TMJ
searchnav-menu
post-thumbnail

Finance

സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയും ധനവിപണികളും

11 Mar 2023   |   3 min Read
K P Sethunath

മേരിക്കയിലെ മുന്‍നിര ബാങ്കുകളിലൊന്നായ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ച ആഗോളതലത്തില്‍ മറ്റൊരു സാമ്പത്തിക തകര്‍ച്ചക്കു വഴിയൊരുക്കുമോയെന്ന ആശങ്ക ധനവിപണികളെ വ്യാകുലപ്പെടുത്തുന്നു. മാര്‍ച്ച്‌ 9 മുതല്‍ എസ്സ്‌വിബി എന്നറിയപ്പെടുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ ഓഹരികള്‍ കനത്ത തകര്‍ച്ചയെ നേരിടുന്നു.  എസ്സ്‌വിബിയുടെ ഓഹരി വില 66 ശതമാനത്തോളം ഇടിഞ്ഞതിനെത്തുടര്‍ന്ന്‌ വെള്ളിയാഴ്‌ച്ച അതിന്റെ വ്യാപാരം താല്‍ക്കാലികമായി തടഞ്ഞിരുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വ്യവസായത്തിന്റെ ഈറ്റില്ലമായി കരുതപ്പെടുന്ന സിലിക്കണ്‍ വാലിയിലെ സ്‌റ്റാര്‍ട്ടപ്പ്‌ സംരംഭങ്ങള്‍ക്ക്‌ ധനസഹായം ഒരുക്കുന്ന പ്രമുഖരില്‍ എസ്സ്‌വിബി ഉള്‍പ്പെടുന്നു. എസ്സ്‌വിബി ഓഹരികളുടെ തകര്‍ച്ച അമേരിക്കയില്‍ മാത്രമല്ല യൂറോപ്പിലെയും ബാങ്കിംഗ്‌-ധനകാര്യ മേഖലയില്‍ ഇടിവിന്‌ കാരണമായതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കയിലെ S&P 500 ലെ ബാങ്കിംഗ്‌ സൂചിക വെള്ളിയാഴ്‌ച്ച 4.2 ശതമാനം ഇടിഞ്ഞപ്പോള്‍ യൂറോപ്പിലെ STOXX ബാങ്കിംഗ്‌ സൂചിക 5 ശതമാനം ഇടിഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്വ്‌ പലിശ നിരക്ക്‌ ഉയര്‍ത്താന്‍ തുടങ്ങിയതിന്റെ പ്രത്യാഘാതങ്ങള്‍ വിപണിയെ ബാധിക്കുന്നതിന്റെ ലക്ഷണമായി എസ്സ്‌വിബി തകര്‍ച്ച വിലയിരുത്തപ്പെടുന്നു. നാണയപ്പെരുപ്പത്തെ നേരിടുന്നതിന്റെ ഭാഗമായി പലിശ നിരക്കില്‍ വര്‍ദ്ധന ഏര്‍പ്പെടുത്തുന്ന പ്രക്രിയ ടെക്‌നോളജി മേഖലയെ ഗുരുതരമായി ബാധിച്ചതായി കണക്കാക്കപ്പെടുന്നു. തുച്ഛമായ പലിശ നിരക്കില്‍ സ്റ്റാര്‍ട്ടപ്പ്‌ സംരഭങ്ങളില്‍ പണം മുടക്കാന്‍ പഴയതുപോലെ എസ്സ്‌വിബി പോലുള്ള ബാങ്കുകള്‍ക്ക്‌ കഴിയാതെ വരുന്നുവെന്നു മാത്രമല്ല മുടക്കിയ പണം തരികെ ലഭിക്കുന്നതിനുള്ള സാധ്യതകള്‍ മങ്ങുകയും ചെയ്യുന്നു. തങ്ങളുടെ ബാലന്‍സ്‌ ഷീറ്റ്‌ മെച്ചപ്പെടുത്തുന്നതിനായി അമേരിക്കന്‍ ട്രഷറി ബോണ്ടില്‍ നടത്തിയ നിക്ഷേപത്തിന്റെ ഒരു വിഹിതം നഷ്ടത്തില്‍ വില്‍ക്കാനുള്ള എസ്സ്‌വിബിയുടെ തീരുമാനമാണ്‌ അതിന്റെ ഓഹരി വിലയുടെ തകര്‍ച്ചയുടെ തുടക്കം. ട്രഷറി നിക്ഷേപത്തിന്റെ വിഹിതം നഷ്ടത്തില്‍ വില്‍ക്കാനുള്ള തീരുമാനമറിഞ്ഞ പല സ്റ്റാര്‍ട്ടപ്പുകളുടെയും സ്ഥാപകര്‍ തങ്ങളുടെ നിക്ഷേപം ബാങ്കില്‍ നിന്നും പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതാണ്‌ എസ്സ്‌വിബിയെ പ്രതിസന്ധിയിലാക്കിയതിനുള്ള പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.



Representational Image

സര്‍ക്കാരിന്റെ കടപ്പത്രങ്ങളില്‍ ബാങ്കുകള്‍ വന്‍തോതില്‍ നിക്ഷേപിക്കുക സാധാരണയാണ്‌. എന്നാല്‍ പലിശനിരക്ക്‌ ഉയരുന്ന സന്ദര്‍ഭത്തില്‍ ഇത്തരം ബോണ്ടുകളുടെ മൂല്യം താഴേക്കു പതിക്കും. ഈ പ്രക്രിയ ഒരു ബാങ്കില്‍ മാത്രമായി ഒതുങ്ങി നില്‍ക്കില്ല എന്ന ധാരണ വ്യാപകമാവുന്നതോടെ ബാങ്കിംഗ്‌-ധനകാര്യ മേഖലയെ മൊത്തത്തില്‍ ബാധിക്കുന്ന പ്രതിസന്ധിയായി മാറുമെന്ന വ്യാകുലത ശക്തമാണ്‌. അമേരിക്കയിലെ ഫെഡറല്‍ ഡിപ്പോസിറ്റ്‌ ഇന്‍ഷ്വറന്‍സ്‌ ഫേം എന്ന സ്ഥാപനത്തിന്റെ വിലയിരുത്തല്‍ പ്രകാരം അമേരിക്കന്‍ ബാങ്കുകള്‍ കടപ്പത്ര നിക്ഷേപത്തിന്റെ മേഖലയില്‍ മൊത്തത്തില്‍ 620 ബില്യണ്‍ ഡോളറിന്റെ നഷ്ടം 2022 ല്‍ നേരിട്ടു. എസ്സ്‌വിബിയുടെ ഒറ്റപ്പെട്ട സവിശേഷ വിഷയമാണെന്നും മൊത്തം ബാങ്കിംഗ്‌-ധനകാര്യ മേഖലയില്‍ കാര്യമായ ചലനമൊന്നും അതിന്റെ പേരില്‍ ഉണ്ടാവില്ലെന്നും വിപണിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ആണയിടുന്നുവെങ്കിലും അവരുടെ വിശ്വാസ്യത വരുന്ന ദിവസങ്ങളിലാവും കൂടതല്‍ വ്യക്തതയോടെ വെളിപ്പെടുക.

ബിഗ്‌ ഷോര്‍ട്ട്‌ എന്നറിയപ്പെടുന്ന നിക്ഷേപകനായ മൈക്കേല്‍ ബുറിയുടെ (Michael Burry) അഭിപ്രായത്തില്‍ എസ്സ്‌വിബിയുടെ തകര്‍ച്ച എന്റോണിന്‌ സമാനമായ തകര്‍ച്ചക്ക്‌ വഴിയൊരുക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ്‌. ഡോട്ട്‌കോം ക്രാഷിന്‌ പിന്നാലെ 2001 ലാണ്‌ എന്റോണ്‍ എന്ന വൈദ്യുതി ഉല്‍പ്പദാന-വിതരണ കമ്പനി പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നത്‌. 2007-08 ലെ സാമ്പത്തിക തകര്‍ച്ചയെപ്പറ്റി മുന്‍കൂട്ടി മുന്നറിയിപ്പു നല്‍കുകയും അതനുസരിച്ച്‌ തന്റെ നിക്ഷേപങ്ങള്‍ ക്രമീകരിച്ച്‌ വലിയ ലാഭവും നേടിയ വ്യക്തിയാണ്‌ ബുറി.



1983 ല്‍ സ്ഥാപിതമായ എസ്സ്‌വിബിയുടെ നാല്‍പ്പതാമത്തെ വര്‍ഷത്തിലാണ്‌ സ്ഥാപനം പുതിയ പ്രതിസന്ധി നേരിടുന്നത്‌. എന്നാല്‍ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ എസ്സ്‌വിബിക്ക്‌ പുത്തരിയല്ല. 1992 ലെ റിയല്‍ എസ്റ്റേറ്റ്‌ തകര്‍ച്ചയില്‍ വലിയ നഷ്ടം എസ്സ്‌വിബി അനുഭവിച്ചുവെങ്കിലും അതില്‍ നിന്നും അവര്‍ കര കയറി. രണ്ടായിരത്തിലെ ഡോട്ട്‌കോം തകര്‍ച്ചയും 2007-08 ലെ വന്‍തകര്‍ച്ചയും ബാധിച്ചുവെങ്കിലും അവയില്‍ നിന്നും കരകയറുന്നതിനുള്ള മെയ്‌വഴക്കം എസ്സ്‌വിബി പുലര്‍ത്തിയിരുന്നു. ഇത്തവണയും അതിനുള്ള ശേഷി അവര്‍ പ്രകടിപ്പിക്കുമെന്നു വിലയിരുത്തുന്നവര്‍ ചുരുക്കമല്ല. എന്നാലും വിപണികളിലെ വ്യാകുലതകളെ ദൂരീകരിയ്‌ക്കാനുള്ള ശ്രമത്തില്‍ നിന്നും ബാങ്കിംഗ്‌ മേഖലക്ക്‌ വിട്ടുനില്‍ക്കാനാവില്ലെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. എസ്സ്‌വിബി വിഷയം തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഒരു തരത്തിലും ബാധിക്കുന്നതല്ലെന്ന മട്ടിലുള്ള ചില പ്രസ്‌താവനകള്‍ ചില ബാങ്കുകള്‍ വെള്ളിയാഴ്‌ച്ച പുറപ്പെടുവിച്ചത്‌ അതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു.

എസ്സ്‌വിബിയുടെ തകര്‍ച്ച ഒരു പകര്‍ച്ചവ്യാധിയുടെ രൂപഭാവങ്ങള്‍ കൈവരിയ്‌ക്കുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ ചിത്രം വാരാന്ത്യം കഴിഞ്ഞ്‌ തിങ്കളാഴ്‌ച്ച വിപണികള്‍ തുറക്കുന്നതോടെ ലഭിക്കുമെന്നു കരുതപ്പെടുന്നു. നാണയപ്പെരുപ്പം, യുക്രൈന്‍ യുദ്ധത്തിന്റെ ഭാഗമായുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍, ആഗോള വാണിജ്യ മേഖലയിലെ മാന്ദ്യം തുടങ്ങിയ ഒട്ടേറെ വിഷയങ്ങള്‍ ഏതു സമയത്തും വലിയൊരു പ്രതിസന്ധിയായി മാറുന്നതിനെക്കുറിച്ചുള്ള ആശങ്കകള്‍ക്ക്‌ പുറമെയാണ്‌ എസ്സ്‌വിബി പോലുള്ള ബാങ്ക്‌ പ്രതിസന്ധിയിലാണെന്ന വിവരം പുറത്തു വരുന്നത്‌. ആഗോളതലത്തില്‍ ധനവിപണികളുടെ ആവേശത്തെ ആകമാനം ചോര്‍ത്തിക്കളയുന്നതാണ്‌ ഈ വിവരം. നിരന്തരം ഉയരുന്ന പലിശനിരക്കില്‍ വലയുന്ന ബാങ്കിംഗ്‌ മേഖലയെ സംബന്ധിച്ചിടത്തോളം ഒട്ടും ആശ്വാസം പകരുന്നതല്ല എസ്സ്‌വിബിയുടെ അവസ്ഥ. എസ്സ്‌വിബി തകര്‍ച്ച വരുത്താനിടയുള്ള ആഘാതത്തില്‍ നിന്നും ഇന്ത്യന്‍ വിപണികളും പൂര്‍ണ്ണമായും മുക്തമല്ലെന്നു വെള്ളിയാഴ്‌ച്ച വ്യാപാരം അവസാനിച്ചപ്പോള്‍ വ്യക്തമായിരുന്നു.

Leave a comment