TMJ
searchnav-menu
post-thumbnail

Outlook

ഉച്ചകോടികളിലെ ആര്‍ഭാടങ്ങളില്‍ അവസാനിക്കുന്ന പരിസ്ഥിതി സംരക്ഷണം

15 Jan 2023   |   1 min Read
കെ പി സേതുനാഥ്

ഭൂമിയില്‍ ഏറ്റവുമധികം താപനില രേഖപ്പെടുത്തിയ അഞ്ച് വര്‍ഷങ്ങളിലൊന്നായിരുന്നു 2022. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ബെര്‍ക്കലി ഏര്‍ത്ത്‌ എന്ന സ്ഥാപനം 1850 മുതൽ 1900 വരെയുള്ള 50 വർഷങ്ങളെ അടിസ്ഥാന കാലഘട്ടമാക്കി നടത്തിയ വിലയിരുത്തലിലാണ്‌ ഏറ്റവും കൂടുതല്‍ ചൂട്‌ രേഖപ്പെടുത്തിയ വര്‍ഷങ്ങളിലൊന്നായി 2022 നെ കണക്കാക്കിയിട്ടുള്ളത്‌. 1850-1900 കാലഘട്ടവുമായി താരതമ്യം ചെയ്യുമ്പോള്‍ 2022 ല്‍ താപനില 1.24 ഡിഗ്രി കൂടുതല്‍ രേഖപ്പെടുത്തിയെന്നാണ്‌ അവരുടെ കണ്ടെത്തല്‍. ഇതേ സാഹചര്യം തുടരുന്ന പക്ഷം നമ്മള്‍ ഇപ്പോള്‍ മനസ്സിലാക്കുന്ന വിധത്തിലുള്ള പാരിസ്ഥിതിക സന്തുലിതാവസ്ഥയാകെ തകിടം മറിയാന്‍ കാരണമാവുന്ന നിലയില്‍ താപനില 1.5 ഡിഗ്രി സെല്‍ഷ്യസ്‌ ഉയരുമെന്ന അപകടരേഖ 2034 ല്‍ തന്നെ എത്തിച്ചേരുമെന്ന സ്ഥിതിയാണെന്നും അവര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. യൂറോപ്യന്‍ യൂണിയനിലെ കോപ്പര്‍നിക്കസ്‌ ക്ലൈമേറ്റ്‌ ചെയിഞ്ച്‌ സര്‍വീസസിലെ ശാസ്‌ത്രജ്ഞരുടെ വിലയിരുത്തല്‍ പ്രകാരം 2014 മുതലുള്ള കഴിഞ്ഞ 8 വര്‍ഷങ്ങള്‍ താപനില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയ കാലമായിരുന്നു. 2016 ആയിരുന്നു അവരുടെ കണക്കില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ രേഖപ്പെടുത്തിയ വര്‍ഷം. കാലാവസ്ഥ മാറ്റം മനുഷ്യരുടെ മാത്രമല്ല ഭുമിയിലെ മറ്റു ജീവജാലങ്ങളുടെയും സസ്യലതാദികളുടെയും അതിജീവിനത്തിന്‌ നേരെ ഉയര്‍ത്തുന്ന ആപത്തിനെക്കുറിച്ചുള്ള ആധികാരികമായ മുന്നറിയിപ്പുകള്‍ ഏറെയുണ്ടെങ്കിലും വരാനിരിക്കുന്ന വിപത്തിന്റെ രൂക്ഷതയും, കാഠിന്യവും പരമാവധി ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ നടപടികള്‍ ഉണ്ടാവുന്നില്ലെന്ന ഖേദകരമായ അവസ്ഥ ഇപ്പോഴും തുടരുന്നു. ലോകമാകെ കാലാവസ്ഥയും, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നടക്കുന്ന ആര്‍ഭാടപൂർണമായ ഉച്ചകോടികളിലും, സമ്മേളനങ്ങളിലും പൊള്ളയായ വാഗ്‌ദാനങ്ങളും, അതിഭാവുത്വം നിറഞ്ഞ വാചകക്കസര്‍ത്തുകളും മാത്രമാണ്‌ നടക്കുന്നതെന്ന ദുരവസ്ഥ പരസ്യമായ രഹസ്യമാണ്‌. ഭൗമ ഉച്ചകോടിക്കു ശേഷമുള്ള കഴിഞ്ഞ 30 വര്‍ഷങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ബ്രസീലിലെ റിയോ ഡി ജനേറോയില്‍ ഒന്നാമത്തെ ഭൗമ ഉച്ചകോടി അരങ്ങേറിയിട്ട്‌ 30 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. 1992 ല്‍ റിയോയില്‍ ഭൗമ ഉച്ചകോടി നടക്കുമ്പോള്‍ കാലാവസ്ഥ മാറ്റം, ആഗോളതാപനം എന്നീ പ്രയോഗങ്ങള്‍ ഭാഷയില്‍ അത്ര പരിചിതമായിരുന്നില്ല. 1988 ല്‍ രൂപീകരിച്ച ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചെയിഞ്ചിന്റെ (ഐപിസിസി) ആദ്യ റിപ്പോര്‍ട്ട്‌ പുറത്തു വന്നിട്ട്‌ രണ്ടു വര്‍ഷം തികയുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ഉച്ചകോടി. ആദ്യ ഭൗമ ഉച്ചകോടിക്കു ശേഷമുള്ള കഴിഞ്ഞ 30 വര്‍ഷം കഴിയുമ്പോള്‍ ഭൂമിയുടെ നിലനില്‍പ്പിനെക്കുറിച്ചുള്ള ആശങ്കകള്‍ പതിന്മടങ്ങ്‌ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. മനുഷ്യരുള്‍പ്പടെയുള്ള ജീവജാലങ്ങള്‍ക്കും, സസ്യലതാദികള്‍ക്കും നമ്മള്‍ ഇപ്പോള്‍ തിരിച്ചറിയുന്ന വിധത്തില്‍ ജീവനോടെ നിലനില്‍ക്കുവാന്‍ സാധ്യമായ ഒരേയൊരു ആവാസവ്യവസ്ഥയായ ഭൂമിയുടെ നിലനില്‍പ്പിനെ പറ്റിയുള്ള ആശങ്കകള്‍ വെറുതെയല്ലെന്നു ബോധ്യപ്പെടുത്തുന്ന രൂക്ഷമായ ദുരന്തങ്ങള്‍ ലോകത്തിന്റെ മിക്കവാറും എല്ലാ ഭാഗങ്ങളിലും കഴിഞ്ഞ 30 വര്‍ഷങ്ങളില്‍ ഒന്നിനു പുറകെ ഒന്നായി സംഭവിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തില്‍ കാലാവസ്ഥ മാറ്റത്തെക്കുറിച്ചുള്ള കണ്‍വെന്‍ഷന്റെ ഫ്രെയിം വര്‍ക്ക്‌ കരാര്‍ (UNFCCC) ഒപ്പു വെച്ചതാണ്‌ റിയോ ഉച്ചകോടിയുടെ പ്രധാന നേട്ടം.

കെടുകാര്യസ്ഥതയും, അഴിമതിയും മുഖമുദ്രയായ ഐക്യരാഷ്ട്ര സ്ഥാപനങ്ങളുടെ പിടിപ്പുകേടിന്റെ മറ്റൊരു തെളിവായി UNFCCC കരാറിനെ വിലയിരുത്തുന്ന പഠനങ്ങള്‍ ഇപ്പോള്‍ നിരവധിയാണ്‌. കാര്‍ബണ്‍ ബഹിര്‍ഗമനം ലഘൂകരിക്കുവാനും, കുറയ്‌ക്കുവാനും കഴിഞ്ഞില്ലെന്നു മാത്രമല്ല വ്യവസായ വിപ്ലവത്തിന്‌ ശേഷമുണ്ടായ മൊത്തം ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്റെ പകുതിയും 1992 നു ശേഷമായിരുന്നു അന്തരീക്ഷത്തെ വലയം ചെയ്‌തത്‌. അതായത്‌ ആദ്യ ഭൗമ ഉച്ചകോടിക്കു ശേഷം. ഇപ്പോള്‍ UNFCCC ഏതാണ്ട്‌ അനാഥ പ്രേതത്തെ പോലെ അലയുന്ന ഒന്നായിരിക്കുന്നു. ഈജിപ്‌തിലെ ടൂറിസ്റ്റു റിസോര്‍ട്ടില്‍ 2022 നവംബറില്‍ ചേര്‍ന്ന സിഒപി-27 അതിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള അവസാന പ്രതീക്ഷകളും ഇല്ലാതാക്കുന്നതായിരുന്നു. സിഒപി27 നേക്കാള്‍ കൂടുതല്‍ രൂക്ഷമായ തുടര്‍ച്ചയാണ്‌ സിഒപി28 ല്‍ സംഭവിക്കുന്നതെന്നാണ്‌ കഴിഞ്ഞ ദിവസം പുറത്തു വന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. യുഎഇയിലെ വ്യവസായ-ഉന്നത സാങ്കേതികവിദ്യ മന്ത്രിയും അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുടെ മാനേജിംഗ്‌ ഡയറക്ടറുമായ സുല്‍ത്താന്‍ അഹമ്മദ്‌ അല്‍ ജബേറിനെ സിഒപി28 ന്റെ പ്രസിഡണ്ടായി തെരഞ്ഞെടുത്തതും കടുത്ത വിമര്‍ശനങ്ങള്‍ക്ക്‌ വഴിയൊരുക്കിയിരിക്കുന്നു. ആഗോളതാപനത്തിനും, കാലാവസ്ഥ മാറ്റത്തിനും പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനത്തിലും, വില്‍പ്പനയിലും ഗണ്യമായ പങ്കാളിത്തമുള്ള ഒരു സ്ഥാപനത്തിന്റെ മേധാവിയെ സിഒപി28 ന്റെ പ്രസിഡണ്ടായി അവരോധിച്ചത്‌ തികഞ്ഞ അനീതിയായി കണക്കാക്കപ്പെടുന്നു. ഫോസില്‍ ഇന്ധനങ്ങളുടെ ഉല്‍പ്പാദനവും, വികസനവും എത്രയും വേഗം കുറയ്‌ക്കുകയും, ക്രമേണ അവയുടെ ഉപഭോഗം പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യുന്നതാണ്‌ താപനില 1.5 ഡിഗ്രിയായി വര്‍ദ്ധിക്കുന്നതിനെ തടയുന്നതിനുള്ള പ്രധാന ഉപാധികളില്‍ ഒന്നായ പരിസ്ഥിതി വിദഗ്‌ധരുടെ ആവര്‍ത്തിച്ചുള്ള ആവശ്യത്തെ പരിഹസിക്കുന്നതിന്‌ തുല്യമാണ്‌ ഈ നടപടിയെന്നാണ്‌ വിമര്‍ശനം. നവംബര്‍ 30 നും ഡിസംബര്‍ 12 നുമായി അരങ്ങേറുന്ന സിഒപി28 ന്‌ ദുബായ്‌ ആതിഥ്യമരുളും.

കാലാവസ്ഥയിലെ മാറ്റം ഭൂമിയിലെ ആവാസവ്യവസ്ഥയെ മുഴുവന്‍ തകിടം മറിക്കുന്ന തരത്തിലുള്ള ഭീഷണിയായി വളര്‍ന്നിട്ടും അതിനെതിരെ ഫലപ്രദമായ പ്രതിവിധികള്‍ കണ്ടെത്തുന്നതില്‍ UNFCCC തികഞ്ഞ പരാജയമാണെന്ന്‌ ജോണ്‍ ബെല്ലാമി ഫോസ്‌റ്ററിനെ പോലുള്ള സാമൂഹ്യ ശാസത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. (1) റിയോ ഉച്ചകോടി കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ തന്നെ അദ്ദേഹം അക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഹരിതഗൃഹ വാതകങ്ങള്‍ കുമിഞ്ഞുകൂടന്നതിനെ തടയേണ്ടത്‌ അടിയന്തരപ്രാധാന്യമുള്ളതാണെങ്കിലും അക്കാര്യത്തില്‍ ഫലപ്രദമായ മാറ്റം വരുത്താനുള്ള സമീപനങ്ങളും, നടപടികളും സ്വീകരിക്കുന്നതില്‍ UNFCC തികഞ്ഞ പരാജയമായിരുന്നു. ഈ പരാജയത്തിന്റെ പ്രധാനകാരണം മുതലാളിത്ത സമ്പദ്‌ഘടനയാണെന്ന വിലയിരുത്തലുകള്‍ ഇക്കാലയളവില്‍ പ്രബലമായി. 1994 ല്‍ പ്രാബല്യത്തില്‍ വന്ന UNFCCC ആദ്യമായി നടപ്പിലാവുന്നത്‌ 1997 ലെ ക്യോട്ടോ ഉടമ്പടിയിലായിരുന്നു. റിയോ ഉച്ചകോടി കഴിഞ്ഞ്‌ 10 വര്‍ഷത്തിന്‌ ശേഷം 2002 ല്‍ ജോഹാനസ്‌ബര്‍ഗില്‍ ചേര്‍ന്ന ഐക്യരാഷ്ട്ര സുസ്ഥിര വികസന ഉച്ചകോടിയുടെ (രണ്ടാം ഭൗമ ഉച്ചകോടിയെന്നും അത്‌ അറിയപ്പെട്ടിരുന്നു) കാലമായപ്പോഴേക്കും UNFCCC യും ക്യോട്ടോ പ്രോട്ടോക്കോളിലെ വ്യവസ്ഥകളും നിബന്ധനകളും നടപ്പിലാക്കുന്നതിനുളള പ്രധാന വിലങ്ങുതടി മുതലാളിത്തമാണെന്ന കാര്യം വ്യക്തമായിരുന്നു.

2022 നവംബറില്‍ ഈജിപ്‌തിലെ ടൂറിസ്റ്റു റിസോര്‍ട്ടില്‍ ചേര്‍ന്ന സിഒപി-27 | Photo: PTi

ദീര്‍ഘകാലാടിസ്ഥാനത്തില്‍ മാത്രമല്ല ഹ്ര്വസകാലാടിസ്ഥാനത്തില്‍ പോലും പരിസ്ഥിതി വിനാശകരമായ നയങ്ങളുമായി മുതലാളിത്തം മുന്നോട്ടു പോവുമെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു ക്യോട്ടോ പ്രോട്ടോക്കോളിന്റെ പരാജയമെന്നു ബെല്ലാമി ഫോസ്‌റ്റര്‍ അദ്ദേഹത്തിന്റെ 'എക്കോളജി എഗന്‍സ്‌റ്റ്‌ ക്യാപിറ്റലിസം' എന്ന കൃതിയില്‍ വ്യക്തമാക്കുന്നു. പരിസ്ഥിതി സംരക്ഷണം മുതലാളിത്ത വിമര്‍ശനത്തിന്റെ പ്രാഥമിക പടിയാണെന്നു വ്യക്തമക്കുന്ന നിരവധി പഠനങ്ങളും ഗവേഷണങ്ങളും കഴിഞ്ഞ രണ്ട ദശാബ്ദങ്ങള്‍ക്കുള്ളില്‍ പുറത്തു വന്നതാണ്‌ ഇക്കാലയളവില്‍ സംഭവിച്ച പ്രധാന നേട്ടം. മാര്‍ക്‌സിസ്റ്റു സൈദ്ധാന്തിക മേഖലയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങള്‍ക്കുള്ളില്‍ സംഭവിച്ച ഏറ്റവും സമ്പന്നവും, പ്രതീക്ഷനിര്‍ഭരവുമായ വികാസം പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുതലാളിത്ത വിമര്‍ശനത്തിന്റെ മേഖലയിലായിരുന്നു. മാര്‍ക്‌സിന്റെ കൃതികള്‍ മുതല്‍ വളരെ സമ്പന്നമായ ഒരു ധൈഷണിക സംവാദം പരിസ്ഥിതി വിഷയത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്കിടയില്‍ നിലനിന്നിരുന്നതായി ഈ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. മത വിമര്‍ശനമാണ്‌ യഥാര്‍ത്ഥ വിമര്‍ശനത്തിന്റെ ആദ്യ ചുവടെന്ന മാര്‍ക്‌സിന്റെ നിരീക്ഷണത്തെ ഇന്നത്തെ സാഹചര്യത്തില്‍ വികസനവാദത്തിന്റെ വിമര്‍ശനമാണ്‌ യഥാര്‍ത്ഥ വിമര്‍ശനത്തിന്റെ ആദ്യപടിയെന്ന്‌ മനസ്സിലാക്കിയാല്‍ അത്ഭുതപ്പെടാനാവില്ലെന്ന്‌ ഈ പഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. മുതലാളിത്ത വിമര്‍ശനത്തിന്റെ സുപ്രധാന സൈദ്ധാന്തിക പ്രേരണകളിലൊന്നായി പരിസ്ഥിതി മാറിയതോടെ ആഗോളതലത്തിലെ വലതുപക്ഷ ശക്തികളുടെ ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പരിസ്ഥിതി സംരക്ഷണവാദങ്ങളും, പ്രവര്‍ത്തനങ്ങളും. കാലാവസ്ഥ മാറ്റം എന്നൊരു സംഭവം തന്നെയില്ലെന്നു സ്ഥാപിക്കുന്നതിനായിരുന്നു തുടക്കത്തിലുള്ള അവരുടെ ശ്രമം. കാലാവസ്ഥ മാറ്റം കെട്ടുകഥയാണെന്ന്‌ തെളിയിപ്പിക്കുന്നുവെന്ന അവകാശവാദങ്ങളോടെയുള്ള നിരവധി ശാസ്‌ത്രീയ പഠനങ്ങള്‍ അതിന്റെ ഭാഗമായി പുറത്തു വിന്നിരുന്നു.

കൊളോണിയല്‍-സാമ്രാജ്യത്വ ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോഴും പേറുന്ന ലോകത്തെ ഭൂരിഭാഗം വരുന്ന ബഹുജനങ്ങളാണ്‌ കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തങ്ങളും ഏറ്റവുമധികം അനുഭവിക്കേണ്ടി വരികയെന്ന കാര്യത്തിലും സംശയിക്കേണ്ടതില്ല. കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി അനുഭവപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും, വ്യാപ്‌തിയും, തീവ്രതയും കഴിഞ്ഞ 30 കൊല്ലങ്ങള്‍ക്കുള്ളില്‍ ലോകമാകെ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ഇക്കാര്യം വ്യക്തമാകും.

എന്നാല്‍ കാലാവസ്ഥ മാറ്റവുമായി ബന്ധപ്പെട്ട അസാധാരണമായ സംഭവവികാസങ്ങള്‍ -- പ്രളയം, ചുഴലിക്കാറ്റുകള്‍, ഉഷ്‌ണതാപം, അതിശൈത്യം -- തുടങ്ങിയവ ഒന്നിനു പുറകെ ഒന്നായി പ്രത്യക്ഷപ്പെട്ടതോടെ കാലാവസ്ഥ മാറ്റം അപ്പാടെ നിഷേധിക്കുന്ന പ്രവണത ഏതാണ്ട്‌ അപ്രത്യക്ഷമായി. മനുഷ്യരുടെ ഭൗതിക സാഹചര്യങ്ങളുടെ പുരോഗതിയുടെ പാതയില്‍ ഒഴിവാക്കാനാവാത്ത ഒന്നായി കാലാവസ്ഥ മാറ്റത്തെ അവതരിപ്പിക്കുന്ന പ്രവണത അതോടെ ശക്തമായി. കാലാവസ്ഥ മാറ്റത്തിന്റെ പ്രധാന കാരണമായ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനത്തിന്‌ ഉത്തരവാദികളായ വന്‍കിട മുതലാളിത്ത രാജ്യങ്ങളെയും, ബഹരാഷ്ട്ര കമ്പനികളെയും സംരക്ഷിക്കുന്ന ഒരു രീതി അതിന്റെ ഭാഗമായി വികസിച്ചു. വ്യാവസായികമായി ഇപ്പോഴും പിന്നണിയിലായ രാജ്യങ്ങളെയും മുന്‍നിര മുതലാളിത്ത രാജ്യങ്ങളെയും ഒരേ തട്ടിലാക്കി പരിഹാരം തേടുന്ന ഈ സമീപനം മുതലാളിത്തം, കൊളോണിയല്‍-നിയോകൊളോണിയല്‍ അധീശത്വം എന്നിവ പരിസ്ഥിതി വിനാശത്തില്‍ വഹിച്ച/വഹിക്കുന്ന പങ്കിനെ പൂര്‍ണ്ണമായും ഒഴിവാക്കുന്ന ഒന്നായിരുന്നു. 'ആട്ടിന്‍കുട്ടിക്കും ചെന്നായക്കും ഒരേ നീതി വിധിക്കുന്ന' പ്രസ്‌തുത സമീപനം മൂന്നാംലോക രാജ്യങ്ങളിലെ ദല്ലാളുകളായ ഭരണാധികാരികള്‍ക്കും അവരുടെ അനുയായികള്‍ക്കും അതാതു രാജ്യങ്ങളില്‍ 'വികസന നായക'രെന്ന പരിവേഷമുണ്ടാക്കുന്നതിന്‌ സഹായിച്ചതൊഴിച്ചാല്‍ മറ്റൊന്നിനും ഉപകാരപ്പെടുന്നതായിരുന്നില്ല. ഇന്ത്യയടക്കമുള്ള മൂന്നാം ലോകരാജ്യങ്ങളില്‍ അതിന്റെ വിവിധ രൂപങ്ങളിലുള്ള അനുരണനങ്ങള്‍ കാണാനാവും. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ പരമാവധി പരിധി 350 പിപിഎം എന്നതിനെ അടിസ്ഥാനപ്പെടുത്തി മൊത്തം കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ ഒരോ രാജ്യവും വഹിക്കുന്ന പങ്കിനെ കണക്കാക്കുന്നതിനുള്ള ഒരു രീതി വികസിപ്പിച്ച ജെയിംസ്‌ ഹിക്കലിന്റെ പഠനപ്രകാരം മൊത്തം ബഹിര്‍ഗമനത്തിന്റെ 92 ശതമാനവും ലോകത്തിലെ മുന്‍നിര മുതലാളിത്ത രാജ്യങ്ങളുടേതാണ്‌. 2015 നെ അടിസ്ഥാനവര്‍ഷമാക്കിയുള്ള കണക്കാണ്‌ ഇത്‌. ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ മൊത്തം 8 ശതമാനം മാത്രമാണ്‌ സംഭാവന ചെയ്യുന്നത്‌. പരിസ്ഥിതി സംരക്ഷണവും, പരിസ്ഥിതി സൗഹൃദപരമായ ഭൗതികപുരോഗതിയും അനിവാര്യമായും മുതലാളിത്ത വിരുദ്ധമാവുന്നതിന്റെ സാഹചര്യം ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇപ്പോഴും വിവിധ രൂപഭാവങ്ങളില്‍ നിലനില്‍ക്കുന്ന കൊളോണിയല്‍ ചൂഷണവും, സാമ്രാജ്യത്വ അധീശത്വവും ഈ കണക്കുകളില്‍ കാണാനാവും. കൊളോണിയല്‍-സാമ്രാജ്യത്വ ചൂഷണത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോഴും പേറുന്ന ലോകത്തെ ഭൂരിഭാഗം വരുന്ന ബഹുജനങ്ങളാണ്‌ കാലാവസ്ഥ മാറ്റത്തിന്റെ ദുരന്തങ്ങളും ഏറ്റവുമധികം അനുഭവിക്കേണ്ടി വരികയെന്ന കാര്യത്തിലും സംശയിക്കേണ്ടതില്ല. കാലാവസ്ഥ മാറ്റത്തിന്റെ ഫലമായി അനുഭവപ്പെടുന്ന പ്രകൃതിക്ഷോഭങ്ങളുടെ എണ്ണവും, വ്യാപ്‌തിയും, തീവ്രതയും കഴിഞ്ഞ 30 കൊല്ലങ്ങള്‍ക്കുള്ളില്‍ ലോകമാകെ സൃഷ്ടിച്ച നാശനഷ്ടങ്ങളുടെ കണക്കെടുപ്പില്‍ ഇക്കാര്യം വ്യക്തമാകും.

ഡൊണള്‍ഡ്‌ ട്രമ്പും, ജെ. ബോല്‍സൊനാരോയും | photo: flickr

പരിസ്ഥിതിയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സാധാണരഗതിയില്‍ കാണാതിരുന്ന റാഡിക്കലായ രാഷ്ട്രീയോന്മുഖത കൈവരുന്നതിന്‌ മേല്‍പ്പറഞ്ഞ തരത്തിലുള്ള വിലയിരുത്തലുകളും, കണക്കുകളും നിമിത്തമായി. മുതലാളിത്ത യുഗത്തില്‍ പ്രകൃതി ദുരന്തങ്ങളല്ല സംഭവിക്കുന്നതെന്ന വിലയിരുത്തലുകളും അതോടെ സാര്‍വത്രികമായി. വര്‍ഗ്ഗ-വംശ-ജന്‍ഡര്‍ വിവേചനങ്ങളും, ചൂഷണങ്ങളുമെന്ന പോലെ പരിസ്ഥിതി വിനാശവും മുതലാളിത്ത സംവിധാനത്തില്‍ അന്തസ്ഥിതമാണെന്ന തിരിച്ചറിവുകള്‍ പതിയെ രാഷ്ട്രീയ സംവാദങ്ങളില്‍ വ്യാപകമായി. ക്ഷിപ്ര വേഗത്തില്‍ ഏറ്റവും കൂടുതല്‍ സമ്പത്തിന്റെ സമാഹരണം വളര്‍ച്ചയുടെ ഉത്തമ മാതൃകയാണെന്ന സങ്കല്‍പ്പനങ്ങള്‍ ഇടക്കിടെയുണ്ടാവുന്ന സാമ്പത്തിക തകര്‍ച്ചകളുടെ വെളിച്ചത്തില്‍ വ്യാപകമായി ചോദ്യം ചെയ്യപ്പെട്ടതിനൊപ്പം ലോകമാകെ കാണാനാവുന്ന അസഹനീയമായ സാമ്പത്തിക അസമത്വം മുതലാളിത്തത്തിനു പോലും താങ്ങാനാവാത്തതാണെന്ന ചിന്തകളും വ്യാപകമായി. പരിസ്ഥിതി വിനാശവുമായി ബന്ധപ്പെട്ട മുതലാളിത്ത വിമര്‍ശനത്തില്‍ ഈ ഘടകങ്ങളും കണ്ണി ചേര്‍ക്കപ്പെട്ടതോടെ 'ക്ലൈമേറ്റ്‌ ചേയ്‌ഞ്ച്‌ അല്ല സിസ്റ്റം ചേയ്‌ഞ്ച്‌' ആണ്‌ വേണ്ടതെന്ന മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷമായി.

പരിസ്ഥിതി സംവാദങ്ങളും, റാഡിക്കലായ രാഷ്ട്രീയ ഭാവനകളും ഒരേ ദിശയില്‍ സംഗമിക്കുന്ന കാലയളവിലാണ്‌ ആഗോളവ്യാപകമായി വലതുപക്ഷ രാഷ്ട്രീയം കൂടുതല്‍ തീവ്രമായ നിലപാടുകളിലേക്ക്‌ വളരുന്ന സാഹചര്യം സംജാതമായതും ശ്രദ്ധേയമാണ്‌. അന്യജന വിദ്വേഷം, വംശീയത, സ്വകാര്യ സ്വത്തിനോടുള്ള ആര്‍ത്തി, സ്‌ത്രീകളോടും, ലൈംഗികാഭിരുചികളുടെ പേരിലുമെല്ലാമുള്ള അസഹിഷ്‌ണുത തുടങ്ങിയ സ്ഥിരമായ ഇഷ്ടവിഷയങ്ങള്‍ക്കൊപ്പം പരിസ്ഥിതി വിരോധവും വലതുപക്ഷത്തിന്റെ അജന്‍ഡയില്‍ ഇടം പിടിച്ചു. അമേരിക്കയിലെയും, ബ്രസീലിലെയും പ്രസിഡണ്ടുമാരായിരുന്ന ഡൊണള്‍ഡ്‌ ട്രമ്പും, ജെ. ബോല്‍സൊനാരോയും അതിന്റെ നല്ല മാതൃകകളായിരുന്നു. ക്ഷേമരാഷ്ട്ര സങ്കല്‍പ്പനങ്ങളെ തറ പറ്റിക്കുന്നതിനായി നിയോലിബറല്‍ നയങ്ങളുടെ ഉപജ്ഞാതാക്കളായ റൊണാള്‍ഡ്‌ റെയ്‌ഗന്‍, മാര്‍ഗരറ്റ്‌ താച്ചര്‍ പോലുള്ള രാഷ്ട്രീയ നേതാക്കള്‍ പോളെമികസിന്‌ സമാനമാണ്‌ കാലാവസ്ഥ മാറ്റവും, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇപ്പോള്‍ വലതുപക്ഷം ഉയര്‍ത്തുന്ന വാദഗതികള്‍. പരിസ്ഥിതി വാദത്തിന്‌ എതിരെ കേരളത്തില്‍ സമീപകാലത്തായി ഉയര്‍ന്നുവന്ന വിമര്‍ശനങ്ങളില്‍ പലതും ഇതേ വലതുപക്ഷത്തിന്റെ ആശയങ്ങള്‍ക്ക്‌ സമാനമാണ്‌. ഇടതുപക്ഷം എന്നവകാശപ്പെടുന്നവരാണ്‌ കേരളത്തില്‍ അതിന്റെ ചുക്കാന്‍ പിടിക്കുന്നതെന്നതാണ്‌ വിചിത്രമായ വസ്‌തുത. മുതലാളിത്തം അവസാനിക്കുമെന്നു ചിന്തിക്കുന്നതിനേക്കാള്‍ എളുപ്പം ഭൂമി തന്നെ ഇല്ലാതാവുന്നതിനെ കുറിച്ച്‌ ഭാവന ചെയ്യുന്നതാണെന്ന്‌ വിഖ്യാത ഇടതുപക്ഷ ചിന്തകനായ ഫ്രെഡറിക്‌ ജയിംസണിന്റെ പരാമര്‍ശത്തെ ഓര്‍മ്മിപ്പിക്കുന്നതാണ്‌ കേരളത്തില്‍ പരിസ്ഥിതി വാദത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന സംഘടിതമായ ആക്രമണം. നിയോലിബറല്‍ മുതലാളിത്തത്തിനെതിരായ റാഡിക്കലായ രാഷ്ട്രീയ മുന്നേറ്റങ്ങളുടെയും ചിന്തകളുടെയും അന്തര്‍ധാരയായി മാര്‍ക്‌സിസത്തിന്റെ സ്വാധീനത്തിലുളള പരിസ്ഥിതവാദം അനിഷേധ്യമായ ശക്തിയായി വളരുന്ന കാലഘട്ടത്തിലാണ്‌ കേരളത്തില്‍ ഇടതുപക്ഷമെന്നവകാശപ്പെടുന്നവര്‍ പരിസ്ഥിതിവാദത്തെ ശത്രുപക്ഷത്താക്കി ആക്രമണം അഴിച്ചു വിടുന്നത്‌. നമ്മുടെ ആവാസവ്യവസ്ഥ നേരിടുന്ന രൂക്ഷമായ വിപത്തിനെ അഭിസംബോധന ചെയ്യുന്ന 'On care for our common Home' എന്ന പേരില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ 2015 ല്‍ പുറത്തിറക്കിയ 180 പേജുകളുള്ള വിശുദ്ധലേഖനം കേരളത്തിലെ സഭ ഇതുവരെ അറിഞ്ഞതായി സൂചനയില്ല. മൂര്‍ത്തമായ നിരവധി ചോദ്യങ്ങളുടെ മുന്നില്‍ സഭയുടെ പക്കല്‍ ഉറപ്പായ ഉത്തരങ്ങളൊന്നും ഇല്ലെന്ന്‌ വ്യക്തമാക്കുന്ന മാര്‍പാപ്പയുടെ സന്ദേശം കേരളത്തിലെ കത്തോലിക്ക സഭയിലെ ദിവ്യന്മാര്‍ കണ്ടില്ലെന്നു നടിക്കുന്നതിന്റെ നല്ല ഉദാഹരണങ്ങളാണ്‌ ഗാഡ്‌ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടു മുതല്‍ പരിസ്ഥിതി ദുര്‍ബല പ്രദേശത്തിന്റെ അതിര്‍ത്തി നിര്‍ണ്ണയം വരെയുള്ള വിഷയങ്ങളിലെ അവരുടെ സമീപനം.

(1) നോട്ട്‌സ്‌ ഫ്രം എഡിറ്റേര്‍സ്‌: മന്ത്‌ലി റിവ്യൂ. ജനുവരി 2023

Leave a comment