സ്ത്രീ ലൈംഗികതയിൽ സോഷ്യലിസത്തിന് എന്ത് കാര്യം?
PHOTO: WIKI COMMONS
മലയാളത്തില്‍ തെറിയും, സംസ്‌കൃതത്തില്‍ രതിയുമായി (ഇറോട്ടിക്) മാറുന്ന ഭാഷയുടെ കെട്ടുപാടുകളെ മറികടക്കുന്ന ലൈംഗികാനന്ദം പറയാനും, എഴുതാനുമുള്ള ഭാഷയുടെ കടമ്പകള്‍ ചെറുതല്ല. വാക്കുകളില്ലാത്ത, പ്രവര്‍ത്തി മാത്രമായി അനുഭവപ്പെടുന്ന, 'വ്യംഗഭാഷയില്‍' മാത്രമായി ലൈംഗികാനന്ദത്തെ രേഖപ്പെടുത്തുകയെന്ന ദുഷ്‌ക്കരത വാമൊഴി-വരമൊഴി മലയാളം മാത്രമല്ല മറ്റുള്ള ഇന്ത്യന്‍ ഭാഷകളും അനുഭവിക്കുന്നു. ക്രിസ്റ്റന്‍ ആര്‍ ഗോഡ്‌സീയുടെ (Kristen R Ghodsee) Why Women Have Better Sex Under Socialism എന്ന പുസ്തകത്തിന്റെ തലക്കെട്ടിനെ അതുപോലെ മലയാളത്തിലാക്കിയാല്‍ ആധാരമെഴുത്തിന്റെ തലക്കെട്ട് പോലെ തോന്നിക്കുമെന്ന തോന്നലില്‍ നിന്നാണ് ഇത്രയുമെഴുതിയത്. സോഷ്യലിസമെന്ന പേരില്‍ സോവിയറ്റു യൂണിയനിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും നിലനിന്നിരുന്ന രാഷ്ട്രീയ-സാമൂഹ്യ സംവിധാനങ്ങളില്‍ സ്ത്രീകള്‍ മെച്ചപ്പെട്ട ലൈംഗികാനന്ദവും, ആഹ്ളാദവും അനുഭവിച്ചിരുന്നുവെന്നാണ് ഗോഡ്‌സീയുടെ വിലയിരുത്തല്‍. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ റഷ്യന്‍-കിഴക്കന്‍ യൂറോപ്യന്‍ പഠനത്തില്‍ പ്രൊഫസറായ ഗോഡ്‌സീ ബെര്‍ലിന്‍ മതിലിന്റെ തകര്‍ച്ചക്കു ശേഷമുളള കാലഘട്ടത്തില്‍ ഈ ദേശങ്ങളിലെ ജനങ്ങളുടെ ദൈനംദിന ജീവിതങ്ങളിലുണ്ടായ കോളിളക്കങ്ങളും, തകര്‍ച്ചകളും സൂക്ഷ്മമായി പഠന വിധേയമാക്കുന്ന പണ്ഡിതയാണ്. കിഴക്കന്‍ യൂറോപ്പിലെ ജെന്‍ഡര്‍, സോഷ്യലിസം, സോഷ്യലിസാനാന്തരം തുടങ്ങിയ വിഷയങ്ങളില്‍ ആറിലധികം പുസ്തകങ്ങളുടെ രചയിതാവായ അവര്‍ കിഴക്കന്‍ യൂറോപ്പിലെ പഴയ ഭരണസംവിധാനങ്ങളെ State Socialism എന്നാണ് വിളിക്കുന്നത്. ഭരണകൂട സോഷ്യലിസ്റ്റ് സംവിധാനങ്ങളിലെ ദുഷ്‌കൃത്യങ്ങളെ ഒരു തരത്തിലും ന്യായീകരിക്കുവാന്‍ ഒരുക്കമല്ലെന്നു അസന്നിഗ്ദ്ധമായി പറയുമ്പോഴും സോഷ്യലിസ്റ്റ് അനുഭവം പൂര്‍ണ്ണമായും നിരാകരിക്കേണ്ട നിഷേധാത്മകമായ ഒന്നായിരുന്നുവെന്ന വീക്ഷണങ്ങളെ പ്രൊഫസര്‍ ഗോഡ്‌സീ നിരാകരിക്കുന്നു. മുതലാളിത്ത രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഭരണകൂട സോഷ്യലിസത്തില്‍ സ്ത്രീകള്‍ ആപേക്ഷികമായി മെച്ചപ്പെട്ട ജീവിത നിലവാരം പുലര്‍ത്തിയതായി അവര്‍ വിലയിരുത്തുന്നു. മുതലാളിത്ത രാജ്യങ്ങളിലെ സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട ലൈംഗികാനന്ദവും, ആഹ്ലാദവും ഭരണകൂട സോഷ്യലിസത്തില്‍ സ്ത്രീകള്‍ അനുഭവിച്ചിരുന്നതിനെ ഉദാഹരണമായി തെളിവുകള്‍ സഹിതം അവര്‍ മുന്നോട്ടു വെയ്ക്കുന്നു. പുരുഷനെ സാമ്പത്തികമായി ആശ്രയിക്കേണ്ട അവസ്ഥ ഇല്ലാതായതും, വിവാഹമോചനം താരതമ്യേന എളുപ്പമായതും, മെച്ചപ്പെട്ട സാമൂഹ്യസുരക്ഷ സംവിധാനങ്ങളും, ശിശുപരിപാലന കേന്ദ്രങ്ങളും സ്ത്രീ ലൈംഗികതയും, ലൈഗികാനന്ദവും മെച്ചപ്പെടുത്തുന്നതിനുള്ള ഭൗതിക സാഹചര്യമൊരുക്കിയ നിര്‍ണ്ണായക ഘടകങ്ങളാണ്. അതേസമയം ഭരണകൂട താല്‍പ്പര്യങ്ങളുടെ ഉപകരണങ്ങളെന്ന നിലയില്‍ സ്ത്രീകളെ വീക്ഷിക്കുന്ന സമീപനം (കൂടുതല്‍ കുട്ടികളെ പ്രസവിക്കുന്ന ഉത്തമ സ്ത്രീ സങ്കല്‍പ്പം), തൊഴിലും, ഗൃഹജോലിയുമെന്ന ഇരട്ടഭാരം, സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ നിഷേധങ്ങള്‍ തുടങ്ങിയ പല പ്രവണതകളും ഇപ്പറഞ്ഞ രാജ്യങ്ങളില്‍ നിലനിന്നിരുന്നതായി പ്രൊഫ. ഗോഡ്‌സീ ചൂണ്ടിക്കാട്ടുന്നു. ലൈംഗികതയും, ലൈംഗികാസ്തിത്വവും കുടുംബത്തിലും, സമൂഹത്തിലും പ്രകടിതമാവുന്നതിനെക്കുറിച്ചുള്ള സംവാദങ്ങളെ വിപുലപ്പെടുത്താന്‍ സഹായിക്കുന്ന നിരീക്ഷണങ്ങളും കണ്ടെത്തലുകളും പ്രൊഫ. ഗോഡ്‌സീയുടെ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. പുസ്തകത്തിന്റെ പ്രാരംഭ അധ്യായത്തില്‍ നിന്നുള്ള വിവര്‍ത്തനത്തിന്റെ ഭാഗം.
അനിയന്ത്രിതമായ മുതലാളിത്തം എല്ലാവർക്കും ദോഷകരമാണെന്ന് ചിലർ വാദിച്ചേക്കാം. എന്നാൽ, എന്റെ ഉദ്ദേശ്യം മുതലാളിത്തം എങ്ങനെ സ്ത്രീകളെ കൂടുതൽ ദോഷകരമായി ബാധിക്കുന്നു എന്ന് പഠിക്കുകയാണ്. തികച്ചും മത്സരാധിഷ്ഠിതമായ ഒരു തൊഴിൽ വിപണി, പ്രത്യുത്പാദനപരമായ ജൈവികഘടന മൂലം ശിശുപരിപാലനത്തിന്റെ പ്രധാന ഉത്തരവാദിത്തങ്ങൾ വഹിക്കേണ്ടി വരുന്നവർക്കെതിരെ വിവേചനം പുലർത്തുന്നു. അനിയന്ത്രിതമായ മുതലാളിത്തം എല്ലാ സ്ത്രീകളെയും ദോഷകരമായി ബാധിക്കുന്നില്ലായെന്നു മറ്റു ചിലർ വാദിച്ചേക്കാം. ഇതൊന്നും പ്രത്യക്ഷത്തിൽ ബാധിക്കാത്ത, സമ്പദ്ഘടനയുടെ മുകളിലെ തട്ടിൽ പെടുന്ന സ്ത്രീകൾക്ക് പോലും വേതനത്തിലെ ലിംഗ വിവേചനം, ലൈംഗിക ആക്രമണങ്ങൾ എന്നിങ്ങനെ പല അസമത്വങ്ങളും നേരിടേണ്ടി വരുന്നുണ്ട്. കമ്പനികളിലും മറ്റും ഏറ്റവും മുകൾത്തട്ടിട്ടുള്ള, നേതൃത്വം വഹിക്കുന്ന പദവികളിലാകട്ടെ സ്ത്രീകളുടെ പ്രാതിനിധ്യം തുലോം കുറവാണ് താനും. വംശമാണ് മറ്റൊരു പ്രധാന ഘടകം. വെള്ളക്കാരായ സ്ത്രീകൾക്ക് മറ്റു വംശജരായ സ്ത്രീകളെക്കാൾ മെച്ചപ്പെട്ട ജീവിതം ലഭിക്കുന്നു എന്നതും നമുക്ക് കാണാവുന്നതാണ് .
നിങ്ങൾ നിങ്ങളുടേതായ ഡാറ്റ സോഴ്സുകൾ ഉപയോഗിച്ചോളൂ; കഥ മറ്റൊന്നാകില്ല. കുട്ടികളുള്ള സ്ത്രീകൾ തൊഴിൽരാഹിത്യവും പട്ടിണിയും മൂലം നരകിക്കുന്നു. എന്നാൽ കുട്ടികളില്ലാത്ത സ്ത്രീകളാകട്ടെ , ഭാവിയിൽ കുട്ടികൾ ഉണ്ടായേക്കാം എന്ന സാധ്യത മൂലം തൊഴിൽ ദാതാക്കളിൽ നിന്നും വിവേചനം അനുഭവിക്കുന്നു. ഏതു രാജ്യം എടുത്തു നോക്കിയാലും, സ്ത്രീകളുടെ സാമ്പത്തിക അവസ്ഥയുടെ തോത് ആണുങ്ങളുടേതിനേക്കാൾ ശോചനീയമാണെന്നു കാണാൻ സാധിക്കും. ഒട്ടു മിക്ക ഇടങ്ങളിലും സ്ത്രീകൾ അവസാനം ജോലിക്കു എടുക്കപ്പെടുകയും, ആദ്യം പിരിച്ചു വിടുകയും ചെയ്യപ്പെടുന്നു. ഇനി ജോലി ലഭിച്ചാൽ തന്നെ, അവർക്ക് സഹപ്രവർത്തകരായ ആണുങ്ങളേക്കാൾ കുറവ് വേതനം ലഭിക്കുന്നു. മുതലാളിത്തത്തിന്റെ അഭിവൃദ്ധി തന്നെ സ്ത്രീകൾ വീടുകളിൽ ചെയ്തു പോരുന്ന വേതനമില്ലാത്ത അദ്ധ്വാനങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് . കാരണം, സ്ത്രീകൾ കുട്ടികളെയും, പ്രായമായവരെയും, മറ്റു കുടുംബാംഗങ്ങളെയും പരിപാലിക്കുന്ന ദൗത്യം ഏറ്റെടുക്കുമ്പോൾ, സ്റ്റേറ്റിന് “കെയർ” (care) വകുപ്പിലുള്ള ടാക്സ് കുറക്കാൻ സാധിക്കുന്നു. കുറഞ്ഞ ടാക്സ് എന്നാൽ കൂടുതൽ ലാഭം - വരുമാനത്തിന്റെ ഏണിയിൽ നേരത്തെ തന്നെ മുകളിൽ സ്ഥാനം പിടിച്ച ആണുങ്ങൾക്കാണെന്നു മാത്രം.
ഇരുപതാം നൂറ്റാണ്ടിന്റെ ഒരു വലിയ പങ്കോളം, സ്വതന്ത്ര വിപണിയുടെ ഉപദ്രവങ്ങൾക്കെതിരെ സ്റ്റേറ്റ് സോഷ്യലിസം അസ്തിത്വപരമായ ഒരു വെല്ലുവിളി തന്നെ ഉയർത്തി പൊന്നിരുന്നു. മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രവചനാതീതമായ, എന്നാൽ തികച്ചും അത്യന്താപേക്ഷിതവുമായ, ഉയർച്ച താഴ്ചകളിൽ നിന്നും തൊഴിലാളികളെ സംരക്ഷിക്കാനുള്ള ‘സേഫ്റ്റി നെറ്റു’കൾ വികസിപ്പിക്കാൻ പാശ്ചാത്യ ഭരണകൂടങ്ങൾ നിർബന്ധിതരായത് മാർക്സിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾ ഉയർത്തിയ ഭീഷണി മൂലമാണ്. ബെർലിൻ മതിലിന്റെ (Berlin Wall) തകർച്ചയ്ക്ക് ശേഷം, സോഷ്യലിസ്റ്റ് ആശയങ്ങളെ ചരിത്രത്തിന്റെ ചവറ്റു കൊട്ടയിൽ എറിഞ്ഞു കൊണ്ട് പലരും ‘വെസ്റ്റ്’ (West) ന്റെ വിജയം ആഘോഷിക്കുകയുണ്ടായി. എന്നാൽ, സ്റ്റേറ്റ് സോഷ്യലിസം - അതിന്റെ എല്ലാ വീഴ്ചകളും അംഗീകരിച്ചുകൊണ്ട് തന്നെ - മുതലാളിത്തത്തിന് ശക്തമായ ഒരു വെല്ലുവിളി തന്നെയായിരുന്നു. സ്റ്റേറ്റ് സോഷ്യലിസത്തിന്റെ പതനത്തോടെ, മുതലാളിത്തം വിപണിയുടെ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞു. യാതൊരു വിധ എതിർപ്പുകളുമില്ലാതെ, പൗരന്മാരെ സാമ്പത്തികമായ അപകടസന്ധികളിൽ നിന്നും സംരക്ഷിക്കുകയും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള സാമ്പത്തിക അന്തരം കുറച്ചു കൊണ്ടുവരികയും ചെയ്തിരുന്ന പല സാമൂഹ്യ പദ്ധതികളും കഴിഞ്ഞ മുപ്പതു വർഷങ്ങളിൽ ആഗോള നിയോലിബറലിസം എടുത്തു കളയുകയുണ്ടായി.
ഇന്ന്, യു.എസ് (U S) , ഫ്രാൻസ് (France) , ജർമ്മനി (Germany) , ഗ്രേറ്റ് ബ്രിട്ടൺ (Great Britain) , ഗ്രീസ് (Greece) , തുടങ്ങിയ രാജ്യങ്ങളിലെ യുവജനത ബെർണി സാന്ഡേഴ്സ് (Bernie Sanders) , ഴാങ്- ലുക് മെലിൻചോ (Jean-Luc Melenchon) , ജെറമി കോർബിൻ (Jeremy Corbyn), തുടങ്ങിയ രാഷ്ട്രീയ നേതാക്കളിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുമ്പോൾ, സോഷ്യലിസ്റ്റ് ആശയങ്ങൾ ഒരു തിരിച്ചുവരവ് നടത്തുന്നത് കാണാൻ സാധിക്കും. പൗരന്മാർ കൂടുതൽ സമത്വാധിഷ്ടിതവും സ്ഥായിയുമായ ഒരു ഭാവിയിലേക്ക് നയിക്കുന്ന ഇതര രാഷ്ട്രീയ പാതകൾ ആഗ്രഹിക്കുന്നു. ഒരു വശത്ത്, ഇരുപതാം നൂറ്റാണ്ടിലെ സ്റ്റേറ്റ് സോഷ്യലിസം തികഞ്ഞ തിന്മ മാത്രമായിരുന്നു എന്ന ആഖ്യാനങ്ങൾ കാണാൻ സാധിക്കും. മറുവശത്ത്, ഇടതു പക്ഷക്കാരായ മില്ലേനിയലുകൾക്ക് (millenials) ഒരു പക്ഷെ ഏക പാർട്ടി സ്റ്റേറ്റുകൾ പൗരന്മാരോട് ചെയ്ത ഭീഭത്സതകൾ അറിയില്ലെന്നു വരാം, അല്ലെങ്കിൽ അറിയില്ലെന്ന് അവർ നടിക്കുകയാണെന്നുമാകാം . രഹസ്യ പോലീസിന്റെ ആക്രമണങ്ങളുടെ ഭയാനകമായ കഥകളും, യാത്രാ നിയന്ത്രണങ്ങളും, ക്ഷാമങ്ങളും, ലേബർ ക്യാമ്പുകളുമെല്ലാം വെറും “കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രൊപ്പഗാണ്ട”യായി തള്ളിക്കളയാനാകില്ല. അതിനാൽ, ചരിത്രത്തെ വെള്ളപൂശാതെ , മുൻവിധികളില്ലാതെ പരിശോധിച്ചെങ്കിൽ മാത്രമേ, നമുക്ക് - പ്രത്യേകിച്ചും സ്ത്രീകളുടെ അവകാശങ്ങളുടെ കാര്യത്തിൽ- മോശമായതിനെ പിന്തള്ളി, നല്ലതിനെ കണക്കിലെടുത്തു മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു.
പല രാജ്യങ്ങൾ പല നയങ്ങളാണ് സ്വീകരിച്ചിരുന്നതെങ്കിലും, പൊതുവിൽ സ്ത്രീകളേയും പുരുഷന്മാരെയും സോഷ്യലിസ്റ്റ് സ്റ്റേറ്റ് വിഭവങ്ങളുടെ തുല്യ ഗുണഭോക്താക്കൾ ആക്കുക വഴി സ്റ്റേറ്റ് സോഷ്യലിസ്റ്റ് ഗവണ്മെന്റുകൾ പുരുഷന്മാരുടെ മേലുള്ള സ്ത്രീകളുടെ സാമ്പത്തിക ആശ്രയത്വം കുറച്ചു കൊണ്ട് വന്നു. അടുപ്പങ്ങളെയും സ്നേഹബന്ധങ്ങളെയും സാമ്പത്തിക പരിഗണനകളിൽ നിന്നും വേർപ്പെടുത്താൻ ഇത്തരം പദ്ധതികൾ സഹായിച്ചു. മാത്രമല്ല, ശാരീരിക അവശതകൾ ഉള്ളവർ ആയാലും, അല്ലെങ്കിൽ സ്വന്തമായി വരുമാനം ഉള്ളവർക്ക് പ്രായമായാലോ, അസുഖം പിടിപെട്ടാലോ മറ്റും, സ്റ്റേറ്റ് ഉറപ്പു നൽകിയ സോഷ്യൽ സെക്യൂരിറ്റി (social security) ഉള്ളത് കൊണ്ട് ചൂഷണകരമോ അനാരോഗ്യപരമോ ആയ ബന്ധങ്ങളിൽ സാമ്പത്തികമായ കാരണങ്ങളാൽ മാത്രം നിൽക്കേണ്ടി വരുന്നില്ല. പോളണ്ട് (Poland), ഹംഗറി (Hungary) ചെക്കോസ്ലൊവാക്യ (Czechoslovakia), ബൾഗേറിയ (Bulgaria), യുഗോസ്ലാവിയ (Yugoslavia), കിഴക്കൻ ജർമ്മനി ( East Germany) എന്നിവിടങ്ങളിൽ സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം അവരുടെ വ്യക്തി ബന്ധങ്ങളെ വിപണിയുടെ സ്വാധീനങ്ങളിൽ നിന്നും മുക്തമാക്കാൻ സഹായിച്ചു. സ്ത്രീകൾക്ക് പണത്തിനു വേണ്ടി മാത്രം വിവാഹം ചെയ്യേണ്ട ആവശ്യം ഇല്ലാതെയായി തീർന്നു.
എന്നിരിക്കിലും, ഇതിന്റെ മറുവശങ്ങൾ നാം കാണാതിരിക്കരുത്. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടങ്ങൾ സ്വവർഗലൈംഗികതയെ ഉൾക്കൊണ്ടിരുന്നില്ല. ഗർഭഛിദ്രം ആയിരുന്നു ജനന നിയന്ത്രണത്തിനുള്ള പ്രധാന മാർഗം. മിക്ക കിഴക്കൻ യൂറോപ്പ്യൻ സ്റ്റേറ്റുകളും സ്ത്രീകളെ അമ്മമാരാകാൻ പ്രോത്സാഹിപ്പിച്ചിരുന്നു. റൊമാനിയ (Romania) , അൽബേനിയ (Albania), സ്റ്റാലിന്റെ കീഴിലുള്ള യൂ എസ് എസ് ആർ (USSR) തുടങ്ങിയ രാജ്യങ്ങളാകട്ടെ സ്ത്രീകൾക്ക് സ്വയം വേണ്ടാഞ്ഞിട്ടും അവരെ ഗർഭം ധരിക്കാൻ നിർബന്ധിച്ചിരുന്നു. സ്റ്റേറ്റ് സോഷ്യലിസ്റ്റ് ഗവണ്മെന്റുകൾ ലൈംഗിക പീഡനം, ഗാർഹിക പീഡനം, ബലാത്സംഗം തുടങ്ങിയവയെ കുറിച്ചുള്ള ചർച്ചകൾ അടിച്ചമർത്തിയിരുന്നു. ഗാർഹിക ജോലികളിലും ശിശു പരിപാലനത്തിലും ആണുങ്ങളെ പങ്കെടുപ്പിക്കാൻ പരിശ്രമിച്ചിരുന്നെങ്കിലും, ആണുങ്ങൾ പരമ്പരാഗതമായ ലിംഗപദവികൾ നിലനിർത്താനാണ് ആഗ്രഹിച്ചത്. ഒട്ടനവധി സ്ത്രീകൾ ഈവിധം നിർബന്ധിത ഔപചാരികമായ തൊഴിലിനൊപ്പം ഗാർഹികമായ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തു സഹിക്കേണ്ടതായി വന്നു. നടാലിയ ബറൻസ്കയ (Natalya Baranskaya) യുടെ ഉജ്ജ്വലമായ നോവെല്ല 'എ വീക്ക് ലൈക് എനി അദർ' ൽ (A Week Like Any Other) സ്ത്രീകൾ ചുമക്കേണ്ടതായി വന്ന ഈ അധിക ഭാരം വ്യക്തമായി വരച്ചു കാട്ടുന്നുണ്ട്. ഒടുവിലായി, ഈ പറഞ്ഞ ഒരു രാജ്യത്തും, സ്ത്രീകളുടെ അവകാശങ്ങളെ അനുകൂലിച്ചിരുന്നത് അവരുടെ വ്യക്തി വികസനമോ ആത്മസാക്ഷാത്കാരമോ ഉന്നം വച്ചായിരുന്നില്ല. സ്റ്റേറ്റ് സ്ത്രീകളെ തൊഴിലാളികളായും അമ്മമാരായും പിന്തുണച്ചിരുന്നത് രാജ്യത്തിന്റെ സംഘടിതമായ മുന്നേറ്റത്തിൽ അവരെ പങ്കാളികളാക്കാനായിരുന്നു എന്നത് വ്യക്തമാണ് .
1989 ലുണ്ടായ സ്റ്റേറ്റ് സോഷ്യലിസത്തിന്റെ പതനം, സ്ത്രീകളുടെ ജീവിതത്തിൽ മുതലാളിത്തത്തിന്റെ സ്വാധീനങ്ങൾ പഠിക്കാനായുള്ള ഒരു മികച്ച പരീക്ഷണശാല ഒരുക്കി തന്നു. സ്വതന്ത്ര വിപണി പല വിഭാഗങ്ങളിലുള്ള തൊഴിലാളികളെ പല അളവുകളിൽ ബാധിക്കുന്നത് ലോകത്തിനു മൊത്തം കാണാനായി. ക്ഷാമത്തിന്റെ പതിറ്റാണ്ടുകൾക്ക് ശേഷം, ജനാധിപത്യവും സാമ്പത്തിക അഭിവൃദ്ധിയും എന്ന വാഗ്ദാനത്തിനു പുറത്തു, കിഴക്കൻ യൂറോപ്പുകാർ അവരുടെ രാജ്യങ്ങൾ വെസ്റ്റേൺ മൂലധനത്തിനും (western capital) രാജ്യാന്തര വ്യവസായത്തിനും തുറന്നു കൊടുത്തു. പക്ഷെ, പ്രതീക്ഷിക്കാത്ത പല തിരിച്ചടികളൂം ഇതിനാൽ അവർക്ക് നേരിടേണ്ടി വന്നു.
ഏക പാർട്ടി സ്റ്റേറ്റിന്റെ തിരസ്കാരത്തിനും രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾക്കുമൊപ്പം നിയോലിബറലിസം കൂടി സ്വീകരിക്കേണ്ടതായി വന്നു. പുതിയ ജനാധിപത്യ ഗവൺമെന്റുകൾ പുതിയ മത്സരാധിഷ്ഠിത തൊഴിൽ വിപണികൾക്ക് കളം ഒരുക്കാനായി പൊതു സംരംഭങ്ങളെ സ്വകാര്യവൽക്കരിച്ചു. ഇത്തരമൊരു വ്യവസ്ഥയിൽ ഉത്പാദനക്ഷമതയാണ് കൂലി നിശ്ചയിക്കുന്നത്. പക്ഷെ, മൂന്നു പതിറ്റാണ്ടുകൾക്ക് ഇപ്പുറവും, മിക്ക കിഴക്കൻ യൂറോപ്പുകാരും ഇപ്പോഴും അവർ സ്വപ്നം കണ്ട ആ സുന്ദര മുതലാളിത്ത ഭാവിക്കായി കാത്തിരിക്കുകയാണ്. മറ്റു പലരാകട്ടെ, പ്രതീക്ഷ പോലും നശിച്ച അവസ്ഥയിലാണ്. പല അഭിപ്രായ വോട്ടെടുപ്പുകളും കാണിക്കുന്നത് ഒരുപാടു പൗരന്മാർ അവരുടെ 1989 നു മുൻപുള്ള ജീവിതം ഇപ്പോഴുള്ളതിനേക്കാൾ മെച്ചമായിരുന്നു എന്ന് വിശ്വസിക്കുന്നു എന്നതാണു. ഒരു പക്ഷെ ഭൂതകാലത്തിനോടുള്ള യോജിപ്പിനേക്കാൾ, നിലവിലെ അവസ്ഥയോടുള്ള നിരാശയാണ് ഇത് കാണിക്കുന്നതെങ്കിൽ പോലും, “ഏകാധിപത്യം” എന്ന ആഖ്യാനത്തെ ഇത് സങ്കീർണമാക്കുന്നു. ഈ രണ്ടു വ്യത്യസ്ത സാമ്പത്തിക ഘടനകൾക്കുള്ളിലും ജീവിക്കാൻ കഴിഞ്ഞിട്ടുള്ള പൗരന്മാരിൽ പലർക്കും ഒരിക്കൽ അവർ തള്ളിക്കളയാൻ ശ്രമിച്ച സ്റ്റേറ്റ് സോഷ്യലിസത്തെക്കാൾ മോശമാണ് ഇപ്പോഴുള്ള മുതലാളിത്തം എന്ന അഭിപ്രായമുണ്ട്.
നമ്മുടെ സ്റ്റേറ്റ് സോഷ്യലിസ്റ്റ് ഭൂതകാലത്തെ കാല്പനികവത്കരിക്കരുത് എന്നത് പ്രധാനമാണെങ്കിലും, നാം ആ കാലത്തെ ആദർശങ്ങളോട് പുറം തിരിഞ്ഞു നിൽക്കേണ്ടതുമില്ല. അവയിലെ മോശമായ വശങ്ങൾ അംഗീകരിക്കുന്നത് അവയിലെ നല്ലതിനെ ഇല്ലാതാക്കുന്നില്ല. സിസ്റ്റത്തിനെ ഉള്ളിൽ നിന്ന് പരിഷ്കരിക്കാനുള്ള— പ്രാഗ് സ്പ്രിങ് (Prague Spring) മുതലായ – ആദ്യകാല സോഷ്യലിസ്റ്റുകളുടെ ശ്രമങ്ങൾ, ഗ്ലോബൽ സൗത്തിലെ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങൾക്ക് പ്രചോദനം പകർന്ന സോഷ്യലിസ്റ്റ് ആദർശങ്ങൾ എന്നിവ ഇതിനു ഉത്തമ ഉദാഹരണങ്ങളാണ്.
സാമ്പത്തികവും രാഷ്ട്രീയവുമായ അധികാരങ്ങൾ ആസ്വദിക്കുന്ന സ്ത്രീകൾക്ക് വടക്കേ യൂറോപ്പ് ഒരു മരുപ്പച്ച ആണെന്നതും ശ്രദ്ധേയമാണ്. ലിംഗ സമത്വം കുറവുള്ള രാജ്യങ്ങളിൽ, ലൈംഗിക ബന്ധങ്ങളെ സാമൂഹിക ഉന്നമനത്തിനുള്ള ഒരു ചവിട്ടുപടിയായി കാണുന്നത് സാധാരണമാണ്. എന്നാൽ, സമത്വം ഉറപ്പാക്കുന്ന സമൂഹങ്ങളിൽ ഇതിന്റെ ആവശ്യം വേണ്ടി വരുന്നില്ല. റൂഷിന്റെ (Roosh) പുസ്തകം ഡോണ്ട് ബാംഗ് ഡെൻമാർക്ക് (Don’t Bang Denmark) ഇത് സാധൂകരിക്കുന്നു. സ്ത്രീകൾ ദൈനംദിനം നേരിടുന്ന വിവേചനങ്ങൾ മയപ്പെടുത്തി അവർക്ക് സ്ഥിരതയും സുരക്ഷിതത്വവും നൽകാൻ പുനർവിതരണ നയങ്ങൾക്ക് കഴിയും എന്ന് കാണിച്ചു തരുന്നു ഈ പുസ്തകം.
സോഷ്യലിസത്തിന്റെ പല പരീക്ഷണങ്ങളും പരാജയപ്പെട്ടിട്ടുണ്ട്. ചില വിജയങ്ങളും ഉണ്ടായിട്ടുണ്ട്. ഈ വിജയങ്ങൾ നാം പഠിച്ചു മനസിലാക്കി, അവയിൽ നിന്നും ഉൾകൊള്ളാൻ പറ്റുന്ന സൈദ്ധാന്തികവും പ്രായോഗികവുമായ ആശയങ്ങൾ എടുത്താൽ ആഗോള മുതലാളിത്തത്തിന്റ അപകടങ്ങളെ ഒരു പരിധി വരെ ചെറുക്കാൻ സാധിക്കും. സ്ത്രീകൾക്കാണെങ്കിൽ, കൂടുതൽ സമത്വാധിഷ്ടിതവും സ്ഥായിയുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ഇത്തരമൊരു സംഘടിത ശ്രമത്തിൽ നിന്നും നഷ്ടപ്പെടാൻ ഉള്ളതിനേക്കാൾ കൂടുതൽ നേടാൻ ആകും ഉണ്ടാവുക.
പരിഭാഷ: അപർണ്ണ ആർ.