പരിസ്ഥിതിവാദം വികസനവാദത്തിന്റെ വിപരീതപദമല്ല
PHOTO : PRASOON KIRAN
വൈവിധ്യവും, സങ്കീര്‍ണ്ണവുമായ വെല്ലുവിളികള്‍ നിറഞ്ഞ മേഖലയാണ് പരിസ്ഥിതിയും, പരിസ്ഥിതി വാദവും. കേരളത്തില്‍ മാത്രമല്ല ലോകമാകെ അതാണ് സ്ഥിതി. വ്യത്യസ്തങ്ങളായ ജ്ഞാനസിദ്ധാന്തങ്ങള്‍, അനുഭവ പരിസരങ്ങള്‍, അധികാര-ആധിപത്യ ബന്ധങ്ങള്‍, ഭൗതിക വിഭവസമൃദ്ധിയുടെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ നിരവധി വ്യവഹാരങ്ങളുടെ മേഖലകളാണ് അവ. അതിനെല്ലാമുപരി മനുഷ്യരാശിക്ക് പരിചിതമായ ആവാസവ്യവസ്ഥയെന്ന നിലയിലുള്ള ഭൂമിയുടെ നിലനില്‍പ്പ് പോലും സംശയത്തിലാക്കുന്ന തരത്തില്‍ കാലാവസ്ഥ വ്യതിയാനം വരുത്തുന്ന ദുരന്തങ്ങള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ഇപ്പോള്‍ നാം മനസ്സിലാക്കുന്ന നിലയിലുള്ള പരിസ്ഥിതിവാദം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ വ്യാപകശ്രദ്ധ പിടിച്ചുപറ്റിയത് സൈലന്റ് വാലി സംരക്ഷണ സമരകാലത്തായിരുന്നു. സൈലന്റ് വാലി സംരക്ഷണത്തിന് ഏതാണ്ട് അമ്പതാണ്ട് തികയുന്ന വേളയില്‍ കേരളത്തിന്റെ പരിസ്ഥിതി അപകടകരമാം വിധം ദുര്‍ബലമായ സാഹചര്യത്തെ നേരിടുന്നുവെന്ന ഉത്ക്കണ്ഠകള്‍ വ്യാപകമാണ്. കേരളത്തിലെ ഭൂമിശാസ്ത്രപരമായ മൂന്നു മേഖലകളും - മലനാട്, ഇടനാട്, തീരദേശം - പാരിസ്ഥിതികമായ കഠിന വെല്ലുവിളികള്‍ നേരിടുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. സവിശേഷ ജ്ഞാനമെന്ന നിലയില്‍ പാരിസ്ഥിതിക അവബോധം വ്യാപകമായെന്നു കരുതപ്പെടുന്ന കാലഘട്ടത്തിലാണ് കേരളത്തിന്റെ ആവാസവ്യവസ്ഥ പാരിസ്ഥിതികമായി വളരെ ദുര്‍ബലാവസ്ഥയില്‍ എത്തിയെന്ന തിരിച്ചറിയലുകളും ശക്തമാവുന്നത്. കേരളത്തിലെ പരിസ്ഥിതി വാദത്തിന്റെ ചരിത്രപരമായ വിലയിരുത്തല്‍ അനിവാര്യമാവുന്ന സാഹചര്യം ഇതാണ്. 'സൈലന്റ് വാലി മുതല്‍ കാലാവസ്ഥ വ്യതിയാനം വരെ' എന്ന പ്രമേയത്തിലൂടെ മലബാര്‍ ജേര്‍ണല്‍ ഏറ്റെടുക്കുന്ന ദൗത്യം അതാണ്.
വൈജ്ഞാനിക തലത്തില്‍ കേരളത്തിലെ പരിസ്ഥിതിവാദ ചിന്തകളുടെ സ്വഭാവം, ഉറവിടം, പ്രസ്ഥാനങ്ങള്‍, ശ്രദ്ധേയമായ പരിസ്ഥിതി സമരങ്ങള്‍, പരിസ്ഥിതി സ്‌നേഹികളും, വികസനവാദികളുമെന്ന വേര്‍പിരിയലുകള്‍, പരിസ്ഥിതി വാദവുമായി ബന്ധപ്പെട്ട പ്രധാന കൃതികള്‍ വ്യക്തിത്വങ്ങള്‍ തുടങ്ങിയ വൈവിദ്ധ്യങ്ങളായ വിഷയങ്ങള്‍ ഫെബ്രുവരി മാസത്തെ ഞങ്ങളുടെ തീമില്‍ ഉള്‍പ്പെടുത്തുന്നതാണ്. കേരളത്തിലെ പരിസ്ഥിതിവാദം പശ്ചിമഘട്ട മലനിരകള്‍ ഇറങ്ങി ഇടനാട്ടിലേക്കും, തീരപ്രദേശങ്ങളിലേക്കും ഇനിയും എത്തിയിട്ടില്ലെന്ന വിമര്‍ശനങ്ങള്‍, കേരളത്തെ പോലെ ജനസാന്ദ്രതയുള്ള ഒരു ആവാസ വ്യവസ്ഥക്ക് അനുയോജ്യമായ പരിസ്ഥിതി നയം, കേരളത്തിലെ ഒരോ പ്രദേശത്തിന്റെയും ക്യാരിയിംഗ് കപ്പാസിറ്റിയെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തലുകള്‍ തുടങ്ങി നിത്യജീവിതവുമായി ബന്ധപ്പെടുന്ന നിരവധി വിഷയങ്ങള്‍ ഞങ്ങള്‍ കൈകാര്യം ചെയ്യുന്നതാണ്. പതിവു പോലെ വായനക്കാരുടെയും, പ്രേക്ഷകരുടെയും, നിര്‍ദ്ദേശങ്ങളും, പങ്കാളിത്തവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.
പ്രൊഫ എംകെ പ്രസാദും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ രാമകൃഷ്ണന്‍ പാലാട്ടും ആദ്യമായി സൈലന്റ് വാലിയിലെത്തുമ്പോള്‍ അവിടെ ഉണ്ടായിരുന്ന പത്തിരുപത് ഇലക്ട്രിസിറ്റി ബോര്‍ഡ് ജീവനക്കാര്‍ അവരെ അവഹേളിച്ചതിന്റെ വിവരണം രാമകൃഷ്ണന്‍ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പരാമര്‍ശിക്കുന്നു. സൈലന്റ് വാലി സംരക്ഷണ സമരത്തിലൂടെ പരിസ്ഥിതി ബോധം കേരളത്തിലെ പൊതുമണ്ഡലത്തില്‍ വ്യാപക ശ്രദ്ധനേടിയെന്നതുപോലെ പരിസ്ഥിതി വാദത്തിനോടുള്ള എതിര്‍പ്പും സൈലന്റ് വാലിയോളം പഴക്കമുള്ളതാണെന്ന് അടിവരയിടുന്നതാണ് രാമകൃഷ്ണന്റെ അനുഭവ സാക്ഷ്യം. 'പ്രകോപനങ്ങളും അവഹേളനങ്ങളും കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ആയി. 'നായിന്റെ മക്കള്‍' എന്നൊക്കെ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങി' (1) എന്ന വരികള്‍ വായിക്കുമ്പോള്‍ വികസനവാദികളും/വികസന വിരോധികളും പരിസ്ഥിതി/വികസനം എന്ന നിലയില്‍ പരസ്പരം പോരടിക്കുന്ന ദ്വന്ദം കേരളത്തില്‍ ഉരുത്തിരിഞ്ഞതിന്റെ നാള്‍വഴികള്‍ വ്യക്തമാകും. സൈലന്റ് വാലിയില്‍ നിന്നും കാലാവസ്ഥ വ്യതിയാനത്തിന്റെ കാലത്തില്‍ എത്തുമ്പോഴും അതില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് ഇപ്പോള്‍ നടക്കുന്ന കെ-റെയില്‍ സംവാദങ്ങള്‍ വെളിപ്പെടുത്തുന്നു. കേരളത്തിലെ പരിസ്ഥിതി വാദത്തിന്റെ ചരിത്രപരമായ വിലയിരുത്തല്‍ അനിവാര്യമാവുന്ന സാഹചര്യം ഇതാണ്. സവിശേഷമായ വൈജ്ഞാനിക മേഖലയെന്നതിനപ്പുറം 'പോളമിക്കല്‍' ആയ വിഷയമെന്ന നിലയിലാണ് പരിസ്ഥിതി വാദം കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ദൃശ്യമാവുന്നത്. കേരളത്തിന്റെ മാത്രം സവിശേഷതയായി അതിനെ കാണാനാവില്ല. കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും ദേശരാഷ്ട്രമായി ഉരുത്തിരിഞ്ഞ ഇന്ത്യ പോലെയുള്ള രാജ്യങ്ങളുടെ ഒരു പ്രത്യേകത ഭരണകൂടത്തിന്റെ മുന്‍കൈയില്‍ നടന്ന/നടക്കുന്ന രാഷ്ട്ര നിര്‍മിതിയാണ്. വികസന പദ്ധതികള്‍ ഈ രാഷ്ട്ര നിര്‍മിതിയുടെ സുപ്രധാന ചേരുവയായിരുന്നു. അണക്കെട്ടുകളും, ഇരുമ്പുരുക്കു ശാലകളും സ്വതന്ത്ര ഇന്ത്യയിലെ 'പുതിയ ക്ഷേത്രങ്ങളാണെന്ന' ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ വാഗ്‌ധോരണി മേല്‍പ്പറഞ്ഞ വീക്ഷണത്തിന്റെ ഉദാഹരണമാണ്. പാശ്ചാത്യ രാജ്യങ്ങളില്‍ ലഭ്യമായ ഭൗതിക സമൃദ്ധിയും, ജീവിത ഗുണനിലവാരവും കൈവരിക്കുന്നതാണ് പുരോഗതിയെന്ന കാഴ്ചപ്പാടും ഈയൊരു വീക്ഷണത്തിന്റെ അടിത്തറയായിരുന്നു. വ്യാവസായികമായി മുന്നേറിയിരുന്ന പാശ്ചാത്യ രാജ്യങ്ങള്‍ക്കൊപ്പമെത്തുകയാണ് പുരോഗതിയുടെ മാനദണ്ഡമെന്ന വീക്ഷണം പ്രത്യക്ഷത്തിലുള്ള കൊളോണിയല്‍ ആധിപത്യത്തില്‍ നിന്നും പുറത്തു വന്ന എല്ലാ രാജ്യങ്ങളുടെയും മുഖമുദ്രയായിരുന്നു. 1947 നു ശേഷമുള്ള രണ്ട് ദശകക്കാലം ദേശരാഷ്ട്ര നിര്‍മിതിയുടെ ഉത്സാഹത്തിന്റെ കാലമായിരുന്നുവെന്നു വിലയിരുത്താവുന്നതാണ്. ആഗോള തലത്തില്‍ പാശ്ചാത്യ നാടുകളിലടക്കം നില നിന്നിരുന്ന ക്ഷേമരാഷ്ട്ര നയങ്ങള്‍ ഇതേ കാലഘട്ടത്തിന്റെ സവിശേഷതയായിരുന്നു. എന്നാല്‍ 1960 കളുടെ അവസാനത്തോടെ ഈ നയങ്ങള്‍ പലതരത്തിലുള്ള പ്രതിസന്ധികളില്‍ ഉഴലാന്‍ തുടങ്ങി. പരിസ്ഥിതി വാദം ആഗോള തലത്തില്‍ ശ്രദ്ധേയമാവുന്നതും ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ്. പരിസ്ഥിതിവാദ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി കണക്കാക്കപ്പെടുന്ന റേച്ചല്‍ കാള്‍സണിന്റെ സൈലന്റ് സ്പ്രിംഗ് എന്ന ഗ്രന്ഥം 1962 ല്‍ തന്നെ പുറത്തു വന്നുവെങ്കിലും അതിലെ ആശയങ്ങള്‍ പൊതുമണ്ഡലത്തില്‍ വ്യാപകമായ ശ്രദ്ധ നേടുന്നത് ദശകത്തിന്റെ അവസാനത്തിലും 1970 കളിലുമാണ്.
സൈലന്റ് വാലിയില്‍ നിന്നും കാലാവസ്ഥ വ്യതിയാന കാലഘട്ടത്തിലെത്തുമ്പോള്‍ ജ്ഞാന സിദ്ധാന്തപരമായി സംഭവിച്ചിട്ടുളള സുപ്രധാന മാറ്റം വ്യവസായ നാഗരികത ഭൂമിയിലെ ആവാസവ്യവസ്ഥയില്‍ വരുത്തിയ/വരുത്തുന്ന നിഷേധാത്മകമായ ആഘാതങ്ങളെക്കുറിച്ചുള്ള വ്യക്തമായ ബോധ്യങ്ങളാണ്. മനുഷ്യരുടെയും മറ്റുള്ള ജീവജാലങ്ങളുടെയും ഇനിയുള്ള അതിജീവനത്തിന് നിഷേധാത്മകമായ ആഘാതങ്ങള്‍ അടിയന്തരമായി അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. വ്യാവസായിക നാഗരികത സൃഷ്ടിച്ച/സൃഷ്ടിക്കുന്ന ആഘാതങ്ങളുടെ പ്രത്യാഘാതങ്ങള്‍ അവയുടെ പ്രഭവകേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ലെന്നും ദുരന്തഫലങ്ങള്‍ ഭൂമിയെ മൊത്തമായി ബാധിക്കുമെന്ന തിരിച്ചറിവുകളും സുപ്രധാനമാണ്. ഭൂമിശാസ്ത്രപരമായുള്ള പ്രാദേശിക സവിശേഷതകളെ അവ പ്രദാനം ചെയ്തിരുന്ന 'സുരക്ഷ ബോധങ്ങളെ' നിഷ്പ്രഭമാക്കുന്ന നിലയില്‍ സാര്‍വലൗകിക പ്രതിഭാസങ്ങള്‍ പ്രവര്‍ത്തിക്കുന്നതിന്റെ സാക്ഷ്യങ്ങളായി കേരളത്തിലെ പ്രളയവും, കാലിഫോര്‍ണിയയിലെ കാട്ടുതീയും, ദുബായിലെ മഞ്ഞുവീഴ്ചയും അല്ലെങ്കില്‍ അതുപോലുള്ള നിരവധി സംഭവവികാസങ്ങളും അനുഭവപ്പെടുന്നു. പരിസ്ഥിതി വിദൂരമായ വനങ്ങളിലോ, അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികളിലോ സമുദ്രങ്ങളുടെ അഗാധമായ ആഴങ്ങളിലോ മാത്രമായി അനുഭവപ്പെടുന്ന വിചിത്രാനുഭവങ്ങളല്ലെന്ന് ഇപ്പോള്‍ വ്യക്തമാണ്. ആര്‍ത്തലച്ചു വരുന്ന പ്രളയവും, ചുറ്റുപാടുകളെ മുഴുവന്‍ വിഴുങ്ങുന്ന കാട്ടുതീയും നിത്യജീവിതത്തില്‍ സ്ഥിരമായതോടെ 'പ്രകൃതി ദുരന്തം' ഹോളിവുഡ് സിനിമകളിലെ ഫാന്റസി മാത്രം അല്ലെന്നു വ്യക്തമായി. വ്യവസായ നാഗരികത സൃഷ്ടിച്ച ആഘാതങ്ങളെക്കുറിച്ചുള്ള പാരിസ്ഥിതിക പഠനങ്ങള്‍ കൂടുതല്‍ ആഴവും, വ്യാപ്തിയും കൈവരിച്ചതോടെ നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക സംവിധാനങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളും പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. പാരിസ്ഥിതിക ദുരന്തത്തിന്റെ പാപമാകെ വ്യവസായ നാഗരികതയുടെ തലയില്‍ കേവലമായി കെട്ടിയേല്‍പ്പിക്കുന്നതിന് പകരം നിലവിലുള്ള രാഷ്ട്രീയ-സാമ്പത്തിക അധികാര സംവിധാനങ്ങള്‍ ഇക്കാര്യത്തില്‍ വഹിക്കുന്ന പങ്കിനെ വെളിപ്പെടുത്തുന്ന പഠനങ്ങളും, വിശകലനങ്ങളും ധാരാളമായതോടെ വിഷയം കൂടുതല്‍ സജീവമായി. നിലവിലുള്ള മുതലാളിത്ത-സാമ്രാജ്യത്വ സംവിധാനത്തെ, മൂലധന വ്യവസ്ഥിതിയുടെ അനന്തമായ ലാഭേച്ഛ പരിസ്ഥിതി ദുരന്തത്തിന്റെ മുഖ്യകാരണമായി തിരിച്ചറിയപ്പെടുന്ന പഠനങ്ങളും, രാഷ്ട്രീയവും വ്യാപകമായി. മുതലാളിത്ത യുഗത്തില്‍ 'പ്രകൃതി ദുരന്തങ്ങള്‍' അല്ല മുതലാളിത്ത നിര്‍മ്മിത ദുരന്തങ്ങളാണ് സംഭവിക്കുന്നതെന്ന വീക്ഷണങ്ങള്‍ പ്രബലമായി. പാരിസ്ഥിതികമായ ഉത്ക്കണ്ഠകള്‍ വിമോചനാത്മകമായ രാഷ്ട്രീയത്തിന്റെ അവിഭാജ്യ ഘടകമായി.
മുന്‍നിര മുതലാളിത്ത രാജ്യങ്ങളിലെ സമ്പദ്ഘടനകള്‍ അഭിമുഖീകരിച്ച പ്രതിസന്ധിയും വ്യാവസായിക നാഗരികതയെക്കുറിച്ചുള്ള പരിസ്ഥിതിവാദ വിമര്‍ശനങ്ങളും തീക്ഷ്ണമായ സംവാദങ്ങള്‍ക്ക് വഴിയൊരുക്കി. പാശ്ചാത്യ രാജ്യങ്ങളില്‍ പരിസ്ഥിതി, വ്യവസായ നാഗരികത സംവാദങ്ങള്‍ രൂപപ്പെട്ടതില്‍ നിന്നും വ്യത്യസ്തമായാണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പ്രസ്തുത ആശയങ്ങള്‍ അനുഭവപ്പെട്ടത്. വ്യവസായ വളര്‍ച്ചയാണ് പുരോഗതിയുടെ മാനദണ്ഡമെന്ന വിശ്വാസം രൂഢമൂലമായിരുന്ന ഈ സ്ഥലങ്ങളില്‍ പലപ്പോഴും മതമൗലികവാദികളും, സാമൂഹ്യ യാഥാസ്ഥിതികരുമാണ് പ്രധാനമായും വ്യവസായ നാഗരികതയുടെ വിമര്‍ശകരായി അരങ്ങ് വാണിരുന്നത്. ഭൗതിക സാഹചര്യങ്ങളുടെ ഗുണപരമായ മെച്ചപ്പെടലിനുള്ള ത്വര പലമാനങ്ങളുള്ള ആധുനികത വ്യവഹാരങ്ങളുമായി കെട്ടുപിണയുന്നതും മറ്റൊരു സവിശേഷതയായിരുന്നു. വന്‍കിട വ്യവസായ സംരംഭങ്ങളും, വൈദ്യുത നിലയങ്ങളും, അണക്കെട്ടുകളുമെല്ലാം ഈയൊരു പശ്ചാത്തലത്തില്‍ പുരോഗതിയുടെ അനിവാര്യതകളായി മാറിയിരുന്നു. എന്നു മാത്രമല്ല തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ വോട്ടു നേടുന്നതിനുള്ള മുഖ്യ പ്രചരണോപാധികളായി ഇത്തരത്തിലുള്ള പദ്ധതികള്‍ വ്യാപകമായി ഉപയോഗിക്കപ്പെടാനും തുടങ്ങി. ഈയൊരു പശ്ചാത്തലത്തില്‍ പരിസ്ഥിതി വാദത്തിന്റെ അടിസ്ഥാനത്തിലുള്ള വിമര്‍ശനങ്ങള്‍ ദേശപുരോഗതിക്ക് എതിരായ വിമര്‍ശനങ്ങളായി മുദ്ര കുത്തപ്പെട്ടു. ദേശരാഷ്ട്രത്തിന്റെ അതിരുകള്‍ക്കുള്ളില്‍ ഈയൊരു സംഘര്‍ഷം ഏറിയും കുറഞ്ഞും പ്രത്യക്ഷപ്പെടുന്നതിന് സമാന്തരമായി സാര്‍വദേശീയ തലത്തില്‍ പാരിസ്ഥിതികമായ പരിരക്ഷകള്‍ക്ക് അടിയന്തിരമായി രൂപം നല്‍കണമെന്ന ഗൗരവമായ സംവാദങ്ങള്‍ ഉടലെടുത്തു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ രാജ്യങ്ങള്‍ക്കും ബാധകമായ പരിസ്ഥിതി മാനദണ്ഡങ്ങളും, പെരുമാറ്റ സംഹിതകളും, പ്രോട്ടോക്കോളുകളും രൂപപ്പെടാനുള്ള സമ്മര്‍ദ്ദം അതിന്റെ ഫലമായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായി പ്രത്യേക വിഭാഗം തന്നെ രൂപീകരിക്കുവാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതമാവുന്ന സാഹചര്യത്തിലെത്തി. സൈലന്റ് വാലി സംരക്ഷണം 1970 ന്റെ അവസാന വര്‍ഷങ്ങളില്‍ കേരളത്തില്‍ പ്രത്യക്ഷപ്പെടുന്നതിന്റെ പൊതുപശ്ചാത്തലം ഇതായിരുന്നു.
മുതലാളിത്ത-സാമ്രാജ്യത്വ വ്യവസ്ഥയുടെ നടത്തിപ്പുകാരും ഈ സംഭവവികാസങ്ങള്‍ സാകൂതം വീക്ഷിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ ആധിപത്യത്തിന് വിരുദ്ധമായ ആശയങ്ങളും, വീക്ഷണങ്ങളും ചെറുക്കുന്നതിനുള്ള ബദല്‍ ആഖ്യാനങ്ങള്‍ മുതലാളിത്ത-സാമ്രാജ്യത്വ സംവിധാനത്തിന്റെ നടത്തിപ്പുകാരും വികസിപ്പിച്ചു. പരിസ്ഥിതി സംബന്ധമായ ഉത്ക്കണ്ഠകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു ആദ്യകാല നിലപാടെങ്കില്‍ ക്രമേണ അതില്‍ മാറ്റം വരാന്‍ തുടങ്ങി. ഊതി വീര്‍പ്പിച്ച ഉത്ക്കണ്ഠകളെന്നും, ഒഴിവാക്കാനാവാത്ത അനിവാര്യതകളെന്നുമുള്ള ആഖ്യാനങ്ങള്‍ ഈ മാറ്റങ്ങളെ പ്രതിനിധീകരിച്ചു. ഈയൊരു പ്രക്രിയ ഏറ്റവും ഒടുവില്‍ എത്തിനില്‍ക്കുന്നത് ഹരിത മുതലാളിത്തമെന്ന വീക്ഷണത്തിലാണ്. സുസ്ഥിര വികസനമെന്ന ആശയം ഹരിത മുതലാളിത്തമായി വേഷം മാറുന്ന സന്ദര്‍ഭങ്ങളും വിരളമല്ല. പരിസ്ഥിതി ദുരന്തം അടുത്ത വലിയ നിക്ഷേപാവസരമായി കണക്കാക്കുന്ന സമീപനങ്ങളും ഹരിത മുതലാളിത്തത്തിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.
സൈലന്റ് വാലി സംരക്ഷണത്തിന് ഏതാണ്ട് 50 വര്‍ഷം തികയുന്ന വേളയില്‍ ആഗോളതലത്തില്‍ പരിസ്ഥിതി വാദമെത്തി നില്‍ക്കുന്ന പരിപ്രേക്ഷ്യങ്ങളുടെ വളരെ വിശാലമായ ലഘുവിവരണമാണ് മുകളില്‍ നടത്തിയിരിക്കുന്നത്. മുകളില്‍ വിവരിച്ച പരിപ്രേക്ഷ്യങ്ങളുടെ വെളിച്ചത്തില്‍ കേരളത്തിലെ പരിസ്ഥിതി വാദത്തിന്റെ സ്ഥിതി എന്താണ്. ദേശീയ-സാര്‍വ ദേശീയ തലങ്ങളില്‍ പരിസ്ഥിതി വാദം എത്തി നില്‍ക്കുന്ന ഇപ്പോഴത്തെ അവസ്ഥയും കേരളത്തിലെ സാഹചര്യങ്ങളും തമ്മിലുളള താരതമ്യം എന്താണ്. കഴിഞ്ഞ 50 വര്‍ഷക്കാലയളവില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായ നിയമ നിര്‍മ്മാണങ്ങളും, അവ കേരളത്തില്‍ നടപ്പില്‍ വരുത്തിയതിന്റെയും ചരിത്രവും എന്താണ് വെളിപ്പെടുത്തുന്നത്. കാലാവസ്ഥ വ്യതിയാനം ഉയര്‍ത്തുന്ന ഭീഷണി കേരളത്തെ എങ്ങനെ ബാധിക്കും. അടുത്ത 50 വര്‍ഷത്തെ കേരളത്തിന്റെ പരിസ്ഥിതി കടന്നുപോകാനിടയുള്ള സാഹചര്യങ്ങളെ വിലയിരുത്താനുള്ള 'സിമുലേഷന്‍' പരീക്ഷണങ്ങള്‍ എത്രത്തോളം സാധ്യമാണ്. ഐപിസിസി പോലെയുള്ളവ കാലാവസ്ഥ വ്യതിയാനത്തെ പറ്റി പഠിക്കുന്നതിനായി വികസിപ്പിച്ച രീതിശാസ്ത്രവും, 'ടൂളുകളും' കേരളം പോലുള്ള സ്ഥലങ്ങളില്‍ 'മൈക്രോ ലെവലില്‍' ഉപയോഗപ്പെടുത്താന്‍ കഴിയുന്നതിന്റെ സാധ്യതകള്‍ എത്രയാണ്. മുതലാളിത്ത-സാമ്രാജ്യത്വ സംവിധാനങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പുകള്‍ക്ക് പരിസ്ഥിതിവാദം അനിവാര്യമാണെന്ന വീക്ഷണങ്ങള്‍ കേരളം പോലുള്ള പ്രദേശങ്ങളില്‍ മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയ സാധ്യതകള്‍ എന്താണ്. തദ്ദേശീയരായ ജനവിഭാഗങ്ങള്‍ ആര്‍ജ്ജിച്ച ജ്ഞാനം സ്വാംശീകരിക്കുന്നതിലും വികസിപ്പിക്കുന്നതിലും കേരളത്തിലെ പരിസ്ഥിതിവാദം എത്രത്തോളം ഫലപ്രദമാണ്. കേരളത്തിലെ മനുഷ്യരുടെ മാത്രമല്ല മൊത്തം ആവാസ വ്യവസ്ഥയുടെ നിലനില്‍പ്പിനെ ബാധിക്കുന്ന നിരവധി പാരിസ്ഥിതിക ചോദ്യങ്ങള്‍ നാം അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു. നീട്ടി വയ്ക്കാനോ, മാറ്റിവെക്കാനോ പറ്റാത്തവിധം അടിയന്തിര പ്രാധാന്യമുള്ള വിഷയങ്ങളായി ഈ ചോദ്യങ്ങള്‍ മാറിയിരിക്കുന്നു. 'മുതലാളിത്തത്തിന്റെ അവസാനം വിഭാവന ചെയ്യുന്നതിനേക്കാള്‍ എളുപ്പം പ്രപഞ്ചത്തിന്റെ അവസാനം വിഭാവന ചെയ്യുന്നതാണെന്ന' (2) ദുര്യോഗം അവഗണിക്കാനാവാത്ത സാഹചര്യത്തില്‍ ഈ ചോദ്യങ്ങളില്‍ നിന്നും ആര്‍ക്കും ഒഴിഞ്ഞു മാറാനാവില്ലെന്നു വ്യക്തമാണ്.
(1) 'മുണ്ടക്കോട്ട് കുറിശ്ശി മുതല്‍ ഇവിടെ വരെ' എന്ന ആത്മകഥയില്‍ രാമകൃഷ്ണന്‍ പാലാട്ട് അന്തരിച്ച പ്രൊ. എംകെ പ്രസാദുമായി നടത്തിയ ആദ്യ സൈലന്റ് വാലി യാത്രയെക്കുറിച്ചുള്ള വിവരണം. 'സൈലന്റ് വാലി എന്ന കന്യാവനം ശരിക്കുമൊരു അത്ഭുതം തന്നെയായിരുന്നു. അത്രക്ക് നിബിഢമായിരുന്ന ഒരു വനപ്രദേശം ഞാന്‍ ആദ്യമായിട്ട് കാണുകയാണ്. എവിടേക്ക് നോക്കിയാലും പച്ചപ്പ് തന്നെ. കുറേ നേരം അവിടെയൊക്കെ ചുറ്റിനടന്ന് കണ്ടശേഷം ഞങ്ങള്‍ തിരികെ നടന്നു. അപ്പോഴേക്കും പ്രകോപനങ്ങളും, അവഹേളനങ്ങളും കുറച്ചുകൂടി രൂക്ഷമായ ഭാഷയില്‍ ആയി. 'നായിന്റെ മക്കള്‍' എന്നൊക്കെ അവര്‍ ഉച്ചത്തില്‍ വിളിച്ചു പറയാന്‍ തുടങ്ങിയപ്പോള്‍ പ്രസാദ് മാഷിന് ദേഷ്യം വരുന്നുണ്ടായിരുന്നു. പക്ഷെ ശങ്കരന്‍ വളരെ നയത്തില്‍ ഞങ്ങളെ അവിടെ നിന്നും കൂട്ടിക്കൊണ്ടു വന്ന് മണ്ണാര്‍ക്കാട് തിരിച്ചെത്തിച്ചു. ആ യാത്രയാണ് പിന്നീട് പ്രസാദ് മാഷ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിശ്ശബ്ദതയുടെ താഴ്‌വര എന്ന ലേഖനം എഴുതാന്‍ ഇടയാക്കിയത്. ആ ലേഖനമാണ് സൈലന്റ് വാലി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആദ്യപടിയായത്.' പേജ് 135-138.
(2) പ്രശസ്ത അമേരിക്കന്‍ മാര്‍ക്‌സിസ്റ്റ് സാംസ്‌ക്കരിക പണ്ഡിതമായ ഫ്രെഡറിക് ജയിംസണിന്റെ നിരീക്ഷണം