TMJ
searchnav-menu
post-thumbnail

Ecological Kerala

പരിസ്ഥിതിയും രാഷ്ട്രീയവും

18 Feb 2022   |   1 min Read
G Sajan

PHOTO: PRASOON KIRAN

പ്രകൃതിയെക്കുറിച്ചും പരിസ്ഥിതി വ്യതിയാനങ്ങളെ കുറിച്ചും കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുമൊകെ കഴിഞ്ഞ എത്രയോ ദശകങ്ങളായി ഗഹനമായ പഠന ഗവേഷണങ്ങൾ നടത്തുന്ന വ്യക്തിയാണ് ജി മധുസൂദനൻ. അദ്ദേഹത്തിന്റെ രണ്ടു പുസ്തകങ്ങളിലേക്കുള്ള ഒരു ചെറു പ്രവേശികയാണ് ഈ ലേഖനം. കേരള ശാസ്ത്രസാഹിത്യ പരിഷത് അടുത്ത കാലത്തു പ്രസിദ്ധീകരിച്ച ‘മുതലാളിത്ത വളർച്ച: സർവ്വനാശത്തിന്റെ വഴി’ എന്ന കൃതിയാണ് ഒരു പുസ്തകം. അടുത്തത് കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം വിശദീകരിക്കുന്ന 2017 ൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച പുസ്തകമാണ്. കേരളത്തിന്റെ സമഗ്ര പാരിസ്ഥിതിക ചരിത്രത്തെ കുറിച്ചുള്ള ആ ഗ്രന്ഥത്തെ മധുസൂദനൻ വിളിക്കുന്നത് ‘നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി’ എന്നാണ്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചതിനാലാവാം ഇത്തരത്തിൽ കാല്പനികമായ ഒരു പേര് ഈ പുസ്തകത്തിന് നൽകാൻ അദ്ദേഹം തീരുമാനിച്ചത് എന്നൊരു കുസൃതിയിൽ നിന്ന് ഈ ലേഖനം തുടങ്ങാം.

ലോകമെമ്പാടുമുള്ള പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ഒരു കാല്പനിക ഭാവമുണ്ട് എന്ന് മധുസൂദനൻ എഴുതുന്നു. എന്നാൽ കേരളത്തിലെ പരിസ്ഥിതി പ്രവർത്തനങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ ജീവൽ സമസ്യകളുമായി ബന്ധപ്പെട്ടാണ് വളർന്നു വന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യയിൽ, കേരളം പോലെ ഇത്ര സജീവമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങളുള്ള മറ്റൊരു സംസ്ഥാനം ഉണ്ടാവില്ല. എന്നാൽ ഈ പ്രസ്ഥാനങ്ങളുടെ വിശദമായ ചരിത്രം കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രത്തെക്കുറിച്ചു ഏകദേശം രണ്ടു നൂറ്റാണ്ടിന്റെ കഥ പറയുന്ന ഈ പുസ്തകം പ്രസക്തമാവുന്നത്. പന്ത്രണ്ട് അദ്ധ്യായങ്ങളിലായി കേരളത്തിന്റെ വനങ്ങൾ, ജലവ്യൂഹം, കൃഷി, ഊർജം, വ്യവസായം, നഗരവത്ക്കരണം ടൂറിസം എന്നിങ്ങനെ വിവിധ മേഖലകൾ മധുസൂദനൻ വിശദമായി പരിശോധിക്കുന്നു. അതോടൊപ്പം കേരളത്തിന്റെ പാരിസ്ഥിതിക പ്രതിരോധ മുന്നേറ്റങ്ങളുടെ ചരിത്രവും ഭാവിക്കു വേണ്ടി ഒരു മാനിഫെസ്റ്റോയും രണ്ടു അദ്ധ്യായങ്ങളിലായി ഇതിലുണ്ട്. ഐക്യ കേരളത്തിന്റെ പിറവിക്കൊപ്പം തന്നെ പാരിസ്ഥിതിക അവബോധവും കേരളത്തിൽ വളർന്നു തുടങ്ങി എന്ന് പറയാം. 1962 ൽ പുറത്തിറങ്ങിയ റേച്ചൽ കാഴ്സന്റെ നിശബ്ദ വസന്തവും അറുപതുകളുടെ അവസാനം വന്ന ഇ എഫ് ഷുമാക്കറിന്റെ സ്മാൾ ഈസ് ബ്യൂട്ടിഫുൾ എന്ന പുസ്തകവും ഏകദേശം അക്കാലത്തു തന്നെ മലയാളിയുടെ ശ്രദ്ധയിലും വന്നു.

എന്നാൽ കേരളത്തിന്റെ പരിസ്ഥിക്കു വേണ്ടിയുള്ള പോരാട്ടത്തിന് രണ്ടു നൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ബ്രിട്ടീഷുകാരുടെ വയനാടൻ വനങ്ങളിലേക്കുള്ള കടന്നുകയറ്റത്തെ പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കുറിച്യർ ചെറുത്തത് വനാവകാശ സമരങ്ങൾ ആയിരുന്നു എന്ന് മധുസൂദനൻ ചൂണ്ടിക്കാണിക്കുന്നു. 1932 ലെ കാടകം വന സത്യാഗ്രഹവും 1946 ലെ ചീമേനീ തോൽവിറക് സമരവുമായിരുന്നു കേരളത്തിലെ പ്രധാന പരിസ്ഥിതി പ്രതിരോധങ്ങൾ എന്ന് ഇ ഉണ്ണികൃഷ്ണൻ എഴുതുന്നതിനെ അദ്ദേഹം ഉദ്ധരിക്കുന്നു. എന്നാൽ എഴുപതുകൾ മുതലാവണം സാമൂഹിക പരിണാമത്തിന്റെ ചിന്തകളെ സമൂലമായി സ്വാധീനിക്കുന്ന തരത്തിൽ പാരിസ്ഥിതിക മുന്നേറ്റങ്ങൾ ഉയർന്നു വന്നത്.

1972 ലെ സ്റ്റോക്ഹോം സമ്മേളനം ഈ ദിശയിൽ നിർണായകമായ സ്വാധീനം ചെലുത്തി. ജനകീയ ശാസ്ത്ര പ്രസ്ഥാനമായി അറുപതുകളിൽ ആരംഭിച്ച കേരള ശാസ്ത്ര സാഹിത്യ പരിഷത് എഴുപതുകളിൽ കുട്ടനാട് അടക്കമുള്ള പഠനങ്ങളിലൂടെ പരിസ്ഥിതിയും വികസനവുമായുള്ള സങ്കീർണ ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചു തുടങ്ങിയിരുന്നു. വ്യാവസായിക മലിനീകരണത്തിനെതിരെ ശക്തമായ പ്രതിരോധം വരുന്നത് 1968 ൽ ആരംഭിച്ച ചാലിയാർ നദി സംരക്ഷണ സമരമാണ്. ഏകദേശം ഇതേ കാലത്താണ് കേരള തീരത്തെ മത്സ്യോത്പാദനവുമായി ബന്ധപ്പെട്ടു മത്സ്യ തൊഴിലാളികൾ സമരം ആരംഭിക്കുന്നത്.1981 ൽ വർഷകാല ട്രോളിങ് നിരോധനം ഏർപ്പെടുത്തുന്നത് വരെ ഈ പ്രക്ഷോഭണം നീണ്ടുനിന്നു.

പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്തു കേരളത്തിന്റെ നാലിൽ മൂന്നു ഭാഗവും വനാവൃതം ആയിരുന്നു എന്നാണ് നിഗമനം. ഐക്യ കേരളത്തിന്റെ രൂപീകരണ സമയത്തു അത് 36 ശതമാനം ആയി കുറഞ്ഞു. എന്നാൽ 1990 ൽ കേരളത്തിന്റെ വന വിസ്തൃതി 12 ശതമാനം മാത്രം ആയിരുന്നു എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

എഴുപതുകളുടെ ആദ്യം ഏലൂർ വ്യവസായ മേഖലയിലെ മലിനീകരണത്തിന് എതിരായി നടന്ന പോരാട്ടം മറ്റൊരു പോർമുഖം തുറന്നു. കുട്ടനാടിന്റെ കാർഷിക വളർച്ചയുമായി ബന്ധപ്പെട്ടു നിർമിച്ച തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി സ്പിൽവേയും ആ പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് എങ്ങനെ വിഘാതം സൃഷ്ട്ടിച്ചു എന്ന് സൂചിപ്പിക്കുന്ന പഠനങ്ങളും പുറത്തുവന്നു. ഈ സമരങ്ങൾ എല്ലാം തന്നെ മനുഷ്യന്റെ ജീവൽ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഈ പല സമരങ്ങളിലും നേതൃത്വപരമായ പങ്കു വഹിച്ച പ്രൊഫ എം കെ പ്രസാദ് എഴുതുന്നതുപോലെ ഈ സമരങ്ങൾ ഫാക്ടറികൾക്കോ വ്യവസായത്തിനോ കേരളത്തിന്റെ വികസനത്തിനോ എതിരായിരുന്നില്ല തൊഴിലാളികൾക്ക് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾ, മെച്ചപ്പെട്ട ആരോഗ്യം, വർധിച്ച ആയുസ്സു എന്നിവയ്ക്ക് വേണ്ടിയായിരുന്നു.

നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി’ എന്ന പുസ്തകത്തിലെ ഏറ്റവും സമഗ്രമായ അധ്യായം കേരളത്തിലെ വനങ്ങളുടെ ചരിത്രവുമായി ബന്ധപ്പെട്ടതാണ്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടീഷുകാർ കേരളത്തിൽ സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്ന സമയത്തു കേരളത്തിന്റെ നാലിൽ മൂന്നു ഭാഗവും വനാവൃതം ആയിരുന്നു എന്നാണ് നിഗമനം. ഐക്യ കേരളത്തിന്റെ രൂപീകരണ സമയത്തു അത് 36 ശതമാനം ആയി കുറഞ്ഞു. എന്നാൽ 1990 ൽ കേരളത്തിന്റെ വന വിസ്തൃതി 12 ശതമാനം മാത്രം ആയിരുന്നു എന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. വലിയ തോതിൽ നടന്ന തിരഞ്ഞു മുറിക്കൽ, ഗതാഗത സംവിധാനങ്ങളുടെ സൃഷ്ടി, വാണിജ്യ വിളത്തോട്ടങ്ങൾ, ആഭ്യന്തര കുടിയേറ്റം, ഗ്രോ മോർ ഫുഡ് ക്യാമ്പയിൻ എന്നിങ്ങനെ പല കാരണങ്ങൾ ഇതിനു പിറകിലുണ്ട്. എന്നാൽ 2017 ൽ വന വിസ്തൃതിയുടെ കണക്കായി കാണിക്കുന്നത് മൊത്തം ഭൂവിസ്തൃതിയുടെ ഏകദേശം 50 ശതമാനം കാടാണ് എന്നാണ്. എന്നാൽ ഈ കണക്കിന്റെ ഉള്ളിലേക്ക് കടക്കുമ്പോഴാണ് കള്ളി വെളിച്ചത്താവുക എന്ന് മധുസൂദനൻ ചൂണ്ടിക്കാണിക്കുന്നു. ഈ കണക്കിൽ നിബിഡ വനം 4 ശതമാനത്തിൽ താഴെയാണ്. ശുഷ്കവനം 24 ശതമാനവും. നിബിഡ വനങ്ങളാണ് മഴവെള്ളത്തെ ആഗിരണം ചെയ്ത് വർഷം മുഴുവൻ നീരുറവകളും തോടുകളും നിലനിർത്തി വറ്റാത്ത നദികളെ സൃഷ്ടിക്കുന്നത്. നാല് ശതമാനം നിബിഡ വനം കൊണ്ട് നമ്മുടെ ജലവ്യൂഹത്തെ നിലനിർത്തിക്കൊണ്ടു പോകാൻ സാധിക്കില്ല. അങ്ങനെ നോക്കുമ്പോൾ നമ്മുടെ വനങ്ങളെ പാരിസ്ഥിതികമായി പുനഃസ്ഥാപനം ചെയ്യേണ്ടത് നദികളുടെയും അണക്കെട്ടുകളുടെയും കൃഷിസ്ഥലങ്ങളുടെയും ആരോഗ്യത്തിന് അനിവാര്യമാണ് എന്ന് മനസ്സിലാകും. ഈ അറിവുണ്ടാകുമ്പോൾ കർഷകർ പരിസ്ഥിതി പുനഃസ്ഥാപന പ്രക്രിയയിൽ ഭാഗഭാക്കാകും എന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു.

വന നാശത്തിന്റെ പ്രത്യക്ഷമായ പ്രത്യാഘാതം കാണുന്നത് നമ്മുടെ നദികളുടെ നീരൊഴുക്കിലാണ് എന്ന് ‘തകരുന്ന നമ്മുടെ ജലവ്യൂഹം’ എന്ന അധ്യായത്തിൽ മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു. പെരിയാറൊഴികെ മിക്ക നദികളും വേനൽക്കാലത്തു വരളുന്നു. പ്രധാനപ്പെട്ട നാല് നദികളിൽ വർഷകാലത്തെ നീരൊഴുക്കിലും കുറവുണ്ടാവുന്നുണ്ട്. ഇതോടൊപ്പമാണ് അനിയന്ത്രിതമായ മണൽവാരലും മലിനീകരണവും സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ഇത് നേരിട്ട് ബാധിക്കുന്നത് കൃഷിയെയും അനുബന്ധ മേഖലയെയും ഭാവി ഭക്ഷ്യ സുരക്ഷയേയുമാണ്. കേരളത്തിലെ പാരിസ്ഥിതിക ചർച്ച വളരെ സങ്കീർണമാണ്. എഴുപതുകളിൽ നിന്ന് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിൽ എത്തിയതോടെ സമൂഹത്തിന്റെ ഘടനയിൽ കാര്യമായ വ്യത്യാസമുണ്ടായി. 1987ൽ സമൂഹത്തിന്റെ 63% വളരെ ദരിദ്രർ ആയിരുന്നു. അതായത് മൂന്നിൽ രണ്ടോളം ജനങ്ങൾ. ഇപ്പോഴത് 29% മാത്രമാണ്. മധ്യവർഗ്ഗം എന്നു പറയാവുന്നവർ 37% എന്നതിൽ നിന്ന് 71% ആയിരിക്കുന്നു എന്ന് ചില കണക്കുകൾ ചൂണ്ടിക്കാണിക്കുന്നുണ്ട്.

2030 ആകുമ്പോഴേക്കും കേരളം ഒരു മഹാനഗരമായി മാറും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഏതൊക്കെ തരത്തിലായിരിക്കും ഈ മാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക അവസ്ഥകളെ സ്വാധീനിക്കുക?

Photo: Prasoon Kiran

കേരളത്തിൽ ശ്രദ്ധേയമായുണ്ടായ മറ്റൊരു മാറ്റം നഗരവത്ക്കരണവുമായി ബന്ധപ്പെട്ടാണ്.1970 ൽ മൊത്തം ജനസംഖ്യയുടെ 25 ശതമാനം മാത്രം നഗരങ്ങളിൽ താമസിച്ചപ്പോൾ 2017 ൽ അത് 48 ശതമാനമായി ഉയർന്നു. അതായത് കേരളത്തിൽ പകുതിയോളം ജനങ്ങൾ നഗരങ്ങളിലാണ് താമസിക്കുന്നത് എന്നർത്ഥം. ഇന്ത്യയുടെ ദേശീയ ശരാശരി 31 ശതമാനം മാത്രമാണ് എന്നോർക്കണം. ലോകത്തിലെ വാർഷിക നഗര ജനസംഖ്യാ വർധനവിന്റെ തോത് 2.97 ശതമാനവും ഇന്ത്യയിലേത് 2.98 ശതമാനവും ആയിരിക്കെ കേരളത്തിൽ അത് 4.58 ശതമാനവുമാണ്.

2030 ആകുമ്പോഴേക്കും കേരളം ഒരു മഹാനഗരമായി മാറും എന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഏതൊക്കെ തരത്തിലായിരിക്കും ഈ മാറ്റം സംസ്ഥാനത്തിന്റെ സാമ്പത്തിക പാരിസ്ഥിതിക അവസ്ഥകളെ സ്വാധീനിക്കുക? ഒരു കാര്യം തീർച്ചയാണ്. നഗരവത്ക്കരണം നമ്മൂടെ തണ്ണീർത്തടങ്ങളെയും നെൽപ്പാടങ്ങളെയും പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള നഗരവത്ക്കരണത്തിനുള്ള പ്രായോഗിക ബദൽ നമ്മുടെ വികസന ചിന്തകളിൽ വരേണ്ടതുണ്ട്. ഈ മാറ്റങ്ങളെ ഉൾക്കൊണ്ടു വേണം പരിസ്ഥിതിയും വികസനവുമായുള്ള ബന്ധം പരിശോധിക്കാൻ. പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ തുടക്കത്തിൽ ജനങ്ങളിൽ സ്വാധീനമുണ്ടാക്കാൻ വൈകാരികതയും കാല്പനികതയും ഉപയോഗിക്കേണ്ടി വരും. അത് എഴുപതുകളിൽ തുടങ്ങിയ പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ സ്വഭാവമായിരുന്നു. എന്നാൽ നയരൂപീകരണത്തെ സ്വാധീനിക്കാൻ കൃത്യമായ കണക്കുകളുടെ സഹായമുള്ള ബദൽ സാമ്പത്തിക രാഷ്ട്രീയ സമീപനം വേണം. ഇതിനെ നോളെജ് ആക്ടിവിസം എന്നാണ് മധുസൂദനൻ വിളിക്കുന്നത്. ഇത്തരത്തിൽ ജീവൽ പ്രശ്നങ്ങളെ പരിസ്ഥിതി സന്തുലനവുമായി ബന്ധപ്പെടുത്തുന്ന പുരോഗമന രാഷ്ട്രീയക്കാരെ ഇക്കോളജിക്കൽ മാർക്സിസ്റ്റുകൾ എന്നാണ് രാമചന്ദ്ര ഗുഹ വിളിക്കുന്നത് എന്ന് മധുസൂദനൻ പറയുന്നു.

അതേവരെ ബംഗാൾ ഉൾക്കടലിൽ കൊടുങ്കാറ്റുകൾ രൂപം കൊണ്ട് ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ചരിത്രമുണ്ടായിരുന്നു. എന്നാൽ ഓഖിയോട് കൂടിയാണ് അറേബ്യൻ കടലിന്റെ ഉപരിതല ചൂട് വർധിക്കുന്നതായും അവ കൊടുങ്കാറ്റുകൾക്ക് കാരണമാവുന്നതായും ഉള്ള പഠനങ്ങൾ ജനശ്രദ്ധയിലേക്കു വന്നത്.

കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം പരിശോധിക്കുമ്പോൾ നമ്മൾ ഇന്നിന്റെ യാഥാർഥ്യത്തിൽ നിന്നാവണം പിറകിലേക്ക് നോക്കേണ്ടത് എന്ന് ആദ്യ അധ്യായത്തിൽ തന്നെ അദ്ദേഹം പറയുന്നുണ്ട്.അതിൽ ഏറ്റവും പ്രധാനം 2018 ലെ മഹാ പ്രളയമാണ്. 2018 ജൂൺ മുതലുള്ള മൂന്നു മാസം 42 %അധിക മഴയാണ് പെയ്തത്. ഓഗസ്റ്റ് ഒന്ന് മുതലുള്ള മൂന്നാഴ്ച ഇത് സാധാരണയിൽ നിന്ന് 164 ശതമാനം അധികമായിരുന്നു . 483 പേരാണ് ഈ പ്രളയത്തിൽ മരണമടഞ്ഞത്. 31000 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. തൊട്ടടുത്ത വർഷം വീണ്ടും വാൻ തോതിൽ വെള്ളപ്പൊക്കമുണ്ടായി. വലിയ നാശനഷ്ടങ്ങൾ ആവർത്തിച്ചു. പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയായി. സത്യത്തിൽ കേരളത്തിലെ പ്രകൃതി ദുരന്തങ്ങളുടെ മാറ്റം ശ്രദ്ധിച്ചു തുടങ്ങേണ്ടത് 2017 ലെ ഓഖി കൊടുങ്കാറ്റ് മുതലാണ്. അതേവരെ ബംഗാൾ ഉൾക്കടലിൽ കൊടുങ്കാറ്റുകൾ രൂപം കൊണ്ട് ഇന്ത്യയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിക്കുന്ന ചരിത്രമുണ്ടായിരുന്നു. എന്നാൽ ഓഖിയോട് കൂടിയാണ് അറേബ്യൻ കടലിന്റെ ഉപരിതല ചൂട് വർധിക്കുന്നതായും അവ കൊടുങ്കാറ്റുകൾക്ക് കാരണമാവുന്നതായും ഉള്ള പഠനങ്ങൾ ജനശ്രദ്ധയിലേക്കു വന്നത്. 2019 ൽ അറേബ്യൻ കടലിൽ അഞ്ചു കൊടുങ്കാറ്റുകളാണ് ഉണ്ടായത്. കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും തീവ്രമായ ഒരു പ്രളയം ഉണ്ടായത് 1924 ൽ ആണ്. 1961 ലുമുണ്ടായി അതി തീവ്ര മഴ. എന്നാൽ ഇക്കാലത്തുണ്ടാകുന്ന തീവ്ര മഴകൾ ലോകമാകെ വ്യാപിക്കുന്ന അന്തരീക്ഷ പ്രതിഭാസത്തിന്റെ ഭാഗമാണ്.

കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രം പഠിക്കാനാഗ്രഹിക്കുന്ന ആർക്കും ഏറെ പ്രാധാന്യമുള്ള ഒരു പുസ്തകമാണിത്. കൂടുതലായി വരുന്ന പാരിസ്ഥിതിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഈ പുസ്തകത്തിന്റെ പ്രാധാന്യം കൂടി വരികയേ ഉള്ളൂ. പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായം ‘ഭാവിക്കു വേണ്ടി ഒരു മാനിഫെസ്റ്റോ’ എന്ന അവസാന അധ്യായമാണ്. ഭാവിയിലേക്ക് ഏറെ മുന്നോട്ട് കടന്നാണ് ഈ ചിന്തകൾ മധുസൂദനൻ അവതരിപ്പിക്കുന്നത്. ഇതിനെ ഒരു അരുണ ഹരിത അജണ്ട എന്ന് അദ്ദേഹം വിളിക്കുന്നു. സമഗ്ര വികസന മേഖലകളിലും ബദൽ സമീപനങ്ങൾ അദ്ദേഹം നിർദേശിക്കുന്നുണ്ട്. ആഗോള കാലാവസ്ഥാ പ്രതിഭാസങ്ങളെ മനസ്സിലാക്കിക്കൊണ്ടും അവയ്ക്ക് കേരള പരിസ്ഥിതിയിൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ കണക്കിലെടുത്തുകൊണ്ടും മാത്രമേ ഏതു വലിയ പശ്ചാത്തല പ്രോജക്ടുകളും ഏറ്റെടുക്കാവൂ എന്നതാണ് ഈ പുസ്തകത്തിലൂടെ അദ്ദേഹം ഉന്നയിക്കുന്ന വാദം. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന സിൽവർ ലൈൻ വിവാദമൊക്കെ ഈ പശ്ചാത്തലത്തിൽ വേണം വിലയിരുത്താനാവുക.

കാലാവസ്ഥാമാറ്റവും അതി തീവ്ര മഴകളും തമ്മിലുള്ള ബന്ധം കൃത്യമായി നിർണയിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകമെമ്പാടുമുണ്ടാവുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ കാലാവസ്ഥാ മാറ്റത്തെ ഒരു യാഥാർഥ്യമായി അംഗീകരിക്കാൻ ശാസ്ത്രലോകം തയ്യാറായിക്കഴിഞ്ഞു. കാലാവസ്ഥാ മാറ്റത്തിന്റെ രാഷ്ട്രീയം വിശദമായി അപഗ്രഥിക്കുന്ന പുസ്തകമാണ് ‘മുതലാളിത്ത വളർച്ച സർവ നാശത്തിലേക്കുള്ള വഴി’ എന്ന പുസ്തകം. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചും ലോകത്തു നടക്കുന്ന വികസന ചിന്തകളെക്കുറിച്ചും കഴിഞ്ഞ അഞ്ചു വർഷം നടത്തിയ ഗവേഷണത്തിന്റെ ഉത്പന്നമാണ് ഈ പുസ്തകം. പതിനാലു അദ്ധ്യായങ്ങളിലായി 440 പേജുകളിൽ പരന്നു കിടക്കുന്ന ഈ പഠന ഗ്രന്ഥം ഈ രംഗത്തുള്ള നൂറു കണക്കിന് പുസ്തകങ്ങൾ വായിക്കുന്നതിന് പകരം വക്കാൻ മാത്രം പ്രൗഢമാണ്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ താപനിലയിൽ 4 ഡിഗ്രിയുടെ വർദ്ധനവുണ്ടാകാം എന്നാണ് എല്ലാ പ്രധാന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയുടെ ജിയോളജിക്കൽ ചരിത്രത്തിൽ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ഹോളോസീൻ എന്നാണ്.

1937 ൽ ലോകത്തിന്റെ ആകെ ജനസംഖ്യ 2.3 ബില്യനും അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 280 പാർട്സ് പെർ മില്യനും ഭൂമിയിലെ മൊത്തം കാട് 66 ശതമാനവും ആയിരുന്നു. എന്നാൽ നൂറു വർഷത്തിനുള്ളിൽ ഭൂമിയിലെ ജനസംഖ്യ 7 .8 ബില്യൺ ആയി ഉയർന്നു. അന്തരീക്ഷത്തിലെ കാർബണിന്റെ അളവ് 415 പാർട്സ് പെർ മില്യൺ ആയി. ഭൂമിയിൽ 35 ശതമാനം മാത്രം കാട് അവശേഷിച്ചു. കഴിഞ്ഞ 40 വർഷത്തിനുള്ളിൽ ആർക്ടിക് പ്രദേശങ്ങളിൽ വേനൽ കാലത്തു 40 % ഹിമാവരണം കുറഞ്ഞു. ഈ പ്രക്രിയ ഇതേപോലെ ഇങ്ങനെ നിയന്ത്രണമില്ലാതെ തുടർന്നാൽ ഒരു നൂറു വര്ഷം കൂടി കഴിയുമ്പോൾ എന്താവും ഭൂമിയുടെ അവസ്ഥ?

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ അന്തരീക്ഷ താപനിലയിൽ 4 ഡിഗ്രിയുടെ വർദ്ധനവുണ്ടാകാം എന്നാണ് എല്ലാ പ്രധാന പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത്. ഭൂമിയുടെ ജിയോളജിക്കൽ ചരിത്രത്തിൽ നാം ജീവിക്കുന്ന ഈ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നത് ഹോളോസീൻ എന്നാണ്. കഴിഞ്ഞ 12000 വര്ഷത്തെയാണ് ഇങ്ങനെ അടയാളപ്പെടുത്തുന്നത്. ചരിത്രത്തിലെ പുതിയൊരു കാലം എന്നുമാത്രമേ ഈ വാക്കിനു അർത്ഥമുള്ളൂ. എന്നാൽ വ്യാവസായിക വിപ്ലവത്തിന് ശേഷമാണ് മനുഷ്യന്റെ ഇടപെടൽ ഭൂമിയുടെ കാലാവസ്ഥയെ ഏറെ പ്രതികൂലമായി ബാധിക്കുന്നു എന്ന ബോധ്യം ശക്തമായത്.

മനുഷ്യന്റെ തുടർച്ചയായ ഇടപെടലാണ് പ്രകൃതിയുടെ താളം തകർക്കുന്നത്. ജൈവ വൈവിധ്യത്തിന്റെ സ്ഥാനത്തു ഏകവിള സമ്പ്രദായങ്ങൾ വന്നു. മഴക്കാടുകളുടെ പകുതിയോളം നാമാവശേഷമായി. കടൽ സമ്പത്തിന്റെ അനിയന്ത്രിതമായ ചൂഷണം തീരദേശങ്ങളെ ദരിദ്രമാക്കി. മനുഷ്യകേന്ദ്രീകൃതമായ ഈ കാലത്തെ ആന്ത്രോപോസീൻ കാലഘട്ടം എന്നാണു വിളിക്കുന്നത്. എന്നാൽ ലോകത്തുണ്ടാവുന്ന കാലാവസ്ഥാ മാറ്റത്തിന്റെ 85 ശതമാനവും സംഭാവന ചെയ്യുന്നത് വെറും 99 കമ്പനികൾ മാത്രമാണ് എന്ന് മധുസൂദനൻ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രീകൃതമായ ഉത്പാദന വ്യവസ്ഥ മാറാതെ ഈ പ്രശ്നങ്ങൾക്ക് അടിസ്ഥാനപരമായ പരിഹാരം ഉണ്ടാവില്ല എന്ന് അദ്ദേഹം വാദിക്കുന്നു. അതുകൊണ്ടു തന്നെ നാം ജീവിക്കുന്ന ഈ കാലത്തെ കാപിറ്റലോസീൻ Capitalocene എന്ന് വിളിക്കണം എന്ന് അദ്ദേഹം നിർദേശിക്കുന്നു.

എന്താണ് മുതലാളിത്ത വളർച്ചയുടെ അടിസ്ഥാന പ്രശ്നം? ഏറ്റവും പ്രധാനം അമിതോത്പാദനമാണ്. ഈ പ്രശ്നത്തെയാണ് മധുസൂദനൻ പ്രാഥമികമായി പരിശോധിക്കുന്നത്. ഈ പഠനത്തിന്റെ അടിസ്ഥാന വാദങ്ങളിൽ ഒന്ന് ‘നിരന്തര വളർച്ച’ പരിമിതമായ ഈ ഭൂമിയിൽ അസാധ്യമാണ് എന്നതാണ്. ജോൺ കെന്നത് ഗാൽബ്രെയ്ത്തിന്റെ വാക്കുകൾ കടമെടുത്താൽ “അപരിമിത വളർച്ച എന്ന പ്രചാരണം നിർദോഷമായ വഞ്ചന അഥവാ Innocent Fraud ആണ്” വ്യക്തിപരമായ ശീലങ്ങളുടെ തിരുത്തലിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും എന്ന വാദം അരാഷ്ട്രീയമാണെന്നും ഗ്രന്ഥകർത്താവ് വാദിക്കുന്നു. ഇവിടെയാണ് അടിസ്ഥാന മാർക്സിസ്റ് ചിന്തകളിലേക്ക് പുസ്തകം നമ്മെ നയിക്കുന്നത്. മുതലാളിത്ത ആധുനികത സൃഷ്ടിച്ചത് ഫോസിൽ ഇന്ധനങ്ങളിലൂടെ ചരിത്രത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഊർജ ധാരാളിത്തമാണ് എന്ന് മധുസൂദനൻ വാദിക്കുന്നു. ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല സാമ്പത്തിക വളർച്ചക്ക് നിദാനമായ മറ്റ് ലോഹങ്ങളും ധാതുക്കളും ഉപയോഗിച്ച് തീർക്കുന്നതാണ് മുതലാളിത്തത്തിന്റെ ഉത്പാദന ശൈലി. അതുകൊണ്ടു തന്നെ ബദൽ ഊർജ സ്രോതസ്സുകൾക്കും ഈ പരിമിതിയെ മറികടക്കാനാവില്ല. പ്രകൃതി വിഭവങ്ങളെ ഇത്തരത്തിൽ താത്ക്കാലിക ലാഭത്തിനായി ഉപയോഗിച്ച് തീർക്കുന്ന ഈ ഉത്പാദന പ്രക്രിയയുടെ പരാജയം മനസ്സിലാക്കണമെകിൽ സമൂഹവും പ്രകൃതിയും തമ്മിലുള്ള പുതിയൊരു വൈരുദ്ധ്യാത്മക ബന്ധം നാം കണ്ടെത്തണം. ഇതിനായി മാർക്സിന്റെ ചിന്തകളെ വീണ്ടും പുനർവായിക്കണം.ഈ ചിന്ത നമ്മെ നയിക്കുക കാർബൺ അനന്തര ഭാവിയിലേക്കും മുതലാളിത്താനന്തര ഭാവിയിലേക്കും ആണ്.

അങ്ങനെ നോക്കുമ്പോൾ ഈ പുസ്തകം ഇക്കോളജിയും മുതലാളിത്തവും തമ്മിലുള്ള സംഘർഷങ്ങളുടെ വിശകലനമാണ്. വളർച്ച മന്ദീഭവിക്കുമ്പോൾ മുതലാളിത്തം മിച്ചമുള്ള വന്യസ്ഥലികളിലെ വിഭവങ്ങൾ കവർന്നെടുക്കുകയും അങ്ങനെ സർവ്വനാശത്തിലേക്കുള്ള വഴി തുറക്കുകയും ചെയ്യും. ഈ രംഗത്തു കൃത്യമായി ഇടപെടാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ട്. മുതലാളിത്ത സമൂഹത്തെക്കുറിച്ചുള്ള ചർച്ചകൾ നമ്മളെ ഏറ്റവും അലട്ടിയത് കോവിഡ് കാലത്താണ്. ലക്ഷക്കണക്കിന് സാധാരണ തൊഴിലാളികൾ നമ്മുടെ നഗരങ്ങളിൽ നിന്ന് തൊഴിൽ നഷ്ടപ്പെട്ടു പലായനം ചെയ്യുന്ന കാഴ്ച സാമൂഹിക മനസ്സിനെ ഏറെ അസ്വസ്ഥമാക്കി. അതെ സമയം ഈ മഹാമാരിയുടെ കാലത്തു ധനികർ കൂടുതൽ ധനികരാവുകയും ചെയ്തു. എന്നാൽ മുതലാളിത്ത സാമ്പത്തിക ക്രമമാണ് ചരിത്രത്തിന്റെ അവസാന വാക്ക് എന്നതിന് മറുപടിയായി ജനകീയവും പ്രകൃതിയോട് കൂടുതൽ ചേർന്ന് നിൽക്കുന്നതുമായ ഒരുത്പാദന മാതൃകയും നീതിയിലും സമത്വത്തിലും അധിഷ്ഠിതമായ ഒരു സാമൂഹിക ക്രമവുമാണ് നാം മുന്നോട്ട് വയ്ക്കേണ്ട ഇടതുപക്ഷ ബദൽ. ഇതിനു സഹായകരമായ ഒരു ജ്ഞാനാത്മക ഭൂപടരചനക്കു (Cognitive Mapping) ഈ പുസ്തകം പ്രയോജനപ്പെടുമെന്നാണ് ഗ്രന്ഥകർത്താവ് പ്രതീക്ഷിക്കുന്നത്.അതിനു സഹായകരമാവും വിധം മൗലികവും വൈവിധ്യപൂർണവുമാണ് പുസ്തകത്തിന്റെ ഘടന.

മുതലാളിത്ത ഉത്പാദന പ്രക്രിയ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ എരിച്ചു തീർത്ത ഫോസിൽ ഇന്ധനങ്ങളാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. അതുകൊണ്ടു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടം മുതലാളിത്തത്തിന് എതിരായ പോരാട്ടം തന്നെയാണ്.

ആദ്യ അധ്യായത്തിൽ ആധുനികത എന്ന സംജ്ഞ തന്നെ വിശദമായ ചർച്ചക്ക് വിധേയമാക്കുന്നുണ്ട്. മുതലാളിത്തത്തിന്റെ ഉത്പന്നമല്ല ആധുനികത. പതിനാറാം നൂറ്റാണ്ടിൽ ഉയർന്നു വന്ന ജ്ഞാനോദയ ചിന്തകൾ അടുത്ത ചില നൂറ്റാണ്ടുകളിൽ ലോകം മുഴുവൻ വ്യാപിച്ചിരുന്നു. എന്നാൽ കൊളോണിയൽ അടിമത്തത്തിലൂടെ സാമ്രാജ്യത്വ ശക്തികൾ കയ്യടക്കിയതാണ് ഇപ്പോൾ കാണുന്ന മുതലാളിത്ത മൂലധനം. ചരിത്രത്തിലെ ഏറ്റവും മനുഷ്യത്വരഹിതമായ അധ്യായങ്ങൾക്കാണ് കൊളോണിയൽ കാലഘട്ടം സാക്ഷ്യം വഹിച്ചത്. അതോടൊപ്പം നടന്ന പ്രകൃതിയുടെ അമിതമായ ചൂഷണവും. ഇങ്ങനെ സമാഹരിച്ച മൂലധനമാണ് ഇന്നത്തെ മുതലാളിത്തത്തെ സൃഷ്ടിച്ചത്. ഈ ചരിത്ര പശ്ചാത്തലം മനസ്സിലാക്കാതെ പല രാജ്യങ്ങളിലെ വികസന മാതൃക നമുക്ക് വിശകലനം ചെയ്യാൻ കഴിയില്ല. ഇത്തരം വിശകലനത്തിന് ഏറ്റവും സഹായകമാവുന്നത് മാർക്സിസ്റ് വിശകലന രീതി തന്നെയാണ്. ഈ ദിശയിലുള്ള മാർക്സിന്റെ പുനർവായന ഇപ്പോൾ ധാരാളം നടക്കുന്നുണ്ട്. ഈ രംഗത്തെ പ്രമുഖരാണ് ജോൺ ബെല്ലമി ഫോസ്റ്റർ, ജാപ്പനീസ് മാർക്സിസ്റ് ചിന്തകനായ കോഹി സെയ്ടോ തുടങ്ങിയവർ. മുതലാളിത്ത ഉത്പാദന വ്യവസ്ഥ ഊർജ വസ്തു വ്യയം ചെയ്യുന്ന ഒരു എൻട്രോപ്പിക് പ്രക്രിയയാണ് എന്ന് മാർക്സും ഏംഗൽസും കണ്ടെത്തിയിരുന്നു.

മുതലാളിത്ത ഉത്പാദന പ്രക്രിയ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ എരിച്ചു തീർത്ത ഫോസിൽ ഇന്ധനങ്ങളാണ് ഇപ്പോൾ നാം അഭിമുഖീകരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായത്. അതുകൊണ്ടു തന്നെ കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടം മുതലാളിത്തത്തിന് എതിരായ പോരാട്ടം തന്നെയാണ്. അറിവിന്റെ പുതിയ മേഖലകൾ എന്ന രണ്ടാം അധ്യായം വികസന പാരിസ്ഥിതിക ചിന്തകളുടെ ചരിത്രത്തിലൂടെയുള്ള ഒരു സഞ്ചാരമാണ്. വളർച്ചയുടെ പരിധി പ്രവചിച്ച ക്ലബ് ഓഫ് റോം മുതൽ എണ്ണ യുഗം സൃഷ്ടിച്ച കൃത്രിമ മുതലാളിത്ത സമൃദ്ധി വരെ ഇതിൽ വിശകലം ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ലഭിച്ച ഊർജ ധാരാളിത്തം മനുഷ്യന്റെ ജീവിതത്തിൽ കൊണ്ടുവന്ന നേട്ടങ്ങൾ ഗ്രന്ഥകർത്താവ് കാണാതെയിരിക്കുന്നുമില്ല. എന്നാൽ ഇത്തരമൊരു മാറ്റത്തിന് ഒരു അമേരിക്കൻ മോഡൽ മുതലാളിത്തം അനിവാര്യമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ബദൽ സാധ്യതകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നതാകട്ടെ കേരളം അവലംബിച്ച വികസന പാതയെയാണ്. തുടർന്നുള്ള അധ്യായത്തിൽ ഇത്തരത്തിലുള്ള വളർച്ച സൃഷ്ടിക്കുന്ന സാമ്പത്തികവും സാമൂഹികവും പാരിസ്ഥിതികവുമായ പ്രത്യാഘാതങ്ങളുടെ പഠനമാണ്. വർധിക്കുന്ന അസമത്വം, പെരുകുന്ന കടം, വളർച്ചയുടെ ഹിംസാത്മകത, ഡിജിറ്റൽ കാലത്തേ തൊഴിൽ രഹിത വളർച്ച, സാമ്രാജ്യത്വ വ്യാപനത്തിന്റെ ഭാഗമായിട്ടുണ്ടാവുന്ന ജനാധിപത്യ ധ്വമസാനം, ജൈവ വൈവിധ്യ നഷ്ടം, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഗോള പ്രത്യാഘാതങ്ങൾ എന്നിവയൊക്കെ വിശകലന വിധേയമാവുന്നുണ്ട്.

ഇനിയുള്ള ചോദ്യം ഫോസിൽ ഇന്ധനങ്ങൾ എത്ര കാലം നിലനിൽക്കും എന്നാണ്? വിശദമായ പഠനങ്ങളുടെ അടിസ്ഥാനത്തിൽ അദ്ദേഹം സ്ഥാപിക്കുന്നത് 2050 ആകുമ്പോഴേക്കും ഫോസിൽ ഇന്ധനങ്ങളുടെ ലഭ്യത 1950 ലെ തോതിലേക്കു ചുരുങ്ങും എന്നാണ്. എന്ന് മാത്രമല്ല ആഗോള താപനം 2 ഡിഗ്രി സെന്റിഗ്രേഡ് ആയി നിയന്ത്രിക്കണം എങ്കിൽ ഇനി ലഭ്യമായ ഫോസിൽ ഇന്ധനങ്ങളുടെ 25 ശതമാനമെങ്കിലും ഉപയോഗിക്കാതെ മണ്ണിനടിയിൽ ഉപേക്ഷിക്കുകയും വേണം. ഈ സാഹചര്യത്തിലാണ് ബദൽ ഊർജത്തിന്റെ സാദ്ധ്യതകൾ എത്ര എന്ന ചോദ്യം ഉയരുന്നത്. സൗരോർജം, പവനോർജം, സമുദ്ര ഊർജം, ജൈവ വസ്തുക്കളിൽ നിന്നുള്ള വൈദ്യുതി, ഭൂഗർഭ താപ ഊർജം എന്നിവയുടെയൊക്കെ സാധ്യതകളും പരിമിതികളും വിശദമായി ഇവിടെ പഠിക്കുന്നുണ്ട്.

ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഒരു യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ടതിന്റെ പത്തിരട്ടി ലോഹ ധാതുക്കൾ വേണം ബദൽ ഊർജത്തിന്റെ ഒരു യൂണിറ്റ് ഉത്പാദിപ്പിക്കാൻ. ഇതിൽ നിർണായകമായ പല ലോഹങ്ങളും ദുർലഭമാണ് എന്ന് മാത്രമല്ല അവയുടെ ഭൂമിശാസ്ത്രപരമായ കേന്ദ്രീകരണം (ഇവയിൽ പലതിന്റെയും 95 ശതമാനം ചൈനയിലാണ്.) പുതിയൊരു ആഗോള രാഷ്ട്രീയ അസ്ഥിരതക്കും ബലാബലത്തിനും കാരണമാവുകയും ചെയ്യും. അതായത് ഊർജത്തിന്റെ അക്ഷയപാത്രം എന്ന സങ്കൽപം ഒരു മിഥ്യയാണ്. അതായത് ഫോസിൽ ഇന്ധനങ്ങൾ മാത്രമല്ല ബദൽ ഊർജം ഉണ്ടാക്കാനുള്ള നിർണായക ലോഹങ്ങളും ഏകദേശം ഈ നൂറ്റാണ്ടിൽ തന്നെ ഉച്ചസ്ഥായിൽ എത്തും. മുതലാളിത്ത ദുര ഭൂമിയെ മൊത്തത്തിൽ ഒരു ഖനിയാക്കി മാറ്റാൻ അനുവദിച്ചുകൂടാ. എന്നാൽ ഈ വാദത്തെ നിരാകരിക്കുന്ന, ശാസ്ത്രം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തും എന്ന് വാദിക്കുന്ന പ്രബലമായ ഒരു സംഘവുമുണ്ട്. അവരുടെ പ്രതിവിധികളേയും അതിന്റെ പരിമിതികളെയും വിശദീകരിക്കുന്നതാണ് അടുത്ത അധ്യായം. സാമ്പത്തിക വികസനത്തിന്റെ ഉയർന്ന ഘട്ടത്തിൽ പരിസ്ഥിതി സംരക്ഷണം സാധ്യമാകും എന്ന തരത്തിൽ ഒരു ‘പാരിസ്ഥിതിക കുസ്നെറ്റ്സ് കർവ്’ ഉണ്ടാവും എന്ന് വാദിക്കുന്നവരോടും മധുസൂദനൻ യോജിക്കുന്നില്ല. ജീവന്റെ ഉന്മൂലനത്തിലേക്ക് തന്നെ നയിക്കാവുന്ന ഉത്പാദന പ്രക്രിയ, അവയ്ക്കായുള്ള മുടന്തൻ മുതലാളിത്ത പരിഹാരങ്ങൾ എന്നിവയുടെ നിശിതമായ വിമർശനമാണ് അടുത്ത രണ്ട് അധ്യായങ്ങൾ.

എന്നാൽ അവസാനത്തെ രണ്ടു അധ്യായങ്ങൾ മുതലാളിത്ത വളർച്ചയുടെ ഒടുങ്ങലിനെക്കുറിച്ചുള്ള മാർക്സിസ്റ്റ് വീക്ഷണവും എണ്ണ യുഗാനന്തര ലോകത്തിലെ എക്കോ സോഷ്യലിസം എന്ന പ്രത്യാശയുമാണ്. അതായത് ഈ പുസ്തകം അവതരിപ്പിക്കുന്നത് നിരാശയുടെ ചിത്രമല്ല. ഭാവിയെക്കുറിച്ചുള്ള സജീവമായ പ്രതീക്ഷകൾ തന്നെയാണ്. എന്നാൽ മുതലാളിത്ത സമ്പദ്ഘടനയെ ഈ പഠനം പൂർണമായും നിരാകരിക്കുകയാണ്. മറിച്ചു പാരിസ്ഥിതിക അവബോധത്തിലൂന്നിയ ഒരു സോഷ്യലിസ്റ്റ് ഭാവിയെ മധുസൂദനൻ സ്വപ്നം കാണുന്നു. അദ്ദേഹം അവതരിപ്പിക്കുന്ന ഈ ബദൽ മാതൃകയിൽ വികേന്ദ്രീകൃത വികസന പാത ഏറെ പ്രാധാന്യം അർഹിക്കുന്നു. മധുസൂദനൻറെ വാദങ്ങൾ ചിലപ്പോൾ കടുത്ത പ്രത്യയശാസ്ത്ര ശാഠ്യങ്ങൾ ആകുന്നുണ്ടോ എന്ന് തോന്നാം. ഉദാഹരണത്തിന് ജൈവ കൃഷിയെക്കുറിച്ചുള്ള ചില വീക്ഷണങ്ങൾ. അതേപോലെ സാങ്കേതിക സാധ്യതകളോടുള്ള സമീപനത്തിലും ചില കടുംപിടുത്തങ്ങൾ കാണാം. എന്നാൽ ഈ പുസ്തകത്തിലൂടെ ഗ്രന്ഥകർത്താവ് മുന്നോട്ട് വക്കുന്ന ദാർശനിക കാഴ്ചപ്പാട് തികഞ്ഞ മാനവികതയിൽ ഊന്നിയതാണ്.

photo : prasoon kiran

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ ദരിദ്ര രാജ്യങ്ങളിലെ സാമൂഹിക സംഘർഷങ്ങളെ മൂർച്ഛിപ്പിക്കുന്നു എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. 1961 മുതൽ 2010 വരെയുള്ള അര നൂറ്റാണ്ടിൽ ദരിദ്ര രാജ്യങ്ങളിലെ സാധാരണക്കാരുടെ പ്രതിശീർഷ വരുമാനം 40 ശതമാനം കാലാവസ്ഥാ വ്യതിയാനം മൂലം കുറഞ്ഞു എന്നാണ് സ്റ്റാൻഫോർഡ് സർവകലാശാലയുടെ പഠനം. ഇരുപത്തിഒന്നാം നൂറ്റാണ്ടിന്റെ അവസാനമാകുമ്പോഴേക്കും കോടിക്കണക്കിനു ആളുകളുടെ വരുമാനത്തിൽ 75 ശതമാനം കുറവുണ്ടാകും എന്നും പഠനങ്ങളുണ്ട്. പട്ടിണിയിൽ പത്തു മുതൽ ഇരുപതു ശതമാനം വരെ വർദ്ധനവ് ഉണ്ടാകും. 1.7 ബില്യൺ ആളുകളെയാണ് ഇത് ബാധിക്കുക. അതേ സമയം ഏറ്റവും കൂടുതൽ ഹരിതഗൃഹ വാതകങ്ങൾ പുറത്തുവിടുന്ന രാജ്യങ്ങളുടെ ജിഡിപി 13 ശതമാനമാണ് വർധിച്ചത്. ദക്ഷിണ മേഖലയിലെ ഉഷ്ണ മേഖലാ രാജ്യങ്ങളെ കാലാവസ്ഥാ വ്യതിയാനം പ്രതികൂലമായി ബാധിച്ചപ്പോൾ ശീത കാലാവസ്ഥാമേഖലകളിൽ വന്ന താപ വർദ്ധനവ് അവരെ സാമ്പത്തികമായി സഹായിക്കുകയാണ് ഉണ്ടായത്. ഇന്ത്യ, നൈജീരിയ, സുഡാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ പ്രതിശീർഷ ദേശീയ ഉത്പാദനം 10 ശതമാനം കുറഞ്ഞപ്പോൾ നോർവെ, കാനഡ എന്നീ രാജ്യങ്ങളുടെ പ്രതിശീർഷ ജിഡിപി വളർച്ചയാണ് കാണിച്ചത്. കാലാവസ്ഥാമാറ്റവും ആഗോളവത്ക്കരണവും ഏറ്റവും അധികം ബാധിക്കുന്ന ഒരു രാജ്യമായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് ബംഗ്ലാദേശിനെയാണ്.

16.8 കോടി ജനസംഖ്യയുള്ള ഈ രാജ്യം ഒരു കാലത്തു 80 ശതമാനവും അതീവ ദരിദ്രർ ആയിരുന്നു. സവിശേഷമായ വികസന പ്രക്രിയയിലൂടെ കഠിനമായ ദാരിദ്ര്യം ഒഴിവാക്കാനും സാക്ഷരത ഉയർത്താനും അവർക്കു കഴിഞ്ഞു. എന്നാൽ ബംഗാൾ ഉൾക്കടലിൽ ഗംഗയുടെ ഡെൽറ്റയിൽ ജീവിക്കുന്ന ഈ രാജ്യത്തിൻറെ മൂന്നിൽ രണ്ടു ഭാഗവും സമുദ്രനിരപ്പിൽ നിന്ന് 15 അടി മാത്രം ഉയരത്തിലാണ്. കാലാവസ്ഥാമാറ്റം ഏറ്റവും കഠിനമായി ബാധിക്കുന്ന ഒരു രാജ്യം ബംഗ്ലാദേശ് ആയിരിക്കും എന്ന് തീർച്ച. സത്യത്തിൽ ദരിദ്ര രാജ്യങ്ങളിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അവരുടെ പരിപാടിയിൽ കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട ഇത്തരം ചോദ്യങ്ങൾ ഉയർത്തേണ്ട സമയമായി. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലുണ്ടായ വ്യാവസായിക വിപ്ലവത്തിന്റെ അവശേഷിപ്പുകളിൽ ഒന്നാണ് അന്തരീക്ഷ ഊഷ്മാവിൽ ഉണ്ടായ വർദ്ധനവ്. 2030 ൽ ഈ വർധന 1.5 ഡിഗ്രി സെൽഷ്യസിൽ നിർത്തണം എന്നതാണ് ആഗോളമായി രാജ്യങ്ങൾ തമ്മിൽ ഉണ്ടായിരിക്കുന്ന ധാരണ. എന്നാൽ കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലുണ്ടായ വളർച്ച ഫോസിൽ ഇന്ധനങ്ങളുടെ കണ്ടെത്തലും അതിനെ തുടർന്നുണ്ടായ താത്ക്കാലിക സമൃദ്ധിയുമാണ് എന്ന് മധുസൂദനൻ ചൂണ്ടിക്കാണിക്കുന്നു. ഈ വളർച്ചക്ക് പരിധിയുണ്ടെന്നും പുതിയ ഹരിത സാങ്കേതിക വിദ്യകൾക്ക് വേണ്ട അപൂർവ മൂലകങ്ങൾ പുതിയൊരു കൊളോണിയൽ ക്രമത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വാദിക്കുന്നു.

ഈ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക കേരളം പോലുള്ള പാരിസ്ഥിതികമായ അതീവ ദുർബലമായ പ്രദേശങ്ങളെ ആയിരിക്കും. ലോകമാസകലം ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങളുടെ പശ്ചാത്തലത്തിൽ വേണം കേരളത്തിന്റെ പാരിസ്ഥിതിക ചരിത്രവും മനസ്സിലാക്കാനാവുക. മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലേക്കു ഹരിത രാഷ്ട്രീയത്തിന്റെ സന്ദേശങ്ങൾ എത്തിക്കാൻ എങ്ങനെയാണ് കഴിയുക? ഇത്തരത്തിൽ നടക്കേണ്ട ചർച്ചകൾക്ക് സഹായകരമായ രണ്ട് സുപ്രധാന പഠനങ്ങളാണ് നമ്മുടെ മുൻപിൽ ഉള്ളത്. കേരളത്തിൽ വികസനം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾ സമവായത്തിൽ എത്താതെ നിൽക്കുകയാണ്. മുഖ്യ ധാരാ മാധ്യമങ്ങളിലെ ചർച്ചകളാകട്ടെ ശബ്ദ കോലാഹലങ്ങൾ എന്നതിനപ്പുറം ആഴത്തിലുള്ള ചർച്ചകൾ അസാധ്യം എന്ന നിലക്ക് ആയിരിക്കുന്നു. ഈ സാഹചര്യത്തിൽ മധുസൂദനന്റെ രണ്ടു പുസ്തകങ്ങളും വിശദമായ വായനക്കും ചർച്ചകൾക്കും വേദിയൊരുക്കും എന്ന് കരുതട്ടെ.

Leave a comment