോവില്ല.

photo: wiki commons

ജനജീവിതത്തെ സ്തംഭിപ്പിക്കുന്ന തരത്തിലുള്ള സമരം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ദേശീയ പണിമുടക്ക് നടന്ന തമിഴ്‌നാട്ടിലോ മറ്റുള്ള സംസ്ഥാനങ്ങളിലും കേരളത്തില്‍ കാണുന്നതുപോലെ മൊത്തം അടച്ചിടല്‍ സംഭവിക്കുന്നില്ല. കേരളത്തിന് ഇത് എത്ര കാലം താങ്ങാനാവും.

ഇന്ത്യയില്‍ മാത്രമല്ല ലോകമാകെ ശ്രദ്ധയാകര്‍ഷിച്ച ഡെല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിന്റെ സിരാകേന്ദ്രം പഞ്ചാബായിരുന്നു. പഞ്ചാബിലൂടെയുള്ള തീവണ്ടി ഗതാഗതം പോലും തടസ്സപ്പെട്ട ദിവസങ്ങളുണ്ടായിരുന്നു. കര്‍ഷക പ്രസ്ഥാനം ഏറ്റവും ശക്തമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനമെന്ന നിലയിലാണ് പ്രക്ഷോഭം അവിടെ വ്യാപകമായ നിലയില്‍ അരങ്ങേറിയത്. അതുപോലെ നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന കേന്ദ്രത്തിലെ സര്‍ക്കാരിന്റെ ജനവിരുദ്ധത ഉയര്‍ത്തുന്ന വിനാശകരമായ ഭവിഷ്യത്തുകളെ പറ്റി കേരളത്തിലെ ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ദേശീയ പണിമുടക്കിന് കേരളത്തില്‍ ലഭിച്ച പിന്തുണയെ ആ നിലയിലാണ് മനസ്സിലാക്കേണ്ടത്. എന്റെ അഭിപ്രായത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളും കേരളത്തിലെ ജനങ്ങളുടേതിന് സമാനമായ രാഷ്ട്രീയ ബോധ്യങ്ങളിലെത്തുമ്പോള്‍ അവിടങ്ങളിലും സ്ഥിതിഗതികള്‍ മാറും എന്നാണ്. അല്ലാതെ കേരളത്തിനെ പഴിക്കുകയല്ല വേണ്ടത്. കേന്ദ്രത്തിലെ നയങ്ങള്‍ കേരളത്തിലും വരണമെന്ന് ആഗ്രഹിക്കുന്ന കൂട്ടര്‍ ഇവിടെയും ഉണ്ട്. പ്രതിഷേധങ്ങളും സമരങ്ങളും മൂലം കേരളം മുടിഞ്ഞു പോയെന്നു പെരുമ്പറയടിക്കുന്നവരുടെ ലക്ഷ്യം മറ്റു ചിലതാണ്. ശ്രീനാരായണ ഗുരുവും, അയ്യങ്കാളിയും, ചട്ടമ്പി സ്വാമിയുമെല്ലാം വെട്ടിത്തെളിച്ച വഴിയുടെ എതിര്‍വഴിയാണ് അത്. കേരളത്തില്‍ അത് വിലപ്പോവില്ല.

കേരളത്തിലെ പൊതുമേഖല സ്ഥാപനങ്ങള്‍ കൊല്ലംതോറും വരുത്തിവെക്കുന്ന നഷ്ടം സംസ്ഥാന ഖജനാവിന് താങ്ങാവുന്നതിലും എത്രയോ അധികമാണ്. ഈ നില എത്രകാലം തുടരാനാവും.

പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഒരു തൊഴിലാളിയും ആഗ്രഹിക്കുന്നില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ നഷ്ടം തൊഴിലാളികളുടെ തലയില്‍ മാത്രം കെട്ടിവയ്ക്കുന്നതിനോട് യോജിക്കാനാവില്ല. കെഎസ്ആര്‍ടിസിയുടെ കാര്യം പരിശോധിക്കുക. പൊതുഗതാഗത സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണത്. ലോകത്തിലെ ഏതു പൊതുഗതാഗത സേവന സ്ഥാപനമാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നത്. വിമാനക്കമ്പനികള്‍ പോലും ലാഭത്തില്‍ അല്ല പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ സഹായമില്ലാതെ പൊതുഗതാഗത സംവിധാനത്തിന് പ്രവര്‍ത്തിക്കാനാവില്ല. ഈയൊരു വസ്തുത പൂര്‍ണ്ണമായും മറന്നുകൊണ്ടുള്ള കെഎസ്ആര്‍ടിസി പരിഷ്‌ക്കാരങ്ങള്‍ ഗുണത്തേക്കാള്‍ ദോഷമാണ് വരുത്തുക. ഉത്തരവാദിത്തമുള്ള പ്രസ്ഥാനങ്ങളെന്ന നിലയില്‍ തൊഴിലാളി സംഘടനകള്‍ ഇക്കാര്യം പറയും.

ഇന്‍ഷ്വറന്‍സ് മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ LIC പോലുള്ള സ്ഥാപനത്തിന്റെ ഓഹരി എന്തിനാണ് വില്‍ക്കുന്നത്. വെറും 5 കോടി രൂപയുടെ മൂലധനത്തില്‍ തുടങ്ങിയ LIC യുടെ ഇന്നത്തെ ആസ്തി എത്ര കോടിയാണ്.

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വയം ഭൂവായി ഉണ്ടായതല്ല. തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ സ്ഥാപനങ്ങള്‍. ഏതെങ്കിലും ഭരണാധികാരികള്‍ അവരുടെ സ്വകാര്യസ്വത്ത് ഉപയോഗിച്ച് വളര്‍ത്തിയതല്ല പൊതുമേഖല സ്ഥാപനങ്ങള്‍. ജനങ്ങളുടെ നികുതിപ്പണവും തൊഴിലാളികളുടെ അദ്ധ്വാനവുമാണ് അവയുടെ വളര്‍ച്ചയുടെ അടിസ്ഥാനം. അവയെ സംരക്ഷിക്കുന്ന നയമാണ് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നു. നേരെ മറിച്ചാണ് കേന്ദ്രത്തിലെ സര്‍ക്കാരിന്റെ നയങ്ങള്‍. പൊതുമേഖല സ്ഥാപനങ്ങള്‍ മുഴുവന്‍ വിറ്റു തുലക്കുകയാണ്. നഷ്ടത്തിലായ സ്ഥാപനങ്ങളെ വില്‍ക്കുമെന്നു പറഞ്ഞു തുടങ്ങിയ നയം ഇപ്പോള്‍ വന്‍ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന നവരത്‌ന കമ്പനികളുടെ വില്‍പ്പനയില്‍ എത്തി നില്‍ക്കുന്നു. ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയിലെ തൊഴിലാളികളുടെ ശമ്പളത്തെ പറ്റി നിരന്തരം വേവലാതിപ്പെടുന്ന മാന്യന്മാര്‍ വലിയ തോതിലുള്ള പൊതുസമ്പത്ത് ചുളുവിലക്ക് സ്വകാര്യ മുതലാളിമാര്‍ക്ക് വിറ്റഴിക്കുന്നതിനെ പറ്റി ഒരക്ഷരം മിണ്ടുന്നില്ല. ബിപിസിഎല്‍ എന്തിനാണ് വില്‍ക്കുന്നത്. അതിന്റെ ആസ്തി മൂല്യവും വില്‍പ്പനയില്‍ ലഭിക്കുന്ന വിലയും തമ്മില്‍ ഒരു പൊരുത്തവും ഇല്ലെന്ന് ഒറ്റ നോട്ടത്തില്‍ മനസ്സിലാവും. ഇന്‍ഷ്വറന്‍സ് മേഖലയില്‍ ലോകത്തിന് തന്നെ മാതൃകയായ LIC പോലുള്ള സ്ഥാപനത്തിന്റെ ഓഹരി എന്തിനാണ് വില്‍ക്കുന്നത്. വെറും 5 കോടി രൂപയുടെ മൂലധനത്തില്‍ തുടങ്ങിയ LIC യുടെ ഇന്നത്തെ ആസ്തി എത്ര കോടിയാണ്.

photo: Wiki commons

1947 ല്‍ ബ്രിട്ടീഷുകാരില്‍ നിന്നും സ്വാതന്ത്ര്യം നേടുമ്പോള്‍ ഇന്ത്യയില്‍ പ്രധാനമായും നാല് കുത്തക കമ്പനികളായിരുന്നു. ടാറ്റ, ബിര്‍ല, ഗോയങ്ക, ഡാല്‍മിയ. ഇവരില്‍ ഒന്നാമനായ ടാറ്റയുടെ ആസ്തി 30 കോടി രൂപയായിരുന്നു. ഈ മുതലാളിമാര്‍ ആരും തന്നെ അവരുടെ സമ്പത്ത് പൊതുമേഖലയില്‍ നിക്ഷേപിച്ചതായി അറിവില്ല. നേരത്തെ ചൂണ്ടിക്കാണിച്ചതു പോലെ 47 മുതല്‍ ഭരണാധികാരത്തില്‍ മാറി മാറി വന്നവരും അവരുടെ സ്വകാര്യ സമ്പാദ്യം പൊതുമേഖലക്കായി ചെലവഴിച്ചതായി രേഖകളില്ല. സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്നുള്ള നിക്ഷേപം കഴിഞ്ഞാല്‍ പൊതുമേഖലയുടെ വളര്‍ച്ചയിലെ ഏറ്റവും വലിയ സംഭാവന തൊഴിലാളികളുടെ അദ്ധ്വാനമാണ്. കല്‍ക്കരിയും, ഇരുമ്പയിരുമടക്കമുള്ള ഖനന മേഖലകള്‍, വൈദ്യുതി ഉല്‍പ്പാദനം, ഗതാഗത ശൃംഖലകള്‍ തുടങ്ങിയ ഏതു മേഖലയെടുത്താലും ഇക്കാര്യം ബോധ്യമാകും. തൊഴിലാളികളുടെ ഈ സംഭാവനയെ പൂര്‍ണ്ണമായും വിസ്മൃതിയിലാക്കുന്ന പ്രചാരണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. തൊഴിലാളികളുടെ അദ്ധ്വാനവും, ജനങ്ങളുടെ നികുതിയും ഉപയോഗപ്പെടുത്തി കെട്ടിപ്പടുത്ത സ്ഥാപനങ്ങളെ തങ്ങളുടെ ഇഷ്ടക്കാരായ സ്വകാര്യ മുതലാളിമാര്‍ക്ക് വിട്ടുകൊടുക്കുന്ന പണിയാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. ഒരു ഭാഗത്ത് കോര്‍പറേറ്റ് നികുതികള്‍ വെട്ടിക്കുറച്ച് കുത്തക മുതലാളിമാരെ സഹായിക്കുക. അതിന്റെ നഷ്ടം നികത്തുവാന്‍ ജനങ്ങളുടെ നികുതിഭാരം നിരന്തരം വര്‍ദ്ധിപ്പിക്കുക. അതിന്റെ അടുത്ത പടിയാണ് പൊതുമേഖല സ്ഥാപനങ്ങളെ തന്നെ വിറ്റഴിക്കുന്ന സമീപനം. ട്രെയിനുകളും, തീവണ്ടിപ്പാതകളും, ദേശീയ പാതകളുമെല്ലം വില്‍പ്പനക്കുള്ള ചരക്കുകളാകുമെന്ന് സങ്കല്‍പ്പിക്കുവാന്‍ കഴിയുമായിരുന്നില്ല. 150 ട്രെയിനുകള്‍, 400 റെയില്‍വേ സ്റ്റേഷനുകള്‍, റെയില്‍വേയുടെ പക്കലുള്ള ആയിരക്കണക്കിന് ഏക്കര്‍ വരുന്ന ഭൂമി, 25,000 കിമീ ദേശീയ പാത ഇവയെല്ലാം വില്‍പ്പനക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു.

രാജ്യത്തിന്റെ പൊതു സമ്പത്ത് മുഴുവന്‍ വിറ്റു തുലയ്ക്കുന്ന സര്‍ക്കാരിന്റെ നയത്തില്‍ പതിയിരിക്കുന്ന ആപത്തിനെ പറ്റി ജനങ്ങളോട് പറയുവാന്‍ ഉത്തരവാദപ്പെട്ട തൊഴിലാളി പ്രസ്ഥാനമെന്ന നിലയില്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ജനപക്ഷത്ത് നിലയുറപ്പിച്ച രാഷ്ട്രീയത്തിന്റെ ഭാഗമാണത്. പ്രക്ഷോഭങ്ങളും, സമരങ്ങളും കൂടി അതിന്റെ ഭാഗമാണ്. തൊഴിലാളികളുടെ പ്രതിഷേധങ്ങളുടെയും, സമരങ്ങളുടെയും പേരില്‍ വികസനം മുടങ്ങിയിരുന്നുവെങ്കില്‍ കേരളം ഇന്നത്തെ കേരളം ആവുമായിരുന്നില്ല.

Leave a comment