TMJ
searchnav-menu
post-thumbnail

Outlook

പാരിസ്ഥിതിക സമൂഹശാസ്ത്രം, ഒരാമുഖം

07 Jul 2022   |   1 min Read
രഞ്ജിത്ത് കല്യാണി

PHOTO: WIKI COMMONS

ഈ കോളത്തിന്റെ ഉദ്ദേശ്യം സംക്ഷിപ്തമായി അവതരിപ്പിക്കുകയായിരുന്നു കഴിഞ്ഞ ഭാഗത്തിൽ. വർത്തമാന ലോകം അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രതിസന്ധികളെ നേരിടാൻ ആഗോളമായും പ്രാദേശികമായും മുഖ്യധാരാ പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കുള്ള പരിമിതികളെ കഴിഞ്ഞ ഭാഗത്തു സൂചിപ്പിക്കുകയുണ്ടായി. സമൂഹപഠനം (sociology) എന്ന വൈജ്ഞാനിക മേഖലയുടെ രീതിശാസ്ത്രങ്ങൾ ഉപയോഗിച്ച് പാരിസ്ഥിതിക ചർച്ചകളെ അപഗ്രഥിക്കേണ്ടതിന്റെ ആവശ്യകത കഴിഞ്ഞ ഭാഗത്തു ചർച്ച ചെയ്തു. ഈ അപഗ്രഥനത്തിനു സഹായകമായ പാരിസ്ഥിതിക സമൂഹ ശാസ്ത്രം (environmental sociology) എന്ന ജ്ഞാനശാഖയെ പരിചയപ്പെടുത്തുകയാണ് ഈ ഭാഗത്തിൽ ഉദ്ദേശിക്കുന്നത്. ഈ ജ്ഞാനശാഖാ സ്വയമേവ രൂപമെടുക്കുന്നതല്ല, മറിച്ച് പാരിസ്ഥിതിക പ്രസ്ഥാനങ്ങളുമായുള്ള നിരന്തര വിനിമയങ്ങളിലൂടെ രൂപപ്പെടുന്നതാണ് എന്നതാണ് പ്രാഥമികമായി പറയേണ്ട ഒരുകാര്യം. പാരിസ്ഥിതിക പ്രസ്ഥാനം ഉദയം ചെയ്ത അമേരിക്കൻ ഐക്യ നാടുകളിലും പടിഞ്ഞാറൻ യൂറോപ്പിലും ഈ പ്രസ്ഥാനങ്ങൾക്ക് പല വികാസ പരിണാമങ്ങളും സംഭവിക്കുന്നുണ്ട്. ഈ മാറ്റങ്ങൾ സമൂഹപഠന സമീപനങ്ങളെയും സ്വാധീനിക്കുന്നുണ്ട്. അതുപോലെ സമൂഹപഠന ഗവേഷണങ്ങൾ പ്രസ്ഥാനങ്ങളെയും സ്വാധീനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഈ ജ്ഞാനശാഖയുടെ വികാസപരിണാമത്തിന്റെ സഞ്ചാരവഴി മനസ്സിലാക്കുന്നത് വർത്തമാന പാരിസ്ഥിതിക ചർച്ചകളെ വിമർശനാത്മകമായി മനസ്സിലാക്കുന്നതിനും വിശകലനം ചെയ്യുന്നതിനും സഹായിച്ചേക്കും.

ആദ്യകാല പരിസ്ഥിതി പ്രസ്ഥാനങ്ങളുടെ സ്വഭാവം പ്രതിഫലിപ്പിക്കുന്നതായിരുന്നു 1970 കളിൽ രൂപം കൊള്ളുന്ന പാരിസ്ഥിതിക സമൂഹപഠനവും. വില്യം കേറ്റൻ, റൈലി ഡൺലപ് എന്നീ അമേരിക്കൻ സോഷ്യോളജിസ്റ്റുകളാണ് ഇത്തരത്തിൽ പരിസ്ഥിതിവാദത്തിന്റെ രൂപീകരണത്തെയും അതുണ്ടാക്കിയ അലയൊലികളെയും ആദ്യകാലങ്ങളിൽ സമൂഹശാസ്ത്രപരമായി സമീപിച്ചവരിൽ പ്രധാനികൾ (1). ഭൗതിക പരിസ്ഥിതിയെപ്പറ്റിയും അത് സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റിയും സോഷ്യോളജിസ്റ്റുകൾ ശ്രദ്ധാലുക്കൽ ആയിരിക്കണം എന്ന് ഇവർ വാദിച്ചു. ഇതിനായി അത്രകണ്ട് മനുഷ്യകേന്ദ്രീകൃതമല്ലാത്ത, പുത്തൻ പാരിസ്ഥിതിക പാരഡൈം (New Environmental Paragidm) എന്ന് വിളിക്കപ്പെടുന്ന, സമൂഹപഠന സമീപനം ഇവർ വികസിപ്പിച്ചു. ഈ സമീപനപ്രകാരം മുൻകാലങ്ങളിൽ സമൂഹപഠിതാക്കൾ അവരുടെ പരിഗണനകളിൽനിന്ന് മാറ്റിനിർത്തിയിരുന്ന ഭൗതിക പരിസ്ഥിതിയുമായി സാമൂഹിക ജീവികളായ മനുഷ്യർ ഏർപ്പെടുന്ന വിനിമയങ്ങൾ സമൂഹപഠനത്തിന്റെ പ്രധാന സമീപനരീതിയാണ് മാറി.

വില്യം കേറ്റൻ, റൈലി ഡൺലപ്

1970 കളിൽ രൂപപ്പെടുന്ന പാരിസ്ഥിതിക അവബോധങ്ങളും പ്രസ്ഥാനങ്ങളും അന്നത്തെ സമൂഹപഠിതാക്കളെയും കാര്യമായി സ്വാധീനിച്ചിരുന്നു. മനുഷ്യകേന്ദ്രീകൃതമായ (anthropocentric) സമീപനങ്ങൾ മാത്രം വച്ചുപുലർത്തിയിരുന്ന ഒരു ജ്ഞാനശാഖ എന്ന നിലക്ക് അന്ന് പുതുതായി അവതരിപ്പിക്കപ്പെട്ട പരിസ്ഥിതി എന്ന സങ്കൽപ്പനത്തെ നേരിടാൻ സോഷ്യോളജിക്ക് പരിമിതികൾ ഉണ്ടായിരുന്നു. ഈ പരിമിതികൾ സോഷ്യോളജി എന്ന ജ്ഞാനശാഖയുടെ സ്വഭാവവുമായി ബന്ധപ്പെട്ട ചില അടിസ്ഥാന പ്രശ്നങ്ങളെ പറ്റിയുള്ളതാണ്. എന്നിരുന്നാലും പാരിസ്ഥിതിക സമൂഹശാസ്ത്രം യൂറോപ്പിലും അമേരിക്കൻ ഐക്യനാടുകളിലും ഈ പരിമിതിയെ മറികടക്കാൻ ശ്രമിക്കുകയും വലിയ രീതിയിൽ മുന്നേറുകയും ചെയ്തിട്ടുള്ളതായി കാണാം. പാരിസ്ഥിതിക മുന്നേറ്റങ്ങൾക്ക് സംഭവിച്ച മാറ്റങ്ങളോടും അതുമായി ബന്ധപ്പെട്ട പൊതു ബൗദ്ധിക വ്യായാമങ്ങളോടും പാരിസ്ഥിതിക സോഷ്യോളജിയുടെ ഈ വികാസം കടപ്പെട്ടിരിക്കുന്നു.

ആദ്യകാല പാരിസ്ഥിതിക സമൂഹശാസ്ത്രം രൂപമെടുക്കുന്നത് പ്രധാനമായും രണ്ട് സൈദ്ധാന്തിക ധാരയിൽ നിന്നാണെന്നു കാണാം. ഒന്നാമത്തേത് പ്രകൃതി വിഭവ സമൂഹപഠനം (natural resource sociology) എന്ന ശാഖയിൽ നിന്നാണ് (2). രണ്ടാമത്തേത് പുത്തൻ-മാൽത്തൂസിയൻ സൈദ്ധാന്തിക ധാര. ആരംഭകാലത്തെ പരിസ്ഥിതി പ്രസ്ഥാനങ്ങളെപ്പോലെതന്നെ പാരിസ്ഥിതിക സമൂഹശാസ്ത്രവും പുത്തൻ-മാൽത്തൂസിയൻ സൈദ്ധാന്തിക ധാരയാൽ പ്രചോദിതമായിരുന്നു. ജനപ്പെരുപ്പം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ഒരു പ്രധാനകാരണമാണെന്നും കൃത്രിമ മാർഗ്ഗങ്ങൾ ഉപയോഗിച്ച് ജനപ്പെരുപ്പം നിയന്ത്രിക്കണം എന്നുമുള്ള വാദങ്ങളിൽ ഇരുകൂട്ടരും സ്വാധീനിക്കപ്പെട്ടിരുന്നു (3). ഈ രണ്ടു ധാരകളുടെയും ഒരു പൊതു സ്വഭാവം, അവ പ്രകൃതിയുടെ സർവ്വനാശത്തെപ്പറ്റിയുള്ള നിലപാടുകളെ അന്ധമായി സ്വീകരിക്കുകയും സാമൂഹിക വിശകലനത്തെക്കാൾ സാമൂഹിക പ്രവചനങ്ങൾക്ക് പ്രാധാന്യം കല്പിക്കുകയും ചെയ്തു എന്നതാണ്. സമൂഹപഠനത്തിന്റെ രീതിശാസ്ത്രങ്ങൾ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും പ്രധാന അപഗ്രഥന ഉപാധികൾ നാച്ചുറൽ സയൻസിന്റെതായിരുന്നു. അതായത് പരിസ്ഥിതിയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിശദീകരണങ്ങളെ സാമൂഹികമായ കാരണങ്ങളായും പരിണിതികളായും വിവർത്തനം ചെയ്യുക എന്നതായിരുന്നു പ്രധാനമായും പരിസ്ഥിതിക സമൂഹ പഠിതാക്കൾ ചെയ്തുകൊണ്ടിരുന്നത്. ജനസംഖ്യാ വർദ്ധനവ്, മോശം സാങ്കേതികവിദ്യ, അമിത ഉപഭോഗം തുടങ്ങിയ കാരണങ്ങളുടെ ഫലമായുണ്ടാകുന്ന ഒന്നാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നതരത്തിലുള്ള സൈദ്ധാന്തീകരണങ്ങളാണ് ആദ്യകാല സമൂഹ പഠന ഗവേഷണങ്ങൾ നടത്തിയിരുന്നത്.

അപകടകരവും വൃത്തിഹീനവുമായ വലിയ വ്യാവസായിക മാലിന്യകൂമ്പാരങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കറുത്തവർഗ്ഗക്കാരോ ദരിദ്രരോ ആയിരിക്കുന്നതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ തലങ്ങളിലേക്കുള്ള അന്വേഷങ്ങളിൽ പാരിസ്ഥിതിക സമൂഹപഠിതാക്കൾ വ്യാപൃതരായി.

കേവല പരിസ്ഥിതിയിൽനിന്നു പാരിസ്ഥിതിക അസമത്വങ്ങളിലേക്ക്

പരിസ്ഥിതി വംശീയവാദത്തിനെതിരായി (environmental racism) വളർന്നുവന്ന പ്രക്ഷോഭങ്ങളും പ്രസ്ഥാനങ്ങളും കാരണമാണ് മേൽപ്പറഞ്ഞ രീതിക്ക് ഒരു വലിയ മാറ്റമുണ്ടാകുന്നത്. അതുവരെ ഭൗതിക-പ്രകൃതി ഘടകങ്ങൾക്ക് പ്രാധാന്യം നല്കിയിരുന്നതിൽനിന്നും മാറി സാമൂഹിക അസമത്വം പാരിസ്ഥിതിക സമൂഹപഠനത്തിന്റെ പരിഗണനാ വിഷയമായി മാറി. പൗരമുന്നേറ്റം, പൊതുജനാരോഗ്യം തുടങ്ങിയ വിഷയങ്ങളെ പരിസ്ഥിതി പ്രസ്ഥാനങ്ങളും തദ്വാരാ പാരിസ്ഥിതിക സമൂഹശാസ്ത്രവും ശ്രദ്ധിച്ചു തുടങ്ങി. പാരിസ്ഥിതിക നാശത്തെപ്പറ്റിയുള്ള നാച്ചുറൽ സയന്സുകളുടെയും എക്കോളജിയുടെയും വിശദീകരണങ്ങളെക്കാൾ മലിനീകരണം പോലെയുള്ള പ്രശ്നങ്ങൾ എപ്രകാരമാണ് മർദിത ന്യുനപക്ഷ ജനസമൂഹങ്ങളെ അനുപാതികരഹിതമായി ബാധിക്കുന്നത് എന്നതായിരുന്നു പാരിസ്ഥിതിക വംശീയവാദത്തിൽ ഇടപെട്ടിരുന്ന ആക്റ്റിവിസ്റ്റുകളുടെയും പഠിതാക്കളുടെയും മുൻഗണന. ഇപ്രകാരം, പാരിസ്ഥിതിക വംശീയവാദത്തിനെതിരായ പ്രക്ഷോഭങ്ങൾ പാരിസ്ഥിതിക സമൂഹശാസ്ത്രത്തിന്റെ സമീപനരീതികളെ വ്യവസ്ഥാപിതമായ രീതിശാസ്ത്രങ്ങളിലേക്കുള്ള തിരിച്ചുപോക്കിനു സഹായിച്ചു. അപകടകരവും വൃത്തിഹീനവുമായ വലിയ വ്യാവസായിക മാലിന്യകൂമ്പാരങ്ങൾക്കും ചുറ്റുമുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ബഹുഭൂരിപക്ഷവും കറുത്തവർഗ്ഗക്കാരോ ദരിദ്രരോ ആയിരിക്കുന്നതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ തലങ്ങളിലേക്കുള്ള അന്വേഷങ്ങളിൽ പാരിസ്ഥിതിക സമൂഹപഠിതാക്കൾ വ്യാപൃതരായി. അതോടൊപ്പം പരിസ്ഥിതി എന്ന സങ്കൽപം ഹരിതാഭമായ ഭൂപ്രകൃതി എന്നതിലുപരി നഗരപുറമ്പോക്കുകൾ, ജോലിസ്ഥലങ്ങൾ, ചേരികൾ തുടങ്ങിയവയൊക്കെ ഉൾക്കൊള്ളാവുന്ന ഒന്നായി വികസിക്കപ്പെട്ടു.

വിഷലിപ്ത രാസപഥാർത്ഥ ബാധയും മനുഷ്യവംശങ്ങളും (human races) തമ്മിലുള്ള പരസ്പരബന്ധം വിവരിക്കുന്ന രണ്ടു സുപ്രധാന റിപ്പോർട്ടുകൾ 1987ലും 1995ലും പ്രസിദ്ധീകരിക്കപ്പെട്ടു (4). ഈ റിപ്പോർട്ടുകളും പാരിസ്ഥിതിക വംശീയവാദത്തിനെതിരായ പ്രക്ഷോഭങ്ങളും പാരിസ്ഥിതിക സമൂഹശാസ്ത്രത്തിലെ ഒരു പുതിയ ഗവേഷണമേഖലയായി പാരിസ്ഥിതിക വംശീയവാദം രൂപമെടുക്കുന്നതിൽ സഹായിച്ചു. അധികം വൈകാതെ തന്നെ പാരിസ്ഥിതിക സമൂഹ പഠനത്തിലെ ഒരു സുപ്രധാന മേഖലയായി ഇത് മാറി. ഇക്കാലത്തെ മിക്ക ഗവേഷണങ്ങളും ക്വോണ്ടിറ്റേറ്റിവ് രീതിശാസ്ത്രങ്ങളും ഭൂമിശാസ്ത്ര രീതികളും അവലംബിച്ചു മാലിന്യങ്ങളുടെ സ്ഥാനങ്ങളെ സംബന്ധിച്ച വിശകലനങ്ങൾ ആണ് നടത്തിയിരുന്നത്. പിന്നെപ്പിന്നെ റെഡ്‌ലൈനിങ് (5), സാമൂഹ്യ വിവേചനം തുടങ്ങിയ സവിശേഷ സാമൂഹ്യ സമ്പ്രദായങ്ങൾ എങ്ങനെയൊക്കെയാണ് മലിനീകരണത്തിന്റെയും മാലിന്യ കൈകാര്യ രീതികളെയും സ്വാധീനിക്കുന്നത് എന്നതരം പഠനങ്ങളിലും സമൂഹപഠിതാക്കൾ വ്യാപൃതരാവുന്നുണ്ട്.

സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച്‌ എക്കോ-ഫെമിനിസം എന്ന ഒരു ചിന്താ-പ്രവർത്തന പദ്ധതി രൂപമെടുക്കുന്നത് ഇക്കാലത്താണ്. പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതും തമ്മിൽ ചില പാരസ്പര്യങ്ങൾ ഉണ്ടെന്ന അടിസ്ഥാന ധാരണയാണ് ഈ ചിന്താപദ്ധതിയുടെ ആധാരം.

സമൂഹപഠിതാക്കൾ മലിനീകരണവും മനുഷ്യവംശവും തമ്മിലുള്ള ബന്ധം പരിശോധിച്ചുകൊണ്ടിരിക്കുന്ന അതേസമയത്ത് സംഭവിക്കുന്ന മറ്റുള്ള മൂന്ന് സുപ്രധാന വികാസങ്ങൾ സമൂഹപഠനത്തെ വലിയതോതിൽ സ്വാധീനിക്കുന്നുണ്ട്. ഒന്നാമതായി പാരിസ്ഥിതിക പ്രശ്നങ്ങളുടെ ലിംഗപദവീപരമായ സ്വഭാവങ്ങളെപ്പറ്റിയുള്ള ഫെമിനിസ്റ്റ് വാദങ്ങൾക്കു ലഭിച്ച പ്രാമുഖ്യം. സ്ത്രീവിമോചന പ്രസ്ഥാനങ്ങളുടെ മുദ്രാവാക്യങ്ങളെ പാരിസ്ഥിതിക പ്രശ്നങ്ങളുമായി ബന്ധിപ്പിച്ച്‌ എക്കോ-ഫെമിനിസം എന്ന ഒരു ചിന്താ-പ്രവർത്തന പദ്ധതി രൂപമെടുക്കുന്നത് ഇക്കാലത്താണ്. പ്രകൃതി ചൂഷണം ചെയ്യപ്പെടുന്നതും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നതും തമ്മിൽ ചില പാരസ്പര്യങ്ങൾ ഉണ്ടെന്ന അടിസ്ഥാന ധാരണയാണ് ഈ ചിന്താപദ്ധതിയുടെ ആധാരം. പുരുഷമേധാവിത്ത വ്യവസ്ഥയും അത് അടിസ്ഥാനമായി പ്രവർത്തിക്കുന്ന സാമൂഹ്യബന്ധങ്ങളുടെ സമുച്ചയമായ ഒരു ലോകക്രമവുമാണ് ഈ രണ്ടുതരം ചൂഷണങ്ങളുടെയും മൂലകാരണം എന്ന് ഇക്കോഫെമിനിസ്റ്റുകൾ വാദിച്ചു. രണ്ടാമത്തേത് യൂറോപ്പിലെ ഹരിത പാർട്ടികളുടെ രൂപീകരണവും സ്വാധീനവും. മൂന്നാമത്തേത് പൊളിറ്റിക്കൽ എക്കോളജി എന്ന പുതിയ സമീപന രീതിയിലുള്ള പ്രക്ഷോഭങ്ങളും ജ്ഞാന ഉത്പാദനവും. (ഈ കോളത്തിൽ മറ്റൊരു ലക്കത്തിൽ ഇവയെപ്പറ്റി, പ്രതേകിച്ചു പൊളിറ്റിക്കൽ എക്കോളജിയെപ്പറ്റി, വിശദമായി വിവരിക്കാം എന്ന് കരുതുന്നു).

സാമൂഹിക അസമത്വം എന്ന ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള മേൽപ്പറഞ്ഞ ചർച്ചകൾ മാർക്സിസ്റ്റുകളെയും വലിയ തോതിൽ പാരിസ്ഥിതിക ചർച്ചകളിലേക്ക് ആകർഷിക്കുന്നുണ്ട്. മാൽത്തൂയിസത്തോടു മാര്‍കിസ്റ്റുകൾക്കുള്ള ചരിത്രപരമായ നീരസം കാരണം ആദ്യകാല പാരിസ്ഥിതിക മുന്നേറ്റങ്ങളിൽ അവർ തല്പരരായിരുന്നില്ലെങ്കിലും യൂറോപ്പിൽ രൂപം കൊള്ളുന്ന ഹരിത രാഷ്ട്രീയവും പൊളിറ്റിക്കൽ എക്കോളജിയും പാരിസ്ഥിതിക പ്രതിസന്ധിയെ കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചുമുള്ള ധാരണകളെ പ്രതി പാശ്ചാത്യ മാർക്സിസ്റ്റ് ചിന്താധാരയിലും വലിയ സ്വാധീനങ്ങൾ ഉണ്ടാക്കുന്നുണ്ട് (6). കർഷകരുടെയും തദ്ദേശീയ ജനതയുടെയും കുടിയൊഴിപ്പിക്കലുകളെ സംബന്ധിച്ചും അന്യവൽക്കരണത്തെ സംബന്ധിച്ചും ഉള്ള ചരിത്രപരമായ വിശകലനങ്ങൾ വ്യാവസായിക മുതലാളിത്തത്തിന്റെ നഗര-പരിസ്ഥിതി പ്രശ്നങ്ങളുടെയും പൊതുജനാരോഗ്യ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലെ പുതിയ വിശകലനങ്ങളുമായി കണ്ണിചേർക്കപ്പെട്ടു. ഈ മാർകിസ്റ്റ് ധാര തൊണ്ണൂറുകളോടെ വികസിക്കുകയും ഇന്ന് സജീവമായ ചലനങ്ങൾ സൃഷ്ടിക്കുന്ന ഒരു മേഖലയായി മാറുകയും ചെയ്തിട്ടുണ്ട്. ഇതിനെപ്പറ്റിയും ഇനിയുള്ള ഭാഗങ്ങളിൽ വിശദീകരിക്കാം.

അസമത്വത്തിൽ നിന്ന് നീതിയിലേക്ക്

ജീവസ്സുറ്റ തെളിവുകൾ സഹിതം പാരിസ്ഥിതിക അസമത്വങ്ങളെപറ്റി സമൂഹപഠിതാക്കളും മറ്റു ഗവേഷകരും നടത്തിയ പഠനങ്ങൾ, ഈ അസമത്വങ്ങൾക്കെതിരെ നടന്ന പ്രക്ഷോഭങ്ങൾ എന്നിവയുണ്ടാക്കിയ സ്വാധീനം മുഖ്യധാരാ പരിസ്ഥിതി പ്രവർത്തകർക്ക് അവമതിക്കാവുന്നതിനും അപ്പുറമായിരുന്നു. പാരിസ്ഥിതിക ശോഷണം എല്ലാവരെയും ഒരുപോലെയല്ല ബാധിക്കുക എന്ന പ്രമാണവാക്യം ഗ്രൂപ്പ് ഓഫ് 10 (7) എന്ന് അറിയപ്പെടുന്ന സംഘടനകൾ ഉൾപ്പെടെ പല പരിസ്ഥിതി പ്രസ്ഥാനങ്ങൾക്കും സ്വീകരിക്കേണ്ടതായി വന്നു. പാരിസ്ഥിതിക അസമത്വങ്ങൾക്ക് എതിരായി നടന്ന പ്രക്ഷോഭങ്ങളും ഗവേഷണങ്ങളും പാരിസ്ഥിതിക നീതി എന്ന ഒരു പുതിയ സമീപനം രൂപപ്പെടുന്നതിനു സഹായിച്ചു. അതുവരെയുള്ള ഗവേഷണങ്ങളും പ്രക്ഷോഭങ്ങളും പാരിസ്ഥിതിക അസമത്വങ്ങൾ രേഖപ്പെടുത്തുന്നതിൽ വ്യാപൃതരായപ്പോൾ പാരിസ്ഥിതിക നീതി എന്ന സമീപനം ഈ അസമത്വങ്ങളെ കുറേക്കൂടെ സമഗ്രതയിലും ആഴത്തിലും അവതരിപ്പിക്കാൻ ശ്രമിച്ചു. ഈ സമീപനം ഊന്നൽ കൊടുത്തത് പ്രധാനമായും രണ്ടു കാര്യങ്ങൾക്കാണ്‌. ഒന്നാമതായി, പരിസ്ഥിതിയുമായുള്ള സമൂഹ ബന്ധങ്ങളെ ചരിത്രവൽക്കരിക്കുക. രണ്ടാമതായി, സയൻസ് പ്രകൃതിയെയും പരിസ്ഥിതിയെയും പ്രതിനിധീകരിക്കുന്ന വിധങ്ങളെ വിമർശനാത്മകമായി പരിശോധിക്കുക. ശാസ്ത്രീയ സമീപനങ്ങളോടുള്ള സംശയങ്ങൾ ഉടലെടുക്കുന്നതും ഇതേകാലത്താണ്. 1980 കളുടെ അവസാനവും 90 കളുടെ ആദ്യവും ശാസ്ത്രീയ പ്രക്രിയകളെക്കുറിച്ചും നയരൂപീകരണങ്ങളെ കുറിച്ചുമുള്ള ആശങ്കകൾ വർധിക്കുന്നുണ്ട്. ഇപ്രകാരം പ്രമുഖ സോഷ്യോളജിസ്റ് ഉൾറിച്ച് ബെക്ക് ആപത്ശങ്ക സമൂഹം (risk society) എന്ന് വിളിക്കുന്ന പ്രക്രിയയുമായി പാരിസ്ഥിതിക നീതി മുന്നേറ്റങ്ങളും ബന്ധപ്പെട്ടുകിടക്കുന്നു.

ഉൾറിച്ച് ബെക്ക്

പാരിസ്ഥിതിക അസമത്വത്തിനെതിരായി പല പ്രസ്ഥാനങ്ങളും കാലക്രമേണ പാരിസ്ഥിതിക നീതി എന്ന സമീപനത്തിലേക്ക് മാറുന്നുണ്ട്. അതായത്, നിരന്തരം അനീതിയെ ഉത്പാദിപ്പിക്കുന്ന തരത്തിലുള്ള പാരിസ്ഥിതിക തീരുമാനങ്ങളിലേക്ക് എത്തിച്ചേരുന്ന വംശീയവും ലിംഗപദവീപരവും വർഗ്ഗപരവുമായ സാമൂഹിക വ്യവസ്ഥകളെ ചോദ്യംചെയ്യുക എന്ന നിലയിലേക്ക് അതുവരെ ഒറ്റപ്പെട്ട്, ക്ഷിപ്ര - പ്രതികരണത്വര യുടെ സ്വഭാവത്തിൽ പ്രവർത്തിച്ചിരുന്ന പല പ്രസ്ഥാനങ്ങളും വളർന്നു. അതോടൊപ്പം സയന്റിഫിക് വൈദഗ്ധ്യങ്ങളുടെ മർദ്ദക സ്വഭാവങ്ങളും ചോദ്യം ചെയ്യപ്പെട്ടു. മറ്റൊരു തരത്തിൽ പറഞ്ഞാൽ നിങ്ങൾ അനുഭവിക്കുന്ന മാലിന്യപ്രശ്നത്തെ പൊതു രാഷ്ട്രീയ-സാമ്പത്തിക-സയൻസിക-സാമൂഹിക പ്രക്രിയകളോട് കണ്ണിചേർത്തു മനസ്സിലാക്കാൻ പാരിസ്ഥിതിക അസമത്വം എന്ന ചട്ടക്കൂട് സഹായിക്കുമ്പോൾ അവക്കുള്ള പരിഹാരം കേവലം ആ മലിനീകരിക്കപ്പെടുന്ന പ്രദേശം ശുദ്ധിയാക്കുന്നതിലും മലിനീകരണം നിർത്തുന്നതിലും മാത്രം നിർത്താതെ ആ പ്രശ്നത്തെ പൗരാവകാശത്തിന്റെയും, സ്വയംനിര്ണയാവകാശത്തിന്റെയും അധികാരത്തിന്റെയും രാഷ്ട്രീയ ചോദ്യങ്ങളുമായി കണ്ണിചേർക്കുന്നതാണ് പാരിസ്ഥിതിക നീതി എന്ന സമീപനം. അതിനാൽത്തന്നെ, സാമൂഹികനീതി പ്രസ്ഥാനങ്ങളെ സംബന്ധിച്ച് പാരിസ്ഥിതിക മാറ്റവും സാമൂഹികമാറ്റവും ഗാഢമായി ബന്ധപ്പെട്ടുകിടക്കുന്നു. അതായത്, ഗാന്ധിയൻ മാതൃകയിലുള്ള സ്വമേധയാ പാലിക്കുന്ന അച്ചടക്കം, മാലിന്യ പുനരുപയോഗം മറ്റു പരിസ്ഥിതി-സൗഹാർദ്ദ പെരുമാറ്റം എന്നിവക്ക് ഉപരിയായി റാഡിക്കലായ സാമൂഹികമാറ്റം പരിസ്ഥിതിമാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും അത് സാധിക്കണമെങ്കിൽ സാമ്പത്തികവും രാഷ്ട്രീയപരവുമായ ഒരു സമൂല മാറ്റം ആവശ്യമാണ് എന്നും പാരിസ്ഥിതിക നീതിവാദികൾ തിരിച്ചറിയുന്നുണ്ട്.

ഈ സമീപന മാറ്റം സമൂഹപഠന ഗവേഷണങ്ങളിലും നല്ലരീതിയിൽ പ്രതിഫലിക്കപ്പെടുന്നുണ്ട്. പാരിസ്ഥിതിക അപകടങ്ങളുടെ വിതരണം മാത്രമല്ല പ്രശ്നം മറിച്ച് ഈ അപകടങ്ങൾ സൃഷ്ടിക്കപ്പെടുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്ന ചരിത്ര പ്രക്രിയയാണ് കാതലായ പ്രശ്നം എന്ന് സമൂഹപഠിതാക്കൾ വാദിച്ചു. സോഷ്യൽ സ്ട്രാറ്റിഫിക്കേഷൻ, അധികാരം എന്നീ സങ്കൽപ്പനങ്ങൾ അവരുടെ അന്വേഷണങ്ങളുടെ അടിസ്ഥാനമായി. പ്രകൃതി, പരിസ്ഥിതി എന്നിവ എങ്ങനെയാണ് ചില പ്രത്യേക തരത്തിലുള്ള വർഗ്ഗപരവും, വംശീയപരവും ലിംഗപദവീപരവുമായ രീതികളിൽ നിർമ്മിക്കപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടത് പ്രധാനവുമാണ് എന്ന് അവർ വാദിച്ചു. ആക്റ്റിവിസ്റ്റ് മേഖലയിൽ ശാസ്ത്രീയ സമീപനങ്ങളോടുള്ള സന്ദേഹങ്ങൾ വർധിക്കുന്നതിന് സമാന്തരമായി സയന്സിനെക്കുറിച്ചുള്ള ജ്ഞാന നിർമ്മിതിവാദപരമായ (constructivist) സമീപനത്തോടെയുള്ള അക്കാദമികമായ പഠനങ്ങൾ നടക്കുന്നുണ്ട്. ഇത്തരം പഠനങ്ങൾ സയൻസിന്റെ കേവല വസ്തുനിഷ്ഠതാ അവകാശവാദങ്ങളെ പ്രശ്നവൽക്കരിക്കുന്നു. സാമൂഹ്യാധികാരം, ആധിപത്യാത്മകമായ ലോകവീക്ഷണങ്ങൾ, ജ്ഞാന ശ്രേണികൾ തുടങ്ങിയവയൊക്കെ എങ്ങനെയൊക്കെയാണ് ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മറ്റ് പാരിസ്ഥിതിക ചർച്ചകളെയും സ്വാധീനിക്കുന്നത് എന്ന തരത്തിലുള്ള അന്വേഷണങ്ങൾ ധാരാളമായി നടന്നു. ഇപ്രകാരം പരിസ്ഥിതിയുടെ സാമൂഹികമായ തലങ്ങളെ അഭിമുഖീകരിക്കാൻ ഉതകുന്ന സമീപനരീതികൾ വികസിപ്പിക്കേണ്ട ഘട്ടം സമൂഹ പഠിതാക്കൾ അഭിമുഖീകരിക്കുന്നുണ്ട്. വ്യവസ്ഥാപിതമായി പ്രാകൃതികം (natural) ആയി മനസ്സിലാക്കുന്ന പരിസ്ഥിതിയെ ചരിത്രവൽക്കരിക്കാനും (historicise) പ്രകൃതിയിൽ നിന്നും വേറിട്ട് മനസ്സിലാക്കുന്ന സാമൂഹിക പരിസ്ഥിതിയെ ecologize ചെയ്യാനുമുള്ള രീതിശാസ്ത്രങ്ങൾ വികസിപ്പിക്കേണ്ടതായി വന്നു. ഈ പ്രക്രിയയുടെ ഭാഗമായി പാരിസ്ഥിതിക ചരിത്രം (environmental history ), ചരിത്രാത്മക ഭൂമിശാസ്ത്രം, (historical georgaphy), പാരിസ്ഥിതിക സമൂഹശാസ്ത്രം എന്നീ ജ്ഞാന ശാഖകൾ തമ്മിലുള്ള വിനിമയങ്ങൾ ധാരാളമായി സംഭവിക്കുന്നുണ്ട്. പ്രകൃതി, സയൻസ്, സമൂഹം എന്നിവയുടെ ഒരു സംയോജിത-ചരിത്ര സമീപനം വികസിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശം.

പുത്തൻ മാൽത്തൂസിയൻ വാദങ്ങളിൽ നിന്ന് സാമൂഹികമായ അസമത്വത്തിലേക്കും, അതിൽനിന്നു ഈ അസമത്വങ്ങളുടെ ചരിത്രവൽക്കരണ പ്രക്രിയകളിലേക്കും നീളുന്നതാണ് പാരിസ്ഥിതിക സമൂഹശാസ്ത്രത്തിന്റെ രീതിശാസ്ത്ര വികാസത്തിൻ്റെ നാൾവഴി. ആദ്യകാലങ്ങളിൽ പ്രധാന വിശകലന ഉപാധികൾ നാച്ചുറൽ സയന്സിന്റെതായിരുന്നു എങ്കിൽ ഇന്ന് സമൂഹപഠനത്തിന്റേതായ രീതിശാസ്ത്രങ്ങൾ വികസിപ്പിക്കപ്പെട്ടിട്ടുണ്ട്. സാമൂഹികതയെ മാത്രമല്ല, പ്രകൃതിയായും, പരിസ്ഥിതിയായും മനസ്സിലാക്കുന്നവയെയും അപഗ്രഥിക്കാൻ ഇന്ന് സമൂഹപഠിതാക്കൾ അവരുടേതായ രീതിശാസ്ത്രങ്ങൾ പിന്തുടരുന്നുണ്ട്. ഇത്തരം രീതിശാസ്ത്രങ്ങൾ അപകടകരമായ അപേക്ഷികതാവാദങ്ങളിലേക്ക് (relativism) നയിക്കുമെന്ന വിമർശനം പ്രബലമാണ്. എന്നിരിക്കിലും ഈ രീതിശാസ്ത്രങ്ങൾക്ക് ചില സാധുതകൾ ഉണ്ട്. ഈ കോളത്തിൽ മറ്റൊരവസരത്തിൽ അത് പരിശോധിക്കാം.

1. അധികവായനക്ക് https://www.jstor.org/stable/27702311
പാരിസ്ഥിതിക പ്രസ്ഥാനം രൂപം കൊണ്ടശേഷമുള്ള സവിശേഷമായ അമേരിക്കൻ സാഹചര്യത്തിലെ കാര്യമാണ് ഇവിടെ പറയുന്നത്. പരിസ്ഥിതിയെ പരിഗണിക്കുന്ന ആദ്യ സമൂഹപഠിതാക്കൾ ഇവരാണ് എന്ന് ഇവിടെ അർഥമാക്കുന്നില്ല. സാമൂഹികതകളെ മനസ്സിലാക്കാൻ ഭൗതിക പ്രകൃതിയെയും പരിഗണിക്കുന്ന സമീപനങ്ങൾ ഇതിനുമുൻപും പല സമൂഹ പഠിതാക്കളിലും കാണാം. ഇന്ത്യൻ സാഹചര്യത്തിൽ രാധകമാൽ മുഖർജി ഇതിനൊരു ഉദാഹരണമാണ്.
2. അധികവായനക്ക് https://www.jstor.org/stable/2083257 .
3. ഇന്ന് സമൂഹപഠിതാക്കൾക്കിടയിൽ സമ്മതി തീരെക്കുറഞ്ഞ ഒന്നാണ് പുത്തൻ മാൽത്തൂസിയൻ വാദം. എന്നിരിക്കിലും കേരളത്തിൽ ഉൾപ്പെടെ ലോകത്തിലെ പല പാരിസ്ഥിതിക പ്രസ്ഥാനങ്ങളും ഈ വാദം അംഗീകരിക്കുന്നവരാണ്. 4. Toxic wastes and race in the United States by United Church of Christ Commission on
Racial Justice in 1987 & Hazardous and non-hazardous waste: demographics of people
living near waste facilities by United States General Accounting Office in1995
5. ആളുകളുടെ വാസസ്ഥാനങ്ങൾക്കനുസരിച്ച് അവരുടെ സാമൂഹിക പദവി ഊഹിക്കുകയും അതിനനുസരിച്ച് വിവേചനപരമായി പെരുമാറുകയും സേവനങ്ങൾ , വിശിഷ്യാ ബാങ്ക് ലോൺ പോലുള്ള സാമ്പത്തിക സേവനങ്ങൾ, നിഷേധിക്കുകയും ചെയ്യുന്നതിനെ അമേരിക്കൻ സാഹചര്യത്തിൽ വിളിക്കുന്നത്.
6. കേരളത്തിൽ ഇതിനു വിഭിന്നമായ ഒരു അവസ്ഥ ഉണ്ടായിരുന്നു. ഇനിവരുന്ന ഭാഗങ്ങളിലൊന്നിൽ വിശദീകരിക്കാം
7. Defenders of Wildlife, Environmental Defense Fund, Greenpeace, the National Audubon Society, The National Wildlife Federation, Natural Resources Defense Council, The Nature Conservancy, Sierra
Club, The Wilderness Society, and World Wildlife Fund

Leave a comment