TMJ
searchnav-menu
post-thumbnail

Ecological Kerala

പരിസ്ഥിതി: സിപിഐ(എം)ന്റെ പ്രമേയത്തിലും പ്രവൃത്തിയിലും

03 Mar 2022   |   1 min Read
Ajith Balakrishnan

PHOTO: PRASOON KIRAN

രാഷ്ട്രീയ പാർട്ടികളുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള അന്തരം അവരുടെ പത്രികകളെയും പ്രമേയങ്ങളെയുമൊക്കെ സിനിക്കലായി മാത്രം കാണാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. അവരെന്തോ പറയും വേറെന്തോ ചെയ്യും എന്നാണ് പൊതുവേയുള്ള വിശ്വാസം. പക്ഷെ, ഭാഗികമായി മാത്രം ശരിയായിട്ടുള്ള ഒരു കാര്യമാണത്. ഓരോ രാഷ്ട്രീയപാർട്ടിയും പറയുകയും പറയാതിരിക്കുകയും ചെയ്യുന്ന കാര്യങ്ങളിൽ ഒരു തിരഞ്ഞെടുപ്പുണ്ട്. ആ തിരഞ്ഞെടുപ്പിൽ ഒരു രാഷ്ട്രീയവുമുണ്ട്. നിലപാടുകൾ, പ്രത്യയശാസ്ത്രങ്ങൾ, അതാതു കാലങ്ങളിൽ സ്വീകരിക്കേണ്ടുന്ന അടവുകളെയും തന്ത്രങ്ങളെയും കുറിച്ചുള്ള ബോധ്യങ്ങൾ, കൂടെ രാഷ്ട്രീയ ഉപബോധവും - ഇവയൊക്കെ ചേർന്നാണ് ഈ തിരഞ്ഞെടുപ്പുകളെ നിർണ്ണയിക്കുന്നത്.

ഇരുപത്തി മൂന്നാം പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കാനായി സിപിഐ(എം) പുറത്തിറക്കിയ കരട് രാഷ്ട്രീയ പ്രമേയത്തിൽ കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കുന്ന ഭാഗങ്ങൾ വായിക്കുകയായിരുന്നു. ഇന്ന് ഒരു സർക്കാരിനും രാഷ്ട്രീയപ്രസ്ഥാനത്തിനും മുഖം തിരിക്കാനൊക്കാത്ത ഭീഷണമായ ഒരു യാഥാർഥ്യമായി മാറി കഴിഞ്ഞിരിക്കുന്നു കാലാവസ്ഥാവ്യതിയാനം. എല്ലാ പാർട്ടികൾക്കും ഇക്കാര്യത്തിലുള്ള നിലപാട് പറഞ്ഞേ പറ്റൂ എന്ന നിലയായിട്ടുണ്ട്. അതുകൊണ്ട്, അതിനെ കുറിച്ചുള്ള നിലപാടുകൾ വ്യക്തമാക്കാനുള്ള കാര്യമായ ശ്രമം സിപിഐ(എം) നടത്തിയത് കണ്ടപ്പോൾ അതിശയം തോന്നിയില്ല. എന്നാൽ അതേസമയം സിപിഐ(എം) പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ച് പറയുന്ന കാര്യങ്ങൾക്ക് കേരളത്തിൽ വേറൊരു തലത്തിൽ കൂടി പ്രസക്തിയുണ്ട് എന്ന് തോന്നി. പരിസ്ഥിതിസംബന്ധമായ വിഷയങ്ങളിൽ കഴിഞ്ഞ കുറച്ചു കാലമായി ഇവിടെ നടന്നുവരുന്ന ചർച്ചകളിലാണത്.

വികസനവിരുദ്ധരും പരിസ്ഥിതിവാദികളും എന്ന ബൈനറിയിലേക്ക് ചുരുങ്ങുന്നു ഈ ചർച്ചകളിൽ മിക്കതും. സംവാദങ്ങൾ അപ്രത്യക്ഷമാകുകയും അവയുടെ സ്ഥാനത്ത് തർക്ക വൈകൃതങ്ങൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഫലം ആഗോളതലത്തിലുള്ള കാലാവസ്ഥാവ്യതിയാനവും ഇവിടത്തെ സവിശേഷസാഹചര്യങ്ങളും കാരണമായി കേരളം നേരിടാൻ പോകുന്ന പാരിസ്ഥിതിക അടിയന്തിരാവസ്ഥയെ വസ്തുനിഷ്ഠമായും ശാസ്ത്രീയമായും മനസിലാക്കാനും പ്രവർത്തിക്കാനും കഴിയുന്ന ഒരു പൊതു സമൂഹം ഇല്ലാതെ പോകുന്നു എന്നതാണ്. ഈ രണ്ടു വിരുദ്ധശക്തികൾ പരസ്പരം പോരടിക്കുകയല്ല സുസ്ഥിരവും പ്രായോഗികവും ആയ ഒരു വികസന സംസ്ക്കാരം രൂപപ്പെടുന്നതിന് തടയുക എന്ന പൊതുദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത് എന്നു പോലും പലപ്പോഴും തോന്നി പോകും!

പാർട്ടി കോൺഗ്രസ് ഇക്കാര്യങ്ങളിലുള്ള നിലപാട് വ്യക്തമാക്കാൻ ഒരുങ്ങുന്നത് അതുകൊണ്ടുതന്നെ സ്വാഗതാർഹമാകുന്നു. പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന്റെ നിലപാടുകൾ ഇവിടത്തെ ദൈനംദിന രാഷ്ട്രീയത്തിലും ഭരണത്തിലും പ്രതിഫലിക്കണം എന്നില്ല. പരിസ്ഥിതി കാര്യങ്ങളിൽ പ്രത്യേകിച്ചും. എങ്കിൽ കൂടി പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള നയപരമായ സമീപനം പാർട്ടി പ്രഖ്യാപിക്കുന്നത് നല്ല കാര്യമാണ്. എന്തായാലും കേരളത്തിലെ പൊതുചർച്ചകളുടെ ദിശ നിർണ്ണയിക്കാനൊക്കുന്ന ഒരു പാർട്ടിയാണല്ലോ സിപിഐ(എം).

പരിസ്ഥിതിയെക്കുറിച്ചുള്ള എന്തെങ്കിലും തരത്തിലുള്ള ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുന്നവരെക്കുറിച്ച് പലതരത്തിലുള്ള ആക്ഷേപങ്ങളാണ് കേരളത്തിൽ നിലവിലുള്ളത്. അതിലൊന്ന് അവർ സംസ്ഥാനത്തിന്റെ വികസനത്തിന് തടയിടാനുള്ള ഏതൊക്കെയോ ഗൂഡാലോചനകളിൽ പങ്കാളികളാണെന്നതാണ്. മറ്റൊന്ന് അവർ പ്രായോഗികത തൊട്ടു തീണ്ടിയിട്ടില്ലാത്ത കാല്പനികരാണെന്നും. ഇത് ശരിയാണെന്ന് തോന്നിക്കുന്ന രീതിയിലുള്ള സഖ്യങ്ങൾ പലപ്പോഴും പരിസ്ഥിതി സമരങ്ങളുടെയും ക്യാമ്പയിനുകളുടെയും മുൻനിരയിൽ ദൃശ്യമാകുന്നുണ്ട് താനും.

പരിസ്ഥിതി പ്രശ്നങ്ങൾ സമകാലീന മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് എന്ന് സിപിഐ(എം) സംശയത്തിന് ഇടകൊടുക്കാത്ത വിധം പ്രഖ്യാപിക്കുന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമായി തോന്നുന്നത് അതുകൊണ്ടാണ്.

പാരിസ്ഥിതിക പ്രതിസന്ധികൾ പൊതുവെ പ്രാദേശിക തലത്തിലാണ് തുടക്കത്തിൽ പ്രത്യക്ഷപ്പെടാറ്. പലപ്പോഴും ഇടതുപക്ഷപാർട്ടികളടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ഈ ജനകീയ പ്രശ്നങ്ങളെ ഏറ്റെടുക്കാനും അവയ്ക്ക് ശരിയായ ദിശാബോധം നൽകാനും വിമുഖത കാണിക്കുന്നു. അതെന്തായാലും അവരൊഴിച്ചിടുന്ന ഇടങ്ങളിലേക്ക് കയറി ചെല്ലുന്നത് പ്രകൃതിയെ ഒരു മധ്യവർഗ ഗൃഹാതുരതയായി കൊണ്ടുനടക്കുന്ന കാല്പനിക പരിസ്ഥിതിവാദികളും അവസരവാദികളായ രാഷ്ട്രീയക്കാരും ഒക്കെയാണ്. ഇഐഎ 2020 പോലുള്ള ഒരു നിയമനിർമ്മാണം കൊണ്ടുവന്ന ബിജെപി പോലും കേരളത്തിൽ ഹരിതരാഷ്ട്രീയത്തിന്റെ പച്ചക്കുപ്പായം അണിയാൻ നോക്കുന്നുണ്ടല്ലോ.

ഇതിനർത്ഥം പരിസ്ഥിതിവാദികളെല്ലാം അങ്ങിനെയുള്ളവരാണ് എന്നല്ല. പക്ഷെ, അവർ അങ്ങിനെയാണ് എന്ന് വരുത്തി തീർക്കാനുള്ള ഒരു ശ്രമം നടക്കുന്നുണ്ട്. അപ്പോഴാണ് ചർച്ചകൾ വഴി തെറ്റുന്നത്. അറിഞ്ഞോ അറിയാതെയോ ഇവിടത്തെ മുഖ്യധാരാ ഇടതുപക്ഷത്തിന്റെ വക്താക്കളായി കാണപ്പെടുന്നവരും ഈ പ്രവണതയിൽ പങ്കാളികളാണ്. പരിസ്ഥിതി പ്രശ്നങ്ങൾ സമകാലീന മനുഷ്യ സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് എന്ന് സിപിഐ(എം) സംശയത്തിന് ഇടകൊടുക്കാത്ത വിധം പ്രഖ്യാപിക്കുന്നത് പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമായി തോന്നുന്നത് അതുകൊണ്ടാണ്.

എന്നാലും, മുകളിൽ സൂചിപ്പിച്ചതുപോലെ, പരിസ്ഥിതിസംബന്ധമായ വിഷയങ്ങളിൽ കേന്ദ്രനേതൃത്വത്തിന്റെ നിലപാട് കേരളത്തിൽ അങ്ങിനെതന്നെ പ്രതിഫലിക്കുമെന്ന് കരുതുന്നത് ആഗ്രഹ ചിന്തയായിരിക്കും. കേരളത്തിലെ സമൂർത്ത സാഹചര്യങ്ങൾ പരിസ്ഥിതി പ്രസ്ഥാനങ്ങളോട് വിമുഖത സൃഷ്ടിക്കുന്ന ഒന്നാണെന്നതാണ് അതിന് പ്രധാന കാരണം. കേരളത്തിൽ പരിസ്ഥിതി പ്രശ്നങ്ങൾ ചർച്ചാ വിഷയമാകുന്നത് 1970 കളിൽ ആയിരുന്നു. സൈലന്റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരെയുണ്ടായ സമരങ്ങളും ഗ്വാളിയർ റയോൺസ് ഫാക്റ്ററി ചാലിയാർ പുഴ മലിനമാക്കുന്നതിനെതിരെ കോഴിക്കോട് മാവൂരിൽ നടന്ന സമരവുമൊക്കെ ഈ വിഷയങ്ങളെ പൊതുമണ്ഡലത്തിലേക്ക് കൊണ്ട് വന്നു. അന്നു തൊട്ടേ വികസന വാദികളും വിരുദ്ധരും എന്നീ രണ്ടു വിഭാഗങ്ങൾ രൂപം കൊണ്ടിരുന്നു. ലോകത്തെല്ലായിടത്തും ഇത്തരം പ്രവണതകൾ ദൃശ്യമായിട്ടുണ്ടെങ്കിലും കേരളം സാമ്പത്തികമായും വ്യവസായികമായും ഏറെ പിന്നോക്കം നിൽക്കുന്ന അവസരത്തിലാണ് പരിസ്ഥിതി പ്രസ്ഥാനങ്ങൾ രൂപപ്പെട്ടു വന്നതതെന്നത് ഈ വൈരുദ്ധ്യങ്ങൾക്ക് ഒരു പുതിയ മാനം നൽകി.

സൈലന്‍റ് വാലി ജലവൈദ്യുത പദ്ധതിക്കെതിരെ 1978 ല്‍ പയ്യന്നൂരില്‍ നടന്ന സമരം

ഈ സമരങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ ഒരിക്കലും അവഗണിക്കാനൊക്കാത്ത ആശങ്കകളെയാണ് മുന്നോട്ട് വെച്ചതെന്ന കാര്യം തീർച്ചയാണ്. പക്ഷെ പ്രായേണ പിന്നോക്കാവസ്ഥയിൽ കഴിയുന്ന ഒരു ജനതയുടെ അടിയന്തിരമായ വികസനാവശ്യങ്ങളെയും അഭിലാഷങ്ങളെയും അഭിസംബോധന ചെയ്യാൻ അവയ്ക്ക് സാധിച്ചിരുന്നോ എന്നത് സംശയമാണ്. വ്യവസായശാലകളും വൻകിട പദ്ധതികളും ഉണ്ടാക്കുന്ന പരിസ്ഥിതിനാശത്തെ കുറിച്ചുള്ള വിമർശനങ്ങളും അവക്കെതിരായ പ്രതിഷേധങ്ങളും തങ്ങളെ അവികസിതാവസ്ഥയിൽ തളച്ചിടുമെന്ന ന്യായമായ ആശങ്ക കേരളത്തിലെ സംഘടിത തൊഴിലാളിവർഗമടക്കമുള്ള ഒരു വലിയ വിഭാഗം ജനങ്ങൾക്കുണ്ടായിരുന്നു. അതേസമയം ഇത്തരം പദ്ധതികളുടെ പാരിസ്ഥിതികാഘാതം ഏറ്റവും പെട്ടന്ന് തീവ്രമായി അനുഭവിക്കേണ്ടി വരുന്ന പാർശ്വവൽകൃത ജനവിഭാഗങ്ങൾ ദൈനംദിന രാഷ്ട്രീയത്തിന്റെ ശാക്തിക ബലാബലങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താനാകാത്തവണ്ണം ശിഥിലവും ആയിരുന്നു.

എഴുപതുകൾക്ക് ശേഷം കേരളത്തിലെ സാമൂഹ്യ സാമ്പത്തിക മേഖലകളിലുണ്ടായ മാറ്റങ്ങളും പരിസ്ഥിതിവിഷയങ്ങളെ പൊതുസമൂഹം നോക്കികാണുന്ന രീതിയെ വലിയ തോതിൽ സ്വാധീനിച്ചിട്ടുണ്ട്. മലയാളികളുടെ പ്രവാസജീവിതം കൊണ്ടുവന്ന റെമിറ്റൻസ് ഇക്കോണമിയുടെയും സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും ഒക്കെ ഫലമായി ഉരുത്തിരിഞ്ഞു വന്ന കേരളത്തിലെ ഇന്നത്തെ സമ്പദ് വ്യവസ്ഥ പരിശോധിക്കുക. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ 50 ശതമാനത്തോളം വരുന്നത് റിയൽ എസ്റ്റേറ്റ്, വാസസ്ഥലത്തിന്റെ ഉടമസ്ഥാവകാശം, പ്രൊഫഷണൽ സേവനങ്ങൾ, വ്യാപാരം, അറ്റകുറ്റപ്പണികൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, നിർമ്മാണം, ഖനനം, ക്വാറിയിങ് തുടങ്ങിയ മേഖലകളിൽ നിന്നാണ്. അതോടൊപ്പം കേരളത്തിൽ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ഉപജീവനമാർഗം കൂടിയാണ് ഈ മേഖലകൾ. പരിസ്ഥിതിയെ തകർക്കാത്ത സുസ്ഥിരവികസനം നടപ്പിലാക്കാനുള്ള ഏത് ശ്രമങ്ങളും അനിവാര്യമായും ഇവയുടെ പുനഃസംഘാടനത്തിനും അതു വഴി അവയെ ആശ്രയിക്കുന്നവരുടെ ഉപജീവനത്തിനും ഭീഷണിയാകുമെന്ന ഭീതിയുളവാക്കാൻ സ്റ്റാറ്റസ് കോയുടെ വക്താക്കൾക്ക് എളുപ്പമാണ്.
ഈ കാലയളവിൽ കേരളത്തിനകത്തും പുറത്തും നടന്ന സാമൂഹ്യമാറ്റങ്ങൾ സാധ്യമാക്കിയ അവസരങ്ങളിൽ നിന്ന് സ്വായത്തമാക്കിയ, സാമൂഹ്യസുരക്ഷിതത്വവും സ്ഥാനമാനങ്ങളും തരക്കേടില്ലാത്ത പണവും ഉള്ള, ഒരു വലിയ വിഭാഗം മധ്യവർഗത്തിന്റെ ആവിർഭാവവും ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട് . ഈ മധ്യവർഗ്ഗസ്വപ്നങ്ങളിലെ കേരള മാതൃക പരിധികളില്ലാത്ത വികസനത്തിന്റെയും ഉപഭോഗത്തിന്റെയുമാണ്.

സിപിഐ(എം) നേതൃത്വത്തിലുള്ള തൊഴിലാളി ബഹുജന സംഘടനകൾ ഉൾപ്പെടെയുള്ള മുഖ്യധാരാ പ്രസ്ഥാനങ്ങൾ പരിസ്ഥിതി പ്രസ്ഥാനങ്ങളെ അവഗണിക്കുന്നതിലും സംശയദൃഷ്ട്യാ നോക്കിക്കാണുന്നതിലും ഈ വസ്തുതകൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പല കാരണങ്ങളാലും പ്രായോഗികമായ ബദലുകളെ മുന്നോട്ട് വെക്കുന്നതിൽ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കുണ്ടായ പരാജയം ഈ ആശങ്കകൾക്ക് ആക്കം കൂട്ടി.

പരിസ്ഥിതിവാദികളെയെല്ലാം മരക്കവികളും സിംഹവാലൻ കുരങ്ങിന് മനുഷ്യനേക്കാൾ പ്രാധാന്യം കൊടുക്കുന്നവരുമാക്കുന്ന ആക്ഷേപഹാസ്യം ഇന്നും തുടരുന്നു. വാസ്തവത്തിൽ കൂടുതൽ തീവ്രതയോടെ. പരിഹാസത്തിൽ ഒതുങ്ങി നിന്നില്ല പലപ്പോഴും ഈ ആക്ഷേപങ്ങൾ.

ഇങ്ങനെയുള്ള ദൗർബല്യങ്ങളെ ഉപയോഗപ്പെടുത്തിയാണ് നവലിബറൽ വികസന മാതൃകക്ക് പകരമില്ല (There Is No Alternative or TINA) എന്ന പൊതുബോധം സൃഷ്ടിക്കാനാവശ്യമായ ആഖ്യാനങ്ങൾ സൃഷ്ടിക്കാൻ അധീശവർഗ താല്പര്യങ്ങൾ തുടങ്ങുന്നത്. പാരിസ്ഥിതികവും സാമൂഹികവും ആയ ആഘാതങ്ങൾ പരിഗണിച്ച് കൊണ്ടുള്ള ഒരു വികസനം കേരളത്തിൽ അസാധ്യമാണെന്ന വാദമായിരുന്നു ഇതിന്റെ കാതൽ. മാർക്സിസ്റ്റ് രീതിയിൽ ഏതെങ്കിലും ഒരു സാമ്പത്തിക വർഗത്തെയല്ല അധീശവർഗമെന്നത് കൊണ്ട് വിവക്ഷിക്കുന്നത്. മുൻപൊരിക്കൽ എഴുതിയത് പോലെ "ബഹുരാഷ്ട്രകുത്തകകളും ആഗോള മൂലധനവും തൊട്ട് ഏതെങ്കിലും ഒരു നാട്ടിൻപുറത്ത് നവലിബറൽ തീവെട്ടികൊള്ളയുടെ പങ്കുപറ്റുന്ന ചെറുകിടകോൺട്രാക്ടറ്റർമാരും സ്ഥലത്തെ പ്രധാന ദിവ്യരായ രാഷ്ട്രീയനേതാക്കളും വരെയുള്ള, സാമാന്യജനത്തിന്റെ ജീവിതത്തെ നിർണ്ണയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന, അധികാരത്തിന്റെ എല്ലാ പ്രതിനിധികളെയുമാണ്". പരിസ്ഥിതിവാദികളെല്ലാം ശാസ്ത്രവിരുദ്ധരാണ് എന്ന പ്രതീതിയുണ്ടാക്കാൻ ഈ പൊതുബോധ നിർമ്മിതിക്ക് കേരളത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇക്കോളജി ഒരു ശാസ്ത്രമാണെന്നത് അത് സൗകര്യപൂർവം മറക്കുന്നു. സൈലന്റ് വാലി പ്രക്ഷോഭകാലം തൊട്ടേ കേരളീയ സമൂഹത്തിൽ ഒരു പാരിസ്ഥികാവബോധം ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചവരിൽ ഒരു വലിയ വിഭാഗം ഈയിടെ അന്തരിച്ച പ്രൊഫ. എം. കെ. പ്രസാദിനെ പോലുള്ള ശാസ്ത്രം പഠിച്ചവരും പഠിക്കുന്നവരും ആയിരുന്നുവെന്നതും.

പരിസ്ഥിതിവാദികളെയെല്ലാം മരക്കവികളും സിംഹവാലൻ കുരങ്ങിന് മനുഷ്യനേക്കാൾ പ്രാധാന്യം കൊടുക്കുന്നവരുമാക്കുന്ന ആക്ഷേപഹാസ്യം ഇന്നും തുടരുന്നു. വാസ്തവത്തിൽ കൂടുതൽ തീവ്രതയോടെ. പരിഹാസത്തിൽ ഒതുങ്ങി നിന്നില്ല പലപ്പോഴും ഈ ആക്ഷേപങ്ങൾ. അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ഏജന്റുകളാണ് കേരളത്തിലെ പരിസ്ഥിതിവാദികൾ എന്ന രീതിയിലുള്ള ആരോപണങ്ങളും ഉണ്ടായി.

അതേസമയം 'വികസനത്തിന്റെ' പക്ഷം പിടിക്കുന്നവരുടെ ശാസ്ത്രവിരുദ്ധത അവഗണിക്കപ്പെട്ടു. മരമില്ലാത്ത കാട്ടിലെന്താ മഴ പെയ്യുന്നില്ലേ എന്ന് അക്കാലത്തൊരു മന്ത്രി പറഞ്ഞ അസംബന്ധ താർക്കികയുക്തി വിവിധ രൂപങ്ങളിൽ ഇന്നും അധികാര സ്ഥാനത്തുള്ളവരടക്കം പലരും ആവർത്തിച്ച് കൊണ്ടിരുന്നിട്ടും അതൊന്നും അത്ര പരിഹാസ വിധേയമായി കണ്ടിട്ടില്ല.
ഇതുകൊണ്ടൊക്കെ തന്നെ പരിസ്ഥിതി കാര്യങ്ങളിൽ സിപിഐ(എം) കേന്ദ്ര നേതൃത്വം കൈക്കൊള്ളുന്ന നിലപാടുകൾക്ക് കേരളത്തിൽ കാര്യമായ എന്തെങ്കിലും സ്വാധീനം ചെലുത്താനൊക്കുമോ എന്ന സംശയം അസ്ഥാനത്താണെന്ന് പറയാൻ ഒക്കില്ല. എന്നിരുന്നാലും ചുരുങ്ങിയ പക്ഷം, നിലപാടുകളുടെ സാധ്യതകളെയും പരിമിതികളെയും കുറിച്ചുള്ള വിമർശനാത്മകമായ സംവാദനത്തിനും ചർച്ചകൾക്കുമെങ്കിലും അത് വഴിതുറക്കുന്നുണ്ട്.

വർത്തമാനകാലത്തിന്റെ പ്രധാന സവിശേഷതകളിലൊന്നായാണ് ആഗോളതാപനത്തെയും കാലാവസ്ഥാവ്യതിയാനത്തെയും സിപിഐ(എം) വിലയിരുത്തുന്നത്. മുതലാളിത്തം പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി കൊള്ളയടിക്കുന്നതാണ് വിനാശകരമായ ഈ അവസ്ഥക്ക് കാരണം. അതുകൊണ്ടുതന്നെ അതിൽ വർഗസംഘർഷങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. അന്തരീക്ഷ താപനില ഉയരുന്നതിന് കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത അന്തരീക്ഷത്തിൽ വർദ്ധിച്ച് വരുന്നത് "അസന്ദിഗ്ധമായും മനുഷ്യ പ്രവർത്തനങ്ങൾ മൂലമാണ്" എന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ചിന്റെ (IPCC) കണ്ടെത്തലിനെ എടുത്തുപറയുന്ന രേഖ ഗ്ലാസ്ഗോയിൽ നടന്ന COP26 ഉച്ചകോടി പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ടുള്ള തിരുമാനങ്ങൾ എടുക്കുന്നതിൽ പരാജയപ്പെട്ടു എന്ന് വിലയിരുത്തുന്നു.

2050 ആകുമ്പോഴേക്ക് ഹരിതഗൃഹ വാതകങ്ങളുടെ വികിരണം 'net zero' ആക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതിൽ വികസിത രാഷ്ട്രങ്ങൾക്കും മറ്റു രാജ്യങ്ങൾക്കും ഒരേ പോലെ പങ്കുണ്ടെന്ന അമേരിക്കൻ നിലപാട് അടിയന്തിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായുള്ള തിരുമാനങ്ങൾ എടുക്കുന്നതിന് തടസ്സമാകുന്നത് എന്ന വിമർശനം പാർട്ടി ഉയർത്തുന്നു. അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിന്റെ അളവും പ്രകൃതിയിലുള്ളതോ മനുഷ്യനിർമ്മിതമോ ആയ മാർഗങ്ങളിലൂടെ ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാർബണിൻറെ അളവും തുല്യമാകുന്ന അവസ്ഥയെ ആണ് 'net zero CO2 emissions' എന്ന് വിളിക്കുന്നത്. ഇത് മാത്രമാണ് ആഗോളതാപനത്തെ തടയിടുന്നതിൽ മനുഷ്യർക്ക് സ്വീകരിക്കാവുന്ന ഉറപ്പുള്ള ഒരേയൊരു പോംവഴി എന്ന കാര്യം ഇന്ന് ശാസ്ത്രലോകം അംഗീകരിച്ചിട്ടുള്ള കാര്യമാണ്. പക്ഷെ, ചരിത്രപരമായി നോക്കുമ്പോൾ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വികസിത രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും തുല്യ പങ്ക് വഹിക്കണമെന്ന് പറയുന്നത് അനീതിയാണ്. ഈ അർത്ഥത്തിലാണ് അമേരിക്കയടക്കമുള്ള വികസിത മുതലാളിത്ത രാജ്യങ്ങളുടെ നിലപാട് പൊതുവായതും എന്നാൽ വ്യത്യസ്തവുമായ ഉത്തരവാദിത്തം (Common but Differentiated Responsibility) എന്ന തത്വത്തിൽ നിന്നുള്ള പിന്നോട്ട് പോക്കാണ് എന്ന ശരിയായ വിമർശനം സിപിഐ(എം) ഉയർത്തുന്നത്.

ഇഐഎ, ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ്, മൈൻസ് ആന്റ് മിനറൽ ആക്റ്റ് തുടങ്ങിയ നിയമങ്ങളിലെ ഭേദഗതികൾ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ വനങ്ങളുടെ വാണിജ്യവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഖനനവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വിവേചനരഹിതമായി അനുവദിക്കുന്നതിനുമാണ്.

അതുപോലെ കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളെ നേരുന്നതിന് സ്വകാര്യ മേഖലക്കുള്ള ധനസഹായത്തിൽ ഊന്നുന്നതും പാർട്ടി വിമർശന വിധേയമാക്കുന്നു.ദേശീയ സാഹചര്യങ്ങൾ വിശകലനം ചെയ്യുന്ന ഘട്ടത്തിലും പരിസ്ഥിതിയും കാലാവസ്ഥയും ഈ രേഖയിൽ ഗൗരവത്തോടെ പരിഗണിക്കപ്പെടുന്നുണ്ട്. തീവ്രമായ കാലാവസ്ഥാവ്യതിയാനം വലിയ പ്രത്യാഘാതങ്ങളാണ് രാജ്യത്തുണ്ടാക്കുന്നത്. അതിവർഷം, വെള്ളപ്പൊക്കങ്ങൾ, തീരദേശ ശോഷണം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾ അടിസ്ഥാന വർഗങ്ങളുടെ ജീവിതത്തെയും ഉപജീവനത്തെയും സാരമായി ബാധിക്കുന്നു. മോശമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികൾ ദുർബലമായ ഹിമാലയൻ മേഖലയിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഇവയെ ഒന്നും നേരിടാൻ കേന്ദ്ര സർക്കാരിനാകുന്നില്ലെന്നു മാത്രമല്ല പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ നേർപ്പിക്കുകയും അട്ടിമറിക്കുകയുമാണ്. ഇഐഎ, ഇന്ത്യൻ ഫോറസ്റ്റ് ആക്റ്റ്, മൈൻസ് ആന്റ് മിനറൽ ആക്റ്റ് തുടങ്ങിയ നിയമങ്ങളിലെ ഭേദഗതികൾ ലക്ഷ്യമിടുന്നത് ഇന്ത്യയിലെ വനങ്ങളുടെ വാണിജ്യവൽക്കരണത്തിനും സ്വകാര്യവൽക്കരണത്തിനും ഖനനവും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും വിവേചനരഹിതമായി അനുവദിക്കുന്നതിനുമാണ്.

അതേ സമയം, എന്തുകൊണ്ടോ, ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് പുനരുത്പാദിപ്പിക്കാവുന്ന ഹരിത ഊർജ സ്രോതസുകളിലേക്കുള്ള പരിവർത്തനം എന്ന സുപ്രധാന ലക്ഷ്യം കൈവരിക്കുന്നതിന് കേന്ദ്രസർക്കാർ ചെയ്യുന്ന, ചെയ്യേണ്ടുന്ന, കാര്യങ്ങളെ ഈ പ്രമേയം പരാമർശിക്കുകയോ വിമർശന വിധേയമാക്കുകയോ ചെയ്യുന്നില്ല. അതെന്തായാലും പരിസ്ഥിതി വിഷയങ്ങൾക്ക് പൊതുവെ ഈ പ്രമേയം കൊടുക്കുന്ന പ്രാധാന്യം കാണുമ്പോൾ ഉയരുന്ന ഒരു ചോദ്യം, പാർട്ടി ഭരിക്കുന്ന പാരിസ്ഥികമായി അത്യന്തം ദുർബലമായിക്കൊണ്ടിരിക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്തെ വികസന പ്രക്രിയ വിഭാവനം ചെയ്യുമ്പോൾ ഇങ്ങനെയുള്ള പരിഗണനകൾ ഫലപ്രദമായി കണക്കിലെടുക്കാൻ അവർക്ക് ആകുന്നുണ്ടോ എന്നതാണ്. സ്വയംവിമർശനത്തിന് ഇടമുള്ള ഒരു ചോദ്യമാണത്.

PHOTO : Prasoon Kiran

സിദ്ധാന്തവും പ്രയോഗവും തമ്മിലുള്ള വിടവിനെ കുറിച്ചുള്ള ഇത്തരം വിമർശനങ്ങൾ മാത്രമല്ല പരിസ്ഥിതിയോടുള്ള സൈദ്ധാന്തിക സമീപനത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ ഉയർത്താനും ഈ രേഖ പ്രേരിപ്പിക്കുന്നുണ്ട്. മുതലാളിത്തം പ്രകൃതിവിഭവങ്ങൾ അനിയന്ത്രിതമായി കൊള്ളയടിക്കുന്നതാണ് ഈ വിനാശകരമായ അവസ്ഥക്ക് കാരണം എന്ന് പ്രമേയം പറയുന്നു. അതിനർത്ഥം മുതലാളിത്ത വ്യവസ്ഥയുടെ പൊളിച്ചെഴുത്ത് ഈ പ്രതിസന്ധിയുടെ പരിഹാരത്തിനുള്ള ഒരു മുന്‍ഉപാദിയാണ് എന്നാണ്. ഭൂമിയിലെ മനുഷ്യന്റെ നിലനില്പിനു തന്നെ അടുത്ത കുറച്ച് ദശകങ്ങൾക്കുള്ളിൽ ഭീഷണിയായി തീർന്നേക്കാവുന്ന ഒരു സ്ഥിതിവിശേഷം നിലനിൽക്കുന്നു എന്ന് അംഗീകരിക്കുകയാണെങ്കിൽ ആ ദൗത്യത്തിന് മുമ്പെന്നത്തേക്കാളും അടിയന്തിരസ്വഭാവം കൈവരുന്നുണ്ട്.

പതിവ് ചർച്ചകളും വിശകലനങ്ങളും കൊണ്ട് അഭിസംബോധന ചെയ്യാവുന്ന ഒരു വിഷയമല്ല ഇത് എന്നത് തീർച്ച. ഇങ്ങനെയൊരു സമൂലമായ പരിവർത്തനം സമയബന്ധിതമായി നടപ്പിലാക്കാൻ ആവശ്യമായ സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. അതോടൊപ്പം ഇത്രയും ശ്രമകരമായ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാവശ്യമായ വർഗപരവും രാഷ്ട്രീയവും ആയ പുതിയ വിന്യാസങ്ങൾ എന്തൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള വ്യക്തതയും ഉണ്ടാകേണ്ടതുണ്ട്.

സിപിഐ(എം) ഈ ദിശയിലുള്ള പുനർവിചാരങ്ങളും അന്വേഷണങ്ങളും നടത്തുന്നുണ്ടോ എന്നതിന് സൂചനകളൊന്നുമില്ല. ഒരു ചെറിയ രാഷ്ട്രത്തിലെ ചുരുക്കം ചില സംസ്ഥാനങ്ങളിൽ മാത്രം സാനിധ്യവും സ്വാധീനവും ഉള്ള ഒരു ചെറിയ കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് സിപിഐ(എം) എന്ന് മറന്നു കൊണ്ടല്ല ഇത് പറയുന്നത്. ആ പാർട്ടിക്ക് ഈ പറയുന്ന രീതിയിലുള്ള ഒരു ആഗോളവിപ്ലവത്തിന് നേതൃത്വം കൊടുക്കാനാകും എന്ന് ആരും കരുതില്ല. പക്ഷെ, രാജ്യത്തിനകത്തും പുറത്തുമുള്ള വസ്തുനിഷ്ഠസാഹചര്യങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തലാണ് ആത്യന്തികമായി പാർട്ടിയുടെ പരിപാടികളെ നിർണ്ണയിക്കുന്നത് എന്ന് അവർ അവകാശപ്പെടുന്നുണ്ട് അതുകൊണ്ട് അങ്ങിനെ അവരെത്തുന്ന നിഗമനങ്ങളുടെ സൈദ്ധാന്തികവും പ്രായോഗികവും ആയ സാധുത പരിശോധിക്കുന്നത് പ്രസക്തമാണ്. അത് ചെയ്യുമ്പോൾ കാണുന്നത് ഒരു വലിയ പ്രതിസന്ധിയെ കുറിച്ച് പറയുകയും പക്ഷെ അതിന് മൂർത്തമായ പരിഹാരങ്ങൾ നിർദ്ദേശിക്കാൻ സാധിക്കാതിരിക്കുകയും ചെയ്യുന്ന ദുരവസ്ഥ ഈ രേഖയിലുണ്ട് എന്നതാണ്. വാസ്തവത്തിൽ ഇത് എന്തെങ്കിലും ഒരു പാർട്ടിയുടെ മാത്രമല്ല, സമൂഹത്തിന്റെ ഒട്ടാകെയുള്ള അവസ്ഥയാണ്!

ആഗോളതാപനം പ്രതിനിധീകരിക്കുന്നത് ഉൽപ്പാദന ശക്തികളുടെ പ്രതിസന്ധി ആണെന്നും തെക്കൻ രാജ്യങ്ങളിലെ കോടിക്കണക്കിന് ദരിദ്രജനങ്ങളുടെ ജീവിതം വഴി മുട്ടാതിരിക്കണമെങ്കിൽ തുല്യതയുടെ അടിസ്ഥാനത്തിൽ വേണം അത് പരിഹരിക്കേണ്ടത് എന്നും ഉള്ള ഒരു നിരീക്ഷണം പ്രമേയത്തിലുണ്ട്. ആഗോള താപനത്തിന് കാരണം ഉൽപ്പാദന ശക്തികളുടെ പ്രതിസന്ധിയാണെന്നത് മാർക്സിസ്റ്റ് പാർട്ടിയിൽ നിന്ന് സൈദ്ധാന്തിക വ്യക്തത ആവശ്യപ്പെടുന്ന ഒരു പ്രസ്താവമാണ്. മുതലാളിത്തത്തിൽ നിന്ന് സോഷ്യലിസത്തിലേക്കുള്ള പരിവർത്തനം അടിസ്ഥാനപരമായി ഉദ്പാദന ബന്ധങ്ങളുടെ പൊളിച്ചെഴുത്താണ് എന്ന ധാരണയായിരുന്നു റഷ്യൻ വിപ്ലവം തൊട്ടേ മിക്ക മാർക്സിസ്റ്റ് ലെനിനിസ്റ്റ് പാർട്ടികൾക്കും ഉണ്ടായിരുന്നത്. അങ്ങിനെ ഉത്പാദന ശക്തികളുടെ കെട്ടഴിച്ച് വിടലായിരുന്നു ഒരർത്ഥത്തിൽ അവർ വിഭാവനം ചെയ്ത സോഷ്യലിസം. വൈദ്യുതീകരണവും സോവിയറ്റുകളും ചേർന്നാൽ സോഷ്യലിസമായെന്ന (electricity plus soviets equals socialism) ലെനിന്റെ പ്രഖ്യാപനം ഓർക്കുക. മുതലാളിത്തത്തിനകത്ത് രൂപപ്പെട്ട ഉദ്പാദനരീതികളുടെ തുടർച്ചയും ഉദ്പാദനത്തിന്റെ പരിധികളും പരിമിതികളും ഭാവിയിൽ പ്രശ്നഭരിതമായ കാര്യങ്ങളായി തീരുമെന്ന് അവർ കരുതിയില്ല.

ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടെ ഉണ്ടായ കാലാവസ്ഥാവ്യതിയാനം പോലുള്ള അതീവഗുരുതരമായ പാരിസ്ഥിക പ്രശ്നങ്ങൾ വളർച്ചയുടെ (വികസനത്തിന്റെ) പരിമിതികളെ കുറിച്ച് മനുഷ്യരെ ബോധ്യപ്പെടുത്തി. ഇത് മുതലാളിത്തത്തിന്റെ പ്രതിസന്ധിയാണ് എന്ന് പറയുമ്പോഴും ഉൽപാദനശക്തികളെയും ഉൽപാദനരീതികളെയും പുനഃസംഘടിപ്പിക്കുകയും ബദലുകൾ സൃഷ്ടിക്കുകയും ചെയ്യേണ്ടതും മുതലാളിത്തത്തിനെതിരായ സമരത്തിന്റെ അവിഭാജ്യമായ ഘടകമാണെന്ന യാഥാർഥ്യത്തോട് മുഖം തിരിക്കുകയാണ് മിക്ക കമ്മ്യൂണിസ്റ്റ് പാർട്ടികളും ഇന്നും ചെയ്ത് പോരുന്നത്.

ഇത് മാർക്സിസത്തിന്റെ പരിമിതിയല്ല. ബെല്ലാമി ഫോസ്റ്ററിനെ പോലുള്ള ഇക്കോ മാർക്സിസ്റ്റുകളുടെ മാർക്സിന്റേയും എംഗൽസിന്റെയും കൃതികളുടെ പുനർ വായനകളിൽ ഇക്കാര്യം വ്യക്തമാകുന്നുണ്ട്. പക്ഷെ തീർച്ചയായും പാർട്ടികളുടെ പരിമിതിയാണത്. ഈ പരിമിതിക്ക് പുറത്തു കടക്കാൻ ഇന്ത്യയിലെ മാർക്സിസ്റ്റ് പാർട്ടിക്ക് പറ്റുന്നുണ്ടോ എന്നത് നയരേഖകളിലും പ്രമേയങ്ങളിലും മാത്രം തിരഞ്ഞാൽ മനസിലാകുന്ന ഒരു കാര്യമല്ല. അവയോടൊപ്പം ഭരണമടക്കമുള്ള ദൈനംദിന രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ അവർ തന്നെ വ്യക്തമാക്കി തരേണ്ട ഒന്നാണ്.

Leave a comment