TMJ
searchnav-menu
post-thumbnail

Outlook

ജനാധിപത്യം കൊണ്ടാണ് ഫാഷിസത്തെ നേരിടേണ്ടത്

28 Sep 2022   |   1 min Read
ടി പി അഷ്‌റഫ്‌അലി

മതേതര, ജനാധിപത്യ രാജ്യത്ത് പിന്നാക്ക ജനവിഭാഗങ്ങളുടെ സാമൂഹ്യ പുരോഗതിക്ക് ജനാധിപത്യപരമായി തന്നെയാണ് സംഘടിക്കേണ്ടതെന്നും, തീവ്രവാദവും, അക്രമണോത്സുകതയും ബദലല്ലെന്നും എല്ലാകാലത്തും ഈ സമൂഹത്തോട് വിളിച്ച് പറഞ്ഞ പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്. പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ അംഗീകാരം നേടി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തി സാമൂഹ്യ പുരോഗതിക്കായി വിദ്യാഭ്യാസ, സംവരണ മേഖലയിലുൾപ്പെടെ നിയമങ്ങളും സ്ഥാപനങ്ങളും കൊണ്ടുവന്ന് മുസ്ലിം ലീഗിന്റെ പാതയാണ് ശരിയെന്ന് തെളിമയോടെ തെളിഞ്ഞ കാലമാണിത്.

മഹാനായ സി.എച്ച്. മുഹമ്മദ് കോയ ആ രാഷ്ട്രീയത്തെ പ്രായോഗികമായി വിജയിപ്പിച്ച പരമപ്രധാനിയാണ്. പിൻഗാമികൾ ഇന്നും ആ രാഷ്ട്രീയ ദൗത്യം ഭംഗിയായി നിര്‍വഹിച്ചുവരുന്നു. ഇന്ന് സി.എച്ച്. മൺമറഞ്ഞിട്ട് 39 വർഷം പിന്നിടുന്ന ദിനമാണ്. ഈ തലമുറയും ആവേശത്തോടെ സി.എച്ച്. എന്ന് ഉച്ചരിക്കുന്നത് അദ്ദേഹം ഈ സമൂഹത്തിന് ചെയ്ത സേവനങ്ങളുടെ മഹാത്മ്യം വിളിച്ചറിയിക്കുന്നു. ഇന്ന് തന്നെ വന്ന മറ്റൊരു വാർത്തയാണ് പോപ്പുലർ ഫ്രണ്ടിന്റെ 5 വർഷത്തേക്കുള്ള കേന്ദ്ര സർക്കാരിന്റെ നിരോധനം. ഫാഷിസം അതിന്റെ ഉഗ്രരൂപം കൊണ്ട് വിഷനൃത്തമാടുന്ന ഇന്ത്യയിൽ അക്രമണങ്ങൾ കൊണ്ട് അതിനെ നേരിടാമെന്ന മൂഢവിചാരത്തിന് ലഭിച്ചതാണ് ഈ നിരോധനം. രാജ്യത്തെ മതേതര ജനാധിപത്യ മനസ്സുകളെ ചേർത്ത് നിർത്തി സമാധാനത്തിന്റെ മാർഗത്തിലൂടെ ജനാധിപത്യം കൊണ്ട് ഫാഷിസത്തെ നേരിടണം, അതാണ് പരിഹാരമെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.

എതിരാളികളെ അക്രമത്തിലൂടെ എതിരിടാൻ കായികമായും മാനസികമായും പരിശീലനം നൽകുന്നു. എല്ലാ അർത്ഥത്തിലും അംഗങ്ങളിലെ ഒരു വിഭാഗത്തെ അക്രമത്തിനായി സജ്ജരാക്കി നിർത്തുന്നു. കൊലപാതകങ്ങളും തിരിച്ചടികളും മണിക്കൂറുകൾക്കുള്ളിൽ തന്നെ നടത്താൻ പോപ്പുലർ ഫ്രണ്ടിന് കഴിയുന്നത് ഇതിലൂടെയാണ്.

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയം, മതത്തെ വികലമായി ചിത്രീകരിച്ച് കൊണ്ടാണ്. വിശുദ്ധ ഖുർആനിലെ ആയത്തുകൾക്കും, ഹദീസുകൾക്കും (പ്രവാചക വചനങ്ങൾ) വളരെ കൃത്യമായ സാഹചര്യങ്ങളുണ്ട്. അതിനെ ഇന്നത്തെ സാഹചര്യങ്ങളുമായി ചേർത്ത് വെച്ച് എതിരാളികളെ അക്രമമാർഗത്തിലൂടെ കീഴ്‌പ്പെടുത്തി മുന്നോട്ട് പോകുകയാണ് അനിവാര്യമെന്ന് യുവത്വത്തെ അവർ തെറ്റിദ്ധരിപ്പിക്കുന്നു. വൈകാരികതയെ ഉപയോഗിച്ചാണ് പോപ്പുലർ ഫ്രണ്ടും അതിന്റെ മുൻകാല രൂപമായ എൻ.ഡി.എഫും മുന്നോട്ട് പോയിരുന്നത്. അത്തരത്തിൽ വശത്താക്കിയ ചെറുപ്പക്കാരും അവരുടെ കുടുംബങ്ങളും വന്ന് ചേർന്നതാണ് പോപ്പുലർ ഫ്രണ്ടിന്റെ ജനമഹാ സമ്മേളനങ്ങൾ. ഇത്തരം കുടുംബങ്ങളിലെ കൈക്കുഞ്ഞ് മുതൽ പ്രായമായവർ വരെയുള്ളവരെ ഇത്തരം റാലികളിലും സമ്മേളനങ്ങളിലും എത്തിക്കാനുള്ള സംഘാടന മികവ് അവർക്കുണ്ട്. അത്തരമൊരു കേഡർ സംവിധാനത്തിലൂടെയാണ് ആ സംഘടനയുടെ വളർച്ച അവർ സാധ്യമാക്കിയത്. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി പോപ്പുലർ ഫ്രണ്ട് സത്യം ചെയ്യുന്നത് അള്ളാഹുവിനെ സാക്ഷി നിർത്തിയാണ്. ഒരു മുസ്ലിം സംഘടനയും ഇന്ന് കേരളത്തിൽ പ്രതിജ്ഞയെടുത്ത് പ്രവർത്തനത്തിലേക്ക് ആളുകളെ കൊണ്ടുവരുന്നില്ല. മതസംഘടനകൾ പോലും അവരുടെ പ്രബോധനത്തിന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമായി സംഘടനാ പ്രവർത്തനം നിർവഹിക്കുകയാണ്. അതിനൊന്നും കേഡർ സ്വഭാവമില്ല. മുസ്ലിം ലീഗും അങ്ങനെയുള്ള പാർട്ടിയാണ്. ലീഗിലൊക്കെ വ്യക്തിയുടെ ബോധ്യങ്ങളുടെ ഭാഗമായി, സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമായി പൊതുപ്രവർത്തനം നടത്തുകയാണ്. പോപ്പുലർ ഫ്രണ്ട് പോലുള്ള കേഡർ സ്വഭാവമുള്ള പാർട്ടിക്ക് സംഘടനാ പ്രവർത്തനമാണ് ഏറ്റവും പ്രധാനം. അത് കഴിഞ്ഞ് മാത്രമേ മറ്റ് കാര്യങ്ങൾക്ക് ജീവിതത്തിൽ പ്രാധാന്യമുള്ളു.

എതിരാളികളെ അക്രമത്തിലൂടെ എതിരിടാൻ കായികമായും മാനസികമായും പരിശീലനം നൽകുന്നു. എല്ലാ അർത്ഥത്തിലും അംഗങ്ങളിലെ ഒരു വിഭാഗത്തെ അക്രമത്തിനായി സജ്ജരാക്കി നിർത്തുന്നു. കൊലപാതകങ്ങളും തിരിച്ചടികളും മണിക്കൂറുകൾക്കുള്ളിൽ തന്നെ നടത്താൻ പോപ്പുലർ ഫ്രണ്ടിന് കഴിയുന്നത് ഇതിലൂടെയാണ്. നിരോധനം വന്നത് കൊണ്ട് പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ ഭയപ്പെട്ട് ഓടിയൊളിക്കുമെന്ന് കരുതാൻ കഴിയില്ല. ഇതിനെയൊക്കെ മറികടക്കാനുള്ള മാനസിക കരുത്ത് പരിശീലനത്തിലൂടെ അവർക്ക് ലഭിച്ചിട്ടുണ്ട്. ആത്മവിശ്വാസത്തോടെയാണ് അവരുടെ അംഗങ്ങളെല്ലാം എല്ലാവരെയും അഭിമുഖീകരിക്കുന്നത്. മുമ്പും നിരോധനങ്ങൾ ഏൽക്കേണ്ടി വന്ന ആർ.എസ്.എസ്, കമ്മ്യൂണിസ്റ്റ് പാർട്ടി പോലുള്ള സംഘടനകൾ എങ്ങനെയാണ് മറികടന്നതെന്നത് നമ്മൾ കണ്ടതാണ്.

REPRESENTATIONAL IMAGE | PTI

പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്.ഡി.പി.ഐ ഇപ്പോഴും നിലവിലുണ്ട്. പോപ്പുലർ ഫ്രണ്ടുകാർക്കും എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കാൻ ഇപ്പോൾ തടസ്സമില്ല. സിമിയെ നിരോധിച്ചപ്പോൾ ആദ്യം പ്രവർത്തനം നിലച്ചെങ്കിലും പിന്നീട് പല സംഘടനകളായി രൂപം കൊണ്ടു. കൈമയെന്നും വൈമയെന്നും മൈമയെന്നുമൊക്കെയുള്ള പേരുകളിൽ ഓരോ ജില്ലകൾ കേന്ദ്രീകരിച്ചും മുസ്ലീം യുവാക്കളെ സംഘടിപ്പിച്ചു. അതിന്റെ ഏകീകരിച്ച രൂപമായി എൻ.ഡി.എഫ് വരികയും ചെയ്തു. കർണാടകയിലെയും തമിഴ്‌നാട്ടിലെയും സമാന സ്വഭാവമുള്ള സംഘടനകളെ കൂട്ടിയോജിപ്പിച്ച് പോപ്പുലർ ഫ്രണ്ടായി മാറി. ഇതെല്ലാം ഉണ്ടായത് സിമി എന്ന വിത്തിൽ നിന്നാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊക്കെ രൂപത്തിൽ ഇത് ഇനിയും പൊങ്ങിവരും.

പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര സർക്കാർ പെട്ടെന്ന് നടപടികളിലേക്ക് നീങ്ങിയതിന് കാരണം ആർ.എസ്.എസ്. നേതാക്കളുടെയുൾപ്പെടെയുള്ള കൊലപാതകങ്ങളാണ്. പോപ്പുലർ ഫ്രണ്ട് നേതാക്കളെയും ആർ.എസ്.എസ്സുകാർ കൊലപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിശദീകരണങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് കരുതാം. പോപ്പുലർ ഫ്രണ്ടിന് വളരാൻ അനുകൂല സാഹചര്യമൊരുക്കിയത് ആർ.എസ്.എസാണ്. ആർ.എസ്.എസിന് മുസ്ലിം വിരോധം സൃഷ്ടിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങളും ഉപകാരപ്പെടുന്നു. രണ്ടും പൂരകങ്ങളായി പ്രവർത്തിക്കുന്നു. ആർ.എസ്. എസ്സിനോട് നേർയുദ്ധം എന്നതാണ് അവരുടെ നയം. ബാബരിയാനന്തര ഇന്ത്യൻ സാഹചര്യത്തില്‍ മുസ്ലിങ്ങളിലുണ്ടായ അരക്ഷിതബോധത്തിലാണ് എന്‍ഡിഎഫിന്റെ ജനനം. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങൾ നോക്കിയാൽ ആർ.എസ്.എസ്. X പോപ്പുലര്‍ ഫ്രണ്ട് എന്ന ശത്രുത വ്യക്തമാകും. പോപ്പുലർ ഫ്രണ്ടിനെപ്പോലെ തന്നെ ആർ.എസ്.എസ്. ആ അർത്ഥത്തിൽ ഒരേ സമയം നിരോധിക്കപ്പെടണം. കേരളത്തിൽ അടുത്തിടെ വർഗീയ സംഘർഷങ്ങളുണ്ടാക്കാനുള്ള സംഘപരിവാറിന്റെ നീക്കങ്ങളെ തടഞ്ഞത് കേരളത്തിന്റെ മതേതര മനസാണ്.

പോപ്പുലർ ഫ്രണ്ടിൽ അംഗങ്ങളായിട്ടുള്ളവരുമായി കേരളത്തിലെ മതേതര-ജനാധിപത്യ മൂല്യങ്ങളിൽ വിശ്വസിച്ച് പ്രവർത്തിക്കുന്ന സംഘടനകളിലുള്ളവരും മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മതസംഘടനകളിലുള്ളവരും ആശയവിനിമയം നടത്തി അക്രമ സംഘടനാ പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കുകയാണ് വേണ്ടത്. ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത്. അക്രമം വെടിഞ്ഞ് ജനാധിപത്യ- മതേതര ചേരിയെ ശക്തിപ്പെടുത്താൻ അവർ കൂടി പങ്കാളികളാകട്ടെ.

Leave a comment