മാറുന്ന കാലം മാറാത്ത കുടുംബം
PHOTO: WIKI COMMONS
സ്ത്രീയും, പുരുഷനും, അത് രണ്ടും അല്ലാത്തവരുമെന്ന ഭേദങ്ങള്‍ വ്യക്തിപരമായ ജീവിതത്തില്‍ മാത്രമല്ല സാമൂഹ്യ ജീവിതത്തിലും ഗണ്യമായ സ്വാധീനങ്ങള്‍ ചെലുത്തുന്നുവെന്ന തിരിച്ചറിവിന്റെ പശ്ചാത്തലമാണ് മാറ്റവും, മാറുന്ന കുടുംബങ്ങളുമെന്ന വിഷയം പ്രസക്തമാവുന്ന സന്ദര്‍ഭം. വളരെ പ്രാഥമികമായ തലങ്ങളിലെ വിവേചനങ്ങള്‍ മുതല്‍ ജീവനെടുക്കുന്ന ഹിംസാത്മകമായ വിദ്വേഷങ്ങള്‍ വരെ കുടുംബാഭിമാനത്തിന്റെ ഭാഗമായി നിറഞ്ഞുനില്‍ക്കുന്ന ഒരു സമൂഹത്തിലാണ് പരിമിതമായ നിലയിലെങ്കിലും മാറ്റം ദൃശ്യമാവുന്നതെന്ന കാര്യം മറക്കാവുന്നതല്ല. സ്ത്രീ, പുരുഷന്‍, അല്ലാത്തവര്‍ എന്നീ ഗണങ്ങളില്‍ പെടുന്ന എല്ലാവരും തുല്യാവകാശങ്ങളും, അധികാരങ്ങളും ഉള്ളവരാണെന്ന സങ്കല്‍പ്പനം ഉള്‍ക്കൊള്ളാനാവാത്ത വിധത്തിലുള്ള മുന്‍വിധികളും, അടിച്ചമര്‍ത്തലുകളും ഏറിയും, കുറഞ്ഞും സാമൂഹ്യ-വൈയക്തിക ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ശക്തമായ സ്വാധീനം ഇപ്പോഴും നില നിര്‍ത്തുന്ന സന്ദര്‍ഭത്തില്‍ ചെറുതായ മാറ്റങ്ങള്‍ പോലും ഗൗരവമായ അന്വേഷണങ്ങള്‍ ആവശ്യപ്പെടുന്നു. കുടുംബത്തിന്റെ സംഘാടനം, അതിന്റെ അധികാരഘടനയുടെ രൂപപ്പെടല്‍ തുടങ്ങിയ കാര്യങ്ങളിലെ ലിംഗപരവും (ജെന്‍ഡര്‍), സാമൂഹ്യവും, സാമ്പത്തികവും, സാംസ്‌ക്കാരികവും, വംശീയവുമായ വൈവിദ്ധ്യങ്ങളെ പറ്റി നിരവധി പഠനങ്ങള്‍ ലഭ്യമാണ്. കുടുംബത്തിന്റെ സംഘാടനവും, ഘടനയും ചരിത്രപരമായി ഉരുത്തിരിഞ്ഞതും എല്ലാ കാലത്തേക്കുമായി 'ലക്ഷണമൊത്ത കുടുബം' (Ideal Family) ഒരു കാലത്തും നിലനിന്നിരുന്നില്ലെന്നും ഈ പഠനങ്ങള്‍ ബോധ്യപ്പെടുത്തുന്നു. ആണ്‍കോയ്മയുടെയും, പുരുഷാധിപത്യത്തിന്റെയും കോശഘടന കുടുംബങ്ങളിലൂടെ രൂപപ്പെട്ടതിന്റേയും ക്രമേണ നാട്ടുനടപ്പായതിന്റെയും നാള്‍വഴികളും ഇപ്പോള്‍ വ്യക്തമാണ്.
സമൂഹത്തില്‍ നടക്കുന്ന വൈവിധ്യങ്ങളായ സംഭവവികാസങ്ങളുമായി ബന്ധമൊന്നുമില്ലാതെ തികച്ചും അമൂര്‍ത്തമായ തലങ്ങളില്‍ മാത്രമായല്ല പഠന-ഗവേഷണങ്ങള്‍ അരങ്ങേറുക. വിജ്ഞാനത്തിന്റെ മേഖലകളില്‍ നടക്കുന്ന പുതിയ കണ്ടെത്തലുകളിലും, അറിവുകളിലും ഭൗതിക സാഹചര്യങ്ങളില്‍ സംഭവിക്കുന്ന സൂക്ഷ്മമായ മാറ്റങ്ങളും നിര്‍ണ്ണായക പങ്കു വഹിക്കുന്നു. 'കുടുംബ പുരാണങ്ങളെ' സംബന്ധിച്ച ജ്ഞാനസിദ്ധാന്തങ്ങളിലും, അറിവുകളിലും സംഭവിക്കുന്ന മാറ്റങ്ങളും അങ്ങനെയാവാതെ വയ്ക. തൊഴിലിടങ്ങളുടെ പ്രകൃതത്തിലും, സ്വഭാവത്തിലും സംഭവിച്ച പരിവര്‍ത്തനങ്ങള്‍, സാങ്കേതികവിദ്യയുടെ മേഖലകളിലെ മാറ്റങ്ങള്‍, ഗതാഗത-ആശയവിനിമയ സൗകര്യങ്ങളുടെ വളര്‍ച്ച, ഹോട്ടലുകള്‍ പോലുള്ള പാര്‍പ്പിടങ്ങളുടെ ആവിര്‍ഭാവം തുടങ്ങിയ വിവിധ മേഖലകളിലെ മാറ്റങ്ങള്‍ പരമ്പരാഗതമായ 'ഉത്തമ കുടുംബ' സങ്കല്‍പ്പനങ്ങളുടെ അതിരുകളെ ഭേദിക്കുന്നതിന് ഉതകുന്ന ഭൗതികസാഹചര്യമൊരുക്കി. ആണ്‍കോയ്മയും, പുരുഷാധിപത്യവും ദൈവനിര്‍മ്മിതമാണെന്ന മൗഢ്യങ്ങളെ മറികടക്കുവാന്‍ ഭൗതിക സാഹചര്യങ്ങളില്‍ സംഭവിച്ച ഈ മാറ്റങ്ങള്‍ നിര്‍ണ്ണായകമായിരുന്നു. ഭൗതിക സാഹചര്യങ്ങളിലെ ഈ മാറ്റങ്ങളുടെ പിന്‍ബലത്തിലാണ് ദൈവനിശ്ചിതമെന്നു കരുതിയിരുന്ന കുടുബഘടനയുടെ മറവിലെ ചൂഷണങ്ങളെ പറ്റിയുള്ള ബോധ്യങ്ങള്‍ ഉടലെടുക്കുന്നത്. ചൂഷണത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും, അധീശത്വത്തിന്റെയും ഏറ്റവും പുരാതനരൂപങ്ങളിലൊന്നായി പുരുഷാധിപത്യ കുടുംബഘടന ഉരുത്തിരിഞ്ഞതിന്റെ ചരിത്രത്തെ പറ്റി ഒരു നൂറ്റാണ്ടിലധികമായി വ്യക്തത കൈവന്നുവെങ്കിലും, കുടുംബത്തെ പറ്റിയുള്ള സങ്കല്‍പ്പനങ്ങളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുവെങ്കിലും 'വിശുദ്ധ കുടുംബം' ഇപ്പോഴും സമൂഹത്തില്‍ നെടുനായകത്വം വഹിക്കുന്ന സ്ഥാപനമായി നിലനില്‍ക്കുന്നു. സമൂഹത്തിലെ മറ്റെല്ലാ രൂപത്തിലുമുള്ള ചൂഷണങ്ങള്‍ -- ആണ്‍കോയ്മ, ജാതി, മതം, സാമ്പത്തികം, വംശം, സംസ്‌ക്കാരം - സാക്ഷാത്ക്കരിക്കുന്നതിന്റെ സൂക്ഷ്മസ്ഥാപനമെന്ന നിലയിലുള്ള കുടുംബത്തിന്റെ സ്ഥാനം ഇപ്പോഴും വളരെ നിര്‍ണ്ണായകമാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍? വല്ലാതെ പവിത്രമാക്കിയ ജൈവിക അമ്മ-അച്ഛന്‍ ഗണത്തെ ഒഴിവാക്കിയാലും മനുഷ്യശിശുവിന്റെ പോറ്റി വളര്‍ത്തല്‍ യാഥാര്‍ത്ഥ്യമാണ്. മുതിര്‍ന്നവരുടെ സംരക്ഷണവും, പരിചരണവും മനുഷ്യരുടെ ശിശുക്കള്‍ക്ക് ഒഴിച്ചുകൂടാനാവില്ല. ആ നിലയില്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള 'കുടുംബം' മനുഷ്യരുടെ കാര്യത്തില്‍ അനിവാര്യമാണെന്നു പറയാനാവുമോ? ജൈവികമായ അനിവാര്യത അടിച്ചമര്‍ത്തലിന്റെയും അധീശത്വത്തിന്റെയും ഉപകരണമായി മാറുന്ന പ്രക്രിയയെ എങ്ങനെ മനസ്സിലാക്കുവാനും, അവസാനിപ്പിക്കുവാനും കഴിയുക. ആയുര്‍ദൈര്‍ഘ്യം ഉയര്‍ന്നതോടെ ശൈശവംപോലെ പ്രധാനമായി വാര്‍ദ്ധക്യത്തിലെയും പരിചരണം. അവിടെയും 'കുടുംബം' കടന്നു വരുന്നു. വൃദ്ധസദനങ്ങളെക്കുറിച്ചുള്ള പരിദേവനങ്ങള്‍ക്കപ്പുറം കൃത്യമായ പരിഹാരം വേണ്ട ഒന്നാണ് വാര്‍ദ്ധക്യത്തിലെ പരിപാലനമെന്ന വിഷയം.
സ്വവര്‍ഗ്ഗ പ്രണയികളുടെ കുടുംബം: സ്വവര്‍ഗ്ഗാനുരാഗവും, ലൈംഗികതയും വളരെ പതുക്കെയാണെങ്കിലും സ്വാഭാവികമായ ജീവിതക്രമായി മാറുന്നതിന്റെ സൂചനയായി സ്വവര്‍ഗ്ഗ പ്രണയികളുടെ കുടുംബ രൂപീകരണത്തെ കാണാവുന്നതാണ്. നിലവിലുള്ള പുരുഷാധിപത്യ കുടുംബത്തിന്റെ അധികാര-ശ്രേണീ ബന്ധങ്ങളില്‍ നിന്നും സ്വവര്‍ഗ്ഗാനുരാഗ കുടുബങ്ങള്‍ എങ്ങനെ വ്യത്യാസപ്പെടുന്നുവെന്നു കാര്യം പരിശോധനയര്‍ഹിക്കുന്നു. കണ്‍വെന്‍ഷണല്‍ കുടുംബത്തിന്റെ അധികാര-അധീശത്വ ബന്ധങ്ങള്‍ ഇവിടെയും ആവര്‍ത്തിക്കുന്നുണ്ടോ? സ്വവര്‍ഗ്ഗ വിവാഹിതര്‍ കുഞ്ഞുങ്ങളെ ദത്തെടുക്കുന്നതില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ പരിഹരിക്കും. സ്വവര്‍ഗ്ഗ കുടുംബങ്ങളെക്കാള്‍ പതിന്മടങ്ങ് സാമൂഹ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരാണ് ട്രാന്‍സ് കുടുംബങ്ങള്‍. സാമ്പത്തികമായി മെച്ചപ്പെട്ട കുടുംബ പശ്ചാത്തലത്തില്‍ നിന്നുള്ള ട്രാന്‍സ് കുടുംബങ്ങള്‍ക്ക് സമൂഹത്തിന്റെ വിലക്കുകള്‍ അത്ര രൂക്ഷമായി അനുഭവപ്പെടാറില്ലെന്ന വിലയിരുത്തല്‍ എത്രത്തോളം ശരിയാണ്. അപ്പര്‍ ക്ലാസ്സ്-അപ്പര്‍ കാസ്റ്റ് പശ്ചാത്തലം വ്യക്തിപരമായ സ്വകാര്യതയും, സാമ്പത്തിക സുരക്ഷിതത്വവും നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളാണോ? പാര്‍പ്പിടം പോലുള്ള പ്രശ്‌നങ്ങളില്‍ പ്രത്യേകിച്ചും സാമ്പത്തിക സുരക്ഷിതത്വം നിര്‍ണ്ണായകമായി മാറുന്നതായുള്ള അനുഭവങ്ങളെ എങ്ങനെ വിലയിരുത്താനാവും. പുരുഷ സ്വവര്‍ഗ്ഗാനുരാഗികളേക്കാള്‍ കൂടുതല്‍ വിവേചനം സ്ത്രീകളായ സ്വവര്‍ഗ്ഗാനുരാഗികളും, ട്രാന്‍സ് വുമണ്‍ കുടുംബങ്ങളും അനുഭവിക്കുന്നതായുള്ള വിലയിരുത്തലുകള്‍ എത്രത്തോളം ശരിയാണ്. കുടുംബത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകളില്‍ മുകളില്‍ ഉന്നയിച്ച ചോദ്യങ്ങളും നിര്‍ണ്ണായകമാവുന്നു.
അമ്മ, അച്ഛന്‍ എന്നിവരില്‍ ഒരാള്‍ മാത്രം രക്ഷകര്‍ത്താവായ സിംഗിള്‍ പേരന്റ് കുടുംബങ്ങള്‍ ഏറി വരുന്ന സാഹചര്യങ്ങളും സമഗ്രമായ വിലയിരുത്തല്‍ ആവശ്യപ്പെടുന്നു. സമൂഹത്തിലെ മൊത്തം ഭൗതിക സാഹചര്യങ്ങളില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കുടുംബഘടനയുടെ മാറ്റങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതും കുടുംബഘടനയിലെ ആന്തരിക വൈരുദ്ധ്യങ്ങളെയും, സംഘര്‍ഷങ്ങളെയും സാമൂഹ്യ-സാമ്പത്തിക മേഖലയിലെ മാറ്റങ്ങള്‍ ബാധിക്കുന്നതും ഗൗരവമായ പരിഗണനയര്‍ഹിക്കുന്ന വിഷയങ്ങളാണ്. പ്രൊഫഷണല്‍ മേഖലയില്‍ സ്ത്രീകള്‍ കൂടുതല്‍ പ്രവേശിക്കുന്ന പ്രവണതകളെ പറ്റിയുള്ള വര്‍ത്തമാനങ്ങള്‍ക്ക് കുറവില്ലെങ്കിലും ഏറ്റവുമധികം വിദ്യാസമ്പന്നരായ സ്ത്രീകള്‍ 'വീട്ടമ്മമാരായി' ജീവിക്കുന്ന ഇടങ്ങളിലൊന്നാണ് കേരളം. ഈ വൈരുദ്ധ്യത്തെ എങ്ങനെയാണ് വിലയിരുത്താനാവുക. സോഷ്യല്‍ മീഡിയ വിപ്ലവം കുടുംബ ഘടനയിലെ മാറ്റത്തെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നതാണ് മറ്റൊരു പ്രധാന പ്രമേയം. സോഷ്യല്‍ മീഡിയയെക്കുറിച്ചുള്ള ഫോബിയ പുതിയ തരത്തിലുള്ള സദാചാര പോലീസ് സംവിധാനമായി മാറുന്ന നിരവധി സംഭവങ്ങള്‍ ദിവസേന ചുറ്റും സംഭവിക്കുന്നു. സോഷ്യല്‍ മീഡിയ ഉപയോഗം കുടുബങ്ങളെ ശിഥിലമാക്കുന്നതായി മനശാസ്ത്രജ്ഞര്‍ പോലും സ്വാഭാവികമെന്നോണം പറയുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്. സോഷ്യല്‍ മീഡിയ ലിഞ്ചിംഗ് എന്ന പേരിലുള്ള ഹിംസയാണ് മറ്റൊരു വിഷയം.
വീട്ടുജോലി: വീട്ടുജോലി ഇപ്പോഴും സ്ത്രീകളുടെ ബാധ്യതയാണ് കുടുംബത്തില്‍. ജോലിയുളള സ്ത്രീകളുടെ കാര്യത്തിലും ഇക്കാര്യത്തില്‍ വലിയ മാറ്റമില്ല. കമ്യൂണിറ്റി കിച്ചണ്‍ മുതല്‍ ഓണ്‍ലൈന്‍ വിപണന മേഖലയിലെ വന്‍കിട കമ്പനികള്‍ വിഭാവന ചെയ്യുന്ന സാറ്റലൈറ്റ് അടുക്കളകള്‍ വരെയുള്ളവ 'കുടുംബിനികളെ' അടുക്കളയെന്ന ഭാരത്തില്‍ നിന്നും മോചിപ്പിക്കുമോ? മതങ്ങളുടെ -- ഇന്ത്യയുടെ കാര്യത്തില്‍ ജാതിയും -- സ്വാധീനം പുതിയ തരത്തിലുള്ള കുടുംബ രൂപീകരണങ്ങള്‍ക്കുള്ള സുപ്രധാന വിലങ്ങുതടിയാണെന്ന കാര്യത്തില്‍ സംശയമില്ല. അതിനെ എങ്ങനെയാണ് മറികടക്കാനാവുകയെന്ന ചോദ്യവും സുപ്രധാനമാണ്. ഇത്തരത്തിലുള്ള നിരവധി സന്ദേഹങ്ങളും, കടമ്പകളും നിലനില്‍ക്കുമ്പോഴും നമുക്ക് പരിചിതമായ ന്യൂക്ലിയര്‍ കുടുംബം അതിന്റെ പരിസമാപ്തിയിലെത്തിയെന്ന വീക്ഷണം ശക്തമാവുന്ന സാഹചര്യം നിലനില്‍ക്കുന്നു. ഒന്നിലധികം പങ്കാളികള്‍ ഒരേയിടങ്ങളില്‍ താമസിക്കുന്നതിന്റെ വിവരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ഏകകുടുംബ സംവിധാനത്തിന് പകരം കമ്യൂണ്‍/കമ്യൂണിറ്റി (സമുദായം എന്ന അര്‍ത്ഥത്തില്‍ അല്ല) ജീവിതശൈലികള്‍ സാധാരണമാവുന്നതിനുള്ള സാധ്യതകള്‍ വിപുലമാവുന്ന സാഹചര്യം പൂര്‍ണ്ണമായും തള്ളിക്കളയാനാവില്ല.
ഈയൊരു പശ്ചാത്തലത്തിലാണ് 'മാറുന്ന കാലം മാറാത്ത കുടുംബം' എന്ന വിഷയം ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ മുഖ്യപ്രമേയമായി മലബാര്‍ ജേര്‍ണല്‍ ഏറ്റെടുക്കുന്നത്. കേരളത്തിന്റെ സവിശേഷതകള്‍ മാത്രമല്ല വിഷയവുമായി ബന്ധപ്പെട്ട ദേശീയ-അന്തര്‍ദേശീയ തലങ്ങളിലെ സംഭവവികാസങ്ങളും എഴുത്തിലും, ദൃശ്യങ്ങളിലും സജീവമായി പ്രതിഫലിപ്പിക്കുന്നതാവും ഈ പതിപ്പ്.