കേന്ദ്രസര്‍ക്കാര്‍ ആര്‍ക്കാണ് പാപ്പര്‍ ഹര്‍ജി നല്‍കുക!
Photo : PTI
കെ പി സേതുനാഥ്
പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്യേണ്ട അവസ്ഥയിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് അടക്കം പറയുന്ന ദോഷൈകദൃക്കുകളെ പോലും അമ്പരിപ്പിക്കുന്നതായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ഒടുവില്‍ നടത്തിയ പ്രഖ്യാപനമെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. നടപ്പാതകള്‍ മുതല്‍ വിമാനത്താവളങ്ങള്‍ വരെ, എണ്ണക്കമ്പനികള്‍ മുതല്‍ വൈദ്യുതി നിലയങ്ങള്‍ വരെയുള്ള ഒരുമാതിരി സ്ഥാവരജംഗമ സ്വത്തുക്കള്‍ മുഴുവന്‍ അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പണമാക്കി (മോണിട്ടൈസ്) മാറ്റുമെന്നായിരുന്നു ശ്രീമതി സീതാരാമന്റെ പ്രഖ്യാപനം. കച്ചവടത്തിനായി ഇതുവരെ കണക്കെടുത്ത സ്ഥാവരജംഗമങ്ങളുടെ ആസ്തി 6-ലക്ഷം കോടി രൂപയെന്നാണ് ധനമന്ത്രിയുടെ മനോരാജ്യം. ചെറിയ അവ്യക്തത 6-ലക്ഷം കോടിയുടെ കാര്യത്തില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന കാര്യം പരാമര്‍ശിക്കാതെ വയ്യ. കച്ചവടത്തിനായി കണക്കിലെടുത്ത വസ്തുവകകളുടെ നിലവിലുള്ള വിപണി മൂല്യമാണോ 6-ലക്ഷം കോടി അതോ കച്ചവടത്തിലൂടെ കേന്ദ്രം സമാഹരിക്കുവാന്‍ ഉദ്ദേശിക്കുന്ന തുകയാണോ അതെന്ന കാര്യം ശരിക്കും തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ചില ദുര്‍ബുദ്ധികളുടെ നിരീക്ഷണം. 'ചതിയില്‍ കള്ളമില്ലെന്ന' നാട്ടുമൊഴിയെ ഓര്‍മിപ്പിക്കുന്ന ഒരു വകുപ്പും ഈ കച്ചവടത്തില്‍ ഉള്‍പ്പെടുന്നു. അതായത് സ്ഥാവരജംഗമ-സ്ഥാപനങ്ങളുടെ നടത്തിപ്പ് അവകാശം മാത്രമാണ് സര്‍ക്കാര്‍ തല്‍ക്കാലം കൈമാറുക. ഉടമസ്ഥാവകാശം വിട്ടുകൊടുക്കില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ നേരിട്ടുള്ള പരിപാലനത്തിന്‍റെ കേമത്തം കാരണം പൂര്‍ണ്ണ വളര്‍ച്ചയെത്താതെ ഇപ്പോഴും തപ്പിതടയുന്ന സ്ഥാപനങ്ങളെ സ്വകാര്യ വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് കൈമാറും. അവര്‍ വേണ്ടതു പോലെ എണ്ണയും, കുഴമ്പുമെല്ലാം പുരട്ടി ഇവയെ പൂര്‍ണ്ണ വളര്‍ച്ചയിലും, ശേഷിയിലും എത്തിക്കും. പൂര്‍ണ്ണശേഷയില്‍ എത്തിയവ പ്രവര്‍ത്തിക്കുമ്പോള്‍ കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് ഉടമസ്ഥനായ കേന്ദ്ര സര്‍ക്കാരിന് നല്‍കും. ഇതാണ് ശ്രീമതി സീതരാമന്‍ പറഞ്ഞ കച്ചവടത്തിന്റെ ലസാഗു. ഒറ്റനോട്ടത്തില്‍ ചേതമില്ലാത്ത കാര്യമെന്നു തോന്നും. അല്ലെങ്കില്‍ തോന്നിപ്പിക്കും. അംബാനി മുതലാളിക്കോ, അദാനി മുതലാളിക്കോ അല്ലെങ്കില്‍ അതേ നിലവാരത്തില്‍ എത്താന്‍ ശ്രമിക്കുന്ന മറ്റേതെങ്കിലും മുതലാളിമാര്‍ക്കോ വണ്ടിയോടിച്ച് കളിക്കാന്‍ റെയില്‍പാതയോ ദേശീയ പാതയോ വേണമെന്നു തോന്നിയാല്‍ അവര്‍ വാസ്തു നോക്കി ഒന്നേയെന്നു പറഞ്ഞു തുടങ്ങേണ്ടതില്ല എന്നു സാരം. കേന്ദ്രത്തിന്റെ കൈവശമുള്ള റെയില്‍ പാതയുടെ അല്ലെങ്കില്‍ ദേശീയ പാതയുടെ ഒരു ഭാഗം അവര്‍ക്ക് ഇഷ്ടദാനം നല്‍കും. ആവശ്യത്തിന് ഓടിച്ച് കളിച്ചതിനു ശേഷം 25 കൊല്ലം കഴിഞ്ഞ് തിരികെ ഏല്‍പ്പിച്ചാല്‍ മതി. വിമാനത്താവളം, എണ്ണക്കമ്പനി, വൈദ്യുതി നിലയം, വിതരണം തുടങ്ങിയ ഏതു മേഖലയെടുത്താലും ഇതു തന്നെയാണ് വ്യവസ്ഥ.
ഇതുവരെ കാര്യങ്ങള്‍ ലളിതമാണ്. പക്ഷെ അര്‍ദ്ധപ്രാണനില്‍ കഴിയുന്ന ഈ സ്ഥാവരജംഗമങ്ങളെ-സ്ഥാപനങ്ങളെ ഏറ്റെടുത്ത് അവയെ കുതിരകുട്ടികളാക്കി മാറ്റി സര്‍ക്കാരിന് കൈമാറുന്നതുകൊണ്ട് മുതലാളിമാര്‍ക്ക് എന്തു പ്രയോജനം എന്ന ചോദ്യം വരുമ്പോള്‍ വിഷയം സങ്കീര്‍ണ്ണമാവും. പഴയൊരു സിനിമയുടെ പേര് മാറ്റിപ്പറഞ്ഞാല്‍ 'കാര്യം നിസ്സാരമല്ല'. സ്ഥാവരജംഗമങ്ങള്‍ക്ക് പ്രാണനോയെന്ന് ഭാഷാ പണ്ഡിതര്‍ ഉന്നയിക്കാനിടയുള്ള ക്രമപ്രശ്‌നം തല്‍ക്കാലം മാറ്റി വെച്ചാലും മുതലാളിമാരുടെ പ്രയോജനത്തിന്റെ കാര്യം മാറ്റി വെക്കാനാവില്ല. നേരത്തെ പറഞ്ഞ 6-ലക്ഷം കോടിയുടെ അവ്യക്തത അപ്പോഴാണ് കീറാമുട്ടിയാവുക. സര്‍ക്കാര്‍ പറയുന്നതു പോലെ 6-ലക്ഷം കോടി രൂപയുടെ വിപണി മൂല്യമെന്ന വാദം മുഖവിലക്കെടുത്താലും രക്ഷയില്ല. കാരണം അത്രയും വില നല്‍കി ഒരു മുതലാളി അവയെ ഏറ്റെടുക്കുമോ എന്ന ചോദ്യം ബാക്കിയാവും. പൂര്‍ണ്ണശേഷിയില്‍ അവ പ്രവര്‍ത്തിക്കുന്നില്ല അല്ലെങ്കില്‍ ആദായം നല്‍കുന്നില്ലെന്നു സര്‍ക്കാര്‍ തന്നെ പറയുന്ന സാഹചര്യത്തില്‍ ഒരു മുതലാളിയും അതിന് തയ്യാറാവില്ല. കാരണം പൂര്‍ണ്ണശേഷി കൈവരിക്കുന്നതിനായി അല്ലെങ്കില്‍ ആദായം ലഭിക്കുന്നതിനായി ഏറ്റെടുക്കുന്ന മുതലാളി അവയെ പ്രാപ്തമാക്കേണ്ടി വരും. അത് ചെലവുള്ള ഏര്‍പ്പാടാണ്. സ്വാഭാവികമായും 6-ലക്ഷം കോടിയൂടെ മൂല്യത്തില്‍ നിന്നും ഈ ചെലവ് കിഴിച്ചാവും സര്‍ക്കാരിന് ലഭിക്കുന്ന തുകയുടെ വിഹിതം നിശ്ചയിക്കുക. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട അങ്ങാടിയില്‍ സംഭവിക്കുന്ന കൂട്ടല്‍-കിഴിക്കല്‍ ഇടപാടുകളില്‍ പ്രാവീണ്യമുള്ളവരുടെ നിഗമന പ്രകാരം ഒന്നര ലക്ഷം മുതല്‍ രണ്ടര ലക്ഷം കോടി രൂപ വരെ ഈ കച്ചവടത്തില്‍ നിന്നും സര്‍ക്കാരിന് ലഭിക്കാന്‍ സാധ്യതയുണ്ട് എന്നാണ്. ശ്രീമതി സീതാരാമന്റെ പ്രഖ്യാപനവുമയി ബന്ധപ്പെട്ട പ്രവര്‍ത്തന പദ്ധതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്ന മുറയ്ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുമെന്നു പ്രതീക്ഷിക്കാം.
ഇത്ര വേഗത്തില്‍ ഇങ്ങനെയൊരു തീരുമാനവുമായി സര്‍ക്കാര്‍ എന്തിനാണ് മുന്നോട്ടു പോവുന്നതെന്ന ചോദ്യം അപ്പോള്‍ ബാക്കിയാവുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഖജനാവ് കാലിയാവുന്നു എന്നതാണ് അതിനുള്ള ലളിതമായ ഉത്തരം. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് ആന്റ് പോളിസിയുടെ മുന്‍ ഡയറക്ടറായ ഡോ. രതിന്‍ റോയി-യുടെ അഭിപ്രായത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 'നിശ്ശബ്ദ സാമ്പത്തിക പ്രതിസന്ധി' നേരിടുകയാണ്. (1) നികുതി വരുമാനത്തിലെ കുറവ്, ആദായ നികുതിയെ കുറിച്ചുള്ള അമിത പ്രതീക്ഷ, മറച്ചു പിടിക്കുന്ന ചെലവ് ചുരുക്കല്‍, സംസ്ഥാനങ്ങളുടെ ധനസ്ഥിതിയുടെ ഞെരുങ്ങല്‍, ബഡ്ജിറ്റതര വായ്പയെടുക്കല്‍ എന്നിവയാണ് നിശ്ശബ്ദ പ്രതിസന്ധിയുടെ ചേരുവകളായി റോയി ചൂണ്ടിക്കാട്ടുന്നു. യഥാര്‍ത്ഥ കമ്മി മറച്ചുവെച്ചും ചെലവുകള്‍ വെട്ടിച്ചുരുക്കിയും നടത്തുന്ന ചില ഞാണിന്മേല്‍ കളികളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ധനകാര്യ മാനേജ്‌മെന്റ്. 2008-ലെ ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയില്‍ നിന്നും കരകയറാനായി നട്ടം തിരിഞ്ഞിരുന്ന ഇന്ത്യന്‍ സമ്പദ്ഘടനയെ മോഡി സര്‍ക്കാരിന്റെ നടപടികള്‍ നിലയില്ലാക്കയത്തിലെത്തിച്ചു. നോട്ടു നിരോധനം, ചരക്കു-സേവന നികുതി നടപ്പാക്കലും സമ്പദ്ഘടനയിലെ നിര്‍ണ്ണായക സാന്നിദ്ധ്യമായ അനൗപചാരിക മേഖലയെ നിശ്ചലമാക്കി.കോര്‍പറേറ്റുകള്‍ക്ക് നികുതിയിനത്തില്‍ നല്‍കിയ 145,000 കോടി രൂപയുടെ ഇളവുകള്‍ക്ക പകരമായി ജനങ്ങളെ പിഴിയുകയല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ വേറെ വഴിയില്ലെന്നായി. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന വിലയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കുന്നതിന്റെ രഹസ്യം ഇതാണ്. കോവിഡ് മഹാമാരി സൃഷ്ടിച്ച ദുരിതങ്ങളുടെ സാഹചര്യത്തില്‍ നികുതി ഇനത്തില്‍ ജനങ്ങളെ പിഴിയാവുന്നതിന്റെ പരമാവധി എത്തിയ സ്ഥിതിയായി. സര്‍ക്കാരിന്റെ പക്കലുള്ള സ്ഥാവരജംഗമങ്ങളെ വിറ്റഴിക്കുന്നതിന്റെ പശ്ചാത്തലം ഇതാണ്.
കോവിഡ് മഹാമാരിയെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പുലര്‍ത്തിയ പിടിപ്പുകേടിന്റെ നാള്‍വഴികള്‍ക്ക് സമാന്തരമായി അരങ്ങേറിയ ചില നടപടികളും ഇപ്പോഴത്തെ സ്ഥിതിവിശേഷത്തെ മനസ്സിലാക്കുവാന്‍ സഹായകമാണ്. രോഗബാധയുടെ മറവില്‍ പൊതുസദസ്സുകളില്‍ അഭിപ്രായ രൂപീകരണത്തിനുള്ള അവസരം പൊതുജനങ്ങള്‍ക്ക് ഇല്ലാതായ സാഹചര്യം ഉപയോഗപ്പെടുത്തി വിഭവശ്രോതസ്സുകളുടെ മേല്‍ സ്വകാര്യ മൂലധനത്തിന്റെ അധീശത്വം പൂര്‍ണ്ണമായും നടപ്പിലാക്കുന്ന പ്രക്രിയയാണ് ഈ നടപടികളില്‍ കാണാനാവുക. കേന്ദ്രസര്‍ക്കാരിന്റെ നാലു തീരുമാനങ്ങളാണ് പ്രധാനമായും അവയില്‍ മുന്നിട്ടു നില്‍ക്കുന്നത്. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതികള്‍, തൊഴില്‍ നിയമങ്ങളുടെ ഭേദഗതി, കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തിനു മേല്‍ മുന്‍കാല പ്രാബല്യത്തോടെ ആദായ നികുതി ഈടാക്കുന്നതിനെ റദ്ദു ചെയ്യുന്ന ഭേദഗതി എന്നിവയാണ് കോവിഡിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ മൂന്നു സുപ്രധാന തീരുമാനങ്ങള്‍. അതേ പരമ്പരയിലെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമാണ് ആഗസ്റ്റ് 24 പ്രഖ്യാപിച്ച ദേശീയ മോണിട്ടൈസേഷന്‍ പൈപ്പലൈന്‍ പദ്ധതി. ചരിത്രത്തില്‍ സമാനതകളില്ലാത്ത ഒന്നാണ് ഇത്തരമൊരു പദ്ധതി. ഒരു രാജ്യം അതിന്റെ നിര്‍ണ്ണായക ആസ്തികളില്‍ സുപ്രധാനമായ വഴിവാണിഭത്തിന്റെ നിലയില്‍ വിലയിട്ട് കച്ചവടത്തിന് വയ്ക്കുക ഒരു പക്ഷെ ഇതാദ്യമായിരിക്കും. ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (ഇന്‍വിറ്റ്‌സ്), പൊതു-സ്വകാര്യ പങ്കാളിത്തം (പിപിപി) എന്നിവ വഴിയാണ് മൊത്തം 6-ലക്ഷം കോടി രൂപയുടെ മൂല്യം കണക്കാക്കുന്ന ഈ ഇടപാട് അടുത്ത നാലു വര്‍ഷങ്ങള്‍ക്കുള്ളില്‍ അരങ്ങേറുക. പശ്ചാത്തല വികസന പദ്ധതികളില്‍ വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും നേരിട്ട് നിക്ഷേപം നടത്തുന്നതിന് സഹായിക്കുന്ന മ്യൂച്ചല്‍ ഫണ്ടിന് സമാനമായ ഒന്നാണ് ഇന്‍വിറ്റ്‌സ്. ഓഹരി കമ്പോളത്തെ നിയന്ത്രിക്കുന്ന സെബിയുടെ (സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) അധികാര പരിധിയില്‍ വരുന്ന ഇന്‍വിറ്റ്‌സ് 2018-മുതല്‍ ഇന്ത്യയില്‍ അവയുടെ സാന്നിദ്ധ്യം അറിയിച്ചു. ഒരു ലക്ഷം രൂപ മുതല്‍ ഇന്‍വിറ്റ്‌സില്‍ നിക്ഷേപിക്കാനാവും. ഇന്ത്യയുടെ പശ്ചാത്തല വികസന പദ്ധതികളുടെ നിര്‍മാണത്തിനായി അടുത്ത 5-സാമ്പത്തിക വര്‍ഷക്കാലയളവില്‍ ഇന്‍വിറ്റ്‌സും, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ക്കും (റെയിറ്റ്‌സും) സംയുക്തമായി 8-ലക്ഷം കോടി രൂപയുടെ മൂലധനം സമാഹരിക്കുന്നതിനുള്ള ശേഷിയുണ്ടെന്നു ക്രിസില്‍ റേറ്റിംഗ് ഏജന്‍സി വിലയിരിത്തുന്നു. ഇന്ത്യയിലാകെ ഇപ്പോള്‍ 11 ഇന്‍വിറ്റ്‌സും, റെയിറ്റ്‌സും പ്രവര്‍ത്തിക്കുന്നു. സര്‍ക്കാരിന്റെ പുതിയ തീരുമാനത്തോടെ അവയുടെ എണ്ണം വളരെയധികം ഉയരുമെന്നു കണക്കാക്കപ്പെടുന്നു. പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്കു നീങ്ങുന്ന സമ്പദ്ഘടനയെ കൂടുതല്‍ കുരുക്കുകളിലേക്കു ആനയിക്കുന്ന നയങ്ങളുടെ ചരിത്രത്തിലെ മറ്റൊരു അധ്യായമായി മോണിട്ടൈസേഷന്‍ പദ്ധതി മാറിയാല്‍ അത്ഭുതപ്പെടാനില്ല. റഷ്യയിലെ പുത്തന്‍ പ്രഭുക്കള്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതിന് സമാനമായ രീതിയാണ് ഈ പദ്ധതിയിലും കാണാനാവുകയെന്നാണ് ലോക ബാങ്കിന്റെ മുന്‍ ചീഫ് എക്കണോമിസ്റ്റും പ്രമുഖ സാമ്പത്തിക പണ്ഡിതനുമായ കൗഷിക് ബാസുവിന്റെ വീക്ഷണം. തന്റെ ട്വിറ്റര്‍ കുറിപ്പിലാണ് അദ്ദേഹം ഈ വീക്ഷണം പങ്കു വച്ചത്.