TMJ
searchnav-menu
post-thumbnail

Environment

കാലാവസ്ഥ ഉച്ചകോടിക്കിടെ മുന്നറിയിപ്പുമായി ലിവിങ് പ്ലാനറ്റ് റിപ്പോർട്ട്‌

13 Nov 2022   |   1 min Read
അനിറ്റ് ജോസഫ്‌

PHOTOS: PRASOON KIRAN

 

കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള 27-ാമത്തെ ഉച്ചകോടി ഈജിപ്തിൽ അരങ്ങേറുന്ന അവസരത്തിൽ, വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ പുതിയ പഠന റിപ്പോർട്ട് പ്രാധാന്യമർഹിക്കുന്നു. കരയിലും വെള്ളത്തിലും ജീവിക്കുന്ന ജീവിവർഗ്ഗങ്ങളുടെ എണ്ണത്തിൽ സംഭവിക്കുന്ന ആശങ്കാജനകമായ കുറവാണ് റിപ്പോർട്ടിന്റെ പ്രധാന ഉള്ളടക്കം. കരയിലെ വന്യജീവികളുടെ എണ്ണത്തിൽ 69% കുറവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 50 വർഷത്തിനിടയിൽ ലോകത്താകെയുള്ള ശുദ്ധജല ജീവികളുടെ എണ്ണത്തിൽ 83% കുറവ് വന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു. കൂടാതെ ആഗോളതലത്തിൽ ശുദ്ധജല മത്സ്യങ്ങളുടെ എണ്ണം 1970 മുതൽ 2016 വരെ 76% കുറവ് രേഖപ്പെടുത്തി.

 

ആവാസവ്യവസ്ഥയുടെ ചൂഷണം, വന നശീകരണം, അധിനിവേശങ്ങൾ, മലിനീകരണം, കാലാവസ്ഥാ വ്യതിയാനം, നദികളുടെ ഒഴുക്ക് തടയുന്നത്, രോഗങ്ങൾ എന്നിവയാണ് വന്യജീവികളുടെ എണ്ണം കുറയുന്നതിലെ പ്രധാന കാരണങ്ങളെന്ന് റിപ്പോർട്ട് വ്യക്തമാക്കി. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലെ വന്യജീവികളിൽ 55% കുറവാണ് കണ്ടെത്തിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ 66% കുറവ് രേഖപ്പെടുത്തിയപ്പോൾ, ലാറ്റിൻ അമേരിക്ക, കരീബിയൻ മേഖലകളിൽ 1970 മുതൽ 2018 വരെ വന്യജീവികളുടെ 94% കുറവാണ് രേഖപ്പെടുത്തിയത്.

 

കണക്കുകൾ പരിശോധിച്ചാൽ ലോകത്ത് ആകെ 37% നദികളുൾപ്പെടുന്ന 1000 കിലോമീറ്റർ മാത്രമാണ് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിന് തടസ്സം നേരിടാത്തത്. ഇന്ത്യയിലുൾപ്പെടെ നദികളുടെ ഒഴുക്കിനെ തടസ്സപ്പെടുത്തിക്കൊണ്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്. അമിത അളവിൽ രാസവളങ്ങൾ ഉപയോഗിച്ചുള്ള കൃഷിരീതികൾ ഉഭയജീവികളെ സാരമായി ബാധിക്കുന്നുവെന്നും അനധികൃതമായ വേട്ടയാടലുകൾ പക്ഷി, സസ്തനി വർഗ്ഗത്തിന്റെ എണ്ണത്തിൽ കുറവ് വരുത്തുന്നതായും റിപ്പോർട്ടിൽ പരാമർശിച്ചു.

 

വംശനാശ ഭീഷണി ഇന്ത്യയിലും

 

ഇന്ത്യയിലെ ഹിമാലയൻ മേഖലയും പശ്ചിമഘട്ടവും ദുർബലപ്രദേശങ്ങളിൽപ്പെടുന്നവയാണെന്ന് റിപ്പോർട്ട് വെളിപ്പെടുത്തുന്നു. താപനില ഇനിയും ഉയർന്നാൽ ഭാവിയിൽ ജൈവവൈവിധ്യം നശിക്കുന്നതിന്റെ അളവ് വർധിക്കുമെന്നും അത് വ്യക്തമാക്കുന്നു. രാജ്യത്തെ 12% വന്യ സസ്തനി വർഗ്ഗങ്ങൾ വംശനാശം നേരിടുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ 40% തേനീച്ചകൾ അപ്രത്യക്ഷമായി. രാജ്യത്ത് ആകെയുള്ള 867 പക്ഷി വർഗ്ഗങ്ങളുടെ 50 ശതമാനത്തോളം ഇല്ലാതാകുന്ന സാഹചര്യത്തിലെത്തി നിൽക്കുന്നു. അതിൽ 146 പക്ഷി വർഗ്ഗങ്ങൾ ഗുരുതര ഭീഷണി നേരിടുന്നവയാണ്. കൂടാതെ 150 ഉഭയവർഗ്ഗത്തിൽ പെടുന്ന ജീവികളും വംശനാശ ഭീഷണി നേരിടുന്നുവെന്ന് വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ഇന്ത്യൻ പ്രതിനിധികൾ നല്‍കിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു.

 

വേൾഡ് വൈൽഡ് ലൈഫിന്റെ പഠനങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ 132 ചതുരശ്ര കിലോ മീറ്റർ സ്വാഭാവിക വനം പൂർണ്ണമായും നശിപ്പിക്കുന്ന ഒരു ബ്രഹത് പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയതിനെ പറ്റിയുള്ള വാർത്തകൾ പുറത്തു വന്നരിക്കുന്നത്.

 

മണൽ വാരൽ, ഡാമുകളുടെ എണ്ണത്തിലെ വർധന, പുഴയിലേക്കൊഴുക്കുന്ന മാലിന്യങ്ങൾ എന്നിവയാണ് ഇന്ത്യയിൽ സംഭവിക്കുന്ന മറ്റ് പ്രധാന പ്രശ്‌നങ്ങൾ. മധ്യപ്രദേശിലെ നർമ്മദ നദിയിലെ മണൽ ഖനനം മൂലം നദിയുടെ സ്വഭാവിക ഒഴുക്ക് കുറയുകയും മത്സ്യങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിക്കുകയും ചെയ്തു. രാജ്യത്താകമാനം ഈ സ്ഥിതി നിലനിൽക്കുന്നുവെന്നാണ് പഠനങ്ങൾ പരാമർശിച്ചത്. ഗംഗാ നദിയിലെ മലിനജലവും രാസമാലിന്യങ്ങളും വർധിക്കുന്നത് മൂലം ഡോൾഫിനുകളുടെ ആവാസവ്യവസ്ഥയെ ബാധിച്ചിരിക്കുകയാണ്. വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പട്ടികയിൽ ഗംഗ നദിയിലെ ഡോൾഫിനും ഇടം പിടിച്ചിട്ടുണ്ട്.  

 

തീരസംരക്ഷണത്തിൽ കണ്ടൽക്കാടുകളുടെ പങ്കിനെപ്പറ്റിയും ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. അമിത ചൂഷണം, മലിനീകരണം, കൊടുങ്കാറ്റ്, തീരശോഷണം എന്നിവ കണ്ടൽക്കാടുകളുടെ നിലനിൽപ്പിനെ ബാധിക്കുകയാണ്. ഇതിലൂടെ അവയിലെ ജൈവവൈവിധ്യത്തെയും ആവാസവ്യവസ്ഥയെയും തകിടം മറിക്കുന്നു. 1985 മുതൽ സുന്ദർബൻ മേഖലയിലെ 137 ചതുരശ്ര കിലോമീറ്റർ കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെടുന്നതിലൂടെ അവയെ ആശ്രയിച്ചു വരുന്ന ജീവിവർഗ്ഗത്തിനും 100 ലക്ഷം വരുന്ന ജനങ്ങളും അവയുടെ പ്രത്യാഘാതങ്ങൾ നേരിടുകയാണ്. കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിലൂടെ കാലാവസ്ഥാ മാറ്റത്തിനെ ഒരു പരിധിവരെ പിടിച്ചുനിർത്തുന്നതിന് സഹായിക്കുമെന്നും റിപ്പോർട്ടിൽ പ്രതിപാദിച്ചു.  

 

ചീറ്റകളുടെ വംശനാശം സംഭവിച്ചതിനു ശേഷം അടുത്തിടെ നമീബിയയിൽ നിന്ന് എട്ട് ചീറ്റപ്പുലികളെ രാജ്യത്ത് എത്തിച്ചിരുന്നു. ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥ തിരികെപ്പിടിക്കാനുള്ള ഇത്തരം നീക്കങ്ങൾ ഫലം കണ്ടുതുടങ്ങുമെന്ന പ്രതീക്ഷയിലാണ് പരിസ്ഥിതി പ്രവർത്തകർ.

 

 

എട്ടര ലക്ഷം മരങ്ങൾ മുറിച്ചു നീക്കാൻ നിക്കോബാർ

 

WWF ന്റെ പഠനങ്ങൾ പുറത്ത് വന്നതിന് പിന്നാലെയാണ് ആൻഡമാൻ നിക്കോബാർ ദ്വീപിൽ 132 ചതുരശ്ര കിലോ മീറ്റർ സ്വാഭാവിക വനം പൂർണ്ണമായും നശിപ്പിക്കുന്ന ഒരു ബ്രഹത് പദ്ധതിക്ക് കേന്ദ്ര സർക്കാർ പച്ചക്കൊടി നൽകിയതിനെ പറ്റിയുള്ള വാർത്തകൾ പുറത്തു വന്നരിക്കുന്നത്. എട്ടര ലക്ഷത്തോളം മരങ്ങൾ മാത്രം ഇതിനായി മുറിച്ച് നീക്കേണ്ടി വരും. രാജ്യത്തിന്റെ സുരക്ഷയുടെ ഭാഗമായി സൈനിക ആവശ്യങ്ങൾക്കായിട്ടാണ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. ഇതിലൂടെ 12 മുതൽ 20 ഹെക്ടർ വരെയുളള കണ്ടൽക്കാടുകളുടെയും പവിഴപ്പുറ്റുകളുടെയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്നതാണ്.

 

75,000 കോടിയുടെ മെഗാ പ്രൊജക്ടിനാണ് കേന്ദ്രം അനുമതി നല്കിയിരിക്കുന്നത്. സൈനികർക്കും പൊതുജനത്തിനും ആവശ്യത്തിനായുള്ള വിമാനത്താവളത്തിനും അന്താരാഷ്ട്ര കണ്ടെയ്‌നർ ഷിപ്‌മെന്റ് സൗകര്യങ്ങൾക്കും ഗ്യാസ്, ഡീസൽ, സോളാർ പവർപ്ലാന്റ് തുടങ്ങിയവയുടെ നിർമ്മാണപ്രവർത്തനങ്ങൾക്കുമായാണ് പദ്ധതിപ്രദേശം കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യൻ ഭൂഖണ്ഡത്തിലെ തെക്കേ അറ്റത്തുള്ള ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഏറ്റവും തന്ത്രപ്രധാനമായ പ്രദേശങ്ങളിലൊന്നാണ്. ആൻഡമാൻ നിക്കോബാർ ദ്വീപുകൾ ഇന്ത്യയ്ക്ക് ബംഗാൾ ഉൾക്കടൽ മേഖലയിൽ ആധിപത്യം സ്ഥാപിക്കുന്നതിനും തെക്കു കിഴക്കൻ ഏഷ്യയിലേക്കുള്ള പ്രവേശനവും സാധ്യമാക്കുന്നു. എന്നാൽ ഈ പദ്ധതി, പ്രദേശത്തെ ഗോത്രസമൂഹത്തെയും മറ്റ് താമസക്കാരെയും ബാധിക്കുന്നതാണ്. ആ പ്രദേശങ്ങളിൽ മാത്രം കാണപ്പെടുന്ന 'ലെതർബാക്ക് കടലാമകൾ', 'നിക്കോബാർ മെഗാപോഡ്', 'നിക്കോബാർ മക്കാക്', ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന മുതലകൾ എന്നിവയുടെ നിലനിൽപ്പിനും ഭീഷണിയാകുന്നതാണ്. പദ്ധതിപ്രദേശം ഗലാത്തിയ ബേ നാഷണൽ പാർക്കിന്റെയും കാംബെൽ ബേ നാഷണൽ പാർക്കിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ്. എന്നാൽ രണ്ട് ദേശീയ ഉദ്യാനങ്ങൾക്ക് ചുറ്റുമുള്ള പരിസ്ഥിതിലോല മേഖലയ്ക്ക് പുറത്താണിതെന്നാണ് അധികൃതരുടെ വാദം.

 

ആൻഡമാൻ നിക്കോബാറിലെ പരിസ്ഥിതി വന സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പുതിയ സ്ഥലത്ത് കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നതിനും അവയുടെ സംരക്ഷണത്തിനുമായുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. പദ്ധതിപ്രദേശത്ത് നിന്ന് 10 ഹെക്ടറോളം വരുന്ന പവിഴപ്പുറ്റുകളുടെ ശേഖരവും മാറ്റിസംരക്ഷിക്കാൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

 

സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് പദ്ധതി പ്രദേശത്ത് പാരിസ്ഥിതിക ആഘാതം കുറവായിരിക്കുമെന്നാണ്. എന്നാൽ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടനുസരിച്ച് പദ്ധതി നടപ്പിലാകുന്നതോടെ ലെതർബാക്ക് കടലാമകളുടെ ആവാസവ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്നാണ്. അതിനാൽ അവയുടെ ആവാസവ്യവസ്ഥയെ സുരക്ഷിതമായി മാറ്റി സ്ഥാപിച്ചുകൊണ്ട് മാത്രം പദ്ധതി പൂർത്തീകരിക്കണമെന്നും പരാമർശിച്ചു. കൂടാതെ പദ്ധതിപ്രദേശത്തെ മരങ്ങളിൽ 30 മുതൽ 51 നിക്കോബാർ മെഗാപോഡിന്റെ ആവാസവ്യവസ്ഥ കണ്ടെത്തിയതായും അതിനാൽ മരങ്ങൾ ഒരേ സമയം വെട്ടിമാറ്റുന്നത് ഒഴിവാക്കണമെന്നും റിപ്പോർട്ട് സൂചിപ്പിച്ചു.

 

ആൻഡമാൻ നിക്കോബാറിലെ പരിസ്ഥിതി വന സംരക്ഷണ കമ്മീഷന്റെ നേതൃത്വത്തിൽ പുതിയ സ്ഥലത്ത് കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുന്നതിനും അവയുടെ സംരക്ഷണത്തിനുമായുള്ള പദ്ധതികൾക്ക് രൂപം കൊടുത്തിട്ടുണ്ട്. പദ്ധതിപ്രദേശത്ത് നിന്ന് 10 ഹെക്ടറോളം വരുന്ന പവിഴപ്പുറ്റുകളുടെ ശേഖരവും മാറ്റിസംരക്ഷിക്കാൻ കമ്മീഷൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പ്രദേശത്തെ ആകെയുള്ള 20,668 പവിഴപ്പുറ്റുകളുടെ കോളനികളിൽ നിന്നും 16,150 കോളനികളെ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

 

 

നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പുറത്ത് നിന്നുള്ള ആളുകളുടെ വരവിനെത്തുടർന്നുണ്ടാകാവുന്ന രോഗങ്ങൾ പ്രദേശത്തെ ആദിവാസി വിഭാഗത്തിന് ഭീഷണിയാകാതെ തടയുന്നതിന് ആൻഡമാൻ നിക്കോബാർ അഡ്മിനിസ്ട്രേഷൻ പ്രത്യേകമായി ആരോഗ്യ സംവിധാനങ്ങളും ആരോഗ്യ പ്രവർത്തകരെയും നിയമിക്കുമെന്നും വ്യക്തമാക്കി. ഇതോടൊപ്പം നിർമ്മാണ പ്രവർത്തനങ്ങളിലൂടെ വരുന്ന മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിനും മലീനീകരണം തടയുന്നതിനും യഥാവിധി സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.

 

ലോകരാഷ്ട്രങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ഇത്തരം പ്രവർത്തനങ്ങളിലൂടെ പ്രകൃതിക്ക് സംഭവിക്കുന്ന കോട്ടങ്ങൾ പരിഹരിക്കേണ്ട ആവശ്യകതകൾ ഉയർന്നുവരികയാണ്. കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മനുഷ്യനെ ബാധിക്കുന്നതോടൊപ്പം തന്നെ അതിനേക്കാളേറെ ജീവിവർഗ്ഗത്തിനെ ബാധിക്കുന്നുവെന്നാണ് ആധികാരിക പഠനങ്ങൾ എല്ലാംതന്നെ പറഞ്ഞുവെക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ ഇനിയും അറിയപ്പെടാതെയുളള ജീവിവർഗ്ഗങ്ങൾ കണ്ടെത്തുന്നതിന് മുമ്പേ തന്നെ നശിച്ചുപോകുമെന്ന മുന്നറിയിപ്പും നൽകുന്നുണ്ട്.  

 

 

 

 

 

 

 

 

 

 

Leave a comment