TMJ
searchnav-menu
post-thumbnail

Ecological Kerala

ആറളം: ഭൂമിയുടെയും ക്ഷേമത്തിന്റെയും രാഷ്ട്രീയം

25 Feb 2022   |   1 min Read
Sudheesh R C

PHOTO: JINCE JOHN

രുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ കേരളമുൾപ്പടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നടപ്പായ ഭൂപരിഷ്കരണം തത്വത്തിലെങ്കിലും സാമൂഹ്യനീതി ഉറപ്പാക്കാൻ ശ്രമിച്ചിരുന്നു. കേരളത്തിൽ 1970കളിൽ നടപ്പിലാക്കപ്പെട്ട ഭൂപരിഷ്കരണം ആദിവാസി, ദലിത്, മത്സ്യത്തൊഴിലാളി, തോട്ടംതൊഴിലാളി വിഭാഗങ്ങളെ ഉൾപ്പെടുത്തുന്നതിൽ പരാജയപ്പെട്ടത് ഇന്ന് ഏവർക്കും സുപരിചിതമായ കാര്യമാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ സൗത്ത് ആഫ്രിക്ക, സിംബാബ്‌വേ പോലുള്ള ലോകത്തിന്റെ ചില ഒറ്റപ്പെട്ട ഇടങ്ങളിൽ ബൃഹത്തായ ഭൂപരിഷ്കരണം നടന്നുവരുന്നുണ്ടെങ്കിലും മറ്റിടങ്ങളിൽ ചിതറിയ ഭൂമി വിതരണം മാത്രമാണ് നടക്കുന്നത്. ഇവയിൽ പലതും നടക്കുന്നത് തദ്ദേശ സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നിരന്തരമായ സമ്മർദ്ദം മൂലമാണ് താനും. ബ്രസീലിലെ 'ഭൂരഹിത തൊഴിലാളി പ്രസ്ഥാനം' (MST: Movimiento dos Trabalhadores Sem Terra), കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഭൂമിക്ക് ചെറുകിട കൃഷിയോടുള്ള അടുപ്പം അകന്നുകൊണ്ടിരിക്കുന്ന ആഗോള പശ്ചാത്തലത്തിലാണ് കൃഷിഭൂമിക്കായുള്ള ഈ സമരങ്ങൾ നടക്കുന്നത് എന്നത് ശ്രദ്ധേയമാണ്. പാടത്തിൽ നിന്ന് മധ്യവർഗവും സ്റ്റേറ്റിന്റെ താങ്ങും അകന്നു കൊണ്ടിരിക്കുകയാണെന്നിരിക്കെ, കാർഷിക പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചകൾ അടങ്ങിയിട്ടില്ലെന്നിരിക്കെ, കേരളത്തിലെ ആദിവാസി ഭൂസമരങ്ങൾ വ്യക്തമായും കൃത്യമായും ആവശ്യപ്പെടുന്നത് കൃഷിഭൂമിയാണ്. ഈ ആവശ്യത്തെ സ്റ്റേറ്റ് നേരിടുന്നത് എങ്ങനെയാണ്? ആറളം പുനരധിവാസ പദ്ധതിയെ മുൻനിർത്തി സ്റ്റേറ്റ് ഭൂമിയെ കേവലം ' ക്ഷേമ വസ്തുവായി' മാറ്റുകയാണെന്നും ആളിപ്പടർന്നേക്കാവുന്ന ആദിവാസി ഭൂസമരങ്ങളെ അതിലൂടെ തൽക്കാലത്തേക്ക് കെടുത്താൻ ശ്രമിക്കുകയാണെന്നും വാദിക്കുകയാണ് ഇവിടെ. ഇടതും വലതും സർക്കാറുകളുടെ ജാതിയെ അഭിമുഖീകരിക്കാനുള്ള ഭയം, ബോധപൂർവ്വമായ ഉദ്യോഗസ്ഥ അനാസ്ഥ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനകം ആദിവാസി ഭൂപ്രശ്നവുമായി ബന്ധപ്പെടുത്തി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ ചർച്ചയിലേക്ക് മറ്റൊരു കാഴ്ചപ്പാട് കൂടി കൂട്ടിച്ചേർക്കുക എന്നാണ് ഈ ലേഖനം ലക്ഷ്യം വയ്ക്കുന്നത്.

സാമൂഹ്യ ക്ഷേമത്തിന്റെ പേരിൽ കൈയ്യടി വാങ്ങുന്ന കേരളത്തിൽ 5,000 ആദിവാസി കോളനി/ഊരുകൾക്ക് 1,200ഓളം ട്രൈബൽ പ്രമോട്ടർമാരും തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് മുതൽ തദ്ദേശ ഓഫീസുകളായ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസികളും, ഐ റ്റി ഡി പി ഓഫീസുകളും ട്രൈബർ എക്സ്‌റ്റൻഷൻ ഓഫീസുകളും അടങ്ങുന്ന ഒരു അതികായ ക്ഷേമഭരണ വ്യവസ്ഥ തന്നെ നിലവിലുണ്ട്. കമ്മ്യൂണിറ്റി കിച്ചൻ മുതൽ ആരോഗ്യ പരിരക്ഷയും ഭവന നിർമ്മാണവും വരെ നിരന്നു കിടക്കുന്ന കോടിക്കണക്കിന് രൂപയുടെ ക്ഷേമ പദ്ധതികളാണ് കോളനികൾക്കായി തയ്യാറാക്കപ്പെട്ടിട്ടുള്ളത്.

ഇവിടെ ഭൂമി, ക്ഷേമം (welfare) എന്നീ രണ്ടു ആശയങ്ങളെ ആഴത്തിൽ മനസ്സിലാക്കേണ്ടതുണ്ട്. 1990കളിലെ ആദിവാസി ഭൂസമരങ്ങൾ, 2001ലെ കുടിൽകെട്ടി സമരം, 2003ലെ മുത്തങ്ങ സമരം, 2006 മുതൽ വനാവകാശ നിയമവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന ക്യാമ്പയിനുകൾ, 2007 ൽ തുടങ്ങിയ ചെങ്ങറ സമരം, 2012ൽ തുടങ്ങിയ അരിപ്പ സമരം, 2014ലെ നില്പു സമരം, 2017ലെ ചലോ തിരുവനന്തപുരം റാലി - ഇവയെല്ലാം ഭൂമി എന്താണെന്ന് കൃത്യമായി പറഞ്ഞു വെക്കുന്നുണ്ട്. ചുരുക്കി രണ്ടു കാര്യങ്ങൾ പറയാം. ഒന്ന്, ഭൂമി പല മാനങ്ങൾ/അർഥങ്ങൾ ഒരേസമയം ഉൾച്ചേർന്ന ഒരു ഘടകമാണ്. ഉൽപാദന വിഭവം, സാമൂഹ്യനീതി, dignity, സുരക്ഷ, സാമൂഹ്യ പരിരക്ഷ, സ്വത്വം, ചരിത്രം, ചരിത്രപരമായ പുറന്തള്ളൽ, ഓർമ്മകൾ, ആത്മീയത, സംസ്കാരിക വിഭവം എന്നിങ്ങനെ നീളും അവ. രണ്ട്, കൃഷിഭൂമി എന്ന ആവശ്യവും ആദിവാസി മേഖലകളെ ഭരണഘടനയുടെ പ്രത്യേക പരിരക്ഷകൾ നല്കുന്ന അഞ്ചാം ഷെഡ്യൂളിൽ പെടുത്തണമെന്നുമുള്ള ആവശ്യവും അതുവഴി പെസ നിയമം (Panchayat (Extension to Scheduled Areas) Act) നടപ്പിലാക്കണം എന്നുമുള്ള ആവശ്യവും തെളിയിക്കുന്നത് ഭൂമി എന്ന വിഭവത്തിൻമേൽ ആദിവാസി ജനത സംപൂർണ്ണമായ സാമൂഹികവും രാഷ്ട്രീയവുമായ നിയന്ത്രണം ആഗ്രഹിക്കുന്നു എന്നാണ്. ലാറ്റിൻ അമേരിക്കയിലെ പല ഇൻഡിജീനസ് ജനതകളുടെയും ഭൂസമരങ്ങൾ സമാന സ്വഭാവമുള്ളതാണ് (Goodwin 2017).

ആറളത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുക ഭൂമിയെ അതിന്റെ ബഹുമുഖ അർഥങ്ങളെ ഉൾക്കൊള്ളാതെ വെറും ഒരു ക്ഷേമപദ്ധതിയായി മാറ്റുകയാണ് ഇവിടെ എന്നാണ്. ഭൂമിക്കുമേലുള്ള സുദ്യഢമായ സാമൂഹിക-രാഷ്ട്രീയ നിയന്ത്രണം എന്ന ആശയം ഇവിടെ ആദിവാസി ജനതയ്ക്ക് അന്യമാക്കപ്പെടുകയാണ്.

അതേസമയം 'ക്ഷേമം' എന്നതിനെ രണ്ടു രീതിയിൽ കാണാം. ഒന്ന്, ക്ഷേമ പദ്ധതികൾ അടുത്ത ദിവസത്തെ തൊഴിലിനു വേണ്ടി നമ്മെ നിലനിർത്താൻ പാകത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നു. രണ്ട് , കാൽ പൊലാനിയുടെ വീക്ഷണത്തിൽ, മുതലാളിത്ത കമ്പോളം ജീവിതത്തിന്റെ എല്ലാം തുറകളെയും അധീനതയിലാക്കുമ്പോൾ അതിന്റെ ആഘാതത്തിൽ നിന്ന് പരിരക്ഷ നൽകാൻ ക്ഷേമപദ്ധതികൾ ഉപകരിക്കുന്നു (Polanyi 1944).

ആറളത്തെ സൂക്ഷ്മമായി പരിശോധിച്ചാൽ നമുക്ക് മനസ്സിലാവുക ഭൂമിയെ അതിന്റെ ബഹുമുഖ അർഥങ്ങളെ ഉൾക്കൊള്ളാതെ വെറും ഒരു ക്ഷേമപദ്ധതിയായി മാറ്റുകയാണ് ഇവിടെ എന്നാണ്. ഭൂമിക്കുമേലുള്ള സുദ്യഢമായ സാമൂഹിക-രാഷ്ട്രീയ നിയന്ത്രണം എന്ന ആശയം ഇവിടെ ആദിവാസി ജനതയ്ക്ക് അന്യമാക്കപ്പെടുകയാണ്. ഏകദേശം 12,000 ഏക്കർ ഉണ്ടായിരുന്ന വനത്തിൽ നിന്നും കോറിയുണ്ടാക്കിവയാണ് ഇന്ന് ഏകദേശം 3,600 ഏക്കർ വരുന്ന ആറളം ഫാമിങ്ങ് കോർപ്പറേഷനും 3,400 ഏക്കർ വരുന്ന ആദിവാസി പുനരധിവാസ പദ്ധതിയായ ട്രൈബൽ റിസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ (TRDM) മേഖലയും. TRDM മേഖലയ്ക്കായി ട്രൈബൽ വകുപ്പിന്റെ ഫണ്ടിങ് ആയിരുന്നു ഉപയോഗിച്ചിരുന്നത്. ബാക്കി 5,000 ഏക്കർ വന്യജീവിസങ്കേതമായി തുടരുന്നു. TRDM മേഖലയിൽ 2000 മുതല്‍ നടന്ന ആദിവാസി ഭൂസമരങ്ങളുടെ ഫലമായി ഏകദേശം 3,400 ഓളം കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി കൊടുത്തിരുന്നു. ഇവരിൽ പകുതിയോളം പേരും ഇവിടെ ജീവിതം പച്ചപിടിപ്പിക്കാനാവാതെ ലഭിച്ച ഭൂമി ഉപേക്ഷിച്ച് പഴയ കോളനികളിൽ പോയി കഴിയുകയാണ്. ഒരു കൃത്രിമമായ ആവാസവ്യവസ്ഥ നിലനിർത്താൻ ആറളം പെടാപാട് പെടുകയാണ്. ഇത് തെളിയിക്കുന്ന അഞ്ചു കാര്യങ്ങൾ ചർച്ചയ്ക്കെടുക്കുകയാണ് ഇവിടെ.

ഒന്നാമത്തേത് ഉപജീവനവുമായി ബന്ധപ്പെട്ടതാണ്. ആദിവാസി ഭൂപ്രശ്നം പരിഹരിക്കാനായി സുഗന്ധഗിരി, പൂക്കോട്, അഗളി, വട്ടലക്കി പോലുള്ള ഇടങ്ങളിൽ പല സമയത്തായി ഫാമുകൾ സ്ഥാപിക്കപ്പെടുകയുണ്ടായി. ഇവ വൻതോതിൽ പരാജയപ്പെട്ടെങ്കിലും തത്വത്തിൽ ആദിവാസി കുടുംബങ്ങളെ ഫാമിന്റെ ഭരണ സമിതികളിൽ ഇവ പങ്കാളികളാക്കിയിരുന്നു. എന്നാൽ ആറളത്ത് അത് സംഭവിച്ചില്ല. പല കുടുംബങ്ങളും കൃഷിയോഗ്യമല്ലാത്ത ഭൂമി കിട്ടിയതു കാരണം ഫാമിലെ കൂലിപ്പണിക്കാരാവേണ്ട അവസ്ഥയാണ്. അവിടെയും കൂലി കിട്ടുന്നതിൽ തുടർച്ചയായി ഉണ്ടാവുന്ന കാലതാമസം കാരണം ലഭിച്ച ഭൂമി ഉപേക്ഷിച്ച് പഴയ കോളനികളിൽ പോയി താമസിക്കേണ്ട അവസ്ഥയാണ് ഇവർക്ക് . പുനരധിവാസ മേഖലയിൽ നിന്ന് പുറത്തേക്ക് പോയി വരുന്നത് ക്ലേശകരമാണ്. കൂലി കിട്ടാതെ പുറത്തു പോയി പണി തേടുമ്പോൾ ഫാമിൽ 250 ദിവസത്തെ കൂലിപ്പണി തികയ്ക്കാനാവാതെ ഇവർ ജോലിയിൽ സ്ഥിരപ്പെടുന്നതിൽ നിന്ന് പുറത്തള്ളപ്പെടുകയാണ്. ആറളത്ത് നല്കപ്പെട്ട ഭൂമി ഇവർക്കായി ഏറി വന്നാൽ ചെയ്യുന്നത് താമസിക്കാൻ താൽക്കാലികമായ ഒരിടം നൽകുക എന്നതു മാത്രമാണ്. ഭൂമി ഇവിടെ 'ക്ഷേമ'മായി ചുരുങ്ങുകയാണ്. ഈ പരിരക്ഷയും കിട്ടാതെ ഭൂമി ഉപേക്ഷിക്കേണ്ടി വരുന്നവരുടെ കാര്യത്തിൽ നടക്കുന്നതാകട്ടെ ഭൂരാഹിത്യത്തിന്റെ പുനരുല്പാദനമാണ്.

ഇടതു സർക്കാരിന്റെ സ്വപ്നപദ്ധിയായ ലൈഫ് ഇവിടെ നടപ്പാവുന്നത് എങ്ങനെയെന്ന് ശ്രദ്ധിച്ചാൽ ക്ഷേമഭരണത്തിന്റെ രസകരമായ പൊള്ളത്തരങ്ങൾ പുറത്തു വരും. ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞതു പോലെ, "നമ്മൾ ഈ ആനക്കാട് താണ്ടി കണ്ടുപിടിക്കുന്ന വീടുകൾ മുഴുവനും ഉപേക്ഷിക്കപ്പട്ടവയാണ്. അങ്ങനെയുള്ള വീടുകളാണ് നമ്മൾ ലൈഫ് പദ്ധതിയിലൂടെ വീണ്ടും നിർമ്മിക്കുന്നത്!”

ആദിവാസി കുടുംബങ്ങളെ ഇവിടെ നിലനിർത്താൻ സ്റ്റേറ്റ് ചെയ്തു വരുന്നത് ഇവിടെ ആനുകൂല്യങ്ങൾ വർഷിക്കുക എന്നതാണ്. റേഷനിലും ഉപരിയായി ഭക്ഷ്യസാധനങ്ങൾ, സ്കൂൾ, ഉച്ചഭക്ഷണത്തിനു പുറമെയുള്ള പ്രഭാത ഭക്ഷണം, ആരോഗ്യ കേന്ദ്രം, ആമ്പുലൻസ്, 2016ൽ വന്ന നബാർഡിന്റെ 167 കോടി രൂപയുടെ വികസന പദ്ധതി, ഫാം നവീകരണം എന്ന പേരിൽ ഇക്കൊല്ലം പാസ്സായ 3 കോടി, എന്നിങ്ങനെ പോകും ഈ ലിസ്റ്റ്. ആറളത്തെ ഒരു ഉദ്യോഗസ്ഥ ഒരിക്കൽ എന്നോട് പറഞ്ഞതിങ്ങനെ, "ഈ ആനുകൂല്യങ്ങളൊന്നും പോരാഞ്ഞിട്ട് ഏറ്റവും നന്നായി കൃഷി ചെയ്യുന്ന ആദിവാസി വ്യക്തിക്ക് പുരസ്കാരവും നൽകുന്നുണ്ട് സർക്കാർ. കർഷക ദിനത്തിലോ അതോ മെയ് ദിനത്തിലോ ? കേരളപ്പിറവി ! അന്നാണ് അത് കൊടുക്കുന്നത്. വളരെ നല്ല പ്രോത്സാഹനമല്ലേ അത്. ഇതിൽ കൂടുതൽ എന്താണ് വേണ്ടത്? ഇനി ആദിവാസിയിലാണ് മാറ്റം വരേണ്ടത്. ഇനി അവർ സ്വയം മുന്നോട്ടു വരണം." മാറ്റം, മുന്നോട്ടുള്ള വരവ് എന്നീ പദങ്ങൾ ഉപയോഗിക്കപ്പെടുമ്പോൾ ഇവിടെ വിസ്മരിക്കപ്പെടുന്നത് ക്ഷേമത്തിന് അതിരുകൾ ഉണ്ടെന്നും ഭൂമിയുടെ വിവിധ അർത്ഥങ്ങളെ ഉൾക്കൊള്ളാതെയും സാമൂഹിക-രാഷ്ട്രീയ അധികാരം ഉറപ്പു വരുത്താതെയുള്ള ഭൂമി വിതരണം സ്ഥായിയായിരിക്കില്ല എന്ന വസ്തുതയാണ്. ഇടതു സർക്കാരിന്റെ സ്വപ്നപദ്ധിയായ ലൈഫ് ഇവിടെ നടപ്പാവുന്നത് എങ്ങനെയെന്ന് ശ്രദ്ധിച്ചാൽ ക്ഷേമഭരണത്തിന്റെ രസകരമായ പൊള്ളത്തരങ്ങൾ പുറത്തു വരും. ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞതു പോലെ, "നമ്മൾ ഈ ആനക്കാട് താണ്ടി കണ്ടുപിടിക്കുന്ന വീടുകൾ മുഴുവനും ഉപേക്ഷിക്കപ്പട്ടവയാണ്. അങ്ങനെയുള്ള വീടുകളാണ് നമ്മൾ ലൈഫ് പദ്ധതിയിലൂടെ വീണ്ടും നിർമ്മിക്കുന്നത്!”

ആറളം ഇന്ന് വാർത്തകളിൽ നിറഞ്ഞിരിക്കുന്നത് വന്യജീവികളുമായുള്ള മനുഷ്യന്റെ സംഘ ർഷവുമായി ബന്ധപ്പെട്ടാണ്. ക്ഷേമവർഷത്താൽ ഭരണകൂടം ആറളത്തെ പിടിച്ചുനിർത്താൻ ശ്രമിക്കുമ്പോൾ ആനകൾ അതിന്റെ അടിത്തറയെ അടിമുടി പിടിച്ചുലയ്ക്കുകയാണ്. മനുഷ്യ - വന്യജീവി സംഘർഷം എന്ന സങ്കീർണ്ണ പ്രശ്നത്തെ കേവലം വേലികെട്ടൽ പ്രശ്നമായി ചുരുക്കുകയാണ് ഇവിടെ നടക്കുന്നത്. ഇവിടെയാണ് ആറളത്തിന്റെ ലേ-ഔട്ട് നമ്മൾ മനസ്സിലാക്കേണ്ടത്.

ആറളം ഫാമിന്റെ രേഖാചിത്രം. നമ്പറുകൾ സൂചിപ്പിക്കുന്നത് ഫാമിലെ ബ്ലോക്കുകളാണ്

പുനരധിവാസ മേഖല വന്യജീവി സങ്കേതത്തിന്റെയും ഫാമിന്റെയും നടുക്കാണ് ഉണ്ടാക്കിയിരിക്കുന്നത്. ആറളത്തെ കരിമ്പാല വിഭാഗത്തിൽ പെട്ട ഒരു വ്യക്തി പറഞ്ഞതു പോലെ : "ഇവിടത്തെ മൃഗങ്ങൾ ഫാമിലേക്ക് കടക്കുന്നുണ്ടോ എന്ന് നോക്കാനാണ് നമ്മളെ ഇവിടെ കൊണ്ടിട്ടിരിക്കുന്നത്!" പുനരധിവാസ മേഖല ഫാമിലെ പഴങ്ങൾക്കും വനത്തിലെ ആനകൾക്കും ഇടയിൽ ഒരു ബഫർ സോണായി തീരുകയാണിവിടെ. സാമൂഹിക-രാഷ്ട്രീയ അധികാരങ്ങൾ ഉള്ള ഭൂമി എന്ന ആശയം ഇവിടെ വീണ്ടും വിദൂരമാവുകയാണ്.

കൈവശരേഖ എന്ന ഡോക്യുമെന്റിന്റെ രാഷ്ട്രീയം ഇത് കൂടുതൽ വ്യക്തമാക്കുന്ന ഘടകമാണ്. പൂർണ്ണമായ ഉടമസ്ഥതയില്ലാതെ നിർദ്ദിഷ്ട അധികാരങ്ങൾ മാത്രം നല്കുന്ന കൈവശരേഖ പരിമിതമായ ഭൂബന്ധമേ ഇവിടെ വരുന്നവരിൽ ഉണ്ടാക്കുന്നുള്ളൂ. ഭൂമി ഉപേക്ഷിച്ചു പോയ പലരും കൈവശരേഖയും കൊണ്ടാണ് പോകാറ്. ഫാമിൽ ജോലിയില്ല. കൂലിപ്പണി ചെയ്യാൻ കോളനികളിൽ താമസിക്കണം. എന്നാൽ എന്തുകൊണ്ട് സീസണാവുമ്പോൾ കശുമാങ്ങ പെറുക്കാൻ കൈവശരേഖ കയ്യിൽ വച്ചുകൂടാ? ആറളത്തെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇത് സംശയമേതുമില്ലാത്ത കാര്യമാണ്. ജെയിംസ് സ്കോട്ടിന്റെ Weapons of the Weak (Scott 1985) - അധികാരം കുറഞ്ഞ വിഭാഗങ്ങൾ ഉപയോഗിക്കുന്ന അതിജീവന ‘ആയുധങ്ങൾ’ അല്ലെങ്കിൽ മാർഗങ്ങൾ - ഇവിടെ നമുക്ക് കാണാൻ സാധിക്കും. മലയാള ദിനപത്രങ്ങളുടെ പ്രാദേശിക താളുകൾ ശ്രദ്ധിച്ചാൽ മനസ്സിലാവും ഇത് ഉദ്യോഗസ്ഥർക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത് എന്ന്. കൈവശരേഖകൾ തിരിച്ചു പിടിക്കുന്നതിനും തിരികെ വരാത്തവരെ പുറത്താക്കുന്നതിനുള്ള ഭീഷണികൾ ഇടയ്ക്കിടെ ആറളം പ്രദേശത്ത് മുഴങ്ങാറുണ്ട്.

ഇതിൽ നിന്ന് മനസ്സിലാവുന്നത് ആദിവാസി ജനതയ്ക്ക് സ്വയംഭരണമോ അന്തസ്സോടെയോടു കൂടിയ ജീവിതമോ ഉറപ്പാക്കലല്ല, മറിച്ച് ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പുറപ്പെടുന്ന ആദിവാസി ഭൂസമരങ്ങൾ കെടുത്തുക മാത്രമാണ് ആറളം പോലുള്ള ഭൂമി വിതരണ പദ്ധതികളിലൂടെ സ്റ്റേറ്റ് ചെയ്യുന്നത് എന്നാണ്.

സ്റ്റേറ്റ് ആദിവാസി ജനതയെക്കുറിച്ച് പുലർത്തുന്ന ചില സങ്കല്പങ്ങൾ ആറളത്തിന്റെ മറ്റൊരു കോൺ തുറന്നു തരുന്ന ഘടകമാണ്. ആദിവാസി ജനതയ്ക്ക് ഭൂമിയോടുള്ള ചരിത്രപരവും സ്വത്വപരവും ആയ ബന്ധത്തെ കേവലം ഒരു ഏകശിലാ രൂപത്തിൽ വാർത്ത് കാല്പനികവത്കരിക്കുന്നതിനെതിരെ പല ഗവേഷകരും എഴുതിയിട്ടുണ്ട്. അമിതാ ബവിസ്കർ നർമ്മദയുടെ സന്ദർഭത്തിലും (Baviskar 1995) താനിയ ലി ഇന്തോനേഷ്യയിലെ ഇൻഡിജീനസ് ജനതയുടെ സന്ദർഭത്തിലും (Li 2010) എഴുതിയിട്ടുള്ളത് ഉദാഹരണങ്ങളാണ്. സാമൂഹികപരമായി പലയിടങ്ങളിൽ നില്ക്കുന്ന സുദായങ്ങളെ പട്ടികവർഗം എന്ന ഭരണകൂട-നിർമ്മിത വിഭാഗത്തിൽ പെടുത്തി ഒരുസ്ഥലത്ത് കൊണ്ടുവന്നാൽ ഉണ്ടാവുന്ന വിള്ളലുകൾ ഇവിടെ ശ്രദ്ധിക്കപ്പെടാതെ പോവുന്നു. വെറും ഭൂമി മാത്രം കൊടുത്താൽ ആദിവാസി ജനതയുടെ പ്രശ്നങ്ങൾ തീരും എന്ന അനുമാനമാണ് ഇവിടെ തുറന്നുകാട്ടപെടുന്നത്. പ്രമോട്ടർ തസ്തികകളിൽ പണിയർ വിരളമായി മാത്രം വരുന്നത് വയനാട്ടിലെന്നപോലെ ഇവിടെയും യാഥാർഥ്യമാണ്. റബ്ബർ കൃഷിയിൽ ചരിത്രപരമായി തൊഴിലെടുത്തിട്ടുള്ള മറ്റൊരു വിഭാഗം ആറളത്തെ ഭൂമിയിൽ നന്നായി കൃഷി ചെയ്ത് 'മുന്നേറാൻ' ശ്രമിക്കുന്നുണ്ട്. ഇതുപോലെ വേറെ രണ്ടു വിഭാഗങ്ങളും പണിയരെക്കാൾ നന്നായി ആറളത്ത് നിലയുറപ്പിക്കുന്നുണ്ട്. പണിയരെ റേഷൻ കൊടുത്ത് മടിയരാക്കി , പണിയക്കുട്ടികളെ സ്കൂളിൽ അല്ല പുഴയിലാണ് കാണാൻ സാധിക്കുക, പണിയർ കുടുംബശ്രീ അയൽകൂട്ടങ്ങളിൽ തുല്യമായി പങ്കെടുക്കുന്നില്ല തുടങ്ങിയ അനവധി ഇകഴ്ത്തലുകൾ ഇവിടെ കേൾക്കാൻ പറ്റിയിരുന്നു. TRDM ലെ തന്നെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞതു പോലെ , "നിങ്ങൾ നിങ്ങളുടെ പ്രബന്ധത്തിൽ ആറളത്ത് അഞ്ചാം ഷെഡ്യൂൾ മേഖല പ്രഖ്യാപിക്കണം എന്നെഴുതുന്നുണ്ടെങ്കിൽ അധികാര സ്ഥാനങ്ങളിൽ ഏതു വിഭാഗങ്ങൾ വരും/വരില്ല എന്നു കൂടി ചിന്തിക്കണം."

ആറളം പലതരം വീർപ്പുമുട്ടലുകൾക്ക് നടുവിലാണ് ഇന്ന്. ഭൂമിയുടെ നാനാർഥങ്ങളെ മനസ്സിലാക്കാതെയും അതിന്റെ മേൽ സാമൂഹികവും-രാഷ്ട്രീയവുമായ അധികാരം നല്കാതെയും കേവലം ക്ഷേമഭരണത്തിന്റെ ഒരു മിനി-മോഡൽ മാത്രമായി നടപ്പിലാക്കാനാണ് ഇപ്പോഴുള്ള ശ്രമങ്ങൾ നടക്കുന്നത്. ഇതിൽ നിന്ന് മനസ്സിലാവുന്നത് ആദിവാസി ജനതയ്ക്ക് സ്വയംഭരണമോ അന്തസ്സോടെയോടു കൂടിയ ജീവിതമോ ഉറപ്പാക്കലല്ല, മറിച്ച് ഇടയ്ക്കിടയ്ക്ക് പൊട്ടിപ്പുറപ്പെടുന്ന ആദിവാസി ഭൂസമരങ്ങൾ കെടുത്തുക മാത്രമാണ് ആറളം പോലുള്ള ഭൂമി വിതരണ പദ്ധതികളിലൂടെ സ്റ്റേറ്റ് ചെയ്യുന്നത് എന്നാണ്. ആദിവാസി ഭൂപ്രശ്നം ഹിന്ദുത്വശക്തികളുടെ കയ്യിലുള്ള ആയുധമായി മാറുന്നു എന്നതാണ് ഇതിന്റെ അനന്തരഫലം എന്ന് അധികാരം കയ്യാളുന്നവർ തിരിച്ചറിഞ്ഞാൽ നന്ന്.

References

Baviskar, Amita. 1995. In the Belly of the River : Tribal Conflicts over Development in the Narmada Valley. New Delhi: Oxford University Press.

Goodwin, Geoff. 2017. "The Quest to Bring Land under Social and Political Control: Land Reform Struggles of the Past and Present in Ecuador." Journal of Agrarian Change 17 (3): 571-593.

Li, Tania Murray. 2010. "Indigeneity, Capitalism, and the Management of Dispossession." Current Anthropology 51 (3): 385-414.

Polanyi, Karl. 1944. The Great Transformation. Boston: Beacon Press.

Scott, James C. 1985. Weapons of the Weak: Everyday Forms of Peasant Resistance. New Haven: Yale University Press.

Leave a comment