അച്ഛന്മാർ ചോദ്യം ചെയ്യപ്പെടുമ്പോൾ
PHOTO: CLAYTON THOMPSON
കൂട്ടുകുടുംബ - മരുമക്കത്തായ വ്യവസ്ഥയിൽനിന്ന് ആധുനിക അണുകുടുംബത്തിലേക്ക് മലയാളി മാറിയത് ഇരുപതാംനൂറ്റാണ്ടിലെ സാമൂഹിക- രാഷ്ട്രീയ പരിവർത്തനങ്ങളിലൂടെയാണ്. സ്വത്ത് വിഭജിക്കാത്ത, പലതലമുറകൾ ഒന്നിച്ചുകഴിയുന്ന തറവാടെന്ന ഘടന വ്യക്തിയെ അംഗീകരിക്കാതെ മനുഷ്യരെ ജാതിയുടെ പറ്റമായി കാണുന്ന പ്രത്യയശാസ്ത്രത്തിന്റെ ഉപോല്പന്നമായിരുന്നു. ഇവിടെയാണ് കൊളോണിയലിസവും മിഷനറി ആശയലോകവും വ്യക്തിവാദത്തെ മുന്നോട്ടുവയ്ക്കുന്നതും വ്യക്തിയുടെ തിരഞ്ഞെടുപ്പായി വിവാഹത്തെ നിർവചിക്കുന്നതും. അതിന്റെ നിയമപരമായ ആദ്യരൂപങ്ങളിലൊന്നായിരുന്നു 1894-96 കാലത്തെ മലബാർ വിവാഹനിയമം. മാതാവ് പിതാവ് മക്കൾ എന്ന കുടുംബയൂണിറ്റിനെ കേന്ദ്രീകരിച്ച ആ നിയമം അക്കാലത്തെ സമൂഹം ശക്തമായി എതിർത്തുവെങ്കിലും പിന്നീട് ചരിത്രം സഞ്ചരിച്ചത് ആ വഴിക്കാണെന്നു കാണാം. ഇതിനോടു ചേർന്ന് കുല- തറവാടിത്തത്തിനുപരി വ്യക്തികൾ പങ്കാളികളാകുന്ന പ്രണയവും വിവാഹസങ്കല്പങ്ങളും ശക്തിപ്പെട്ടു. ആ പ്രക്രിയകൾ ജാതിക്കുപരി സ്ത്രീയും പുരുഷനും ഭിന്ന ധർമ്മങ്ങളുള്ളവരാണെന്ന ലിംഗപരമായ വിഭജനത്തിലൂന്നിയായിരുന്നുവെന്നു പറയാം.
അങ്ങനെ നവോത്ഥാനപ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയും നിലവിലെ സാമൂഹിക കുടുംബഘടനകൾ ഇല്ലാതാക്കുകയും വേണമെന്ന ആശയങ്ങൾ ശക്തിപ്പെട്ടു. നാരായണഗുരുവിന്റെ വിവാഹപരിഷ്കാരങ്ങളും കുടുംബസങ്കല്പങ്ങളും നവോത്ഥാനപ്രസ്ഥാനങ്ങളുടെ കേന്ദ്രസ്ഥാനത്ത് നിലകൊള്ളുകയും സ്ത്രീയും പുരുഷനും ഭാര്യയും ഭർത്താവുമായി മക്കളുമായി കഴിയുന്ന ചെറിയ കുടുംബങ്ങളാണ് ഉണ്ടാകേണ്ടതെന്ന് സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഈ കുടുംബം പുരുഷൻ ജോലിചെയ്ത് പുലർത്തണമെന്നും സ്ത്രീയാകട്ടെ വീടിന്റെ പരിപാലനവുമായി ബന്ധപ്പെട്ട് കഴിയണമെന്നും നിശ്ചയിച്ചതായിരുന്നു. സ്ത്രീയും പുരുഷനും ജോലിചെയ്തു കഴിഞ്ഞ കീഴാള സമൂഹങ്ങളിലേക്കു പോലും ഇത്തരം വിഭജന ആശയങ്ങൾ കുടുംബമെന്ന സ്ഥാപനത്തെ നിലനിർത്തുന്നതിൽ കടന്നുവരുന്നതായി നിരീക്ഷിക്കപ്പെടുന്നു. അങ്ങനെ കുടുംബത്തിന്റെ അന്നദാതാവായി (Breadwinner) പുരുഷൻ അവരോധിക്കപ്പെടുന്നു. പുരുഷൻ അന്നദാതാവും സംരക്ഷകനുമാകുന്ന അണുകുടുംബമാണ് ആധുനിക കേരളത്തിന്റെ അടിത്തറയായി നിലകൊള്ളുന്നതെന്നു പറയാം. ലിംഗവ്യത്യാസങ്ങളെ സ്ഥാനപ്പെടുത്തുന്നതിലും പുരുഷന്റെ ആണത്തത്തെ അധീശസങ്കല്പമായി നിർവചിക്കുന്നതിലും (അതിലൂടെ സ്ത്രീയുടെ സ്ഥാനം ഇകഴ്ത്തുന്നു) ഈ കുടുംബപ്രത്യയശാസ്ത്രം നിർണായക പങ്കുവഹിക്കുന്നു. അങ്ങനെ അച്ഛൻ/ഗൃഹനാഥൻ എന്ന സ്ഥാനം സവിശേഷമായ പദവികളുള്ള ഒന്നായി മാറുന്നു. ഈ പുരുഷനെ പ്രത്യേകമായൊരു പദവിയാക്കുന്ന വിധത്തിലാണ് വിവിധ സാമൂഹികസ്ഥാപനങ്ങൾ കുടുംബത്തെ നിർമിച്ചെടുത്തത്. 'ഒറ്റത്തന്തയ്ക്കു പിറന്ന മക്കളാ'ണ് ശരിയായ മക്കളെന്നും 'അച്ഛനില്ലായ്മ' അനാഥത്വമാണെന്നുമുള്ള ആശയലോകങ്ങൾ ഇങ്ങനെ വ്യവഹരിക്കപ്പെട്ടു.
എന്‍.എം. പിയേഴ്സന്റെ അച്ഛനെകുറിച്ചുള്ള ഓര്‍മകളിലൂടെ കേരളീയ സാമൂഹിക സ്ഥാപനങ്ങള്‍ അച്ഛൻ- വീട് ബന്ധത്തെ ചിത്രീകരിക്കുന്നത് മനസ്സിലാക്കാം. കമ്യൂണിസ്റ്റ്കാരനായ അച്ഛൻ കുട്ടിക്കാലത്ത് വല്ലപ്പോഴും കാണുന്ന സാന്നിധ്യമായിരുന്നെന്നും അച്ഛനെക്കുറിച്ച് നേരിട്ടറിയുന്നതിനേക്കാള്‍ കൂടുതല്‍ പാർട്ടിക്കാരായവരുടെ പറച്ചിലിലൂടെ കേട്ടിട്ടുള്ള അറിവായിരുന്നു തനിക്കെന്നും അദ്ദേഹം പറയുന്നു.1
“വിവാഹം കഴിക്കുമ്പോള്‍ പാര്‍ട്ടി പരിപാടി നടപ്പിലാക്കുന്ന സംതൃപ്തിയാണ് പലരിലും നിറയുന്നത്. ഇതിന്റെ ഫലം കമ്യൂണിസ്റ്റുകാരന്റെ കുടുംബസങ്കല്പം വികലമായിപ്പോകലാണ്. കുടുംബത്തെ അവര്‍ ഉള്‍ക്കൊള്ളുന്നത് പ്രത്യയശാസ്ത്ര ഫ്രെയിമിലായിരിക്കും. പലതരം പ്രത്യയശാസ്ത്രശാഠ്യങ്ങള്‍ കുടുംബത്തിനുമേല്‍ പ്രയോഗിക്കാന്‍ അവര്‍ ഉത്സുകരാണ്… ഭാര്യയും കുട്ടികളും പാര്‍ട്ടി യൂണിറ്റ് അംഗങ്ങളായിരുന്നു. കീഴ്‌ഘടകങ്ങള്‍ മേല്‍ഘടകങ്ങളെ അംഗീകരിക്കുന്ന ക്രമം ഇവിടെ നിലനിന്നു. തത്ഫലമായി മക്കള്‍ക്ക് അച്ഛനില്‍ നിന്ന് ലഭിക്കേണ്ട പരിഗണനകള്‍ ലഭിച്ചില്ല. സ്നേഹവാത്സല്യങ്ങള്‍ കാണാമറയത്ത് ഒളിച്ചുനിന്നു. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചു… എന്നാല്‍ ഞങ്ങളുടെ തലമുറ അച്ഛനെ വിചാരണ ചെയ്യാന്‍ വിധിക്കപ്പെട്ടവരാണ്”. മറ്റൊരുഭാഗത്ത് ഇങ്ങനെ അദ്ദേഹം എഴുതുന്നു- “ചെറുപ്പത്തില്‍ അച്ഛന്റെ സാന്നിധ്യം അപൂര്‍വമായിരുന്നു. രാവിലെ ഞാനുണരുന്നതിന്റെ മുന്നേ അച്ഛന്‍ പൊയിക്കഴിഞ്ഞിരിക്കും. വൈകിട്ട് ഞാനുറങ്ങിയതിനു ശേഷമായിരിക്കും അച്ഛനെത്തുക. പലപ്പോഴും വീട്ടില്‍ അച്ഛന്‍ വന്നെന്നു തന്നെയിരിക്കില്ല. ഇങ്ങനെ അസാന്നിധ്യംകൊണ്ട് അനുഭവമായ അച്ഛനെക്കുറിച്ച് എന്നില്‍ ഒരു ബിംബനിര്‍മിതി രൂപംകൊള്ളുന്നത് സഖാക്കളുടെ വിവരണങ്ങളില്‍ നിന്നാണ്…അങ്ങനെ അച്ഛനായിട്ടല്ല അദ്ദേഹം എന്നില്‍ വളര്‍ന്നത് ഒരു രാഷ്ട്രീയ രൂപമായിട്ടായിരുന്നു.
ആധുനിക കേരളീയ പിതാവിന്റെയും കുടുംബത്തിന്റെയും പൊതുസങ്കല്പങ്ങളെ ഈ ആഖ്യാനത്തിലൂടെ വായിക്കാനാവും. കമ്യൂണിസ്റ്റ് പാർട്ടി കുടുംബത്തെ നോക്കിക്കണ്ടതിന്റെ രേഖകൂടിയാണ് ഈ വിവരണം. കുടുംബമെന്നത് പുരുഷന് വിശ്രമവും ഭക്ഷണവും ശുശ്രൂഷയും കിട്ടുന്ന ഒരിടമാണ്. അതിന്റെ സംരക്ഷകനായി ഭാര്യയെയും മക്കളെയും ദുർബലരായി കണ്ടുകൊണ്ട് അതിനെ പരിപാലിക്കുകയാണ് അയാളുടെ ധർമ്മം. മക്കളെ ലാളിക്കുന്നതുപോലും തന്റെ പിതൃത്വത്തിന് പരിക്കേല്പിക്കുമെന്ന ബോധം ആഴത്തിൽ ഇവിടുത്തെ പുരുഷത്വത്തിൽ പതിഞ്ഞിരിക്കുന്നതു കാണാം. വൈകാരികമായ അലിവും സ്നേഹവും സഹനവും പുരുഷഗുണങ്ങളല്ലെന്നു വ്യവഹരിക്കുന്ന പരിസരത്തിലാണ് കരയുന്ന ആണുങ്ങൾ ആണല്ലെന്ന ഉറപ്പിക്കലുകൾ ഉണ്ടാകുന്നത്. ഈ കാഴ്ചപ്പാടിൽ കേരളീയപുരുഷത്വത്തെ സ്ഥാപനവല്കരിച്ചതിൽ പ്രധാനപങ്ക് കുടുംബം എന്ന ഘടകം വഹിക്കുന്നുണ്ട്. വീടിനുപരി പുറംലോകത്തെ പ്രധാനമായി ഗണിക്കുന്ന പുരുഷന്റെ സ്വത്വം ശാസനയും കോപവുമാണെന്ന് ഉറപ്പിച്ചുകൊണ്ട് പാർട്ടികളിലും മറ്റും കാണുന്ന നേതാവ്-അനുയായി ബന്ധമായിട്ട് കുടുംബത്തെ നിർമിക്കുകയാണ് നവോത്ഥാന കുടുംബവ്യവഹാരങ്ങൾ ചെയ്തത്. ശക്തമായ അധികാര ശ്രേണീബന്ധമാണതിന്റെ കാതലെന്നു പറയുന്നത്. എന്നാൽ നവോത്ഥാനത്തിൽനിന്ന് മുന്നോട്ടുപോയപ്പോൾ ഈ കുടുംബസങ്കല്പം ഉലയുകയും മാറുന്ന സാമൂഹികതയ്ക്കനുസരിച്ച് മാറ്റത്തിനു വിധേയമാകുകയും ചെയ്യുന്നു.
ആധുനികതയുടെ വ്യവസായ വിപ്ലവത്തിലൂടെയാണ് പുരുഷൻ പുറത്തുപണിയെടുത്ത് അന്നദാതാവാകുന്ന കുടുംബം രൂപപ്പെട്ടതെന്നാണ് ചരിത്രം പറയുന്നത്. മൂന്നുകാര്യങ്ങൾ അതിന്റെ പശ്ചാത്തലമായിരുന്നുവെന്ന് പറയപ്പെടുന്നു- പൊതുസ്ഥലം (Public sphere) സ്വകാര്യഇടം (Domestic sphere) എന്നിവയുടെ ഉദയം, സ്വവര്‍ഗലൈംഗികത തെറ്റാണെന്നുള്ള ആധുനിക ശാസ്ത്രത്തിന്റെയും കുറ്റകരമാണെന്നുള്ള നിയമത്തിന്റെയും വാദങ്ങള്‍, പത്തൊമ്പതാംനൂറ്റാണ്ടിലെ വ്യവസായവല്‍കരണത്തിന്റെ വ്യാപനത്തിലൂടെ ആണിന്റെ കരുത്തില്‍ കേന്ദ്രീകരിച്ച തൊഴിലാളി സങ്കല്പത്തിന്റെ ഉദയം. അതിലൂടെ കുടുംബം പുലര്‍ത്തേണ്ടത് പുരുഷന്റെ ഉത്തരവാദിത്തമാണെന്നുള്ള വാദവും 'ചെലവിനുകൊടുക്കുന്നവന്‍’ (Breadwinner) എന്ന പ്രത്യയശാസ്ത്രത്തിന്റെ വ്യാപനവും. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യദശകം കഴിഞ്ഞപ്പോൾ യൂറോപ്പിലൊക്കെ തൊഴിൽ സംസ്കാരത്തിൽ മാറ്റം വന്നു. വലിയ ഫാക്ടറികളിൽനിന്ന് കംപ്യൂട്ടറിധിഷ്ഠിത സാങ്കേതികവിദ്യയിലേക്ക് കമ്പനികൾ മാറുകയും സോഫ്റ്റ്സ്കില്ലുകൾക്ക് പ്രാധാന്യം ലഭിക്കുകയും ചെയ്തപ്പോൾ കരുത്തുള്ളവരേക്കാൾ സ്ത്രീകൾക്കും മറ്റും കൂടുതൽ തൊഴിലുകൾ കമ്പനികൾ നീക്കിവച്ചു. സ്ഥിരംതൊഴിലുകളിൽ നിന്ന് താത്കാലിക തൊഴിൽസംസ്കാരത്തിലേക്കും ഇക്കാലത്ത് മാറ്റമുണ്ടായി. അതോടെ സ്ത്രീകളെ നിയമിക്കുന്നത് വലിയ ലാഭമായി കമ്പനികൾ കാണാൻ തുടങ്ങി. ഭാര്യയും ഭർത്താവും ജോലിക്കുപോകുന്ന സംസ്കാരം ശക്തമായതോടെ വീടുനോക്കലും കുട്ടികളുടെ കാര്യവും പ്രതിസന്ധിയിലാവുകയും പുരുഷന്റെ ഗാർഹിക ഉത്തരവാദിത്വങ്ങൾ കൂടിയായവ മാറുകയും ചെയ്തു. സ്ത്രീ പുറത്തുപോകുമ്പോൾ പുരുഷൻ വീടും പാചകവും നോക്കാൻ നിർബന്ധിതനായത് ആണത്തപരമായ ആധുനികസങ്കല്പങ്ങളെ ഉലച്ചു. സ്ത്രീയും അന്നദാതാവായതോടെ പുരുഷന്റെ കുടുംബത്തിലുള്ള അധികാരം പതുക്കെ ചോദ്യംചെയ്യപ്പെട്ടു. ഈ മാറ്റങ്ങൾ കുടുംബത്തിന്റെ പരമ്പരാഗതരൂപത്തെ തള്ളിപ്പറയുന്ന പ്രക്രിയകളെ സൃഷ്ടിക്കുന്നു. ഒറ്റമാതാവ്- പിതാവ് എന്നീ സങ്കല്പങ്ങൾ ശക്തിപ്പെടുന്നു. അമ്മയും അച്ഛനും മക്കളുമടങ്ങുന്ന അണുകുടുംബം എന്ന യൂണിറ്റ് അമ്മയും മക്കളും അഥവാ അച്ഛനും മക്കളും എന്ന ചെറുയൂണിറ്റായി മാറ്റപ്പെടുന്നു. കുടുംബമെന്ന ഘടകം സമൂഹത്തിലെ പരിണാമങ്ങളിലൂടെ നിരന്തരം പ്രശ്നവല്കരിക്കപ്പെടുന്നുവെന്നാണിതെല്ലാം കാണിക്കുന്നത്.
എഴുപതുകളിൽ ഗൾഫ് പ്രവാസം സൃഷ്ടിച്ച പരിവർത്തനങ്ങൾ ഉപഭോക്തൃസമൂഹമായി കേരളത്തെ മാറ്റുന്നു. ഫ്യൂഡൽസമൂഹ- കുടുംബഘടനകളിൽ നിന്ന് ആഴത്തിൽ കേരളത്തെ വിച്ഛേദിച്ചത് ഈ പരിവർത്തനങ്ങളാണ്. പണത്തിന്റെ വലിയതോതിലുള്ള വരവും തൊഴിൽഘടനയുടെ അട്ടിമറിക്കലും ടെലിവിഷൻ പോലുള്ള സാമഗ്രികളുടെ വരവും മലയാളിയുടെ കാമനകളെ മാറ്റിമറിച്ചു. ഇത്തരം മാറ്റങ്ങളും കേരളത്തിൽ രൂപപ്പെട്ട സ്ത്രീവാദം പോലുള്ളവയുടെ വ്യാപനവും ലൈംഗികതയെക്കുറിച്ചുള്ള നവോത്ഥാനപരമായ ബോധ്യങ്ങളെ ഉലച്ചു. സുപ്രീംകോടതി അടുത്തകാലത്ത് പുറപ്പെടുവിച്ച ചില വിധികളും ഇവിടെ സ്മരണീയമാണ്. സ്വവർഗരതിയെക്കുറിച്ചും സഹജീവിതത്തെക്കുറിച്ചും വിവാഹേതരബന്ധത്തെക്കുറിച്ചും പുറപ്പെടുവിച്ച തീർപ്പുകൾ ആധുനികതയുടെ പുരുഷാധിപത്യഘടനയിലൂന്നുന്ന, പെൺ- ആൺ ദ്വന്ദ്വലിംഗഘടനയിലൂന്നുന്ന കുടുംബത്തിന്റെ അടിത്തറ ഇല്ലാതാക്കുന്നതാണ്. സ്ത്രീയെയും പുരുഷനെയും കൂടുതൽ സ്വാതന്ത്ര്യമുള്ള വ്യക്തികളായി കാണുന്ന ഈ നിയമങ്ങൾ ആധുനികതയുടെ വ്യക്തിസങ്കല്പങ്ങളെ മറികടക്കുന്ന പുതിയ വ്യക്തികളെയാണ് ഭാവന ചെയ്യുന്നത്. അടുത്തകാലത്ത് രക്ഷകർത്താവായി അച്ഛന്റെ പേരാവശ്യമില്ലെന്നും അമ്മയുടെ പേരുമതിയെന്നും കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി ഏകരക്ഷകർതൃകുടുംബങ്ങളുടെ (Single parent) സാമൂഹിക സാന്നിധ്യത്തെ ഉറപ്പിക്കുന്നതാണെന്നു കാണാം. ഇതിലൂടെ ഒരു സ്ത്രീക്ക് വിവാഹം ചെയ്യാതെ തനിക്കിഷ്ടമുള്ള ആളിൽനിന്ന് കുട്ടിയെ ജനിപ്പിച്ച് കഴിയാനാകും. സ്ത്രീയെയും പുരുഷനെയും കൂടുതൽ സ്വാതന്ത്ര്യമുള്ള വ്യക്തികളായി കാണുന്ന ഈ നിയമങ്ങൾ ആധുനികതയുടെ വ്യക്തിസങ്കല്പങ്ങളെ മറികടക്കുന്ന പുതിയ വ്യക്തികളെയാണ് ഭാവനചെയ്യുന്നത്. ഇവയ്ക്കു നടുവിലും കുടുംബത്തിന്റെ പരിശുദ്ധിയെക്കുറിച്ച് ആകുലപ്പെടുന്ന ചിന്തകളും ആഹ്വാനങ്ങളും ഇവിടെ ശക്തമാണ്.
കേരളീയകുടുംബം അതിലെ വ്യക്തികളെ നിർവചിച്ചത് ലിംഗഭേദത്തിലൂന്നിയ ഉത്തരവാദിത്വങ്ങളിലാണെന്നു പറഞ്ഞു. വീട്ടിലെ പാചകാദികാര്യങ്ങളിൽനിന്ന് പുരുഷൻ ഒഴിവാക്കപ്പെട്ടത് ഇങ്ങനെയാണ്. അതിനാൽ പങ്കാളിയുടെ മരണമോ മറ്റോ സംഭവിച്ചാൽ പുരുഷന് മറ്റൊരു വിവാഹം ആവശ്യമായി വരുന്നു. എന്നാൽ ഈ പുരുഷത്വത്തെ ഇല്ലാതാക്കി സ്ത്രീയെപ്പോലെ വീട് പരിചരിക്കാൻ സ്ത്രീകൾക്കു കഴിയുമെന്ന് കാണാം. എഴുത്തുകാരനായ കെ.കെ.ഹിരണ്യന്റെ ജീവിതം ഉദാഹരണമാണ്. എഴുത്തുകാരി ഗീതാ ഹിരണ്യന്റെ മരണത്തിനുശേഷം അദ്ദേഹം മറ്റൊരു വിവാഹം ചെയ്യാതെ വീടിന്റെയും മക്കളുടെയും കാര്യങ്ങൾ നോക്കി ജീവിച്ച കഥയാണ് അദ്ദേഹത്തിന്റെ ജീവിതം. അക്കാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്- “ഭാര്യയുടെ മരണത്തിനുശേഷം കുട്ടികളുടെ കാര്യങ്ങള്‍ നോക്കുന്നതില്‍ മാത്രമായി എന്റെ ശ്രദ്ധ. അവരുടെ സ്കൂള്‍ കാര്യങ്ങള്‍, ഭക്ഷണം, അവരുമൊത്തമുള്ള നഗരത്തിലെ ചെറിയ ഷോപ്പിംഗുകള്‍, വല്ലപ്പോഴും സിനിമകള്‍ ഇങ്ങനൊക്കെയായി എന്റെ ജീവിതം. സാഹിത്യകൂട്ടായ്മകള്‍ക്കോ സാംസ്കാരിക കൂട്ടായ്മകള്‍ക്കോ അധികം പോകാതെയായി. പോയാല്‍തന്നെ സന്ധ്യയാകും മുമ്പേ തന്നെ വീട്ടിലേക്കു തിരിച്ചുവരും, വീട്ടില്‍ കുട്ടികള്‍ തനിച്ചായതിനാല്‍”2. പിയേഴ്സന്റെ അച്ഛന്റെ പൗരുഷലോകത്തിൽനിന്ന് മാറിയ പുരുഷന്റെ ലോകമാണിത്. അമ്മ/ഭാര്യയുടെ അസാന്നിധ്യത്തില്‍ അച്ഛന്‍/ ഭര്‍ത്താവ് അമ്മയുടെ ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുകയും വീട്/ ലോകം എന്ന ദ്വന്ദ്വത്തിന്റെ യുക്തികള്‍ ഭേദിച്ചുകൊണ്ട് ജീവിക്കുകയും ചെയ്യുന്നതാണ് ഇവിടെകാണുന്നത്. പങ്കാളിയുടെ മരണത്തിലൂടെ സംഭവിച്ചതാണെങ്കിലും പിന്നീടത് ഉത്തരവാദിത്വമായി ഉൾക്കൊണ്ട് ജീവിക്കുന്നതാണ് ഈ ആത്മാഖ്യാനം പറയുന്നത്. കുടുംബവും ലിംഗപരമായ അവസ്ഥകളും ജൈവികമായോ ശാരീരികമായോ ഉള്ള എന്തെങ്കിലും പ്രത്യേകതകളിലൂടെ രൂപപ്പെടുന്നതല്ലെന്നും മറിച്ച് സാമൂഹികമായ പ്രയോഗങ്ങള്‍ ആണെന്നുമാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. കേരളീയ പുരുഷന്റെ ആണത്തവും മാറുന്ന കുടുംബസങ്കല്പങ്ങളും തമ്മിലുള്ള സംഘർഷങ്ങളുടെ രാഷ്ട്രീയം ആദർശവല്കരിച്ച് നവോത്ഥാനസങ്കല്പങ്ങളെ പൊളിച്ചുകളയുന്നുണ്ട്.
References:
1. എന്‍.എം. പിയേഴ്സൺ. "അച്ഛന്‍ ഈ വിചാരണ അര്‍ഹിക്കുന്നുണ്ട്",മാതൃഭൂമി ഓണപ്പതിപ്പ്, 2008
2. ഹിരണ്യൻ കെ. കെ. "പിരിഞ്ഞതില്‍പിന്നെ", മാധ്യമം വാർഷികപ്പതിപ്പ്, 2014