TMJ
searchnav-menu
post-thumbnail

TMJ Family

നിങ്ങളുടെ ‘ഭിന്നശേഷി സൗഹൃദ’ത്തില്‍ അവരുടെ അമ്മമാരുണ്ടോ?

18 Jul 2022   |   1 min Read
Preetha GP

PHOTO: WIKI COMMONS

 

ടുവയെന്ന സിനിമയിൽ ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും ഡിഹ്യൂമെനൈസ് ചെയ്ത സംഭാഷണ ശകലവും അതിന്റെ തുടർ വിവാദങ്ങളും സംവാദങ്ങളും തുടരുന്ന ദിവസങ്ങളിലാണ് ഒരു ഓട്ടിസ്റ്റിക്ക് കുട്ടിയുടെ അമ്മയായ ഞാൻ ഈ കുറിപ്പ് എഴുതാൻ തുടങ്ങുന്നത്. ഓരോ രക്ഷകർത്താവും കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും നേരിട്ടും അല്ലാതെയും എത്രയോ തവണ കേട്ടതാകാം ഈ വാചകങ്ങൾ. വിവാദമായതും തുടർചർച്ചകളും നമ്മുടെ സമൂഹവും ആധുനികവും മാനവികവുമായ മൂല്യങ്ങളെ ശക്തമായിത്തന്നെ ഏറ്റെടുക്കുന്നു എന്നതിന്റെ ഉദാഹരണമായിത്തന്നെ നമുക്ക് അടയാളപ്പെടുത്താം.

 

ഭിന്നശേഷി എന്ന ആലങ്കാരിക പദത്തിനെ, അതിന്റെ യഥാർത്ഥ അവസ്ഥയെ വിശദീകരിക്കാൻ കഴിയുന്ന disabled എന്ന വാക്കു തന്നെ ഞാനിവിടെ ഉപയോഗിക്കുന്നു. കാരണം സാധാരണ മനുഷ്യരായി ജനിച്ചു പ്രത്യേകിച്ചു കഴിവുകൾ ഒന്നുമില്ലാതെ ജീവിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യരും അവരിലുണ്ട്. അല്ലെങ്കിൽ അവരാണ് ബഹുഭൂരിപക്ഷവും. അവരുടെ ദയനീയമായ ജീവിതാവസ്ഥകളെ ഒരു അലങ്കാരപദം കൊണ്ട് അട്ടിമറിക്കുകയാണ് ഈ സമൂഹമെന്നു പറയാൻ എനിക്കു തെല്ലും മടിയില്ല.

 

ഓട്ടിസത്തെക്കുറിച്ചു എഴുതാനുള്ള ആവശ്യത്തിനു മുമ്പിൽ പലപ്പോഴും എവിടെത്തുടങ്ങി എവിടെ അവസാനിപ്പിക്കണം എന്ന അവസ്ഥയെയാണ് ആദ്യമായി അഭിമുഖീകരിക്കുന്നത്.

 

ഡിസേബിൾഡ് ആയ ഒരു കുട്ടി മാതാപിതാക്കളുടെ പാപത്തിന്റെ ഫലമാകുന്നത് അവിടെയാണ്. പാട്രിയാർക്കൽ സമൂഹത്തിൽ ആ പാപി എളുപ്പം അമ്മ മാത്രമാകുകയും അച്ഛൻ പാപത്തിന്റെ ഫലത്തെയും പാപിയേയും ഉപേക്ഷിച്ചു രക്ഷപ്പെടുകയും ചെയ്യുന്നു, പലപ്പോഴും.

 

Representational image: wiki commons

 

നമ്മുടെ സാമൂഹ്യഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റാണ് കുടുംബം എന്നു പറഞ്ഞാൽ പോരാ നമ്മുടെ സാമ്പത്തിക ഘടനയിലെ ഏറ്റവും ചെറിയ സാമ്പത്തിക സ്ഥാപനമാണ് കുടുംബം എന്നു കൂടി പറയണം. അതിനുള്ളിലെ മനുഷ്യരുടെ ഭൗതികവും, സാമ്പത്തികവുമായ ഉന്നമനമാണ് അതിന്റെ അപ്രഖ്യാപിതമെങ്കിലും പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന്. സകല മാനവിക മൂല്യങ്ങളുടേയും കടക്കൽ കത്തിവയ്ക്കുവാൻ ഈ ഒരു താൽപര്യം പലപ്പോഴും കാരണവുമാകുന്നുണ്ട്. ഇപ്പറഞ്ഞതിന്റെ ശരിതെറ്റുകളെ കുറിച്ചുള്ള സംവാദം ഇവിടെ എന്റെ വിഷയമല്ല. ഞാൻ പറയാൻ ആഗ്രഹിച്ചത് ഏതെങ്കിലും തരത്തിലുള്ള ആധുനികമായ മൂല്യബോധമല്ല നമ്മുടെ ആ ഏറ്റവും ചെറിയ സ്ഥാപനത്തിന്റെ പോലും അടിത്തറ എന്നാണ്. ആ സാമ്പത്തികം തന്നെയാണ് ഈ ചെറു യൂണിറ്റിന്റെ അന്തസ്സിനെ സമൂഹത്തിൽ ഉറപ്പിക്കുന്ന ഒരു ഘടകം. അവിടേക്കാണ്, ഓട്ടിസമോ അതേപോലെയുള്ള മറ്റു പ്രശ്നങ്ങളോ ഉളള ഒരു കുഞ്ഞ് ജനിച്ചു വീഴുന്നത്. കുട്ടികളെ മുതൽ മുടക്കിനുള്ള ഉപാധിയായി കാണുന്ന കുടുംബത്തിനുള്ളിൽ മനുഷ്യരെ ഡിഹ്യൂമെനൈസ് ചെയ്യുന്നത് അവരോട് അനീതി ചെയ്യാനുള്ള ന്യായീകരണമാണ്. ഡിസേബിൾഡ് ആയ ഒരു കുട്ടി മാതാപിതാക്കളുടെ പാപത്തിന്റെ ഫലമാകുന്നത് അവിടെയാണ്. പാട്രിയാർക്കൽ സമൂഹത്തിൽ ആ പാപി എളുപ്പം അമ്മ മാത്രമാകുകയും അച്ഛൻ പാപത്തിന്റെ ഫലത്തെയും പാപിയേയും ഉപേക്ഷിച്ചു രക്ഷപ്പെടുകയും ചെയ്യുന്നു, പലപ്പോഴും. തിരിച്ചും ഒറ്റപ്പെട്ട സംഭവങ്ങളുണ്ട്. സിസേബ്ൾഡ് ആയ കുട്ടിയോട് അനീതി കാണിക്കാൻ ബന്ധുക്കൾക്കും, അത്തരം കുട്ടികളുള്ള കുടുംബത്തോട് അനീതി കാണിക്കാൻ സമൂഹത്തിനും ഒരു ന്യായമായി.

 

ഇതാണ് ഒരു വശം. മറുവശം മറ്റൊരു extreme ആണ്. അത് ഓട്ടിസ്റ്റിക്കായ കുഞ്ഞുങ്ങളുടെ അമ്മമാരുടെ മഹത്വവൽക്കരണമാണ്. ഇത്രയും വലിയ സത്കർമ്മം ചെയ്യാൻ നിങ്ങൾ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാകുന്നു എന്ന മഹത്വവൽക്കരണം. ഒരു കൈത്താങ്ങ് പോലും നൽകേണ്ട കാര്യമില്ല. അത് ചോദിക്കാൻ കഴിയാത്ത വിധം നിശബ്ദരാക്കാം ഈ മഹത്വവൽക്കരണത്താൽ. ഒരാൾക്ക് താങ്ങാൻ കഴിയാത്തത്ര ഭാരം തോളിൽ വെച്ചു കൊടുത്തു മാറി നിന്ന് അഭിനന്ദിക്കുകയാണ് ചുറ്റുമുള്ളവർ. അതവർക്കാഭാരം പങ്കുവെയ്ക്കേണ്ടതില്ല എന്നതാണ്. മാത്യത്വമെന്ന പ്രബല ജന്തുവാസനയുടെ മുകളിൽ ഇത്തരം സാമൂഹിക സമ്മർദ്ദങ്ങളും കൂടിയാകുമ്പോൾ, ഒരു സാമൂഹിക ജീവിയുടെ സാമൂഹികവും വ്യക്തിപരവുമായ അതിജീവനത്തിനാവശ്യമായ ഒരു താങ്ങും ലഭ്യമാകാതെ, തനിക്ക് നേരെയുള്ള ചുറ്റുപാടുകളുടെ അനീതിയെ തിരിച്ചറിയാൻ പോലുമാകാതെ ഒരു സ്ത്രീ ജന്മം എരിഞ്ഞടങ്ങാൻ തുടങ്ങുന്നു. സാമൂഹ്യ ജീവിതം അവസാനിക്കുന്നു. തൊഴിൽ ഉപേക്ഷിക്കേണ്ടി വരുന്നു. മുഴുവൻ സമയ കെയർ ടേക്കർ ആകേണ്ടി വരുന്നു. പരിചരണത്തിനായി നിയോഗിക്കപ്പെട്ടവർക്ക് പരിചരണമേ ആവശ്യമുണ്ടന്ന് ആർക്കും തോന്നുകയുമില്ല.

 

ആരോഗ്യ സൂചികകളിൽ നമ്മളുടെ താരതമ്യം പലപ്പോഴും യൂറോപ്പുമായാണ്. പക്ഷേ  ഡിസബിലിറ്റിയുമായി ബന്ധപ്പെടുമ്പോൾ ഈ താരതമ്യം എവിടെയാണ് നിൽക്കുന്നത്? നമ്മുടെ സ്റ്റേറ്റിന്റെ പോളിസികൾ എത്ര കണ്ടു ഭിന്നശേഷി സൗഹൃദമാണ്.?  എത്രകണ്ട് കുടുംബത്തേയും മാതാപിതാക്കളേയും സപ്പോർട്ട് ചെയ്യുന്നതാണ് ?

 

ഓട്ടിസം പോലെയുള്ള അവസ്ഥകളിൽ മിക്കപ്പോഴും നിക്ഷേപിക്കുന്ന അധ്വാനത്തിനോ, സമയത്തിനോ, ഊർജ്ജത്തിനോ ഒരു ഫലവും ഉണ്ടാകില്ല. കുട്ടികളെ അടിസ്ഥാന ആവശ്യങ്ങൾ പോലും പരിശീലിപ്പിക്കാൻ വേണ്ടി വരുന്ന വർഷങ്ങളുടെ നീളത്തെക്കുറിച്ച് അതനുഭവിക്കാത്ത ഒരാൾക്കും മനസ്സിലാകില്ല എന്നതാണ്. ട്രൗസറിന്റെ വള്ളികെട്ടാനോ, ഷൂവിന്റെ ലേസ് കെട്ടാനോ മാത്രം വർഷങ്ങൾ ഊർജ്ജം ചിലവഴിക്കേണ്ടി വരുന്നത് എത്ര പേർക്ക് സങ്കല്പിക്കാനെങ്കിലുമാകും. അതവരുടെ ആയുഷ്കാലം ചിലപ്പോൾ നടക്കുകയുമില്ല. ഒരു സമ്പൂർണ്ണ മനുഷ്യന്റെ പ്രതീക്ഷകൾ ഇത്ര നിസാരമായ അവസ്ഥകളിലേക്ക് ചുരുങ്ങിപ്പോകുന്നത്, തന്റെ കുട്ടി എന്ന് ടോയ്ലറ്റ് ട്രെയ്ൻഡാകുമെന്ന അമ്പരപ്പ്, ഇതൊക്കെ ആർക്കു മനസ്സിലാകും? എന്ന് സ്വയം ഭക്ഷണം കഴിക്കുമെന്ന്? എന്ന് ഒരു വാക്ക് ഉരിയാടുമെന്നതൊക്കെ ലക്ഷ്വറിയായി തോന്നുന്ന മനുഷ്യരെക്കുറിച്ചാണ് ഞാനീ പറയുന്നത്.

 

നമ്മൾ ഇൻക്ലുസീവ് എജുക്കേഷനെക്കുറിച്ചും ഭിന്നശേഷി സൗഹൃദ പൊതു ഇടങ്ങളെക്കുറിച്ചുമൊക്കെ സംസാരിച്ചു തുടങ്ങിയിട്ടുണ്ട്. അപ്പോഴും ജനിച്ചു ജീവിക്കുന്ന വീടിനുള്ളിലാണ് അവർ അന്യരാകുന്നത്. അവരുടെ മനുഷ്യാവകാശങ്ങൾ, ബാലാവകാശങ്ങൾ ഒക്കെ ആദ്യം നിഷേധിക്കുന്ന ഇടങ്ങൾ വീട്ടകങ്ങളാണെന്ന് നമ്മൾ സമ്മതിക്കില്ല. സമ്മതിച്ചാൽ അവരുടെ സംരക്ഷണത്തെക്കുറിച്ചുള്ള പോളിസികളെക്കുറിച്ചു സംസാരിക്കേണ്ടി വരും. നമ്മുടെ രാജ്യത്തിന്റെ പൊതു അവസ്ഥയെക്കുറിച്ച് പറയണ്ട കാര്യമില്ല. എന്താണ് നമ്മുടെ നാട്ടിലെ അവസ്ഥ. ആരോഗ്യ സൂചികകളിൽ നമ്മളുടെ താരതമ്യം പലപ്പോഴും യൂറോപ്പുമായാണ്. പക്ഷേ ഡിസബിലിറ്റിയുമായി ബന്ധപ്പെടുമ്പോൾ ഈ താരതമ്യം എവിടെയാണ് നിൽക്കുന്നത്? നമ്മുടെ സ്റ്റേറ്റിന്റെ പോളിസികൾ എത്ര കണ്ടു ഭിന്നശേഷി സൗഹൃദമാണ്.? എത്രകണ്ട് കുടുംബത്തേയും മാതാപിതാക്കളേയും സപ്പോർട്ട് ചെയ്യുന്നതാണ് ?

 

അവർക്കു വേണ്ടിയുള്ള ചുരുക്കം പോളിസികൾ എടുത്താൽ മതി, എത്ര യാന്ത്രികമാണവയെന്ന് മനസ്സിലാകും. ബുദ്ധിയോ, ഹൃദയമോ, കനിവോ നിക്ഷേപിക്കാത്ത പോളിസികൾ. ഏറ്റവും മികച്ച ഉദാഹരണമാണ് അവരുടെ സ്കോളർഷിപ്പുകൾ. സ്കൂളിൽ പോകുന്ന കുട്ടികൾക്ക് വർഷം 28,500 രൂപ നൽകുമ്പോൾ സ്കൂളിൽ പോകാത്തവർക്ക് പകുതിയാണ്. യഥാർത്ഥത്തിൽ സ്കൂളിൽ പോകാത്തത് എന്തുകൊണ്ടാണ് എന്നൊരു നിസ്സാര ആലോചന പോലും ഈ സ്കോളർഷിപ്പ് ഏർപ്പെടുത്തുമ്പോൾ ഉണ്ടായില്ല. സ്കൂളിൽ പോകാൻ പറ്റാത്ത വിധം പ്രശ്നമാണവർക്ക്. അവരാണ് ആദ്യ വിഭാഗത്തെക്കാൾ വലിയ സാമ്പത്തിക ബാധ്യത കുടുംബത്തിന്. അതിനോടൊപ്പം ഒരു സമ്പൂർണ്ണ വ്യക്തിയുടെ അധ്വാനം, അവർക്ക് വേതനമില്ലാത്ത അവസ്ഥ, ഈ മനുഷ്യാധ്വാനത്തിനു എന്ത് പരിഗണനയാണ് ഇതിൽ?

 

Representational image: wiki commons

 

സ്റ്റേറ്റിന് അതിന്റെ ഏറ്റവും ദുർബലമായ ഒരു വിഭാഗത്തെ സംരക്ഷിക്കാനും പരിപാലിക്കാനും സമ്മർദ്ദം ചെലുത്താനും, ശിക്ഷിക്കാനും അധികാരം ഉണ്ടെന്നിരിക്കെ അവരുടെ പരിചരണത്തിനാവശ്യമായ സംവിധാനങ്ങൾ ഒരുക്കാൻ ഉത്തരവാദിത്തം ഇല്ലെന്നാണ് ഭാവിക്കുന്നത്. പതിനെട്ടു കഴിഞ്ഞ സ്റ്റേറ്റിന്റെ പൗരനെ സംരക്ഷിക്കേണ്ടതും അവരുടെ മാതാപിതാക്കൾ ആണോ? എന്തിന്? തൊഴിൽ ചെയ്യാനും വരുമാനം കണ്ടെത്താനും ശേഷിയില്ലാത്ത ഒരു പൗരനു ജീവിക്കാൻ ഒരു വർഷം പതിനായിരം രൂപ മതിയോ? ഇതേ പൗരനു വേണ്ടി തൊഴിലും വരുമാനവുമില്ലാത്ത മറ്റൊരാൾ കൂടി വീട്ടിൽ ഉണ്ടാകുമെന്നിടത്ത് ഏതു സാമ്പത്തിക ശാസ്ത്രം വച്ചാണ് ഇത് ശരിയാകുന്നത്? കിടപ്പു രോഗികൾക്കും, ടൊയ്ലറ്റ് ട്രെയ്ൻഡ് അല്ലാത്തവർക്കുമൊക്കെ ഡയപ്പർ വാങ്ങാൻ തികയുമോ? എന്നിട്ടും ആ തുച്ഛമായ തുകക്കു കാത്തിരിക്കേണ്ടി വരുന്ന മനുഷ്യരുണ്ട്.

 

കൗമാരത്തിലേക്ക് പ്രവേശിക്കുന്ന ഓട്ടിസം, ADHD, down syndrome ഒക്കെയുള്ള കുട്ടികളുടെ ലൈംഗിക പ്രശ്നങ്ങളെ നേരിടാൻ കഴിയാതെ ബുദ്ധിമുട്ടുന്ന രക്ഷിതാക്കൾക്ക് എന്ത് മാർഗ്ഗ നിർദ്ദേശമാണ് നമ്മുടെ സംവിധാനങ്ങൾ നല്കുന്നത്? നമ്മുടേതു പോലെ അങ്ങേയറ്റം കപട സദാചാര സമൂഹത്തിൽ കുട്ടികളും മാതാപിതാക്കളും അനുഭവിക്കുന്ന അതിസങ്കീർണ്ണമായ ഒരു പ്രശ്നത്തെ അവർക്കു വേണ്ടിയുള്ള സംവിധാനങ്ങൾ ഈ നൂറ്റാണ്ടിൽ ഇക്കാലത്തെങ്കിലും അഡ്രസ് ചെയ്തിട്ടുണ്ടോ? അതിന്റെ പേരിൽ കുഞ്ഞുങ്ങൾ അനുഭവിക്കുന്ന ശാരീരിക മാനസിക പീഡനങ്ങൾ, അതേ കാരണത്താൽ തന്നെ ബന്ധുക്കളും സുഹൃത്തുക്കളും ഒഴിവാക്കുന്ന ആ വീടുകൾ ഇതൊക്കെ സാമൂഹിക നീതിയുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ ശ്രദ്ധയിലെങ്കിലും പെട്ടിട്ടുണ്ടോ?

 

സംസ്ഥാനത്തെ സ്പെഷ്യൽ സ്കൂളുകളും, റിഹാബിലിറ്റേഷൻ സെന്‍ററുകളും, ഏതാണ്ട് മുഴുവനും എന്നു പറയാവുന്ന രീതിയിൽ സ്വകാര്യ മേഖലയിലാണ് പ്രവർത്തിക്കുന്നത്. ചുരുക്കം ചില സർക്കാർ സ്ഥാപനങ്ങളെ ഒഴിച്ചു നിർത്തിയാൽ അവയില്‍ ഏതെങ്കിലും തരത്തിലുള്ള നിരീക്ഷണം, ഓഡിറ്റിംഗ് മുതലായ കാര്യങ്ങൾ നടക്കുന്നുണ്ടോ? ശാസ്ത്രീയമായാണോ ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. കുട്ടികളെ ശാസ്ത്രീയ പരിശീലനം നല്കുന്നതിനു പകരം മൃഗങ്ങളെപ്പോലെ condition ചെയ്തെടുക്കുന്ന സ്ഥാപനങ്ങളാണ് അവയിൽ പലതും.

 

അതിസമ്പന്നരായ മാതാപിതാക്കളുടെ കുട്ടികളുടെ പ്രോഗ്രസിനെ  ഉയർത്തിക്കാട്ടി നിസ്സഹായരായ മാതാപിതാക്കളുടെ അപകർഷതയെ വർദ്ധിപ്പിക്കുകയാണ് നമ്മുടെ സമൂഹം ചെയ്യുന്നത്. അവരുടെ കഴിവുകളെ പ്രചരിപ്പിക്കുമ്പോൾ ഓട്ടിസം പോലെയുള്ള അവസ്ഥയുടെ പ്രതീകമാക്കുമ്പോൾ, മാതൃകയാക്കുമ്പോൾ നമ്മുടെ പത്ര മാധ്യമങ്ങൾ, പ്രചരണങ്ങൾ ഏറ്റെടുത്ത മറ്റു വ്യക്തികൾ ഒക്കെ ആലോചിക്കുമോ അവർക്കു മുകളിൽ ചിലവാക്കപ്പെടുന്ന പണവും സൗകര്യങ്ങളും എത്രയെന്ന്? 

 

നമ്മുടെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദം ആകണമെന്ന് പറയുമ്പോൾ നമുക്ക് അറിയാവുന്ന കാര്യങ്ങൾ ലിഫ്റ്റ് / റാമ്പ് ഒക്കെയാണ്. ക്യൂ പാലിക്കാൻ അറിയാത്ത , കാത്തുനില്ക്കാൻ കഴിയാത്ത, അപരിചിത ഇടങ്ങളിൽ പൊരുത്തപ്പെടാൻ പ്രശ്നമുള്ള, അക്രമാസക്തരാകുന്ന തുടങ്ങിയ അനവധി പ്രശ്നങ്ങൾ ഉള്ളവർക്കായി ആശുപത്രികളിലടക്കം എന്ത് സംവിധാനങ്ങളാണ് ഉള്ളത്. Disability certificate കിട്ടാൻ ഇപ്പോഴും മണിക്കൂറുകൾ കാത്തുനിൽക്കേണ്ടേ ഈ കുട്ടികളുമായി?. ഒരു ഡോക്ടർ വന്ന് അവരുടെ സീറ്റിൽ ഇരിക്കാനായി മൂന്നു വർഷം മുമ്പ് ഞാൻ ദീർഘനേരം കാത്തിരുന്നിട്ടുണ്ട്.. അത്തരം ഒരു കുട്ടി എത്തുന്നതിനു മുമ്പ് ഡോക്ടർ അവിടെ എത്തേണ്ടതാണ്. അവർക്ക് വേണ്ട തിരിച്ചറിയൽ രേഖകൾ ഉണ്ടാക്കാനുള്ള മാനദണ്ഡങ്ങൾ ഇപ്പോഴും പൊതു മാനദണ്ഡങ്ങൾ അല്ലേ?

 

ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം അവർക്കാവശ്യമായ സഹായങ്ങൾ വീടുകളിൽ എത്തിക്കുക എന്നതാണ്. അവർ സർക്കാർ സംവിധാനങ്ങളെ തേടിപ്പോകുന്നതിനു പകരം സർക്കാർ സംവിധാനങ്ങൾ അവരുടെ അടുത്തേക്ക് എത്തേണ്ടതുണ്ട്.

 

കുട്ടികൾക്കു ഏറ്റവും അത്യാവശ്യമായ ഒക്കുപേഷണൽ തെറാപ്പിയുൾപ്പടെയുള്ള തെറാപ്പികൾ ആഴ്ചയിൽ എത്ര മണിക്കൂർ ലഭിക്കുന്നു, എത്ര ദൂരത്തിനുള്ളിൽ ലഭിക്കുന്നു, എത്ര കുട്ടികൾക്ക് ലഭിക്കുന്നു തുടങ്ങിയ കണക്കുകൾ നമ്മുടെ കൈവശമുണ്ടോ? മറിച്ച് അതിസമ്പന്നരായ മാതാപിതാക്കളുടെ കുട്ടികളുടെ പ്രോഗ്രസിനെ ഉയർത്തിക്കാട്ടി നിസ്സഹായരായ മാതാപിതാക്കളുടെ അപകർഷതയെ വർദ്ധിപ്പിക്കുകയാണ് നമ്മുടെ സമൂഹം ചെയ്യുന്നത്. അവരുടെ കഴിവുകളെ പ്രചരിപ്പിക്കുമ്പോൾ ഓട്ടിസം പോലെയുള്ള അവസ്ഥയുടെ പ്രതീകമാക്കുമ്പോൾ, മാതൃകയാക്കുമ്പോൾ നമ്മുടെ പത്ര മാധ്യമങ്ങൾ, പ്രചരണങ്ങൾ ഏറ്റെടുത്ത മറ്റു വ്യക്തികൾ ഒക്കെ ആലോചിക്കുമോ അവർക്കു മുകളിൽ ചിലവാക്കപ്പെടുന്ന പണവും സൗകര്യങ്ങളും എത്രയെന്ന്? അവർക്കു ലഭിക്കുന്ന പരിശീലനങ്ങളെ കുറിച്ച്, ചിലവുകളെ കുറിച്ച്? അതിനു സഹായകമായ രക്ഷാകർത്താക്കളുടെ സോഷ്യൽ പ്രിവിലേജുകളെക്കുറിച്ച്? ആ കുട്ടികളുടെ പുരോഗതി വിരൽ ചൂണ്ടുന്ന മറ്റൊരു വലിയ സത്യത്തെ കുറിച്ച് ആരും പറയില്ല. ഇതേ സൗകര്യങ്ങൾ ലഭിച്ചാൽ ക്വാളിറ്റിയുള്ള ജീവിതം സാധ്യമാകേണ്ട ബഹുഭൂരിപക്ഷം കുട്ടികൾ അതൊന്നും പറ്റാതെ, ക്വാളിറ്റിയില്ലാത്ത ജീവിത സാഹചര്യങ്ങളിൽ കഴിഞ്ഞു കൂടുന്നുവെന്ന്.

 

Representational image: wiki commons

 

സമൂഹം പരിഷ്കൃതമാകുന്നത് അതിലെ ഏറ്റവും ദുർബലരായ മനുഷ്യരുടെ 'quality of life' പരിഗണിക്കുമ്പോളാണ്. അവകാശങ്ങളെക്കുറിച്ച് ശബ്ദിക്കാനറിയാത്ത മനുഷ്യർക്ക് അവകാശങ്ങൾ എത്തിച്ചു നൽകുമ്പോളാണ്. ആശ്രിതരെ കെട്ടിയിട്ടും അടച്ചിട്ടും ജോലി ചെയ്യാൻ പോവേണ്ട മനുഷ്യർ ഈ സമൂഹത്തിന്റെ സാമ്പത്തിക പിന്നോക്കാവസ്ഥയുടെ പ്രതീകമല്ല, മറിച്ച് അപരിഷ്കൃതമായ ഒരു സമൂഹത്തിന്റെ പ്രതീകമാണ്.

 

സർക്കാർ അവശ്യം ചെയ്യേണ്ടത് ശാസ്ത്രീയമായ ഇടപെടലുകളാണ്. ഹൈ ഫങ്ഷനിംഗ് ആയ ഒന്നോ രണ്ടോ ശതമാനം കുട്ടികളുടെ കഴിവുകളെ ബഹു ഭൂരിപക്ഷത്തിന്റെ നേട്ടങ്ങളായി ദയവുചെയ്ത് അവതരിപ്പിക്കരുത്. പരിഷ്കൃത / വികസിത രാജ്യങ്ങളിലെ സംവിധാനങ്ങൾ പഠിക്കുകയോ, അവിടെ നിന്നുള്ള വിദഗ്ദരെ ഇവിടെ എത്തിച്ചു നിർദ്ദേശങ്ങൾ സ്വീകരിച്ചോ ഒക്കെ ഈ വിഷയത്തെ പരിഹരിക്കാൻ തുടക്കമിടണം. ഈ സർക്കാരിന്റെ കാലത്തെങ്കിലും. നമ്മൾ ഈ വിഷയത്തിൽ ഒരു പാട് വൈകിപ്പോയ സമൂഹമാണ്. നമ്മുടെ മറ്റു ആരോഗ്യ സൂചികകൾക്കൊപ്പമെത്താൻ സാമൂഹിക നീതിക്ക് എത്ര കാതം മുന്നോട്ടു പോകണം.

 

പുറംലോകത്തിലേക്കുള്ള വാതിലുകൾ എല്ലാം അടഞ്ഞ് തൊഴിലും സാമൂഹിക ജീവിതവും ഇല്ലാതായ, അതിന്‍റെ ബാക്കിപത്രമായ മാനസിക / ശാരീരിക ആരോഗ്യം നഷ്ടപ്പെട്ട് വിധിയെ പഴിച്ചു ജീവിക്കുന്ന ആ അമ്മമാർ, നമ്മൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അപരിഷ്കൃതരാണന്നതിന്റെ തെളിവാണ്. അവരെ കൊണ്ട് ഈ സമൂഹം സ്വയം ചിന്തിപ്പിക്കുന്നും പറയിപ്പിക്കുന്നുമുണ്ട് "എന്തു പാപത്തിന്റെ ഫലമാണീ ജിവിതം" എന്ന്. അത് കേവലം ഒരു സിനിമയിൽ നിന്ന് പിൻവലിക്കപ്പെട്ടത് കൊണ്ട് അപ്രത്യക്ഷമാകുന്നില്ല. ഇവിടെത്തന്നെയുണ്ട്.

 

 

 

 

 

 

 

 

 

 

 

 

 

 

Leave a comment