കടലേറ്റത്തിനും മലയിടിച്ചിലിനും നടുവിലെ കെ റെയില്‍
24 കിലോമീറ്റർ നീളവും പരമാവധി അര കിലോമീറ്റർ വീതിയുള്ളതും കേരളത്തിലെ ഏറ്റവും നീളമേറിയതുമായ പഞ്ചായത്താണ് വലിയപറമ്പ്. നീലേശ്വരം അഴിമുഖത്തിനും ഏഴിമല എടത്തൂർ അഴിക്കും ഇടയിൽ ഓടം പോലൊരു നാട്. ഒരു ഭാഗം അറബിക്കടൽ, മറു ഭാഗം കവ്വായിക്കായൽ. കായലിലെ മാടക്കൽ, ഇടയിലക്കാട് തുടങ്ങിയ ജനനിബിഡമായ തുരുത്തുകൾ കൂടി വലിയപറമ്പിന്റെ ഭാഗം തന്നെ. 2019 സെപ്തംബർ 5ന് വലിയപറമ്പ് പഞ്ചായത്തിൽ വലിയൊരു സമ്മേളനം നടന്നു. കടലാക്രമണവും പ്രളയവും തങ്ങളുടെ ആവാസത്തുരുത്തിന്റെ ഇരുപതു ശതമാനം സ്ഥലവും കവർന്നെടുത്തതിൽ ഭയപ്പെട്ട പ്രദേശവാസികളുടെ ആശങ്ക 'പരിഹരിക്കാനും' പ്രയോഗിക മാർഗങ്ങൾ ആലോചിക്കാനും വേണ്ടിയായിരുന്നു നാലായിരത്തോളം ആളുകൾ രാഷ്ട്രീയപ്പാർട്ടിയുടെ റാലിക്ക് പങ്കെടുക്കുന്നതു പോലെ പടങ്ങു കെട്ടിയ മിനിലോറിയിലും മിനി ബസ്സിലുമൊക്കെയായി വന്നെത്തിയത്. എം.പിയും എം.എൽ എയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്ത ഈ 'പരിസ്ഥിതി സമ്മേളനം' പോലൊന്ന് അടുത്തൊന്നും കേരളത്തിൽ നടന്നിട്ടില്ല. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് അക്ഷരാർത്ഥത്തിൽ ചോർന്നു പോകുന്നത് തിരിച്ചറിഞ്ഞവരുടെ മരണപ്പിടച്ചിലായിരുന്നു സത്യത്തിൽ അത്. എൻഡോസൾഫാൻ വിരുദ്ധ സമരത്തിന്റെ ചില ഘട്ടങ്ങളിൽ മാത്രമാണ് മുമ്പ് ഇത്തരം ഒരു ജനക്കൂട്ടത്തെ രാഷ്ടീയ പാർട്ടികളുടെതല്ലാത്ത ഒരു സദസ്സായി ജില്ല കണ്ടത്. രണ്ടു മണിക്ക് നടക്കേണ്ട ഉദ്ഘാടനം നാലു മണിക്ക് എം.പി എത്തി നിർവഹിച്ചതോടെ ആളുകൾ പിരിഞ്ഞു പോയി. തങ്ങളുടെ ഉഭയങ്ങൾ നഷ്ടപ്പെട്ടതിന് പരിഹാരം കാണാൻ നിവേദനം നല്കാൻ വേണ്ടിയായിരുന്നു പലരും എത്തിയിരുന്നത്.
രാഷ്ടീയമായോ പ്രാദേശികമായോ പരിഹാരമില്ലാത്ത, ഉയരുന്ന ജലനിരപ്പിനനുസരിച്ച് ജീവിത രീതിയെ അഴിച്ചുപണിയലല്ലാതെ മറ്റൊരു മാർഗം ഇല്ലാത്ത, വരും പതിറ്റാണ്ടുകൾ കേരളം അഭിമുഖീകരിക്കേണ്ടിയിരിക്കുന്ന വലിയൊരു ജീവൽ പ്രശ്നമാണ് വലിയപറമ്പ് അഭിമുഖീകരിക്കുന്നത് എന്നറിഞ്ഞു കൊണ്ട് അന്നത്തെ അന്തിമങ്ങൂഴത്തിലൂടെ നടന്നപ്പോൾ ഒരു കാഴ്ച കണ്ടു. കടൽ കവർന്നു കൊണ്ടുപോയ വിശാലമായ കളി മൈതാനത്തിന്റെ കിഴക്കായി കൂറ്റൻ വീടുകൾ. വീടുകളിൽ ചെറുകുന്നു പോലെ കൂന കൂട്ടിയിരിക്കുന്നു കടലോര മണൽ. മണലെടുപ്പിന് നിയന്ത്രണം വരുന്നതറിഞ്ഞ് ഇനി വരുന്ന തലമുറയ്ക്ക് വീട് കെട്ടാൻ വേണ്ടി കരുതലായി വാരിക്കൂട്ടിയതാണത്. എത്ര മാത്രം ശുഭാപ്തി വിശ്വാസിയാണ് തുരുത്തിലകപ്പെട്ട മനുഷ്യൻ!
ആ പരിസ്ഥിതി സമ്മേളനം കഴിഞ്ഞ് രണ്ടു വർഷമായി. ഓരോ മഴക്കാലവും തിണ്ടും തീരവും തിന്നു കൊണ്ട് കടന്നു പോയി. രണ്ടു വർഷത്തിനു ശേഷം 22.7.2021 ന് തൃക്കരിപ്പൂർ എം.എൽ.എ, എം.രാജഗോപാൽ കേരള നിയമസഭയിൽ ഒരു ശ്രദ്ധ ക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ചു. കടലെടുക്കുന്ന എല്ലാ തീരങ്ങളിൽ നിന്നും ഉയർന്നു കേൾക്കാറുള്ള പരിഹാരമാർഗം തന്നെയാണ് വലിയ പറമ്പിനെ രക്ഷിക്കാൻ വേണ്ടിയും എം.എൽ.എ ആവശ്യപ്പെട്ടത്. തീരദേശ പരിപാലന നിയമത്തിൽ നിന്ന് വലിയപറമ്പിന് ഇളവ് നല്കണമെന്നും ടൂറിസം വികസനത്തിന് കെട്ടിടം നിർമിക്കാൻ അനുമതി നല്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കരിങ്കൽ കടൽഭിത്തിയോ ജിയോപൈപ്പ് ഉപയോഗിച്ചുള്ള പുതിയ 'പ്രകൃതി സൗഹൃദ' ഭിത്തിയോ വേണമെന്ന ജനാവശ്യം ആണ് എല്ലാ കടലേറ്റ തീരത്തു നിന്നും ഉയർന്നു കേൾക്കാറ്. എംഎൽഎയുടെ നിയമസഭയിലെ പ്രമേയത്തിന് സ്ഥിതി പഠിക്കാൻ കോസ്റ്റൽ റഗുലേഷൻ അതോറിറ്റിയുടെ വിദഗ്ധ സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മറുപടി നല്കി. സർക്കാർ ഇളവനുവദിച്ചാലും കടലിന്റെ നീതി ഒരു ദാക്ഷിണ്യവും കാണിക്കില്ലെന്ന പരമമായ സത്യം, വിശ്വസിക്കാനിഷ്ടപ്പെടാത്ത ആ പരമാർത്ഥം ഇതിനിടയിൽ മറന്നു പോകുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റേയും ആഗോളതാപനത്തിന്റേയും ഫലമായി സമുദ്രനിരപ്പ് ഉയരും എന്നത് സംശയമില്ലാത്ത കാര്യമാണ്. മൺറോതുരുത്ത് പോലെ കേരളത്തിലെ പലയിടങ്ങളും സമീപകാലത്ത് ജലാധിവാസം ചെയ്തിരിക്കുകയാണ്. അത്തരമൊരവസ്ഥയിൽ എങ്ങനെ ഈ നാടിനെ അതിജീവിപ്പിക്കണമെന്നാണ് ജനപ്രതിനിധികൾ ഗൗരവത്തിൽ ആലോചിക്കേണ്ടത്. കാസർകോട് ജില്ലയിൽ വലിയപറമ്പിൽ മാത്രം ഇപ്പോഴും നിലനിൽക്കുന്ന കണ്ടറൂട്ടി പോലുള്ള ഉപ്പു പ്രതിരോധമുള്ള നാടൻ നെൽ വിത്തുകളെ സംരക്ഷിച്ചിച്ച് കാർഷിക വൃത്തികളെ പുനഃക്രമീകരിക്കുക എന്നതാണ് ഇവിടെ ആദ്യം ചെയ്യേണ്ടത്. കടലിലും താണു കിടക്കുന്ന ലോവർ കുട്ടനാട്ടിൽ ഒരു നൂറ്റാണ്ടിലേറെക്കാലമായി ഒരു ജനപഥവും മനുഷ്യരും അതിജീവിച്ചത് മനുഷ്യനിർമിതമായ ബണ്ടിന്റെ ബലത്തിൽ കെട്ടിയുയർത്തിയ വിശ്വാസത്തിലാണ് എന്നോർമ്മിച്ചാൽ ഈ നാടിനും അതുപോലെ ഒരു അതിജീവനം സാധ്യമാകുമെന്ന ശുഭാപ്തി വിശ്വാസത്തിലെത്താനാകും. കായൽ ടൂറിസം വികസിക്കാൻ നീണ്ടുമെലിഞ്ഞു കിടക്കുന്ന ഈ പ്രദേശത്ത് സ്ഥിരം കെട്ടിടങ്ങൾ വേണമെന്ന് അധികാരികളെ ഉപദേശിച്ചു കൊടുക്കുന്നവരുടെ തൊലിക്കട്ടി അപാരമാണ്.
അടുത്ത കാലം വരെ പാലവും റോഡുകളും അന്യമായതു കൊണ്ടാകണം കടൽഭിത്തി ഇല്ലാത്ത അപൂർവ്വം കടപ്പുറങ്ങളിലൊന്നാണിത്. അതുകൊണ്ടു തന്നെ കടലാമകൾ അപുർവമായെങ്കിലും ഇപ്പോഴും മുട്ടയിടാനായി കരകയറുന്ന ഒരു നീളൻ തീരം. കോടികൾ മുടക്കി കടലിൽ കല്ലിട്ടതുകൊണ്ട് മാത്രം സംരക്ഷിച്ചു നിർത്താൻ പറ്റാത്ത വിധം സങ്കീർണമാണ് ഇന്ന് വലിയപറമ്പ് പോലുള്ള ഒട്ടു വളരെ തീരപ്രദേശങ്ങളുടെ പ്രശ്‌നങ്ങൾ. അഴിമുഖങ്ങളിൽ പുലിമുട്ടുകൾ വന്നതോടെയാണ് കരയിടിച്ചൽ വ്യാപകമായതെന്നത് തീരത്തിന്റെ അനുഭവസാക്ഷ്യമാണ്. നീലേശ്വരം പുഴയുടെ അഴിമുഖത്ത് അടുത്തിടെ വന്ന പുലിമുട്ടാണ് വലിയപറമ്പിനെ കടലെടുക്കുന്ന പ്രവൃത്തി നേരത്തെയാക്കിയത്.
2019 ജൂണിൽ കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം കേരളത്തിന്റെ മൂന്നിലൊന്ന് കടൽത്തീരം കഴിഞ്ഞ 30 വർഷം കൊണ്ട് കടലെടുത്തിട്ടുണ്ട്. അശാസ്ത്രീയമായ തീരപരിപാലന നടപടികളും അനധികൃത കടൽമണൽ, കരിമണൽ ഖനനവും കടൽ ഭിത്തി-പുലിമുട്ട് നിർമ്മാണവും ആണ് തീരശോഷണത്തെ ത്വരിതപ്പെടുത്തിയത്. വിഴിഞ്ഞത്ത് കേരളത്തിലെ ഏറ്റവും വലിയ തുറമുഖത്തിന്റെ നിർമ്മാണം ആരംഭിച്ചതോടെ ശംഖുമുഖം മുഴുക്കെ കടലെടുത്തു തീർന്നുകൊണ്ടിരിക്കുകയാണ്. വിഴിഞ്ഞം ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ പോർട്ട് പ്രൊജക്റ്റ് ഒരു അടിസ്ഥാന വികസനപദ്ധതിയാണ് എന്നും അതിനാൽ അതിനുവേണ്ടി ചിലവാക്കുന്ന പൈസയുടെ ലാഭനഷ്ട കണക്കുകൾ നോക്കേണ്ടതില്ല എന്നും ആണ് പൊതുഖജനാവിലെ മുതൽ മുടക്കിന്റെ കാര്യത്തിൽ ആധുനിക കേരളം കണ്ട ഏറ്റവും വലിയ അടിസ്ഥാന വികസന പദ്ധതിയായ ഈ പദ്ധതിയെ അനുകൂലിക്കുന്ന ഭരണ–രാഷ്ട്രീയ നേതൃത്വങ്ങൾ അവകാശപ്പെടുന്നത്.
ഇത്തരമൊരു വികസന പദ്ധതി നടപ്പിലാക്കുമ്പോൾ അതിനുവേണ്ടി ചിലവാക്കുന്ന തുകയും അതുമൂലം പ്രദേശത്തിന്റെ സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക രംഗത്തുണ്ടാകുന്ന നേട്ടങ്ങളുടെയും കോട്ടങ്ങളുടെയും വിശകലനം സാധ്യമാക്കുകയും ഭാവിയിൽ ഉണ്ടാകാവുന്ന മറ്റു പ്രശ്നങ്ങൾ വിശദമായി പഠിക്കുകയും ചെയ്യണ്ടതുണ്ട്. എന്നാൽ ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധമായ നിലയിലാണ് വിഴിഞ്ഞം പദ്ധതിയുടെ നടത്തിപ്പ്. പദ്ധതി നിലവിൽ വരുമ്പോൾ പുതിയതായി ആകെ ലഭിക്കുന്ന തൊഴിൽ വെറും 600 മാത്രമാണെന്നും നഷ്ടപെടുന്ന തൊഴിലുകൾ മത്സ്യബന്ധന മേഖലയിൽ മാത്രം 50000 ൽ കൂടുമെന്നും ടൂറിസം മേഖലയിൽ മാത്രം ഏകദേശം 3000ത്തോളമാണെന്നും പൊതുജനങ്ങളിൽ നിന്നും മറച്ചു വെക്കുന്നു എന്നാണ് പദ്ധതിയെക്കുറിച്ചുള്ള ഒരു പ്രധാന വിമർശനം. വിഴിഞ്ഞം പദ്ധതി മൂലമുണ്ടാകുന്ന സാമൂഹിക–സാമ്പത്തിക അരക്ഷിതാവസ്ഥ മാത്രമല്ല കടലിൽ കരിങ്കല്ലിടാൻ പശ്ചിമഘട്ടത്തിന്റെ തെക്കൻ മേഖലയാകെ മാന്തിപ്പൊളിച്ചെടുക്കുന്നതിന്റെ ആഘാതവും പ്രവചനാതീതമായിരിക്കും. കടലാക്രമണം രൂക്ഷമായി ശംഖുമുഖം, വേളി എന്നീ കടൽത്തീരങ്ങളും സംസ്ഥാനത്തെ പ്രധാന ടൂറിസം മേഖലയായ കോവളം തീരവും പരിപൂർണമായും കടലെടുക്കുമ്പോൾ, കേരളത്തിലെ മൊത്തം ടൂറിസം രംഗത്തിനുമുണ്ടാകുന്ന സാമ്പത്തിക സാമൂഹിക-പരിസ്ഥിതി നഷ്ടത്തിന്റെ കണക്കുകൾ വളരെ വലുതാണ്. അടുത്ത 20–25 വർഷങ്ങൾ കൊണ്ട് തിരുവനന്തപുരം ജില്ലയിലെ കടൽത്തീരം മുഴുവൻ കടലെടുക്കുമ്പോൾ വീടും സ്ഥലവും ജോലിയും നഷ്ടപ്പെടുക ലക്ഷകണക്കിന് മത്സ്യ തൊഴിലാളികൾക്ക് ആയിരിക്കും.
പദ്ധതിയുടെ പുനരധിവാസ പാക്കേജിൽ തിരുവനന്തപുരത്തെ ശംഖുമുഖം കടപ്പുറത്തു നിന്നും വേളി വരെയുള്ള റോഡിന്റെ ഇടതുവശത്തു താമസിക്കുന്ന രണ്ടു നിരയിലുള്ള വീടുകൾ ഭാവിയിൽ കടൽക്ഷോഭം മൂലം കടലെടുക്കുമെന്നും ഏകദേശം 500 കുടുംബങ്ങൾ വഴിയാധാരമാകുമെന്നും കണക്കാക്കി തിരുവനന്തപുരം ലത്തീൻ അതിരൂപത നടത്തിയ പ്രക്ഷോഭം അവസാനിപ്പിക്കാൻ ഉമ്മൻചാണ്ടി സർക്കാർ ഉണ്ടാക്കിയ കരാറിൽ 475 കോടി രൂപ മാറ്റി വെച്ചത് മാത്രമാണ് ഇതിൽ കൂട്ടാവുന്ന ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ച പദ്ധതി ഇതര ചെലവ്. വിഴിഞ്ഞം പദ്ധതിക്ക് മുൻപ് കേരളം കൊട്ടിഘോഷിച്ച മറ്റൊരു സ്വപ്ന പദ്ധതിയായിരുന്നു വല്ലാർപ്പാടം കണ്ടെയ്നർ പ്രൊജക്റ്റ്. അതിനു വേണ്ടി കോടികൾ മുടക്കി നിർമ്മിച്ച റെയിൽവേ ലൈനും, റെയിൽവേ പാലവും ഇന്ന് നോക്കുകുത്തിയാണ്. പദ്ധതി കമ്മീഷൻ ചെയ്ത് ഒരു പതിറ്റാണ്ടായിട്ടും ആ ലൈനിൽ ഇത് വരെ പത്തിൽ താഴെ മാത്രം കണ്ടെയ്നർ കാർഗോ ട്രെയിൻ മാത്രമാണ് ഓടിയത്. വിഴിഞ്ഞം തുറമുഖ നിർമാണം പൂർത്തിയാക്കുന്നതോടൊപ്പം ശംഖുമുഖത്തെ ആറാട്ട് കൊട്ടാരവും പുരാവസ്തു പൈതൃക പട്ടികയിൽ പെടുന്ന കൽമണ്ഡപവും വള്ളക്കടവ്, ബീമാപള്ളി, പൂന്തുറ മേഖലയിലെ മത്സ്യത്തൊലാളികളുടെ നിരവധി വീടുകളും അനതിവിദൂര ഭാവിയിൽ ഇല്ലാതാകും.വിഴിഞ്ഞം ഫിഷിങ് ഹാർബർ നിലവിൽ വന്ന കഴിഞ്ഞ 40 വർഷത്തിനുള്ളിൽ കടൽത്തീര ശോഷണം കാരണം പനത്തുറയിലെ ക്ഷേത്രം മൂന്നു തവണ കിഴക്കോട്ട് മാറ്റി സ്ഥാപിച്ചത് ആസന്നമായ ദുരന്തത്തിന്റെ സ്വഭാവം വ്യക്തമാക്കുന്നു.
2000 ആഗസ്റ്റ് 6 നാണ് 66 മനുഷ്യർ രാജമലയിലെ പെട്ടിമുടിയിൽ ഉരുൾ പൊട്ടിയിടിഞ്ഞ് ഒഴുകി വന്ന മണ്ണിലും പാറയിലും പുതഞ്ഞു പോയത്. പെട്ടിമുടിക്ക് മുൻപ് പൂത്തുമല, കവളപ്പാറ, മുട്ടിൽ മല, കുറിച്ചാർ മല, മുണ്ടക്കൈ, കാപ്പിക്കളം ലയങ്ങളിൽ താമസിക്കുന്നവരും ആദിവാസികളുമാണ് ഇവിടങ്ങളിലെല്ലാം മണ്ണടിഞ്ഞത്. വയനാട്ടിലും ഇടുക്കിയിലും മാത്രമല്ല പശ്ചിമഘട്ട മലനിരകളാകെ ഉരുൾപൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും നിരന്തര ഭീഷണിയിലാണ്. തെക്കെ ഇന്ത്യയിലെ 40 കോടി മനുഷ്യരുടെ ജീവന്റെ നിലനിൽപ്പിന് നിദാനമായ അമൂല്യമായ ജലഗോപുരവും അനർഘമായ ജീവസ്രോതസുമാണ് പശ്ചിമഘട്ടം. ഇതുവരെ പശ്ചിമഘട്ടത്തിനോടു നാം ചെയ്ത ക്രൂരതകൾക്ക് പ്രായശ്ചിത്തമാകുമായിരുന്ന, ലോകത്തേറ്റവും പഴക്കമുള്ള ജൈവവൈവിധ്യ സമ്പന്നമായ പശ്ചിമഘട്ടത്തെ സംരക്ഷിക്കാനുള്ള മാധവ് ഗാഡ്ഗിൽ കമ്മീഷന്റെ ശുപാർശകൾ ഗളച്ഛേദം നടത്തി കുഴിച്ചു മൂടിയിരിക്കുകയാണ്. കടലിലിടുന്ന ഓരോ കല്ലും കാടിന്റേതാണ്. പശ്ചിമഘട്ടവും അതിന്റെ തുടർച്ചയായ ഇടനാടൻ ചെങ്കൽക്കുന്നുകളുമാണ് പാരിസ്ഥിതിക നീതിയില്ലാത്ത ഓരോ വികസന പദ്ധതിക്കും ബലിയായിത്തീരുന്നത്. ഇത്തരം വികസന വഴിയിൽ ഒരു സ്വപ്ന പദ്ധതിയായിട്ടാണ് കെ റെയിലിന്റെ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പ്രത്യക്ഷപ്പെട്ടത്. പദ്ധതിയില്‍ ശാസ്ത്രസാഹിത്യ പരിഷത്ത് പോലുള്ള വിവിധ സംഘടനകൾ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നിട്ടുണ്ട്. നിലനിൽക്കുന്ന റയിൽവേ സംവിധാനം മെച്ചപ്പെടുത്തി ഇപ്പോഴുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴാണ് ഈ പദ്ധതിക്കുള്ള സാമ്പത്തിക പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പരിഗണിക്കാതെ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. 629.45 കിലോമീറ്റർ ദൈർഘ്യമുള്ള പാതയ്ക്ക് 63943 കോടിയാണ് പ്രതീക്ഷിത ചെലവ്. ഇത് ഒരു ലക്ഷത്തി ഇരുപത്താറായിരം കോടി രൂപയെങ്കിലുമാകുമെന്ന് കേന്ദ്ര ഗവർമെന്റ് കണക്ക് കൂട്ടുന്നു. ആ അധിക ബാധ്യത സംസ്ഥാനം സ്വയം ഏറ്റെടുക്കണമെന്നാണ് നീതി ആയോഗ് പറയുന്നത്. സിൽവർ ലൈന്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ രണ്ടു ലക്ഷം കോടി രൂപയോളം വേണ്ടിവരുമെന്നും വാങ്ങേണ്ടിവരുന്ന ഈ പണം കേരളത്തെ വലിയ ഋണബാധ്യതയിലേക്ക് തള്ളിവിടുമെന്നും പരിഷത്ത് പറയുന്നു.
സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ദിനംപ്രതി യാത്ര ചെയ്യുന്നവരല്ല കേരളത്തില്‍ കൂടുതലെന്നും റെയില്‍വേ സര്‍വീസിലൂന്നിയ പൊതുഗതാഗതം കാര്യക്ഷമമാക്കുകയാണ് വേണ്ടതെന്നും റെയില്‍ പാത ഇരട്ടിപ്പിക്കല്‍, സിഗ്‌നലിങ് സംവിധാനം മെച്ചപ്പെടുത്തല്‍ എന്നിവയിലൂടെ വേഗത ഇപ്പോഴത്തേതിനേക്കാള്‍ കൂട്ടാനാകും എന്നും പരിഷത്ത് അഭിപ്രായപ്പെടുന്നു. ലഭ്യമായ രേഖകള്‍ പ്രകാരം 88 കിലോമീറ്റര്‍
പാടത്തിലൂടെയുള്ള ആകാശപാതയാണിത്. 4-6 മീറ്റര്‍ ഉയരത്തില്‍ തിരുവനന്തപുരം-കാസര്‍കോട് വരെ മതിലുകളുണ്ടാകും. ആയിരക്കണക്കിന് വീടുകളും പൊതുകെട്ടിടങ്ങളും ഇല്ലാതാകും. പാത കടന്നുപോകുന്ന ഭൂമിയില്‍ നല്ലൊരു ഭാഗം സി.ആര്‍.ഇസഡ് പരിധിയില്‍ വരുന്നതാണ്. ജനങ്ങളെ വന്‍തോതില്‍ കുടിയൊഴിപ്പിക്കേണ്ടിവരും. ഇത് വന്‍ പാരിസ്ഥിതികാഘാതം സൃഷ്ടിക്കും. എഴുനൂറോളം സസ്യജാതികളും നാനൂറോളം ദേശ്യ-ദേശാടകപ്പറവകളും നൂറ്റമ്പതിലേറെ പൂമ്പാറ്റയിനങ്ങളുമുള്ള ചരിത്രപ്രസിദ്ധമായ മാടായിപ്പാറ പോലുള്ള നിരവധി സൂക്ഷ്മ ആവാസസ്ഥാനങ്ങൾക്ക് മുകളിലൂടെയാണ് നിർദ്ദിഷ്ട തീവണ്ടിപ്പാത പോകേണ്ടത്.
11.53 കിലോമീറ്ററോളം തുരങ്കങ്ങളും 12.99 കിലോമീറ്റർ പാലവും ഉൾപ്പെട്ട കേരളത്തിന്റെ തെക്കുവടക്ക് നീളത്തിൽ മീറ്ററുകളോളം മണ്ണിട്ടുയർത്തിയും മതിൽക്കെട്ടു പണിതും ഇവിടത്തെ ജലാവാസവ്യവസ്ഥയെ മുഴുവൻ തകരാറിലാക്കി പണിയുന്ന പദ്ധതിയുടെ പരിസ്ഥിതികാഘാതം പ്രവചനാതീതമാണ്. എന്നാൽ 2006ലെ നിയമപ്രകാരം പരിസ്ഥിതി അനുമതി വേണ്ട പദ്ധതികളിൽ നിന്ന് റെയിൽപ്പാത ഒഴിവാക്കപ്പെട്ടിട്ടുണ്ട് എന്നത് പദ്ധതി നടപ്പിലാക്കാനുള്ള നിയമ തടസ്സം കുറയ്ക്കുമെങ്കിലും പരിസ്ഥിതികവും സാമൂഹികവുമായ നീതി തീർപ്പുകളുടെ കോടതി നിസ്സംശയം വിചാരണപോലും വേണ്ടാതെ ഉപേക്ഷിക്കുന്നതാണ് ഈ പദ്ധതി. 200 കിലോമീറ്റർ വേഗതയിലോടുന്ന ട്രയിൻ ഉണ്ടാക്കുന്ന ശബ്ദ ശല്യവും അതുണ്ടാക്കുന്ന പ്രകമ്പനവും അതിഭീകരമായിരിക്കുമെന്നും പുതുപാത നിലവിലുള്ള റെയിലിനരികിലാണെങ്കിലും അത് സുരക്ഷിതമാക്കാൻ കൂടുതൽ വീതിയിൽ സ്ഥലം ഏറ്റെടുക്കേണ്ടി വരുമെന്നും കെ റെയിൽ പദ്ധതിയുടെ ആദ്യ പ്രൊപോസൽ തയ്യാറാക്കിയ അലോക് വർമയെന്ന വിദഗ്ധൻ തന്നെ പറയുന്നു. പണി പൂര്‍ത്തിയാകുന്ന വര്‍ഷം, അതായത് 2025-26 ല്‍ പ്രതിദിനം 80,000 യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് 37,750ൽ കൂടില്ല എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ടിക്കറ്റില്‍നിന്ന് കിട്ടുന്ന പണം കൊണ്ട് കിഫ്ബി ഈടാക്കുന്ന നിരക്കില്‍ പോലും കെ.റെയിലിന്റെ വായ്പക്ക് പലിശ നല്‍കാന്‍ കഴിയില്ല എന്നതാണ് പരമാർത്ഥം. പണിയുന്നത് സ്റ്റാൻഡേർഡ് ഗേജ് പാളമായതിനാൽ ബ്രോഡ് ഗേജുള്ള മറ്റു പാളങ്ങളുമായി വണ്ടിയെ ബന്ധിപ്പിക്കുക അസാധ്യമാകും.
വിദേശ രാജ്യങ്ങളില്‍ അതിവേഗ റെയിലിന്റെ ചെലവിനെയും വേഗതയെയും താരതമ്യം ചെയ്യുന്നത് വിമാനയാത്രയുമായി ബന്ധപ്പെടുത്തിയാണ്, ഇന്നാട്ടിലെപ്പോലെ പാസഞ്ചര്‍ ട്രെയിനുകളുമായി ബന്ധപ്പെടുത്തിയല്ല. കേരളത്തിൽ നാലും തൊട്ടയൽപക്കത്ത് കോയമ്പത്തൂര്‍, മംഗാലപുരം വിമാനത്താവളങ്ങളും ഉണ്ട്. ഇവ ചേര്‍ന്ന ചെലവു കുറഞ്ഞ കെ എയര്‍ പദ്ധതി അതിവേഗയാത്രക്കാര്‍ക്കായി ആലോചിക്കാൻ കഴിയും. സിഗ്നൽ പരിഷ്ക്കരണം പൂർത്തിയായാൽ നിലവിലുള്ള വണ്ടികൾക്ക് തന്നെ കൂടുതൽ വേഗത കൈവരിക്കാനാവുമെന്ന് റെയിൽവെ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ ചിങ്ങവനം മുതൽ ഏറ്റുമാനൂർ വരെ നിലവിലുള്ള റെയിൽ പാത ഇരട്ടിക്കലിനായിത്തന്നെ സ്ഥലമെടുപ്പ് പൂർത്തിയാക്കാനായിട്ടില്ല എന്ന സ്ഥിതിയിലാണ് കൂനിന്മേൽ കുരുവെന്ന പോലെ കാൽ ലക്ഷം വീടുകളൊഴിപ്പിച്ച് ഒന്നേകാൽ ലക്ഷം പേരെ വഴിയാധാരമാക്കി ഈ സുവർണ പാത പണിയേണ്ടി വരുന്നത്.
സ്വപ്നങ്ങൾക്കപ്പുറം യാഥാർത്ഥ്യബോധത്തോടെ സമീപിച്ചാൽ ഒരു വിധത്തിലും സംഗതമാകാത്ത ഒരു പദ്ധതിയാണ് കെ റെയിൽ. ഇടിയുന്ന മലകൾക്കും ഏറുന്ന തിരമാലകൾക്കും ഇടയിലൂടെ മലയാള ഭൂമിയുടെ മരണകാഹളം മുഴക്കി പായുന്ന മരണപാത.